കോൾസേ ലേക്ക് ദേശീയോദ്യാനം
കോൾസേ ലേക്ക് ദേശീയോദ്യാനം | |
---|---|
Көлса́й көлдері́ (ұлттық парк) | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | അൽമാട്ടി മേഖല |
Nearest city | അൽമാട്ടി |
Coordinates | 42°56′N 78°24′E / 42.933°N 78.400°E |
Area | 161,945 ഹെക്ടർ (400,175 ഏക്കർ; 1,619 കി.m2; 625 ച മൈ) |
Established | 2007 |
Governing body | Committee of Forestry and Fauna of the Ministry of Agriculture, Kazakhstan |
Website | kolsay.kz |
കോൾസേ ലേക്ക് ദേശീയോദ്യാനം (കസാഖ്: Көлсай көлдері ұлттық паркі, Qólsaı kólderi ulttyq parki) ടിയാൻഷാൻ പർവതനിരകളുടെ വടക്കേ ചരിവിലായി, തെക്കുകിഴക്കൻ കസാഖ്സ്ഥാനിൽ (കിർഗിസ്ഥാൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ) സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. "പേൾസ് ഓഫ് ടിയാൻ ഷാൻ" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈ ദേശീയോദ്യാനത്തിൻറെ പ്രധാന സവിശേഷത അൽമാട്ടി മേഖലയിലെ റൈംബെക് ജില്ലയ്ക്കും തൽഗർ ജില്ലയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കോൾസെ തടാകങ്ങളാണ്. പ്രകൃതിരമണീയമായ കൈന്റി തടാകവും ദേശീയോദ്യാനത്തിൻറെ അതിരുകൾക്കുള്ളിലാണ്.[1] ഉദ്യാനത്തിൻറെ അതിർത്തി അൽമാട്ടിയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ (75 മൈൽ) തെക്കുകിഴക്കാണ്.
സംരക്ഷണം
[തിരുത്തുക]ദേശീയോദ്യാനത്തിന്റെ ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രകൃതി സംരക്ഷണം. പ്രദേശത്തിന്റെ 72 ശതമാനത്തോളം ഭാഗം കർശനമായ സംരക്ഷണത്തിലും 13 ശതമാനം ഭാഗം വിനോദസഞ്ചാരത്തിനും വിനോദ പ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു. UNESCO ഈ ദേശീയോദ്യാനത്തെ വേൾഡ് നെറ്റ്‌വർക്ക് ബയോസ്ഫിയർ റിസർവിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.[2]
ഭൂപ്രകൃതി
ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന തടാകങ്ങൾ ടിയാൻ ഷാനിൽ നിന്ന് തെക്ക് നിന്ന് വടക്കോട്ട് ഒഴുകുന്ന കോൾസെ നദിയ്ക്ക് സമാന്തരമായി കൊർത്തിണക്കപ്പെട്ടിരിക്കുന്നു. ടിയാൻ ഷാനിന്റെ രണ്ട് ശ്രേണികൾ കുങ്കോയ് അല-ടൂ റേഞ്ച്, ട്രാൻസ്-ഇലി അലതാവു എന്നിവയാണ്.[3][4] പ്രധാന തടാകങ്ങളിൽ ഇവ ഉൾപ്പെടുന്നു:[5]
- ലോവർ കോൾസെ തടാകം. കോൾസെ നദിയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച ഒരു മണ്ണിടിച്ചിലിൽ രൂപംപൂണ്ട പ്രകൃതിദത്ത പർവത ജലസംഭരണിയാണിത്. ഈ തടാകത്തിന് ഏകദേശം 1 കിലോമീറ്റർ നീളവും 400 മീറ്റർ വീതിയും 80 മീറ്റർ ആഴവുമുണ്ട്. റോഡ് മാർഗം എത്തിച്ചേരാവുന്ന ഇവിടെ അതിഥി മന്ദിരങ്ങളും ക്യാമ്പ് സൈറ്റുകളും ഉണ്ട്. (ഉയരം: 1,818 മീറ്റർ).
- മിഡിൽ കോൾസെ തടാകം (മിൻഷോൾക്കി - "1000 വർഷം പഴക്കമുള്ളത്" എന്നർത്ഥം). നിമ്ന്ന തടാകത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ മുകളിലേക്ക് മാറി സ്ഥിതിചെയ്യുന്ന മധ്യ തടാകം മൂന്നെണ്ണത്തിൽ ഏറ്റവും വലുതും കൂടാതെ 50 മീറ്റർ വരെ ആഴത്തിൽഎത്തുന്നതുമാണ്. (ഉയരം: 2,252 മീറ്റർ). ഇത് മൂന്ന് കോൾസെ തടാകങ്ങളിൽ ഏറ്റവും മനോഹരമായ തടാകമായി കണക്കാക്കപ്പെടുന്നു.
- അപ്പർ കോൾസെ തടാകം. മധ്യ തടാകത്തിന് മുകളിലായി ഏകദേശം ആറ് കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അപ്പർ തടാകം സ്പ്രൂസ് മരങ്ങളും ആൽപൈൻ പുൽമേടുകളും കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കുന്നു. സാറാ-ബുലുക്ക് ചുരത്തിൽ നിന്നും കിർഗിസ്ഥാനിൽ നിന്നും 6 കിലോമീററർ അകലെയായി സ്ഥിതിചെയ്യുന്നു. (ഉയരം: 2,850 മീറ്റർ).
- കൈന്റി തടാകം. കോൾസെ തടാകങ്ങളിൽ നിന്ന് 11 കിലോമീറ്റർ കിഴക്ക്ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൈന്റി തടാകം ചിലിക് നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. തടാകം അതിന്റെ സ്ഫടിക സമാനമായ പ്രതിഫലനത്തിനും വെള്ളത്തിൽ നിന്ന് ഉയർന്നുനിൽക്കുന്ന പഴയ സ്പ്രൂസ് മരക്കുറ്റികൾക്കും പേരുകേട്ടതാണ്. 1911-ലാണ് ഇത് രൂപം കൊണ്ടത് (ഭൂകമ്പം മലയിടുക്കിന്റെ ഒരറ്റം മണ്ണിടിച്ചിലിലൂടെ തടസപ്പെടുത്തിയപ്പോൾ).
പരിസ്ഥിതി മേഖല
[തിരുത്തുക]കോൾസെ തടാകങ്ങളുടെ സംരക്ഷിത പ്രദേശം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് സന്ദർശകർക്കുമുന്നിൽ തുറക്കപ്പെട്ടത് എന്നതിനാൽ ഇവിടെ പ്രകൃതി അതിന്റെ തനതായ അവസ്ഥയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മധ്യേഷ്യയിലെ ടിയാൻഷാൻ പർവതനിരകളുടെ മധ്യവും ഉയർന്നതുമായ ഉയരങ്ങൾ ഉൾക്കൊള്ളുന്ന ടിയാൻ ഷാൻ മൊണ്ടെയ്ൻ സ്റ്റെപ്പി ആൻഡ് മെഡോസ് ഇക്കോറിജിയനിൽ (WWF #1019) ആണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പുൽമേടുകളേയും കാടുകളേയും താങ്ങിനിർത്താൻ ആവശ്യമായ മഴ ഈ പ്രദേശത്ത് ലഭിക്കുന്നു. കൂടാതെ, അതിന്റെ ഒറ്റപ്പെടൽ കാരണം, അപൂർവ സസ്യങ്ങളെയും മൃഗങ്ങളെയും ഇത് പോഷിപ്പിക്കുന്നു.[6][7]
സസ്യ ജന്തുജാലങ്ങൾ
[തിരുത്തുക]പാരിസ്ഥിതികമായി ശുദ്ധവും വന്യ സസ്യങ്ങളാൽ സമ്പന്നവുമായ ഈ പ്രദേശത്തെ സസ്യങ്ങളിൽ പലതും ഔഷധഗുണമുള്ളവയാണ്. ആപ്രിക്കോട്ട്, ഇലി ബാർബെറി, ഹത്തോൺ, ആൽബെർട്ട ഐറിസ് തുടങ്ങിയ അപൂർവ പ്രാദേശിക സസ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കോൾസെ തടാകങ്ങളുടെ മുഴുവൻ പ്രദേശത്തും, കനത്ത മഴയ്ക്ക് ശേഷം കോണിഫറസ് വനങ്ങളിൽ, വിവിധയിനം കൂണുകൾ പ്രത്യക്ഷപ്പെടുന്നു. ദേശീയോദ്യാനത്തിൽ 704 ഇനം സസ്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ശാസ്ത്രജ്ഞർ അതിൽ 12 എണ്ണത്തെ അപൂർവമായി തരംതിരിച്ചിട്ടുണ്ട്. ദേശീയോദ്യാനത്തിലെ മൃഗസമ്പത്തിൽ 50 ഇനം സസ്തനികൾ, 197 ഇനം പക്ഷികൾ, 2 ഇനം ഉരഗങ്ങൾ, 2 ഇനം ഉഭയജീവികൾ (പച്ച തവള, സുയീർത്തുംസിക്വ് തവള), 2 ഇനം മത്സ്യങ്ങൾ (റെയിൻബോ ട്രൗട്ട്, ടിബറ്റൻ ബെയർ കോക്ബാസ്) എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ടിയാൻ ഷെൻ തവിട്ടു കരടി (U. a. ഇസബെല്ലിനസ്), മധ്യേഷ്യൻ റിവർ കാംസാറ്റി, തുർക്കെസ്താൻ ലിങ്ക്സ്, ഹിമപ്പുലി, ടിയാൻ ഷാൻ അർഗാലി, സ്റ്റോൺ മാർട്ടെൻ എന്നിവയുൾപ്പെടെ കസാക്കിസ്ഥാനിൽ കാണപ്പെടുന്ന ആറ് സസ്തനികളെ അപൂർവമായി തരംതിരിച്ചിട്ടുണ്ട്.[8]
ടൂറിസം
[തിരുത്തുക]സമീപ ഗ്രാമമായ സാതിയിൽ അതിഥി മന്ദിരങ്ങളും ക്യാമ്പ് സൈറ്റുകളും നിലനിൽക്കുന്നു. നിമ്ന്ന തടാകത്തിൽ നിന്ന് ആരംഭിച്ച് കോൾസെ തടാകങ്ങളിലൂടെ മുന്നോട്ട് പോയി സാരി-ബുലാക്ക് ചുരത്തിന് (3,278 മീറ്റർ) മുകളിലൂടെ പോകുന്ന 25 കിലോമീറ്റർ കാൽനടപ്പാതയുണ്ട്. ഈ റൂട്ട് മൂന്ന് ദിവസത്തെ കാൽനടയാത്രയിലൂടെയോ അല്ലെങ്കിൽ ഒരു ദിവസത്തെ കുതിര സവാരിയിലൂടെയോ വേണം തരണം ചെയ്യുവാൻ. ഈ പ്രദേശത്തെ ഒരു പ്രശസ്തമായ പർവത വിനോദസഞ്ചാര കേന്ദ്രമാണ് കോൾസെ തടാകങ്ങൾ. കോൾസെ തടാകങ്ങളിലേക്കുള്ള കാൽനട പാതകൾ തുടക്കക്കാർക്ക് താരതമ്യേന ആക്സസ് ചെയ്യാവുന്നതാണ്. പിക്നിക്കുകൾ, കുതിര സവാരി, മൗണ്ടൻ ബൈക്കിംഗ് എന്നിവ ഈ പ്രദേശത്തെ ജനപ്രിയ വിനോദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഏപ്രിൽ മുതൽ സെപ്തംബർ അവസാനം വരെയാണ് ഈ പ്രദേശത്ത് ക്യാമ്പിംഗ് അനുയോജ്യമായ സാധാരണ കാലയളവ്.
അവലംബം
[തിരുത്തുക]- ↑ "Kolsay Lakes State National Nature Park". Official Website of the Park. Kolsay Lakes National Park. Archived from the original on 10 June 2017. Retrieved 20 June 2017.
- ↑ "Two new biosphere reserves were approved in Central Asia". UNESCO.
- ↑ "Kolsay Lakes, Kungei Alatau". Travel website. Unique Kazakhstan. Archived from the original on 2015-11-20. Retrieved 20 June 2017.
- ↑ "Kolsay Lakes National Park". Official Web Site. THE MINISTRY OF AGRICULTURE OF THE REPUBLIC OF KAZAKHSTAN COMMITTEE OF FORESTRY AND WILDLIFE. Archived from the original on 14 November 2017. Retrieved 20 June 2017.
- ↑ Krupa, E.G. (December 2, 2016). "Hydrobiological Assessment of the High Mountain Kolsay Lakes (Kungey Alatau, Southeastern Kazakhstan) Ecosystems in Climatic Gradient" (PDF). British Journal of Environment & Climate Change. Archived from the original (PDF) on 2017-11-14. Retrieved 2021-11-28.
- ↑ "Tian Shan montane steppe and meadows". Ecoregions of the World. World Wildlife Organization. Retrieved 20 June 2017.
- ↑ "Tian Shan montane steppe and meadows". Global Species. GlobalSpecies.org. Archived from the original on 14 November 2017. Retrieved 20 June 2017.
- ↑ "Kolsay Lakes National Park". Official Web Site. THE MINISTRY OF AGRICULTURE OF THE REPUBLIC OF KAZAKHSTAN COMMITTEE OF FORESTRY AND WILDLIFE. Archived from the original on 14 November 2017. Retrieved 20 June 2017.