മണർകാട് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണർകാട് പള്ളി

കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിൽ മണർകാടുള്ള വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ (St. Mary's Jacobite Syrian Cathedral) അഥവാ മണർകാട് പള്ളി. സെപ്റ്റംബർ 1 മുതൽ 8 വരെ വിശുദ്ധ മറിയാമിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന എട്ടുനോമ്പ് ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പള്ളിയിൽ കാണുന്ന ശിലാലിഖിതങ്ങൾ പ്രകാരം 1000 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ ദേവാലയം. [1] ആദ്യം പനമ്പിലും മുളയിലും പണിയപ്പെട്ടിരുന്ന ഈ ദേവാലയം പല പ്രാവശ്യം പുതുക്കി പണിയുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മാതൃകയിൽ പൊളിച്ചു പണിതു. മലങ്കര സഭയിൽ ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നു വിശ്വസിക്കപ്പെടുന്നു. 1836-ൽ ഈ പള്ളിയിലെ എട്ടുനോമ്പ് ആചരണവേളയിൽ സന്ദർശനം നടത്തിയ റവ. ജോസഫ് പീറ്റ് എന്ന ആംഗ്ലിക്കൻ മിഷണറി ധാരാളം വിശ്വാസികൾ നോമ്പനുഷ്ടിച്ചു കൊണ്ട് പള്ളിയിൽ തന്നെ താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ പണി 1954-ൽ പൂർത്തീകരിച്ചു. വിശുദ്ധ മറിയാമിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അരക്കച്ച(സൂനോറോ)യുടെ അംശം1982-ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവാ ഈ പള്ളിയിൽ സ്ഥാപിച്ചു. 2004-ൽ പാത്രിയർക്കീസ് ബാവാ ഈ പള്ളിയെ കത്തീഡ്രൽ സ്ഥാനത്തേക്ക് ഉയർത്തുകയും ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

[തിരുത്തുക] കൽക്കുരിശും പള്ളിക്കുളങ്ങളും

മണർകാട് പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിന് പള്ളിയുടെ അത്ര തന്നെ പഴക്കമുള്ളതായി കരുതപ്പെടുന്നു. പള്ളിയുടെ വടക്കും പടിഞ്ഞാറുമായി ഉള്ള രണ്ട് കുളങ്ങൾ യഥാക്രമം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ക്രമീകരിച്ചിരിക്കുന്നു. ഈ കുളങ്ങളിൽ കുളിക്കുന്നത് അനുഗ്രഹകരമായി വിശ്വാസികൾ കരുതുന്നു. നോമ്പു കാലത്ത് എത്തുന്നവരിലേറെയും ഈ കുളങ്ങളിൽ കുളിച്ചു കയറി കുരിശിനു ചുവട്ടിൽ ചുറ്റുവിളക്കുകൾ കത്തിക്കാറുണ്ട്.

[തിരുത്തുക] നടതുറപ്പ്

എട്ടുനോമ്പു പെരുന്നാളിലെ ഏഴാം ദിവസം മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന ത്രോണോസിനു മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്നു. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ഈ ചടങ്ങ് നട തുറപ്പ് എന്ന് അറിയപ്പെടുന്നു.

[തിരുത്തുക] അവലംബം

  1. മണർകാട് പള്ളിയുടെ വെബ്സൈറ്റ്

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മണർകാട്_പള്ളി&oldid=1129822" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ