Jump to content

അബദ്ധങ്ങളുടെ സിലബസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pope Pius IX

പത്തൊൻപതാം നൂറ്റാണ്ടിൽ ഒൻപതാം പീയൂസ് മാർപ്പാപ്പയുടെ കീഴിൽ റോമൻ കത്തോലിക്കാ സഭ പുറത്തിറക്കിയ വിവാദപരമായ നയപ്രഖ്യാപനരേഖയാണ് അബദ്ധങ്ങളുടെ സിലബസ് (Syllabus of Errors). 1864-ൽ, വിശുദ്ധമറിയത്തിന്റെ അമലോദ്ഭവത്തിരുനാളായ ഡിസംബർ എട്ടാം തിയതിയാണ് അതു പ്രസിദ്ധീകരിച്ചത്. മതത്തിന്റേയും ചിന്തയുടേയും മേഖലകളിലെ പുത്തൻ പ്രവണതകൾ മിക്കവയുടേയും സമ്പൂർണ്ണ തിരസ്കാരമായിരുന്നു ഈ രേഖ. സമകാലീനചിന്തയിലെ 80 നിലപാടുകളെ ഈ രേഖ എടുത്തു പറഞ്ഞ് അപലപിച്ചു. ബ്രഹ്മൈകവാദം, പ്രകൃതിവാദം, തീവ്രയുക്തിവാദം, മിതയുക്തിവാദം, മന്ദവിശ്വാസം, മതസഹിഷ്ണുത, സമാജവാദം, ബൈബിൾ സൊസൈറ്റികൾ എന്നു തുടങ്ങി വൈവിദ്ധ്യമാർന്ന നിലപാടുകൾക്കും മനോഭാവങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അതു വിലക്കു കല്പിച്ചു. ഒരു വലിയ മതം, അതിനു ചുറ്റുമുള്ള ലോകത്തെ ഇത്ര നിഷേധാത്മകമായി വിലയിരുത്തിയതിന് വേറെ ഉദാഹരണങ്ങൾ കണ്ടെത്തുക സാദ്ധ്യമല്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1] "റോമിലെ മാർപ്പാപ്പയ്ക്ക് പുരോഗതി, ഉദാരതാവാദം, സമീപകാലസംസ്കാരം എന്നിവയുമായി പൊരുത്തപ്പെടാൻ കഴിയുമെന്നും കഴിയണമെന്നുമുള്ള" വാദമായിരുന്നു വിലക്കപ്പെട്ട 80 അബദ്ധങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന്.[2]

'അഭിശപ്തമായ' വാദങ്ങൾ

[തിരുത്തുക]

മുൻകാലങ്ങളിൽ മാർപ്പാപ്പാമാർ പുറപ്പെടുവിച്ചിട്ടുള്ള ലിഖിതങ്ങളിൽ നിന്നുള്ള ഉദ്ധരണികളും പദാവലികളും ഉപയോഗിച്ച് ശപിക്കപ്പെട്ട വാദങ്ങളുടെ ഒരു പട്ടിക അവതരിപ്പിക്കുകയാണ് 'സിലബസ്' ചെയ്തത്. അഭിശപ്തമായ ഓരോ വാദത്തിനുമൊപ്പം അതിനു വിപരീതമായ 'ശരി'യും സിലബസ് മുന്നോട്ടു വച്ചു. ഏതെങ്കിലും നിലപാടിനെ ശപിക്കുന്നതിനുള്ള ന്യായീകരണം ഈ രേഖയിൽ ഇല്ല. എന്നാൽ ന്യായവാദങ്ങൾ അടങ്ങിയ മുൻലിഖിതങ്ങളിലേക്ക് അതു വിരൽചൂണ്ടുന്നുണ്ട്. അഭിശപ്തമായി മുദ്രകുത്തപ്പെട്ട വാദങ്ങളിൽ ചിലത് ഇവയാണ്.

  • ദൈവത്തെ മാറ്റിനിർത്തി മനുഷ്യയുക്തിയുടെ മാത്രം ആശ്രയത്തിലാണു സത്യാസത്യങ്ങളുടേയും നന്മ-തിന്മകളുടേയും വിധിതീർപ്പ് നടത്തേണ്ടതെന്ന വാദം.
  • ധാർമ്മികസത്യങ്ങളെല്ലാം മനുഷ്യയുക്തി അതിന്റെ ആന്തരികശക്തി ഉപയോഗിച്ചു കണ്ടെത്തുന്നതാണെന്നും അതിനാൽ എല്ലാവിധ സത്യങ്ങളുടേയും അന്തിമമാനദണ്ഡമായിരിക്കുന്നതും ആയിരിക്കേണ്ടതും യുക്തി മാത്രമാണെന്നുമുള്ള വാദം.
  • ഈ കാലഘട്ടത്തിൽ മറ്റു ദൈവാരാധനാവിധികളെയെല്ലാം ഒഴിവാക്കി കത്തോലിക്കാമതത്തെ മാത്രം രാഷ്ട്രത്തിന്റെ ഏകമാത്രധർമ്മമായി കണക്കാക്കുക സാദ്ധ്യമല്ലെന്ന വാദം.
  • കത്തോലിക്കാ രാജ്യങ്ങളിൽ, കുടിയേറ്റക്കാർക്ക് തനതായ ദൈവാരാധന പരസ്യമായി നടത്താൻ സ്വാതന്ത്ര്യം നൽകുന്ന നിയമം വിവേകമാണെന്ന വാദം.
  • യുക്തിയുടെ വെളിച്ചത്തിൽ സത്യമെന്നു കണ്ടെത്തുന്ന മതമേതായാലും അതു പിന്തുടരാൻ ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട് എന്ന വാദം.
  • ദേശീയസഭകൾ മാർപ്പാപ്പയുടെ അധികാരത്തിൽ നിന്നു സ്വതന്ത്രമായിരിക്കണം എന്ന വാദം.
  • സിവിൽ അധികാരികൾക്ക് പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേൽ സമ്പൂർണ്ണനിയന്ത്രണം ഉണ്ടായിരിക്കണമെന്നും സഭാപരമായ നിയന്ത്രണത്തിൽ നിന്ന് അവ മുക്തമായിരിക്കണമെന്നുമുള്ള വാദം.
  • സോഷ്യലിസം, കമ്മ്യൂണിസം, രഹസ്യസംഘടനകൾ, ബൈബിൾ സൊസൈറ്റികൾ, ഉദാരവാദികളായ പുരോഹിതരുടെ സംഘങ്ങൾ തുടങ്ങിയ 'കീടജീവികൾ' (Pests) അനുവദനീയമാണെന്ന വാദം.
  • വ്യവസ്ഥാപിതമായ രാജാധികാരങ്ങൾക്കു വഴങ്ങാതിരിക്കുന്നത് അനുവദനീയമാണെന്ന വാദം.
  • മതത്തെ രാഷ്ട്രീയത്തിൽ നിന്നും രാഷ്ട്രീയത്തെ മതത്തിൽ നിന്നും വേർതിരിച്ചു നിർത്തേണ്ടതാണെന്ന വാദം.

പ്രതികരണങ്ങൾ

[തിരുത്തുക]

"അബദ്ധങ്ങളുടെ സിലബസ്" ക്രൈസ്തവലോകത്തും പുറമേയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും കത്തോലിക്കർ ഉൾപ്പെടെയുള്ളവരുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് ലോകം ഈ രേഖയെ നിശിതമായി വിമർശിച്ചു. സിലബസിനു ശേഷം, "ധാർമ്മികവും മാനസികവുമായ സ്വാതന്ത്ര്യത്തെ തള്ളിപ്പറയാതെയും, പൗരപ്രതിബദ്ധതയും ചുമതലയും പണയം വയ്ക്കാതെയും ആർക്കും റോമൻ കത്തോലിക്കനാകാൻ സാദ്ധ്യമല്ല" എന്നായിരുന്നു അക്കാലത്ത് ബ്രിട്ടണിലെ തൊഴിലാളി കക്ഷിയുടെ നേതാവായിരുന്ന് പിന്നീട് പ്രധാനമന്ത്രിയായിത്തീർന്ന ഗ്ലാഡ്സ്റ്റന്റെ വിമർശനം.

രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രതിലോമപക്ഷത്തെ പരസ്യമായി ആശ്ലേഷിക്കുകയാണ് ഈ രേഖയിലൂടെ കത്തോലിക്കാ സഭാനേതൃത്വം ചെയ്തതെന്നു വിമർശിക്കപ്പെട്ടു. ജർമ്മനിയിലെ വിമതദൈവശാസ്ത്രജ്ഞനും വൈദികനുമായ ഇഗ്നാസ് വോൺ ഡോളിഞ്ഞർ ഉൾപ്പെടെയുള്ളവർ ഈ രേഖയെ വിമർശിച്ചു.[3] കത്തോലിക്കാരാജ്യമായ ഫ്രാൻസിൽ തന്നെ സർക്കാർ ഈ രേഖയുടെ പ്രചാരണം രാജ്യാതിർത്തിക്കുള്ളിൽ കുറേക്കാലത്തേക്കു തടഞ്ഞു. പ്രസംഗപീഠങ്ങളിൽ സിലബസിനെ ന്യായീകരിക്കുന്നതിൽ നിന്ന് സർക്കാർ പുരോഹിതന്മാരെ വിലക്കി. മതേതരമായ ദൃഷ്ടിയിൽ പത്രങ്ങൾ അതു ചർച്ച ചെയ്യുന്നതിനു മാത്രം വിലക്കില്ലായിരുന്നു.

കത്തോലിക്കർക്കിടയിൽ വലിയൊരു വിഭാഗം സിലബസിനെ പിന്തുണച്ചപ്പോൾ മറ്റു ചിലർ വിശദീകരണങ്ങൾ ആവശ്യപ്പെട്ടു. ജോൺ ഹെൻറി ന്യൂമാനെപ്പോലുള്ള കത്തോലിക്കാ ബുദ്ധിജീവികളും പക്ഷപാതികളും അതിനെ ന്യായീകരിച്ചു. മുൻകാലരേഖകളിലെ നിലപാടുകളുടെ സംഗ്രഹം മാത്രമാണതെന്നും പൂർവരേഖകളുടെ പരിശോധിക്കാത്തവരാണ് അതിനെ ദുർവ്യാഖ്യാനം ചെയ്യുന്നതെന്നും ന്യൂമാൻ വാദിച്ചു. 'സിലബസ്' എടുത്തുപറയുന്ന നിലപാടുകൾ തെറ്റായി കണക്കാക്കപ്പെടുന്നത്, അവ പ്രത്യക്ഷപ്പെട്ട പശ്ചാത്തലങ്ങളിൽ മാത്രമാണെന്നും, പശ്ചാത്തലം നിശ്ചയമില്ലാത്തതു കൊണ്ടാണ്, സിലബസിലെ ശാപങ്ങളുടെ വ്യാപ്തി ഉള്ളതിലധികമായി തോന്നുന്നതെന്നും ന്യൂമാൻ വിശദീകരിച്ചു. മൂലരേഖകളേയും അവയുടെ പശ്ചാത്തലത്തേയും കണക്കിലെടുക്കാതെയുള്ള വിമർശനങ്ങളൊക്കെ സിലബസിന്റെ കാര്യത്തിൽ അപ്രസക്തമാണെന്നായിരുന്നു ന്യൂമാന്റെ പക്ഷം. [4]

വിലയിരുത്തൽ

[തിരുത്തുക]

മതേതരലോകവുമായുള്ള അതിന്റെ ഇടപാടുകളിൽ കത്തോലിക്കാസഭ നൂറ്റാണ്ടുകളായി പിന്തുടർന്നിരുന്ന നിലപാടുകൾ ആവർത്തിക്കുക മാത്രമാണ് 'സിലബസിൽ' ഒൻപതാം പീയൂസ് ചെയ്തതെന്ന് പ്രൊട്ടസ്റ്റന്റ് മിഷനറിയും ക്രിസ്തുമതത്തിന്റെ ചരിത്രകാരനുമായ കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജാധികാരങ്ങളുമായുള്ള അധികാരമത്സരങ്ങളിലും, വേദവിരോധികളുമായുള്ള ഏറ്റുമുട്ടലുകളിലും,യുവതലമുറയെ രൂപപ്പെടുത്താനും വിശ്വാസികളുടെ ജീവിതത്തെ ക്രമപ്പെടുത്താനുമുള്ള സംരംഭങ്ങളിലുമെല്ലാം, സത്യത്തിന്റെ സൂക്ഷിപ്പിനു ചുമതലയുള്ള ഏകമാത്രസ്ഥാപനമായി സഭ സ്വയം വിലയിരുത്തിയിരുന്നു. റോമാസാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്ന് പശ്ചിമയൂറോപ്പിൽ ജനജീവിതത്തിന്റെ ഒട്ടേറെ മേഖലകൾ സഭയുടെ നിയന്ത്രണത്തിലായിരുന്നു. ആ മേഖലകളിൽ സെക്യുലർ അധികാരസ്ഥാനങ്ങൾ വീണ്ടും പ്രവേശിക്കുന്ന സാഹചര്യത്തിലാണ് 'സിലബസ്' പ്രസിദ്ധീകരിക്കപ്പെട്ടത്. മെല്ലെയുള്ള പിന്തിരിഞ്ഞോട്ടത്തിനിടെ അധികസമയം കിട്ടാനായി നടത്തിയ ഒരു ഒരു ചെറിയ പോരാട്ടമായി [൧] സിലബസിനെ ലട്ടൂറെറ്റ് കാണുന്നു.[5]

കുറിപ്പുകൾ

[തിരുത്തുക]

^ "...delaying battle in a slow retreat."

അവലംബം

[തിരുത്തുക]
  1. Paths of Faith, John A Hutchison(പുറങ്ങൾ 555-56)
  2. The Papal Encyclicals online: The Syallabus of Errors condemned by Pius-IX
  3. A New History of Christianity, Vivian Green(പുറങ്ങൾ 252-60)
  4. Francis A. Sullivan, Creative Fidelity, ISBN 0-8091-3644-9, p. 143.
  5. കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 1101)
"https://ml.wikipedia.org/w/index.php?title=അബദ്ധങ്ങളുടെ_സിലബസ്&oldid=3109623" എന്ന താളിൽനിന്ന് ശേഖരിച്ചത്