Jump to content

ത്വഗ്രക്തിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്വഗ്രക്തിമ
സ്പെഷ്യാലിറ്റിഡെർമറ്റോളജി Edit this on Wikidata

സ്ഥാനീയമായുണ്ടാകുന്ന ശോഥത്തെത്തുടർന്ന് ത്വക്കിലോ ശ്ലേഷ്മ സ്തരത്തിലോ ഉണ്ടാകുന്ന ചുവപ്പ്. സൂര്യകിരണങ്ങളേറ്റ് തൊലി ചുവക്കുന്നതാണ് ഏറ്റവും ലഘുവായ ഉദാഹരണം. എന്നാൽ മുഖത്തും കാലുകളിലും പ്രത്യക്ഷപ്പെടുന്ന കുരുക്കളും തടിപ്പും ത്വഗ്രക്തിമയുടെ പ്രബല ലക്ഷണങ്ങളാണ് (Erythema mulliforme). അണുബാധ (പ്രത്യേകിച്ചും ഹെർപിസ് സിംപ്ളെക്സ് വൈറസ് മൂലമുണ്ടാകുന്നവ), ഔഷധങ്ങളോടുള്ള അലർജി മുതലായവ ഇതിനു കാരണങ്ങളാകാം. കാരണങ്ങളും രോഗാവസ്ഥയും കണക്കിലെടുത്തുകൊണ്ടാണ് ഔഷധങ്ങൾ നിർദ്ദേശിക്കാറുള്ളത്.

തൊലിപ്പുറത്തു പ്രത്യക്ഷപ്പെടുന്ന മൃദുവായ ചുവന്ന തടിപ്പുകൾ (ചെറു മുഴകൾ) ത്വഗ്രക്തിമയുടെ മറ്റൊരു വകഭേദ(Erythema nodosum)ത്തിന്റെ ലക്ഷണമാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ചെറു മുഴകളുടെ നിറം ചുവപ്പിൽനിന്ന് തവിട്ടുനിറമായിത്തീരും. ഈ ചെറു മുഴകൾ മിക്കപ്പോഴും കണങ്കാലിലാണ് പ്രത്യക്ഷപ്പെടുക; പനി, വേദന, ക്ഷീണം എന്നിവയും അനുഭവപ്പെടും. ഇതോടൊപ്പം സ്ട്രെപ്റ്റോകോക്കൽ ബാക്റ്റീരിയ ബാധ മൂലമുണ്ടാകുന്ന തൊണ്ടവേദനയും ബാധിക്കും. കുട്ടികളിൽ വാതപ്പനിയോടനുബന്ധിച്ചാണ് മേല്പറഞ്ഞ ലക്ഷണങ്ങളും അനുഭവങ്ങളും ഉണ്ടാവുക. മുതിർന്നവരിലാകട്ടെ ക്ഷയം, സാർകോയിഡോസിസ് (sarcoidosis- ശരീരത്തിന്റെ പല ഭാഗങ്ങളിലും വടുക്കൾ പ്രത്യക്ഷപ്പെടുന്ന രോഗം), വൻകുടൽ ശോഥം (ulcerative colitis) എന്നീ രോഗാവസ്ഥകളിലാണ് ഇത് ഉണ്ടാകുന്നത്. സൾഫോണാമൈഡ് ഔഷധങ്ങൾ, ഗർഭനിരോധന ഗുളികകൾ എന്നിവ സേവിക്കുന്നതിന്റെ ഫലമായി ത്വഗ്രക്തിമ ഉണ്ടാകാനിടയുണ്ട്. പരിപൂർണ വിശ്രമവും ആസ്പിരിൻ ഗുളികകളും ആണ് സാധാരണയായി നിർദ്ദേശിക്കാറുള്ളത്. കോർട്ടികോസ്റ്റിറോയ്ഡുകൾ സേവിച്ചാൽ ലക്ഷണങ്ങൾ മാറിക്കിട്ടും. സ്ട്രെപ്റ്റോകോക്കൽ അണുബാധയുണ്ടെന്നു തെളിഞ്ഞാൽ പെനിസിലിൻ നിർദ്ദേശിക്കാറുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ത്വഗ്രക്തിമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ത്വഗ്രക്തിമ&oldid=2484578" എന്ന താളിൽനിന്ന് ശേഖരിച്ചത്