അര്‍ജന്റീന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് അര്‍ജന്റീന, ഔദ്യോഗികമായി അര്‍ജന്റീന റിപ്പബ്ലിക്ക്[5] (ഇംഗ്ലീഷ്: Argentina)(സ്പനിഷ്: República Argentina) 23 പ്രവിശ്യകളും ഒരു സ്വയം ഭരണ നഗരമായ ബ്യൂണോ എയ്റെസും ചേര്‍ന്നതാണ് ഈ രാജ്യം. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളില്‍ വലിപ്പത്തില്‍ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന്. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ് (മെക്സിക്കൊ, കൊളംബിയ, സ്പെയിന്‍ എന്നിവയിലാണ് കൂടുതല്‍ ജനസംഖ്യയെങ്കിലും). പടിഞ്ഞാറ് ആന്തിസ് പര്‍വ്വതനിരയ്ക്കും കിഴക്കും തെക്കും ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിനും ഇടയില്‍ 2,766,890 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഈ രാജ്യത്തിനുണ്ട്. വടക്ക് പരാഗ്വെ, ബൊളീവിയ എന്നിവയും വടക്കുകിഴക്ക് ബ്രസീല്‍, ഉറുഗ്വേ എന്നിവയും പടിഞ്ഞാറും തെക്കും ചിലിയുമാണ് അര്‍ജന്റീനയുമായി അതിര്‍ത്തിയുള്ള രാജ്യങ്ങള്‍. അന്റാര്‍ട്ടിക്കയിലുള്ള 969,464 ച.കി.മീ പ്രദേശത്ത് അര്‍ജന്റീന അവകാശമുന്നയിക്കുന്നു, ഇത് ചിലി, യുനൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങള്‍ അവകാശമുന്നയിക്കുന്ന പ്രദേശങ്ങളുമായി ചേര്‍ന്നതാണ്, ഇത്തരം അവകാശവാദങ്ങളെല്ലാം 1961 ല്‍ നിലവില്‍ വന്ന അന്റാര്‍ട്ടിക്ക ഉടമ്പടി പ്രകാരം റദ്ദുചെയ്തിരിക്കുകയാണ്.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
[തിരുത്തുക] പ്രധാന സവിശേഷതകള്‍
അര്‍ജന്റീനയുടെ ആകെ ഭൂവിസ്തൃതി 2,766,891 ച.കിമീ ആണ്, ഇതില്‍ 2,736,691 ച.കി.മീ കരപ്രദേശവും 30,200 ച.കി.മീ (1.1%) ജലപ്രദേശവുമാണ്.
വടക്ക് നിന്നും തെക്ക് വരെ 3,900 കി.മീ നീളവും പടിഞ്ഞാറ് മുതല്‍ കിഴക്ക് വരെ 1,400 കി.മീ വീതിയുമുണ്ട് ഈ രാജ്യത്തിന്. രാജ്യത്തെ പ്രധാനമായും നാല് വ്യത്യസ്ത മേഖലകളായി തിരിക്കാം മധ്യഭാഗത്തുള്ള ഫലഭൂയിഷ്ഠ്മായ പമ്പാസ്, ഇവിടെയാണ് രാജ്യത്തിന്റെ പ്രധാന കാര്‍ഷികമേഖലകള്‍ സ്ഥിതിചെയ്യുന്നത്; ദക്ഷിണ ഭാഗത്ത് നിരപ്പായതും എണ്ണ നിക്ഷേപങ്ങളുമുള്ള പാതഗോണിയ ഫലകം, ഉപോഷ്ണവും നിരപ്പായതുമായ ഗ്രാന്‍ ചാകൊ ഉത്തരഭാഗത്തും, നിരപ്പല്ലാത്ത ആന്തിസ് പര്‍വ്വതനിര പടിഞ്ഞാറും, ഇവിടം ചിലിയുമായി അര്‍ജന്റീന അതിര്‍ത്തി പങ്കിടുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഏറ്റവും ഉയരം കൂടിയ ഭാഗം സ്ഥിതിചെയ്യുന്നത് മെന്‍ഡോസയിലുള്ളാ കെറോ അകൊന്‍കാഗ്വ ആണ്, 6,962 മീറ്റര്‍ ഉയരമുള്ള ഇതാണ് തെക്കേ അമേരിക്കയിലേയും ദക്ഷിണ[6] പശ്ചിമ[7] അര്‍ദ്ധഗോളങ്ങളിലേയും ഏറ്റവും ഉയരം കൂടിയ പര്‍വ്വതം. ഏറ്റവും താഴ്ന പ്രദേശം സാന്ത ക്രൂസിലുള്ള ലഗൂണ ദെല്‍ കാര്‍ബൊണ്‍ ആണ്,[8] സമുദ്രനിരപ്പില്‍ നിന്നും 105 മീറ്റര്‍ താഴെയാണ് ഇത്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും താഴ്ന പ്രദേശവും ഇതു തന്നെയാണ്.
[തിരുത്തുക] ഭൂമിശാസ്ത്ര മേഖലകള്‍
രാജ്യത്തെ പ്രധാനമായും ഏതാനു ഭൂമിശാസ്ത്ര മേഖലകളായി തിരിക്കാം:
- പമ്പാസ്
- ബ്യൂണോ എയ്റസില്‍ നിന്നും പടിഞ്ഞാറും തെക്കും ഉള്ള ഫലകമാണ് ഇത്. ആര്‍ദ്ര പമ്പാ എന്ന് വിളിക്കുന്ന ഇതില്‍ ബ്യൂണോ എയ്റസ്, കൊറോദോബ എന്നീ പ്രവിശ്യകളുടെ ഭൂരുഭാഗവും സാന്താ ഫെ, ലാ പമ്പാ എന്നീ പ്രവിശ്യകളുടെ വലിയൊരു ഭാഗവും ഉള്‍പ്പെടുന്നു. ലാ പമ്പായുടെ പശ്ചിമ ഭാഗവും സാന്‍ ലൂയിസ് പ്രവിശ്യയും ഈ ഫലകത്തില്‍പ്പെട്ടതാണെങ്കിലും ഇവ താരതമ്യേന വരണ്ടതും ഈ പ്രദേശം തരിശയും പുല്‍മേടുകളുള്ളതുമാണ്. ഇതേ പ്രവിശ്യയില്‍പ്പെട്ട് സിയേറ ദെ കൊര്‍ദോബ ആണ് പമ്പാസിന്റെ ഏറ്റവും സവിശേഷമായ ഭാഗം.
- ഗ്രാന്‍ ചാകൊ
- രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ഗ്രാന്‍ ചാകൊ മേഖല വര്‍ഷത്തില്‍ വരണ്ടതും ആര്‍ദ്രവുമായി മാറിമാറിവരുന്നു. ഈ മേഖല പ്രധാനമായി പരുത്തി ഉല്പാദനത്തിനും കന്നുകാലി വളര്‍ത്തലിനും ഉപയോഗിക്കപ്പെടുന്നു. ചാകൊ, ഫോര്‍മോസ എന്നീ പ്രവിശ്യകള്‍ ഇതില്‍പ്പെടുന്നു. ഇടയ്ക്ക് ഉപോഷ്ണ വനങ്ങളും കുറ്റിച്ചെടികള്‍ നിറഞ്ഞ പ്രദേശങ്ങളും, വരണ്ട പ്രദേശങ്ങളും ഇവിടെ കാണുന്നു, വളരെ വലിയ എണ്ണം ജന്തു-സസ്യ സ്പീഷീസുകളുടെ ആവാസ മേഖലയുമാണ് ഈ മേഖല. സാന്റിയാഗോ ദെല്‍ എസ്റ്റീറോ പ്രവിശ്യ ഗ്രാന്‍ ചാകൊയിലെ വരണ്ട മേഖലയിലാണുള്ളത്.
- മെസൊപ്പൊട്ടോമിയ
- പരാനാ ഉറുഗ്വേ നദികള്‍ക്കിടയിലുള്ള ഭാഗം മെസൊപ്പൊട്ടോമിയ എന്ന് വിളിക്കപ്പെടുന്നു. കൊറിയെന്റെസ്, എന്റ്റേ റയോസ് എന്നീ പ്രവിശ്യകള്‍ ഇതില്‍പ്പെടുന്നു. പുല്‍മേടുകളുള്ളതും മരങ്ങള്‍ക്ക് വളരാന്‍ അനുയോജ്യമായതുമായതും, കൊറിയെന്റെസിന്റെ മധ്യത്തിലുള്ള ഇബെറ വര്‍ണ്ട പ്രദേശങ്ങള്‍ എന്നിവ ഈ മേഖലയുടെ സവിശേഷതകളാണ്. മിഷണെസ് പ്രവിശ്യ കൂടുതല്‍ ഉഷ്ണമേഖലയും ബ്രസീലിലെ ഉന്നത ഭൂമേഖലയോട് സാമ്യമുള്ളതുമാണ്. ഉപോഷ്ണമേഖല മഴക്കാടുകളും ഇഗ്വാസു വെള്ളച്ചാട്ടങ്ങളു ഈ മേഖലയുടെ സവിശേഷതകളില്‍പ്പെടുന്നു.
- പാതഗോണിയ
- വളരെ പുരാതനകാലം മുതലേ നിലനില്‍ക്കുന്നവയാണ് ന്യൂക്വെന്‍, റയോ നീഗ്രോ, ചുബുത്, സാന്താ ക്രൂസ് എന്നീ പ്രവിശ്യകളിലായി വ്യാപിച്ചു കിടക്കുന്ന പാതഗോണിയന്‍ മേഖലയിലുള്ള സ്റ്റെപ്പികള്‍. ഈ മേഖലയുടെ വടക്ക് ഉപാര്‍ദ്രതയുള്ളതും ഏറ്റവും തെക്ക് തണുപ്പുള്ളതും വരണ്ടതുമാണ്. ഇടയ്ക്കിടക്കായി തടാകങ്ങളുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ടിയേറ ദെല്‍ ഫ്യൂഗൊ തണുത്തതും വരണ്ടതുമാണ്, സമുദ്രകലാവസ്ഥയുടെ സ്വാധീനമുള്ളതുമാണ്. ഉത്തര പാതഗോണിയയെ (റയോ നീഗ്രൊ, ന്യൂക്വെന്‍) കൊമാഹ്യു എന്നും വിശേഷിപ്പിക്കുന്നു.
- കുയൊ
- മധ്യ-പശ്ചിമ അര്‍ജന്റീനയില്‍ ആന്തിസ് പര്‍വ്വതനിരയുടെ ഭാഗങ്ങള്‍ കാണുന്നു. ഇതിന്റെ കിഴക്കുഭാഗത്തുള്ള ആര്‍ദ്രതയുള്ള മേഖലയാണ് കുയൊ. താഴ്ന്ന സമതലങ്ങളിലേക്ക് ഉയര്‍ന്ന പര്‍വ്വതങ്ങളില്‍ നിന്നുംമുള്ള ജലം ലഭിക്കുന്നതിനാല്‍ ഫലവൃക്ഷങ്ങള്‍ വളരുന്ന ഈ മേഖലയില്‍പ്പെട്ടതാണ് മെന്‍ഡോസ, സാന്‍ ജുവാന്‍ പ്രവിശ്യകള്‍. ഇതിന് കുറച്ച വടക്ക് ലാ റയോജ പ്രവിശ്യയില്‍ കൂടുതല്‍ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്. ഈ മേഖലയുടെ കിഴക്കേഭാഗം സിയേറാസ് പാമ്പിയന്‍സ് എന്ന ഉയരം കുറഞ്ഞ മൂന്നു പര്‍വ്വതനിരകള്‍ സ്ഥിതിചെയ്യുന്നു, ഇവ സാന്‍ ലൂയിസ് പ്രവിശ്യയുടെ ഉത്തര പകുതിയില്‍ വടക്കുമുതല്‍ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നു.
- വടക്കുപടിഞ്ഞാറ്
- ശരാശരി ഉയരത്തില്‍ കൂടുതലുള്ള മേഖലയാണിത്. സമാന്തരമായുള്ള പര്‍വ്വതനിരകള്‍ ഇവിടെ പ്രധാനമായും കാണുന്നു, അവയില്‍ പല പര്‍വ്വതങ്ങള്‍ക്കും 6,000 മീറ്ററില്‍ കൂടുതല്‍ ഉയരമുണ്ട്. വടക്കോട് സഞ്ചരിക്കുന്നോറും ഈ നിരകളുടെ വ്യാപ്തി വര്‍ദ്ധിക്കുന്നു. ഇവയുടെ ഇടയില്‍ ഫലഭൂയിഷ്ഠമായ താഴ്വരകള്‍ കാണപ്പെടുന്നു, ഇത്തരം താഴ്വരകളി പ്രധാനപ്പെട്ടതാണ് കാത്തമര്‍ക്ക, തുകുമാന്‍, സാള്‍ട്ട എന്നീ പ്രവിശ്യകളിലുള്ള കാലചാക്വി താഴ്വരകള്‍. കുറച്ചുകൂടി വടക്ക് ബൊളോവിയക്കു സമീപമുള്ള ജുജൂയ് പ്രവിശ്യ പ്രധാനമയും മധ്യ ആന്തിസിന്റെ അള്‍ട്ടിപ്ലാനോ ഫലകത്തില്‍ സ്ഥിതിചെയ്യുന്നു.
[തിരുത്തുക] പ്രവിശ്യകള്‍
അര്‍ജന്റീനയെ ഇരുപത്തിമൂന്ന് പ്രവിശ്യകളായും ഒരു സ്വയംഭരണ നഗരവുമായും (സാധാരണയായി കാപിറ്റല്‍ ഫെഡെറല്‍ എന്നറിയപ്പെടുന്നു, പക്ഷെ ഔദ്യോഗികമായി Ciudad Autónoma de Buenos Aires) തിരിച്ചിരിക്കുന്നു.
| പ്രവിശ്യ | തലസ്ഥാനം | പ്രവിശ്യ | തലസ്ഥാനം | ||
|---|---|---|---|---|---|
| Buenos Aires Autonomous City | Mendoza | Mendoza | |||
| Provincia de Buenos Aires |
La Plata | Misiones | Posadas | ||
| Catamarca | San Fdo. del Valle de Catamarca |
Neuquén | Neuquén | ||
| Chaco | Resistencia | Río Negro | Viedma | ||
| Chubut | Rawson | Salta | Salta | ||
| Córdoba | Córdoba | San Luis | San Luis | ||
| Corrientes | Corrientes | San Juan | San Juan | ||
| Entre Ríos | Paraná | Santa Cruz | Río Gallegos | ||
| Formosa | Formosa | Santa Fe | Santa Fe | ||
| Jujuy | San Salvador de Jujuy |
Santiago del Estero |
Santiago del Estero |
||
| La Pampa | Santa Rosa | Tierra del Fuego | Ushuaia | ||
| La Rioja | La Rioja | Tucumán | San Miguel de Tucumán |
||
തലസ്ഥാനം 1853 ല്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും 1880 വരെ അത് നടന്നില്ല. തലസ്ഥാനം മറ്റെവിടെയെങ്കിലും മാറ്റുവാനുള്ള നീക്കങ്ങളുമുണ്ടായി. റൗള്‍ അല്‍ഫോണ്‍സിനിന്റെ ഭരണകാലത്ത് തലസ്ഥാനം വിയേദ്മയിലേക്ക് മാറ്റാന്‍ നിയമം പസാക്കി, പാതഗോണിയന്‍ പ്രവിശ്യയായ റയോ നീഗ്രൊവില്‍പ്പെട്ട ഒരു നഗരമാണിത്. 1989 ല്‍ നടന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഇതിന്റെ സാധ്യത പഠനത്തെ കാര്യമായി ബാധിക്കുകയും പദ്ധതി നിര്‍ത്തുകയും ചെയ്തു. ഔദ്യോഗികമായി ഇതുവരെ റദ്ദു ചെയ്യപ്പെട്ടില്ലെങ്കിലും അതൊരു സ്വപ്നമായി നില്‍ക്കുന്നു.
പ്രവിശ്യകള്‍ ഡിപ്പാര്‍ട്ട്മെന്റോസ് (departamentos ("departments")) എന്ന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇങ്ങനെ ആകെ 376 എണ്ണമുണ്ട്. ബ്യൂണോഎയ്റസ് പ്രവിശ്യയേയും ഇതുപോലെ പാര്‍തിഡോസ് എന്ന് വിളിക്കുന്ന 134 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റോകളേയും പാര്‍തിഡൊകളേയും വീണ്ടും മുനിസിപ്പാലിറ്റികളോ ജില്ലകളോ ആയി വിഭജിച്ചിരിക്കുന്നു.
അര്‍ജന്റീനയിലെ പ്രധാന നഗരങ്ങള്‍ ഇവയാണ് (ജന്‍സംഖ്യ കുറയുന്ന ക്രമത്തില്‍): ബ്യൂണോ എയ്റസ്, കൊര്‍ദോബ, റൊസാരിയോ, മെന്‍ഡോസ, തുകുമന്‍, ലാ പ്ലാറ്റ, മാര്‍ ദെല്‍ പ്ലാറ്റ, സാള്‍ട്ട, സാന്ത ഫെ, സാന്‍ ജുവാന്‍, റെസിസ്റ്റന്‍സിയ, ന്യൂക്വെന്‍.
[തിരുത്തുക] നദികളും തടാകങ്ങളും
അര്‍ജന്റീനയിലെ പ്രധാന നദികള്‍ ഇവയാണ് പില്‍കോമായൊ, പാരഗ്വെ, ബെര്‍മെജൊ, കൊളൊറാഡൊ, റയോ നോഗ്രൊ, സലാഡൊ, ഉറുഗ്വെ കൂടാതെ ഏറ്റവും വലിയ നദി പരാന. അവസാനത്തെ രണ്ട് നദികള്‍ അറ്റ്ലാന്റിക്ക് സമുദ്രങ്ങളില്‍ ചേരുന്നതിനു മുന്‍പായി ഒന്നിച്ചു ചേരുന്നു. പ്രദേശികമായി പ്രധാന്യമുള്ള നദികള്‍ ഏറ്റ്വെല്‍, മെന്‍ഡോസ എന്നിവ പാതഗോണിയയിലെ ചുബുത് പ്രവിശ്യയിലും, ജുജൂയ് ലെ റയോ ഗ്രാന്‍ഡെയും, സാള്‍ട്ടയിലെ സാന്‍ ഫ്രാന്‍സിസ്കൊ നദിയും.
അര്‍ജന്റീനയില്‍ ഏതാനു വലിയ തടാകങ്ങളുണ്ട്, അവയില്‍ പലതും പാതഗോണിയ മേഖലയിലാണ്. സാന്ത ക്രൂസിലുള്ള അര്‍ജന്റീനൊ, വിയെദ്മ; റയോ നീഗ്ഗ്രോക്കും ന്യൂക്വെനും ഇടയിലുള്ള നഹ്വെല്‍ ഹൗപി; ടിയെറ ദെല്‍ ഫ്യൂഗൊയിലുള്ള ഫഗനാനൊ; ചുബുതിലുള്ള കോള്‍ഹ്യു, മ്യൂസ്റ്റെര്‍സ്; ബ്യൂണോ എയ്റസ്, ഓ'ഹിഗ്ഗിന്‍സ്/സാന്‍ മാര്‍ട്ടിന്‍ എന്നിവ ചിലിയുമായി പങ്കിടുന്നു. കൊര്‍ദോബയിലുള്ള മാര്‍ ചിക്വിതയാണ് രാജ്യത്തുള്ള ഏറ്റവും വലിയ ഉപ്പുജല തടാകം. അണക്കെട്ടുകളാല്‍ നിര്‍മ്മിക്കപ്പെട്ട ഏതാനും ജലസംഭരണികളും രാജ്യത്തുണ്ട്. വ്യത്യസ്ത തരത്തിലുള്ള ചൂടുറവകളും അര്‍ജന്റീനയിലുണ്ട്, 65 °C നു 89 °C ഇടയില്‍ ചൂടുള്ള ടേമാസ് ദെ റയോ ഹോണ്ടോവിലുള്ളത് അതില്‍പ്പെട്ടതാണ്.[9]
1999 ജനുവരി 15 ല്‍ ഷെല്‍ കമ്പനിയുടെ എണ്ണടാങ്കര്‍ കപ്പലില്‍ നിന്നും റയോ ദെ ല പ്ലാറ്റൊ നദിയില്‍ എണ്ണ ഒഴുകിപ്പരന്നത് വലിയ മലിനീകരണത്തിനു കാരണമായിരുന്നു. പരിസ്ഥിതിക്ക് നാശം വരുത്തിയ ഇത് ജന്തു-സസ്യജാലങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുകയും ചെയ്തു.[10]
[തിരുത്തുക] തീരങ്ങളും കടലുകളും
അര്‍ജന്റീനയ്ക്ക് 4,665 കി,മീ നീളമുള്ള തീരമുണ്ട്.[11] ഭൂഖണ്ഡ അടിത്തറ സവിശേഷമായി വിശാലമായതാണ്, ഇവിടെയുള്ളഅറ്റ്ലാന്റിക്ക് സമുദ്രത്തില്‍ ആഴം കുറഞ്ഞ ഭാഗം മാര്‍ അര്‍ജന്റീനൊ എന്നു വിളിക്കപ്പെടുന്നു. അര്‍ജന്റീനയിലെ അറ്റ്ലാന്റിക്ക് തീരങ്ങള്‍ പ്രാദേശിക അവധിക്കാല സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്. മല്‍സ്യസമ്പത്തിനാല്‍ സമ്പുഷ്ടമാണ് ഇവിടം, ഹൈഡ്രോകാര്‍ബണ്‍ ഊര്‍ജ്ജനിക്ഷേപങ്ങളും ഇവിടെയുണ്ട്. മണല്‍കൂനകളും തിട്ടകളും അര്‍ജന്റീനയില്‍ തീരങ്ങളിലുണ്ട്. തീരങ്ങളെ സ്വാധീനിക്കുന്ന രണ്ട് പ്രധാന സമുദ്രജല പ്രവാഹങ്ങളാണ് ചൂടുള്ള ബ്രസീല്‍ പ്രവാഹവും തണുത്ത ഫോക്ക്‌ലാന്റ് പ്രവാഹവും. തീരപ്രദേശം ഒരേപോലെയല്ലാത്തതിനാല്‍ രണ്ട പ്രവാഹങ്ങളും കാലാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്നു, ഉയര്‍ന്ന പ്രദേശങ്ങളില്‍ പോലും ഊഷ്മാവിന്റെ കൂറവിനെ ഇത് തടയുന്നു.
[തിരുത്തുക] അവലംബം
- ↑ Argentina
- ↑ 2.0 2.1 CIA - The World Factbook - Argentina
- ↑ 3.0 3.1 3.2 3.3 Argentina. International Monetary Fund. ശേഖരിച്ചത് 2008-10-09.
- ↑ CIA World FactbookGini listings
- ↑ Article 35 of the Argentine Constitution.
- ↑ Mountains of the Earth The Highest Mountain Peak on Each Continent
- ↑ Aconcagua, the highest in the Western Hemisphere
- ↑ Depressions The Lowest Surface Point on Each Continent
- ↑ About Termas de Río Hondo.
- ↑ Magdalena oil spill
- ↑ Global Argentina. National Law Center for Inter-American Free Trade (1997).
| തെക്കേ അമേരിക്ക |
|---|
|
അര്‍ജന്റീന • ബൊളീവിയ • ബ്രസീല്‍ • ചിലി • കൊളംബിയ • ഇക്വഡോര്‍ • ഫോക്ക്‌ലാന്റ് ദ്വീപുകള്‍ (ബ്രിട്ടന്റെ അധീശത്വത്തില്‍) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |