അമലോദ്ഭവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമലോദ്ഭവം

തന്റെ മാതാവിന്റെ ഉദരത്തിൽ ഉദ്ഭവിച്ച ആദ്യനിമിഷം മുതൽ ക്രിസ്തുവിന്റെ അമ്മയായ കന്യകാമറിയം എല്ലാ പാപങ്ങളിലുംനിന്നു മോചനം പ്രാപിച്ചിരുന്നു എന്ന സങ്കല്പത്തെ അമലോദ്ഭവം എന്നു പറയുന്നു. കത്തോലിക്കാ സഭ ഇതു വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ മറ്റു ക്രൈസ്തവസഭകളിൽ ഒരു കോളിളക്കമുണ്ടായി. കത്തോലിക്കാസഭയിൽ പോലും ഇതിനെപ്പറ്റി ഭിന്നസ്വരങ്ങൾ ഉയർന്നു. എങ്കിലും കത്തോലിക്കാസഭയിലെ എല്ലാ വിഭാഗക്കാരും ഇതൊരു വിശ്വാസസത്യമായിത്തന്നെ അംഗീകരിച്ചുപോരുന്നുണ്ട്. 1854 ഡിസംബർ 8-ന് ഒൻപതാം പീയൂസ് മാർപ്പാപ്പ അമലോദ്ഭവത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചു. നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിലും, വേദപുസ്തകത്തിലും ഈ പ്രഖ്യാപനത്തിന് ഉപോദ്ബലകമായ തെളിവുകളുണ്ടെന്ന് മാർപാപ്പ വിശദീകരിച്ചു. ഒന്നാം വത്തിക്കാൻ കൌൺസിലിൽ ഇതു വീണ്ടും ചർച്ചയ്ക്കു വന്നെങ്കിലും എതിർപ്പുകളെല്ലാം സാവധാനം കെട്ടടങ്ങി. എങ്കിലും കത്തോലിക്കേതര സഭകൾ ഇതു വിശ്വാസസത്യമായി അംഗീകരിച്ചിട്ടില്ല.

ക്രിസ്തുവിന്റെ പരിത്രാണദൌത്യത്തിനുവേണ്ട യോഗ്യതകളെ മുൻകൂട്ടി കണ്ടുകൊണ്ട് പിതാവായ ദൈവം ക്രിസ്തുവിന്റെ മാതാവിനു കൊടുത്ത പ്രത്യേക ദാനമാണ് ഇത്. മനുഷ്യകുലത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതവഴി ലഭിച്ച സർവശക്തനായ ദൈവത്തിന്റെ പ്രത്യേക കൃപ നിമിത്തം പരിശുദ്ധ കന്യക ഗർഭധാരണത്തിന്റെ ആദ്യനിമിഷത്തിൽതന്നെ ജൻമപാപത്തിന്റെ എല്ലാ കളങ്കങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു എന്നാണ് ഇതിനെപ്പറ്റി വിശ്വാസസത്യപ്രഖ്യാപനത്തിൽ ഒൻപതാം പീയൂസ് മാർപ്പാപ്പ വിശദീകരിച്ചിരിക്കുന്നത്. ഉത്പത്തി പുസ്തകത്തിലെ നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും, ഞാൻ ശത്രുത ഉളവാക്കും, അവൾ നിന്റെ തല തകർക്കും എന്ന വാക്യമാണ് അമലോദ്ഭത്തിന്റെ പ്രധാന തെളിവായി ഹാജരാക്കിയിട്ടുള്ളത്. ഇതിൽ നീ സാത്താനും, സ്ത്രീ കന്യകാമറിയവും, അവളുടെ സന്തതി ക്രിസ്തുവും ആണ്. കന്യകാമറിയം ഒരു നിമിഷമെങ്കിലും പാപത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഈ തലതകർക്കൽ സാധിക്കുകയില്ല.

നൻമനിറഞ്ഞവളേ, നിനക്കു സ്വസ്തി; സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളേ, കർത്താവു നിന്നോടുകൂടെ (ലൂക്കോ: 1.28) എന്ന ഗബ്രിയേൽ മാലാഖയുടെ അഭിവാദനത്തിൽ നിന്നു കന്യകാമറിയം പാപരഹിതയാണെന്നു തെളിയുന്നുണ്ട്. ഒന്നാം നൂറ്റാണ്ടു മുതൽക്കു തന്നെ കത്തോലിക്കാസഭയിൽ ഒരു അലിഖിതവിശ്വാസതത്ത്വമായി ഇത് അംഗീകരിച്ചുപോന്നതിനു തെളിവുകളുണ്ട്. എ.ഡി. 431-ലെ എഫേസൂസ് കൌൺസിലിൽ ഇത് അവിതർക്കിതവും അസന്ദിഗ്ധവുമാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. കന്യകാമേരി പാപത്തിന്റെ സകല കെണികളിലും നിന്നു വിമുക്തയായിരുന്നു എന്നാണ് നാലാം ശതകത്തിൽ ജീവിച്ചിരുന്ന വിശുദ്ധ അംബ്രോസ് പ്രസ്താവിച്ചിട്ടുള്ളത്. മറിയം പുതിയ ഹവ്വായാണെന്നും ഹവ്വാ പാപരഹിതയായി ഭൂമിയിൽ അവതരിച്ചതുപോലെ പുതിയ ഹവ്വായും ജനിച്ചുവെന്നുമാണ് സഭാപിതാക്കൻമാരുടെ നിഗമനം. 12-ആം ശതകത്തിൽ ഫ്രാൻസിൽ അമലോദ്ഭവതിരുനാൾ ആഘോഷിക്കണമെന്നു തീരുമാനിച്ചിരുന്നപ്പോൾ ദൈവശാസ്ത്രജ്ഞൻമാർ രണ്ടു ചേരിയായി തിരിയുകയുണ്ടായി. വിശുദ്ധ തോമസ് അക്വിനാസിന്റെ നേതൃത്വത്തിലുള്ള ഭൂരിപക്ഷം പണ്ഡിതരും അമലോദ്ഭവത്തെ അനുകൂലിച്ചില്ല. എന്നാൽ ഫ്രാൻസിസ്ക്കൻസഭക്കാരുടെ നേതൃത്വം വഹിച്ചിരുന്ന ജോൺ സ്ക്കോട്ട്സ് അനുകൂലിച്ചു. സിക്സ്റ്റസ് നാലാമൻ, അലക്സാണ്ടർ ഏഴാമൻ, ക്ളമന്റ് പന്ത്രണ്ടാമൻ എന്നീ മാർപാപ്പമാർ അമലോദ്ഭവത്തിന്റെ വക്താക്കളായിരുന്നു. ഭൂരിപക്ഷം മെത്രാൻമാരുടേയും അഭിപ്രായം കണക്കിലെടുത്തുകൊണ്ട് ഒൻപതാം പീയൂസ് മാർപ്പാപ്പ ഇത് ദൈവവെളിപാടിൽ അധിഷ്ഠിതമാണെന്നും പരസ്യമായി അംഗീകരിക്കേണ്ടതാണെന്നും പ്രഖ്യാപിച്ചു. അമലോദ്ഭവതിരുന്നാൾ ഡിസംബർ എട്ടിനാണു കൊണ്ടാടുന്നത്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമലോദ്ഭവം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമലോദ്ഭവം&oldid=3623381" എന്ന താളിൽനിന്ന് ശേഖരിച്ചത്