Jump to content

അപുഷ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപുഷ്പികൾ

പുഷ്പിക്കാത്ത ചെടികളെ പൊതുവെ അപുഷ്പി എന്നു പറയുന്നു. ഇവയെ മൊത്തത്തിൽ ക്രിപ്റ്റഗംസ് (Cryptogams)എന്ന സസ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്രിപ്റ്റഗംസ് എന്ന പേര് ഒളിച്ചിരിക്കുന്ന എന്ന അർഥമുള്ള ക്രിപ്റ്റോസ് എന്ന ഗ്രീക്കുപദത്തിൽ നിന്നും ഉദ്ഭവിച്ചതാണ്. സൂക്ഷ്മദർശിനിയുടെ ആവിർഭാവത്തിനുമുൻപ് അപുഷ്പികളായ ഈ സസ്യങ്ങളുടെ പ്രത്യുല്പാദനരീതി അജ്ഞാതമായിരുന്നു എന്നതാണ് ഈ നാമകരണത്തിനു കാരണം.

അപുഷ്പികൾ സാധാരണയായി ചെറുതും അവയുടെ ശരീരഘടന വളരെ ലളിതവുമാണ്. നനവുള്ളിടത്തു വളരുന്ന പായലും, പാറപ്പുറത്തും മറ്റും പറ്റമായി വളരുന്ന റിക്സിയ തുടങ്ങിയ ബ്രയോഫൈറ്റുകളും, ആറ്റുവക്കിലെ പന്നലുകളും എല്ലാം ഈ വിഭാഗത്തിൽപ്പെട്ടവയാണ്. യാഥാസ്ഥിതികരായ സസ്യവിജ്ഞാനികളുടെ സിദ്ധാന്തപ്രകാരം അപുഷ്പിസസ്യങ്ങളെ താലോഫൈറ്റ, ബ്രയോഫൈറ്റ, ടെറിഡോഫൈറ്റ എന്ന് മൂന്നായി വിഭജിച്ചിരിക്കുന്നു.

ഈ വർഗീകരണരീതിക്ക് ജാതിവൃത്തീയമായ അതിന്റെ ദൌർബല്യങ്ങൾ വ്യക്തമായപ്പോൾ ചില ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. ടിപ്പോ 1942 -ൽ സസ്യജാലത്തെ താലോഫൈറ്റ, എംബ്രിയോഫൈറ്റ എന്നീ രണ്ട് ഉപമണ്ഡലങ്ങളിലായി 12 ഡിവിഷനുകളായി തരംതിരിച്ചു. താലോഫൈറ്റയിൽ ക്ലോറോഫൈറ്റ, സയനോഫൈറ്റ, യുഗ്ലിനോഫൈറ്റ, ക്രൈസോഫൈറ്റ, പൈറോഫൈറ്റ, ഫേയോഫൈറ്റ, റോഡോഫൈറ്റ, ഷൈഡോഫൈറ്റ, മിക്സോഫൈറ്റ, യൂമൈക്കോഫൈറ്റ എന്നിങ്ങനെ പത്തു ഡിവിഷനുകളും, എംബ്രിയോഫൈറ്റയിൽ ബ്രയോഫൈറ്റ, ട്രക്കിയോഫൈറ്റ എന്നിങ്ങനെ രണ്ടു ഡിവിഷനുകളും ഉണ്ട്. എന്നാൽ ബോൾഡ് 1956 -ൽ സസ്യലോകത്തെ സയനോഫൈറ്റ, ക്ലോറോഫൈറ്റ, യൂഗ്ലിനോഫൈറ്റ, കാരോഫൈറ്റ, ഫേയോഫൈറ്റ, റോഡോഫൈറ്റ, ക്രൈസോഫൈറ്റ, പൈറോഫൈറ്റ, ഷൈസോഫൈറ്റ, മിക്സോമൈക്കോട്ട, ഫൈക്കോമൈക്കോട്ട, ആസ്കോമൈക്കോട്ട, ബേസീഡിയോമൈക്കോട്ട, ഹെപ്പാറ്റോഫൈറ്റ, ബ്രയോഫൈറ്റ, സൈലോഫൈറ്റ, മൈക്രോഫൈലോഫൈറ്റ, ആർത്രോഫൈറ്റ, ടിറേഫൈറ്റ, സൈക്കഡോഫൈറ്റ, ജിൻകോഫൈറ്റ, കോണിഫറോഫൈറ്റ, നിറ്റേലിസ്, ആന്തോഫൈറ്റ എന്നിങ്ങനെ 24 ഡിവിഷനുകളായി തിരിച്ചു. ഇവയിൽ ആദ്യത്തെ 19 ഡിവിഷനുകൾ അപുഷ്പികളിൽപ്പെടുന്നു.

ആൽഗകളും ഫംഗസും അടങ്ങിയ താലോഫൈറ്റ വിഭാഗത്തിലുള്ള സസ്യങ്ങൾ സൂക്ഷ്മവും ലളിതവുമായ ശരീരഘടനയോടുകൂടിയവയാണ്. പരന്ന് തട്ടുപോലെ വളരുന്നതാണ് ഇതിന്റെ പ്രധാന ശരീരഭാഗം. നീർച്ചാലുകളുടെ വശങ്ങളിലെ നനഞ്ഞ മണ്ണിൽ ഇവ ധാരാളമായി കാണാം. ചില സ്പീഷീസ് പാറപ്പുറത്തും വളരാറുണ്ട്. ടെറിഡോഫൈറ്റ വിഭാഗത്തിൽപ്പെട്ടവ ശരീരഘടനയിൽ കുറച്ചുകൂടി സങ്കീർണമാണ്; ഈ ചെടികൾക്ക് യഥാർഥത്തിലുള്ള വേരും തണ്ടും ഇലകളും ഉണ്ടെന്നതാണ് മറ്റൊരു വ്യത്യാസം. ഈ വിഭാഗങ്ങൾ തമ്മിൽ ഘടനയിലും ജീവിതരീതിയിലും വളരെയേറെ വ്യത്യാസമുള്ളതുകൊണ്ട് അവ ഓരോന്നിനേയും പ്രത്യേകം വിവരിക്കേണ്ടിയിരിക്കുന്നു.

pelvetia canaliculata എന്ന ആൽഗ

പരിണാമസിദ്ധാന്തപ്രകാരം സസ്യജാലത്തിന്റെ ഉല്പത്തി ആൽഗകളിൽ കൂടിയാണെന്നാണ് ഊഹിക്കപ്പെടുന്നത്. മഴക്കാലത്ത് ചെറുകുളങ്ങളിൽ കാണാറുള്ള പച്ചനിറത്തിലുള്ള അതിസൂക്ഷ്മങ്ങളായ ക്ലാമിഡോമോണാസ് തുടങ്ങി സമുദ്രത്തിനടിയിൽ 12 - 15 മീറ്റർ ഉയരത്തിൽ വളരുന്ന ഭീമാകാരങ്ങളായ കെൽപ്സ് വരെയുള്ള ചെടികളും ആൽഗകളിൽ ഉൾപ്പെടുന്നു. സാധാരണ എല്ലാ സാഹചര്യങ്ങളിലും ആൽഗകൾ വളരുന്നുണ്ട്. സമുദ്ര ജലപ്പരപ്പിന്റെ ഉപരിതലത്തിൽ സൂക്ഷ്മങ്ങളായ ധാരാളം ആൽഗകളുണ്ട്. അതുപോലെതന്നെ കടൽത്തീരങ്ങളിൽ വേലിയേറ്റനിര തുടങ്ങി ഒമ്പതു മീറ്ററോ അതിലധികമോ ആഴം വരെയും വളരെയേറെ ആൽഗകളുണ്ട്. ശുദ്ധജലാശയങ്ങളിലും മലിനജലത്തിലും ആൽഗകൾ സുലഭമാണ്. ചുരുക്കം ചിലത് ചൂടുറവയിൽ മാത്രമേ വളരാറുള്ളൂ. അതുപോലെതന്നെ ചിലത് മണ്ണിലും ചിലവ മറ്റു ജീവികളുടെ ശരീരത്തിലും വസിക്കുന്നു.

വലിപ്പത്തിലുള്ള വൈരുദ്ധ്യം പോലെ തന്നെ ആകൃതി - പ്രകൃതികളിലും ആൽഗകൾ വളരെ വ്യത്യസ്തങ്ങളാണ്. ഏകകോശ ആൽഗകൾ മിക്കവാറും ഭംഗിയുള്ളതും വൈവിധ്യം നിറഞ്ഞതുമായ ചില ചെറിയ മുഴകൾകൊണ്ടോ ചെറിയ നാരുപോലുള്ള സീലിയകൾ കൊണ്ടോ അലംകൃതമായിരിക്കും[1]. വെള്ളത്തിൽ സഞ്ചരിക്കുന്നതിന് ഈ സിലിയകൾ വളരെയേറെ സഹായിക്കുന്നുണ്ട്. വലിയ ആൽഗകളിൽ പലതും [[തടി], ഇല മുതലായ അവയവഭാഗങ്ങളോടുകൂടിയവയോ, നീണ്ട് കുഴൽപോലെ തോന്നിക്കുന്നവയോ, പരന്ന് ഇലകളെപ്പോലെ ഇരിക്കുന്നവയോ ആയിരിക്കും. കടൽത്തീരങ്ങളിൽ സാധാരണ കണ്ടുവരാറുള്ള സർഗാസം [2]സാധാരണ അപുഷ്പിസസ്യത്തിന്റെ ആകാരം പ്രകടമാക്കുന്നു.

നിറത്തെ അടിസ്ഥാനമാക്കി ആൽഗകളെ ഏഴു ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. അവയിൽ അതിപ്രധാനമായ നാലെണ്ണം സയനോഫൈറ്റ, ക്ലോറോഫൈറ്റ, ഫേയോഫൈറ്റ, റോഡോഫൈറ്റ എന്നിവയാണ്. യൂഗ്ലിനോഫൈറ്റ, ക്രൈസോഫൈറ്റ, പൈറോഫൈറ്റ ഇവയാണ് ബാക്കിയുള്ളവ. ഈ മൂന്നു ഡിവിഷനിൽപെട്ട എല്ലാ സ്പീഷീസും ഏകകോശനിർമിതങ്ങളാണ്. സാധാരണ ജലാശയങ്ങളുടെ മുകൾപ്പരപ്പിൽ ഒഴുകിനടക്കുന്ന പ്ലവകങ്ങൾ പോലെയുള്ളവയാണ് ഇതിലധികവും[3]. വെള്ളത്തിൽ ജീവിക്കുന്ന , വെള്ളത്തിൽ ജീവിത ദശ ഉള്ള ചെറു ജീവികളുടെയും പ്രാണികളുടെയും ആഹാരം ആൽഗകളാണ്. പച്ച നിറമുള്ള ആൽഗകളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ, ഗ്രാമീണ മലമ്പനി (Rural malaria ) പരത്തുന്ന അനോഫെലെസ് കുലിസിഫസിസ് (Anopheles culicifacis ) ഇനം കൊതുകിന്റെ ലാർവ വളരുക ഒള്ളു.

ഫംഗസുകൾ

[തിരുത്തുക]
hypholoma fasciculare എന്ന ഫംഗസ്

ഏകദേശം നാല്പതിനായിരത്തോളം സ്പീഷീസുൾപ്പെടുന്ന വലിയ വിഭാഗമാണ് ഇത്. സസ്യരോഗഹേതുക്കളായിട്ടാണ് ഇവ കൂടുതൽ അറിയപ്പെടുന്നത്. ഭക്ഷണപദാർഥങ്ങൾ, ഔഷധങ്ങൾ, പല വ്യവസായ പ്രവർത്തനങ്ങളുടേയും കാരകങ്ങൾ എന്നീ നിലയിലും ഫംഗസുകൾ സുപ്രധാനങ്ങളാണ്. സൂക്ഷിച്ചു വയ്ക്കുന്ന ഭക്ഷണ പദാർഥങ്ങൾ പലപ്പോഴും ഫംഗസിന്റെ ആക്രമണം കൊണ്ട് ചീത്തയായിപ്പോകാറുണ്ട്.

ആൽഗകളെപ്പോലെ ഫംഗസുകളും താലോഫൈറ്റ വിഭാഗത്തിൽപ്പെട്ടവയാണ്. ഹരിതകത്തിന്റെ അഭാവം ശരീരഘടനയുടെ ലാളിത്യം എന്നീ രണ്ടു പ്രത്യേക സ്വഭാവങ്ങളാണ് അവയെ വേർതിരിക്കുന്നത്. ഹൈഫ എന്നറിയപ്പെടുന്ന ഫംഗസ് നാരുകൾ കൂടിച്ചേർന്നുണ്ടാകുന്ന മൈസീലിയം ആണ് മിക്കതിന്റേയും ശരീരഭാഗം. ഹൈഫയിലെ കോശങ്ങളിൽ ഒന്നോ അതിലധികമോ കോശകേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ജലത്തിലും മണ്ണിലും തടിയിലും എന്നുവേണ്ട എവിടെയും ഫംഗസുകൾ കാണാം. ഉഷ്ണമേഖലയിലെ നീരാവിനിറഞ്ഞ കാലാവസ്ഥ ഇതിന് ഏറ്റവും അനുയോജ്യമായതുകൊണ്ട് ഭൂരിഭാഗവും ഇവിടെയാണ് കാണാറുള്ളത്. ഹരിതകം ഇല്ലാത്തതിനാൽ പ്രകാശസംശ്ലേഷണം [4]വഴി ആഹാരം നിർമ്മിക്കുവാൻ സാധ്യമല്ല. തന്നിമിത്തം ഫംഗസുകൾക്ക് ആഹാരത്തിനുവേണ്ടി മററു ജീവികളെയോ അവയുടെ അവശിഷ്ടങ്ങളെയോ ആശ്രയിക്കേണ്ടിവരുന്നു. ജീവികളെ ആക്രമിക്കുന്ന ഫംഗസുകൾ പരജീവികളെന്നും, ജീവനില്ലാത്തവയെ ആക്രമിക്കുന്നവ മൃതോപജീവികളെന്നും[5] അറിയപ്പെടുന്നു. ഒരുവിധത്തിൽ ഹരിതനിറത്തിന്റെ അഭാവം ഒഴിച്ചാൽ ശരീരഘടനയിൽ ഫംഗസുകൾ ആൽഗകളെ അനുകരിക്കുന്നുവെന്നു പറയാം. മനുഷ്യരിൽ രോഗങ്ങൾ ഉണ്ടാക്കുന്ന വിവിധ ഇനം ഫംഗസുകൾ ഉണ്ട്.

ബാക്റ്റീരിയ

[തിരുത്തുക]
Salmonella typhimurium എന്ന ബാക്ടീരിയ

സാമ്പത്തികമായി വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഏകകോശജീവികളുടെ സമൂഹമാണ് ബാക്റ്റീരിയ. ഇവയിൽ ചിലത് മഹാവ്യാധികൾ ഉണ്ടാക്കുന്നതുപോലെ മറ്റു ചിലത് മനുഷ്യനും മറ്റു ജീവികൾക്കും വളരെ ഉപകാരപ്രദവുമാണ്. ചിലതിന്റെ സാന്നിധ്യം കൂടാതെ മറ്റു ജീവികൾക്ക് ജീവിതം സാധ്യമാകുകതന്നെയില്ല. അതിസൂക്ഷ്മങ്ങളായ ഈ ജീവികൾക്ക് സാധാരണ മൂന്നോ നാലോ മൈക്രോണുകളിൽ താഴെമാത്രമേ വലിപ്പമുള്ളൂ.

ശരീരഘടനയനുസരിച്ച് ബാക്റ്റീരിയകളെ കോക്കസ് (ഗോളാകൃതി), ബാസിലസ് (ദണ്ഡാകൃതി), സ്പൈറൽ (ചുരുളാകൃതി) എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ചില ബാക്റ്റീരിയകൾക്ക് ഹരിതവർണം ഇല്ലെങ്കിലും ജൈവധാതുക്കൾ മാത്രമുള്ള ഒരു ആധാരവസ്തുവിൽ ജീവിക്കുവാൻ സാധിക്കും. അജൈവധാതുക്കൾ രാസസംശ്ലേഷണം ഉപയോഗിച്ച് അവയെ പല ഘടകങ്ങളായി തിരിച്ച് അതിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ഉപയോഗിക്കുന്നു. മിക്ക ബാക്റ്റീരിയകളിലും അമിനോ അമ്ലങ്ങളും ജീവകങ്ങളും ഉത്പാദിപ്പിക്കാനാവശ്യമായ എൻസൈമുകളുണ്ട്.

പ്രത്യുല്പാദനം സാധാരണ മുറിഞ്ഞുമാറൽ-രണ്ടായി വിഭജിക്കപ്പെടുന്ന രീതി-വഴിയാണ്. ചിലപ്പോൾ 20-30 മിനിറ്റിനകംഇവ വിച്ഛേദനം പൂർത്തിയാക്കും. ലൈംഗിക പ്രത്യുല്പാദനവും നടക്കാറുണ്ട്[6].

ബ്രയോഫൈറ്റ

[തിരുത്തുക]
Marchantia എന്ന ബ്രയോഫൈറ്റ

സസ്യജാലത്തിലെ ബ്രയോഫൈറ്റ ഉപവിഭാഗം സാധാരണ ഈർപ്പമുള്ള ചോലപ്രദേശത്തെ നനവുള്ള മണ്ണിലും പാറപ്പുറങ്ങളിലുമാണ് കാണപ്പെടുന്നത്. വരണ്ട പാറപ്പുറത്തും വെള്ളത്തിനടിയിലും മരങ്ങളിലും ഇലകളിലും ഇവയെ കണ്ടുവരുന്നു. ഹിപ്പാറ്റിക്കേ, [7] മസൈ എന്ന രണ്ട് ഉപവിഭാഗങ്ങളിലായി ഏകദേശം 20,000 സ്പീഷീസ് ഇതിൽ ഉൾപ്പെടുന്നു.

ബ്രയോഫൈറ്റുകൾക്ക് വളരെ ലളിതമായ ശരീരഘടനയാണ്. റൈസോയ്ഡുകൾ എന്ന ലഘുമൂലസദൃശങ്ങളായ ഏകകോശീയമോ ബഹുകോശീയമോ ആയ നാരുകളാണ് ഇവയെ മണ്ണിൽ ഉറപ്പിക്കുന്നതും ആഹാരം വലിച്ചെടുക്കാൻ സഹായിക്കുന്നതും. ബാഹ്യശരീരഘടനയിൽ രണ്ട് ഉപവിഭാഗങ്ങളും വ്യത്യസ്തങ്ങളാണ്. ഹിപ്പാറ്റിക്കേയിലെ മിക്ക ചെടികളും പരന്ന് നാക്കുരൂപത്തിലായിരിക്കും. അതുകൊണ്ട് അവയെ ലിവർവർട്ടുകൾ എന്നുകൂടി വിളിക്കാറുണ്ട്. പല സ്പീഷീസും ശരീരത്തിന്റെ മധ്യഭാഗം തടിച്ച കമ്പുപോലെയും ഇരുവശങ്ങളും ഇലകൾ പോലെയും ആയിരിക്കും. അങ്കണങ്ങളിൽ കാണാറുള്ള റിക്സിയ ഈ വർഗത്തിൽപെട്ടതാണ്.

ചുവരുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള പൂപ്പലുകളാണ് മോസ് എന്ന രണ്ടാമത്തെ ഉപവിഭാഗം. പ്രഥമ ദൃഷ്ടിയിൽ ഇവയ്ക്ക് അപുഷ്പിസസ്യങ്ങളുമായി വളരെ സാദൃശ്യമുണ്ട്. റൈസോയിഡുകളാൽ മണ്ണിലുറപ്പിക്കപ്പെട്ട തടിപോലുള്ള അവയവത്തിനു ചുറ്റും ധാരാളം ഇലകൾ സർപ്പില രൂപത്തിൽ അടുക്കിയിട്ടുണ്ട്. എല്ലാംകൂടി 5 സെന്റിമീറ്ററിൽ കൂടുതൽ ഉയരം ഉണ്ടാകാറില്ല. ബാഹ്യഘടന സങ്കീർണമായിരുന്നാലും, അതിന്റെ അന്തർഘടന വളരെ ലളിതമായിരിക്കും.

പ്രത്യുത്പാദനാവയവങ്ങൾ വളരെ വികസിതമാണ്. മിക്കവാറും ഗദയുടെ ആകൃതിയിലുള്ള പുരുഷലൈംഗികാവയവം ആന്തറിഡിയം എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ സീലിയകളോടുകൂടിയ ധാരാളം പുരുഷബീജങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. സ്ത്രീലൈംഗികാവയവമായ ആർക്കിഗോണിയം ഫ്ലാസ്ക്കിന്റെ ആകൃതിയിലാണ്. ലൈംഗികസംയോഗത്തിൽനിന്നും ഉണ്ടാകുന്ന യുഗ്മകം സ്പോറോഫൈറ്റ് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം സസ്യത്തെ ഉത്പാദിപ്പിക്കുന്നു. ഇവയിൽനിന്നാണ് സ്പോറുകൾ ഉണ്ടാകുന്നത്[8]. ഈ സ്പോറുകൾ മുളച്ച് വീണ്ടും സാധാരണ രീതിയിലുള്ള മോസുകൾ ഉണ്ടാകുന്നു. ഇങ്ങനെ രണ്ടു തലമുറകൾ ഒന്നിനു പുറകേ ഒന്നായി ഉണ്ടായെങ്കിൽ മാത്രമേ ഇവയുടെ ജീവനചക്രം പൂർത്തിയാകുകയുള്ളു. ഈ പ്രതിഭാസത്തിനാണ് തലമുറകളുടെ ഏകാന്തരണം എന്നു പറയുന്നത്[9].

ആന്തോസിറോസ് എന്ന ബ്രയോഫൈറ്റ പരിണാമശൃംഖലയിലെ അതിപ്രധാനമായ ഒരു കണ്ണിയാണ്. കുളക്കരയിലും മറ്റും ചിലപ്പോൾ പരന്നു പച്ച നിറത്തിലുള്ള തകിടുപോലെ ഇവ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന്റെ മുകൾപ്പരപ്പിൽനിന്നും സൂചിപോലുള്ള ചില അവയവങ്ങൾ മേല്പോട്ടുയർന്നു നില്ക്കുന്നതു കാണാം. ഇവ ആന്തോസിറോസിന്റെ സ്പോറോഫൈറ്റുകൾ ആണ്.

ചിലയിനം അപുഷ്പികൾ
  1. കോക്കേസ്ബാക്ടീരിയ
  2. ബാസിലസ്ബാക്ടീരിയ
  3. സ്പൈറൽ ബാക്ടീരിയ
  4. ഓസിലറ്റോറിയ ബാക്ടീരിയ
  5. യൂഗ്ളീന
  6. ആഴ്സീറിയ
  7. ആൾവ
  8. പ്ലവകങ്ങൾ
  9. സർഗാസം
  10. കോൺഡ്രസ്
  11. ബ്രെഡ് മോൾഡ്
  12. കിണ്വം
  13. മോസ്
  14. ലിവർവർട്ട്
  15. പന്നൽ(Lady Ferm).
  16. പന്നൽ(Water Ferm)

ബ്രയോഫൈറ്റുകളുടെ പ്രധാന തലമുറ ഗാമറ്റോഫൈറ്റും പരിണാമത്തിലെ അടുത്ത പടിയായ ടെറിഡോഫൈറ്റയിലെ പ്രധാന തലമുറ സ്പോറോഫൈറ്റും ആണ്. ഗാമറ്റോഫൈറ്റിൽനിന്നും സ്പോറോഫൈറ്റിലേക്കുള്ള ഈ വ്യതിയാനം ആന്തോസിറോസിൽകൂടിയാണ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സസ്യജീവികൾ ജലജീവികളായിരിക്കണം. ഒടുവിൽ മാത്രമാണ് അവ കരയിലേക്കു കുടിയേറിപ്പാർത്തത്. ഈ കുടിയേറ്റത്തിനിടയ്ക്ക് കരയിൽ ജീവിക്കാൻ ഏറ്റവും സൌകര്യപ്രദമായ സ്പോറോഫൈറ്റ് തലമുറയിലേക്ക് ഇവ കടന്നതായിരിക്കണം. ജന്തുക്കളിൽ ഈ കുടിയേറ്റം അംഫീബിയയിൽകൂടി നടന്നതുപോലെ സസ്യജാലത്തിൽ അത് ബ്രയോഫൈറ്റയിൽ, പ്രത്യേകിച്ച് ആന്തോസിറോസിൽ കൂടിയാണ് സഫലമായതെന്ന് കരുതപ്പെടുന്നു. ഇതിന്റെ സ്പോറോഫൈറ്റിന് മറ്റു സ്പോറോഫൈറ്റയിലെങ്ങും കാണാത്തതും ഉപരിസസ്യവർഗങ്ങളിൽ കാണാറുള്ളതുമായ മെരിസ്റ്റം എന്ന സസ്യവളർച്ചയ്ക്കാധാരമായ ഒരു ഭാഗമുണ്ട്. ഒരു വ്യത്യാസമേയുള്ളു-അവയവങ്ങളുടെ അഗ്രത്തിൽ വേണ്ടതിനുപകരം അതിന്റെ അടിഭാഗത്താണ് മെരിസ്റ്റം സ്ഥിതിചെയ്യുന്നത്. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായ ബവറിന്റെ അഭിപ്രായത്തിൽ സൈലോട്ടത്തെപ്പോലുള്ള ഒരു സസ്യം ഇതിൽനിന്നുമാണുദ്ഭവിച്ചത്. ആന്തോസിറോസിൽനിന്നോ അഥവാ അതിന്റെ പൂർവജരിൽനിന്നോ ഇന്നത്തെ കരസസ്യങ്ങളുടെ മുന്നോടിയായ സൈലോഫൈറ്റ വിഭാഗത്തിൽപ്പെട്ട സസ്യങ്ങൾ ഉദ്ഭവിച്ചു എന്നാണ് കരുതപ്പെടുന്നത്.

ടെറിഡോഫൈറ്റ

[തിരുത്തുക]
ഒരു ടെറിഡോഫൈറ്റ (Adiantum lunulatum)

ആറ്റിൻതീരങ്ങളിലും കുളക്കരകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള പന്നലുകൾ ടെറിഡോഫൈറ്റയിൽപ്പെട്ടവയാണ്. ഏകദേശം 4,500 സ്പീഷിസുള്ള ഈ വിഭാഗത്തിൽപ്പെട്ട ചെടികളെല്ലാംതന്നെ വലിപ്പത്തിൽ അത്ര പ്രാധാന്യമർഹിക്കുന്നവയല്ല. എന്നാൽ പുരാതന യുഗങ്ങളിൽ ഇവയുടെ ഭീമാകാര പൂർവികർ വളരെ വ്യാപകമായി കാണപ്പെട്ടിരുന്നു.

ഭൂഗോളത്തിന്റെ മിക്ക ഭാഗങ്ങളിലും പന്നലുകൾ കാണാം. ഉഷ്ണമേഖലയിലാണ് സാധാരണ കാണാറുള്ളതെങ്കിലും മറ്റു മേഖലകളിലും അവ ദുർലഭമല്ല. അവയിൽ ഏറ്റവും വലുതായ വൃക്ഷപ്പന്നലുകൾ ചെറിയ തെങ്ങുപോലെ, ശിഖരരഹിതമായ അഗ്രഭാഗത്ത് ഒരുപറ്റം ഇലകളോടുകൂടി വളരുന്നു. ഇവ ഏകദേശം 15 മീറ്റർ ഉയരത്തിൽ എത്താറുണ്ട്. എന്നാൽ മിക്ക പന്നലുകളുടെയും കാണ്ഡം വളരെ ചെറുതാണ്; പലതിന്റേയും കാണ്ഡം മണ്ണിനടിയിൽ കിഴങ്ങുപോലെ വളരുകയും അതിൽനിന്നും വളരുന്ന മൂലങ്ങൾ ചെടിയെ മണ്ണിൽ ഉറപ്പിക്കുകയും ചെയ്യുന്നു. തളിരിലകളുടെ അഗ്രങ്ങൾ തേരട്ടപോലെ ചുരുണ്ടിരിക്കും. ഇലകളുടെ അധോഭാഗത്തായി ധാരാളം പുള്ളികൾ കാണാറുണ്ട്. ഈ പുള്ളികളാണ് സോറസുകൾ എന്നറിയപ്പെടുന്ന സ്പൊറാഞ്ചിയ സമൂഹങ്ങൾ. ഓരോ സോറസിലും ധാരാളം സ്പൊറാഞ്ചിയകൾ ഉണ്ടായിരിക്കും. പല പന്നലുകളിലും അവ ഇൻഡൂസിയം എന്നറിയപ്പെടുന്ന ഒരാവരണം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഓരോ സ്പൊറാഞ്ചിയത്തിനും ഒരു നീളമുള്ള തണ്ടും അതിന്റെ അറ്റത്ത് ഗോളാകൃതിയായ ഒരു സഞ്ചിയും അതിനുള്ളിൽ സ്പോറുകളുമുണ്ട്. ഒരു പ്രത്യേക സംവിധാനംകൊണ്ട് സ്പൊറാഞ്ചിയം പൊട്ടുകയും അതിലെ സ്പോറുകൾ സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നു. ഈർപ്പമുള്ള സ്ഥലത്തു വീണാൽ ഓരോ സ്പോറും മുളച്ച് ഹൃദയാകാരവും ഏകദേശം അര സെന്റിമീറ്റർ വലിപ്പവും ഉള്ള പ്രോത്താലസ് എന്ന ഗാമറ്റോഫൈറ്റ് തലമുറയായി വളരുന്നു. ഈ പ്രോത്താലസ് പ്രത്യുല്പാദനാവയവങ്ങൾ മാത്രമേ ഉല്പാദിപ്പിക്കുകയുള്ളു. ഓരോന്നിലും ആന്തറിഡിയവും ആർക്കിഗോണിയവും ഉണ്ടാകുന്നു. സാധാരണഗതിയിൽ മധ്യത്തിൽ ആർക്കിഗോണിയവും അതിനു ചുറ്റുമായി ആന്തറിഡിയവും ആയിരിക്കും. ഓരോ ആന്തറിഡിയവും ധാരാളം ദ്വിസീലിയാവാഹികളായ പുരുഷബീജങ്ങൾ ഉത്പാദിപ്പിക്കുകയും, പൂർണ വളർച്ചയെത്തുമ്പോൾ പുറത്തേയ്ക്കു വിടുകയും ചെയ്യുന്നു. ഓരോ ആർക്കിഗോണിയത്തിലും ഒരു സ്ത്രീബീജം മാത്രമേയുള്ളൂ. ആർക്കിഗോണിയത്തിന്റെ ഗളത്തിനുള്ളിലെ ഗളനാളകോശങ്ങൾ വിഘടിച്ചു നശിച്ച് ഉണ്ടാകുന്ന ദ്വാരത്തിൽക്കൂടി ഒരു പുരുഷബീജം ആർക്കിഗോണിയത്തിന്റെ അടിഭാഗത്തു പ്രവേശിക്കുകയും അവിടെവച്ച് സ്ത്രീബീജവുമായി സംയോജിച്ച് യുഗ്മകം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. സംയോഗത്തിൽനിന്നും ഉദ്ഭവിക്കുന്ന യുഗ്മകത്തിൽനിന്ന് സ്പോറോഫൈറ്റായ പന്നൽച്ചെടി വീണ്ടും ഉണ്ടാകുന്നു.

ചിലയിനം പന്നലുകളിൽ രണ്ടുതരം സ്പോറുകൾ ഉണ്ടാകാറുണ്ട്. മൈക്രോസ്പോർ എന്നും മെഗാസ്പോർ എന്നും അറിയപ്പെടുന്ന ഈ രണ്ടിനം സ്പോറുകളുടേയും തുടർന്നുള്ള പരിണാമത്തിന്റെ ഫലമാണ് സപുഷ്പി സസ്യങ്ങളിലെ ബീജാണ്ഡം, പരാഗം എന്നിവ. പരിണാമത്തിന്റെ അന്തിമദശയാണ് ഇന്നത്തെ ബീജാണ്ഡം പ്രകടമാക്കുന്നത്.

ഇന്നത്തെ പന്നൽ വർഗത്തിൽപ്പെട്ട ചെടികൾ സാമ്പത്തികമായി വളരെ അപ്രധാനങ്ങളാണെങ്കിലും പാലിയോസോയിക് കല്പത്തിലെ കാർബോണിഫറസ് യുഗത്തിൽ ജീവിച്ചിരുന്നവ വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇന്ന് വ്യവസായത്തെ സാരമായി സഹായിക്കുന്ന കല്ക്കരികല്ക്കരിയുടെ ഉറവിടം പണ്ടത്തെ പന്നൽവർഗങ്ങളിലെ ഭീമാകാരങ്ങളായ ചെടികളാണ്. കാർബോണിഫറസ് യുഗത്തിൽ അപ്രതീക്ഷിതമായ ഭൂചലനങ്ങളിൽപ്പെട്ട് ധാരാളം വനങ്ങൾ മണ്ണിനടിയിലാകുകയും സാവധാനത്തിൽ അഴുകുകയും ചെയ്തു. വായുവിന്റെ അഭാവത്തിൽ നടന്ന ഈ അഴുകൽ മുഖേന അവയിലെ സെല്ലുലോസ്, ലിഗ്നിൻ, പ്രോട്ടീൻ മുതലായവ പീറ്റ്ബോഗ് എന്ന വസ്തുവായി മാറി. കാലാന്തരത്തിൽ മുകളിലെ പാറകളുടെ സമ്മർദം, സാവധാനത്തിലുള്ള അവശിഷ്ട-അപഘടന കൊണ്ടുള്ള ചൂട് തുടങ്ങിയവ അവയെ കല്ക്കരിയായി രൂപാന്തരപ്പെടുത്തി. ധാതു എണ്ണകളും കല്ക്കരിപോലെതന്നെ പുരാസസ്യ മഹാകല്പങ്ങളിലെ സംഭാവനകളാണ്.

ഇതുംകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.wisegeek.com/what-are-cilia.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-13. Retrieved 2012-08-07.
  3. http://scienceray.com/biology/marine-biology/planktons/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-28. Retrieved 2012-08-07.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-02. Retrieved 2012-08-07.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-17. Retrieved 2012-08-07.
  7. http://botanydictionary.org/hepaticae.html
  8. http://www.britannica.com/EBchecked/topic/560952/spore
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-12. Retrieved 2012-08-07.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപുഷ്പികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപുഷ്പി&oldid=3801039" എന്ന താളിൽനിന്ന് ശേഖരിച്ചത്