ഏകാധിപത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരണകൂടത്തിന്റെ അധികാരങ്ങള്‍ തന്നില്‍തന്നെ നിക്ഷിപ്തമാക്കി ഒരൊറ്റയാള്‍നടത്തുന്ന അനിയന്ത്രിത ഭരണത്തെ ഏകാധിപത്യം (ഇംഗ്ലീഷ്:Autocracy) എന്നുപറയുന്നു. ഏകാധിപതിയുടെ മേല്‍വ്യവസ്ഥാപിത നിയന്ത്രണങ്ങളൊന്നും തന്നെ ബാധകമായിരിക്കയില്ല.
ആദ്യകാലം മുതല്‍ക്കുതന്നെ ഗവണ്മെന്റിന്റെ രൂപമനുസരിച്ച് രാഷ്ട്രങ്ങള്‍ മൂന്നായി തരം തിരിക്കപ്പെട്ടിരുന്നു; രാജവാഴ്ച, അഭിജാതാധിപത്യം (Aristocracy), ജനാധിപത്യം.
രാജവാഴ്ച, അതിന്റെ വൈകൃതമായ സ്വേച്ഛാധിപത്യം (Tyranny); അഭിജാതാധിപത്യം, അതിന്റെ വൈകൃതമായ അല്പാധിപത്യം (Oligarchy); ജനാധിപത്യം, അതിന്റെ വൈകൃതമായ പാമരപ്രഭുത്വം (Mobocracy) എന്നിങ്ങനെയാണ് പ്ലേറ്റോ ഗവണ്മെന്റുകളെ തരം തിരിച്ചത് (റിപ്പബ്ലിക്ക് 8, 9, പുസ്തകങ്ങള്‍). അരിസ്റ്റോട്ടിലാകട്ടെ ആധുനിക അര്‍ഥത്തിലുള്ള ജനാധിപത്യത്തിന് പോളിറ്റി എന്ന പദം പ്രയോഗിക്കുകയും ഡെമോക്രസി എന്ന പദത്തെ പോളിറ്റിയുടെ വൈകൃതം എന്നു വിശേഷിപ്പിക്കുകയും ചെയ്തു. പോളിറ്റിയെന്ന് അരിസ്റ്റോട്ടല്‍ വിശേഷിപ്പിച്ചത് മധ്യവഗ്ഗങ്ങളുടെ ഭരണത്തെയാണെന്നും പാമരന്മാരുടെ (ദരിദ്രരായ താണവര്‍ഗ്ഗങ്ങള്‍) നേതൃത്വത്തിലുള്ള ഭരണത്തെ ഡെമോക്രസി (ജനാധിപത്യം) യെന്ന് വിവക്ഷിച്ചുവെന്നും പ്രാചീന രാഷ്ട്രമീമാംസാ സംഹിതകളുടെ വ്യാഖ്യാതാക്കള്‍അഭിപ്രായപ്പെടുന്നു. [1]
ഭരണാധികാരിടെ ഹിതം മാത്രമാണ് ഏകാധിപത്യ ഭരണകൂടത്തിന്റെ അധികാരത്തിനുള്ള ന്യായീകരണം. സമൂഹത്തെ അവഗണിച്ചുകൊണ്ടുള്ള ഏകാധിപത്യത്തിന് സ്ഥായിയായ ആദര്‍ശതത്വങ്ങളോ മൗലികമായ നിയമങ്ങളോ ഇല്ല. നിയമമോ നടപടിക്രമങ്ങളോ ഏകാധിപതിയുടെ ഇച്ഛയെ തടസ്സപ്പെടുത്തുന്നില്ല. അതിന്റെ നിയമം സന്ദര്‍ഭാനുസരണം വേണ്ട ആവശ്യത്തെ മുന്‍നിറുത്തിയുള്ളതു മാത്രമാണ്. ഒരു നിയമത്തിനും ഏകാധിപതിയുടെ കല്പനയില്‍കവിഞ്ഞ പദവി ഉണ്ടായിരിക്കുകയില്ല. നീതിയെ സംബന്ധിച്ച തന്റെ പ്രഖ്യാപനങ്ങള്‍ക്കൊന്നും സാമൂഹികമായ അടിസ്ഥാനമുണ്ടായിരിക്കണമെന്നില്ല.
ഉള്ളടക്കം |
[തിരുത്തുക] ഏകാധിപത്യത്തിന്റെ ചരിത്രം
യുദ്ധമോ ആഭ്യന്തര കലാപമോ നിമിത്തം ആപത്കരമായ രാഷ്ടീയ സാഹചര്യമുണ്ടാവുമ്പോള്‍ പുരാതന റോമന്‍ റിപ്പബ്ലിക്കില്‍ അവലംബിച്ചിരുന്ന സൈനിക ഭരണസമ്പ്രദായമാണ് ഏകാധിപത്യം. സെനറ്റിന്റെ അപേക്ഷപ്രകാരം കോണ്‍സല്‍മാര്‍ ചേര്‍ന്ന് മുന്‍കോണ്‍സല്‍മാരില്‍ ഏറ്റവും ധീരനും സത്യസന്ധനുമായ ഒരാളെ ഏകധിപതിയായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതിക്ക് സെനറ്റിനോട് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല. ഈ പ്രത്യേക അധികാര കേന്ദ്രീകര്‍ണം പരമാവധി ആറു മാസമേ നീണ്ടു നില്‍ക്കുമായിരുന്നുള്ളു.
ആദ്യത്തെ റോമന്‍ ഏകാധിപതിയെ തിരഞ്ഞെടുത്തത് ബി.സി. 500 - ം മാണ്ടിലാണ്. പ്രാരംഭകാലത്ത് റോമിലെ അഭിജാത വര്‍ഗ്ഗമായ പെട്രീഷ്യന്മാരില്‍നിന്നുമാണ് ഏകാധിപതികളെ തെരഞ്ഞെടുത്തിരുന്നത്. എന്നാല് ബി.സി. 356 - ം മാണ്ടോടുകൂടി പ്ലെബിയന്മാരും തെരഞ്ഞെടുക്കപ്പെട്ടു തുടങ്ങി. ബി.സി. 3 - ം ശ. നു ശേഷം ഏകാധിപത്യം ദുരുപയോഗപ്പെടുത്താന്‍തുടങ്ങി. സുള്ളായുടെയും ജൂലിയസ് സീസറുടെയും കാലത്തോടെ ഇത് പുനരുദ്ധരിക്കപ്പെട്ടുവെങ്കിലും ഏകാധിപത്യം പേരില്‍മാത്രമൊതുങ്ങി.
സ്വേച്ഛാധിപത്യം (ഇംഗ്ലീഷ്:Tyranny) എന്ന ഗ്രീക്കു സംജ്ഞയ്ക്ക് ഇന്നറിയപ്പെടുന്ന ഏകാധിപത്യത്തോട് സാമ്യമുണ്ട്. സ്വേച്ഛാധിപതിയായ ഒരു വ്യക്തി തനിയയോ അഥവാ തനിക്ക് അധീനരായ വ്യക്തികളിലൂടെയോ നിയമനിര്‍മാണ നിര്‍വഹണപരമായ എല്ലാ അധികാരങ്ങളും പിടിച്ചടക്കിയിരിക്കുന്ന ഗവണ്മെന്റു രൂപം എന്ന അര്‍ഥത്തില്‍ഇത് ഉപയോഗിച്ചു പോന്നു.
ഗ്രീസും റോമും കാലികമായ സ്വേച്ഛാധിപത്യത്തിന് വിധേയമായിരുന്നുവെങ്കിലും അവിടെങ്ങും ബാബിലോണിയ, അസീറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേതുപോലെ അനിയന്ത്രിതാധിപത്യ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുകയോ പ്രയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ല. യഹൂദ പാര്‍മ്പര്യത്തിനോ രാഷ്ടീയ അമിതാധിപത്യ സിദ്ധാന്ത പ്രയോഗത്തിനോ സ്ഥാനമുണ്ടായിരുന്നില്ല. ഏകദൈവവിശ്വാസം മനുഷ്യ സാഹോദര്യത്തിലും ദൈവത്തിന്റെ മുന്‍പില്‍ സമാനതയിലും വിശ്വസിക്കുവാന്‍ ഇടയാക്കുകയും ഒരു അനിയന്തിതാധിപ രാജാവിനു സാദ്ധ്യത ഒഴിവാക്കുകയും ചെയ്തു. നിയമത്തിനു പിന്നിലെ നിയമത്തെ സംബന്ധിച്ച ബൈബിള്‍ സങ്കല്പം ഭൗമിക ഗവണ്മെന്റിനും മേലായ ദൈവിക നിയമത്തെക്കുറിച്ച് ഐഹിക രാജാക്കന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പായിരുന്നു. എന്നാല്‍പ്രാചീന കാലത്ത്, മിക്ക കിഴക്കന്‍രാജ്യങ്ങളിലും ഏകാധിപത്യ ഭരണകൂടങ്ങള്‍നിലനിന്നിരുന്നു. ഗ്രീക്കു - റോമന്‍സംസ്കാരങ്ങളുടെ സവിശേഷതകളായ് വ്യഷ്ടിവാദം, അസ്വസ്ഥത, അന്വേഷണം എന്നിവ ഏഷ്യയിലെ അനിയന്ത്രിതാധിപത്യത്തിന്റെ (absolute authority) യൂറോപ്പിലേക്കുള്ള വ്യാപനതിനെതിരേ കോട്ടകളെപ്പോലെ ചെറുത്തുനിന്നു.
പരസ്പര വിരുദ്ധമായ പൗരസ്ത്യ - പാശ്ചാത്യ ജീവിതരീതികള്‍ തമ്മിലുള്ള സമരമായിരുന്നു പാശ്ചാത്യ സംസ്കാരത്തിന്റെയും ലോക ചരിത്രത്തിന്റെയും ആവിര്‍ഭാവത്തിനു കാരണമായ പ്രമുഖ പ്രമേയങ്ങളില്‍ ഒന്ന്. [2]
മധ്യകാലഘട്ടത്തിന്റെ ആരംഭത്തില്‍ ആചാരങ്ങളെയും പുരാതനനിയമങ്ങളെയും സംബന്ധിച്ച ശക്തമായ ബോധം, ഒരു രാഷ്ട്രീയ സിദ്ധാന്തവും ഭരണസംവിധാനവുമെന്ന നിലയിലേക്കുള്ള നിയന്ത്രിതാധിപത്യത്തിന്റെ വളര്‍ച്ചയെ തടസപ്പെടുത്തി. മധ്യകാലത്തെ സുപ്രധാന സവിശേഷതയായ ]]ഫ്യൂഡലിസം|ഫ്യൂഡലിസത്തിന്റെ]] ആവിര്‍ഭാവം സാമൂഹികവും സാമ്പത്തികവുംമായിരുന്നു എങ്കിലും അതിന് സുപ്രധാന രാഷ്ട്രീയ വിവക്ഷകളുണ്ടായിരുന്നു. അടിയാനു ജന്മിയോട് കൂറും അനുസരണയും ബഹുമാനവും ഉണ്ടായിരുന്നു; പകരം ജന്മി അടിയാന് സംരക്ഷണവും സഹായവും നീതിയും നല്‍കണമെന്ന ധാരണയുമുണ്ടായിരുന്നു.
16 - ം ശ. മുതല്‍ക്ക് അമിതാധിപത്യം പാശ്ചാത്യലോകത്ത് ശക്തമായൊരു രാഷ്ട്രീയ യാഥാര്‍ഥ്യമായി തീര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍അതിശക്തമായ കുലീന വിഭാഗങ്ങളുടെ ചെറുത്തുനില്പു കാരണം അത്യധികം ആയാസകരമായിട്ടായിരുന്നു ഇറ്റലി ഒഴികെയുള്ള രാജ്യങ്ങളില്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളില്‍വച്ച് ഇംഗ്ലണ്ടിലെ രാജാവാണ് ആദ്യമായി തികച്ചും അനിയന്ത്രിതാധികാര രാജാവ് (absolute prince) ആയിരിക്കുവാന്‍ വേണ്ട ശക്തി ആര്‍ജിച്ചത്. ട്യൂഡര്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍ രാജകീയാധികാരത്തിന്റെ ഉപകരണം മാത്രമായിരുന്നു പാര്‍ലമെന്റ്. എന്നാല്‍ എലിസബെത്തിന്റെ ഭരണകാലാവസാന വര്‍ഷങ്ങളില്‍ അത് കുറേക്കൂടി ശക്തമായിത്തീര്‍ന്നു. ഫ്രാന്‍സില്‍രാജകീയധികാര ശക്തി വിജയം വരിച്ചത് കുറേക്കൂടി വൈകിയായിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റ്റി viii നോളം ശക്തനായ ആദ്യത്തെ ഫ്രഞ്ചു രാജാവ് ലൂയി xiv - മനായിരുന്നു. 17 - ം നൂറ്റാണ്ടോടുകൂടി യൂറോപ്പിലെ മിക്ക രാജ്യങ്ങളും അനിയന്ത്രിതാധികാര വാഴ്ചക്കു കീഴിലായി. 1789 ലെയും 1848 ലെയും വിപ്ലവം വരെ ഈ ഗവണ്മെന്റു രൂപത്തിനായിരുന്നു, പ്രാമാണ്യം. അമിതാധികാര രാജാക്കന്മാരുടെ ഭരണോപകരണങ്ങള്‍ അപ്രായോഗികങ്ങള്‍ ആയിരുന്നു. മിക്കപ്പോഴും അവര്‍ക്ക് സാമ്പത്തിക ഞെരുക്കം നേരിടേണ്ടതായും വന്നു. അതുകൊണ്ട് ഇത്തരം ഭരണകൂടങ്ങളുടെ അധികാരം ആധുനീക ഗവണ്മെന്റുകളുടേതു പോലെ ഫലപ്രദമായിരുന്നില്ല.
സഭയുടെയും സാമ്രാട്ടിന്റെയും സര്‍വാധികാരത്തെ സംബന്ധിച്ച അവകാശ വാദങ്ങള്‍ക്കും കുലീനരുടെയും ചെറുകിട രാജാക്കന്മാരുടെയും വിഘടന പ്രവണതകള്‍ക്കുമെതിരായുള്ള സമരത്തിലൂടെ ആധുനിക ദേശീയരാഷ്ട്രങ്ങള്‍ ജന്മമെടുത്തു. രാജകീയ പരമാധികാരം എന്ന തത്വത്തില്‍നിന്നുദ്ഭവിച്ച അനിയന്ത്രിതാധികാര സിദ്ധാന്തം ഒരു പുതിയ രാഷ്ട്രിയ സംഘടനാരൂപത്തില്‍ ദേശീയ രാഷ്ട്രങ്ങളെ ഏകീകരിക്കുവാനും ബലവത്താക്കുവാനും ഹായിച്ചു. 1917 ന് മുന്‍പ് റഷ്യയില്‍ നിലനിന്നിരുന്ന സാര്‍ഭരണവും 20 - ം നൂറ്റണ്ടിലെ നാസിസ്വേച്ഛാധിപത്യവും ആണ് ആധുനിക ഏകാധിപത്യ ഭരണക്രമത്തിന്റെ പരമമായ രൂപങ്ങള്‍.[3]
[തിരുത്തുക] വ്യത്യസ്തപദപ്രയോഗങ്ങള്‍.
ഏകാധിപത്യത്തെ വിവക്ഷിക്കുന്നതിന് ആംഗലഭാഷയില്‍ വിവിധ പദങ്ങള്‍പ്രയോഗിക്കുന്നുണ്ട്: അബ്സല്യൂട്ടിസം (അനിയന്ത്രിതാധിപത്യം), ഓട്ടോക്രസി (ഏകാധിപത്യം), ഡെസ്പോട്ടിസം (സ്വേച്ഛാപ്രഭുത്വം), ടിറനി (സ്വേച്ഛാധിപത്യം), ഡിക്റ്റേറ്റര്‍ഷിപ്പ് (സര്‍വാധിപത്യം). ഒന്നിലേറെ വ്യക്തികള്‍ചേര്‍ന്നുള്ള അനിയന്ത്രിതാധികാരഭരണവും 'അബ്സല്യൂറ്റിസം' എന്ന സംജ്ഞയ്ക്കു കീഴില്‍വരാം. വ്യക്തമായി നിര്‍വചിക്കപ്പെട്ട നിയമത്തിന്റെയും ധാര്‍മികത്വത്തിന്റെയും സംയമം കൂടാതെ ഭരണാധിപനോ ഭരണാധിപന്‍മാരോ ഒരു സമൂഹത്തെ ഭരിക്കുന്നതിനുപയോഗിക്കുന്ന രാഷ്ട്രീയ സിദ്ധാന്തവും സംവിധാനവും എന്ന് അബ്സല്യൂട്ടിസത്തെ നിര്‍വചിക്കാം. ഓട്ടോക്രസി എന്ന പദത്തെയാകട്ടെ ഭരണാധിപന്റെ വ്യാമോഹത്തിനെതിരെ ജനങ്ങളെ സംരക്ഷിക്കുന്നതിന് രാഷ്ട്രീയവും നിയമപരവുമായ സ്ഥാപനങ്ങള്‍ വികസിപ്പിക്കുവാന്‍ കഴിയാത്ത പിന്നോക്ക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ഒന്നായി പരിമിതപ്പെടുത്തിയാണ് നിര്‍വചിച്ചിരിക്കുന്നത്. യന്ത്രവത് സമൂഹങ്ങളിലെ ഏകധിപത്യത്തിന്റെ പ്രശ്നങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഡിക്റ്റേറ്റര്‍ഷിപ് എന്ന പദമാണ് പ്രയോഗിക്കപ്പെടുന്നത്. എന്തെന്നാല്‍ഈ കാലഘട്ടത്തെ ഏകാധിപത്യം കൂടുതല്‍വ്യാപകവും ശക്തവുമാണ്.[4]
എന്നാല്‍ ഏകാധിപത്യം നിലനില്‍ക്കണമെങ്കില്‍ സൈന്യത്തെയും മറ്റു പ്രബല ന്യൂനപക്ഷങ്ങളെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും നിരങ്കുശനായ ഏകാധിപതി പോലും ഉദ്യോഗസ്ഥ-അഭിജാത വര്‍ഗ്ഗങ്ങളുടെ പൊതു താത്പര്യങ്ങളുടെയും ഇടപെടലുകളുടെയും സ്വാധീനതയ്ക്ക് വിധേയനാണ്.
പദപ്രയോഗങ്ങളിലും വിശദാംശങ്ങളിലും വ്യത്യാസങ്ങളുണ്ടാവാമെങ്കിലും ചരിത്രപരമായ കാഴ്ചപ്പാടില്‍ ഏകാധിപത്യത്തിന്റെ പ്രാധാന്യം സാമൂഹിക വളര്‍ച്ചയുടെ എല്ലാ കാലഘട്ടങ്ങളിലും ഒരേപോലെ തന്നെയാണ്. ഇത് മാനുഷികവും തുടച്ചയുള്ളതുമാണ്; ദൈവിക വിധിയോ പ്രാദേശികമോ പ്രത്യേക കാലഘട്ടന്റേതോ അല്ല.
[തിരുത്തുക] വ്യക്ത്യധിഷ്ഠിത ഭരണാധികാരികള്‍
'കിങ്' എന്ന ആംഗ്ലോ-സാക്സന്‍ പദത്തിന്റെ അര്‍ത്ഥം 'കഴിവുള്ള മനുഷ്യന്‍' എന്നാണ്. മറ്റുള്ളവരുടെ മേലുള്ള അധികാരത്തിന്റെ യാതൊരു സൂചനയും ഈ പദത്തിനില്ല. കിങിനു സമാനമായ ലാറ്റിന്‍ പദം കൈയ്സ് എന്നും ഇന്ത്യന്‍പദം രാജാവ് എന്നുമാണ്. രാജാവ് മന്ത്രിസഭയുമായി കൂടിയാലോചന നടത്തുന്നതിലോ അതിന്റെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുന്നതിലോ ഏകശാസനസംവിധാനത്തിന് നിരക്കാത്ത യാതൊന്നുമില്ല. തന്റെ ഔന്നിത്യത്തില്‍ സമൂഹത്തില്‍ നിന്നും വളരെയധികം ഉയര്‍ന്ന ഏകനായ ഭരണാധിപനാണ് മോണാര്‍ക്ക്. ഏതുതരം ഏജന്റുകളിലൂടെ ഭരിച്ചാലും ഭരണരീതിയെ മോണാര്‍ക്കി (രാജവാഴ്ച) എന്നാണു വിളിക്കുക.
രാജവാഴ്ച ഒരു പര്‍മ്പരാഗത-രാജവംശീയ-സ്വയംപര്യാപ്ത വര്‍ഗത്തില്‍ അധിഷ്ഠിതമാണ്. വംശാവലിയല്ലാതെ മറ്റൊരു അനുശാനത്തോടും അതിനുത്തരവാദിത്വമില്ല. 'ഞാന്‍തന്നെ രാഷ്ട്രം' എന്ന ലൂയി xiv-ംന്റെ പ്രഖ്യാപനത്തിന്റെ താത്പര്യം ഇതാണ്. തന്റെ മതാനുസാരിത്വവും സാമ്പത്തിക-ഏകീകരണ നയങ്ങളും അത്രത്തോളം സമഗ്രാധിപത്യ പരമായിരുന്നു. എന്നാല്‍ ജപ്പാനിലെ രാജാക്കന്മാര്‍ നിസ്സംഗത പാലിക്കുകയും സൈന്യാധിപന്മാര്‍ യഥാര്‍ഥ-അധികാരം കൈയടക്കി വയ്ക്കുകയും ചെയ്തിരുന്നു.
ജനങ്ങളുടെ 'ചെറിയച്ഛന്‍' എന്നര്‍ഥമുള്ള ഷാ എന്ന പദവി, വീടു പോലെ പിതൃപ്രാമുഖ്യ ഭരണത്തിന്‍ കീഴിലുള്ള ഒരു കുടുംബമാണ് രാഷ്ട്രം എന്ന ആശയത്തെ ധ്വനിപ്പിക്കുന്നു. സാമാന്യമായ അര്‍ഥത്തില്‍ മുസ്ലീം രാഷ്ട്രങ്ങളില്‍ പാദുഷ (ബാദ്ശാഹ്), പാഷാ, ഷാ എന്നീ പേരുകളാണ് രാജസ്ഥാനത്തിന് നല്‍കിയിരുന്നത്. ഇവിടെ രാജാവ് ജനങ്ങളുടെ സംരക്ഷകനാണ്.
റോമാക്കാരെ സംബന്ധിച്ചിടത്തോളം രാജത്വത്തെ സംബന്ധിച്ച സംബോധന അധികാരത്തിന്റെ ഭഷയിലായിരുന്നു. പ്രാചീന റോമന്‍ റിപ്പബ്ലിക്കില്‍ ഒരു പ്രത്യേക യുദ്ധത്തില്‍ വിജയിയായ സൈനിക ജനറിന് ഇമ്പറേറ്റര്‍(imperator) എന്ന പേരു നല്‍കിയിരുന്നു. ഇതില്‍നിന്നാണ് എമ്പറര്‍(emperor) എന്ന പദം ആവിര്‍ഭവിച്ചത്. ആക്രമണങ്ങളും കീഴടക്കലുകളുമാണ് ചക്രവര്‍ത്തിയുടെ യശസ്സ് ഉയര്‍ത്തുന്നത്. മഹാനായ അല്‍ക്സാണ്ടര്‍, ചെങ്കിസ്ഖാന്‍, നെപ്പോളിയന്‍ എന്നീ ചക്രവര്‍ത്തിമാര്‍ ആ പദത്തിന്റെ എല്ലാ സവിശേഷതകളുടെയും മൂര്‍ത്തീകരണങ്ങള്‍ ആയിരുന്നു.[5]
[തിരുത്തുക] സ്വേച്ഛാപ്രഭുത്വം.
ഡെസ്പോട്ട് (Despot) എന്ന പദത്തിന് യജമാനന്‍ അഥവാ പ്രഭു എന്ന അര്‍ഥമാണുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഇത് തങ്ങളുടെ മക്കളോ മരുമക്കളോ പ്രവശ്യാഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ അവര്‍ക്കു നല്‍കുന്ന ബഹുമതിബിരുദമായിത്തീര്‍ന്നു. 12 - ം ശ. ത്തിന്റെ അവസാനം ഏഞ്ചലസ് എന്ന് ഇരട്ടപ്പേരുള്ള അലക്സിസ് iii - മനാണ് ഈ പദവി ആദ്യമായി സൃഷ്ടിക്കുകയും ചക്രവര്‍ത്തി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അതിനു നല്‍കുകയും ചെയ്തതെന്ന് പറയപ്പെടുന്നു. പില്‍ക്കാലത്ത് ഈ പദത്തിന് സ്വേച്ഛാധിപതി അഥവാ അനിയന്ത്രിതാധിപതി എന്ന അര്‍ഥമുണ്ടായി. സങ്കുചിതമായ അര്‍ഥത്തില്‍ ഇതിന്റെ ആശയം നിഷ്ടുരശാസനം എന്നാണ്. കാരണം അമിതാധികാരത്തിന്റെ ഉടമസ്ഥതയും അതിന്റെ ദുരുപയോഗവും ഒന്നിനോടൊന്നു ബന്ധപ്പെട്ട കാര്യങ്ങളാണ്
[തിരുത്തുക] സ്വേച്ഛാധിപതി (Tyrant).
'ടൈറന്റ്' എന്ന ഗ്രീക്കു പദം ദുശകുനം പിടിച്ച ഒന്നായി മാറിയിരിക്കുന്നു. സ്വേച്ഛാദുര്‍ഭരണത്തെയാണ് ടിറനി എന്നു വിവക്ഷിക്കുന്നത്. എന്നാല്‍ ആദ്യം അധികാരത്തിന്റെ പ്രയോക്താവ് എന്ന അര്‍ഥം മാത്രമേ ഈപദത്തിനുണ്ടായിരുന്നുള്ളു. നഗരങ്ങള്‍ ചെറുതും വേറിട്ടുള്ള ഭരണത്തിന്‍കീഴിലും ആയിരുന്നപ്പോള്‍ സ്വേച്ഛാധിപതിയുടെ ഭരണം എക്സിക്യൂട്ടീവ് മേയറുടേതുപോലെ ആയിരുന്നു. ഇറ്റാലിയന്‍ നഗരങ്ങളില്‍ ഇത്തരം ഭരണാധികാരികളെ പോഡെസ്റ്റ (podesta) എന്നു പറഞ്ഞിരുന്നു. ആര്യന്‍ഫ്യൂററിനെ (Fuhrer) പോലെ അദ്ദേഹവും കുലീനരെയും സമ്പന്നരെയും പ്രതിയോഗികളായി കണക്കാക്കി. അവരെ അടിച്ചമര്‍ത്തുകയും കൊള്ളയടിക്കുകയും നാടുകടത്തുകയും ചെയ്യാമെന്നും കരുതിയിരുന്നു.
സ്വേച്ഛാധിപതിയെ സൂചിപ്പിക്കുന്ന മറ്റൊരു പദമാണ് ഓട്ടോക്രാറ്റ് (Autocrat). ഗ്രീക്കു സങ്കല്പമനുസരിച്ച്, വ്യക്തിപരമായ യോഗ്യതകള്‍എന്തൊക്കെയായാലും അധികാരം വിനിയോഗിക്കുന്നതിനുള്ള തന്റെ അവകാശം (ദൈവികാനുമതിയാല്‍ ലഭിചത്) തന്നില്‍തന്നെ നിക്ഷിപ്തമാക്കിയിരിക്കുന്നയാളാണ് ഓട്ടോക്രാറ്റ്. [6]
[തിരുത്തുക] സര്‍വാധിപതി (Dictator).
മുമ്പു സൂചിപ്പിച്ചതുപോലെ അടിയന്തിരാവസ്ഥക്കാലത്ത് സര്‍വ അധികാരങ്ങളും നിക്ഷിപ്തമാക്കിക്കൊണ്ട് നിയമിക്കപ്പെട്ടിരുന്ന മജിസ്ട്രേറ്റില്‍ നിന്നുമാണ് ഡിക്ടേറ്റര്‍ എന്ന പദം ആവിര്‍ഭവിച്ചത്. ലാറ്റിനില്‍ ഈ പദത്തിന് അത്ര സൈനിക പ്രാധാന്യമില്ലായിരുന്നു. സമൂഹമോ സവിശേഷ സാഹചര്യമോ നിര്‍ദ്ദേശിച്ചാലല്ലാതെ ഒരു സര്‍വാധിപതിക്കും ആധിപത്യം പുലര്‍ത്തന്‍ കഴിയില്ലെന്നാണ് പരമ്പരാഗത ലാറ്റിന്‍ധാരണ. തിബര്‍ നദീതീരത്തുള്ള പുരാതന ലാറ്റിന് റിപ്പബ്ലിക്കിന്റെ ഈ പാരമ്പര്യത്തെ മുസോളിനിയും ഹിറ്റലറും പോലും മാനിച്ചിരുന്നുവെന്നു വാദിക്കുന്നവരുണ്ട്. എത്ര തന്നെ കപടമായിട്ടാണെങ്കിലും ഔപചാരിക നടപടിക്രമങ്ങളുള്ള ജനഹിത പരിശോധനയില്‍ അടിസ്ഥാനമാക്കിയായിരുന്നു അവര്‍തങ്ങളുടെ അധികാരം വിനിയോഗിച്ചിരുന്നത്. ഇത് പൂര്‍വികരില്‍നിന്നാര്‍ജിക്കുകയോ സന്തതികള്‍ക്ക് കൈമാറുകയോ ചെയ്യുന്നതല്ല.[7]
[തിരുത്തുക] ഏകധിപത്യ ഭരണകൂടങ്ങള്‍.
ഫ്രാന്‍സ് ആണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അതിശക്തമായ ഏകാധിപത്യം വളര്‍ന്നുവന്ന ആദ്യത്തെ രാജ്യം. രാഷ്ട്രീയ സൈദ്ധാന്തികനായ ബൊദൊന്‍ തന്റെ കൃതികളിലൂടെ ഏകധിപത്യത്തെ ന്യായീകരിക്കുകയും അതിന് തത്വശാസ്ത്രപരമായ അടിത്തറ നല്‍കുകയും ചെയ്തു. അതിശക്തമായ സൈന്യം ഏകധിപത്യത്തെ താങ്ങിനിറുത്തി. 16, 18, നൂറ്റാണ്ടുകളില്‍ഫ്രഞ്ചു രാജവാഴ്ച യൂറോപ്പിലെങ്ങും വ്യാപകമായി അംഗീകരിക്കപ്പെട്ടു. രാജാവിന്റെ ദൈവികാനുമതിയെ സംബന്ധിച്ച സിദ്ധാന്തം അധികാര പ്രയോഗത്തിന് തുണയായിരുന്നു. ദേശീയവാതികള്‍ പോലും ഏകാധിപതിയെ രാഷ്ട്രനേതാവയി കരുതുകയും അദ്ദേഹത്തിന്റെ മഹത്വത്തില്‍അഭിമാനിക്കുകയും ചെയ്തു.
സ്പെയിന്‍, പ്രഷ്യ, റഷ്യ, എന്നിവ ഫ്രഞ്ചുരീതിയിലുള്ള ഏകാധിപത്യത്തിന്റെ മറ്റു ദൃഷ്ടാന്തങ്ങളാണ്. ഭരണാധികാരത്തിന്റെ കേന്ദ്രീകരണം, മതപരമായ അസഹിഷ്ണതയുടെ വളര്‍ച്ച, ആശയങ്ങളുടെ തകര്‍ച്ച്, ബുദ്ധിപരമായ തളര്‍ച്ച എന്നിവയിലൂടെയാണ് സ്പെയിനില്‍ ഏകാധിപത്യം വളര്‍ന്നു വന്നത്. സമ്പത്തികനില ഏറ്റവും സോചനീയമായി. അഭിജാതവര്‍ഗവും പുരോഹിതരും നികുതിയിളവനുഭവിച്ചപ്പോള്‍, നികുതി സംവിധാനം താണവര്‍ഗങ്ങളെ തളര്‍ത്തുകയും വ്യവസായങ്ങളെ മുരടിപ്പിക്കുകയും ചെയ്തു.
ഭരണാധികാരത്തിന്റെ കേന്ദ്രീകരണം, സാമ്പത്തിക ക്ഷേമത്തിന്റെ ക്രമീകൃത വികസനം, സൈന്യത്തിനായി വന്തോതില്‍സമ്പത്തിക വിഭവ വിനിയോഗം എന്നിവയായിരുന്നു പ്രഷ്യന്‍ ഏകധിപത്യത്തിന്റെ പ്രധാന നയങ്ങള്‍. സമ്പദ്ഘടന സൈന്യവത്കരിക്കപ്പെട്ടു. ബ്യൂറോക്രസി വളര്‍ന്നു; ഭൂപ്രഭുക്കളുടെ മേധാവിത്വം ശാശ്വതീകരിക്കപ്പെട്ടു.
റഷ്യന്‍ ഏകധിപത്യവും സമ്പത്ഘടനയുടെ സൈന്യവത്കരണത്തിലാണ് അധികം ഊന്നിനിന്നത്. കുലീനരുടെരുടെ വിധേയത്വം ഉറപ്പുവരുത്തിയതോടൊപ്പം കര്‍ഷകരുടെയും കുടിയാന്മാരുടെയും മേല്‍കനത്ത നികുതിഭാരം കെട്ടിവയ്ക്കുകയും ചെയ്തു. റഷ്യന്‍ പാത്രിയാര്‍ക്കിസ് പദവി അവസാനിപ്പിക്കുകയും ക്രൈസ്തവസഭയെ ഭരണത്തിന്റെ ഒരു വകുപ്പെന്ന നിലയില്‍തരം താഴ്ത്തുകയും ചെയ്തു.
അനിയന്ത്രിതാധിപത്യമുള്ള സുല്‍ത്താന്റെ കീഴില്‍ഒരു സൈനിക സാമ്രജ്യമായിരുന്നു തുര്‍ക്കി. ഖലീഫ എന്ന നിലയില്‍മത നേതാവുകൂടിയായിരുന്നു സുല്‍ത്താന്‍.
ഡെന്മാര്‍ക്ക്, പോളണ്ട്, സ്വിറ്റ്സര്‍ലണ്ട്, ഹോളണ്ട്, മുകള്‍സാമ്രാജ്യം ഇവയാണ് ഏകാധിപത്യ ഭരണകൂടങ്ങളുടെ മറ്റു ദൃഷ്ടാന്തങ്ങള്‍. മുസോളിനിയുടെ കീഴിലുള്ള ഇറ്റലി, ഹിറ്റ്ലറുടെ ജര്‍മനി, സലാസറുടെ പോര്‍ച്ചുഗല്‍ ഇവയാണ് 20 - ം നൂറ്റാണ്ടിലെ ഏകാതിപത്യത്തിന്റെ മകുടോദാഹരണങ്ങള്‍.
പര്‍മ്പരാഗത മാതൃകകളില്‍നിന്നും ഏറിയകൂറും വത്യസ്തമാണെങ്കിലും മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നു. ഇവിടങ്ങളില്‍ കൊളോനിയലിസം അവസാനിച്ചതോടെ അതിമോഹികളായ നേതാക്കളുടെ കീഴില്‍ അധികാരത്തിനു വേണ്ടിയുള്ള നിരങ്കുശമായ സമരത്തിന്റെ ആരംഭമായി. വിജയിച്ചിടങ്ങളിലെല്ലാം ബംന്ധപ്പെട്ട നേതാക്കള്‍ ഏകാധിപത്യ ഭരണസംവിധാനം ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ ഏകാധിപത്യത്തെ താങ്ങിനിറുത്തുന്ന വിവിധ ഘടകങ്ങളുണ്ട്. വിദ്യാഭ്യാസരംഗത്തെ ക്രൈസ്തവ സഭയുടെ അനിഷേധ്യമായ സ്വാധീനതയാല്‍ ലിബറലിസത്തിന്റെ സ്വാധീനതയില്‍ വളര്‍ന്നു വരുന്ന പ്രസ്ഥാനങ്ങള്‍ രാജ്യത്തെ സാധാരണ ജനജീവിതത്തെ ബാധിച്ചില്ല. വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ പ്രാകൃതവും ഭൂമിശാസ്ത്രപരവുമായ തടസ്സങ്ങള്‍കാരണം ജനങ്ങള്‍ക്കു പരസ്പരം ബന്ധപ്പെടനുള്ള മാര്‍ഗ്ഗങ്ങള്‍ദുഷ്കരവും ആണ്. സാമ്പത്തിക സാഹചര്യങ്ങള്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായിരുന്നുമില്ല. പ്രാകൃത ഫ്യൂഡലിസം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇന്നുവരെ ഗണ്യമായ സാമ്പത്തിക വികസനമുണ്ടായിട്ടില്ല. മധ്യവര്‍ഗമാകട്ടെ എണ്ണത്തില്‍കുറവും ഫ്യൂഡല്‍വിരുദ്ധ വികാരം പ്രകടിപ്പിക്കുവാന്‍ കഴിവില്ലാത്തത്ര ബലഹീനവുമാണ്.[8]
[തിരുത്തുക] അവലംബം
- ↑ 1. റ്റുഡെയ്സ് ഇസംസ് (1959) വില്ലിയം എലിന്‍സ്റ്റന്‍.
- ↑ ഹിസ്റ്ററി ആന്‍ഡ് ഡിസ് ക്രിപ് ഷന്‍ ആഫ് റോമന്‍ പൊളിറ്റികല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (1901), അബ്ബോട്ട്.
- ↑ ദ് വെബ് ഓഫ് ഗവണ്മെന്റ് (1947), ആര്‍. എം. മാക് ഐവര്‍.
- ↑ ദി ഏജ് ഓഫ് അബ് സൊല്യൂട്ടിസം 1660-1815 (1954), മാക്സ് ബില്ലൊഫ്.
- ↑ ഹിസ്റ്ററി ഓഫ് ഗവണ്മെന്റ്(1955), ജെ. കെ. വെങ്കിട്ടരാമന്‍ ആന്‍ഡ് കെ. സി. ഗോവിന്ദരാജന്‍.
- ↑ പ്ലാറ്റോ ആന്‍ഡ് ഹിസ് പ്രിഡസ്സസര്‍, ബാര്‍കെര്‍, ഏണസ്റ്റ്.
- ↑ ദി ഏജ് ഓഫ് എന്‍ലൈറ്റന്‍ഡ് ഡെസ്പോട്സ് 1660-1789, ജോണ്‍സണ്‍.
- ↑ എ ഗ്രാമര്‍ ഓഫ് പൊളിറ്റിക്സ് (1901), എച്ച്. ജെ. ലാസ്കി.

