അധികാരപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാഷ്ട്രത്തിന്റെ പ്രതിപുരുഷൻ (അംബാസിഡർ) മറ്റൊരു രാഷ്ട്രത്തിൽ, തന്റെ രാജ്യത്തെ പ്രതിനിധാനം ചെയ്യാൻ നിയുക്തനാകുമ്പോൾ തന്റെ രാഷ്ട്രത്തലവനിൽനിന്നും ഹാജരാക്കുന്ന പ്രമാണപത്രത്തെ അധികാരപത്രം എന്നു പറയുന്നു. സാധാരണ കത്തിന്റെ രൂപത്തിലുള്ള ഈ അധികാരപത്രം നിയുക്ത രാജ്യത്തിലെ രാഷ്ട്രത്തലവന് സമർപ്പിക്കുന്നു. നിയുക്ത പ്രതിപുരുഷൻ രാഷ്ട്രത്തലവനെ ഔദ്യോഗികമായി സന്ദർശിച്ച് തനിക്ക് തന്റെ രാഷ്ട്രത്തലവനിൽ നിന്നു ഒപ്പോടുകൂടി ലഭിച്ചിട്ടുള്ള ഈ അധികാരപത്രം സമർപ്പിക്കുന്നു. ഉദാഹരണമായി യു.എസിൽ നിന്നു ഇന്ത്യയിലേക്ക് നിയുക്തനായ അംബാസിഡർ ന്യൂഡൽഹിയിൽ‍, രാഷ്ട്രപതിഭവനിൽ ഹാജരായി, തന്റെ അധികാരപത്രം ഇന്ത്യൻ പ്രസിഡന്റിനു നല്കുന്നു. അതുപോലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി, രാജ്ഞിക്ക് (രാജാവിന്) അധികാരപത്രം സമർപ്പിക്കുന്നു.

അധികാരപത്രം സമർപ്പിച്ച് പ്രതിപുരുഷപദവി ഏറ്റെടുത്തു കഴിയുന്നവർക്ക് പല ആനുകൂല്യങ്ങളും നിയുക്തരാഷ്ട്രത്തിൽ ലഭിക്കും. പ്രതിപുരുഷന്മാർ തങ്ങളുടെ രാഷ്ട്രവുമായി നടത്തുന്ന കത്തിടപാടുകളും മറ്റു രഹസ്യസന്ദേശങ്ങളും നയതന്ത്രസഞ്ചി (Diplomatic bag) മുഖേനയാണ് അയയ്ക്കുന്നത്. അന്താരാഷ്ട്രനിയമമനുസരിച്ച് ഈ ഡിപ്ളോമാറ്റിക് ബാഗുകൾ കസ്റ്റംസ് അധികാരികളോ അതിർത്തികളിലുള്ള മറ്റ് അധികൃതരോ തുറക്കാറില്ല. പ്രതിപുരുഷന് നയതന്ത്ര പാസ്പോർട്ട് (Diplomatic passport) ആണ് നല്കാറുള്ളത്. അധികാരപത്രം സമർപ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥനായിത്തീരുന്ന വ്യക്തിയുടെ ആഫീസും (Embassy) വാസസ്ഥലവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നതുകൊണ്ട് അവിടെ പൊലീസിനു പ്രവേശനാധികാരമില്ല.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധികാരപത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധികാരപത്രം&oldid=1969296" എന്ന താളിൽനിന്നു ശേഖരിച്ചത്