പുരാവസ്തുഗവേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2,000 വർഷം പഴക്കമുള്ള പുരാതന റോം നഗരത്തിന്റെ അവശേഷിപ്പുകളിൽ പുരാവസ്തുശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തുന്നു.

മണ്‍ മറഞ്ഞു പോയ മനുഷ്യസംസ്കാരങ്ങളെക്കുറിച്ചു് പഠിയ്ക്കുന്ന ശാസ്ത്രമാണു് പുരാവസ്തുശാസ്ത്രം. സംസ്കാരങ്ങളുടെ അവശേഷിപ്പുകളെ ഖനനം ചെയ്തു കണ്ടെത്തിയും പ്രകൃതിയിൽ കാണപ്പെടുന്ന മറ്റു തെളിവുകൾ വായിച്ചെടുത്തും നിരവധി മനനപ്രവർത്തനങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും കഴിഞ്ഞകാലങ്ങളെക്കുറിച്ചുള്ള അറിവുകൾ സമ്പാദിയ്ക്കുകയും രേഖപ്പെടുത്തുകയും ചെയ്യുകയാണു് പുരാവസ്തുശാസ്ത്രജ്ഞന്മാർ ചെയ്യുന്നതു്.

പുരാതനമനുഷ്യസംസ്കാരങ്ങളുടെ ജനനവും അവ കൈവരിച്ച പുരോഗതിയും രേഖപ്പെടുത്തുകയും വിശദീകരിയ്ക്കുകയും ചെയ്യൽ, സംസ്കാരങ്ങളുടെ ചരിത്രം മനസ്സിലാക്കൽ, അവയുടെ പരിണാമദശകളുടെ കാലഗണന, അതിപുരാതനവും പുരാതനവുമായ സമൂഹങ്ങളിലെ മനുഷ്യസ്വഭാവത്തെക്കുറിച്ചും അവൻ ജീവിച്ചിരുന്ന പരിസ്ഥിതികളെക്കുറിച്ചും പഠിയ്ക്കൽ, എന്നിവയാണു് പുരാവസ്തുശാസ്ത്രത്തിന്റെ ചില ലക്ഷ്യങ്ങൾ.

പുരാവസ്തുഅവശേഷിപ്പുകൾ കണ്ടെത്തുന്നതിനായി ഭൂപ്രദേശങ്ങൾ തിരയുന്നതും, കണ്ടെത്തിയ പ്രദേശങ്ങൾ ഖനനം ചെയ്തു് പുരാതനസംസ്കാരചിഹ്നങ്ങൾ കണ്ടെത്തുന്നതും, അവയെ തരംതിരിയ്ക്കുന്നതും, വിശകലനവിധേയമാക്കുന്നതും, സംരക്ഷിയ്ക്കുന്നതും എല്ലാം പുരാവസ്തുഗവേഷണത്തിന്റെ വിവിധഘട്ടങ്ങളാണു്. ഇവയെല്ലാം അറിവിന്റെ വളരെ പ്രധാനപ്പെട്ട ഉറവിടങ്ങളാണു്. വളരെ വിശാലമായ പഠനമേഖലയുള്ളതിനാൽ തന്നെ ഈ ശാസ്ത്രവിഭാഗം മറ്റു പല ശാസ്ത്രശാഖകളുമായി കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നു. ആന്ത്രോപ്പോളജി, ചരിത്രം, കലയുടെ ചരിത്രം, ക്ലാസിക്കുകൾ, എതനോളജി, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം, ഭാഷാശാസ്ത്രം, ഭൌതികശാസ്ത്രം, വിവരസാങ്കേതികശാസ്ത്രങ്ങൾ, രസതന്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, പാലിയോഇക്കോളജി, പാലിയോൺടോളജി, പാലിയോസുവോളജി, പാലിയോഎതനോബോട്ടണി, പാലിയോബോട്ടണി.

ഉള്ളടക്കം

[തിരുത്തുക] പുരാവസ്തുശാസ്ത്രത്തിന്റെ ചരിത്രം

Gilt-metal and jade-inlaid pot. Qianlong reign in the Qing dynasty of China (c. 1700)

[തിരുത്തുക] ജനനവും നിർവ്വചനങ്ങളും

പണ്ടുമുതലേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പഴക്കമുള്ള കൌതുകവസ്തുക്കൾ (പുരാവസ്തുക്കൾ) ശേഖരിയ്ക്കുന്ന സ്വഭാവം ചിലർക്കുണ്ടായിരുന്നു, അതുപോലെ ലാറ്റിൻ ഭാഷയും പുരാതനഗ്രീക്കുഭാഷയും പഠിയ്ക്കുവാൻ കാണിച്ചിരുന്ന താല്പര്യവും. സ്വാഭാവികമായി ഈ കൌതുകങ്ങൾ ചരിത്രവുമായി ബന്ധപ്പെട്ടു കിടന്നു. ലോകത്തിലെ ആദ്യത്തെ പുരാവസ്തുഗവേഷകരിൽ ഒരാളായി കണക്കാക്കുന്നതു് ഫ്ലാവിയോ ബിയോണ്ടോ (1392–1463) എന്ന ഇറ്റാലിയൻ നവോത്ഥാനചരിത്രകാരനെയാണു്. യൂറോപ്പിൽ 17-ഉം 18-ഉം നൂറ്റാണ്ടുകളിലാണു് ഒരു ശാസ്ത്രമെന്ന നിലയിലുള്ള പുരാവസ്തുഗവേഷണത്തിന്റെ മുന്നേറ്റം ഉണ്ടായതു്.

പുരാവസ്തുക്കളോടുള്ള താല്പര്യം തന്നെയാണു് പുരാതനചൈനയിലും ഈ ശാസ്ത്രമേഖലയുടെ പുരോഗതിയ്ക്കു കാരണമായതു്, പ്രത്യേകിച്ചും, ഉന്നതപഠനം നിർവ്വഹിച്ച മുഖ്യ സർക്കാർ ഉദ്യോഗസ്ഥർക്കു് രാജ്യത്തിന്റെ പുരാതന ആചാരങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിനുണ്ടായിരുന്ന താല്പര്യം. തന്റെ സമകാലീനരുടെ ഇത്തരം പരിശ്രമങ്ങളെ ഷെൻ കുവോ‌‌‌‌‌‌ (1031–1095) വിമർശിച്ചിരുന്നു. പഴയകാലങ്ങളിലെ നിർമ്മാണരീതികളെക്കുറിച്ചും പ്രവർത്തനശൈലികളെക്കുറിച്ചും പഠിയ്ക്കുകയാണു് പുരാവസ്തുശാസ്ത്രജ്ഞന്മാർ ചെയ്യേണ്ടതെന്നു് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ ഈ പഠനങ്ങൾ മറ്റു ശാസ്ത്രശാഖകളുമായി കോർത്തിണക്കിവേണം നടത്തേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഷെൻ കുവോ കാണിച്ചപോലുള്ള അതേ ഗൌരവത്തോടെ ഈ ശാസ്ത്രത്തെ സമീപിച്ചവരും ഉണ്ടായിരുന്നു; ഉദ്യോഗസ്ഥനും, കവിയും, ചരിത്രകാരനും പ്രബന്ധകാരനുമായ ഔയാങ് ക്സിയു (1007-1072), പുരാതനമായ കല്ലുകളിലും ഓടിലുമെല്ലാം കണ്ടിരുന്ന വരകളും കുറികളുമെല്ലാം സമാഹരിച്ചു് അപഗ്രഥനസ്വഭാവമുള്ള ഒരു നാമാവലി തയ്യാറാക്കി. ഇതു് ശിലാലിഖിതപഠനമേഖലയിലെയും പുരാവസ്തുഗവേഷണത്തിലെയും ആദ്യപ്രവർത്തനങ്ങളായി കണക്കാക്കാം.

പുരാവസ്തുശാസ്ത്രത്തിന്റെ ഒരു പ്രധാനഭാഗമായ ഈജിപ്തോളജിയോടൊപ്പമാണു് (മധ്യകാല ഇസ്ലാം ഈജിപ്തിനെക്കുറിച്ചുള്ള പഠനം) മദ്ധ്യപൂർവ്വേഷ്യയിൽ പുരാവസ്തുശാസ്ത്രം തുടങ്ങിയതെന്നു് പറയാം. അക്കാലത്തു് പുരാതന ഈജിപ്തിലെ സംസ്കാരത്തെക്കുറിച്ചു പഠിയ്ക്കുന്നതിനായി മുസ്ലിം ചരിത്രകാരന്മാർ ശ്രമിച്ചു. ഒമ്പതാം നൂറ്റാണ്ടിൽ ദുൽ-നൺ അൽ-മിസ്രി, ഇബൻ വഹ്ഷിയ്യ എന്ന രണ്ടുപേരാണു് ഈജിപ്തിലെ പുരാതന ചിത്രലിപികൾ (ഹിറോഗ്ലിഫ്സ്) വായിച്ചെടുക്കുന്നതിനു് വേണ്ടി ആദ്യത്തെ ശ്രമങ്ങൾ നടത്തിയതു്. ഈ ചിത്രലിപികളിൽ എഴുതപ്പെട്ടിരിയ്ക്കുന്നതു് ഭാഗികമായെങ്കിലും മനസ്സിലാക്കുവാൻ അവർക്കു് സാധിച്ചു. അവരുടെ കാലത്തെ കോപ്റ്റിക് പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന, പതിനേഴാം നൂറ്റാണ്ടുവരെ ഈജിപ്തിൽ നിലവിലുണ്ടായിരുന്ന കോപ്റ്റിക് ഭാഷയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണു് അവർ അത്രയും സാധിച്ചെടുത്തതു്. പതിമൂന്നാം നൂറ്റാണ്ടിൽ കെയ്റോയിലെ അൽ-അഷർ സർവ്വകലാശാലയിലെ അധ്യാപകനായിരുന്ന അബ്ദുൾ ലത്തീഫ് അൽ-ബാഗ്ദാദി, ഈജിപ്തിലെ പുരാതനസ്മാരകങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങൾ എഴുതി. അതുപോലെ 15-ം നൂറ്റാണ്ടിൽ ഈജിപ്ഷ്യൻ ചരിത്രകാരനായ അൽ-മാക്രിസി ഈജിപ്തിലെ പുരാവസ്തുക്കളെക്കുറിച്ചു് വിശദമായി എഴുതുകയുണ്ടായി.

വടക്കേ അമേരിയ്ക്കയിൽ പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രത്തിന്റെ നാലു വിഭാഗങ്ങളിൽ ഒന്നു മാത്രമാണു്. സാംസ്ക്കാരിക നരവംശശാസ്ത്രം (സചേതന സംസ്ക്കാരങ്ങളെക്കുറിച്ചും സമൂഹങ്ങളെക്കുറിച്ചുമുള്ള പഠനം), ഭാഷാശാസ്ത്രം (ഭാഷയെക്കുറിച്ചും ഭാഷയുടെ ജനനത്തെക്കുറിച്ചും ഭാഷാസഞ്ചയങ്ങളെക്കുറിച്ചുമുള്ള പഠനം), ഭൌതികനരവംശശാസ്ത്രം (മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും ഭൌതികവും ജനിതകവുമായ സവിശേഷതകളെക്കുറിച്ചും പഠിയ്ക്കുന്ന ശാസ്ത്രം) എന്നിവയാണു് മറ്റു മൂന്നു വിഭാഗങ്ങൾ.

1589-ൽ, ജോസ് ഡി അകോസ്റ്റ, Historia Natural y Moral de las Indias പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. ഈ പുസ്തകത്തിൽ അദ്ദേഹം, മറ്റു പലതിന്റെയും കൂട്ടത്തിൽ, തദ്ദേശീയരായ അമേരിക്കക്കാരുടെ ഉത്ഭവത്തെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ടു്.

[തിരുത്തുക] ആധുനിക പുരാവസ്തുശാസ്ത്രം

അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ആധുനികവത്കരണത്തിന്റെ കൂടി ചരിത്രമാണു് പുരാവസ്തുശാസ്ത്രത്തിന്റേതു്, പരിശോധിയ്ക്കുന്ന സ്ഥലത്തു നിന്നു് പരമാവധി വിവരങ്ങൾ കണ്ടെത്തുന്നതിനു്, കൂടുതൽ കൂടുതൽ സങ്കേതികരീതികൾ ഇപ്പോൾ ഉപയോഗിച്ചു വരുന്നു.

ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ തന്നെ പുരാതനസ്മാരകങ്ങളിൽ ഖനനം നടത്തുകയും കൌതുകവസ്തുക്കൾ ശേഖരിയ്ക്കുകയും ചെയ്യുന്നതു് പതിവായിരുന്നു, പക്ഷേ അവ കൂടുതലും വിലപിടിച്ചവയോ കൌതുകമേറിയവയോ ആയ വസ്തുക്കൾ കൈക്കലാക്കുവാനായിരുന്നു.

ആധുനിക പുരാവസ്തുശാസ്ത്രത്തിന്റെ പ്രവാചകനായും സ്ഥാപകനായും കണക്കാക്കപ്പെടുന്നതു് ജോഹൻ ജൊവാഷിം വിൻകെൽമാനെയാണു്. കലയുടേയും വാസ്തുവിദ്യയുടേയും (ഗ്രീസിലെയും റോമിലെയും) ചരിത്രത്തിലെ പരമ്പരാഗതശൈലികളെ ആദ്യമായി പ്രായോഗികമായി വിഭജിച്ചുകൊണ്ടു് വിൻകെൽമാൻ, ആധുനിക ശാസ്ത്രീയ പുരാവസ്തുശാസ്ത്രത്തിന്റെ സ്ഥാപകരിലൊരാളായി.

ആദ്യകാല പുരാവസ്തുഗവേഷകരിൽ ഒരാളാണു് റിച്ചാർഡ് കോൾട്ട് ഹോറെ (1758-1838). യൂറോപ്പിൽ നിന്നു് തോമസ് ജെഫെഴ്സണു് ലഭിച്ച പരിചയത്തിൽ നിന്നു് പ്രചോദിതനായിട്ടായിരിയ്ക്കണം, അദ്ദേഹം വടക്കേ അമേരിക്കയിലെ ആദ്യത്തെ ശാസ്ത്രവ്യവസ്ഥപ്രകാരമുള്ള പുരാവസ്തുഖനനം നടത്തി. വ്യാപകപ്രശസ്തി നേടിയ ചില ആദ്യ ഈജിപ്തോളജിസ്റ്റുകളിൽ ചിലരാണു് ജീൻ ഫ്രാൻസോയിസ് ഷാംപോള്യോണും ഇപ്പോളിറ്റോ റോസെല്ലിനിയും.

ഭൂതകാലത്തിനെ അതിന്റെ അവശേഷിപ്പുകളിൽ നിന്നു് കണ്ടെടുക്കുന്നതിനു് നേർദിശയിലുള്ള പഠനങ്ങൾ ആരംഭിച്ചതു് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണു്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിക്കൽ കറസ്പോണ്ടൻസിലെ എഡുവാഡ് ജേഹാഡും മറ്റുള്ളവരും ചേർന്നു്, 1829-ൽ റോമിനെ കണ്ടെടുത്തതാണു് എടുത്തുപറയാവുന്ന ആദ്യകാലപുരോഗതികളിലൊന്നു്. അഗസ്റ്റസ് പിറ്റ് റിവേഴ്സ്, വില്ല്യം ഫ്ലിന്റേഴ്സ് പെട്രി തുടങ്ങി വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ, വിഷയത്തിൽ തല്പരരായ കുറച്ചു് പേരാണു് പുരാവസ്തുശാസ്ത്രത്തിന്റെ പ്രവർത്തനരീതികൾ വികസിപ്പിച്ചെടുത്തതു്.

ട്രോയിയിൽ ഹീൻറിച്ച് ഷ്ലീമാൻ നടത്തിയതും ക്രീറ്റിൽ ആർതർ ഇവാൻസ് നടത്തിയതുമായ ഖനനങ്ങളാണ് ഈജിയൻ സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രേരകമായത്. മദ്ധ്യഅമേരിക്കയിലെമ്പാടുനിന്നും മയസംസ്കാരത്തിന്റെ പുനർകണ്ടുപിടുത്തം നടത്തുവാൻ കാരണമായ പ്രധാന വ്യക്തി ജോൺ ലോയ്ഡ് സ്റ്റീഫൻസ് ആണ്.

ഇരുപതാംനൂറ്റാണ്ടിൽ മോർട്ടിമർ വീലർ തുടങ്ങിയവരാണു് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു് കൊണ്ടുപോയതു്. അവരുടെ കൃത്യതയാർന്ന ഖനനരീതികൾ ലഭിയ്ക്കുന്ന തെളിവുകളുടെ നിലവാരം വളരെയധികം ഉയരുന്നതിനു് സഹായിച്ചു.

ഇരുപതാം നൂറ്റാണ്ടിലാണു് അർബൻ ആർക്കിയോളജിയും റെസ്ക്യൂ ആർക്കിയോളജിയും ഉദയം ചെയ്തത്. പുരാവസ്തുഗവേഷണശാസ്ത്രത്തിന്റെ കൈയിൽ ലഭ്യമായ വിവരങ്ങളുടെ അളവു് അതിന്റെ പരമാവധിയിലെത്തി. അധികം അറിയപ്പെടാത്ത ഒരു ശാഖയാണ് ആർക്കിയോആസ്ട്രോണമി, പുരാതനവും പാരമ്പര്യവുമായ ബഹിരാകാശങ്ങളെക്കുറിച്ചുള്ള, സംസ്കാരങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനമാണു് ഇതു്.

[തിരുത്തുക] പ്രാധാന്യവും പ്രയോഗവും

ഭൂതകാലത്തെ ജനങ്ങളുടെ അസ്തിത്വവും സ്വഭാവവിശേഷങ്ങളും പഠിയ്ക്കുന്നതിനുള്ള ഏകമാർഗ്ഗം പുരാവസ്തുശാസ്ത്രം മാത്രമാണു്. സഹസ്രാബ്ദങ്ങൾക്കിടയിൽ അനേകായിരം സംസ്കാരങ്ങളും സമൂഹങ്ങളും കോടിക്കണക്കിനു ജനങ്ങളും ജനിച്ചു ജീവിച്ചു മൺമറഞ്ഞുപോയി, പക്ഷേ ഇവയെക്കുറിച്ചു് കാര്യമായ ലിഖിതരേഖകളൊന്നും ഇല്ല, ഉള്ളവ തന്നെ വഴിതെറ്റിയ്ക്കുന്നവയും അപൂർണ്ണവുമാണു്. ബിസി നാലാം സഹസ്രാബ്ദം വരെ എഴുത്തു് മനുഷ്യസംസ്കാരത്തിന്റെ ഭാഗമായിട്ടില്ലായിരുന്നുവെന്നാണു് ഇന്നു് നാം മനസ്സിലാക്കുന്നതു്, സാങ്കേതികമായി പുരോഗമിച്ച താരതമ്യേന വളരെ കുറച്ച് സംസ്കാരങ്ങളിൽ മാത്രം. മനുഷ്യൻ തന്റെ ഇപ്പോഴത്തെ രൂപത്തിൽ ജീവിയ്ക്കാൻ തുടങ്ങിയിട്ടു് അപ്പോഴേയ്ക്കും 200,000 വർഷങ്ങൾ കഴിഞ്ഞിരുന്നുവെന്നു് ഓർക്കണം (മനുഷ്യപരിണാമം വായിയ്ക്കുക). ഈ സംസ്കാരങ്ങളെക്കുറിച്ചാണു് ഏറ്റവും അധികം അറിയാവുന്നതു്, അതും സാഹചര്യങ്ങൾ നിമിത്തം, കാരണം അവ നൂറ്റാണ്ടുകളായി ചരിത്രകാരന്മാരുടെ അന്വേഷണങ്ങൾക്കു് കീഴിലായിരുന്നു. എന്നാൽ അതിപുരാതനസംസ്കാരങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കു് അടുത്തകാലത്തു മാത്രമാണു് തുടക്കമായതു്. സാക്ഷരസമൂഹങ്ങളിൽ പോലും ഒരുപാടു സംഭവങ്ങളും പ്രധാനപ്പെട്ടവയായിരുന്ന പ്രയോഗങ്ങളുമൊന്നും ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മനുഷ്യസംസ്കാരത്തിന്റെ ആദ്യവർഷങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും വിവരം നമുക്കിന്നുണ്ടെങ്കിൽ – കൃഷിയുടെ ആവിർഭാവവും പുരോഗതിയും, നാടൻ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ, ആദ്യത്തെ നഗരങ്ങളുടെ വളർച്ച എന്നിവയെല്ലാം – അതെല്ലാം പുരാവസ്തുഗവേഷണത്തിൽക്കൂടി ലഭിച്ചതു തന്നെ.

ലിഖിതരേഖകൾ ലഭ്യമാകുന്ന അവസരങ്ങളിൽ പോലും, പലപ്പോഴും അവ അപൂർണ്ണമോ ശങ്കയില്ലാതവണ്ണം പക്ഷപാതപൂർണ്ണവുമോ ആയിട്ടാണു് കണ്ടുവരുന്നതു്. ഒട്ടുമിക്ക സമൂഹങ്ങളിലും, എഴുത്തുംവായനയും പുരോഹിതർ, കോടതിയിലേയോ ക്ഷേത്രത്തിലേയോ ഉദ്യോഗസ്ഥർ തുടങ്ങി ഏതാനും ഉയർന്ന ജാതികൾക്കിടയിൽ മാത്രമായി ഒതുങ്ങിയിരുന്നു. ഭരണവർഗ്ഗത്തിന്റെ സാക്ഷരത പലപ്പോഴും കരാറുകൾ തയ്യാറാക്കുന്നതിൽ ഒതുങ്ങിനിന്നു. ഉയർന്നജാതിക്കാരുടെ താല്പര്യങ്ങളും ലോകദർശനവും മിക്കപ്പോഴും പൊതുജനങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിയ്ക്കും. സാധാരണ ജനങ്ങളുടെ പ്രതിനിധ്യം ഏറെയുള്ള സാഹിത്യം ഗ്രന്ഥശേഖരങ്ങളിൽ കയറിക്കൂടുകയും സംരക്ഷിയ്ക്കപ്പെടുകയും ഉണ്ടാവുക എന്നതു് ഏതാണ്ടു് സാധ്യതയില്ലാത്ത കാര്യങ്ങളാണു്. അതിനാൽ, എഴുതപ്പെട്ട രേഖകൾ പക്ഷപാതിത്വം, ഊഹങ്ങൾ, മൊത്തം ജനസംഖ്യയുടെ വളരെ ചെറിയൊരു അംശം മാത്രം വരുന്ന ഒരു സംഘം ആളുകളുടെ സംസ്കാരിക മൂല്യങ്ങളും അസത്യങ്ങളും എന്നിവ അടങ്ങിയവയായിരിയ്ക്കുവാൻ ഇടയുണ്ടു്. അതിനാൽ, ചരിത്രത്തിന്റെ ഏകസ്രോതസ്സായി എഴുതപ്പെട്ട രേഖകളെ പരിഗണിയ്ക്കുവാൻ കഴിയുകയില്ല. ചരിത്രം ബാക്കിവെച്ചിട്ടു പോയ ഭൌതികാംശങ്ങളാണു് പൊതുസമൂഹത്തിനെ കുറേക്കൂടി ന്യായമായി പ്രതിനിധീകരിയ്ക്കുന്നതു്, അതിനും അതിന്റേതായ അകൃത്യതകളുണ്ടു്, മാതൃകകളെടുക്കുന്നതിൽ വരുന്ന പക്ഷപാതിത്വവും അവയുടെ സംരക്ഷണത്തിൽ ഏർപ്പെട്ട വൈവിധ്യങ്ങളും.

അവയുടെ ശാസ്ത്രീയപ്രാധാന്യം കൂടാതെ, പുരാവസ്തുക്കൾക്കു് ചിലപ്പോൾ അവയുടെ പൈതൃകാവകാശികൾക്കിടയിൽ രാഷ്ട്രീയമോ സാംസ്കാരികമോ ആയ പ്രാധാന്യവും, പുരാവസ്തുശേഖരങ്ങളുടെ ഉടമസ്ഥർക്കിടയിൽ സാമ്പത്തികലക്ഷ്യങ്ങളോ അല്ലെങ്കിൽ ശുദ്ധമായ സൌന്ദര്യാകർഷണമോ ഒക്കെ കൈവന്നേക്കാം. ഭൂതകാലത്തിന്റെ പുനർനിർമ്മാണം എന്നതിനേക്കാൾ ചില ആളുകൾക്കു് പുരാവസ്തുഗവേഷണം എന്നതു് സുന്ദരമോ മതപരമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ നിധികൾ കുഴിച്ചെടുക്കുന്ന ഒരു പ്രക്രിയ മാത്രമാണു്.

പ്രചാരം നേടിയ പല സാഹിത്യകൃതികളിലും ഇത്തരം പ്രവർത്തനങ്ങളെ പുകഴ്ത്തുന്നതു കാണാം, ഉദാഹരണത്തിനു് Raiders of the Lost Ark, The Mummy, King Solomon's Mines തുടങ്ങിയവയിൽ. ഇത്തരം അയഥാർത്ഥ വിഷയങ്ങളെ വളരെ ഗൌരവമായി കൈകാര്യം ചെയ്യുമ്പോൾ കപടശാസ്ത്രം യഥാർത്ഥ ശാസ്ത്രത്തെ വെല്ലുവാൻ കഴിവുനേടുന്നതു കാണാം (താഴെ വിശദീകരിയ്ക്കുന്ന കപടപുരാവസ്തുഗവേഷണം വായിയ്ക്കുക). ഏതായാലും ഇത്തരം ശ്രമങ്ങൾ, യഥാർത്ഥമായാലും സാഹിത്യത്തിലായാലും ആധുനിക പുരാവസ്തുഗവേഷണത്തിനെ പ്രതിനിധാനം ചെയ്യുന്നില്ല.

[തിരുത്തുക] പുരാവസ്തുഗവേഷണസിദ്ധാന്തങ്ങൾ

പുരാവസ്തുഗവേഷണത്തിനായി ഒരു ഏകസിദ്ധാന്തമില്ല, നിർവ്വചനങ്ങൾ പോലും തർക്കത്തിലാണു്. ചരിത്രവുമായും ആന്ത്രപ്പോളജിയുമായും വളരെ ആഴത്തിൽ ബന്ധമുള്ളതാണു് പുരാവസ്തുഗവേഷണം എന്നു് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ ഒരു പൊതുസമ്മതം നിലവിലുണ്ടായിരുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ പുരാവസ്തുഗവേഷണസിദ്ധാന്തത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട കാലഘട്ടം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദവുമായിട്ടാണു്. അതിനെ സാധാരണയായി വിളിച്ചിരുന്നതു് സാംസ്കാരിക അല്ലെങ്കിൽ സംസ്കാര, ചരിത്രം എന്നായിരുന്നു. ഹിസ്റ്റോറിക്കൽ പാർട്ടിക്കുലറിസത്തിനുണ്ടായിരുന്ന പ്രാധാന്യം വളരെ പ്രസിദ്ധമാണു്.

1920-കളിൽ അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ, സാംസ്കാരികചരിത്രപുരാവസ്തുഗവേഷണം തുടർചരിത്രസമീപനവുമായി ബന്ധിതമായിരുന്നു. ജീവിച്ചിരിയ്ക്കുന്ന സമൂഹങ്ങളും അവർക്കു് മുന്നേ ചരിത്രത്തിലേയ്ക്കു കയറിപ്പോയ സമൂഹങ്ങളും തമ്മിൽ ഒരു തുടർച്ചയുണ്ടായിരുന്ന അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ തീരങ്ങളിലും മെസോഅമേരിക്കയിലും, ആൻഡസിലും, ഓഷ്യാനിയയിലും, സൈബീരിയയിലും ഈ തുടർചരിത്രസമീപനം സ്വീകരിച്ചുപോന്നു. തുടർചരിത്രസമീപനത്തിൽ ആധുനികമനുഷ്യർക്കും അവരുടെ പുരാതനചരിത്രത്തിനും തമ്മിലുള്ള ബന്ധം പുനഃസൃഷ്ടിയ്ക്കുന്നതിനു് വംശചരിത്രമായതും അല്ലാത്തതുമായ എല്ലാ മുൻചരിത്രരേഖകളും വളരെ പ്രധാനപ്പെട്ട പങ്കുവഹിയ്ക്കുന്നു. സാഹിത്യവും ചില സന്ദർഭങ്ങളിൽ ഇത്തരം ചരിത്രാന്വേഷണപ്രക്രിയയിൽ സഹായകരമായ ഉറവിടങ്ങളാകാറുണ്ടു്. ഹാദ്രിയൻസ് വാൾ ഒരു നല്ല ഉദാഹരണമാണു്.

1960 കളിൽ വളരെയധികം അമേരിക്കൻ പുരാവസ്തുഗവേഷകർ, ലൂയിസ് ബിന്ഫോർഡ്, കെന്റ് ഫ്ളാനെറി തുടങ്ങിയവർ, സാംസ്കാരികചരിത്രത്തിന്റെ മാതൃകയ്ക്ക് എതിരു നിന്നവരായിരുന്നു. അവർ കൂടുതൽ ശാസ്ത്രീയവും നരവംശശാസ്ത്രപരവുമായ ഒരു ‘നവീന പുരാവസ്തുഗവേഷണം’ മുന്നോട്ടുവെച്ചു. ഇത് പരികല്പന പരിശോധനയിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും പ്രാധാന്യമുൾക്കൊണ്ട് പിന്നീട് ‘പദ്ധതി അടിസ്ഥാന പുരാവസ്തുഗവേഷണം’ എന്നറിയപ്പെട്ടു.

ബ്രിട്ടീഷ് പുരാവസ്തുഗവേഷകരായ മൈക്കേൽ ഷാങ്ക്സ്, ക്രിസ്റ്റഫർ ടില്ലി, ഡാനിയൽ മില്ലർ, ഇയാൻ ഹോഡ്ഡർ തുടങ്ങിയവരാൽ നയിയ്ക്കപ്പെട്ട ഒരു പുതിയ ഉത്തരാധുനിക നീക്കം എൺപതുകളിൽ സജീവമായി.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം