ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ തൊടുപുഴ നഗരപ്രദേശത്തോട് ചേർന്നു ഇടവെട്ടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. തൊടുപുഴ നഗരത്തിനോട് ചേർന്ന് കിടക്കുന്നതിനാൽ തൊടുപുഴ സന്ദർശിക്കുന്നവർക്ക് ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കാറുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളും ലോകരക്ഷകനും ചതുർബാഹുവുമായ ഭഗവാൻ മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ. എന്നാൽ ആരോഗ്യത്തിന്റെയും ഔഷധത്തിന്റെയും മൂർത്തിയായ ധന്വന്തരി ഭാവത്തോട് കൂടിയതും, മഹാവിഷ്ണുവിന്റെ ഒൻപതാം അവതാരവുമായ ഭഗവാൻ ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഇടവെട്ടി ഭഗവാന് ഉപദേവതകളായി ഗണപതി, പരമശിവൻ, ദുർഗ്ഗാഭഗവതി , സുബ്രഹ്മണ്യൻ, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകൾ അനുവദിച്ചിട്ടുണ്ട്. ഐതിഹ്യപ്രകാരം ഇവിടെ പ്രതിഷ്ഠ നടത്തിയത്, ദ്വാപരയുഗത്തിൽ, പഞ്ചപാണ്ഡവരിൽ നാലാമനായ നകുലനാണ്. കർക്കടകമാസം പതിനാറാം തീയതി നടക്കുന്ന ഔഷധസേവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. 2006-'07 കാലത്ത് ഈ സ്ഥലം കേരളമൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. ചിക്കുൻ ഗുനിയ രോഗം കേരളത്തിൽ ആഞ്ഞടിച്ച അക്കാലത്ത് ഇവിടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്ന് കഥകളുണ്ടായതാണ് അതിനുള്ള കാരണം. തന്മൂലം, കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ദർശനത്തിനെത്താൻ തുടങ്ങി. ഇതുകൂടാതെ അഷ്ടമിരോഹിണി, വിഷു, ദീപാവലി, ധന്വന്തരി ജയന്തി, വൈകുണ്ഠ ഏകാദശി തുടങ്ങിയവ പ്രധാന ആണ്ടുവിശേഷങ്ങളാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്. സൗഖ്യ അഭീഷ്ഠസിദ്ധിപൂജയാണ് മുഖ്യ വഴിപാട്. ബുധൻ, വ്യാഴം, ഞായർ തുടങ്ങിയവ പ്രധാന ദിവസങ്ങൾ.
ഐതിഹ്യം
[തിരുത്തുക]വനവാസകാലത്ത് പഞ്ചപാണ്ഡവർ പലതവണ ദക്ഷിണേന്ത്യയിൽ താമസിയ്ക്കുകയുണ്ടായിട്ടുണ്ട്. അക്കാലത്ത് അവർ ഇന്നത്തെ തൊടുപുഴ പട്ടണത്തിന്റെ പരിസരങ്ങളിലും വരികയും തമ്പടിയ്ക്കുകയുമുണ്ടായി. അക്കാലത്ത് അവർ ഓരോരുത്തരും തങ്ങളുടേതായ വിഷ്ണുവിഗ്രഹങ്ങൾ ആരാധിച്ചുപോന്നു. പിന്നീട് ഏറെക്കാലത്തിനുശേഷം അവ നാട്ടുകാരുടെ നേതൃത്വത്തിൽ വീണ്ടെടുക്കുകയും അതാത് സ്ഥലങ്ങളിൽ പ്രതിഷ്ഠിയ്ക്കുകയുമുണ്ടായി. പാണ്ഡവരിൽ മൂത്തവനായ യുധിഷ്ഠിരൻ പൂജിച്ചിരുന്ന വിഗ്രഹം തൊടുപുഴയിലും, രണ്ടാമനായ ഭീമസേനൻ പൂജിച്ചിരുന്ന വിഗ്രഹം കോലാനിയിലും, മൂന്നാമനായ അർജ്ജുനൻ പൂജിച്ചിരുന്ന വിഗ്രഹം മുട്ടത്തും, നാലാമനായ നകുലൻ പൂജിച്ചിരുന്ന വിഗ്രഹം ഇടവെട്ടിയിലും, അഞ്ചാമനായ സഹദേവൻ പൂജിച്ചിരുന്ന വിഗ്രഹം പെരുമ്പിള്ളിച്ചിറയിലും പ്രതിഷ്ഠിച്ചു. ഇവയിൽ ആദ്യത്തെ മൂന്ന് വിഗ്രഹങ്ങളും കിഴക്കോട്ടും അവസാനത്തെ രണ്ട് വിഗ്രഹങ്ങളും പടിഞ്ഞാറോട്ടും ദർശനം കൊടുത്താണ് പ്രതിഷ്ഠിച്ചത്. അഞ്ചിടത്തും പ്രതിഷ്ഠ യഥാർത്ഥത്തിൽ മഹാവിഷ്ണു തന്നെയാണ്. എന്നാൽ പാണ്ഡവർ പ്രതിഷ്ഠിച്ചതുകൊണ്ടാകണം, എല്ലാം ശ്രീകൃഷ്ണസങ്കല്പത്തിലായി. അവയിൽ, സ്വർഗ്ഗത്തിലെ വൈദ്യന്മാരായ അശ്വിനീദേവന്മാരുടെ പുത്രനായ നകുലൻ പ്രതിഷ്ഠിച്ചതുകൊണ്ട് ഇടവെട്ടിയിലെ ഭഗവാനിൽ ധന്വന്തരിഭാവവും കലർന്നു. ഇപ്പോൾ ഈ അഞ്ചു ക്ഷേത്രങ്ങളെയും ചേർത്തുകൊണ്ട് ഒരു യാത്ര ആരംഭിച്ചിട്ടുണ്ട്.