ആറ്റുകാൽ പൊങ്കാല
തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്[1]. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല[2][3] എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി[4].ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന് നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്.[5] [6][7]
[തിരുത്തുക] പൊങ്കാല
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തിൽ രണ്ടുനേരം കുളിച്ച്, മൽത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാൻ. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കൽെ മാത്രമേ ആഹാരം കഴിക്കാവൂ. (ഇന്ന് അത് മാറി ഒരു നേരം മാത്രമേ അരി ആഹാരം കഴിയ്ക്കാൻ പാടൂള്ളൂ എന്നായിട്ടുണ്ട്). പൊങ്കാലയ്ക്ക് മുൻപ് കഴിവതും ക്ഷേത്രദർശനം നടത്തുക. കാരണം പൊങ്കാല ഇടുവാൻ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അർത്ഥമാക്കുന്നത്; പ്രപഞ്ചത്തിൻറെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച്, അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അതിൻറെ അഹംബോധം നശിക്കുകയും, ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാല അടുപ്പിൽ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയിൽ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശർക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ http://www.attukal.org/pongala.htm
- ↑ Thats malayalam
- ↑ temple's kerala.com
- ↑ webindia123.com
- ↑ ഗിന്നസ് സാക്ഷ്യപത്രം.
- ↑ "Ponkala makes it to Guinness". The Hindu. 2006-10-15. http://www.hindu.com/2006/10/15/stories/2006101514620900.htm, ശേഖരിച്ചത്: 2008-08-14.
- ↑ "Guinness World Records - News - Let's hear it for the ladies!". Guinness World Records. 03 2008. http://www.guinnessworldrecords.com/news/2008/03/080304.aspx, ശേഖരിച്ചത്: 2009-02-19.
|
|||||||