ഓച്ചിറക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വേറിട്ട ഒരു സങ്കൽപമാണ്‌ ഓച്ചിറയിലേത്‌. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയാണ്‌ 'ഓച്ചിറക്കളി'. രണ്ട്‌ നൂറ്റാണ്ടു മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ്‌ ഓച്ചിറപടനിലം. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷം തോറും മിഥുനം ഒന്ന്,‌ രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു.

കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലായി 52 കരകടങ്ങിയ ഓണാട്ടുകര ദേശക്കാർ വ്രതശുദ്ധിയോടെ തങ്ങളുടെ ആയോധനപാടവം കാഴ്ച്ചവയ്ക്കുവാൻ പരബ്രഹ്മ സന്നിധിയിൽ എത്തുന്നത്‌ ഈ ദിവസങ്ങളിലാണ്‌. ഓച്ചിറക്കളിയിൽ പ്രധാനമായും രണ്ടിനങ്ങളാണ്‌ പ്രദർശിപ്പിക്കുന്നത്‌. കളിക്കളത്തിൽ ഇറങ്ങുന്നതിന്‌ മുമ്പുള്ള പയറ്റു പ്രദർശനമായ 'കരക്കളിയും' എട്ടുകണ്ടത്തിൽ നടത്തുന്ന 'തകിടകളിയും'. ഇതിൽ ആദ്യത്തേത്‌ തെക്കെകണ്ടത്തിലും കളിക്കാരുടെ അഭ്യാസമികവു തെളിയിക്കുന്ന പ്രദർശനം വടക്കേക്കണ്ടത്തിലുമാണ്‌ നടക്കുന്നത്‌.

കളരിപ്പയറ്റിലെ അടവുകൾ തന്നെയാണ്‌ ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്‌. ആദ്യകാലങ്ങളിൽ ഓച്ചിറക്കളിക്ക്‌ ഇരുതലമൂർച്ചയുള്ള 'കായംകുളം വാളും' തോൽ പരിചയും ഉപയോഗിച്ചിരുന്നു. അലകുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ്‌ ഇപ്പോൾ ഉപയോഗിക്കുന്നത്‌. 41-ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ്‌ യോദ്ധാക്കൾ കളിക്കളത്തിൽ എത്തുന്നത്‌.

കരകളിൽ നിന്നു വരുന്ന കളരി ഗുരുക്കന്മാരുടെ നേതൃത്വത്തിൽ അയ്യായിരത്തിൽപ്പരം അഭ്യാസികൾ ഋഷഭവാഹനത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തിന്‌ അകമ്പടി സേവിക്കും. എഴുന്നള്ളത്ത്‌ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ ചുറ്റി മഹാലക്ഷ്മി ക്കാവും ഗണപതി ആൽത്തറയും കടന്ന്‌ എട്ടുകണ്ടത്തിന്റെ നടുവിലെ ത്തുന്നു. തുടർന്ന്‌ യോദ്ധാക്കൾ കിഴക്കും പടിഞ്ഞാറും കരകളിലെത്തി മെയ്‌ വഴക്കവും അഭ്യാസങ്ങളും പ്രദർശിപ്പിക്കുന്ന 'കരക്കളി' ആരംഭിക്കുന്നു.

അങ്കത്തിനു സമയമായി എന്ന സൂചന നൽകികൊണ്ട്‌ ശ്രീകൃഷ്ണപ്പരുന്ത്‌ ആകാശത്തിൽ കളിക്കളത്തിന്‌ മുകളിലായി വട്ടമിട്ട്‌ പറക്കുമ്പോൾ ഇരുകരകളിൽ നിന്നും കരനാഥന്മാർ പടനിലത്തേക്ക്‌ കുതിക്കുന്നു. പരസ്പരം ഹസ്‌തദാനം ചെയ്‌ത്‌ കര പറഞ്ഞ്‌ അങ്കം കുറിക്കുന്നു. അടുത്ത ദിവസം പടനിലത്ത്‌ മുഖാമുഖം കാണാം എന്ന്‌ പ്രതിജ്ഞയെടുത്ത്‌ പിരിയുന്നതോടെ ആദ്യ ദിവസത്തെ ചടങ്ങുകൾ അവസാനിക്കും. രണ്ടാം ദിവസം ഉച്ചയ്ക്ക്‌ ശേഷം യോദ്ധാക്കൾ കളിക്കണ്ടത്തിൽ എത്തുകയും 'തകിടകളിയിൽ' പ്രാഗല്ഭ്യം തെളിയിച്ച്‌ കളിക്കുശേഷം ഭരണസമിതി സമ്മാനമായി നൽകുന്ന 'പണക്കിഴി' സ്വീകരിച്ച്‌ സദ്യയുണ്ട്‌ കരകളിലേക്ക്‌ മടങ്ങുന്നതോടെ ഓച്ചിറക്കളിക്ക്‌ തിരശ്ശീല വീഴുന്നു.

"http://ml.wikipedia.org/w/index.php?title=ഓച്ചിറക്കളി&oldid=1001652" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി