ഒൻപതാം പീയൂസ് മാർപ്പാപ്പ
പീയൂസ് ഒൻപതാമൻ | |
---|---|
സ്ഥാനാരോഹണം | 16 ജൂൺ 1846 |
ഭരണം അവസാനിച്ചത് | 7 ഫെബ്രുവരി 1878 (31 വർഷം, 236 ദിവസം) |
മുൻഗാമി | ഗ്രിഗറി XVI |
പിൻഗാമി | ലിയോ XIII |
വൈദിക പട്ടത്വം | 10 ഏപ്രിൽ 1819 |
മെത്രാഭിഷേകം | 3 ജൂൺ 1827 |
കർദ്ദിനാൾ സ്ഥാനം | 14 ഡിസംബർ 1840 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | ജിയോവാന്നി മരിയ മസ്തായി-ഫെറേത്തി |
ജനനം | സെനിഗാളിയ, പേപ്പൽ സ്റ്റേറ്റ്സ് | 13 മേയ് 1792
മരണം | 7 ഫെബ്രുവരി 1878 അപ്പസ്തോലിക കൊട്ടാരം, റോം, ഇറ്റലി | (പ്രായം 85)
വിശുദ്ധപദവി | |
തിരുനാൾ ദിനം | 7 ഫെബ്രുവരി |
വാഴ്ത്തപ്പെടൽ | 3 സെപ്റ്റംബർ 2000 |
പീയൂസ് എന്ന പേരിൽ മാർപ്പാപ്പ പദവി വഹിച്ച മറ്റുള്ളവർ |
കത്തോലിക്കാസഭയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മാർപ്പാപ്പയായിരുന്നു ജിയോവാന്നി മരിയ മസ്തായ്-ഫെറേത്തി എന്ന ഒൻപതാം പീയൂസ് മാർപ്പാപ്പ (13 മേയ് 1792, സെനിഗാളിയ – 7 ഫെബ്രുവരി 1878). 1846 ജൂൺ 16 മുതൽ മരണം വരെ 32 വർഷക്കാലം ഭരിച്ച അദ്ദേഹത്തെ പിന്നീട് 2000 -ാമാണ്ടിൽ കത്തോലിക്കാസഭ വാഴ്ത്തപ്പെട്ടവൻ എന്നു നാമകരണം ചെയ്തു. മാർപ്പാപ്പയുടെ അപ്രമാദിത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ച ഒന്നാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടിയത് അദ്ദേഹമാണ്. കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. പേപ്പൽ പ്രദേശങ്ങളുടെ അവസാന ഭരണാധികാരിയായിരുന്നു ഒൻപതാം പീയൂസ്. 1870ൽ ആ പ്രദേശങ്ങൾ ഇറ്റാലിയൻ ദേശീയ സൈന്യം കീഴടക്കി ഇറ്റലിയോട് ചേർത്തിരുന്നു.
തുടക്കം
[തിരുത്തുക]ഇറ്റലിയിൽ സെനിഗാലിയയിലെ ഗിരൊലാമോ ഡി കൊൻടി ഫെരെറ്റി എന്ന പ്രഭുകുടുംബത്തിൽ ജനിച്ച പീയൂസ് ഒൻപതാമന്റെ ആദ്യനാമം മരിയ മസ്റ്റൈ ഫെരെറ്റി എന്നായിരുന്നു. വോൾത്തേരയിലെ പിയാരിസ്റ്റ് കോളേജിലും റോമിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ജന്മനഗരമായ സിനിഗാലിയയിൽ വൈദികവിദ്യാർത്ഥിയായിരിക്കെ 1814-ൽ അദ്ദേഹം, നെപ്പോളിയന്റെ തടവിൽ നിന്നു മടങ്ങിപ്പോകുന്ന പീയൂസ് ഏഴാമൻ മാർപ്പാപ്പായെ കണ്ടിരുന്നു. 1815-ൽ മാർപ്പാപ്പായുടെ അംഗരക്ഷകസേനയിൽ ചേർന്ന ഫെരറ്റിയെ അപസ്മാരബാധയെ തുടർന്ന് അതിൽ നിന്നു പുറത്താക്കി. എങ്കിലും പീയൂസ് ഏഴാമൻ മാർപ്പാപ്പായുടെ ഇടപെടലിനെ തുടർന്ന് രോഗാവസ്ഥയിലും അദ്ദേഹത്തിന് വൈദികപഠനം തുടരാനായി. കുർബ്ബാന അർപ്പിക്കുമ്പോൾ മറ്റൊരു പുരോഹിതൻ സഹായിക്കാൻ ഉണ്ടായിരിക്കണം എന്ന് മാർപ്പാപ്പാ ആദ്യം വ്യവസ്ഥ ചെയ്തിരുന്നെങ്കിലും രോഗത്തിന്റെ ആക്രമണം കുറഞ്ഞപ്പോൾ ആ വ്യവസ്ഥ പിൻവലിച്ചു. 1819 ഏപ്രിൽ മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യാഭിഷേകം. തുടക്കത്തിൽ അദ്ദേഹം റോമിലെ തതാ ജിയോവാനി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധിപനായി നിയമിക്കപ്പെട്ടു.[1]
പീയൂസ് ഏഴാമൻ മാർപ്പാപ്പ മരിക്കുന്നതിനു തൊട്ടുമുൻപ് ഫെരറ്റിയെ തെക്കേ അമേരിക്കയിലേക്കയച്ചു. ലത്തീൻ അമേരിക്കയിൽ സൈമൺ ബോളിവർ നയിച്ച സ്പെയിൻ-വിരുദ്ധ ദേശീയവിപ്ലവത്തിനു ശേഷം അവിടേക്കയക്കപ്പെട്ട ആദ്യത്തെ പ്രേഷിതദൗത്യത്തിന്റെ ഭാഗമായി ചിലിയിലും പെറുവിലും മാർപ്പാപ്പായുടെ പ്രതിനിധിമാരായിരുന്നു മോണിസിഞ്ഞോർ ജിയോവാനി മുസി, മോണിസിഞ്ഞോർ ബ്രാഡ്‌ലി കേയ്ൻ എന്നിവരെ സഹായിക്കുന്ന ചുമതലായിരുന്നു അദ്ദേഹത്തിന്. പുതുതായി സ്വാതന്ത്ര്യം നേടിയ തെക്കേ അമേരിക്കയിലെ ഗണരാജ്യങ്ങളിൽ കത്തോലിക്കാസഭയുടെ പങ്കു നിർവചിക്കുകയായിരുന്നു ആ ദൗത്യത്തിന്റെ ലക്ഷ്യം. ഈ ദൗത്യത്തിന്റെ പങ്കെടുത്തതു മൂലം, അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലു കുത്തിയിട്ടുള്ള ആദ്യത്തെ മാർപ്പാപ്പ ആയി പീയൂസ് ഒൻപതാമൻ. റോമിൽ മടങ്ങിയെത്തിയ അദ്ദേഹത്തെ, പീയൂസ് ഏഴാമനെ പിന്തുടർന്നു മാർപ്പാപ്പ ആയ ലിയോ പന്ത്രണ്ടാമൻ, വിശുദ്ധ മിഖായേലിന്റെ ആശുപത്രിയുടെ തലവനാക്കി. വിയാ ലാറ്റായിലെ സാന്താ മരിയാ ദേവാലയത്തിന്റെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.[1]
1827-ൽ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ, 35 വയസ്സുള്ള മസ്റ്റൈ ഫെരറ്റിയെ, തന്റെ തന്നെ ജന്മനഗരമായ സ്പൊലേറ്റോയിലെ മെത്രാനായി നിയമിച്ചു. 1831-ൽ പർമാ മൊദേനാ പ്രദേശങ്ങളിൽ അരങ്ങേറി പരാജയപ്പെട്ട വിപ്ലവമുന്നേറ്റം സ്പൊലേറ്റോയിലെക്കു വ്യാപിച്ചു; അത് അടിച്ചമർത്തപ്പെട്ട ശേഷം, അതിൽ പങ്കെടുത്തവർക്കു മാപ്പു കൊടുത്തത്, ഫെരറ്റി മെത്രാന് ഉദാരവാദിയുടെ പ്രതിഛായ നൽകി. ആയിടെയുണ്ടായ ഒരു ഭൂകമ്പത്തിനെ തുടർന്ന് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു ഫലപ്രദമായി നേതൃത്വം നൽകിയതും അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിക്കാൻ ഇടയാക്കി. അടുത്ത വർഷം അദ്ദേഹത്തെ, കൂടുതൽ പ്രാധാന്യമുള്ള ഇമോള രൂപതയുടെ അധിപനാക്കി. ഒപ്പം 1839-ൽ പദവിക്കു നിർദ്ദേശിക്കപ്പെട്ട അദ്ദേഹം 1940-ൽ മാർസെല്ലീനോ എ പിയേട്രോ ദേവാലയത്തിന്റെ ചുമതലയുള്ള കർദ്ദിനാളായി. സ്പൊലേറ്റോയിലും ഇവിടേയും അദ്ദേഹത്തിന്റെ ശ്രദ്ധ, വിദ്യാഭ്യാസരംഗത്തും പരോപകാരപ്രവർത്തികളിലും വൈദികർക്കു മാതൃകകാട്ടുന്നതിൽ ആയിരുന്നു. ജയിൽ സന്ദർശനങ്ങളുടേയും തെരുവുകുട്ടികൾക്കു വേണ്ടിയുള്ള പദ്ധതികളുടെ പേരിലും അദ്ദേഹം പ്രത്യേകം അറിയപ്പെട്ടു. ഇക്കാലങ്ങളിൽ, മാർപ്പാപ്പായുടെ അധികാർസീമയിൽ ഭരണപരിഷ്കാരങ്ങൾക്കു പിന്തുണ നൽകുകയും ഇറ്റാലിയൻ ദേശീയവാദികളോട് സൗഹാർദ്ദം പ്രകടിപ്പിക്കുകയും ചെയ്ത അദ്ദേഹം, ഉദാരചിന്താഗതിയുള്ളവനായി അറിയപ്പെട്ടു.
മാർപ്പാപ്പ തെരെഞ്ഞെടുപ്പ്
[തിരുത്തുക]ഗ്രിഗോരിയോസ് പതിനാറാമൻ മാർപ്പാപ്പയുടെ മരണത്തെ തുടർന്ന് 1846-ൽ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടന്നത് ഇറ്റലിയിലെ രാഷ്ട്രീയ കാലാവസ്ഥ കലുഷമായിരിക്കുമ്പോഴാണ്. അതിനാൽ, പല വിദേശ കർദ്ദിനാളന്മാരും അതു വിട്ടുനിന്നു. ആകെയുള്ള 62 കർദ്ദിനാളന്മാരിൽ 56 പേർ മാത്രമാണ് തുടക്കത്തിൽ അതിൽ പങ്കെടുത്തത്.
ആ കോൺക്ലേവ്, യാഥാസ്ഥിതികരും ആധുനികമനസ്കരായ ഉദാരചിന്താഗതിക്കാരും തമ്മിലുള്ള ഭിന്നതയുടെ പേരിലും ശ്രദ്ധിക്കപ്പെട്ടു. യാഥാസ്ഥിതികർ പിന്തുണച്ചത് ഗ്രിഗോരിയോസ് പതിനാറാമന്റെ വിദേശകാര്യസചിവൻ ആയിരുന്ന കർദ്ദിനാൾ ലൂയിജി ലാംബ്രൂച്ചീനിയെ ആയിരുന്നു. ഉദാരവാദികൾ രണ്ടു പേരെ ഉയർത്തിക്കാട്ടി: പാസ്ക്വേൽ തൊമാസോ ഗിസ്സിയും 54 വയസ്സുണ്ടായിരുന്ന മസ്റ്റൈ ഫെരറ്റിയും ആയിരുന്നു അവരുടെ സ്ഥാനാർത്ഥികൾ. ആദ്യവോട്ടെടുപ്പിൽ മസ്റ്റൈ ഫെരറ്റിക്ക് 15 പേരുടെ പിന്തുണ കിട്ടി. മറ്റുള്ളവർ ലംബ്രൂച്ചീനിയേയും ഗിസ്സിയേയും പിന്തുണച്ചു.
തീരുമാനം വൈകിയപ്പോൾ ഉദാരപക്ഷവും നിഷ്പക്ഷവിഭാഗവും, പൊതുവേയുണ്ടായിരുന്ന പ്രതീക്ഷക്കു വിരുദ്ധമായി, ഫെരറ്റിയെ പിന്തുണക്കാൻ തീരുമാനിച്ചു. 1846 ജൂൺ 16-ന്, കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ സായാഹ്നവോട്ടെടുപ്പിൽ, ഫെരറ്റി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ആകർഷണീയതയുള്ള ഒരു സ്ഥാനാർത്ഥി ആയിരുന്നു. വികാരജീവിയായിരുന്ന അദ്ദേഹം, ആത്മാർത്ഥതയും, സൗഹൃദമനോഭാവയും, പുരോഹിതവിരുദ്ധരോടും വിപ്ലവകാരികളോടും പോലും കാട്ടിയ ഔദാര്യവും കൊണ്ട് മറ്റുള്ളവരെ ആകർഷിച്ചു. ഗ്രിഗോരിയോസ് പതിനാറാമന്റെ നയങ്ങളെ വിമർശിച്ചിരുന്ന അദ്ദേഹം ദേശീയവാദത്തോടു കാണിച്ച അനുഭാവത്തിന്റെ പേരിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. തീരുമാനം ഏടുത്തപ്പോൾ രാത്രി ആയിരുന്നതു കൊണ്ട്, തീരുമാനം സൂചിപ്പിക്കുന്ന പതിവുള്ള വെള്ളധൂപം അല്ലാതെ ഔപചാരികമായ അറിയിപ്പൊന്നും ആ ദിവസം ഉണ്ടായില്ല. വെളിയിൽ പലരും കരുതിയത് ഗിസി തെരഞ്ഞെടുക്കപ്പെട്ടു എന്നായിരുന്നു. ഗിസിയുടെ സഹായികൾ, പതിവുനടപ്പനുസരിച്ച്, അദ്ദേഹത്തിന്റെ കർദ്ദിനാൾ ചമയങ്ങൾ കത്തിക്കുകയും ജന്മനഗരം ആ വാർത്ത ആഘോഷിക്കുക പോലും ചെയ്തു.
അടുത്ത ദിവസം, വലിയൊരു വിശ്വാസിസഞ്ചയത്തിന്റെ മുന്നിൽ മസ്റ്റൈ ഫെരാറ്റിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. അപസ്മാരരോഗിയായിരുന്ന തനിക്ക്, പൗരോഹിത്യത്തിലേക്കുള്ള വഴിയിൽ തടസ്സങ്ങൾ നീക്കിയ പീയൂസ് ഏഴാമൻ മാർപ്പാപ്പയെ ബഹുമാനിച്ച്, പീയൂസ് ഒൻപതാമൻ എന്ന പേരാണ് പുതിയ ഫെരാറ്റി സ്വീകരിച്ചത്.
പുതിയ മാർപ്പാപ്പയ്ക്ക് റോമൻ കൂരിയായിലോ നയതന്ത്രരംഗത്തോ പ്രവർത്തിച്ചുള്ള പരിചയം ഇല്ലാതിരുന്നത് വിമർശനം വിളിച്ചുവരുത്തി. കത്തോലിക്കാരാഷ്ട്രമായ ഓസ്ട്രിയയുടെ വിദേശനയം നിയന്ത്രിച്ചിരുന്ന വിഖ്യാത യൂറോപ്യൻ രാഷ്ട്രതന്ത്രജ്ഞൻ മെറ്റർനിക്ക്, ഫെരാറ്റിയുടെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ഇടപെട്ടു. ഫെരാറ്റിക്കെതിരായുള്ള ഓസ്ട്രിയ സർക്കാരിന്റെ വീറ്റോയുമായി മെറ്റർനിക്ക്, മിലാനിലെ മെത്രാപ്പോലീത്ത കർദ്ദിനാൾ ഗായ്സ്രുക്കിനെ അയച്ചെങ്കിലും അദ്ദേഹം എത്തിയപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. പുതിയ മാർപ്പാപ്പ 1846 ജൂൺ 21-ന് സ്ഥാനമേറ്റു.
ഭരണം
[തിരുത്തുക]പശ്ചാത്തലം
[തിരുത്തുക]1846-ൽ 54-ആമത്തെ വയസ്സിൽ മാർപ്പാപ്പ സ്ഥാനത്തേക്കുയർത്തപ്പെട്ടപ്പോൾ പീയൂസ് ഒൻപതാമൻ തന്റെ കഴിവുകളുടെ ഉച്ചിയിലായിരുന്നു. ഒരു നൂറ്റാണ്ടിന്റെ മൂന്നിലൊന്നോളം ദീർഘിച്ച അദ്ദേഹത്തിന്റെ വാഴ്ച, രാജനീതിയുടേയും ചിന്തയുടേയും മേഖലകളിൽ ഒട്ടേറെ കോളിളക്കങ്ങൾക്കു സാക്ഷ്യം വഹിച്ചു. നെപ്പോളിയന്റെ പതനത്തെ തുടർന്ന് മെറ്റർനിക്ക് രൂപപ്പെടുത്തിയ യൂറോപ്യൻ രാഷ്ട്രീയസന്തുലനത്തിന്റെ തകർച്ചയുടെ ആ ദശകങ്ങൾ, ഇറ്റലിയുടേയും യൂറോപ്പിന്റേയും ചരിത്രത്തെ മാറ്റിമറിച്ചു. ഇറ്റലിയിലും ജർമ്മനിയിലും മതനിരപേക്ഷമായ ദേശീയാഭിലാഷങ്ങൾക്കു ലഭിച്ച പിന്തുണ, കത്തോലിക്കാ സഭയ്ക്കും ഇറ്റലിയിലെ പേപ്പൽ ഭരണപ്രദേശങ്ങളുടെ ഭരണാധിപൻ എന്ന നിലയിലുള്ള മാർപ്പാപ്പമാർ നുറ്റാണ്ടുകളായി കയ്യാളിയിരുന്നു രാഷ്ട്രീയാധികാരത്തിനും വെല്ലുവിളിയായി. ചിന്തയുടെ മേഖലയിൽ മതനിരപേക്ഷവും മതവിശ്വാസങ്ങൾക്ക് ഇളക്കം വരുത്തുന്നതുമായ പുതിയ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു. ചാൾസ് ഡാർവിന്റെ "വംശോല്പത്തി" (Origin of Species), "മനുഷ്യൻ വന്ന വഴി"(Descent of Man) എന്നീ കൃതികൾ ബൈബിളിലെ സൃഷ്ടിവിവരണത്തിനു പുതിയ വിശദീകരണം ആവശ്യമാക്കി.[2] 1948-ൽ കാൾ മാർക്സും എംഗൽസും ചേർന്നു പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ, 1867-ൽ വെളിച്ചം കണ്ട മാർക്സിന്റെ മൂലധനം എന്നീ കൃതികളും പുതിയ വെല്ലുവിളികൾ ഉയർത്തി.
ആദ്യവർഷങ്ങൾ
[തിരുത്തുക]യൂറോപ്യൻ രാജ്യങ്ങൾ രാഷ്ട്രീയമായ തുറവിയുടെ (liberalization) പാതയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ, അതിനെ പിന്തുണച്ച കർദ്ദിനാളന്മാരുടെ സമ്മതിയിൽ തെരഞ്ഞെടുക്കപ്പെട്ട പീയൂസ് ഒൻപതാമന്റെ ആദ്യകാലനയങ്ങൾ ആ തെരഞ്ഞെടുപ്പിനു പിന്നിലെ പ്രതീക്ഷക്കനുസരിച്ച്, അദ്ദേഹത്തിന്റെ ലിബറൽ ചായ്‌വ് പ്രകടിപ്പിച്ചു: പുതിയ മാർപ്പാപ്പായുടെ നിർദ്ദേശത്തിൽ പേപ്പൽ ഭരണപ്രദേശങ്ങളിൽ പലതരക്കാരായ രാഷ്ട്രീയത്തടവുകാർ മോചിപ്പിക്കപ്പെട്ടു. ഇറ്റാലിയൻ പ്രദേശമായ ഫെറാറയുടെ മേലുള്ള ഓസ്ട്രിയയുടെ ആക്രമണത്തെ വിമർശിച്ചതും അദ്ദേഹത്തിന്റെ ദേശീയചായ്‌വ് പ്രകടമാക്കി. മാർപ്പാപ്പയുടെ സുഹൃത്ത്, ദാർശനികരാജകുമാരൻ അന്തോണിയോ റോസ്മിനി സെർബറ്റിയുടെ മാർഗ്ഗദർശനത്തിൽ റോമാനഗരത്തിന്റെ ഭരണം ഒരു ഭരണഘടനയുടെ ചട്ടക്കൂടിലാക്കി. ലിബറൽ പക്ഷത്തെ തൃപ്തിപ്പെടുത്താനായി, സ്വതന്ത്രചിന്തകനായപെല്ലെഗ്രിനോ റോസിയുടെ മാർപ്പാപ്പ തന്റെ ആഭ്യന്തരമന്ത്രിയായി നിയമിക്കുക പോലും ചെയ്തിരുന്നു. ഋസിയുടെ പത്നി, പ്രൊട്ടസ്റ്റന്റ് മതവിശ്വാസി ആയിരുന്നു.
പലായനം, മടക്കം
[തിരുത്തുക]ഇറ്റാലിയുടെ ഏകീകരണത്തിനു വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങളെ പിന്തുണക്കാൻ മസ്സീനിയെപ്പോലുള്ള ദേശീയവാദികൾ മാർപ്പാപ്പയോടാവശ്യപ്പെട്ടു. പേപ്പൽ ഭരണപ്രദേശങ്ങളിന്മേലുള്ള മാർപ്പാപ്പയുടെ ഭരണം നിലനിർത്തേണ്ടത് ആവശ്യമാണെന്നു വിശ്വസിച്ചിരുന്ന പീയൂസ് ഒൻപതാമൻ അതിനു തയ്യാറായില്ല. ഇറ്റലിയിൽ ദേശീയവാദികളെ പിന്തുണച്ച്, കത്തോലിക്കാ രാഷ്ട്രമായ ഓസ്ട്രിയയുടെ ശത്രുത നേടാനും അദ്ദേഹം ആഗ്രഹിച്ചില്ല. ഇതിനിടെ 1848-ൽ, ദേശീയപക്ഷക്കാരായ ഭീകരവാദികൾ ആസൂത്രണം ചെയ്ത അക്രമപ്രവർത്തനങ്ങൾ ഒരു വൻ പ്രതിസന്ധി സൃഷ്ടിച്ചു. മാർപ്പാപ്പയുടെ ആഭ്യന്തരമന്ത്രി പെല്ലെഗ്രിനോ റോസി പോലും ഭീകരപ്രവർത്തകരുടെ ഇരയായി. പേപ്പൽ ഭരണകൂടത്തിന്റെ കാര്യാലയത്തിനു മുൻപിൽ, പാർലമെന്റിന്റെ ഉദ്ഘാടനവേളയിലാണ് റോസി കൊല്ലപ്പെട്ടത്. ഇത് തൽക്കാലത്തേക്ക് റോം വിട്ടുപോകാൻ മാർപ്പാപ്പയെ പ്രേരിപ്പിച്ചു. നേപ്പിൾസിലെ ഗായെറ്റാ നഗരത്തിലാണ് അദ്ദേഹം അഭയം തേടിയത്. മാർപ്പാപ്പയുടെ അസാന്നിദ്ധ്യത്തിൽ ദേശീയവാദിനേതാക്കളായ മസീനിയും ഗാരിബാൾഡിയും റോമിൽ ഇറ്റാലിയൻ ഗണരാജ്യത്തിന്റെ പിറവി പ്രഖ്യാപിച്ചു. എങ്കിലും ഫ്രെഞ്ചു സൈന്യത്തിന്റെ ഇടപെടൽ ദേശീയവാദികളെ ബഹിഷ്കരിച്ച് റോമിൽ മാർപ്പാപ്പായുടെ ഭരണം പുനഃസ്ഥാപിച്ചു.[3]
മരിയഭക്തി
[തിരുത്തുക]മാർപ്പാപ്പമാരിലെ ഏറ്റവും വലിയ മരിയഭക്തന്മാരിൽ ഒരാളായിരുന്നു ഒൻപതാം പീയൂസ്. 1849-ലെ ഊബി പ്രൈമം എന്ന ചാക്രികലേഖനത്തിൽ യേശുവിന്റെ അമ്മ മറിയത്തെ അദ്ദേഹം "ആത്മരക്ഷയുടെ മദ്ധ്യസ്ഥ" (mediatric of salvation) എന്നു വിശേഷിപ്പിച്ചു. 1854-ൽ മാർപ്പാപ്പ, മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. മറിയം, ജന്മപാപലേശമില്ലാതെ ഉത്ഭവിച്ചവാളാണെന്നാണ് അമലോത്ഭവസങ്കല്പത്തിന്റെ അർത്ഥം. ബൈബിളിൽ സൂചനകളൊന്നുമില്ലെങ്കിലും, മദ്ധ്യയുഗങ്ങൾ മുതൽ നിലവിലിരുന്ന ഒരു കത്തോലിക്കാപാരമ്പര്യത്തിന് ഔദ്യോഗികസ്ഥിരീകരണം നൽകുകയായിരുന്നു ഈ പ്രഖ്യാപനം.
"അബദ്ധങ്ങളുടെ സിലബസ്"
[തിരുത്തുക]1848-ലെ സംഭവങ്ങൾ മാർപ്പാപ്പയെ, ലിബറൽ-ദേശീയവാദ പദ്ധതിയുടെ തീവ്രവിരോധിയാക്കി മാറ്റി. പ്രവാസത്തിൽ നിന്നുള്ള തന്റെ തിരിച്ചുവരവിനേയും പുന:സ്ഥാപനത്തേയും ദൈവികപദ്ധതിയുടെ ഭാഗമായി കണ്ട അദ്ദേഹം, രാഷ്ട്രീയയാഥാർത്ഥ്യങ്ങളേയും അതിൽ തന്റെ പങ്കിനേയും ഒരുതരം യുഗാന്തമനസ്ഥിതിയോടെ വീക്ഷിച്ചു. ചിന്തയും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുവേയും, മാർപ്പാപ്പ കടുത്ത യാഥാസ്ഥിതിക നിലപാട് സ്വീകരിക്കാൻ തുടങ്ങി. 1964-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "അബദ്ധങ്ങളുടെ സിലബസ്" (syllabus of errors) മതത്തിന്റേയും ചിന്തയുടേയും മേഖലകളിലെ പുത്തൻ പ്രവണതകൾ മിക്കവയുടേയും സമ്പൂർണ്ണ തിരസ്കാരമായിരുന്നു. ഇതിൽ അദ്ദേഹം, സമകാലീനചിന്തയിലെ 80 നിലപാടുകളെ എടുത്തുപറഞ്ഞ് അപലപിച്ചു. ബ്രഹ്മൈകവാദം, പ്രകൃതിവാദം, തീവ്രയുക്തിവാദം, മിതയുക്തിവാദം, മന്ദവിശ്വാസം, മതസഹിഷ്ണുത, സമാജവാദം, ബൈബിൾ സൊസൈറ്റികൾ എന്നു തുടങ്ങി വൈവിദ്ധ്യമാർന്ന നിലപാടുകൾക്കും മനോഭാവങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അതു വിലക്കു കല്പിച്ചു. ഒരു വലിയ മതം, അതിനു ചുറ്റുമുള്ള ലോകത്തെ ഇത്ര നിഷേധാത്മകമായി വിലയിരുത്തിയതിന് വേറെ ഉദാഹരണങ്ങൾ കണ്ടെത്തുക സാദ്ധ്യമല്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4] "റോമിലെ മാർപ്പാപ്പയ്ക്ക് പുരോഗതി, ഉദാരവാദം, സമീപകാലസംസ്കാരം എന്നിവയുമായി പൊരുത്തപ്പെടാൻ കഴിയുമെന്നും കഴിയണമെന്നുമുള്ള വാദം" ആയിരുന്നു വിലക്കപ്പെട്ട 80 അബദ്ധങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രതിലോമപക്ഷത്തിന്റെ പരസ്യമായുള്ള ഈ ആശ്ലേഷത്തെ ജർമ്മനിയിലെ വിമതദൈവശാസ്ത്രജ്ഞനും വൈദികനുമായ ഇഗ്നാസ് വോൺ ഡോളിഞ്ഞർ ഉൾപ്പെടെയുള്ളവർ വിമർശിച്ചു.[3]
സൂനഹദോസ്, അപ്രമാദിത്വം
[തിരുത്തുക]ഒൻപതാം പീയൂസിന്റെ വാഴ്ചയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവം അതിന്റെ അവസാനഘട്ടത്തിൽ, കലുഷമായ രാഷ്ട്രീയസാഹചര്യങ്ങളിൽ റോമിൽ നടന്ന സഭാനേതാക്കന്മാരുടെ സമ്മേളനം ആയിരുന്നു. പിന്നീടതിന് അത് "ഒന്നാം വത്തിക്കാൻ സൂനഹദോസ്" എന്നു പേരുകിട്ടി. സമ്മേളനത്തിന്റെ പരിഗണനാവിഷയങ്ങളായി അദ്യം ഒട്ടേറെ വിഷയങ്ങൾ പറഞ്ഞിരുന്നു. വിശ്വാസികളുടെ ഐക്യം, ദൈവാരാധനയുടെ പ്രാധാന്യം, മനുഷ്യരുടെ നിത്യരക്ഷ, സന്യാസികളും സന്യാസേതരരുമായ വൈദികർക്കിടയിലെ അച്ചടക്കം, സഭാനിയമങ്ങളുടെ പാലനം, ക്രിസ്തീയയുവാക്കളുടെ നവീകരണവും പരിശീലനവും എന്നിവയായിരുന്നു. എന്നാൽ ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള ശത്രുതമൂലമുണ്ടായ യുദ്ധഭീഷണിയും, മാർപ്പാപ്പയുടെ അപ്രമാദിത്വം പ്രഖ്യാപിക്കാനുള്ള ഒൻപതാം പീയൂസിന്റെ തിടുക്കവും മൂലം ഇതരവിഷയങ്ങൾ അവഗണിക്കപ്പെടുകയും അപ്രമാദിത്വത്തിനു മാത്രം പ്രാധാന്യം ലഭിക്കുകയും ചെയ്തു.
മാർപ്പാപ്പയുടെ അപ്രമാദിത്വം അഥവാ തെറ്റാവരത്തെ വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്റെ പേരിലാണ് ഈ സമ്മേളനം ഇന്നറയിപ്പെടുന്നത്. ദൈവികവെളിപാടിനേയോ അതുമായി ഗാഢബന്ധമുള്ളതോ ആയ വിഷയങ്ങളേയോ സംബന്ധിച്ച് സാർവത്രികസഭയെ പ്രബോധിപ്പിക്കുമ്പോൾ, റോമൻ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പയ്ക്ക്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ അപ്രമാദിത്വം ഏതാണ്ട്. സൂനഹദോസിലെ മെത്രാന്മാരിൽ 200-ഓളം പേർ പ്രഖ്യാപനത്തെ എതിർത്തിരുന്നെങ്കിലും മാർപ്പാപ്പയുടെ ചായ്‌വ് എങ്ങോട്ടെന്ന് അറിയാമായിരുന്നതിനാൽ, ചർച്ചകളിൽ എന്തു തീരുമാനമാണുണ്ടാവുകയെന്ന് മുന്നേ വ്യക്തമായിരുന്നു. സൂനഹദോസിന്റെ ചർച്ചയുടെ പശ്ചാത്തലവും പരിണാമവും ഒരു ചരിത്രകാരൻ ഇങ്ങനെ വിവരിക്കുന്നു:-
“ | പ്രഷ്യയും ഫ്രാൻസും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വരവു സൂചിപ്പിച്ചതിന്റെ ഫലമായി ഇരുണ്ട യൂറോപ്യൻ പശ്ചാത്തലത്തിൽ, സൂനഹദോസിലെ പിതാക്കന്മാർ അവരുടെ ചർച്ചകൾ തുടർന്നു. അപ്രമാദിത്വപ്രഖ്യാപനത്തെ എതിർത്തവരിൽ അധികം പേരും വോട്ടെടുപ്പു വരെ കാത്തുനിൽക്കാതെ, ഏതാണ്ടൊരു ആശ്വാസത്തോടെ സഞ്ചികൾ കെട്ടി, അവരുടെ ദേശങ്ങളിലേക്കു മടങ്ങി.......ഇടിവെട്ടിനും മിന്നലിനുമിടെ നടന്ന വോട്ടെടുപ്പിൽ 533 മെത്രാന്മാർ പ്രഖ്യാപനത്തെ അനുകൂലിച്ചപ്പോൾ, എതിർക്കാനുണ്ടായിരുന്നത് വെറും രണ്ടു പേരായിരുന്നു: അമേരിക്കയിലെ ലിറ്റിൽ റോക്കിലെ ഫിറ്റ്സ്ജെറാൾഡ് മെത്രാനും നേപ്പിൾസിലെ റിക്കിയോ കജാസോ മെത്രാനുമായിരുന്നു എതിർപ്പുകാർ. അടുത്ത ദിവസം, ഫ്രാൻസും പ്രഷ്യയും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.[3] | ” |
"വത്തിക്കാനിലെ തടവുകാരൻ"
[തിരുത്തുക]മാർപ്പാപ്പയുടെ ഭൗതികാധികാരത്തെ രക്ഷപെടുത്താനുള്ള തന്ത്രമായി അപ്രമാദിത്വപ്രഖ്യാപനത്തെ കണ്ട യൂറോപ്പിലെ രാഷ്ട്രീയശക്തികൾ അരിശം കൊണ്ടു. പ്രഷ്യൻ ചാൻസലർ ബിസ്മാർക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്ലാഡ്സ്റ്റണും അതിനെ നിശിതമായി വിമർശിച്ചു. പഴകിത്തുരുമ്പിച്ചതിനാൽ ഉപേക്ഷിച്ചിരിക്കും എന്നു കരുതിയ ആയുധങ്ങളെ റോം തേച്ചു മിനുക്കി പ്രദർശിപ്പിക്കുകയാണെന്ന് ഗ്ലാഡ്സ്റ്റൺ പരിഹസിച്ചു. ഏതായാലും, അപ്രമാദിത്വപ്രഖ്യാപനത്തിനു വെറും രണ്ടാഴ്ചക്കു ശേഷം, ഫ്രഞ്ചു സൈന്യം റോമിൽ നിന്നു പിൻവാങ്ങിയതിനെ തുടർന്ന് നഗരം പീഡിമോണ്ടുകാരായ ഇറ്റാലിയൻ ദേശീയവാദികളുടെ നിയന്ത്രണത്തിലായി. പുതിയ ഇറ്റാലിയൻ രാഷ്ട്രത്തിന്റെ തലസ്ഥാനമായിത്തീർന്നു ആ നഗരം. ഇറ്റലിയിലെ പേപ്പൽ ഭരണത്തിന്റെ അന്ത്യമായിരുന്നു അത്.[3] പീഡ്മോണ്ടിലെ ഭരണാധികാരിയായിരുന്ന വിക്ടർ ഇമ്മാനുവേൽ, ഏകീകൃതി ഇറ്റലിയുടെ രാജാവായി. റോമിന്റെ പുതിയ അധിപതികൾ വച്ചുനീട്ടിയ സാമ്പത്തികസഹായവും ഒത്തുതീർപ്പു വ്യവസ്ഥകളും സ്വീകരിക്കാനോ, റോമിനു വെളിയിൽ പലരും വച്ചുനീട്ടിയ അഭയം സ്വീകരിക്കാനോ മാർപ്പാപ്പ തയ്യാറായില്ല. തന്നെ അദ്ദേഹം റോമിൽ, വത്തിക്കാൻ കൊട്ടാരത്തിലെ തടവുകാരനായി സ്വയം പ്രഖ്യാപിച്ചു.
അന്തിമവർഷങ്ങൾ
[തിരുത്തുക]ഇറ്റലിയിലെ തന്റെ പഴയ രാഷ്ട്രീയവൈരിയായിരുന്ന വിക്ടോർ ഇമ്മാനുവേൽ രാജാവിനെ പീയൂസ് ഒൻപതാമൻ അതിജീവിച്ചു. രാജാവ് 1878 ജനുവരിയിൽ മരിച്ചു. രാജാവിന്റെ ആരോഗ്യസ്ഥിതി കേട്ടറിഞ്ഞ മാർപ്പാപ്പ, അദ്ദേഹത്തിനേർപ്പെടുത്തിയിരുന്ന സഭാഭ്രഷ്ടും മതപരമായ മറ്റു വിലക്കുകളും പിൻവലിക്കാൻ തയ്യാറായി. ഒരു മാസത്തിനകം മാർപ്പാപ്പയും മരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. മാർപ്പാപ്പായുടെ അംശവടി കൈയ്യിലേന്തി ജപമാല ചൊല്ലുന്നതിനിടയിൽ വന്ന അപസ്മാരത്തിന്റെ ആക്രമണത്തെ തുടർന്നായിരുന്നു അന്ത്യം. "ഞാൻ ഇത്രയേറെ സ്നേഹിച്ച സഭയെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കുക" എന്നതായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി.