Jump to content

ജോൺ ഹെൻറി ന്യൂമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഹെൻറി ന്യൂമാൻ C.O.
1881-ൽ ജോൺ എവറസ്റ്റ് മില്ലായിസ് വരച്ച് ന്യൂമാന്റെ ഛായാചിത്രം
വൈദിക പട്ടത്വം29 മേയ് 1825 (ആംഗ്ലിക്കൻ സഭയിൽ)
30 മേയ് 1847 (കത്തോലിക്കാ സഭയിൽ)
കർദ്ദിനാൾ സ്ഥാനം12 മേയ് 1879
പദവിവെലാബ്രോയിലെ സാൻ ഗിയോർഗിയോയുടെ കർദ്ദിനാൾ ഡീക്കൻ
വ്യക്തി വിവരങ്ങൾ
ജനനം(1801-02-21)21 ഫെബ്രുവരി 1801
ലണ്ടൺ, ഇംഗ്ലണ്ട്
മരണം11 ഓഗസ്റ്റ് 1890(1890-08-11) (പ്രായം 89)
എഡ്ജ്‌ബാസ്റ്റൻ, ബിർമിങ്ങാം, ഇംഗ്ലണ്ട്
കബറിടംബിർമിങ്ങാമിനടുത്ത് റെഡ്‌നാളിലുള്ള ഓററ്ററി ഭവന സിമിത്തേരി
ദേശീയതബ്രിട്ടിഷ്
വിഭാഗംറോമൻ കത്തോലിക്കാ സഭ
മാതാപിതാക്കൾജോൺ ന്യൂമാനും ജെമീനാ ന്യൂമാനും
വിശുദ്ധപദവി
തിരുനാൾ ദിനം9 ഒക്ടൊബർ (റോമൻ കത്തോലിക്കാ സഭ),[1] 11 ആഗസ്റ്റ് (ആംഗ്ലിക്കൻ സഭ), 21 ഫെബ്രുവരി (അമേരിക്കൻ ഐക്യനാടുകളിലെ എപ്പിസ്കോപ്പൽ സഭ)[2]
വാഴ്ത്തപ്പെടൽ19 സെപ്തംബർ 2010
ബിർമിങ്ങാം അതിരൂപത, ഇംഗ്ലണ്ട്
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത്ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ
തീർത്ഥാടനകേന്ദ്രംബിർമിങ്ങാം ഓററ്ററി
Styles of
ജോൺ ഹെൻറി ന്യൂമാൻ
Reference styleHis Eminence
Spoken styleYour Eminence
Informal styleCardinal

പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ മതചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ആത്മീയാചാര്യനും ഗ്രന്ഥകാരനുമായിരുന്നു ജോൺ ഹെൻറി ന്യൂമാൻ (ജനനം: 21 ഫെബ്രുവരി 1801; മരണം 11 ആഗസ്റ്റ് 1890)[3][4] കർദ്ദിനാൾ ന്യൂമാൻ, വാഴ്ത്തപ്പെട്ട ജോൺ ഹെൻറി ന്യൂമാൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.

തുടക്കത്തിൽ സുവിശേഷോന്മുഖനായ ഒരു ഓക്സ്ഫോർഡ് അക്കഡമിക്കും ആംഗ്ലിക്കൻ സഭയിലെ പുരോഹിതനും ആയിരുന്ന ന്യൂമാൻ, ഓക്സ്ഫോർഡ് പ്രസ്ഥാനം എന്നറിയപ്പെടുന്ന സം‌രംഭത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു. ഏറെ സ്വാധീനം ചെലുത്തിയ ഈ പ്രസ്ഥാനം ആംഗ്ലിക്കൻ സഭ പഴയ കത്തോലിക്കാ പാരമ്പര്യത്തിലെ വിശ്വാസങ്ങളിലേയ്ക്കും ആരാധാനാരീതികളിലേക്കും മടങ്ങുന്നതിനു വേണ്ടി നിലകൊണ്ടു. 1845-ൽ റോമൻ കത്തോലിക്കാവിശ്വാസത്തിലേക്ക് പരിവർത്തിതനായ ന്യൂമാൻ ആ സഭയിൽ കർദ്ദിനാൾ സ്ഥാനത്തേക്കുയർത്തപ്പെട്ടു.

ശ്രദ്ധേയനായ ഒരു എഴുത്തുകാരൻ കൂടിയായിരുന്നു ന്യൂമാൻ. "അപ്പോളജിയ പ്രോ വിറ്റ സുവ" എന്ന ആത്മകഥ, തന്റെ വിശ്വാസപ്രഖ്യാപനമായ "ഉയിർപ്പിന്റെ വ്യാകരണം" (Grammar of Assent) എന്ന പ്രബന്ധം, 'ജെറോന്റിയസ്' എന്ന കവിത എന്നിവ ന്യൂമാന്റെ മുഖ്യരചനകളിൽ ചിലതാണ്‌.[4] അദ്ദേഹം എഴുതിയ "ദയാദീപമേ വഴിനടത്തുക" (Lead, KIndly Light) എന്ന പ്രാർത്ഥനാഗാനം അതിപ്രശസ്തമാണ്‌.

ജീവിതരേഖ

[തിരുത്തുക]

1801 ഫെബ്രുവരി 21-ന് ജോൺ ന്യൂമാന്റെയും ജെമീനായുടെയും മകനായി ലണ്ടനിൽ ജനിച്ചു. ഗ്രേറ്റ് ഏർലിങ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. ചെറുപ്പത്തിൽ തന്നെ വളരെ ശാന്തസ്വഭാവക്കാരനായിരുന്നു ന്യൂമാൻ. ബൈബിൾ പാരായണം അദ്ദേഹത്തിന്റെ ഇഷ്ട വിനോദമായിരുന്നു. ഓക്സ്ഫോർഡ് ട്രിനിറ്റി കോളേജിൽ തുടർ വിദ്യഭ്യാസത്തിനായി ചേർന്നു. വാൾട്ടർ സ്കോട്ടിന്റെ നോവലുകൾ, പൈൻ, ഹ്യൂം എന്നിവരുടെ കൃതികൾ ന്യൂമനെ വളരെ സ്വാധീനിച്ചിരുന്നു. ശാരാശരി വിജയം മാത്രമാണ് ഇദ്ദേഹം നേടിയത്.

പിന്നീട് ഇദ്ദേഹം ആംഗ്ലിക്കൻ സെമിനാരിയിൽ ചേർന്നു. 1824 ജൂൺ 13-ന് ഡീക്കനായും 1825 മെയ് 25-ന് ഒരു വൈദികനായും അഭിഷിക്തനായി. കർമ്മശേഷിയും ശക്തമായ ദർശനങ്ങളും ഉണ്ടായിരുന്ന ന്യൂമാൻ വൈദികനായി 15 വർഷം ആംഗ്ലിക്കൻ സഭയിൽ സേവനമനുഷ്ഠിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ന്യൂമാന് ആനുകാലിക ആത്മീയ ദർശനങ്ങളിലേയ്ക്ക് കൂടുതലായി വെളിച്ചമേകി. 1833-ൽ ആംഗ്ളിക്കൻ സഭയുടെ നവീകരണത്തിനായും സഭയുടെ അപ്പസ്തോലിക വിശ്വാസ നവോത്ഥാനത്തിനുമായി ശ്രമങ്ങൾ നടത്തി. അതിനായി സഭയുടെ ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ തലങ്ങളിൽ അദ്ദേഹം പുനരുജ്ജീവനത്തിനായി ഓക്സ്ഫോർഡ് സർവ്വകലാശാലയോട് ചേർന്ന് ഓക്സ്ഫോർഡ് മൂവ്മെന്റ് എന്ന പ്രസ്ഥാനം ആരംഭിച്ചു. ഇതിലൂടെ ആംഗ്ലിക്കൻ സഭയെ കത്തോലിക്കാ സഭയുടെ മൂന്നു ശാഖകളിലൊന്നായി വിലയിരുത്തി. ഇതിനെ ശാഖാ-തത്വം എന്ന് ന്യൂമാൻ വിശേഷിപ്പിച്ചു.

ഓർത്തഡോക്സ്, ആംഗ്ലിക്കൻ, റോമൻ കത്തോലിക്കാ എന്നീ സഭകളെ അദ്ദേഹം ഏക കത്തോലിക്കാ സഭയുടെ മൂന്നു വ്യത്യസ്ത ശാഖകളായി വ്യാഖ്യാനിച്ചു. അന്നത്തെ രാജഭരണത്തിലും പൊതു രാഷ്ട്രീയ പ്രവർത്തനത്തിലും പൂണ്ടിരുന്ന ജനങ്ങളുടെ ആത്മീയ ജീവിതത്തെ അപ്പസ്തോലിക പാരമ്പര്യത്തിൽ പുനരുജ്ജീവിപ്പിക്കാൻ ന്യൂമാനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ അനുഗമിക്കുന്നവരും ഇംഗ്ലണ്ടിലെ അംഗ്ലിക്കൻ സഭാധികാരികളെ തങ്ങളുടെ ഉദ്ദേശലക്ഷ്യം അറിയിച്ചു. എന്നാൽ അധികാരികളാൽ ഈ ലക്ഷ്യം നിഷേധിക്കപ്പെട്ടു. ആത്മീയ ഏകാന്തത, ക്രിസ്തുവിൻറെ അജഗണം, (Wilderness, The one fold of Christ) എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹം ഈ കാലയളവിൽ രചിച്ചു. ഇതിലൂടെ ക്രിസ്തുവിൽ നിന്നും വിശ്വാസം ചരിത്രത്തിൽ ചുരുളഴിയുന്നത് വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആ കാലഘട്ടത്തിലെ മിക്ക രചനകളിലും അദ്ദേഹത്തിന്റെ ഈ പുതിയ ചിന്താധാരയും നവീകരണമനോഭാവവും വെളിപ്പെടുന്നു.

പിന്നീട് 1843 മുതൽ ന്യൂമാൻ മൂന്നു വർഷത്തോളം അജ്ഞാതവാസത്തിലായിരുന്നു. ഇക്കാലത്ത് ഇദ്ദേഹം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഓക്സ്ഫോർഡിനു പുറത്ത് ലിറ്റിൽ മൂറിൽ അദ്ദേഹം പ്രാർഥനയിലും പഠനത്തിലുമായി കഴിഞ്ഞു. ഇതിനു ശേഷമാണ് അപ്പസ്തോലിക വിശ്വാസവും സഭാപിതാക്കന്മാരുടെ പഠനവും റോമിലെ സഭയുടെ അടിത്തറയാണെന്നും ക്രിസ്തുവിൻറെ സഭതന്നെയാണ് റോമിലെ സഭയെന്നും അദ്ദേഹം തിരിച്ചറിഞ്ഞത്. ലിറ്റിൽ മൂറിലെ വാഴ്ത്തപ്പെട്ട ഡോമിനിക്ക് ബാർബേരിയാണ് ന്യൂമാനെ 1845-ൽ ഒക്ടോബർ 9-ന് കത്തോലിക്കാ വിശ്വാസത്തിലേക്കു നയിച്ചത്.

ന്യൂമാൻ റോമിൽ തൻറെ പഠനങ്ങൾ തുടർന്നു. 1847-ൽ ഒമ്പതാം പിയൂസ് മാർപാപ്പായിൽനിന്നും അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമത്തിൽ ബേർമി‌ങ്ങാമിലും ലണ്ടനിലും യുവജനകേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പദ്ധതിയുമായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു. യുവജനകേന്ദ്രങ്ങൾ ന്യൂമാന്റെ ആത്മീയദർശനവും നവോത്ഥാന പദ്ധതിയും വ്യക്തമാക്കുന്നവയായിരുന്നു. അതിലെ വൈദികർ പ്രാർത്ഥന, ഉപവിപ്രവർത്തികൾ, ആരാധനക്രമം, വചനപ്രഘോഷണം, മറ്റു വിഷയങ്ങളുടെ ബുദ്ധിപരവും ശാസ്ത്രീയവുമായ പാഠ്യപരിപാടികൾ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ചെറു സമൂഹങ്ങളിൽ അവരുടെ ഉന്നമനത്തിനായി ജീവിച്ചു. ഡബ്ലിനിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റി, ബേർമി‌ങ്ഹാമിലെ സ്കൂൾ എന്നിവ ന്യൂമാൻ തുടക്കമിട്ട ഫിലിപ്പ് നേരി യുവജനപ്രസ്ഥാനത്തിൻറെ തുടർച്ചയാണ്.

തന്റെ ജീവിതത്തിലെ വിലപ്പെട്ട അവസാന വർഷങ്ങൾ ബേർമി‌ങ്ങാമിലെ സ്കൂളിലാണ് ന്യൂമാൻ ചിലവഴിച്ചത്. അസന്മാർഗ്ഗിക ജീവിതം നയിച്ചവരെയും ജീവിതത്തിൽ വഴിതെറ്റിയവരെയും സന്മാർഗ്ഗിക ജീവിതത്തിലേക്കു നയിക്കുവാൻ അവർക്കിടയിൽ ജീവിക്കുകയും എഴുതുകയും ചെയ്തു. അതിനായി വ്യക്തിപരമായ കത്തിടപാടുകൾ നടത്തുകയും ചെയ്തിരുന്നു. ന്യൂമാന്റെ ജീവിതത്തിലെ ശ്രദ്ധേയങ്ങളായ രചനകളും പ്രാർഥനകളും ഇവിടെ നിന്നാണ് രചിക്കപ്പെട്ടത്. റോമിലെ വിശുദ്ധ ഫിലിപ്പ് നേരിയുടെ നാമഥേയത്തിലുള്ള ദേവാലയവും മേരിവിൽ ഓറട്ടറിയും അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ തീക്ഷ്ണമായ തെളിവാണ്. ലോകമാകാസകലമുള്ള യുവജനതയ്ക്കായി വലിയ ഒരു വിശ്വാസ പഠനകേന്ദ്രമായി ഇത് റോമിൽ നിലനിൽക്കുന്നു.

ഇംഗ്ലണ്ടിലെ തന്റെ സന്ദർശനത്തിനിടെ 2010 സെപ്തംബർ 19-ആം തിയതി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ന്യൂമാനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.[5]

അവലംബം

[തിരുത്തുക]
  1. "Video clip: Declaration of Beatification by Pope Benedict XVI". BBC News. 19 September 2010.
  2. "Episcopal Church General Convention 2009". Archived from the original on 2010-09-22. Retrieved 2010-09-20.
  3. Miranda, Salvador. "John Henry Newman". The Cardinals of the Holy Roman Church. Archived from the original on 2010-02-09. Retrieved 2 February 2010.
  4. 4.0 4.1 കത്തോലിക്കാ വിജ്ഞാനകോശം
  5. Sweeney, Charlene; Gledhill, Ruth (2 February 2010). "Pope to meet Queen on visit to Scotland". The Times. London. Archived from the original on 2011-05-10. Retrieved 6 May 2010.
"https://ml.wikipedia.org/w/index.php?title=ജോൺ_ഹെൻറി_ന്യൂമാൻ&oldid=4118082" എന്ന താളിൽനിന്ന് ശേഖരിച്ചത്