Jump to content

അലക്സാണ്ട്രിയയിലെ ക്ലെമന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ട്രിയയിലെ ക്ലെമന്റ്
സഭാപിതാവ്
ജനനംപൊതുവർഷം 150-നടുത്ത്
ആഥൻസിലാവാം
മരണംപൊതുവർഷം 215-നടുത്ത്
സ്ഥലം നിശ്ചയമില്ല
വണങ്ങുന്നത്പൗരസ്ത്യ ഓർത്തഡോക്സ് സഭ, പൗരസ്ത്യ കത്തോലിക്കാ സഭകൾ, ആംഗ്ലിക്കൻ കൂട്ടായ്മ
നാമകരണംPre-congregation
ഓർമ്മത്തിരുന്നാൾ23 നവംബർ (പൗരസ്ത്യ ഓർത്തഡോക്സ്)
4 ഡിസംബർ (പൗരസ്ത്യ കത്തോലിക്കാ സഭ)
5 ഡിസംബർ (എപ്പിസ്കോപ്പൽ സഭ, ആംഗ്ലിക്കൻ സഭ)
വിവാദങ്ങൾഫോറ്റിയസ് വേദവിപരീതക്കാരനായി കണക്കാക്കി.
Catholic cult suppressed
1586

അലക്സാണ്ട്രിയയിലെ വേദപാഠശാലയിൽ അദ്ധ്യാപകനായിരുന്ന ക്രിസ്തീയചിന്തകനായിരുന്നു അലക്സാണ്ട്രിയയിലെ ക്ലെമന്റ് എന്നറിയപ്പെടുന്ന "തീത്തൂസ് ഫ്ലാവിയസ് ക്ലെമൻസ്" (ഏകദേശജീവിതകാലം: പൊതുവർഷം 150-215). പേഗൻ ധാർമ്മികതയിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തിതനായ അദ്ദേഹം പുരാതന യവനദർശനവും സാഹിത്യവുമായി പരിചയമുണ്ടായിരുന്ന വിദ്യാസമ്പന്നൻ ആയിരുന്നു.

സമകാലീനരായ ക്രിസ്തീയചിന്തകന്മാരിൽ, യവനചിന്ത ഏറ്റവുമേറെ സ്വാധീനിച്ചത് ക്ലെമന്റിനെ ആയിരുന്നെന്ന് അദ്ദേഹത്തിന്റെ മൂന്നു മുഖ്യരചനകൾ തെളിയിക്കുന്നു. പ്രത്യേകിച്ച് പ്ലേറ്റോയും സ്റ്റോയിക് ചിന്തയും അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.[1] ശകലങ്ങളിൽ മാത്രം ലഭ്യമായ ക്ലെമന്റിന്റെ ഇതരചനകൾ, യഹൂദരുടെ നിഗൂഢസാഹിത്യവും ജ്ഞാനവാദവും അദ്ദേഹത്തിൽ ചെലുത്തിയ സ്വാധീനവും വ്യക്തമാക്കുന്നു. ക്ലെമന്റിന്റെ ശിഷ്യന്മാരിൽ സഭാചിന്തകനായ ഒരിജൻ, യെരുശലേമിലെ അലക്സാണ്ടർ എന്നിവർ ഉൾപ്പെടുന്നു.

സഭാപിതാവായി എണ്ണപ്പെടുന്ന ക്ലെമന്റ്, ഓർത്തഡോക്സ് ക്രിസ്തീയതയിലും, പൗരസ്ത്യകത്തോലിക്കാ സഭയിലും, ആംഗ്ലിക്കൻ കൂട്ടായ്മയിലും വിശുദ്ധനായി വണങ്ങപ്പെടുന്നു. റോമൻ കത്തോലിക്കാസഭയിലും അദ്ദേഹത്തിനു വിശുദ്ധ പദവി ഉണ്ടായിരുന്നെങ്കിലും, ക്ലെമന്റിന്റെ പ്രബോധനങ്ങളുടെ യാഥാസ്ഥിതികത ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന്, 1586-ൽ സിക്സ്റ്റസ് അഞ്ചാമൻ മാർപ്പാപ്പ, അദ്ദേഹത്തിന്റെ വണക്കം നിർത്തൽ ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

ക്ലെമന്റിന്റെ ജനനത്തിന്റെ സ്ഥലകാലങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. അദ്ദേഹം പൊതുവർഷം 150-നടുത്ത് ജനിച്ചെന്ന് ഊഹിക്കപ്പെടുന്നു.[2] ജന്മസ്ഥലം ആഥൻസ് ആയിരുന്നെന്ന് എപ്പിഫാനസ് സ്കോളാസ്റ്റിക്കസ് പറയുന്നെങ്കിലും അലക്സാണ്ഡ്രിയയിൽ ജനിച്ചതായുള്ള മറ്റൊരു പാരമ്പര്യവുമുണ്ട്. പേഗൻ മാതാപിതാക്കളിൽ ജനിച്ച ക്ലെമന്റ് ക്രിസ്തുമതത്തിലേക്ക് പരിവർത്തിതനാവുകയാണുണ്ടായത്. 'പ്രൊട്രെപ്റ്റിക്കസ്' എന്ന കൃതിയിൽ അദ്ദേഹം ഗ്രീക്ക് പുരാണങ്ങളിലും ഗ്രെക്കോ-റോമൻ ധാർമ്മികതയിലും പ്രകടിപ്പിക്കുന്ന അറിവ്, കുടുംബപശ്ചാത്തലത്തിൽ നിന്നു കിട്ടിയതാവാനേ വഴിയുള്ളു.[2]

യുവപ്രായത്തിൽ, സാന്മാർഗ്ഗികമായി അധപതിച്ചതെന്ന് താൻ കരുതിയ പേഗൻ ധാർമ്മികതക്കു പകരം ക്രിസ്തുമതവിശ്വാസത്തെ തെരഞ്ഞെടുത്ത ക്ലെമന്റ്, ഗ്രീസിലും ഏഷ്യാമൈനറിലും പലസ്തീനയിലും ഈജിപ്തിലും സഞ്ചരിച്ചു. ഈ യാത്രകളുടെ ലക്ഷ്യം, മതപരമായ അറിവു സമ്പാദിക്കുക ആയിരുന്നു. ഗ്രീസിൽ അദ്ദേഹം ഒരു യവനചിന്തകനെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. അത് ആഥൻസിലെ അഥെനാഗോറസ് ആയിരിക്കാം; പൗരസ്ത്യദേശത്ത് അദ്ദേഹത്തിന്റെ ഗുരുക്കളായിരുന്നത് രണ്ടാം നൂറ്റാണ്ടിലെ ക്രിസ്തീയലേഖകൻ അസീറിയാക്കാരൻ തേഷനും, യഹൂദപശ്ചാത്തലത്തിൽ നിന്നു വന്ന കേസറിയായിലെ മെത്രാൻ തിയോഫിലസും ആയിരുന്നിരിക്കാം.[3]

പൊതുവർഷം 180-നടുത്ത് അലക്സാണ്ട്രിയയിലെത്തിയ ക്ലെമന്റ്, അവിടത്തെ വേദപാഠശാലയിൽ അദ്ധ്യാപകനായിരുന്ന പന്തേനൂസിനെ കണ്ടുമുട്ടി.[4] പന്തേനൂസ് വേദപാഠശാലയുടെ തലവനായിരുന്നെന്ന് യൂസീബിയസ് പറയുന്നെങ്കിലും, ഒരിജന്റെ കാലത്തിനു മുൻപ്, പാഠശാല ആ വിധത്തിൽ സ്ഥാപനവൽക്കരിക്കപ്പെട്ടിരുന്നോ എന്നു വ്യക്തമല്ല.[5][6] പന്തേനൂസ് തലവനായിരുന്നെന്നു കരുതുന്നവർ, ക്ലെമന്റിനെ അദ്ദേഹത്തിന്റ് പിൻഗാമിയും ഒരിജനെ ക്ലെമന്റിന്റെ പിൻഗാമിയും ആയി കണക്കാക്കുന്നു.[7]പന്തേനൂസിനു കീഴിൽ പഠനം നടത്തിയ ക്ലെമന്റിനെ പൊതുവർഷം 189-നു മുൻപ് ജൂലിയൻ മാർപ്പാപ്പ പൗരോഹിത്യത്തിലെക്കുയർത്തി. ഇതിനപ്പുറം ക്ലെമന്റിന്റെ ജീവിതത്തെക്കുറിച്ച് മറ്റൊരു വിവരവും ലഭ്യമല്ല. അദ്ദേഹത്തിന്റെ ലിഖിതങ്ങളിലെ സൂചനകൾ വച്ച് ക്ലെമന്റ് വിവാഹിതനായിരുന്നു എന്ന ഊഹമുണ്ട്.[8] അദ്ദേഹം സസ്യാഹാരി ആയിരുന്നെന്ന ധാരണ തെറ്റാണ്. അമിതാഹാരത്തെ വിമർശിച്ചിരുന്നെങ്കിലും ക്ലെമന്റ് മാംസം ആഹരിക്കുന്നതിനെ എതിർത്തിരുന്നില്ല.[9]

റോമൻ ചക്രവർത്തി സെപ്തിമിയസ് സെവേരസിന്റെ ക്രിസ്തുമതപീഡനകാലത്ത് (പൊതുവർഷം 202-03) ക്ലെമന്റ് അലസ്കാണ്ട്രിയ വിട്ടുപോയി. യെരുശലേമിലെ അലക്സാണ്ടർ, പൊതുവർഷം 211-ൽ അന്ത്യോഖ്യായിലെ സഭക്കെഴുതിയ ഒരു കത്തിൽ അദ്ദേഹത്തെ പ്രശംസിക്കുന്നതിനാൽ, അക്കാലത്ത് അദ്ദേഹം കപ്പദോക്കിയയിൽ ആയിരുന്നിരിക്കാം എന്ന് അനുമാനമുണ്ട്. ക്ലെമന്റ് എന്ന്, എവിടെ മരിച്ചു എന്നു വ്യക്തമല്ല. ഏതായാലും പൊതുവർഷം 215-ലോ, 216-ലോ ഒരിജന് എഴുതിയ ഒരു കത്തിൽ, യെരുശലേമിലെ അലക്സാണ്ടർ, ക്ലമന്റ് മരിച്ചു കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു.[10]

ഗ്രന്ഥത്രയം

[തിരുത്തുക]

ക്ലെമന്റിന്റെ മൂന്നു രചനകൾ പൂർണ്ണരൂപത്തിൽ ലഭ്യമാണ്. അവ ഒരുമിച്ച് ഒരു ഗ്രന്ഥത്രയമായി പരിഗണിക്കപ്പെടുന്നു.[11] ആ കൃതികൾ താഴെപ്പറയുന്നവയാണ്:-

  • പൊതുവർഷം 195-നടുത്തെഴുതിയ പ്രോട്രെപ്ടിക്കസ് അല്ലെങ്കിൽ 'പ്രബോധനങ്ങൾ'[12]
  • 198-നടുത്തെഴുതിയ പെഡഗോജസ് അല്ലെങ്കിൽ 'അദ്ധ്യാപകൻ'[12]
  • 203-നടുത്തെഴുതിയ സട്രോമാറ്റ അല്ലെങ്കിൽ 'പലവക'[12]

'പ്രോട്രെപ്ടിക്കസ്'

[തിരുത്തുക]
പലയിനം പൂക്കൾ പൊന്തിനിൽക്കുന്ന വസന്തകാലത്തെ പുൽമേടുകളെപ്പോലെ, വിവിധവിഷയങ്ങൾ അടങ്ങിയ കൃതിയെന്ന് 'സ്ട്രൊമാറ്റ'-യെ ക്ലെമന്റ് വിശേഷിപ്പിക്കുന്നു

പ്രബോധനങ്ങൾ എന്നർത്ഥം പറയാവുന്ന ഗ്രന്ഥനാമമുള്ള പ്രോട്രെപ്ടിക്കസ്, ഗ്രീസിലെ പേഗൻ ധാർമ്മികതയുടെ അനുയായികളോട് ക്രിസ്തീയവിശ്വാസം സ്വീകരിക്കാനുള്ള ആഹ്വാനമാണ്. അതിൽ ക്ലെമന്റ്, ഗ്രെക്കോ-റോമൻ പുരാവൃത്തങ്ങളിലും ദൈവശാസ്ത്രത്തിലും ഉള്ള തന്റെ അഗാധമായ അറിവു പ്രകടമാക്കുന്നു. ധാർമ്മികതയെ മാനുഷികതയുടെ ഒരു ഭാഗമായി വിശദീകരിക്കാനുള്ള ക്ലെമന്റിന്റെ ശ്രമം ആ കൃതിയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.[13] ഹ്രസ്വമായുർ ദാർശനികവിചാരത്തിനു ശേഷം അത് യവനധാർമ്മികതയുടെ ചരിത്രത്തിലെ ഏഴു ഘട്ടങ്ങളായി തിരിച്ച് വിവരിക്കുന്നു.[14]

ആദ്യഘട്ടത്തിൽ മനുഷ്യർ സൂര്യചന്ദ്രാദികളായ ആകാശഗോളങ്ങളെ ദൈവങ്ങളായി കണക്കാക്കി ആരാധിച്ചുവെന്ന് ക്ലെമന്റ് പറയുന്നു. അടുത്ത ഘട്ടത്തിൽ കാർഷികവൃത്തിയുടെ ഉൽപ്പന്നങ്ങളായി ആരാധനാവിഷയം. ഡെമെറ്ററുടേയും ഡയോനിഷ്യസിന്റേയും ആരാധനയുടെ തുടക്കം അങ്ങനെ ആയിരുന്നു.[15] തുടർന്ന് ആരാധന, പക, രാഗദ്വേഷങ്ങൾ, ഭയം മുതലായ മനുഷ്യവികാരങ്ങളെ ലക്ഷ്യമാക്കി. അടുത്ത ഘട്ടത്തിൽ ഹേസിയദിനേയും ഹോമറിനേയും പോലുള്ള കവികൾ ദൈവങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ശ്രമിച്ചു; ഹേസിയദിന്റെ ദൈവസംഖ്യ പന്ത്രണ്ടായിരുന്നു. അന്തിമഘട്ടത്തിൽ മനുഷ്യർ, അസ്ക്ലേപ്പിയൂസിനേയും ഹെർക്യൂലീസിനേയും പോലുള്ള ഇതരമനുഷ്യരെ ദൈവങ്ങളായി കരുതി.[15] വിഗ്രഹാരധനയെക്കുറിച്ചുള്ള ചർച്ചയിൽ ക്ലെമന്റ്, പുരാതനധാർമ്മികത, പ്രകൃതിയിലെ രൂപരഹിതമായ കല്ലിനേയും മരത്തേയും ആരാധിച്ചിരുന്നു എന്നു പറയുന്നു. അത്തരം വസ്തുക്കൾ നിർമ്മാണസാമഗ്രികളായതോടെ വിഗ്രങ്ങൾ ഉടലെടുത്തു.[16] പ്ലേറ്റോയെ പിന്തുടർന്ന് ക്ലെമന്റും, എല്ലാത്തരം ദൃശ്യകലകളേയും വിമർശിക്കുന്നു. കലാസൃഷ്ടികൾ മിദ്ധ്യയും "മാരകമായ പാവകളും" ആണെന്നാണ് അദ്ദേഹം കരുതിയത്.[16]

പേഗൻ ധാർമ്മികതയുടെ ആരാധനാമൂർത്തികൾ കപടവും, സാന്മാർഗദൃഷ്ടിയിൽ മോശം മാതൃകകളും ആണെന്ന് ക്ലെമന്റ് കരുതി. പേഗൻ മതത്തിലെ നിഗൂഢതകളെ അദ്ദേഹം ബാലിശമായ അന്ധവിശ്വാസങ്ങളായി കണക്കാക്കി.[16] കുട്ടികളുടെ പാപവകളെ ആരാധനയിൽ ഉപയോഗിക്കുന്നതിന് ഡയോനിഷ്യസിന്റെ ആരാധകരെ അദ്ദേഹം പ്രത്യേകം പരിഹസിക്കുന്നു.[17] ചില കാര്യങ്ങളിൽ പേഗൻ ദൈവങ്ങൾ മനുഷ്യഭാവം കാട്ടുന്നെങ്കിലും മറ്റു ചില കാര്യങ്ങളിൽ അവർ മനുഷ്യവൈരികളായ ചെകുത്താന്മാരാണെന്നു പറയുന്ന അദ്ദേഹം പുരാതനസാഹിത്യത്തിൽ നിന്ന് ഈ വാദത്തിനുള്ള തെളിവുകൾ അവതരിപ്പിക്കുന്നു.[18] നിഖ്യാസൂനഹദോസിനു മുൻപു ജീവിച്ചിരുന്ന പല സഭാപിതാക്കന്മാരേയും പോലെ ക്ലെമന്റും യൂഹിമീറസിനെപ്പോലുള്ള യുക്തിവാദിദാർശനികരെ പിന്തുണക്കുന്നു. അവർ പേഗൻ മതത്തിന്റെ കുറവുകൾ കണ്ടെത്തുകയെങ്കിലും ചെയ്തെന്നാണ് അതിനു പറയുന്ന ന്യായം. എങ്കിലും അദ്ദേഹത്തിന്റെ പ്രശംസയുടെ പരമലക്ഷ്യമാകുന്നത് പ്ലേറ്റോയാണ്. ദൈവത്തിന്റെ അനിർവചനീയതയെക്കുറിച്ചുള്ള പ്ലേറ്റോയുടെ വീക്ഷണത്തെ അദ്ദേഹം ക്രിസ്തീയതയുടെ പൂർവദർശനമായി കണക്കാക്കി.[19]

പേഗൻ ദൈവമായ ഓർഫിയസ് ഈ കൃതിയിൽ ഒരു വലിയ സാന്നിദ്ധ്യമാണ്. ഓർഫിയസിന്റെ ആരാധനയിലെ ഗാനങ്ങളെ അദ്ദേഹം പേഗൻ അന്ധവിശ്വാസത്തിന്റെ പ്രതീകമായി ചിത്രീകരിക്കുകയും ക്രിസ്തീയവിശ്വാസത്തിലെ ദൈവികവചനത്തിന്(ലോഗോസ്) അതുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള മഹിമകൾ എടുത്തു പറയുകയും ചെയ്യുന്നു.[20] അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിലൂടെ മാത്രമേ മനുഷ്യന് സാർവർത്രികസത്യമായ ദൈവവചനത്തിൽ പങ്കുപറ്റാനാവുകയുള്ളു.[21]

'പെഡഗോജസ്'

[തിരുത്തുക]
അവതരിച്ച ദൈവവചനമായ യേശുവാണ് പെഡഗോജസ് എന്ന ഗ്രന്ഥനാമത്തിൽ സൂചിതമാക്കുന്ന 'ഗുരുനാഥൻ'

ഈ കൃതിയുടെ പേരിന് ഗുരുനാഥൻ എന്നാണർത്ഥം. മനുഷ്യരാശിയുടെ മുഴുവൻ ഗുരുനാഥനായി യേശുവിനെ ചിത്രീകരിക്കുന്ന ഈ രചന, ക്രിസ്ത്യാനികളെ ദൈവമക്കളായും അവതരിപ്പിക്കുന്നു.[22] കേവലം പ്രബോധനപരമായ കൃതിയല്ല ഇത്: ക്രിസ്തുവിന്റെ സ്നേഹത്തോട് ക്രിസ്ത്യാനികൾ ആത്മാർത്ഥതയോടെ ഏതുവിധം പ്രതികരിക്കണമെന്ന് കാണിക്കുകയാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം.[23] പ്ലേറ്റോയുടെ റിപ്പബ്ലിക്കിനെ പിന്തുടർന്ന് ക്ലെമന്റും, ജീവിതത്തെ സ്വഭാവം, കർമ്മങ്ങൾ, വികാരങ്ങൾ എന്നിങ്ങനെ മൂന്നു ഘടകങ്ങളായി തിരിക്കുന്നു. ആദ്യത്തെ ഘടകം 'പ്രോട്രെപ്റ്റിക്കസ്' എന്ന മുൻരചനയിൽ വിശദീകരിക്കപ്പെട്ടതിനാൽ പെഡഗോജസിൽ ക്ലെമന്റ്, കർമ്മങ്ങളിലെ ധാർമ്മികതയും വികാരങ്ങളിന്മേൽ നിയന്ത്രണവും ക്രിസ്തു നമ്മെ എങ്ങനെ പഠിപ്പിച്ചു എന്നു വ്യക്തമാക്കുന്നു.[24] വിഷയം തികച്ചും ക്രിസ്തീയമാണെങ്കിലും, തന്റെ രചനയിൽ ക്ലെമന്റ്, സ്റ്റോയിക് തത്ത്വചിന്തയിലും പുരാതന ഗ്രീക്കു സാഹിത്യത്തിലും നിന്ന് നിർലോഭം ഉദാഹരണങ്ങൾ അവതരിപ്പിക്കുന്നു; ഹോമറിൽ നിന്നു തന്നെ അറുപതിലധികം ഉദ്ധരണികൾ കാണാം.[25]

മനുഷ്യരെപ്പോലെ ദൈവസാദൃശ്യത്തിൽ ഉരുവാക്കപ്പെട്ടവനാണു ക്രിസ്തു. എങ്കിലും ദൈവപിതാവിന്റെ ഛായ പങ്കുപറ്റുന്നത് ക്രിസ്തു മാത്രമാണ്.[26] ക്രിസ്തു പാപരഹിതനും നിർവികാരനും ആയിരിക്കയാൽ, ക്രിസ്തുവിനെ അനുകരിക്കാനുള്ള ശ്രമത്തിൽ നമുക്ക് മുക്തി പ്രാപിക്കാനാകും. ക്ലെമന്റിന്റെ അഭിപ്രായത്തിൽ പാപം അനിച്ഛാപൂർവം സംഭവിക്കുന്നതും അതിനാൽ തന്നെ യുക്തിഹീനവും ആണ്. പാപത്തിൽ നിന്നുള്ള മോചനം സാദ്ധ്യമാകുന്നത് ദൈവവചനമായ 'ലോഗോസ്' വഴിയാണ്.[27] പാപത്തിൽ നിന്ന് നമ്മെ അകറ്റുന്നതിൽ പ്രകടമാകുന്ന ദൈവകാരുണ്യം, മനുഷ്യവർഗ്ഗത്തോടു മുഴുവനുമുള്ള ദൈവപ്രേമത്തിന്റെ പ്രകടനമാണ്.

ദൈവത്തിന്റെ മുക്തി മനുഷ്യവർഗ്ഗത്തെ ഒന്നോടെ പുണർന്നു നിൽക്കുന്നതാണെന്നു വാദിച്ച ക്ലെമന്റ്, സമ്പൂർണ്ണമായ സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി നിലകൊണ്ടു.[28] ക്രിസ്തു സ്ത്രീയോ പുരുഷനോ അല്ലെന്നും ദൈവപിതാവിൽ പുരുഷ-സ്ത്രീത്വങ്ങൾ ഒന്നുചേർന്നിരിക്കുന്നുവെന്നും അദ്ദേഹം കരുതി. വിശുദ്ധകുർബ്ബാനയെ അദ്ദേഹം ദൈവപിതാവിന്റെ മുലപ്പാൽ എന്നാണു വിശേഷിപ്പിക്കുന്നത്.[29][30] സഭാനേതൃത്വത്തിൽ സ്ത്രീകളുടെ സജ്ജീവപങ്കാളിത്തത്തെ പിന്തുണക്കുന്ന അദ്ദേഹം നേതൃഗുണത്തിൽ തിളങ്ങിയ മഹിളകളുടെ ഉദാഹരണങ്ങൾ ബൈബിളിലും ക്ലാസിക്കൽ യവനചരിത്രത്തിലും നിന്ന് നിരത്തുന്നു. സ്ത്രീപുരുഷസമത്വത്തെ സംബന്ധിച്ച് 'പെഡഗോജസ്'-ൽ ക്ലെമന്റിന്റ് പ്രകടിപ്പിക്കുന്ന അയാഥാസ്ഥിതിക വീക്ഷണത്തിനു പിന്നിൽ ജ്ഞാനവാദത്തിന്റെ സ്വാധീനമാണെന്നു വാദിക്കപ്പെട്ടിട്ടുണ്ട്.[29] എന്നാൽ ഇതേ കൃതിയിൽ ക്ലെമന്റ് മുക്തി, വിശ്വാസത്തിലൂടെയല്ലാതെ നിഗൂഢജ്ഞാനത്തിലൂടെ കൈവരുന്നു എന്ന ജ്ഞാനവാദികളുടെ വിശ്വാസത്തെ വിമർശിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണു നമുക്ക് പ്രബുദ്ധതയും ദൈവജ്ഞാനവും ലഭിക്കുകയെന്നു അദ്ദേഹം കരുതി.[31]

ക്രിസ്തീയജീവിതത്തിനു മാർഗദർശകമാകുന്ന പല പ്രായോഗികനിയമങ്ങളും ഈ കൃതിയുടെ രണ്ടാം ഭാഗത്ത് ക്ലെമന്റ് നൽകുന്നുണ്ട്. കണക്കറ്റ ഭക്ഷണാസക്തിയെ വിമർശിക്കുന്ന അദ്ദേഹം ഭക്ഷണമേശയിൽ നല്ല ശീലങ്ങൾ പാലിക്കണമെന്നും നിർദ്ദേശിക്കുന്നു.[32] അമിതമായ മദ്യപാനത്തെ അദ്ദേഹം എതിർത്തു. എന്നാൽ തിമോത്തിക്കെഴുതിയ ഒന്നാം ലേഖനം 5:23-ൽ പൗലോസ് നൽകുന്ന ഉപദേശം ഉദ്ധരിച്ച്, മിതമായ മദ്യസേവയെ അദ്ദേഹം അനുകൂലിച്ചു.[32] ക്രിസ്തീയമായ ഏകദൈവവിശ്വാസത്തിൽ അടങ്ങിയ ലാളിത്യത്തിനു ചേരും വിധമുള്ള ലളിതജീവിതത്തെയാണ് അദ്ദേഹം പിന്തുണച്ചത്. വീട്ടലങ്കാരങ്ങളിലും വസ്ത്രധാരണത്തിലുമുള്ള ആഡംബരത്തേയും സംഗീതത്തോടും പരിമളദ്രവ്യങ്ങളോടുമുള്ള അമിതപ്രേമത്തേയും അദ്ദേഹം എതിർത്തു. എന്നാൽ ലോകസുഖങ്ങളുടെ സമ്പൂർണ്ണപരിത്യാഗത്തിനും അദ്ദേഹം എതിരായിരുന്നു. സന്തുഷ്ടരായിരുന്നും സഹഭോജനങ്ങളിൽ ഏർപ്പെട്ടും ദൈവികസൃഷ്ടിയിൽ ആഹ്ലാദിക്കാൻ ക്രിസ്ത്യാനികൾക്ക് ചുമതലയുണ്ടെന്ന് അദ്ദേഹം കരുതി.[33] എന്നാൽ പുഷ്പമാല്യങ്ങൾ അണിയുന്നതിനെ അദ്ദേഹം എതിർത്തു. പൂവിറുക്കുമ്പോൾ നാം ദൈവത്തിന്റെ ഒരു സുന്ദരസൃഷ്ടിയെ നശിപ്പിക്കുകയാണെന്നും പുഷ്പഹാരങ്ങൾ ക്രിസ്തുവിന്റെ മുൾമുടിയെ അനുസ്മരിപ്പിക്കുന്നുവെന്നും ക്ലെമന്റ് കരുതി.[34] ലൈംഗികതയെ ക്ലെമന്റ് സാമാന്യം ദീർഘമായി പരിഗണിക്കുന്നുണ്ട്. അമിതഭോഗവും സമ്പൂർണ്ണവിരക്തിയും പ്രകൃതിവിരുദ്ധമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മനുഷ്യലൈംഗികതയുടെ മുഖ്യലക്ഷ്യം പ്രത്യുല്പാദനമാണെന്ന് ക്ലെമന്റ് കരുതി.[35] സ്വവർഗ്ഗരതി, വേശ്യാവൃത്തി, വെപ്പാട്ടിസേവ, വ്യഭിചാരം, ഗർഭിണികളുമായുള്ള ഇണചേരൽ എന്നിവയും, വിഹിതസന്താനത്തിന്റെ ജനനത്തിന് ഉതകാത്തതിനാൽ വർജ്ജിക്കേണ്ടതാണെന്ന് അദ്ദേഹം കരുതി.[36]

പെഡഗോജസിന്റെ മൂന്നാം ഭാഗത്തും ഇതേമട്ടിലുള്ള ആശയങ്ങൾ തന്നെയാണ്. ശരീരത്തിനെയല്ല ആത്മാവിനെയാണു നാം മോടിപിടിപ്പിക്കേണ്ടത് എന്നു വാദിച്ച്, സൗന്ദര്യസംവർദ്ധകവസ്തുക്കളുടെ ഉപയോഗത്തെ അദ്ദേഹം വിമർശിക്കുന്നു.[37] മുടി കറുപ്പിക്കുന്നതും ശരീരത്തിലെ രോമം നീക്കം ചെയ്യുന്നതും പുരുഷന്മാർക്കു ചേരാത്ത സ്ത്രൈണപ്രവൃത്തികളാണെന്ന് ക്ലെമന്റ് കരുതി. അധാർമ്മികരുമായുള്ള സംസർഗം നൽകുന്ന കളങ്കത്തിൽ നിന്നു രക്ഷപെടാനായി സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഭൗതികസമ്പത്ത് അതിനാൽ തന്നെ തിന്മയല്ലെങ്കിലും ക്രിസ്തുവിൽ കണ്ടെത്താനാകുന്ന ആത്മീയസമ്പത്തിൽ നിന്ന് ശ്രദ്ധതിരിച്ചു കളഞ്ഞേക്കാമെന്ന അപകടം അതിലുണ്ട്.[38] കൃതി സമാപിക്കുന്നത് അതിലെ വാദങ്ങളെ പിന്തുണക്കുന്ന ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചാണ്. ഒരു പ്രാർത്ഥനാഗാനവും അവസാനം കാണാം.[39]

'സ്ട്രൊമാറ്റ'

[തിരുത്തുക]
പലയിനം പൂക്കൾ പൊന്തിനിൽക്കുന്ന വസന്തകാലത്തെ പുൽമേടുകളെപ്പോലെ, വിവിധവിഷയങ്ങൾ അടങ്ങിയ കൃതിയെന്ന് 'സ്ട്രൊമാറ്റ'-യെ ക്ലെമന്റ് വിശേഷിപ്പിക്കുന്നു.[40]

'പലവക' എന്നർത്ഥമുള്ള ഗ്രന്ഥനാമം സൂചിപ്പിക്കുന്നതു പോലെ 'സ്ട്രൊമാറ്റ'-യിലെ ഉള്ളടക്കം വൈവിദ്ധ്യം നിറഞ്ഞതാണ്. ക്ലെമന്റിന്റെ ഗ്രന്ഥത്രയത്തിലെ അതിന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് – 'പെഡഗോജസിലെ' പ്രായോഗികനിർദ്ദേശങ്ങളെ ബൗദ്ധികവാദങ്ങൾ കൊണ്ടു ബലപ്പെടുത്തുന്നതും ദൈവശാസ്ത്രത്തിൽ കൂടുതൽ അറിവുള്ളവർക്കു വേണ്ടിയുള്ളതുമായ ഒരു താത്ത്വികരചനയായിരുന്നു ക്ലെമന്റ് ഉദ്ദേശിച്ചിരുന്നത്.[41] ക്ലെമെന്റിന്റെ മറ്റു കൃതികളുമായുള്ള താരതമ്യത്തിൽ ഇതു ക്രമരഹിതമാണ്.[42] ഈ കൃതി എട്ടു ഭാഗങ്ങൾ അടങ്ങിയതാണെന്ന് കേസറിയായിലെ യൂസീബിയസ് പറയുന്നെങ്കിലും, അതിന്റെ ഖണ്ഡങ്ങളെന്ന് ഉറപ്പുപറയാവുന്നതായി ഏഴെണ്ണം മാത്രമാണ് നിലവിലുള്ളത്.

ആദ്യഖണ്ഡത്തിന്റെ തുടക്കത്തിൽ പരിഗണിക്കപ്പെടുന്നത് യവനദർശനമാണ്. തന്റെ മറ്റു രചനകളിലെന്നപോലെ ഇതിലും ക്ലെമന്റ്, യഹൂദർക്ക് പഞ്ചഗ്രന്ഥി എന്ന പോലെ യവനർക്ക് തത്ത്വചിന്ത ആദ്യജ്ഞാനമായിരുന്നു എന്നു വാദിക്കുന്നു.[43] തുടർന്നദ്ദേഹം ഗ്രീക്കു സംസ്കാരത്തിന്റേയും ശാസ്ത്രത്തിന്റേയും ഉൽപ്പത്തി ചർച്ച ചെയ്യുന്നു. യവനലോകത്തിലെ പ്രമുഖവ്യക്തികൾ മിക്കവരും വിദേശികളായിരുന്നെന്നു പറയുന്ന അദ്ദേഹം തുടർന്ന്, ഗ്രീസിനു മേലുള്ള ഏറ്റവും വലിയ സ്വാധീനം യഹൂദസംസ്കാരത്തിന്റേതായിരുന്നു എന്നു വാദിക്കുന്നു.[44] മോശെയുടെ പ്രാഥമികത സ്ഥാപിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം ലോകചരിത്രത്തിന്റെ ദീർഘമായ പൂർവാപരക്രമം അവതരിപ്പിക്കുന്നു. ഇതനുസരിച്ച് ക്രിസ്തുവിന്റെ ജനനം നടന്നത് ബി.സി. 4, 2 ആണ്ടുകളിലൊന്നിലും ലോകസൃഷ്ടി ബി.സി. 5592-ലും ആയിരുന്നു. ഭാഷകളുടെ ഉല്പത്തിയേയും പ്ലേറ്റോയിലെ യഹൂദസ്വാധീനത്തേയും കുറിച്ചുള്ള ചർച്ചകളിലാണ് 'സ്ട്രൊമാറ്റ'-യുടെ ആദ്യഖണ്ഡം സമാപിക്കുന്നത്.[45]

രണ്ടാം ഖണ്ഡത്തിലെ മുഖ്യവിഷയം വിശ്വാസത്തിന്റേയും യുക്തിയുടേയും സമന്വയമാണ്. വിശ്വാസവും യുക്തിയും പ്രാധാനമാണെന്നു പറയുന്ന ക്ലെമന്റ്, ദൈവികമായ ജ്ഞാനത്തിന്റെ പ്രാപ്തിക്ക് വിശ്വാസം ഒഴിച്ചുകൂടാത്തതായതിനാൽ, ദൈവഭയത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നു.[46] വിശുദ്ധലിഖിതങ്ങളെ സ്വയമേവ സത്യമായ സ്വാഭാവികദർശനമെന്നു വിശേഷിപ്പിക്കുന്ന അദ്ദേഹം, മനുഷ്യയുക്തിയെ അതിന്റെ പൂരകമായി കാണുന്നു.[47]വിശ്വാസം സ്വേച്ഛാവൃത്തിയാണ്. വിശ്വസിക്കാനുള്ള തീരുമാനം ദൈവസാമീപ്യത്തിലേക്കുള്ള സുപ്രാധനമായ ആദ്യപടിയാണ്.[48][49] സത്യമായ ദൈവവചനത്തെക്കുറിച്ചുള്ള അറിവിനെ ആശ്രയിച്ചിരിക്കുന്നതിനാൽ വിശ്വാസം ഒരിക്കലും യുക്തിവിരുദ്ധമല്ല. അതേസമയം, ആദ്യതത്ത്വങ്ങൾ അവ ചേർന്ന വിശ്വാസവ്യവസ്ഥക്കു പുറത്ത് തെളിയിക്കുക സാദ്ധ്യമല്ലാത്തതിനാൽ, എല്ലാ അറിവിന്റേയും തുടക്കം വിശ്വാസത്തിൽ നിന്നാണ്.[50]

മൂന്നാം ഖണ്ഡത്തിന്റെ വിഷയം താപസവൃത്തിയാണ്. ഇവിടേയും വിവാഹത്തെ ചർച്ച ചെയ്യുന്ന അദ്ദേഹം 'പെഡഗോജസിൽ' എടുത്ത നിലപാടു തന്നെ ഇവിടേയും പിന്തുടരുന്നു. ജ്ഞാനവാദികളുടെ വിവാഹവിരോധത്തെ ക്ലെമന്റ് വിമർശിക്കുന്നു. സ്ത്രീകളിൽ താത്പര്യമില്ലാത്ത പുരുഷന്മാർ മാത്രമേ ബ്രഹ്മചര്യം തെരഞ്ഞെടുക്കാവൂ എന്ന് അദ്ദേഹം കരുതി. വിവാഹബന്ധത്തിനുള്ളിൽ പ്രജനനത്തെ ലക്ഷ്യമാക്കി നടക്കുന്ന ലൈംഗികബന്ധം ഗുണകരമായ കാര്യമാണെന്ന് അദ്ദേഹം കരുതി.[51]അതേസമയം മനുഷ്യന്റെ പതനം സംഭവിച്ചത്, ആദിമാതാപിതാക്കൾ പരസ്പരാകർഷണത്തിനു ദൈവനിശ്ചിതമായ സമയത്തിനു മുൻപേ കീഴ്പ്പെട്ട് ഇണചേർന്നപ്പോഴാണെന്ന് അദ്ദേഹം കരുതി.[52] ലൂക്കായുടെ സുവിശേഷത്തിലെ (ലൂക്കാ 14:25-27) ആഹ്വാനം പിന്തുടരാനായി മനുഷ്യർ കുടുംബത്തെ ഉപേക്ഷിച്ച് വിരക്തജീവിതം തെരഞ്ഞെടുക്കണമെന്ന വാദം അദ്ദേഹം അംഗീകരിച്ചില്ല. "നിന്റെ അപ്പനേയും അമ്മയേയും ബഹുമാനിക്കുക" എന്ന ദൈവകല്പനയെ യേശു തള്ളിപ്പറഞ്ഞിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.[53] താപസജീവിതം ഫലപ്രദമാമുന്നത് അതിന്റെ പിന്നിലുള്ള ലക്ഷ്യം ക്രിസ്തീയമാകുമ്പോഴാണെന്നും, നഗ്ന-സോഫിസ്റ്റുകളെപ്പോലുള്ള അക്രൈസ്തവരുടെ താപസജീവിതത്തിൽ കാര്യമില്ലെന്നും അദ്ദേഹം കരുതി.[54][55]

നാലാം ഖണ്ഡം ക്ലെമന്റ് തുടങ്ങുന്നതു തന്നെ 'സ്ട്രോമാറ്റ'-യിലെ ഉള്ളടക്കത്തിന്റെ ക്രമരാഹിത്യത്തെ വൈകിയാണെങ്കിലും വിശദീകരിച്ചു കൊണ്ടാണ്. ഇവിടെ അദ്ദേഹം കൃതിയുടെ അവശേഷിക്കുന്ന ഖണ്ഡങ്ങളുടെ രൂപരേഖ നൽകാനും ശ്രമിക്കുന്നു.[56] തുടർന്ന് നാലാം പുസ്തകത്തിന്റെ അവശേഷിക്കുന്ന ഭാഗത്ത് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രക്തസാക്ഷിത്വത്തിലാണ്. എല്ലാ ക്രിസ്ത്യാനികളും മരണഭയം ഇല്ലാത്തവരായിരിക്കണമെങ്കിലും രക്തസാക്ഷിയുടെ കിരീടം അന്വേഷിച്ചു നടക്കുന്നതിനെ അദ്ദേഹം എതിർത്തു. അങ്ങനെ ചെയ്യുന്നത് ജീവിതമെന്ന ദൈവദാനത്തോട് മതിപ്പില്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം കരുതി.[57] എങ്ങനെ മരിച്ചു എന്നതിനെ ആശ്രയിച്ച് ഏതു ക്രിസ്ത്യാനിയും രക്തസാക്ഷിയാകുമോ, അല്ലെങ്കിൽ രക്തസാക്ഷിത്വം നന്മസമ്പൂർണ്ണതയിൽ ജീവിച്ചവർക്കായി മാറ്റിവച്ചിരിക്കുന്നതാണോ എന്ന കാര്യത്തിൽ ക്ലെമന്റ് തീർപ്പു കല്പിച്ചില്ല.[58] ദൈവപിതാവിന്റെ ദൈവികതയിൽ വിശ്വസിക്കാത്തതിനാൽ മാർഷൻ വാദികൾക്ക് രക്തസാക്ഷികളാകാൻ ആവില്ലെന്നും അവരുടെ സഹനങ്ങൾ വ്യർത്ഥമാണെന്നും ക്ലെമന്റ് വാദിച്ചു.[59] ഇവിടെ വിഷയത്തിൽ നിന്നു വ്യതിചലിക്കുന്ന ക്ലെമന്റ്, ദൈവശാസ്ത്രപരമായ ജ്ഞാനസിദ്ധാന്തം (theological epistemology) ചർച്ച ചെയ്യുന്നു. ദൈവപിതാവിന്റെ അസ്തിത്വം വസ്തുനിഷ്ഠമായി തെളിയിക്കാൻ വഴിയൊന്നുമില്ലെന്ന് അദ്ദേഹം കരുതി. ക്രിസ്തു ഇന്ദ്രിയവിഷയമായിരുന്നെങ്കിലും, വചനമായ ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം വെളിപാടാണ് വിശകലനനമല്ല. സാർവർത്രികമായ ആദ്യസത്യമെന്ന നിലയിൽ ദൈവത്തിനു ആരംഭമില്ല.[60]


അഞ്ചാം പുസ്തകത്തിൽ ക്ലെമന്റ് വിശ്വാസം എന്ന വിഷയത്തെ ഒരിക്കൽ കൂടി പരിഗണിക്കുന്നു. സത്യം, നീതി, നന്മ എന്നിവ ചക്ഷുഗോചരമല്ലെന്നും മനസ്സിനു മാത്രം തിരിച്ചറിയാവുന്ന ഗുണങ്ങളാണവയെന്നും അദ്ദേഹം വിശദീകരിക്കുന്നു; അദൃശ്യമായതിനെ സമീപിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് വിശ്വാസം.[61] വിശ്വാസം വഴിയുള്ള ദൈവജ്ഞാനം സംപ്രാപ്തമാകാൻ സാന്മാർഗ്ഗികതയുടെ നൈർമ്മല്യം ആവശ്യമാണെന്ന് ക്ലെമന്റ് കരുതി.[62] സല്പ്രവർത്തികളിലൂടെ വഴി വിശ്വാസം പിന്തുടരുന്നവർക്കല്ലാതെ വിശ്വാസം പ്രഖ്യാപിക്കുക മാത്രം ചെയ്യുന്നവർക്ക് രക്തസാക്ഷിത്വം അപ്രാപ്യമാണെന്ന തന്റെ പഴയ നിലപാടു തന്നെയാണ് ക്ലെമന്റ് ഇവിടേയും പിന്തുടരുന്നത്. ദൈവം ലോകത്തെ അതിലംഘിച്ചു നിൽക്കുന്നതിനാൽ ലൗകികന്മാർക്ക് ദൈവജ്ഞാനം സാദ്ധ്യമല്ല. യേശു മനുഷ്യാവതാരം ചെയ്ത ദൈവമായിരുന്നെങ്കിലും അവനെ ശാരീരികമായല്ല ആത്മീയമായാണ് നാം മനസ്സിലാക്കേണ്ടത്.[62]

ആറാം പുസ്തകത്തിന്റെ തുടക്കത്തിൽ ക്ലെമന്റ്, പേഗൻ കവികൾ അവരുടെ സൃഷ്ടികൾക്ക് ബൈബിളിലെ പ്രവാചകഗ്രന്ഥങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നു തെളിയിക്കാൻ ശ്രമിച്ചു. ഗ്രീക്കുകാർ ഈ വിധമുള്ള 'സാഹിത്യചോരണം' ശീലമാക്കിയവരായിരുന്നെന്ന് തെളിയിക്കാൻ, ബി.സി. മൂന്നാം നൂറ്റാണ്ടിൽ 'അരേതാദെസ്' രചിച്ചതായി പറയപ്പെടുന്ന "സാഹിത്യമോഷണത്തെക്കുറിച്ച്" എന്ന കൃതിയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.[63] തുടർന്ന് വിഷയത്തിൽ നിന്നു വ്യതിചലിച്ച് പാപത്തേയും നരകശിക്ഷയേയും പരിഗണിക്കുന്ന ക്ലെമന്റ്, സൃഷ്ടിക്കപ്പെട്ടപ്പോൾ ആദം പൂർണ്ണതയുള്ളവനായിരുന്നില്ലെന്നും, പൂർണ്ണത പ്രാപിക്കാൻ കഴിവുള്ളവൻ മാത്രമായിരുന്നെന്നും പറയുന്നു. ഇവിടെ സർവരക്ഷാസിന്താന്തം സ്വീകരിക്കുന്ന ക്ലെമന്റ്, ക്രിസ്തുവിന്റെ രക്ഷാവാഗ്ദാനം, നരകപാപികൾ ഉൾപ്പെടെ എല്ലാവർക്കും ലഭ്യമാണെന്നും വാദിക്കുന്നുണ്ട്.[64]

നിലവിലുള്ളതിൽ അവസാനത്തേതായ ഏഴാം ഖണ്ഡം, ക്രിസ്തുവിന്റെ സ്വഭാവത്തെ വിവരിച്ച ശേഷം, പിതാവിനോടും പുത്രനോടും ആവുന്നത്ര ആനുരൂപ്യം നേടാൻ ശ്രമിക്കുന്ന ഉത്തമക്രിസ്ത്യാനിയുടെ ഗുണങ്ങൾ വർണ്ണിക്കുന്നു. തുടർന്ന് ക്ലെമന്റ് മിക്കവാറും പുരാതന ധാർമ്മികതകളുടെ പ്രത്യേകതയായ ദൈവത്തിന്റെ മാനവീകരണത്തെ (anthropomorphism) വിമർശിക്കുന്നു. ആഫ്രിക്കയിലേയും ത്രേസിലേയും, ഈജിപ്തിലേയും ദൈവങ്ങളെക്കുറിച്ചുള്ള യവനലേഖകൻ സെനഫൻ-ന്റെ പ്രസിദ്ധമായ വിവരണം ഉദ്ധരിക്കുന്ന[65] അദ്ദേഹം ഗ്രീക്കു ദൈവങ്ങളും ഭൗതികവസ്തുക്കളുടെ വ്യക്തിവൽക്കരണത്തിൽ ജനിച്ചവരാകാം എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു: ഏറസ് ഇരുമ്പുമായും ഡയോനിഷ്യസ് വീഞ്ഞുമായും ബന്ധപ്പെട്ടിരിക്കുന്നു.[66] തുടർന്ന്, പ്രാർത്ഥന, അറിവും പ്രേമവും തമ്മിലുള്ള ബന്ധം എന്നിവ പരിഗണിക്കപ്പെടുന്നു. പൗലോസ് കോറീന്ത്യാക്കാർക്കെഴുതിയ ഒന്നാം ലേഖനത്തിലെ(13:8), "ജ്ഞാനവും അപ്രത്യക്ഷമാകുന്നു" എന്ന പ്രസ്താവന, സത്യജ്ഞാനം തികഞ്ഞവനാണു ക്രിസ്ത്യാനി എന്ന ചൊല്ലിനെ നിഷേധിക്കുന്നതായി തോന്നിയേക്കാം; എന്നാൽ യഥാർത്ഥ ക്രിസ്ത്യാനിയിൽ ജ്ഞാനം ഇല്ലാതാകുന്നത് ദൈവസ്നേഹത്തിൽ നിന്നുളവാകുന്ന വിശ്വപ്രേമത്തിൽ അത് അലിഞ്ഞുചേർമ്പോഴാണെന്ന് ക്ലെമന്റ് വിശദീകരിക്കുന്നു.[67] സോക്രട്ടീസിനെപ്പോലെ അദ്ദേഹവും, തിന്മ അനുദ്ദിഷ്ടമായി, അജ്ഞതയിൽ നിന്നുണ്ടാകുന്നതാണെന്ന് അദ്ദേഹം കരുതി. ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരനായ ക്രിസ്ത്യാനി, തന്റെ തന്നെയും അയൽക്കാരന്റേയും പാപമുക്തിയുടെ ചുമതല പേറുന്നവനാണ്. ഈ കൃതി സമാപിക്കുന്നത്, അക്കാലത്തെ സഭയിൽ ഉണ്ടായിരുന്ന വിഭാഗീയതകളുടേയും വേദവ്യതിചലനങ്ങളുടേയും ദീർഘമായ വിമർശനത്തിലാണ്. [68]

ഇതരരചനകൾ

[തിരുത്തുക]

ഗ്രന്ഥത്രയത്തിനു പുറമേ, സമ്പൂർണ്ണരൂപത്തിൽ ഇന്നു ലഭ്യമായ ക്ലെമന്റിന്റെ ഏകരചന, "ധനവാന്മാർക്കു മോക്ഷരാജ്യം" എന്ന പ്രബന്ധമാണ്. സമ്പത്തിന്റെ ദുസ്വാധീനത്തേയും, സമ്പന്നരോടു മറ്റുള്ളവർ കാട്ടുന്ന അടിമത്തമനോഭാവത്തേയും വിമർശിച്ചാണ് ഈ രചനയുടെ തുടക്കം. തുടർന്ന് ക്ലെമന്റ് ധനവാന് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു പോലെ ദുഷ്കരമാണെന്ന സുവിശേഷവാക്യം (മർക്കോസ് 10:25)[69] വിശദീകരിക്കാൻ ശ്രമിക്കുന്നു. ധനവാന്മാരുടെ പ്രശ്നം ക്രിസ്തുമതം മുന്നോട്ടു വക്കുന്ന നിത്യജീവിതവാഗ്ദാനം അവർക്കു ബോദ്ധ്യമാകാതിരിക്കുന്നതോ, ആത്മീയ-ഭൗതിക സമ്പത്തുകൾ തമ്മിലുള്ള പൊരുത്തക്കേട് തിരിച്ചറിയാതിരിക്കുന്നതൊ ആകാം. അതിനാൽ, അവരെ സുവിശേഷത്തിലൂടെ നല്ല ജീവിതത്തിലേക്കു നയിക്കാൻ ബാദ്ധ്യതയുള്ളവനാണു ക്രിസ്ത്യാനി.[69] യേശുവിന്റെ വചനം അക്ഷരാർത്ഥത്തിൽ എടുക്കേണ്ടതല്ല – അതിന്റെ രക്ഷാകരമായ ഉദാത്തധ്വനി അന്വേഷിക്കുകയാണ് നാം ചേയ്യേണ്ടത്.[70] ദീനജനസേവക്ക് ഉപയോഗിക്കുന്ന പക്ഷം, ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയെന്നതിൽ തെറ്റില്ല. എന്നാൽ സമ്പത്ത് ആത്മാവിനെ കീഴടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ധനവാനു ബാദ്ധ്യതയുണ്ട്. പാപകരമായ വികാരങ്ങൾ ഉപേക്ഷിക്കുകയെന്നത് സമ്പത്തിന്റെ പരിത്യാഗത്തേക്കാൾ പ്രധാനമാണ്. ദൈവസ്നേഹത്തേയും സഹോദരസ്നേഹത്തേയും സംബന്ധിച്ച ഇരുപ്രമാണങ്ങൾ പിന്തുടരുന്ന പക്ഷം സമ്പന്നനും സ്വർഗപ്രാപ്തിയുണ്ടാകാം. ഭൗതികസമ്പത്തിന് ദൈവികമൂല്യം ഇല്ലെങ്കിലും സഹോദരങ്ങളുടെ ആതുരത അകറ്റാൻ അത് പ്രയോജനപ്പെട്ടേക്കാം.[71]

ശകലങ്ങളായി മാത്രം നിലവിലുള്ള ക്ലെമന്റിന്റെ മറ്റു രചനകളുമുണ്ട്. നിഗൂഢപാരമ്പര്യത്തിൽ പെടുന്ന നാലു യുഗാന്തപ്രതീക്ഷാരചനകൾ അവയിൽ പെടുന്നു: ഹൈപ്പോടൈപ്പോസെസ്, എക്സെർപ്റ്റാ-എക്സ്-തിയോഡോറ്റോ, എക്ലോഗേ പ്രോഫെറ്റിക്കേ, അഡുംബ്രേഷനസ് എന്നിവയാണവ.[72]ഈ കൃതികളിൽ ക്ലെമന്റ് തന്റെ സ്വർഗ്ഗീയാധികാരശ്രേണി അവതരിപ്പിക്കുന്നു. പ്രപഞ്ചത്തിനു കേന്ദ്രമായിരിക്കുന്ന ദൈവമുഖവും അതിനു താഴെ ഏഴു സൃഷ്ടിമൂലങ്ങളും(Protoctists) അവയെ പിന്തുടർന്ന് അതിദൂതന്മാരും ദൂതന്മാരും മനുഷ്യരും ചേർന്ന സങ്കീർണ്ണമായൊരു ഘടനാവ്യവസ്ഥയുടെ രൂപരേഖ ക്ലെമന്റ് ഈ രചനകളിലൂടെ അവതരിപ്പിക്കുന്നു.[73] യഹൂദക്രിസ്തീയ നിഗുഢദർശനങ്ങളുടെ പാരമ്പര്യത്തിൽ പെടുന്ന ഈ സ്വർഗ്ഗീയഘടനാക്രമം അപ്പസ്തോലന്മാർ പിന്തുടർന്നിരിക്കാമെന്നും, അമ്മാതിരി രഹസ്യങ്ങൾ സ്വീകരിക്കാൻ പക്വതവന്ന വിശ്വാസികൾക്കു മാത്രം വാചികമായി അവർ അതു പകർന്നു നൽകിയിരിക്കാമെന്നും ജീൻ ദാനിയേലൗ അനുമാനിക്കുന്നു.[74] ദൈവത്തിന്റെ ആദ്യസൃഷ്ടികളായ സൃഷ്ടിമൂലങ്ങൾ അതിദൂതന്മാർക്ക് പുരോഹിതരായിരുന്നു. ക്ലെമന്റ് അവരെ 'ദൈവികചക്ഷുക്കൾ' എന്നും 'സിംഹാസനങ്ങൾ' എന്നും വിശേഷിപ്പിക്കുന്നു.[75] ഭൗമികമായ എല്ലാത്തിൽ നിന്നും ഭിന്നമാണ് സ്വർഗ്ഗീയാവസ്ഥകൾ എന്നു പറയുന്ന ക്ലെമന്റ്, ഓരേ ശ്രേണിയിലും പെടുന്നവർ അതിനു താഴെയുള്ളവർക്ക് മാത്രം അരൂപികളായി അനുഭവപ്പെടുമെന്ന് കൂട്ടിച്ചേർക്കുന്നു.[76] എക്ലോഗേ പ്രോഫെറ്റിക്കേ-യിലെ പദ്ധതി അനുസരിച്ച്, ഓരോ സഹസ്രവർഷത്തിലും ഓരോ ശ്രേണിയിലേയും അംഗങ്ങൾ ഒരു പടി മുന്നോട്ടു നീങ്ങുന്നു; അങ്ങനെ മനുഷ്യർക്ക് കാലക്രമത്തിൽ മാലാഖമാരാകാനും കഴിയും. സൃഷ്ടിമൂലങ്ങൾക്കും ഈവിധം പുരോഗതി സംഭവിക്കാം. എന്നാൽ അവരുടെ പുതിയ അവസ്ഥ എന്തായിരിക്കുമെന്ന് ക്ലെമന്റ് വ്യക്തമാക്കുന്നില്ല.[76] ഏഴു സൃഷ്ടിമൂലങ്ങൾ മാത്രം ഉണ്ടായിരിക്കുകയും, അവർക്കു താഴെ പുരോഗതി കാത്തുനിൽക്കുന്ന പരസഹസ്രം മാലാഖമാർ ഉണ്ടായിരിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം പ്രശ്നമാണ്. ഏറ്റവും സാധാരണമായ ആധുനിക വിശദീകരണം, ഏഴെന്നത് അക്ഷരാർത്ഥത്തിൽ എണ്ണമായി എടുക്കേണ്ടതല്ലെന്നും, സംഖ്യാജ്യോതിഷവുമായി (numerology) ബന്ധപ്പെട്ട പ്രതീകാത്മകമായ പ്രാധാന്യം മാത്രമേ അതിനു കല്പിക്കേണ്ടതുള്ളു എന്നുമാണ്.[77]

കേസറിയായിലെ യൂസീബിയസിന്റെ സഭാചരിത്രത്തിലെ ഒരു പട്ടികയിൽ, ക്ലെമന്റിന്റെ നഷ്ടപ്പെട്ടുപോയെ പല ഗ്രന്ഥങ്ങളുടെയും സൂചനയുണ്ട്. എട്ടു ഖണ്ഡങ്ങളുള്ള 'രൂപരേഖ' (outlines) യഹൂദീകരണക്കാർക്കെതിരെ എന്നീ കൃതികൾ അവയിൽ പെടുന്നു. ക്ലെമന്റിന്റെ തന്നെ ലഭ്യമായ രചനകളിലെ പരാമർശനങ്ങളിൽ നിന്നു മാത്രം അറിയാൻ കഴിയുന്ന വിവാഹത്തെക്കുറിച്ച്, പ്രവചനത്തെക്കുറിച്ച് എന്നീ കൃതികളുമുണ്ട്. ഇവയൊക്കെ പൂർത്തീകരിക്കപ്പെട്ട രചനകളോ ക്ലെമന്റ് എഴുതാൻ ഉദ്ദേശിച്ചിരുന്നവ മാത്രമോ എന്നു വ്യക്തമല്ല.[78] 1958-ൽ കണ്ടുകിട്ടിയ "മാർ സാഭാ ലേഖനം" എന്നൊരു ലിഖിതം ക്ലെമന്റിന്റേതാണെന്ന് മോർട്ടൺ സ്മിത്ത് എന്ന ചരിത്രപണ്ഡിതൻ അവകാശപ്പെട്ടിരുന്നു. എന്നാൽ അത് പുരാതനകാലത്തെ ഒരു വ്യാജരചനയോ ആധുനികമായ കൃത്രിമസൃഷ്ടിയോ ആയിരിക്കാം എന്നാണ് ഇപ്പോൾ മിക്കവരും കരുതുന്നത്.[79]

പൈതൃകം

[തിരുത്തുക]

ക്ലെമന്റിന്റെ ജീവിതത്തേയും രചനകളേയും പറ്റിയുള്ള ഏറ്റവും പുരാതനമായ സാക്ഷ്യം, തന്റെ സഭാചരിത്രത്തിൽ കേസറിയായിലെ യൂസീബിയസ് നൽകുന്നതാണ്. ക്ലെമന്റിനായി നീക്കിവച്ചിരിക്കുന്ന രണ്ടു ഭാഗങ്ങൾ യൂസീബിയസിന്റെ കൃതിയിലുണ്ട്. ഇതിൽ രണ്ടാമത്തെ ഭാഗം ക്രമം തെറ്റി ചേർത്തിരിക്കുന്നതു പോലെ തോന്നും. യൂസീബിയസ് തന്റെ രചന പിഴപോക്കാൻ മെനക്കെട്ടില്ല എന്നതിനു തെളിവായി ഇതു ചൂണ്ടിക്കാണിക്കാറുണ്ട്.[80] ക്ലെമന്റിന്റെ രചനകളുടെ ഒരു പട്ടികയും ഗ്രന്ഥകാർത്താവിന്റെ ജീവചരിത്രവും തന്റെ കൃതിയിൽ ചേർക്കുന്ന യൂസീബിയസ്, 'സ്ട്രോമാറ്റ' എന്ന കൃതിയിൽ നിന്നുള്ള ദീർഘമായൊരു ഉദ്ധരണിയും നൽകുന്നുണ്ട്.

ബിബ്ലിയോത്തിക്കെ എന്ന കൃതിയിൽ ക്ലെമന്റിന്റെ ദൈവശാസ്ത്രത്തെ വിമർശിക്കുന്ന ഒൻപതാം നൂറ്റാണ്ടിലെ ഫോറ്റിയസ്, ക്ലെമന്റിന്റെ പാണ്ഡിത്യത്തേയും ശൈലീമികവിനേയും പുകഴ്ത്തുന്നുണ്ട്.[81] ബൈബിളിന്റെ നിരൂപണമായ 'ഹൈപ്പോടൈപ്പോസിസ്' എന്ന കൃതിയിൽ ക്ലെമന്റ് പ്രകടിപ്പിക്കുന്ന ആശയങ്ങളെയാണ് ഫോറ്റിയസ് ഏറ്റവും നിശിതമായി വിമർശിക്കുന്നത്. ഇന്ന് ആ കൃതിയുടെ ശകലങ്ങൾ മാത്രമാണ് നിലവിലുള്ളത്. ക്ലെമന്റിന്റെ ഇതരരചനകളെപ്പോലെ അങ്ങേയറ്റം 'സിൻക്രെട്ടിക്' ആയ ഈ കൃതിയും ഒൻപതാം നൂറ്റാണ്ടിലെ അംഗീകൃത യാഥാസ്ഥിതികതയുമായി ചേർന്നുപോകാത്ത യവന, യഹൂദ, ജ്ഞാനവാദ ആശയങ്ങൾ നിറഞ്ഞതായി ഫോറ്റിയസ് കരുതി.[82] വേദവ്യതിചലനമായി ഫോറ്റിയസ് എടുത്തു പറഞ്ഞു വിമർശിച്ച ക്ലെമന്റിന്റെ ആശയങ്ങളിൽ ചിലത് ഇവയാണ്:

  • ദ്രവ്യവും ചിന്തയും സനാതനവും, അതിനാൽ ദൈവത്തിൽ നിന്ന് ഉത്ഭവിക്കാത്തവയും ആണെന്ന വാദം. ഒന്നുമില്ലായ്മയിൽ നിന്ന് ദൈവം എല്ലാം ഉരുവാക്കി എന്ന ക്രിസ്തീയ നിലപാടിന് എതിരാണിത്.[83]
  • സർവസൃഷ്ടിയേയും അതിലംഘിച്ചു നിൽക്കുന്ന കാലചക്രം എന്ന ആശയം. എഫേസൂസിലെ ഹെരാക്ലിറ്റസിനേയും മറ്റും പിന്തുടരുന്ന ഈ നിലപാടിന് ബൈബിളിൽ അടിസ്ഥാനമില്ലെന്ന് ഫോറ്റിയസ് കരുതി.[84]
  • ക്രിസ്തു ഒരുവിധത്തിൽ സൃഷ്ടിക്കപ്പെട്ടവനാണ് എന്ന വിശ്വാസം. യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ പറയുന്ന "ആദിയിലേ ഉണ്ടായിരുന്ന ലോഗോസ്" എന്ന ആശയത്തിന് എതിരാണിത്. ഇവിടെ ക്ലെമന്റ് പിന്തുടർന്നത് അലക്സാണ്ട്രിയയിലെ ഫിലോയെ ആവാം.[85]
  • യേശുവിന് യഥാർത്ഥമായ മനുഷ്യശരീരം ഇല്ലായിരുന്നു എന്നും, ക്രിസ്തുവിന്റെ ലൗകികശരീരം മിഥ്യ മാത്രമായിരുന്നു എന്നും വാദിക്കുന്ന 'ഡോസെറ്റിസത്തിന്റെ' കാര്യത്തിൽ ക്ലെമന്റ് സ്വീകരിച്ച സന്ദിഗ്ദ്ധ നിലപാട്.[86]
  • രാത്രിയിൽ ആദത്തിനുണ്ടായ സ്കലനത്തിലെ ശുക്ലത്തിൽ നിന്നാണ് ആദിമാതാവായ ഹവ്വ സൃഷ്ടിക്കപ്പെട്ടത് എന്ന ക്ലെമന്റിന്റെ വിശ്വാസം.[87]
  • ഉൽപ്പത്തിപ്പുസ്തകം 6:2 മനുഷ്യസ്ത്രീകളുമായി സംഗമിച്ച മാലാഖമാരുടെ കാര്യമാണു പറയുന്നതെന്ന ക്ലെമന്റിന്റെ വാദം. യഥാസ്ഥിതിക ക്രിസ്തീയതയിൽ, മാലാഖമാർ നിർല്ലിംഗരാണ്.[88]

ഈ 'വ്യതിചലങ്ങൾ' നിലനിൽക്കെയും ക്ലെമന്റ് 'വേദവിരോധി' ആയിരുന്നെന്ന വിശ്വാസത്തിന് കത്തോലിക്കാ സഭയിൽ വ്യാപകമായ സ്വീകൃതി ഇല്ല. എങ്കിലും യാഥാസ്ഥിതികതയെ സംബന്ധിച്ച ചില സന്ദേഹങ്ങൾ മൂലം 1586-ൽ അദ്ദേഹം സഭയിലെ രക്തസാക്ഷികയുടെ പട്ടികയിൽ നിന്ന് നീക്കപ്പെട്ടു. കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നതും നിർത്തി. ക്രിസ്തീയതയുടെ ഇതരശാഖകൾ മിക്കവയിലും വിശുദ്ധപദവി നിൽനിർത്തുന്നെങ്കിലും, ക്ലെമന്റിന്റെ വണക്കത്തിന് ഏറെ പ്രചാരമില്ല. അതേസമയം അമേരിക്കയിൽ ഡള്ളസിലെ സാർവർത്രിക കത്തോലിക്കാപ്പള്ളി ക്ലെമന്റിനാണു സമർപ്പിച്ചിരിക്കുന്നത്. രചനകൾ നിലവിലുള്ള ഏറ്റവും ആദ്യത്തെ സഭാപിതാക്കളിൽ ഒരാളെന്ന നിലയിൽ, ഒട്ടേറെ പണ്ഡിതാന്വേഷണങ്ങളുടെ വിഷയമാണു ക്ലെമന്റ്. ഈ അന്വേഷണങ്ങൾ ക്ലെമന്റിന്റെ ചിന്തയും പേഗൻ ധാർമ്മികതയുമായുള്ള ബന്ധം, ക്ലെമന്റ് ശിഷ്യനായ ഒരിജനിൽ ചെലുത്തിയ സ്വാധീനം എന്നിവയെ കേന്ദ്രീകരിച്ചാണ്.

അവലംബം

[തിരുത്തുക]
  1. Oulter (1940), p. 217
  2. 2.0 2.1 Ferguson (1974), p. 13
  3. Ferguson (1974), p. 14
  4. Henny (2006), p. 56
  5. Ferguson (1974), p. 15
  6. Henny (2006), p. 56-9
  7. Itter (2009), p. 9
  8. Ferguson (1974), p. 16
  9. Young (1999), p. 129
  10. Itter (2009), p. 7
  11. Osborn (2008), p. 5
  12. 12.0 12.1 12.2 Ferguson (1974), p. 17
  13. Droge (1989), p. 138
  14. Droge (1989), p. 130
  15. 15.0 15.1 Droge (1989), p. 131
  16. 16.0 16.1 16.2 Ferguson (1974), p. 48
  17. Burrus (2011), p. 101
  18. Ferguson (1974), p. 50
  19. Ferguson (1974), pp. 55–6
  20. de Jáuregui (2010), p. 132
  21. Sharkey (2009), p. 159
  22. Ferguson (1974), p. 76
  23. Osborn (2008), p. 244
  24. Ferguson (1974), p. 69
  25. Irvine (2006), p. 164
  26. Ogliari (2003), p. 200
  27. Ferguson (1974), p. 71
  28. Ferguson (1974), p. 72
  29. 29.0 29.1 Ma (2004), p. 184
  30. Berger (2011), pp. 74–5
  31. Ferguson (1974), p. 75
  32. 32.0 32.1 Ferguson (1974), p. 80
  33. Ferguson (1974), p. 82
  34. Ferguson (1974), p. 85
  35. Kochuthara (2007) , p. 145
  36. Ferguson (1974), p. 87
  37. Ferguson (1974), p. 91
  38. Ferguson (1974), p. 94
  39. Murphy (1941), p. 32
  40. Ferguson (1974), p. 107
  41. Ferguson (1974), p. 106
  42. Osborn (2008), p. 8
  43. Ferguson (1974), pp. 108–9
  44. Ferguson (1974), pp. 113–6
  45. Ferguson (1974), pp. 117–9
  46. Osborn (1994), p. 3
  47. Osborn (1994), p. 4
  48. Ferguson (1974), p. 121
  49. Osborn (1994), p. 7
  50. Osborn (1994), pp. 11–12
  51. Heid (2000), p. 65
  52. Seymour (1997), p. 257
  53. Clark (1999), p. 198
  54. Clark (1999), p. 17
  55. Burrus (2011), p. 30
  56. Ferguson (1974), p. 133
  57. Verhey (2011), p. 350
  58. Burrus (2011), p. 82
  59. Osborn (1994), p. 8
  60. Ferguson (1974), p. 139
  61. Osborn (1994), p. 9
  62. 62.0 62.1 Osborn (1994), p. 10
  63. de Jáuregui (2010), p. 201
  64. Seymour (1997), pp. 262–3
  65. Grant (1988), p. 77
  66. Ferguson (1974), p. 150
  67. Ferguson (1974), p. 151
  68. Ferguson (1974), p. 152
  69. 69.0 69.1 Ferguson (1974), p. 166
  70. Ferguson (1974), p. 167
  71. Ferguson (1974), pp. 173, 178
  72. Bucar (2006), p. 252
  73. Bucar (2006), p. 255
  74. Daniélou (1962), p. 262
  75. Bucar (2006), p. 257
  76. 76.0 76.1 Bucar (2006), p. 260
  77. Bucar (2006), pp. 261–3
  78. Ferguson (1974), p. 179
  79. Osborn (2008), p. 195
  80. Schaff (2007), p. 253
  81. Ashwin-Siejkowski (2010), p. 16
  82. Ashwin-Siejkowski (2010), pp. 17–8
  83. Ashwin-Siejkowski (2010), p. 23
  84. Ashwin-Siejkowski (2010), pp. 40–43
  85. Ashwin-Siejkowski (2010), p. 75
  86. Ashwin-Siejkowski (2010), p. 95
  87. Itter (2009), p. 68
  88. Ashwin-Siejkowski (2010), p. 146

ഗ്രന്ഥസൂചി

[തിരുത്തുക]
Opera omnia, 1715
  • Ashwin-Siejkowski, Piotr (2010). Clement of Alexandria on trial: the evidence of "heresy" from Photius' Bibliotheca. Leiden: BRILL. ISBN 9789004176270.
  • Berger, Teresa (2011). Gender Differences and the Making of Liturgical History: Lifting a Veil on Liturgy's Past. Teresa Berger. London: Ashgate Publishing. ISBN 9781409426981.
  • Bucur, Bogdan G. (2006). "The Other Clement of Alexandria: Cosmic Hierarchy and Interiorized Apocalypticism". Vigiliae Christianae. 60 (3): 251–268. {{cite journal}}: Unknown parameter |month= ignored (help)
  • Burrus, Virginia (2010). Late Ancient Christianity. Philadelphia: Fortress Press. ISBN 9780800697204.
  • Clark, Elizabeth Ann (1999). Reading renunciation: asceticism and Scripture in early Christianity. Princeton: Princeton University Press. ISBN 9780691005126.
  • Daniélou, Jean (1962). "Les traditions secrètes des Apôtres". Eranos Jahrbuch (31).
  • Droge, Arthur J. (1989). Homer or Moses?: early Christian interpretations of the history of culture. Tuebingen: Mohr Siebeck. ISBN 9783161453540.
  • Ferguson, John (1974). Clement of Alexandria. New York: Ardent Media. ISBN 9780805722314.
  • Grant, Robert McQueen (1988). Gods and the One God. Louisville: Westminster John Knox Press. ISBN 9780664250119.
  • Hägg, Henny Fiskå (2006). Clement of Alexandria and the beginnings of Christian apophaticism. Oxford: Oxford University Press. ISBN 9780199288083.
  • Heid, Stefan (2000). Celibacy in the early Church: the beginnings of a discipline of obligatory continence for clerics in East and West. San Fransisco: Ignatius Press. ISBN 9780898708004.
  • Itter, Andrew C. (2009). Esoteric teaching in the Stromateis of Clement of Alexandria. Leiden: BRILL. ISBN 9789004174825.
  • Irvine, Martin (2006). The Making of Textual Culture: 'Grammatica' and Literary Theory 350–1100. Cambridge: Cambridge University Press. ISBN 9780521031998.
  • de Jáuregui, Miguel Herrero (2010). Orphism and Christianity in late antiquity. Berlin: Walter de Gruyter. ISBN 9783110206333.
  • Karavites, Peter (1999). Evil, freedom, and the road to perfection in Clement of Alexandria. Ledien: BRILL. ISBN 9789004112384.
  • Kaye, John (1835). Some account of the writings and opinions of Clement of Alexandria. London: J.G. & F. Rivington.
  • Kochuthara, Shaji George (2007). The concept of sexual pleasure in the Catholic moral tradition. Rome: Gregorian University Press. ISBN 9788878391000.
  • Ma, Wonsuk (ed.) (2004). The spirit and spirituality: essays in honour of Russell P. Spittler, Volume 4. New York: Continuum International Publishing Group. ISBN 9780826471628. {{cite book}}: |first= has generic name (help)
  • Murphy, Mable Gant (1941). Nature allusions in the works of Clement of Alexandria. Washington D.C.: The Catholic University of America Press.
  • Ogliari, Donato (2003). Gratia et certamen: the relationship between grace and free will in the discussion of Augustine with the so-called semipelagians. Leuven: Peeters Publishers. ISBN 9789042913516.
  • Outler, Albert C. (1940). "The "Platonism" of Clement of Alexandria". The Journal of Religion. 20 (3): 217–240. {{cite journal}}: Unknown parameter |month= ignored (help)
  • Osborn, Eric (1994). "Arguments for Faith in Clement of Alexandria". Vigiliae Christianae. 48 (1): 1–24. {{cite journal}}: Unknown parameter |month= ignored (help)
  • Osborn, Eric (2008). Clement of Alexandria. Cambridge: Cambridge University Press. ISBN 9780521090810.
  • Schaff, Philip (ed.) (2007). Nicene and Post-Nicene Fathers Volume I – Eusebius: Church History, Life of Constantine the Great, Oration in Praise of Constantine. Cosimo. ISBN 9781602065086. {{cite book}}: |first= has generic name (help)
  • Seymour, Charles (1997). "On Choosing Hell". Religious Studies. 3 (33): 249–266. {{cite journal}}: Unknown parameter |month= ignored (help)
  • Sharkey, Michael (ed.) (2009). International Theological Commission, Volume 2. San Fransisco: Ignatius Press. ISBN 9781586172268. {{cite book}}: |first= has generic name (help)
  • Verhey, Allen (2011). The Christian Art of Dying: Learning from Jesus. Grand Rapids: William B. Eerdmans Publishing Company. ISBN 9780802866721.
  • Young, Richard A. (1999). Is God a vegetarian?: Christianity, vegetarianism, and animal rights. Chicago: Open Court Publishing. ISBN 9780812693935.