ബാലൻ കെ. നായർ
| ബാലൻ കെ. നായർ | |
|---|---|
| ജനനം | 1933 ഏപ്രിൽ 4 ചേമാഞ്ചേരി, കോഴിക്കോട്, |
| മരണം | 2000 ഓഗസ്റ്റ് 26 (പ്രായം 67) തിരുവനന്തപുരം, കേരളം, |
| തൊഴിൽ | നടൻ |
| ജീവിത പങ്കാളി | ശാരദ നായർ |
| മക്കൾ | അനിൽ, മേഘനാദൻ, അജയകുമാർ, ലത, സുജാത[1] |
| മാതാപിതാക്കൾ | ഇടക്കുളം കരിനാട്ടുവീട്ടിൽ കുട്ടിരാമൻ നായർ, ദേവകിയമ്മ[2] |
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ബാലൻ കെ. നായർ (ഏപ്രിൽ 4, 1933 – ഓഗസ്റ്റ് 26, 2000). 1981-ൽ ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ഓപ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചു.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായം (1981) എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം എടുത്തുപറയത്തക്കതാണ്[അവലംബം ആവശ്യമാണ്]. കേരളത്തിലെ ജന്മിവ്യവസ്ഥയെ ആലങ്കാരികമായി ഈ ചിത്രം അവതരിപ്പിക്കുന്നു.
1933 ഏപ്രിൽ 4-നു കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ് ബാലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് സംഗമം തീയേറ്ററുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരേക്ക് താമസം മാറി.
ആദ്യചിത്രമായ നിഴലാട്ടം 1972-ൽ പുറത്തുവന്നു. പി.എൻ. മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. പിന്നീട് സിനിമയിൽ സജീവമായ അദ്ദേഹം മലയാളത്തിൽ 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളായിരുന്നു. അതിഥി, തച്ചോളി അമ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അദ്ദേഹത്തിന് ഏറ്റവും നല്ല അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഓപ്പോൾ എന്ന ചിത്രത്തിലെ പരിവർത്തനം വന്ന സൈനിക ഓഫീസറുടെ കഥാപാത്രത്തിന് ബാലൻ കെ. നായർക്ക് 1981-ൽ മികച്ച നടനുള്ള പരമോന്നത ബഹുമതിയായ ഭരത് അവാർഡ് ലഭിച്ചു.
ഈനാട്, ആര്യൻ, ഒരു വടക്കൻ വീരഗാഥ എന്നിവ ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന കടവ് എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ കെ നായർക്ക്.
അവസാനകാലത്ത് ഒരുപാടു നാൾ രോഗബാധിതനായിരുന്ന ബാലൻ കെ നായർ 2000 ഓഗസ്റ്റ് 26-നു തിരുവനന്തപുരത്ത് അന്തരിച്ചു.
അവലംബം [തിരുത്തുക]
- ↑ The Hindu : Balan K. Nair dead
- ↑ http://cinidiary.com/peopleinfo.php?sletter=B&pigsection=Actor&picata=1
പുറത്തുനിന്നുള്ള കണ്ണികൾ [തിരുത്തുക]
- അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ
- 1933-ൽ ജനിച്ചവർ
- 2000-ൽ മരിച്ചവർ
- ഏപ്രിൽ 4-ന് ജനിച്ചവർ
- ഓഗസ്റ്റ് 26-ന് മരിച്ചവർ
- മലയാളചലച്ചിത്ര നടന്മാർ
- മലയാളനാടകനടന്മാർ
- കോഴിക്കോട് ജില്ലയിൽ ജനിച്ചവർ
- മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ