രോഗനിർണയം
ഒരു വ്യക്തിയുടെ രോഗലക്ഷണങ്ങളും അടയാളങ്ങളും അടിസ്ഥാനമാക്കി, അല്ലെങ്കിൽ മെഡിക്കൽ നടപടിക്രമങ്ങളുടെ സഹായത്തോടെ, രോഗമോ അവസ്ഥയോ നിർണ്ണയിക്കുന്ന പ്രക്രിയയാണ് രോഗനിർണയം അഥവാ മെഡിക്കൽ ഡയഗ്നോസിസ് (ചുരുക്കത്തിൽ Dx, [1] Dx, അല്ലെങ്കിൽ Ds എന്ന് എഴുതുന്നു). രോഗനിർണയത്തിന് ആവശ്യമായ വിവരങ്ങൾ സാധാരണയായി വൈദ്യസഹായം തേടുന്ന വ്യക്തിയുടെ രോഗ ചരിത്രത്തിൽ നിന്നും ശാരീരിക പരിശോധനയിൽ നിന്നും ശേഖരിക്കുന്നു. പലപ്പോഴും രോഗനിർണയത്തിന്, ഒന്നോ അതിലധികമോ ഡയഗ്നോസ്റ്റിക് നടപടിക്രമങ്ങൾ ചെയ്യാറുണ്ട്. രോഗ നിർണയം ചിലപ്പോൾ മരണാനന്തരവും ചെയ്യാറുണ്ട്.
പല അടയാളങ്ങളും ലക്ഷണങ്ങളും ഒന്നിലധികം രോഗങ്ങളിൽ കാണാനാകും എന്നതിനാൽ രോഗനിർണയം പലപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. ഉദാഹരണത്തിന്, ചർമ്മത്തിന്റെ ചുവപ്പ് (എറിത്തമ), പല വൈകല്യങ്ങളുടെയും ഒരു അടയാളമാണ്, അതിനാൽ ഇതിൽ നിന്ന് രോഗം കൃത്യമായി മനസ്സിലാക്കാൻ ആരോഗ്യപരിപാലന വിദഗ്ധനു കഴിയണമെന്നില്ല. ആയതിനാൽ ഡിഫറൻഷ്യൽ ഡയഗ്നോസിസ് ഉപയോഗിച്ച് സാധ്യമായ നിരവധി വിശദീകരണങ്ങൾ താരതമ്യം ചെയ്യണം. ചിലപ്പോൾ രോഗലക്ഷണമായ ഒരു പ്രത്യേക അടയാളം അല്ലെങ്കിൽ ലക്ഷണം (അല്ലെങ്കിൽ ഒരു കൂട്ടം) വഴി പ്രക്രിയ എളുപ്പമാക്കുന്നു.
ഒരു ഡോക്ടറുടെ സന്ദർശന പ്രക്രിയയുടെ പ്രധാന ഘടകമാണ് രോഗനിർണയം. സ്ഥിതിവിവരക്കണക്കുകളുടെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ, ഡയഗ്നോസ്റ്റിക് നടപടിക്രമത്തിൽ വർഗ്ഗീകരണ പരിശോധനകൾ ഉൾപ്പെടുന്നു.
മെഡിക്കൽ ഉപയോഗങ്ങൾ
[തിരുത്തുക]രോഗനിർണ്ണയ പ്രക്രിയ എന്നത് ഒരു വ്യക്തിയുടെ അവസ്ഥയെ പ്രത്യേകവും വ്യതിരിക്തവുമായ വിഭാഗങ്ങളായി തരംതിരിക്കാനുള്ള ശ്രമമായി കണക്കാക്കാം, അത് ചികിത്സയെയും രോഗനിർണയത്തെയും കുറിച്ചുള്ള മെഡിക്കൽ തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുന്നു. തുടർന്ന്, ഒരു പലപ്പോഴും ഒരു രോഗത്തിന്റെയോ അവസ്ഥയുടെയോ അടിസ്ഥാനത്തിൽ രോഗലക്ഷണങ്ങളും അടയാളങ്ങളും വിവരിക്കപ്പെടുന്നു.
ഒരു ഫിസിഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ദന്തരോഗവിദഗ്ദ്ധൻ, പോഡിയാട്രിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, നഴ്‌സ് പ്രാക്ടീഷണർ, ഹെൽത്ത്‌കെയർ സയന്റിസ്റ്റ് അല്ലെങ്കിൽ ഫിസിഷ്യൻ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള വിവിധ ആരോഗ്യപരിപാലന വിദഗ്ധർ രോഗ നിർണയത്തിനുള്ള ഡയഗ്നോസ്റ്റിക് നടപടിക്രമം നടത്താറുണ്ട്.
ഒരു ഡയഗ്നോസ്റ്റിക് നടപടിക്രമം നടത്തുന്നതിന്റെ പ്രധാന ദൌത്യം ഒരു മെഡിക്കൽ ഇൻഡിക്കേഷൻ കണ്ടെത്തുക എന്നതാണ്. ഇൻഡിക്കേഷനുകളിൽ ഇവ ഉൾപ്പെടുന്നു:
- അനാട്ടമി, ശരീരശാസ്ത്രം, പത്തോളജി, മനഃശാസ്ത്രം, ഹ്യൂമൻ ഹോമിയോസ്റ്റാസിസ് എന്നിവയിൽ സാധാരണ എന്ന് അറിയപ്പെടുന്നതിൽ നിന്നുള്ള ഏതെങ്കിലും വ്യതിയാനം കണ്ടെത്തൽ. നോർമൽ അവസ്ഥകൾ എന്താണ് എന്നതിനെക്കുറിച്ചുള്ള അറിവും ആ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി രോഗിയുടെ നിലവിലെ അവസ്ഥയിലെ മാറ്റങ്ങൾ അളക്കുന്നതും രോഗിയുടെ അവസ്ഥ നിർണ്ണയിക്കാൻ സഹായിക്കും.
- ഒരു രോഗി സ്വയം പറയുന്ന പ്രധാന പരാതി അല്ലെങ്കിൽ പ്രശ്നം.
- ഒരു രോഗിയുടെ പ്രവർത്തികൾ പോലും ഒരു ഡയഗ്നോസ്റ്റിക് നടപടിക്രമം ആയി വർത്തിക്കാം. ഉദാഹരണത്തിന്, ഒരു ഡോക്ടറുടെ സന്ദർശനത്തിൽ, രോഗിയുടെ കാത്തിരിപ്പ് മുറിയിൽ നിന്ന് ഡോക്ടറുടെ ഓഫീസിലേക്കുള്ള നടത്തം നിരീക്ഷിച്ചുകൊണ്ട് ഫിസിഷ്യൻ ഇതിനകം തന്നെ ഒരു ഡയഗ്നോസ്റ്റിക് നടപടിക്രമം തുടങ്ങിയേക്കാം.
ഇതിനകം നടന്നുകൊണ്ടിരിക്കുന്ന ഡയഗ്നോസ്റ്റിക് പ്രക്രിയയിൽ പോലും, മറ്റൊരു ഡയഗ്നോസ്റ്റിക് നടപടിക്രമം നടത്താൻ ഒരു സൂചനയുണ്ടാകും. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് പോലുള്ള റേഡിയോളജിക്കൽ പഠനങ്ങൾ അല്ലെങ്കിൽ രക്തപരിശോധന പോലെയുള്ള സമഗ്രമായ പരിശോധനകളിൽ ഒരു മെഡിക്കൽ അടയാളം ആകസ്മികമായി കണ്ടെത്തുന്നതിന്റെ ഫലമായി ഇത് സംഭവിക്കാം.
നടപടിക്രമം
[തിരുത്തുക]ഒരു ഡയഗ്നോസ്റ്റിക് പ്രക്രിയയിൽ അടങ്ങിയിരിക്കുന്ന പൊതുവായ ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- മെഡിക്കൽ ചരിത്രത്തിന്റെ വിവരങ്ങൾ (രോഗിയിൽ നിന്ന് അല്ലെങ്കിൽ രോഗിയുമായി അടുത്തിടപഴകാൻ സാധ്യതയുള്ള മറ്റ് ആളുകളിൽ നിന്നും), ശാരീരിക പരിശോധന, വിവിധ രോഗനിർണയ പരിശോധനകൾ എന്നിവയിലൂടെ രോഗ നിർണയം നടത്താം. രോഗനിർണ്ണയത്തിനോ രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ നിർണയിക്കുന്നതിനൊ സഹായിക്കുന്ന ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനയാണ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്ന് അറിയപ്പെടുന്നത്. സ്ഥാപിതമായ രോഗമുള്ള ആളുകളുടെ രോഗ നിലയിലെ മാറ്റങ്ങൾ വിലയിരുത്താനും ഡയഗ്നോസ്റ്റിക് പരിശോധനകൾ ഉപയോഗിക്കാം. [2]
- ഉത്തരങ്ങൾ, കണ്ടെത്തലുകൾ അല്ലെങ്കിൽ മറ്റ് ഫലങ്ങൾ എന്നിവയുടെ പ്രോസസ്സിംഗ്. ഇതിനായി മറ്റ് വിദഗ്ദരുമായുംഈ മേഖലയിലെ സ്പെഷ്യലിസ്റ്റുകളുമായും കൂടിയാലോചനകൾ തേടാവുന്നതാണ്.
ഡിഫറൻഷ്യൽ ഡയഗ്നോസിസ്
[തിരുത്തുക]ഒരേ രോഗലക്ഷണങ്ങളും അടയാളങ്ങളും പല രോഗങ്ങൾക്ക് പൊതുവായി കാണാം എന്നതിനാൽ ഡിഫറൻഷ്യൽ ഡയഗ്നോസിസ് പ്രധാനമാണ്. കൂടുതൽ മെഡിക്കൽ പരിശോധനകളിലൂടെയും മറ്റ് പ്രോസസ്സിംഗിലൂടെയും ഒരു കാൻഡിഡേറ്റ് രോഗമോ അവസ്ഥയോ മാത്രം സാധ്യതയുള്ള ഘട്ടത്തിലെത്താൻ ലക്ഷ്യമിടുന്നു. സംഭാവ്യതയുടെയോ തീവ്രതയുടെയോ ക്രമത്തിൽ റാങ്ക് ചെയ്‌ത സാധ്യമായ വ്യവസ്ഥകളുടെ പട്ടികയും ഉപയോഗിക്കാം. കമ്പ്യൂട്ടർ-എയ്ഡഡ് ഡയഗ്നോസിസ് സിസ്റ്റങ്ങളാണ് ഇത്തരം ഒരു പട്ടിക പലപ്പോഴും സൃഷ്ടിക്കുന്നത്.[3] നിലവിലുള്ള അവസ്ഥയെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, രോഗനിർണയം സ്ഥിരീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ, രോഗിയുടെ അവസ്ഥ രേഖപ്പെടുത്തുന്നതിനും രോഗിയുടെ മെഡിക്കൽ ചരിത്രം കാലികമാക്കുന്നതിനും, മെഡിക്കൽ ഇമേജിംഗ് പോലുള്ള കൂടുതൽ മെഡിക്കൽ പരിശോധനകൾ ചെയ്യുന്നു.
ഡയഗ്നോസ്റ്റിക് മാനദണ്ഡം
[തിരുത്തുക]ഡയഗ്നോസ്റ്റിക് ക്രൈറ്റീരിയ എന്ന പദം ശരിയായ രോഗനിർണയം നിർണ്ണയിക്കാൻ ക്ലിനിഷ്യൻ ഉപയോഗിക്കുന്ന അടയാളങ്ങളുടെയും ലക്ഷണങ്ങളുടെയും നിർദ്ദിഷ്ട സംയോജനത്തെ സൂചിപ്പിക്കുന്നു.
ക്ലിനിക്കൽ കേസ് നിർവചനങ്ങൾ എന്നും അറിയപ്പെടുന്ന ഡയഗ്നോസ്റ്റിക് മാനദണ്ഡങ്ങളുടെ ചില ഉദാഹരണങ്ങൾ ഇവയാണ്:
- പാരമ്പര്യ നോൺപോളിപോസിസ് വൻകുടൽ കാൻസറിനുള്ള ആംസ്റ്റർഡാം മാനദണ്ഡം
- മൾട്ടിപ്പിൾ സ്ക്ലിറോസിസിനുള്ള മക്ഡൊണാൾഡ് മാനദണ്ഡം
- സിസ്റ്റമിക് ല്യൂപ്പസ് എറിത്തമറ്റോസസിനുള്ള എസിആർ മാനദണ്ഡം
- സ്ട്രെപ്പ് ത്രോട്ടിനുള്ള സെന്റർ മാനദണ്ഡം
ക്ലിനിക്കൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റം
[തിരുത്തുക]രോഗ നിർണയ കാര്യത്തിൽ, തീരുമാനമെടുക്കുന്ന ജോലികളിൽ ആരോഗ്യ പ്രൊഫഷണലുകളെ സഹായിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഇന്ററാക്ടീവ് കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് ക്ലിനിക്കൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങൾ. മികച്ച വിശകലനം നടത്താൻ ക്ലിനിഷ്യന്റെ അറിവും സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച് ക്ലിനിഷ്യൻ സോഫ്‌റ്റ്‌വെയറുമായി സംവദിക്കുന്നു. സാധാരണഗതിയിൽ, സിസ്റ്റം ക്ലിനിഷ്യന് നിർദ്ദേശങ്ങൾ നൽകുന്നു, അതിൽ നിന്ന് ഡോക്ടർ ഉപയോഗപ്രദമായ വിവരങ്ങൾ തിരഞ്ഞെടുക്കുകയും തെറ്റായ നിർദ്ദേശങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. [4] ഒരു ഹാർട്ട് മോണിറ്ററിന്റെ ഔട്ട്പുട്ട് വായിക്കുന്നത് പോലെ, ചില പ്രോഗ്രാമുകൾ ക്ലിനിഷ്യനെ മാറ്റി ഇത് സ്വയം ചെയ്യാൻ ശ്രമിക്കുന്നു. അത്തരം സ്വയമേവയുള്ള പ്രക്രിയകൾ സാധാരണയായി "ഉപകരണം" ആയി കണക്കാക്കുന്നതിനാൽ അമേരിക്കയിൽ ഇതിന് എഫ്ഡിഎ നിയന്ത്രണ അനുമതി ആവശ്യമാണ്. നേരെമറിച്ച്, ക്ലിനിഷ്യന് പിന്തുണ മാത്രം നൽകുന്ന ക്ലിനിക്കൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങൾ എഫ്ഡിഎ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ അത് "ഓഗ്മെന്റഡ് ഇന്റലിജൻസ്" ആയി കണക്കാക്കപ്പെടുന്നു.
തരങ്ങൾ
[തിരുത്തുക]രോഗനിർണയത്തിന്റെ ഉപവിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ക്ലിനിക്കൽ ഡയഗ്നോസിസ്
[തിരുത്തുക]രോഗനിർണ്ണയ പരിശോധനകൾക്കുപകരം മെഡിക്കൽ അടയാളങ്ങളുടെയും റിപ്പോർട്ട് ചെയ്ത ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന രോഗനിർണയം
ലബോറട്ടറി ഡയഗ്നോസിസ്
[തിരുത്തുക]രോഗിയുടെ ശാരീരിക പരിശോധനയ്ക്ക് പകരം, ലബോറട്ടറി റിപ്പോർട്ടുകൾ അല്ലെങ്കിൽ പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രോഗനിർണയം. ഉദാഹരണത്തിന്, സാംക്രമിക രോഗങ്ങളുടെ ശരിയായ രോഗനിർണ്ണയത്തിന് സാധാരണയായി അടയാളങ്ങളുടെയും ലക്ഷണങ്ങളുടെയും പരിശോധനയും ലബോറട്ടറി പരിശോധന ഫലങ്ങളും ആവശ്യമാണ്.
റേഡിയോളജി ഡയഗ്നോസിസ്
[തിരുത്തുക]പ്രാഥമികമായി മെഡിക്കൽ ഇമേജിംഗ് പഠനങ്ങളിൽ നിന്നുള്ള ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രോഗനിർണയം. അസ്ഥി ഒടിവുകൾ സാധാരണ റേഡിയോളജിക്കൽ രോഗനിർണയമാണ്.
ഇലക്ട്രോഗ്രാഫി ഡയഗ്നോസിസ്
[തിരുത്തുക]ഇലക്ട്രോഫിസിയോളജിക്കൽ പ്രവർത്തനത്തിന്റെ അളവും റെക്കോർഡിംഗും അടിസ്ഥാനമാക്കിയുള്ള ഒരു രോഗനിർണയം.
എൻഡോസ്കോപ്പി ഡയഗ്നോസിസ്
[തിരുത്തുക]എൻഡോസ്കോപ്പിക് പരിശോധനയും നിരീക്ഷണവും അടിസ്ഥാനമാക്കിയുള്ള ഒരു രോഗനിർണയം.
ടിഷ്യു ഡയഗ്നോസിസ്
[തിരുത്തുക]ബയോപ്സികൾ അല്ലെങ്കിൽ ടിഷ്യൂകളുടെ മാക്രോസ്കോപ്പിക്, മൈക്രോസ്കോപ്പിക്, മോളിക്യുലാർ പരിശോധനയെ അടിസ്ഥാനമാക്കിയുള്ള ഒരു രോഗനിർണയം. ഉദാഹരണത്തിന്, ഒരു പാത്തോളജിസ്റ്റിന്റെ ടിഷ്യു പരിശോധനയിലൂടെയാണ് ക്യാൻസറിന്റെ കൃത്യമായ രോഗനിർണയം നടത്തുന്നത്.
ഡ്യുവൽ ഡയഗ്നോസിസ്
[തിരുത്തുക]രണ്ട് ബന്ധപ്പെട്ട, എന്നാൽ വേറിട്ട, മെഡിക്കൽ അവസ്ഥകൾ അല്ലെങ്കിൽ കോമോർബിഡിറ്റികളുടെ രോഗനിർണയം. ജനിതക പരിശോധനയുടെ വർദ്ധിച്ചുവരുന്ന വ്യാപനം ഒന്നിലധികം ജനിതക വൈകല്യങ്ങളുള്ള നിരവധി രോഗികളെ വെളിപ്പെടുത്തിയിട്ടുണ്ട്.[3]
സ്വയം രോഗനിർണയം
[തിരുത്തുക]സ്വയം ഒരു മെഡിക്കൽ അവസ്ഥയുടെ രോഗനിർണയം അല്ലെങ്കിൽ തിരിച്ചറിയൽ. സ്വയം രോഗനിർണയം വളരെ സാധാരണമാണ്.
റിമോട്ട് ഡയഗ്നോസിസ്
[തിരുത്തുക]രോഗിയുടെ അതേ മുറിയിൽ ഇരിക്കാതെ തന്നെ രോഗനിർണയം നടത്തുന്ന ഒരു തരം ടെലിമെഡിസിൻ.
നഴ്സിംഗ് ഡയഗ്നോസിസ്
[തിരുത്തുക]ജീവശാസ്ത്രപരമായ പ്രക്രിയകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഒരു നഴ്‌സിംഗ് ഡയഗ്നോസിസ്, അവരുടെ ജീവിതത്തിലെ സാഹചര്യങ്ങളോടുള്ള ആളുകളുടെ പ്രതികരണങ്ങളെ തിരിച്ചറിയുന്നു.
കമ്പ്യൂട്ടർ സഹായത്തോടെയുള്ള രോഗനിർണയം
[തിരുത്തുക]രോഗലക്ഷണങ്ങൾ നൽകുന്നത് കമ്പ്യൂട്ടറിനെ പ്രശ്നം തിരിച്ചറിയാനും ഉപയോക്താവിനെ അതിന്റെ കഴിവിന്റെ പരമാവധി കണ്ടെത്താനും അനുവദിക്കുന്നു.[5][3] രോഗലക്ഷണങ്ങൾ കാണപ്പെടുന്ന ശരീരഭാഗം തിരിച്ചറിയുന്നതിലൂടെയാണ് ആരോഗ്യ പരിശോധന ആരംഭിക്കുന്നത്; കമ്പ്യൂട്ടർ അനുബന്ധ രോഗത്തിനായുള്ള ഒരു ഡാറ്റാബേസ് ക്രോസ്-റഫറൻസ് ചെയ്യുകയും രോഗനിർണയം നടത്തുകയും ചെയ്യുന്നു.[6]
റിട്രോസ്പെക്ടീവ് ഡയഗ്നോസിസ്
[തിരുത്തുക]ആധുനിക അറിവും രീതികളും രോഗ വർഗ്ഗീകരണങ്ങളും ഉപയോഗിച്ച് ഒരു ചരിത്ര വ്യക്തിയിലോ നിർദ്ദിഷ്ട ചരിത്ര സംഭവത്തിലോ ഒരു രോഗത്തിന്റെ കണ്ടെത്തൽ.
പ്രത്യാഘാതം
[തിരുത്തുക]ഓവർഡയഗ്നോസിസ്
[തിരുത്തുക]ഒരു രോഗിയുടെ ജീവിതകാലത്ത് ഒരിക്കലും രോഗലക്ഷണങ്ങളോ മരണമോ ഉണ്ടാക്കാത്ത രോഗങ്ങളുടെ രോഗനിർണയമാണ് ഓവർ ഡയഗ്നോസിസ്. [7] ഇത് ആളുകളെ അനാവശ്യമായി രോഗികളാക്കി മാറ്റുന്നതിനാലും സാമ്പത്തിക ചിലവ് കൂട്ടുന്നതിന്നാലും [8] ദോഷം വരുത്തിയേക്കാവുന്ന ചികിത്സകളിലേക്കു നയിക്കുമെന്നതിനാലും ഒരു പ്രശ്നമാണ്.
പിശകുകൾ
[തിരുത്തുക]നാഷണൽ അക്കാദമിസ് ഓഫ് സയൻസസ്, എഞ്ചിനീയറിംഗ്, മെഡിസിൻ എന്നിവയുടെ 2015 ലെ റിപ്പോർട്ട് അനുസരിച്ച് മിക്ക ആളുകളും അവരുടെ ജീവിതകാലത്ത് ഒരു ഡയഗ്നോസ്റ്റിക് പിശകെങ്കിലും അനുഭവപ്പെട്ടവരാണ്. [9]
രോഗനിർണയത്തിലെ പിശകിന്റെ കാരണങ്ങളും ഘടകങ്ങളും ഇവയാണ്: [10]
- രോഗത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല
- ഒരു രോഗം പരിഗണനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു
- രോഗനിർണയത്തിന്റെ ചില വശങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്
- മറ്റ് പല അവസ്ഥകളെയും സൂചിപ്പിക്കുന്ന ലക്ഷണങ്ങളുള്ള ഒരു അപൂർവ രോഗമാണ് ഈ അവസ്ഥ
- ഈ അവസ്ഥയ്ക്ക് ഒരു അപൂർവ അവതരണമുണ്ട്
കാലതാമസം
[തിരുത്തുക]ഒരു മെഡിക്കൽ രോഗനിർണയം നടത്തുമ്പോൾ, ഒരു രോഗത്തിന്റെയോ അവസ്ഥയുടെയോ രോഗനിർണയത്തിനു കാലതാമസം അനുഭവപ്പെടാം. കാലതാമസ സമയങ്ങളുടെ തരങ്ങൾ പ്രധാനമായും ഇവയാണ്:
- ഓൺസെറ്റ് ടു മെഡിക്കൽ എൻകൗണ്ടർ ലാഗ് ടൈം,രോഗലക്ഷണങ്ങളുടെ ആരംഭം മുതൽ ഒരു ആരോഗ്യ പരിപാലന ദാതാവിനെ സന്ദർശിക്കുന്നത് വരെയുള്ള സമയം [11]
- എൻകൗണ്ടർ ടു ഡയഗ്നോസിസ് ലാഗ് ടൈം, ആദ്യമായി രോഗിയെ പരിശോധിക്കുന്നത് മുതൽ രോഗനിർണയം വരെയുള്ള സമയം [11]
- എക്സ്-റേ വായിക്കുന്നതിലെ കാലതാമസം കെയർ ഡെലിവറിയിലെ പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് എമർജൻസി റൂം ഫിസിഷ്യൻമാർക്ക് എക്സ്-റേകളുടെ വ്യാഖ്യാനം വളരെ അപൂർവമായി മാത്രമേ ലഭ്യമാകൂ എന്ന് ആരോഗ്യ-മനുഷ്യ സേവന വകുപ്പ് കണ്ടെത്തി. [12]
ചരിത്രം
[തിരുത്തുക]പുരാതന ഈജിപ്തിലെ (എഡ്വിൻ സ്മിത്ത് പാപ്പിറസ്) ഇംഹോട്ടെപ്പിന്റെ (ബിസി 2630-2611) രചനകളിൽ മെഡിക്കൽ രോഗനിർണയത്തിന്റെ ആദ്യ രേഖപ്പെടുത്തിയ ഉദാഹരണങ്ങൾ കാണാം. [13] ഒരു ബാബിലോണിയൻ മെഡിക്കൽ പാഠപുസ്തകം ആയ എസാഗിൽ-കിൻ-ആപ്ലി എഴുതിയ ഡയഗ്നോസ്റ്റിക് ഹാൻഡ്‌ബുക്ക് (1069-1046 ബിസി), ഒരു അസുഖമോ രോഗമോ കണ്ടെത്തുന്നതിന് അനുഭവവാദം, തർക്കശാസ്ത്രം, യുക്തിബോധം എന്നിവയുടെ ഉപയോഗം അവതരിപ്പിച്ചു.[14] യെല്ലോ എംപറേഴ്‌സ് ഇന്നർ കാനൻ അല്ലെങ്കിൽ ഹുവാങ്ഡി നെയ്ജിംഗിൽ വിവരിച്ചിരിക്കുന്ന പരമ്പരാഗത ചൈനീസ് മെഡിസിൻ, പരിശോധന, ഓസ്‌കൾട്ടേഷൻ-ഓൾഫാക്ഷൻ, അന്വേഷണം, പാൽപ്പെഷൻ എന്നീ നാല് ഡയഗ്നോസ്റ്റിക് രീതികൾ വിശദീകരിക്കുന്നു. [15] ഹിപ്പോക്രാറ്റസ് തൻ്റെ രോഗികളുടെ മൂത്രം രുചിച്ചും അവരുടെ വിയർപ്പ് മണത്തും രോഗനിർണയം നടത്തിയിരുന്നു. [16]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ See List of medical abbreviations: D for variants.
- ↑ Thompson, C. & Dowding, C. (2009) Essential Decision Making and Clinical Judgement for Nurses.
- ↑ 3.0 3.1 3.2 Wadhwa, R. R.; Park, D. Y.; Natowicz, M. R. (2018). "The accuracy of computer‐based diagnostic tools for the identification of concurrent genetic disorders". American Journal of Medical Genetics Part A. 176 (12): 2704–09. doi:10.1002/ajmg.a.40651. PMID 30475443. S2CID 53758271.
- ↑ Decision support systems. 26 July 2005. 17 Feb. 2009 <http://www.openclinical.org/dss.html Archived 2020-02-02 at the Wayback Machine.>
- ↑ Berner, E. S.; Webster, G. D.; Shugerman, A. A.; et al. (1994). "Performance of four computer-based diagnostic systems". New England Journal of Medicine. 330 (25): 1792–96. doi:10.1056/NEJM199406233302506. PMID 8190157.
- ↑ WebMed Solutions. "Connection between onset of symptoms and diagnosis". Archived from the original on 13 February 2019. Retrieved 15 January 2012.
- ↑ What is overdiagnosis?. Institute for Quality and Efficiency in Health Care (IQWiG). 20 April 2017.
- ↑ Coon, Eric; Moyer, Virginia; Schroeder, Alan; Quinonez, Ricardo (2014). "Overdiagnosis: How Our Compulsion for Diagnosis May Be Harming Children". Pediatrics. 134 (5): 1013–23. doi:10.1542/peds.2014-1778. PMID 25287462.
- ↑ National Academies of Sciences, Engineering, and Medicine (2015). Balogh, Erin P; Miller, Bryan T; Ball, John R (eds.). Improving Diagnosis in Health Care. Washington, DC: The National Academies Press. p. S-1. doi:10.17226/21794. ISBN 978-0-309-37769-0. PMID 26803862.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Johnson, P. E.; Duran, A. S.; Hassebrock, F.; Moller, J.; Prietula, M.; Feltovich, P. J.; Swanson, D. B. (1981). "Expertise and Error in Diagnostic Reasoning". Cognitive Science. 5 (3): 235–83. doi:10.1207/s15516709cog0503_3.
- ↑ 11.0 11.1 Chan, K. W.; Felson, D. T.; Yood, R. A.; Walker, A. M. (1994). "The lag time between onset of symptoms and diagnosis of rheumatoid arthritis". Arthritis and Rheumatism. 37 (6): 814–20. doi:10.1002/art.1780370606. PMID 8003053.
- ↑ Office of Health and Human Services: Office of Inspector General (1993). "Medicare's Reimbursement for Interpretations of Hospital Emergency Room X-Rays" (PDF). Department of Health and Human Services Office of Inspector General.
- ↑ "Edwin Smith Papyrus". Retrieved 2015-02-28.
- ↑ H. F. J. Horstmanshoff, Marten Stol, Cornelis Tilburg (2004), Magic and Rationality in Ancient Near Eastern and Graeco-Roman Medicine, pp. 97–98, Brill Publishers, ISBN 90-04-13666-5.
- ↑ Jingfeng, C. (2008). "Medicine in China". Encyclopaedia of the History of Science, Technology, and Medicine in Non-Western Cultures. pp. 1529–34. doi:10.1007/978-1-4020-4425-0_8500. ISBN 978-1-4020-4559-2.
- ↑ "What Would Hipocrates Do?". 23 September 2008. Retrieved February 28, 2015.
പുറം കണ്ണികൾ
[തിരുത്തുക]- Medical diagnosis എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)