ഫേയോഫൈറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫേയോഫൈറ്റ
Giant kelp (Macrocystis pyrifera)
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Division:
Class:
Phaeophyceae

Orders

see Classification.

Synonyms

Fucophyceae
Melanophyceae
Phaeophyta

തവിട്ട് നിറമുള്ള, കൂടുതലും കടൽവാസികളായ ബഹുകോശ ആൽഗ(പായൽ) സസ്യങ്ങളാണ് ഫിയോഫൈസിയേ അഥവാ ബ്രൗൺ ആൽഗകൾ (Phaeophyceae or brown algae). ഇവയുടെ കോശങ്ങളിലെ മഞ്ഞ കലർന്ന തവിട്ട് നിറമുള്ള ക്രൊമാറ്റോഫോറുകളാണ് (Chromatophore)ഈ നിറം നൽകുന്നത്. മറ്റ് വർണ്ണകങ്ങളെക്കാൾ ഇതിൽ സാന്തോഫില്ലുകൾ(Xanthophyll) വളരെക്കൂടുതലുണ്ട്. വാസസ്ഥാനങ്ങൾ (Habitats) രൂപപ്പെടുത്തിയും ആഹാരമായി മാറിയും കടൽപരിസരങ്ങളിൽ വലിയ പങ്ക് ഇവ വഹിക്കുന്നു. ഉദാഹരണമായി ലാമിനേറിയേൽസ് (Laminariales) എന്ന ഓർഡറിലുൾപ്പെടുന്ന മാക്രോസിസ്റ്റിസ് (Macrocystis) എന്ന കെൽപ് (kelp അഥവാ treas of seas [2]) വിഭാഗത്തിലെ ജീവികൾ 60 മീറ്ററോളം നീളം വയ്ക്കുകയും കടലിന്നടിയിൽ വലിയ വനങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. സർഗാസ്സോ കടലിൽ സവിശേഷവാസസ്ഥാനം രൂപപ്പെടുത്തിയിട്ടുള്ള ഉഷ്ണജലസസ്യമായ സർഗ്ഗാസം (Sargassum, or Gulf weed[3]) മറ്റൊരുദാഹരണമാണ്. വടക്കേ അറ്റ്ലാന്റിക് സമുദ്രത്തെ സർഗാസ്സോ കടൽ എന്നുവിളിക്കുന്നതിന് കാരണം ഇവയാണ്. കെൽപ്പ് ക്ലാസ്സിൽ (Class Kelp) ഉൾപ്പെടുന്ന ആൽഗകളെ മനുഷ്യർ ആഹാരമാക്കുന്നുമുണ്ട്. ഇവയുടെ ശരീരമായ താലസ്സ് ബഹുകോശകവും നേരിട്ട് ദൃശ്യവുമാണ്.
ഏറ്റവും കൂടുതൽ ഗവേഷണങ്ങൾക്കുപാത്രമായ ബ്രൗൺ ആൽഗേകളാണ് ആസ്കോഫില്ലം നോഡോസം (Ascophyllum nodosum).[4]

1500- 2000 സ്പീഷീസുകളാണ് ഫിയോഫൈസിയേയിലുള്ളത്. [5]യൂക്കാരിയോട്ടിക് വിഭാഗത്തിലെ ഹെറ്ററോകോണ്ടോഫൈറ്റ (Heterokontophyta) വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. പച്ച കലർന്ന തവിട്ടുനിറവും ബ്രൗൺ പായൽ എന്ന പേരും ലഭിച്ചത് ഇവയിൽ കാണപ്പെടുന്ന ഫ്യൂക്കോസാന്തിൻ (fucoxanthin) എന്ന വർണ്ണകത്തിന്റെ സാന്നിദ്ധ്യമാണ്. ഹെറ്ററോകോണ്ടുകളിൽ വ്യതിരിക്തകലകളാൽ(differentiated tissues) ബഹുകോശകസ്വാഭാവം കൈവന്ന അനന്യപ്രത്യേകതയും ഇവയ്ക്കുണ്ട്. എന്നാൽ ഫ്ലാജല്ലകളുള്ള സ്പോറുകൾ വഴിയും ലിംഗകോശങ്ങൾ (Gametes)വഴിയുമാണ് ഇവ പ്രത്യുൽപ്പാദനം നടത്തുന്നത്. ജനിതക പഠനങ്ങൾ ഇവ മഞ്ഞ- ഹരിത പായലുകളുമായി (Yellow- green algae) ഏറ്റവും അടുത്ത പരിണാമപരമായ ബന്ധം കാണിക്കുന്നതായി തെളിയിക്കുന്നു. ഇതിലെ മിക്ക ജീനസ്സുകളിലും സ്വതന്ത്രജീവികളായ സ്പൈറോഫൈറ്റികവും ഗാമെറ്റോഫൈറ്റികവുമായ തലമുറകളുടെ ഏകാന്തരണമുണ്ട്.

വിതരണം[തിരുത്തുക]

നാല് ശുദ്ധജല ഫിയോഫൈറ്റുകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം സമുദ്രജലജീവികളാണ്. സമുദ്രഫിയോഫൈറ്റകൾ പൊതുവേ ശീതജല ആൽഗകളാണ്. ആർട്ടിക്- അന്റാർട്ടിക് സമുദ്രങ്ങളിലെ കടലോരഫിയോഫൈറ്റകൾ ഈ തരത്തിലുള്ളവയാണ്. ഡിക്ടിയോട്ടെലിസുകളും സർഗ്ഗാസവും ഉഷ്ണജലസസ്യങ്ങളാണ്. സമുദ്രസ്പീഷീസുകളിൽ മിക്കവയും മറ്റ് നിർജ്ജീവ ആധാരങ്ങളിലോ പാറകളിലോ പററിപ്പിടിച്ചുവളരുന്നവയാണ്. ഫ്യൂക്കേൽസ് ഓർഡറിലുൾപ്പെടുന്ന (Order Fucales)ബ്രൗൺ പായലുകൾ (Brown algae) പൊതുവേ പാറകൾ നിറഞ്ഞ സമുദ്രതീരങ്ങളിൽ കാണപ്പെടുന്നവയാണ്. മറ്റ് സ്പീഷീസുകൾ മറ്റ് പായലുകളുമായി എപ്പിഫൈറ്റികമായോ എൻഡോഫൈറ്റികമായോ സഹവസിച്ച് വളരുന്നവയാണ്.
സമുദ്രത്തിന്റെ ഒരു പ്രത്യേകസ്ഥാനത്ത് വളരുന്ന തവിട്ട് ആൽഗകൾ നെടുകേയുള്ള മേഖലാസ്വരൂപീകരണം കാണിക്കുന്നുണ്ട്. അന്തരാവേലമേഖലകളിൽ (Intertidal regions) കാണപ്പെടുന്ന ഇതര സ്പീഷീസുകൾ പോലും നിശ്ചിതരീതിയിൽ നെടുകെയുള്ള വിതരണം കാണിക്കുന്നു. ഫ്യൂക്കേസീ വിഭാഗത്തിലെ (Fucales) പാറകൾക്കുമുകളിലെ കളകൾ മുകൾ കടലോരഭാഗത്തും കടൽപ്പോച്ചകൾ (Laminariales) കടലോരത്തിന്റെ ഏറ്റവും അടിഭാഗത്തായും പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. ഉപകടലോരത്തും മധ്യകടലോരത്തും വളരുന്നവയുമുണ്ട്. [6]തണുത്ത സമുദ്രജലഭാഗങ്ങളിൽ ഇവ 20 മീറ്റർ ആഴത്തിനപ്പുറം വളരാറില്ല. കൂടാതെ, ഉഷ്ണജലത്തിൽ 90 മീറ്റർ ആഴത്തിൽ വരെയെത്തുന്ന ചിലയിനം ജീവികളുണ്ട്.[7]

ഘടന[തിരുത്തുക]

ഇവയുടെ ശരീരത്തിലെ മുഖ്യമായ മൂന്നുഭാഗങ്ങൾ ഹോൾഡ്ഫാസ്റ്റ്(Holdfast), സ്റ്റൈപ്പ് (Stipe), ലാമിന (Lamina) എന്നിവയാണ്. സ്വതന്ത്രജീവികളല്ലാത്തവയെല്ലാം (സർഗാസം, ഫ്യൂക്കസ്) ഹോൾഡ്ഫാസ്റ്റുകൾ എന്ന ഘടന വഴി ഉപരിതലങ്ങളോട് പറ്റിപ്പിടിച്ച് വളരുന്നു. ഇവ വേരുകൾ പോലെ തോന്നിക്കുന്ന ശാഖകളുള്ള ഘടനയാണ്. നീളമുള്ളതോ കുറഞ്ഞതോ ആയ കാണ്ഡഭാഗമാണ് സ്റ്റൈപ്പ്. ഇലകൾക്കുസമമായ ഫ്രോണ്ടുകളും (Fronds) ഇവയ്ക്കുണ്ട്. ജലോപരിതലത്തിൽ പ്ലവക്ഷമത നൽകുന്നത് ഇവയിലെ വായുഅറകളാണ്(Air vesicles). ക്ലോറോഫിൽ a, ക്ലോറോഫിൽ c, ഫ്യൂക്കോസാന്തിൻ (ബ്രൗൺ പായലുകളിൽ), കരോട്ടിനോയിഡുകൾ, ല്യൂട്ടീൻ, വയോലാസാന്തിൻ(Violaxanthin), ഡയാറ്റോസാന്തിൻ(Diatoxanthin) എന്നിവയാണ് ഇവയിലെ മുഖ്യമായ വർണ്ണകങ്ങൾ.[8] ഫ്യൂക്കോസാന്തിൻ ഹരിതകണത്തെ (ക്ലോറോഫിൽ) മറയ്ക്കുന്നതിനാൽ ഫിയോഫൈസിയ ജീവജാതികളുടെ നിറം ബ്രൗൺ മുതൽ ഒലീവ് ഗ്രീൻ വരെയാകാറുണ്ട്. ലാമിനാരിൻ (Lainarin), മാനിറ്റോൾ (Mannitol), എന്നിവയാണ് ഇവയിലെ സഭൃതാഹാരം. ലാമിനാരിൻ സങ്കീർണ്ണഘടനയുള്ള ഒരിനം കാർബോഹൈഡ്രേറ്റ് അഥവാ ധാന്യകം (പഞ്ചസാര)യാണ്. ഇവയുടെ കോശഭിത്തിയിൽ സെല്ലുലോസും ആൽജിനിക് അമ്ലം പോലുള്ള ഫൈക്കോ കൊളോയിഡ്സും ഫ്യൂക്കോയിഡാൻ(Fucoidan) എന്ന പോളിസാക്കറൈഡുമുണ്ട്. എക്ടോകാർപ്പസ് (Ectocarpus) പോലുള്ള ജീവികൾ ചെറുതന്തുക്കളായി (Sort filaments) കാണപ്പെടുമ്പോൾ സർഗ്ഗാസം പോലുള്ളവ ഒരു മീറ്ററോളം നീളമുള്ളവയാണ്.[9]

വർഗ്ഗീകരണം[തിരുത്തുക]

ഫിയോഫൈസിയ ക്ലാസ്സിലെ മുഖ്യ ഓർഡറുകളാണ് താഴെത്തന്നിരിക്കുന്നത്. Guiry, M. D.; Guiary, G. M. (2009). "AlgaeBase". National University of Ireland. Retrieved 2012-12-31.</ref>

ജീവിതചക്രം[തിരുത്തുക]

ഡിപ്ലോഹാപ്ലോണ്ഡിക് (Diplohaplontic) (ഉദാ: ഡിക്ടിയോട്ട), ഹാപ്ലോണ്ടിക് (Haplontic) എന്നീ ജീവിതചക്രമാണിവ പ്രകടിപ്പിക്കുന്നത്.[10]ഫ്യൂക്കസും സർഗ്ഗാസവുമൊഴികെ മറ്റുള്ളവ സ്പോറോഫൈറ്റും ഗാമെറ്റോഫൈറ്റും ഉൾക്കൊള്ളുന്ന നിയത തലമുറവ്യതിയാനം (Regular alternation of generations) കാണിക്കുന്നു. ഊഗോണിയത്തിനകത്തോ ജലത്തിൽ വച്ചോ ലിംഗകോശങ്ങളുടെ സംയോജനം നടക്കുന്നു.

പരിണാമചരിത്രം[തിരുത്തുക]

ബ്രൗൺ നിറമുള്ള സീലിയേറ്റ് (സീലിയകളുള്ള) ഏകകോശ പൂർവ്വികനിൽ നിന്നാണ് ഇവ രൂപപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. [11]ചലനശേഷിയുള്ള സീലിയകൾ വഹിക്കുന്ന പ്രത്യുല്പാദന കോശങ്ങൾ ഇവയ്ക്കുള്ളത് ഈ സാദ്ധ്യത ശരിവയ്ക്കുന്നു. നാല് സ്തരങ്ങളാൽ പൊതിയപ്പട്ട ഹരിതകണങ്ങൾ (chloroplasts) ആണ് ഇവയുടെ ഏറ്റവും മുഖ്യ പ്രത്യേകത. ഇവ ഒരു യൂക്കാരിയോട്ടിനോട് മറ്റൊരു അടിസ്ഥാനയൂക്കാരിയോട്ടിക് കോശം എൻഡോസിംബയോട്ടിക് വർത്തിത്വം (Endoymbiosis) രൂപപ്പെട്ടതുവഴി ഉടലെടുത്തു എന്നതിന് ഇത് തെളിവാണ്. ഇവരുടെ ശരീരം(Vegetative body) ബഹുകോശകമാണ്. അതിനാൽ ഇവ ഏകകോശ ഹരിതആൽഗകളുമായി ബന്ധപ്പെട്ടവയല്ല. ഈ വിഭാഗത്തിലുൾപ്പെടുന്നവയ്ക്കുമാത്രമേ ഫ്യൂക്കോസാന്തിനും ലാമിനാരിനുമുള്ളൂ. ഐസോഗാമി, അനൈസോഗാമി, ഊഗാമി എന്നിങ്ങനെയുള്ള പ്രത്യുൽപ്പാദനരീതികൾ ഇവ ക്രമാനുഗതമായി പ്രകടിപ്പിക്കുന്നു. ഇവ കരയിൽ വസിക്കുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ ഫിയോഫൈസിയയിൽത്തന്നെ ആൾട്ടർനേഷൻ ഓഫ് ജനറേഷൻസ് കാണിക്കുന്ന സ്പോറോഫൈറ്റും ഗാമെറ്റോഫൈറ്റും ബാഹ്യപ്രകൃതത്തിൽ സാദൃശ്യമുള്ളവയും സാദൃശ്യമില്ലാത്തവയുമായി രണ്ടുതരത്തിലുള്ള വിവ്രജനപരിണാമം (Divergent Evolution) കാണിക്കുന്നു. ഡി.എൻ.എ ശ്രേണീനിരീക്ഷണങ്ങൾ 150 മുതൽ 200 വരെ ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഇവ തന്തുരൂപിയായ ഫിയോതാമ്നിയോഫൈസിയേ, സാന്തോഫൈസിയേ, ക്രൈസോഫൈസിയേ (filamentous Phaeothamniophyceae, Xanthophyceae, Chrysophyceae) എന്നിവയിൽ നിന്ന് പരിണമിച്ചുണ്ടായവയാണെന്ന് തെളിയിക്കുന്നു.[12] 5S rRNA യുടെ ശ്രേണീഗവേഷണങ്ങൾ ചുവന്നതോ പച്ചയോ ആയ പായലുകളുമായി (Red or Green Algae) ചെറിയ പരിണാമപരമായ അകലമേ ഉള്ളൂ എന്ന് തെളിയിക്കുന്നു. മറ്റൊരർത്ഥത്തിൽ ബ്രൗൺ പായലുകൾ റെഡ് ആൽഗയിൽ നിന്നും ഹരിതആൽഗയിൽ നിന്നും ഈ അടുത്തകാലത്താണ് വേർതിരിഞ്ഞതെന്ന് മനസ്സിലാക്കാം.[13]

പ്രാധാന്യം[തിരുത്തുക]

ലാമിനേറിയ (Kombu, Devil's Apron), സർഗ്ഗാസം, എന്നീ കടൽപ്പോച്ചകൾ (Kelps) ഭക്ഷ്യയോഗ്യമാണ്. മാക്രോസിസ്റ്റിസ്(Macrocystis), നീറിയോസിസ്റ്റിസ്(Nereocystic) എന്നിവ പൊട്ടാസ്യത്തിന്റെ ഉറവിടങ്ങളാണ്. ലാമിനേരിയ, ഫ്യൂക്കസ്, സർഗ്ഗാസം, മാക്രോസിസ്റ്റിസ് എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആൽജിനിക്കാസിഡ് സെക്യൂരിറ്റി ഗ്ലാസ്സ്, സർജിക്കൽ ത്രെഡ്, ടെക്സ്റ്റൈൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഫ്ലോറോടാനിനുകൾ (Phlorotannins) എന്നറിയപ്പെടുന്ന പ്രത്യേകതരം ടാനിനുകൾ ഫിയോഫൈസിയ ഉത്പാദിപ്പിക്കുന്നു.

അവലംബം[തിരുത്തുക]

 1. Kjellman, F. R. (1891). "Phaeophyceae (Fucoideae)". In Engler, A.; Prantl, K. (eds.). Die natürlichen Pflanzenfamilien. Vol. 1. Leipzig: Wilhelm Engelmann. pp. 176–192.
 2. Dinesh Objective Biology, Page 319, S. Dinesh &Co, 2006
 3. Rapid Biology, Reena Ahlawat, MTG Books, New Delhi, 2007, page 38
 4. Senn, T. L. (1987). Seaweed and Plant Growth. Clemson, S. C.: T. L. Senn. ISBN 0-939241-01-3.
 5. van den Hoek, C.; Mann, D. G.; Jahns, H. M. (1995). Algae: An Introduction to Phycology. Cambridge: Cambridge University Press. pp. 165–218. ISBN 0-521-31687-1.
 6. അപുഷ്പി സസ്യശാസ്ത്രം, വാല്യം 1, ആൽഗകളും ഫംഗസ്സുകളും, ഗിൽബർട്ട് എം. സ്മിത്ത്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരളം, 1975, പേജ് 322
 7. Botany for degree students, A C Dutta, Oxford University Press, 2009, Page- 382
 8. Dinesh Objective Biology, Page 319, S. Dinesh &Co, 2006
 9. Botany for degree students, A C Dutta, Oxford University Press, 2009, Page- 383
 10. Rapid Biology, Reena Ahlawat, MTG Books, New Delhi, 2007, page 38
 11. Botany for degree students, A C Dutta, Oxford University Press, 2009, Page- 383
 12. Lim, B.-L.; Kawai, H.; Hori, H.; Osawa, S. (1986). "Molecular evolution of 5S ribosomal RNA from red and brown algae". Japanese Journal of Genetics 61 (2): 169–176. doi:10.1266/jjg.61.169.
 13. Hori, H.; Osawa, S. (1987). "Origin and evolution of organisms as deduced from 5S ribosomal RNS sequences". Molecular Biology and Evolution 4 (5): 445–472. PMID 2452957.
"https://ml.wikipedia.org/w/index.php?title=ഫേയോഫൈറ്റ&oldid=1739252" എന്ന താളിൽനിന്ന് ശേഖരിച്ചത്