ഹേ രാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേ രാം
സംവിധാനംകമലഹാസൻ
നിർമ്മാണംകമലഹാസൻ
രചനകമലഹാസൻ
തിരക്കഥകമലഹാസൻ
അഭിനേതാക്കൾകമലഹാസൻ
ഷാരൂഖ് ഖാൻ
അതുൽ കുൽക്കർണി
റാണി മുഖർജി
ഹേമ മാലിനി
ഗിരീഷ് കർണാട്
വസുന്ധര ദാസ്
നസീറുദ്ദീൻ ഷാ
സംഗീതംഇളയരാജ
ഛായാഗ്രഹണംഎസ്. തിരു
ചിത്രസംയോജനംരേണു സലൂജ
വിതരണംരാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ
റിലീസിങ് തീയതി2000
രാജ്യം ഇന്ത്യ
ഭാഷതമിഴ്
ഹിന്ദി
സമയദൈർഘ്യം157 മിനിറ്റ്

തമിഴ്, ഹിന്ദി ഭാഷകളിലായി 2000-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ ഹേ രാം. കമലഹാസൻ തിരക്കഥയെഴുതി നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രം ധാരാളം വിവാദങ്ങൾക്ക് കാരണമായി.[1] എതിർപ്പുകൾക്കിടയിൽ അഡൾട്സ് ഒൺലി സർട്ടിഫിക്കേഷനോടെ പ്രദർശനത്തിനെത്തിയ ചിത്രം ഇന്ത്യയിൽ സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും നിരൂപകപ്രശംസ നേടി.[2] കമലഹാസൻ, ഷാരൂഖ് ഖാൻ, അതുൽ കുൽക്കർണി, റാണി മുഖർജി, ഹേമ മാലിനി, ഗിരീഷ് കർണാട്, വസുന്ധര ദാസ്, നസീറുദ്ദീൻ ഷാ തുടങ്ങിയവരാണ്‌ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യാവിഭജനത്തിന്റെയും വർഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിലാണ്‌ ഇതിലെ കഥ നടക്കുന്നത്. 2000-ൽ 3 ദേശീയപുരസ്കാരങ്ങൾ ഹേ രാം നേടി. ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന്‌ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശവും ഈ ചിത്രമായിരുന്നു

പേര്‌[തിരുത്തുക]

നാഥൂറാം ഗോഡ്സെയുടെ വെടിയേറ്റ് വീണ ഗാന്ധിയുടെ അവസാന വാക്കുകൾ "ഹേ രാം" എന്നായിരുന്നു എന്നാണ്‌ പൊതുവായ വിശ്വാസം. എങ്കിലും ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ച് നിർമ്മിച്ച ചലച്ചിത്രത്തിൽ ഈ അവസാന വാക്കുകളോടെയാണ്‌ ഗാന്ധി മരിച്ചുവീഴുന്നത്. എന്നാൽ ഹേ രാമിൽ നസീറുദ്ദീൻ ഷാ അവതരിപ്പിക്കുന്ന ഗാന്ധിയുടെ കഥാപാത്രം മരണമടയുന്നത് ഹേ രാം എന്നുച്ചരിക്കാതെയാണ്‌.

കഥാസംഗ്രഹം[തിരുത്തുക]

89 വയസ്സുകാരനായ സാകേത് രാം (കമലഹാസൻ) മരണക്കിടക്കയിലാണ്‌. 1940-കളിലെ തന്റെ ജീവിതം അയാൾ ഓർമ്മിക്കുന്നു. തഞ്ചാവൂരുകാരൻ ബ്രാഹ്മണനായ സാകേത് രാം കറാച്ചിയിൽ പുരാവസ്തുഗവേഷകനായിരുന്നു. സാകേത് രാമും അംജദ് അലി ഖാനും (ഷാരൂഖ് ഖാൻ) മനോഹർ ലാൽവാനിയും (സൗരഭ് ശുക്ല) സുഹൃത്തുക്കളായിരുന്നു. സാകേതും അംജദും ഇന്ത്യാവിഭജനത്തെ അനുകൂലിക്കുന്നില്ല. വിഭജനം മൂലം അവർക്ക് കറാച്ചിയിൽ നിന്ന് മടങ്ങേണ്ടിവരുന്നു.

സാകേത് രാമിന്റെ ഭാര്യ അപർണ (റാണി മുഖർജി) ബംഗാളിയായ സ്കൂൾ ടീച്ചറാണ്‌. കൊൽക്കത്തയിൽ ഭാര്യയുടെ അടുത്തേക്ക് പോകുന്ന സാകേത് രാമിന്‌ വർഗ്ഗീയലഹളകൾ ദർശിക്കേണ്ടിവരുന്നു. ഒരു സിഖ് പെൺകുട്ടിയെ കലാപകാരികളായ മുസ്ലിം ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് സാകേത് വീട്ടിലേക്ക് തിരിച്ചുപോവുമ്പോൾ തന്റെ വിട്ടിലേക്ക് ഒരു മുസ്ലിം സംഘം പ്രവേശിക്കുന്നത് കാണുന്നു. അവർ അപർണയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു. ദേഷ്യത്തിൽ സാകേത് സംഘത്തിലുണ്ടായിരുന്ന തങ്ങളുടെ തയ്യൽക്കാരനെ വെടിവെച്ചുകൊല്ലുന്നു. ഇതിനിടെ സാകേത് ശ്രീരാം അഭ്യങ്കർ (അതുൽ കുൽക്കർണി) എന്നയാളെ പരിചയപ്പെടുന്നു. മുസ്ലിം ആക്രമണത്തെ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന ഒരു സംഘത്തിന്റെ നേതാവായ അഭ്യങ്കർ പാകിസ്താൻ വിഷയത്തിൽ ഇന്ത്യയെ വഞ്ചിച്ച ഗാന്ധിജിയെ (നസീറുദ്ദീൻ ഷാ) വധിക്കണമെന്ന പക്ഷക്കാരനാണ്‌. ലഹളകൾക്കും വിഭജനത്തിനും ഭാര്യയുടെ മരണത്തിനുമെല്ലാം ഗാന്ധിയാണ്‌ കാരണക്കാരനെന്ന് സാകേതും വിശ്വസിക്കുന്നു.

ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി സാകേത് രാം മൈഥിലിയെ (വസുന്ധര ദാസ്) വിവാഹം കഴിക്കുന്നു. ഭാര്യയുമൊത്ത് മഹാരാഷ്ട്രയിലേക്ക് യാത്ര പോകുന്ന സാകേത് അഭ്യങ്കറെ വീണ്ടും കണ്ടുമുട്ടുന്നു. അഭ്യങ്കർ ഭാഗമായുള്ള തീവ്രവാദസംഘടന ഗാന്ധിയെ കൊല്ലാൻ തീരുമാനിക്കുന്നു. സാകേതും അഭ്യങ്കറുമാണ്‌ കൃത്യത്തിന്‌ തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ പോളോ കളിക്കിടെ പരിക്കേറ്റ് അഭ്യങ്കർ ശയ്യാവലംബിയാകുന്നു. തങ്ങളുടെ ജോലി സ്വയം ചെയ്യാൻ സാകേത് തീരുമാനിക്കുന്നു. കുടുംബത്തെ ഉപേക്ഷിച്ച് അയാൾ ഡെൽഹിയിലേക്ക് പോകുന്നു.

അവിടെവച്ച് സാകേത് അംജദിനെ വീണ്ടും കണ്ടുമുട്ടുന്നു. സാകേതിന്റെ കൈയിലെ തോക്കിൽ നിന്ന് തുടങ്ങുന്ന പ്രശ്നങ്ങൾ അംജദുൾപ്പെടെ അനേകം പേരുടെ മരണത്തിന്‌ കാരണമാകുന്ന സംഘട്ടനത്തിൽ കലാശിക്കുന്നു. അംജദുമായും ഗാന്ധിയുമായും സാകേത് നടത്തുന്ന കൂടിക്കാഴ്ചകൾ ഗാന്ധിയെക്കുറിച്ച് സാകേതിന്റെ ധാരണ മാറ്റാൻ സഹായിക്കുന്നു. ലഹളകൾക്ക് അറുതിയുണ്ടാക്കാൻ ഗാന്ധിയുമൊപ്പം പാകിസ്താനിലേക്ക് പോകാൻ സാകേത് തയ്യാറാകുന്നു. എന്നാൽ അതിനുമുമ്പ് നാഥൂറാം വിനായക് ഗോഡ്സെ (ശരദ് പോങ്ക്ഷെ) ഗാന്ധിയെ കൊലപ്പെടുത്തുന്നു. അതിനുശേഷം തികഞ്ഞ ഗാന്ധിയനായാണ്‌ സാകേത് രാം ജീവിക്കുന്നത്.

ഇന്ന് സാകേതിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നു. ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷികമായതിനാൽ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കാൻ പോലീസുദ്യോഗസ്ഥൻ (നാസർ) അവരെ ഒരു ഭൂഗർഭ സങ്കേതത്തിലേക്ക് മാറ്റുന്നു. അവിടെവച്ച് "ഇന്നുമാ?" എന്നചോദ്യത്തോടെ സാകേത് മരണമടയുന്നു. ഗാന്ധിയുടെ പ്രപൗത്രനായ തുഷാർ ഗാന്ധി (തുഷാർ ഗാന്ധി) മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തുന്നു. മരണസമയത്ത് ഗാന്ധി അണിഞ്ഞിരുന്ന ചെരുപ്പും കണ്ണടയും സാകേത് സൂക്ഷിച്ചുവച്ചിരുന്നത് പേരമകൻ തുഷാർ ഗാന്ധിക്ക് കൈമാറുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

2000-ലെ ദേശീയ ചലച്ചിത്രപുരസ്കാരം[തിരുത്തുക]

  • സഹനടൻ : അതുൽ കുൽക്കർണി
  • വസ്ത്രാലങ്കാരം : സരിക
  • സ്പെഷ്യൽ ഇഫെക്റ്റ്സ് : മന്ത്ര

2000-ലെ ഫിലിംഫെയർ തമിഴ് ചലച്ചിത്രപുരസ്കാരങ്ങൾ[തിരുത്തുക]

  • നടൻ : കമലഹാസൻ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹേ_രാം&oldid=3793439" എന്ന താളിൽനിന്ന് ശേഖരിച്ചത്