കുറുപ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുപ്പ്'
സംവിധാനംശ്രീനാഥ് രാജേന്ദ്രൻ
നിർമ്മാണംദുൽഖർ സൽമാൻ
തിരക്കഥഡാനിയേൽ സായൂജ് നായർ
കെ എസ് അരവിന്ദ്
അഭിനേതാക്കൾദുൽഖർ സൽമാൻ
ഇന്ദ്രജിത്ത്
ശോഭിത ധുലിപാല
ഷൈൻ ടോം ചാക്കോ
വാലിഡ് റിയാച്ചി
സംഗീതംസുഷിൻ ശ്യാം
ഛായാഗ്രഹണംനിമിഷ് രവി
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോവേഫാറർ ഫിലിംസ്
എം സ്റ്റാർ എൻറ്റർടൈമെൻറ്റ്
റിലീസിങ് തീയതി12 നവംബർ 2021
ബജറ്റ്₹27 കോടി
സമയദൈർഘ്യം155 മിനിറ്റ്
ആകെest. 112 crore[1]

ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ 2021-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ത്രില്ലർ ചലച്ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ ജീവിതകഥ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. വേഫാറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം വിവേക് ഹർഷനും കൈകാര്യം ചെയ്യുന്നു. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാൻ കലാസംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത് സുഷിൻ ശ്യാമാണ്[2]1984-ൽ റിലീസ് ചെയ്ത എൻ.എച്ച് 47 എന്ന ചിത്രത്തിലും സുകുമാരക്കുറുപ്പിൻറ്റെ ജീവിതകഥയാണ് പറഞ്ഞത്.

സിനിമക്ക്‌ ആസ്പതമായ യഥാർത്ഥ സംഭവം[തിരുത്തുക]


ആലപ്പുഴയ്ക്കുപോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്നുപറഞ്ഞ്, സുകുമാരക്കുറുപ്പിൻ്റെ കാറിൽക്കയറ്റി. യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിൻ്റെ വീട്ടിലെത്തിച്ച്, മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരികിലെ കുന്നം എന്ന സ്ഥലത്തെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളിൽ, കത്തിയനിലയിൽ ചാക്കോയെക്കണ്ടെത്തിയത്.

സുകുമാരക്കുറുപ്പിന്റെ കഥ, ജസ്റ്റിസ് കെ.ടി. തോമസ് ഇങ്ങനെയെഴുതുന്നു:[3]

“ കേരളത്തിൽ, ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് എന്ന സ്ഥലത്തുകാരനായ സുകുമാരക്കുറുപ്പ്, തന്റെ ഭാര്യയോടൊപ്പം ജോലിസ്ഥലമായ അബുദാബിയിലാണു കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കേ, വേഗത്തിൽ വലിയൊരു പണക്കാരനാകാനുള്ള പദ്ധതി അയാളുടെ മനസ്സിലുദിച്ചു. ഇതിനോടനുബന്ധിച്ച്, അബുദാബിയിൽവച്ച് 3,01,616 ദിർഹത്തിനുള്ള (ഏകദേശം 30 ലക്ഷം രൂപ) ഒരു ഇൻഷുറൻസ് പോളിസി അയാളെടുത്തു. തുടർന്ന്, താനൊരു കാറപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് ബന്ധപ്പെട്ടവരെയെല്ലാം ബോദ്ധ്യപ്പെടുത്താൻ അയാൾ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ, ഇൻഷുറൻസ് തുകമുഴുവൻ അയാളുടെ ഭാര്യയ്ക്കു കൈപ്പറ്റാമല്ലോ. തുടർന്ന്, എവിടെയെങ്കിലും അവർക്കു സുഖമായി ജീവിക്കാൻസാധിക്കും. ഈ അസ്പഷ്ടമായ ആശയം, പിന്നീടു വ്യക്തമായ പദ്ധതിയായിമാറി. സുകുമാരക്കുറുപ്പിന്റെ അളിയനും (ഒന്നാംപ്രതി) വിശ്വസ്തനായ ഡ്രൈവറും (രണ്ടാംപ്രതി) അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും ഇതിലെ പങ്കാളികളായി. തങ്ങളുടെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിനായി, ആലപ്പുഴ മെഡിക്കൽകോളജ് ലബോറട്ടറിയിൽനിന്ന് അവർ അല്പം 'ഈതർ' കൈക്കലാക്കി. 1984 ജനുവരിയിലെ ആദ്യയാഴ്ച, സുകുമാരക്കുറുപ്പും ഒന്നാംപ്രതിയും പ്യൂണിനോടൊപ്പം തിരുവനന്തപുരത്തെത്തി. ഗൂഢാലോചനക്കാർചേർന്ന് (സുകുമാരക്കുറുപ്പ്, ഒന്നും രണ്ടും പ്രതികൾ, പ്യൂൺ), ചെറിയനാടുള്ള സ്മിതഭവനിൽ (സുകുമാരക്കുറുപ്പിന്റെ ഭാര്യവീട്) ഒത്തുചേർന്ന്, പദ്ധതിനടപ്പിലാക്കാനുള്ള വിശദവിവരങ്ങൾ ചർച്ചചെയ്തു. 1984 ജനുവരി 21-ാം തീയതി അതിനുള്ള ദിവസമായി അവർ തിരഞ്ഞെടുത്തു.

മുൻകൂട്ടിത്തീരുമാനിച്ച ആ ദിവസം, അവർ നാലുപേരും കല്പകവാടിയിൽ (ആലപ്പുഴ ടൗണിന് 20 കി.മീ. തെക്കുഭാഗത്ത്, ദേശീയപാതയോടുചേർന്നുള്ള ഒരു ടൂറിസ്റ്റ് ഹോട്ടൽ) ഒത്തുചേർന്നു. സുകുമാരക്കുറുപ്പ്, തന്റെ അമ്പാസഡർ കാറിലാണ് (KLY 5959) അവിടെയെത്തിച്ചേർന്നത്. മറ്റുള്ളവർ ഒന്നാംപ്രതിയുടെ കാറിൽ (KLY7831) എത്തിച്ചേർന്നു. സുകുമാരക്കുറുപ്പ് ഒരുകാറിലും മറ്റുള്ളവർ മറ്റേക്കാറിലുമായി ദേശീയപാതയിലൂടെ തെക്കുഭാഗത്തേക്ക് യാത്രതിരിച്ചു. സുകുമാരക്കുറുപ്പിനോടു വലിപ്പസാദൃശ്യമുള്ള ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അവരുടെ ഉദ്ദേശ്യം. പക്ഷേ, 23 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടും (ഏകദേശം ഓച്ചിറ എന്ന സ്ഥലംവരെ) അങ്ങനെയൊരാളെക്കണ്ടെത്താൻ, അവർക്കു സാധിച്ചില്ല. തിരിച്ചുവരുന്നവഴി, കരുവാറ്റയെന്ന സ്ഥലത്തെത്തിയപ്പോൾ (ഓച്ചിറയിൽനിന്ന് ഏകദേശം 13 കിലോമീറ്റർ അകലെ) ഒരാൾ അവരുടെ കാറിനുനേരേ കൈകാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. അത്, കൊല്ലപ്പെട്ട ചാക്കോയായിരുന്നു. വീട്ടിലേക്കുപോകാൻ ഒരു വാഹനം കാത്തുനില്ക്കുകയായിരുന്നു ചാക്കോ. അയാൾക്ക് സുകുമാരക്കുറുപ്പിന്റെയത്ര വലിപ്പമുണ്ടെന്നു തോന്നിയതിനാൽ, ഗൂഢാലോചനക്കാർ KLY 5959 എന്ന കാറിൽ ചാക്കോയ്ക്ക് ലിഫ്റ്റുനല്കി.

യാത്രതുടരവേ, ചാക്കോയ്ക്കു കുടിക്കാൻ എന്തോ നല്കിയെങ്കിലും അയാളതു നിരസിച്ചു. പക്ഷേ, നിരന്തരമായി നിർബന്ധിച്ച്, അവർ ചാക്കോയെക്കൊണ്ട് “ഈതർ’കലർത്തിയ ബ്രാണ്ടി കഴിപ്പിച്ചു. നിമിഷങ്ങൾക്കകംതന്നെ ഒന്നാംപ്രതി, ചാക്കോയുടെ കഴുത്ത് ഒരു ടവ്വൽകൊണ്ട് ബലമായി മുറുക്കുകയും കഴുത്തൊടിക്കുകയുംചെയ്തു.

പിന്നീടവർ “സ്മിതഭവനി’ലേക്കു യാത്രയായി. ചാക്കോയുടെ മൃതദേഹം, ഒരു മുറിയിലേക്കു മാറ്റിയശേഷം, അവർ സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന്, മൃതദേഹം KLY 5959 കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച്, വടക്കുഭാഗത്തേക്ക് രണ്ടു കാറുകളിലായി യാത്രയാരംഭിച്ചു. കൊല്ലക്കടവ് എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരമെടുത്ത്, KLY 7831 കാറിന്റെ ഡ്രൈവിങ് സീറ്റിലിരുത്തിയശേഷം, സമീപത്തെ നെൽവയലിലേക്ക് ആ കാർ തള്ളിവിട്ടു. അകത്തും പുറത്തും പെട്രോൾതളിച്ചിരുന്ന കാറിനു തീപിടിക്കുകകൂടെച്ചെയ്തതോടെ അവർ മറ്റേക്കാറിൽ (KLY 5959) കയറി സ്ഥലംവിട്ടു. ഇതിനിടെ ഒന്നും രണ്ടും പ്രതികൾക്കും കുറേ പൊള്ളലേറ്റിരുന്നു. പുകനിറഞ്ഞ ആ അന്തരീക്ഷത്തിൽനിന്ന് ഓടിരക്ഷപ്പെടുമ്പോൾ, താഴെവീണിരുന്ന ഗ്ലൗസെടുക്കാൻ അവർ ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾ സമയം, ഏകദേശം പുലർച്ചെ മുന്നുമണിയോടടുത്തിരുന്നു.

പുലർച്ചെ, കത്തിക്കൊണ്ടിരിക്കുന്ന കാർകണ്ട്, സമീപവാസികൾ അതിനടുത്തേക്കോടിയെത്തി. കത്തുന്ന കാറിനുസമീപം ഒരു ഗ്ലൗസ് കിടക്കുന്നതു കണ്ടപ്പോൾത്തന്നെ, സംഭവം ഒരു കൊലപാതകമാകാമെന്ന് ആളുകൾ സംശയിച്ചു. അങ്ങനെ അവരിലൊരാൾ മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തി FIR (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) നല്കി.

രണ്ടു പ്രതികളെ അറസ്റ്റുചെയ്തതോടെയാണ്, കേസിനു പൂർണ്ണരൂപമായത്. സുകുമാരക്കുറുപ്പിന്റെ പ്യൂൺ മാപ്പുസാക്ഷിയാകുകയും പ്രോസിക്യൂഷന്റെ ഒന്നാം ദൃക്‌സാക്ഷിയായി തെളിവുനല്കുകയുംചെയ്തു. സംഭവങ്ങളെല്ലാം നടന്നതുപോലെതന്നെ അയാൾ വിശദീകരിച്ചു. മറ്റുപല സാഹചര്യത്തെളിവുകളുടെയുമടിസ്ഥാനത്തിൽ, അയാൾ നല്കിയ തെളിവ് ഞങ്ങൾ വിശ്വസിച്ചു.

പ്രധാനമായും രണ്ടു വാദഗതികളാണ് ഈക്കേസിലുണ്ടായിരുന്നത്—ഒന്നാമത്, “മൃതദേഹം സുകുമാരക്കുറുപ്പിന്റേതുതന്നെയാണെങ്കിൽ പ്രതികളെ ശിക്ഷിക്കാൻകഴിയില്ല’ എന്നതായിരുന്നു. ഈ വാദഗതിയെനേരിടാൻ, കൊലപാതകംനടന്നതിന്റെ പിറ്റേദിവസംതന്നെ സുകുമാരക്കുറുപ്പിനെ ജീവനോടെ കണ്ടവരുണ്ടെന്നതു മതിയാകുമായിരുന്നു. നിരവധി സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച്, സംഭവത്തിനുശേഷവും സുകുമാരക്കുറുപ്പിനെ ജീവനോടെ രണ്ടുപേർ (സാക്ഷികൾ) കണ്ടിരുന്നെന്നുസ്ഥാപിക്കാൻ ഞങ്ങൾക്കു സാധിച്ചു.

'പ്രതികളെ ശിക്ഷിക്കണമെങ്കിൽ, കൊല്ലപ്പെട്ടത് തിരിച്ചറിയാൻകഴിയുന്ന ഒരാളായിരിക്കണമെന്ന് നിയമമനുശാസിക്കുന്നില്ല. കൊല്ലപ്പെട്ടത്, ഒരു മനുഷ്യനാണെന്നതുതന്നെ അധികമാണ്’–ഇങ്ങനെയൊരു പ്രമാണവാക്യംകൊണ്ടാണ്, രണ്ടാമത്തെ വാദഗതിയെ (കൊല്ലപ്പെട്ടതു ചാക്കോയാണെന്ന് ആ സമയത്തു സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല) ഞങ്ങൾ നേരിട്ടത്.

എല്ലാ കൊലപാതകക്കേസുകളിലും കൊല്ലപ്പെട്ടയാളാരാണെന്നു പ്രോസിക്യൂഷൻ തെളിയിക്കണമെന്നത്, അഭേദ്യമായൊരു നിയമമല്ല. മൃതശരീരം തിരിച്ചറിയപ്പെടണമെന്നതിന് നീതിയുക്തമായ ഒഴിവുകൾവന്നേക്കാം. നരഹത്യയ്ക്കു പീനൽകോഡിൽപ്പറയുന്നത്, ”സ്വന്തം പ്രവൃത്തിയുടെ ഫലമായി ഒരു കൊലപാതകത്തിനുത്തരവാദിയാകുന്ന ആരും” (Who ever causes death by doing an act) എന്നാണ്. ഇതേകാര്യംതന്നെ കൊലക്കുറ്റത്തിനും അവിഭാജ്യഘടകമാണ്. പീനൽകോഡിന്റെ സെക്ഷൻ 46 ഇപ്രകാരം പറയുന്നു: “മരണമെന്നതു സൂചിപ്പിക്കുന്നത്, ഒരു മനുഷ്യജീവിയുടെ മരണമാണ്” (death denotes death of a human being). നരഹത്യയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ, അതു കൊലപാതകത്തിലേക്കെത്തുന്നതായാലും ഇല്ലെങ്കിലും (amounting to murder or not) ഒരു മനുഷ്യന്റെ മരണം അനിവാര്യമാണ്. പക്ഷേ, അതാരെന്നു തിരിച്ചറിയാൻകഴിയുന്ന ഒരു മനുഷ്യജീവിതന്നെയാകണമെന്ന് പീനൽകോഡ് പറയുന്നില്ല. ഒരു കേസിൽ “അ’ ഒരു മനുഷ്യനെ കൊന്നുവെന്നതിന് വ്യക്തമായ തെളിവുണ്ടെങ്കിൽ, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻകഴിഞ്ഞില്ലെങ്കിൽപ്പോലും “അ’ ശിക്ഷാർഹനാണ്.

പ്രതിക്കു നല്കിയിരിക്കുന്ന ശിക്ഷ ഞങ്ങൾ ശരിവച്ചു. പക്ഷേ, സുകുമാരക്കുറുപ്പിനെ അപ്പോഴും പിടിക്കാൻകഴിഞ്ഞിരുന്നില്ല. പോലീസ്‌വകുപ്പ് നിരന്തരമായി പരിശ്രമിക്കുകയും പലപദ്ധതികളും പരീക്ഷിക്കുകയുംചെയ്‌തെങ്കിലും തുടർന്നും രക്ഷപ്പെട്ടുനടക്കാൻ സുകുമാരക്കുറുപ്പിനു സാധിച്ചു. സുകുമാരക്കുറുപ്പ് മരിച്ചുപോയെന്നു വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ല, അയാൾ വേഷപ്രച്ഛന്നനായി പലസ്ഥലങ്ങളിൽ മാറിമാറിനടക്കുന്നുണ്ടെന്നു വിശ്വസിക്കുന്നവരുമുണ്ട്. ഈക്കേസിൽ പ്രതിയായതിനുശേഷം ഇന്നോളം ആരുമയാളെക്കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. ഇന്നുമൊരു കടങ്കഥയായിത്തുടരുന്ന അയാളെക്കുറിച്ച്, പത്രങ്ങൾ ഇടയ്‌ക്കൊക്കെ എഴുതാറുണ്ട്. അങ്ങനെ, കേരളത്തിലെ പോലീസന്വേഷണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ ഈ ക്രൈംത്രില്ലർ കഥ ജനമനസ്സുകളിൽ മായാതെനില്ക്കുന്നു.

” ചാക്കോയുടെ ഭാര്യ ശാന്തമ്മയ്ക്ക്, സർക്കാർ താൽക്കാലികജോലി നൽകി. (ചാക്കോയുടെ മരണസമയത്ത് ഇവർ ആറുമാസം ഗർഭിണിയായിരുന്നു)

ഈക്കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികളെ പിന്നീടു പോലീസ് പിടികൂടി.[4] ഇവർ ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ടു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രത്തിന്റെ ഷൂട്ടിങ് 2020 ഒക്ടോബറിൽ ഒറ്റപ്പാലത്ത് ആരംഭിച്ചു. ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുൽഖുർ സൽമാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്പ്. സെക്കന്റ് ഷോയ്ക്കും കൂതറയ്ക്കും ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കൂതറ പുറത്തിറങ്ങി അഞ്ച് വർഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത പ്രൊജക്ടുമായി എത്തുന്നത്. അഞ്ച് വർഷത്തോളമായി താൻ ഈ പ്രോജക്ടിന് പിന്നാലെയാണെന്നു ശ്രീനാഥ് രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. 1980കളിലെ ഗ്രാമാന്തരീക്ഷം പുനർസൃഷ്ടിക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കോൾ പുറത്തു വന്നിരുന്നു. 1984ൽ ജനുവരി മാസത്തിൽ നടന്ന ചാക്കോ വധക്കേസിലെ ഒന്നാം പ്രതിയാണ് സുകുമാരക്കുറുപ്പ്. ഇയാളുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി 105 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്.

റിലീസ്[തിരുത്തുക]

ഈ ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020 ജനുവരി 1-ന് പുറത്തിറങ്ങി. 2020 മെയ് 24-ന് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.[3] ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ, ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങിയിരുന്നു.[4] ഈ ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ 2021 നവുംമ്പർ 12-ന് കോവിഡ് 19 രണ്ടാം താരംഗത്തിന് ശേഷം(കേരളത്തിൽ) റിലീസ് ചെയ്ത ചിത്രമാണ്

സംഗീതം[തിരുത്തുക]

ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Kurup Box Office 10-Day Collections: Dulquer Salmaan Starrer Enters The 100-Crore Club?". Filmibeat. 26 November 2021.
  2. https://www.asianetnews.com/topic/%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D
  3. https://www.mathrubhumi.com/mobile/movies-music/news/dulquer-salmaan-kuruppu-movie-second-look-poster-sreenath-rajendran-1.4781723[പ്രവർത്തിക്കാത്ത കണ്ണി]
  4. https://www.mathrubhumi.com/mobile/movies-music/news/dulquer-salmaan-kurup-movie-sneak-peak-video-birthday-special-dulquer-as-sukumarakurup-1.4936698
"https://ml.wikipedia.org/w/index.php?title=കുറുപ്പ്_(ചലച്ചിത്രം)&oldid=3897281" എന്ന താളിൽനിന്ന് ശേഖരിച്ചത്