Jump to content

അബ്ദുൽ റസാഖ് സമർഖണ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേർഷ്യൻ ചരിത്രകാരനായിരുന്നു അബ്ദുൽ റസാക്ക് (1413–1482). പൂർണമായ പേര് അബ്ദുൽ റസാക്ക് കമാൽ അൽദീൻ ഇബ്നു ജലാൽ അൽദീൻ ഇസ്ഹാക്ക്അൽ സമർക്കന്തീ (പേർഷ്യൻ: کمال‌الدین عبدالرزاق بن اسحاق سمرقندی), എന്നാണ്. പേർഷ്യൻ ചക്രവർത്തിയായിരുന്ന ഷാഹ്റൂഖിന്റെ നയതന്ത്രപ്രതിനിധിയായി 1443-ൽ സാമൂതിരിയുടെ കൊട്ടാരത്തിൽ എത്തി. 15-നൂറ്റാണ്ടിലെ കേരളത്തെ, പ്രത്യേകിച്ച് കോഴിക്കോടിനെ കുറിച്ച് ഇദ്ദേഹത്തിന്റെ വിവരണങ്ങളിൽനിന്ന് പലതും ഗ്രഹിക്കാം. സാമൂതിരി പേർഷ്യൻ ചക്രവർത്തിയുടെ അടുക്കലേക്ക് തന്റെ പ്രതിപുരുഷനെ അയച്ചിരുന്നു. അതിനുള്ള പ്രതിസന്ദർശനമായിരുന്നു ഇത്. ഇവിടത്തെ ഉത്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാൻ ഒരു വലിയ കമ്പോളം കണ്ടെത്തുകയായിരുന്നു സാമൂതിരിയുടെ ലക്ഷ്യമെങ്കിൽ, സാമൂതിരിയെ ഇസ്ലാമിലേക്കു മതപരിവർത്തനം ചെയ്യിക്കലായിരുന്നു ഷാഹ്റൂഖിന്റെ ഉദ്ദേശ്യം.

ജനനം[തിരുത്തുക]

സുൽത്താൻ ഷാഹ്റൂഖിന്റെ കീഴിൽ ഖാസി (ജഡ്ജി) ആയിരുന്ന ജലാലുദ്ദീൻ ഇസ്ഹാഖിന്റെ മകനായി 1413 നവംബർ 6-ന് ഹീരേത്തിൽ (അഫ്ഗാനിസ്താൻ) അബ്ദുൽ റസാക്ക് ജനിച്ചു. പിതാവിന്റെ സംരക്ഷണത്തിൽ വളർന്ന അബ്ദുൽ റസാക്ക് അക്കാലത്തെ ഉന്നതരായ ചില പണ്ഡിതൻമാരുടെ കീഴിൽ വിദ്യാഭ്യാസം നേടി. 1437-ൽ പിതാവ് മരിച്ചപ്പോൾ നിയമകാര്യങ്ങളിൽ വേണ്ടത്ര പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനാൽ പിതാവിന്റെ ഉദ്യോഗം ഇദ്ദേഹത്തിന് ലഭിച്ചു. അബ്ദുൽ റസാക്കിന്റെ കഴിവുകളിൽ സുൽത്താന് വലിയ മതിപ്പായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയിലേക്കു നയതന്ത്രപ്രതിനിധിയായി ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ഇന്ത്യാ യാത്ര[തിരുത്തുക]

1441 ജനുവരിയിൽ അബ്ദുൽ റസാക്ക് ഹിറാത്തിൽനിന്ന് യാത്ര ആരംഭിച്ച് 1445-ൽ കോഴിക്കോട്ടെത്തി. കോവിലകത്തുപോയി സാമൂതിരിയെ സന്ദർശിച്ച് അധികാരപത്രം സമർപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതിനുശേഷം അഞ്ചുമാസത്തോളം ഇദ്ദേഹം കോഴിക്കോട്ടു താമസിച്ചു. ഇതിനിടയ്ക്ക് പല പ്രാവശ്യം സാമൂതിരിയെ സന്ദർശിച്ച് തന്റെ യാത്രോദ്ദേശ്യം വ്യക്തമാക്കി. മതം മാറുകയില്ലെന്ന അഭിപ്രായത്തിൽ സാമൂതിരി ഉറച്ചുനിന്നു. ഈ അവസരത്തിലാണ് വിജയനഗറിലെ രാജാവിൽനിന്ന് ഒരു ക്ഷണം അബ്ദുൽ റസാക്കിന് ലഭിച്ചത്. ഉടനടി ആ ക്ഷണം സ്വീകരിച്ച്, കടൽമാർഗം കോഴിക്കോട്ടുനിന്ന് മംഗലാപുരത്തേക്കു പോയി; അവിടെനിന്ന് പതിനഞ്ചു ദിവസംകൊണ്ട് വിജയനഗരത്തിലെത്തി. ഹൃദ്യമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. രാജകീയാതിഥിയായി ഏതാനുംനാൾ അവിടെ താമസിച്ചതിനുശേഷം സ്വദേശത്തേക്കു തിരിച്ചു. ഇന്ത്യയിൽനിന്നും മടങ്ങിയെത്തിയ അബ്ദുൽ റസാക്കിനെ മറ്റു പല വിദേശരാജ്യങ്ങളിലേക്കും അയച്ചു. ഷാഹ്റൂഖിന്റെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ പിൻഗാമികളുടെ കീഴിൽ പല ഉദ്യോഗങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1463 ജനുവരിയിൽ ഇദ്ദേഹം ഗവർണറായി നിയമിതനായി. ആ പദവിയിലിരിക്കേ 1482 ആഗസ്റ്റിൽ നിര്യാതനായി.

യാത്രാവിവരണം[തിരുത്തുക]

ഇദ്ദേഹത്തിന്റെ മത്തലാ-എ-സദൈൻ വമജ്മാ-എ-ബഹ്റേൻ എന്ന ഗ്രന്ഥത്തിൽ യാത്രാനുഭവങ്ങളും കാലഘട്ടത്തിന്റെ ചരിത്രവും പ്രതിപാദിച്ചിട്ടുണ്ട്. ആ ഗ്രന്ഥത്തിൽ കേരളത്തിന് സമുചിതമായ സ്ഥാനം നൽകിയിട്ടുണ്ട്. കറുത്ത മനുഷ്യരെ ഇദ്ദേഹം ആദ്യമായി കാണുന്നത് കോഴിക്കോട്ടുവച്ചാണ്. ഇദ്ദേഹത്തെ കൂടുതൽ അത്ഭുതപ്പെടുത്തിയത് അവരുടെ വസ്ത്രധാരണരീതി ആയിരുന്നു.

ഇദ്ദേഹത്തിന്റെ വിവരണത്തിലെ ചില പ്രസക്തമായ ഭാഗങ്ങൾ ഇപ്രകാരമാണ്:

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ റസാക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_റസാഖ്_സമർഖണ്ഡി&oldid=3687207" എന്ന താളിൽനിന്ന് ശേഖരിച്ചത്