ഏഴരപ്പൊന്നാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏഴരപ്പൊന്നാന എഴുന്നള്ളത്ത്
ഏറ്റുമാനൂർ ക്ഷേത്രം

ക്ഷേത്രം

ഏറ്റുമാനൂർ മഹാദേവക്ഷേത്രം

മാസവും, ദിവസവും

കുംഭമാസത്തിലെ രോഹിണി

ചടങ്ങുകൾ

ഏഴരപ്പൊന്നാന ദർശനം
എഴുന്നള്ളത്ത്
വലിയ കാണിക്ക

ഇതുംകാണുക

ഏറ്റുമാനൂർ
മാർത്താണ്ഡവർമ്മ

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. പ്ലാവിൻ തടിയിൽ നിർമ്മിച്ച ഈ ആനകളെ സ്വർണപാളികളാൽ പൊതിഞ്ഞിരിക്കുന്നു. വലിയ ആനകൾക്ക്‌ രണ്ടടിയും ചെറിയ ആനയ്‌ക്ക്‌ ഒരടിയുമാണ്‌ ഉയരം. ഏറ്റുമാനൂർ ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിനാണ്‌ പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്‌ നടത്തുന്നത്. അന്നേ ദിവസം ഏറ്റുമാനൂർ തേവർ ക്ഷേത്ര മതിൽക്കകത്തെ പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പെന്നാന ദർശനം നൽകി എഴുന്നള്ളിയിരിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

[തിരുത്തുക] അഷ്ടദിക് ഗജങ്ങൾ

ഏഴരപ്പൊന്നാനകൾ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് ദിക്ക്ഗജങ്ങൾ. വാമനൻ ചെറുതാകയാൽ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.

ഏറ്റുമാനൂർ ക്ഷേത്രം

[തിരുത്തുക] മാർത്താണ്ഡവർമ്മ

മലയാള വർഷം 929-ൽ വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ ഏറ്റുമാനൂരിലെ മാധവിപ്പിള്ളനിലത്തിൽ പ്രവേശിക്കുകയും അവിടുത്തെ പ്പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും ചെയ്തുവത്രെ. തന്നിമിത്തം തിരുവിതാംകൂർ മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തുടർ പരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി നടയ്ക്കുവെച്ചതാണത്രേ ഈ ഏഴരപ്പൊന്നാനകൾ.

എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെച്ചുവെന്നാണ് കരുതുന്നത്. അതിന്റെ പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. [1].

[തിരുത്തുക] ധർമ്മരാജാവ്

ഏഴരപ്പൊന്നാനകളെ 973 - മാണ്ട് നാടു നീങ്ങിയ തിരുവിതാംകൂർ ധർമ്മരാജാ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കി വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തിയപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്. [2]. അതെന്തായാലും തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നടയ്ക്കുവെച്ചതാണ് ഈ ഏഴരപ്പൊന്നാനകൾ.

[തിരുത്തുക] ചരിത്രം

തിരുവിതാംകൂർ മഹാരാജാവ്‌ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ്‌ ക്ഷേത്രത്തിന്‌ ആനകൾ കാഴ്‌ചവച്ചത്‌.

[തിരുത്തുക] ഏഴരപ്പൊന്നാന ദർശനം

ഏഴരപ്പൊന്നാന വർഷത്തിൽ കുംഭമാസത്തിൽ മാത്രമാണ് ഭക്തരുടെ ദർശനത്തിനായി പുറത്തെടുക്കുക. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിച്ചു കാണിക്കയർപ്പിച്ച് ഏറ്റുമാനൂരപ്പനെ പ്രണമിക്കാൻ ആയിരങ്ങൾ അന്നു ക്ഷേത്രത്തിലെത്തും. ഏഴരപ്പൊന്നാന ദർശനത്തിലൂടെ സർവ്വൈശ്വര്യവും സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. കുംഭമാസത്തിലെ രോഹിണിനാളിൽ അർധരാത്രി ഭഗവാൻ ശരഭമൂർത്തിയായി എത്തി ഇന്ദ്രൻറെ ബ്രഹ്മഹത്യാപാപം തീർത്തുവെന്നാണ്‌ വിശ്വാസം. സകല ദേവന്മാരും സന്നിഹിതരാകുന്ന ആ സന്ദർഭത്തിൽ അഷ്ടദിഗ്ഗജങ്ങളാൽ സന്നിഹിതനാകുന്ന ശ്രീപരമശിവനെ വണങ്ങി കാണിക്ക അർപ്പിക്കാൻ ഭക്‌തജന ലക്ഷങ്ങളാണ്‌ എത്താറുള്ളത്‌. ഏഴരപ്പൊന്നാന ദർശനത്തിനു മുന്നോടിയായി തങ്കത്തിൽ തീർത്ത കുട തലേദിവസം വൈകിട്ട് നടക്കുന്ന സേവയിൽ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവദിവസങ്ങളിൽ ഏഴരപൊന്നാനയെ ദർശനത്തിനായി പുറത്തെടുക്കാറുണ്ട്.

[തിരുത്തുക] മറ്റു സവിശേഷതകൾ

ഏഴരപൊന്നാനയെ കൂടാതെ, രത്നഅലക്കുകളുള്ള പൊന്നിൻകുട, നെന്മാണിക്യം, രത്നംപതിച്ച വലംപിരിശംഖ്, കരിങ്കൽ നാഗസ്വരം, സ്വർണവിളക്ക്, സ്വർണകുടങ്ങൾ, സ്വർണനാണയങ്ങൾ എന്നിവയുൾപ്പെടുന്ന സവിശേഷശേഖരം ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ് .[3] ഭാരതം ഒട്ടുക്കും ഏറ്റുമാനൂർ ഏഴരപൊന്നാന ദർശനം പ്രസിദ്ധവും ഭക്തജനപ്രിയവുമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നുമായി തീർഥാടകസഹസ്രങ്ങൾ ദർശനസായൂജ്യവും അഭിലാഷപൂർത്തിയും തേടി ഏഴരപൊന്നാന ദർശനദിവസം ക്ഷേത്രാങ്കണത്തിലെത്തുന്നു.

[തിരുത്തുക] അവലംബം

  1. ഐതിഹ്യമാല -- പുരുഹരിണപുരേശ മാഹാത്മ്യം -- കൊട്ടാരത്തിൽ ശങ്കുണ്ണി
  2. ഐതിഹ്യമാല -- പുരുഹരിണപുരേശ മാഹാത്മ്യം -- കൊട്ടാരത്തിൽ ശങ്കുണ്ണി
  3. ഐതിഹ്യമാല -- പുരുഹരിണപുരേശ മാഹാത്മ്യം -- കൊട്ടാരത്തിൽ ശങ്കുണ്ണി
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
"http://ml.wikipedia.org/w/index.php?title=ഏഴരപ്പൊന്നാന&oldid=1030204" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി