അഭിജാതാധിപത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രഭുക്കളും അഭിജാതരുമായ ഒരു ന്യൂനപക്ഷത്തിന്റെ ആധിപത്യത്തിലുള്ള ഭരണസമ്പ്രദായമാണ് അഭിജാതാധിപത്യം. ശ്രേഷ്ഠം (കുലീനം) എന്നും അധികാരം എന്നും യഥാക്രമം അർഥം വരുന്ന അരിസ്റ്റോസ് (Aristos), ക്രാറ്റോസ് (Kratos) എന്നീ ഗ്രീക്കുപദങ്ങളിൽ നിന്നും സംജാതമായിട്ടുള്ളതാണ് അരിസ്റ്റോക്രസി (Aristocracy) അഥവാ അഭിജാതാധിപത്യം എന്ന സംജ്ഞ. ഒരു രാജ്യത്തിലെ ഉന്നതകുലജാതരായ ചുരുക്കം ചില ആളുകളിൽ ഭരണാധികാരം നിക്ഷിപ്തമാകുമ്പോഴാണ് അഭിജാതാധിപത്യം ഉടലെടുക്കുക. എന്നാൽ, പുരാതനകാലംമുതൽ അടുത്തകാലംവരെ അങ്ങിങ്ങായി നിലനിന്നിട്ടുള്ള ഈ ഭരണസമ്പ്രദായം, പ്രായേണ, ഏതാനും ധനവാൻമാരുടെയോ സമുദായത്തിലെ മറ്റു വിഭാഗങ്ങളുടെമേൽ സമ്മർദം ചെലുത്തി അവരെ നിയന്ത്രിച്ചു നിറുത്തുവാൻ കഴിവും സാമർഥ്യവും ആർജിച്ചിട്ടുള്ള പ്രത്യേക താത്പര്യങ്ങളുടെയോ കൈയിലമർന്നുപോയിട്ടുണ്ട്.

വിഭാഗങ്ങൾ[തിരുത്തുക]

ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടൽ (ബി.സി. 384-322) ഭരണകൂടങ്ങളെ സാധാരണ (normal) എന്നും ദുഷിച്ചത് (perverted) എന്നും പൊതുവായി രണ്ടായി തരംതിരിച്ചിട്ടുണ്ട്. സാധാരണ ഭരണത്തിൽ രാജവാഴ്ച (Monarchy), അഭിജാതാധിപത്യം (Aristocracy), പോളിറ്റി (Polity) എന്നിവ ഉൾപ്പെടുമെന്നും അവ ഓരോന്നും അധഃപതിക്കുമ്പോൾ യഥാക്രമം സ്വേച്ഛാധിപത്യം (Tyranny), അല്പാധിപത്യം (Oligarchy), ജനാധിപത്യം (Democracy) എന്നിങ്ങനെ ആയിത്തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിൽ അഭിജാതാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വമായി ഗ്രീക്കുകാർ ഗണിച്ചത് ബുദ്ധിശക്തിയും സൻമാർഗനിഷ്ഠയും ആയിരുന്നു. ഈ അടിസ്ഥാനതത്ത്വത്തിൽനിന്നും വ്യതിചലിക്കുമ്പോഴാണ് അഭിജാതാധിപത്യം അല്പാധിപത്യമായി തരംതാഴ്ത്തപ്പെടുന്നത്.

അരിസ്റ്റോട്ടലിന്റെ മാതൃക കുറെയേറെ സ്വീകരിച്ചുകൊണ്ട് ഫ്രഞ്ചുദാർശനികനായ റൂസോ (Jean Jacques Rousseau, 1712-78) ഗവൺമെന്റുകളെ ഏകാധിപത്യം, അഭിജാതാധിപത്യം, പ്രജാധിപത്യം എന്നിങ്ങനെ തരംതിരിക്കുകയും, അതിൽ അഭിജാതാധിപത്യത്തെ വീണ്ടും സ്വാഭാവികം (natural), തെരഞ്ഞെടുക്കപ്പെട്ടത് (elective), പരമ്പരാഗതം (hereditary) എന്നു വിഭജിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അഭിജാതാധിപത്യം (Elective Aristocracy) ആണ് ഏറ്റവും ശ്രേഷ്ഠമെന്നും, പാരമ്പര്യസ്വഭാവമുള്ള അഭിജാതഭരണം ഏറ്റവും അധമമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ശ്രേഷ്ഠത[തിരുത്തുക]

പ്രാചീനകാലത്ത് അഭിജാതാധിപത്യം നിലവിലിരുന്ന ഓരോ രാജ്യത്തിലേയും അത്യുന്നതൻമാരും ശ്രേഷ്ഠൻമാരുമായിരുന്നു ഭരണചക്രം നിയന്ത്രിച്ചിരുന്നത്. എന്നാൽ അവരുടെ ശ്രേഷ്ഠത നിർണയിച്ചിരുന്നത് വിവിധ മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരുന്നു. അതിൽ ഒന്നാണ് ജനനം. പൌരാണിക സാമൂഹിക സമ്പ്രദായത്തിൽ ഓരോ ഗോത്രത്തിനും ഓരോ തലവനുണ്ടായിരിക്കുകയും, ഗോത്രവികസനത്തെത്തുടർന്ന് ഒരു പൊതുപിതാമഹനിൽനിന്നും ജാതരായ തലമുറക്കാർ ഒരു വർഗമായി വർത്തിക്കുകയും അന്യവർഗക്കാരെ അകറ്റിനിർത്തുകയും ചെയ്തിരുന്നു. ഇന്നത്തെപ്പോലെ ജനപ്പെരുപ്പമോ മറ്റു പ്രശ്നസങ്കീർണതകളോ അന്നില്ലാതിരുന്നതുകൊണ്ട് കുറെക്കാലത്തേക്ക് ഈ സമ്പ്രദായം നിലനിന്നു. പില്ക്കാലങ്ങളിൽ അഭിജാത കുടുംബങ്ങളിൽ ജനിച്ചവർക്കാണ് രാജ്യകാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ സന്ദർഭം ലഭിച്ചത്. ഇന്നും പല രാജ്യങ്ങളിലും ചില കുടുംബക്കാർ മറ്റുള്ളവരെ അപേക്ഷിച്ച് ഭരണരംഗത്ത് കൂടുതൽ ശേഷിയും നൈപുണ്യവും അനുഭവജ്ഞാനവും കൈവന്നിട്ടുള്ളവരായി കാണപ്പെടുന്നുണ്ട്.

ആഭിജാത്യം നിർണയിക്കുവാനുള്ള മറ്റൊരു മാനദണ്ഡം ധനസ്ഥിതിയാണ്. ഇതനുസരിച്ച് ഏറ്റവും സമ്പന്നരായ വ്യക്തികളാണ് പല രാജ്യങ്ങളിലും ഭരണം നടത്തിയിരുന്നത്. സാധാരണക്കാരന് ഭരണകാര്യങ്ങളിൽ പങ്കെടുക്കുവാൻ സാധ്യമാകാത്ത വിധത്തിലായിരിക്കും അതിലെ സംവിധാനം. മറ്റു ചില സ്ഥലങ്ങളിൽ ഏറ്റവും ഉത്കൃഷ്ടരും വിദ്യാസമ്പന്നരുമായിരുന്നു ഭരണാധികാരികളായ അഭിജാതൻമാർ. കായികശക്തിയുടെ അടിസ്ഥാനത്തിലും കുലീനത്വം കല്പിച്ചിരുന്ന ജനവർഗങ്ങൾ ഉണ്ടായിരുന്നു. അതുപോലെതന്നെ സൈനികമേധാവികൾ കുലീനത്വം സ്വായത്തമാക്കി ഭരണഭാരമേറ്റെടുത്തിട്ടുള്ളതിന് ഉദാഹരണങ്ങളും കുറവല്ല. മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും നിന്ന് ഒന്നോ രണ്ടോ പ്രതിനിധികൾ ചേർന്ന് അഭിജാതാധിപത്യം പരീക്ഷിച്ചു നോക്കിയിട്ടുള്ളതിനും തെളിവുകളുണ്ട്.

ഏതൊരു രാഷ്ട്രത്തിന്റേയും പരമാധികാരം എപ്പോഴും ഏതെങ്കിലും ഒരു വർഗത്തിന്റെ കൈയിൽ അമർന്നിരിക്കുമെന്നാണ് പ്രൊഫ. ജി. ജെല്ലിനിക്കിന്റെ അഭിപ്രായം. അതു ജൻമിവർഗമോ പുരോഹിതൻമാരോ സൈനികരോ ആയിരിക്കാം. പക്ഷേ, അധികാരിവർഗം ഏതുതരത്തിലുള്ളവരായാലും അധികാരം അവരുടെ അധീനതയിലിരിക്കുന്നിടത്തോളംകാലം അവർ സമൂഹത്തിലെ മറ്റു വിഭാഗങ്ങളെക്കാൾ പ്രബലരും പ്രമാണികളും മറ്റുള്ളവർക്കനുവദിക്കപ്പെടാത്ത പല ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരും ആയിരിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. തൻമൂലം അഭിജാതാധിപത്യം വെറും സംഖ്യയുടെ അടിസ്ഥാനത്തിൽ അധിഷ്ഠിതമാണെന്നു കരുതുന്നത് തെറ്റാണെന്നും അദ്ദേഹം വാദിച്ചു.

ചില വ്യാഖ്യാനങ്ങൾ[തിരുത്തുക]

അഭിജാതാധിപത്യത്തെ, അഭിജാതജനാധിപത്യം (Aristo-democracy) എന്നു വിളിച്ചുതുടങ്ങിയിട്ടുണ്ട്. പ്രജായത്തഭരണംതന്നെ ഒരുവിധത്തിൽ അഭിജാതാധിപത്യമാണെന്നാണ് ചിലരുടെ പക്ഷം; കാരണം, മൊത്തം ജനസംഖ്യയുടെ ചെറിയ ഒരു വിഭാഗം മാത്രമാണ് യഥാർഥത്തിൽ ഭരണചക്രം തിരിക്കുന്നത്. ഉദാഹരണം പാർലമെന്ററി ഭരണസമ്പ്രദായത്തിൽ, ക്യാബിനറ്റുകൾ രൂപവത്കരിക്കുന്നതും അധികാരം നിയന്ത്രിക്കുന്നതും തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ കരസ്ഥമാക്കുന്ന കക്ഷിയിലെ (കക്ഷികളിലെ) നേതാക്കന്മാരായിരിക്കും. അതുപോലെതന്നെ ഇന്ത്യ ഉൾപ്പെടെയുള്ള പല ജനാധിപത്യരാജ്യങ്ങളിലും പ്രതിനിധിസഭകളുടെ ഉപരിമണ്ഡലങ്ങളിൽ ഇന്നും ചിലതരം വ്യക്തികൾക്ക് പ്രാതിനിധ്യം നല്കുന്നുണ്ട്. സാമാന്യജനങ്ങൾക്ക് ഭരണനിർവഹണത്തിനാവശ്യമായ പരിജ്ഞാനം, അഭിരുചി, കഴിവ്, സമയം, സൌകര്യം എന്നിവ വേണ്ടത്ര ഉണ്ടായിരിക്കുകയില്ല എന്ന നിഗമനത്തിന്റെ വെളിച്ചത്തിലാണ് മേൽവിവരിച്ച വിധത്തിൽ, ചുരുക്കം ചിലരുടെ കൈയിൽ ഭരണഭാരം ഏല്പിക്കപ്പെടുന്നത്. എന്നാൽ ഇക്കാരണങ്ങൾകൊണ്ട് അഭിജാതാധിപത്യവും ജനാധിപത്യവും ഒന്നാണെന്നു കരുതുന്നത് ശരിയല്ല. അഭിജാതാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ സാമാന്യജനങ്ങളുടെ കഴിവ്, അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങൾ വകവച്ചുകൊടുക്കുകയില്ലെന്നു മാത്രമല്ല, സമുദായത്തിലെ ചില പ്രത്യേക വിഭാഗങ്ങൾക്കേ അവ ഉണ്ടായിരിക്കുകയുള്ളു എന്ന് ശഠിക്കുകയും ചെയ്യുന്നു. ജനാധിപത്യ വിശ്വാസികളാകട്ടെ, എല്ലാ ജനവിഭാഗങ്ങളുടേയും കഴിവുകളും അവകാശങ്ങളും ഒന്നുപോലെ കണക്കിലെടുക്കുകയും വിവേചനംകൂടാതെ മനുഷ്യനെ മനുഷ്യനായി അംഗീകരിക്കുകയും ചെയ്യുന്നു. പൌരനാകാൻ അർഹതയുള്ള ഏതൊരാൾക്കും ഭരണകാര്യങ്ങളിൽ ഭാഗഭാക്കാകാനുള്ള അവകാശം ഉണ്ടെന്നുള്ളതാണ് ജനാധിപത്യത്തിന്റെ കാതലായ തത്ത്വം.

മേന്മകൾ[തിരുത്തുക]

അഭിജാതാധിപത്യത്തിൽ ഭരണാധികാരികളുടെ ബുദ്ധി, ഭരണനൈപുണ്യം, കഴിവ് മുതലായവ പ്രകടമായിരിക്കും. ഇതുകൊണ്ടുതന്നെയാണ് ചിലർ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠൻമാരാണെന്നും അക്കാരണത്താൽ അവരെ മാത്രമാണ് ഭരണകാര്യങ്ങൾ ഏല്പിക്കേണ്ടതെന്നും അഭിജാത ഭരണത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നത്. പല രാജ്യങ്ങളിലും മെച്ചപ്പെട്ട ഭരണക്രമം പ്രദാനം ചെയ്യുവാൻ അവിടങ്ങളിലെ അഭിജാതഭരണത്തിന് കഴിഞ്ഞുവെന്ന് തെളിഞ്ഞിട്ടുണ്ട്. അർഹതയും ശേഷിയും ഉള്ളവർമാത്രം ഭരണരംഗത്തേക്കു കടന്നുവരുന്നതുകൊണ്ട് അവരുടെ കൈയിൽ സകല നിയന്ത്രണാധികാരങ്ങളും ഏല്പിച്ചുകൊടുക്കുന്ന കാര്യത്തിൽ സാധാരണക്കാർക്ക് അന്ന് വൈമുഖ്യം ഉണ്ടായിരുന്നില്ല. സാമർഥ്യമുള്ളവർ ഒരു രാജ്യം ഭരിക്കുന്നത് അത്യുത്തമമായിരിക്കുമെന്നാണ് ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന റൂസോ പോലും പറഞ്ഞിട്ടുള്ളത്. സ്കോട്ടിഷ് ചരിത്രകാരനായ തോമസ് കാർലൈൽ (1795-1881) പ്രസ്താവിച്ചിട്ടുള്ളത് ബുദ്ധിശൂന്യരായ ജനങ്ങൾക്ക് ബുദ്ധിമാന്മാരുടെ ഭരണം ലഭ്യമാകുന്നത് അവരർഹിക്കുന്നതിൽവച്ച് ഏറ്റവും വലിയ ആനുകൂല്യം ആയിരിക്കും എന്നാണ്.

രാഷ്ട്രീയത്തിലെ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുനിന്ന്, തങ്ങളെ ഏല്പിച്ചിട്ടുള്ള കാര്യങ്ങൾ സത്യസന്ധമായി ചെയ്തുതീർക്കാനുള്ള കഴിവും പരിചയസമ്പന്നതയും ഉള്ള ഒരു ഭരണവർഗത്തെ ദാനം ചെയ്യുന്നു എന്നുള്ളതാണ് അഭിജാതഭരണത്തിന്റെ മറ്റൊരു മേൻമ. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി വിവേകപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ അഭിജാതഭരണത്തിന് പ്രയാസമില്ല. ജനാധിപത്യത്തിലെപ്പോലെ ഭൂരിപക്ഷം ആളുകളുടെ അപക്വതീരുമാനങ്ങൾക്കോ, രാജവാഴ്ചയിലെപ്പോലെ ഒരാളുടെമാത്രം ധിക്കാരംനിറഞ്ഞ നടപടികൾക്കോ ഇവിടെ സ്ഥാനമില്ല. കൂടാതെ ജനാധിപത്യത്തിലെ ഭാരിച്ച പാഴ്ചെലവുകളും രാജവാഴ്ചയിലെ അനിയന്ത്രിതമായ ധൂർത്തും ഈ സംവിധാനത്തിൽ ഒഴിവാക്കപ്പെടുന്നു. കെട്ടുറപ്പും കാര്യക്ഷമതയും ഉള്ള ഭരണം പ്രദാനം ചെയ്യുവാൻ അഭിജാതഭരണത്തിന് കഴിയുമെന്ന് വിശ്വസിക്കുവാൻ ന്യായമായ കാരണങ്ങൾ ഉണ്ട്. ഗവൺമെന്റുകളിൽ, കാര്യനിർവഹണത്തിന് സ്ഥായിയായ കഴിവും ഓജസ്സും നല്കുവാൻ കഴിഞ്ഞിട്ടുള്ളത് ഒരഭിജാതഭരണത്തിനാണെന്ന് ഇംഗ്ലീഷ് ദാർശനികനും സാമ്പത്തികശാസ്ത്രജ്ഞനുമായ ജോൺ സ്റ്റുവർട്ട് മിൽ (1806-73) അഭിപ്രായപ്പെടുന്നു.

അനിയന്ത്രിതവും വിവേചനരഹിതവുമായ അധികാര ദുർവിനിയോഗം ഒഴിവാക്കുന്നു എന്നതാണ് അഭിജാതഭരണത്തിന്റെ സാമാന്യമായ ഒരു മേൻമ. ആസൂത്രിതമാകാതെ കൂടെക്കൂടെ ഉണ്ടാകാൻ ഇടയുള്ള ഭരണപരിവർത്തനങ്ങൾ അതിരുകവിഞ്ഞവിധത്തിൽ ആകാതിരിക്കുവാൻ അഭിജാതാധിപത്യം ശ്രദ്ധിക്കുന്നു.

പരിമിതികൾ[തിരുത്തുക]

സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമേ അഭിജാതാധിപത്യം പ്രതിനിധാനം ചെയ്യുന്നുള്ളു എന്നതാണ് അതിന്റെ പ്രധാന ന്യൂനത. പൊതുതാത്പര്യങ്ങൾക്കെതിരായിപ്പോലും ആ പ്രത്യേക വിഭാഗത്തിന്റെ ഗുണത്തിനായി നിലകൊള്ളുവാൻ അഭിജാതഭരണം നിർബന്ധിതമായിത്തീരുന്നു. ശ്രേഷ്ഠൻമാർ എന്നു കരുതപ്പെടുന്ന ഭരണാധികാരികൾ, തങ്ങളെക്കാൾ കഴിവിലും ബുദ്ധിയിലും മറ്റും താഴ്ന്ന നിലവാരത്തിലുള്ള ജനവിഭാഗങ്ങളോടുള്ള പെരുമാറ്റത്തിൽ വെറുപ്പോ അമർഷമോ പുച്ഛമോ കാണിക്കുന്നത് അസ്വാഭാവികമല്ല. അഭിജാതഭരണം കാലക്രമേണ വർഗഭരണമായി അധഃപതിച്ചിട്ടുള്ളതിന് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. പലപ്പോഴും അത് ദുർഭരണത്തിലേക്കും വഴുതിവീഴാറുണ്ട്. അധികാരവും ശക്തിയും സ്വായത്തമാകുമ്പോൾ അധികാരികൾ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ യാതൊരു താത്പര്യവും കാണിക്കാറില്ലെന്നു മാത്രമല്ല, അത്തരം കാര്യങ്ങൾ മിക്കപ്പോഴും തള്ളിക്കളയുവാനുള്ള പ്രവണത പ്രകടിപ്പിക്കുകയും ചെയ്യും. വർഗവിവേചനം വിവിധ വർഗക്കാർ തമ്മിലുള്ള സ്പർധയ്ക്കും എതിർപ്പിനും വഴക്കിനും വഴിതെളിക്കാറുണ്ട്. അതുപോലെതന്നെ അഭിജാതൻമാർക്കിടയിലും അന്യോന്യവിരോധത്തിനും കലഹത്തിനും വഴിയുണ്ടാകുകയും ചെയ്യും. ചിലപ്പോൾ ഇത്തരം വഴക്കുകളും എതിർപ്പുകളും ആഭ്യന്തരയുദ്ധത്തിനുതന്നെ കളമൊരുക്കാറുണ്ട്.

ഏതാനും ആളുകൾമാത്രം ഭരിക്കുവാൻ പറ്റിയവരും മറ്റുള്ളവർ ഭരിക്കപ്പെടേണ്ടവരുമാണെന്നുള്ള സിദ്ധാന്തം മാനുഷികമൂല്യങ്ങൾക്കും പ്രജായത്തഭരണ സമ്പ്രദായത്തിനും കടകവിരുദ്ധമാണ്. ജനങ്ങളിൽ രാഷ്ട്രീയാഭിരുചി വളർത്തുകയും ഭരണപരിചയം ഉണ്ടാക്കുവാൻ വഴിതെളിക്കുകയും ചെയ്യുന്നതിനുപകരം സാമാന്യജനസഞ്ചയത്തെ എന്നെന്നും ആജ്ഞാനുവർത്തികളാക്കി നിർത്തുകയാണ് അഭിജാതാധിപത്യം ചെയ്യുന്നത്. കുടുംബപാരമ്പര്യംവഴി അധികാരം സ്വായത്തമാക്കിയിട്ടുള്ള എല്ലാവരും ഒരേവിധത്തിൽ ഭരണപരിശീലനം സിദ്ധിച്ചവരോ ഉത്തമൻമാരോ ആയിരിക്കണമെന്നില്ല. ഭരണപാരമ്പര്യമുള്ള കുടുംബങ്ങളിലുള്ള പലരും ഭരണാധികാരം ദുർവിനിയോഗം ചെയ്തിട്ടുള്ളതിനും ഉദാഹരണങ്ങളുണ്ട്.

അഭിജാതാധിപത്യത്തിന്റെ മറ്റൊരു ന്യൂനത അയവില്ലാത്ത നയപരിപാടികളാണ്. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പല പുരോഗമന നടപടികളും അഭിജാതാധിപത്യത്തിന്റെ പിടിയിൽ നിർജീവമായിത്തീരാറുണ്ട്. പുരോഗമനപരമായ മാറ്റങ്ങൾ കാംക്ഷിക്കുന്ന ജനതയ്ക്ക് അഭിജാതാധിപത്യം മാർഗദർശനം നല്കുമെന്ന് കരുതുവാൻ ന്യായമില്ല.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിജാതാധിപത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിജാതാധിപത്യം&oldid=3623352" എന്ന താളിൽനിന്ന് ശേഖരിച്ചത്