വിക്കിപീഡിയ:താത്പര്യവ്യത്യാസം
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
വിക്കിപീഡിയയിലെ ലേഖനങ്ങൾ സന്തുലിതവും, സ്രോതസധിഷ്ഠിതവും ആയിരിക്കണം എന്ന വിക്കിപീഡിയ നയവും ഒരു പ്രത്യേക ലേഖകന്റെ/ലേഖികയുടെ ലക്ഷ്യവും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ് താത്പര്യവ്യത്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് .
താങ്കളുടേയോ, മറ്റു വ്യക്തികളുടേയോ, കമ്പനികളുടുടേയോ, സംഘങ്ങളുടേയോ താത്പര്യങ്ങളെ മുൻനിർത്തിയുള്ള തിരുത്തലുകളെ ഈ ഗണത്തിൽ പെടുത്തുന്നു. ഒരു ലേഖകന്/ലേഖികയ്ക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുക എന്നലക്ഷ്യത്തേക്കാളും, സ്വന്തം താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യമാണുള്ളതെങ്കിൽ അയാൾ താത്പര്യവ്യത്യാസം സൃഷ്ടിക്കുന്നു.
ഇത്തരത്തിലുള്ള തിരുത്തലുകൾ ശക്തമായ രീതിയിൽ നിരുത്സാഹപ്പെടുത്തുന്നതാണ്. വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാട്, വിക്കിപീഡിയ എന്തൊക്കെയല്ല, ശ്രദ്ധേയത തുടങ്ങിയ നയങ്ങളെ ലംഘിക്കുന്ന വിധത്തിലാണ് സംഭവിക്കുന്നതെങ്കിൽ അംഗത്വം തടയപ്പെട്ടിരിക്കും. വിക്കിപീഡിയയുടെ പുറത്തേക്ക് വളർന്നേക്കാവുന്ന, തങ്ങളുടെ താത്പര്യം ഉയർത്തിപ്പിടിക്കുന്ന വ്യക്തികളോ സംഘങ്ങളോ തമ്മിലുള്ള ഉരസലുകളിലേക്ക് വരെ വന്നേക്കാം. [1]
താത്പര്യവ്യത്യാസങ്ങളായ തിരുത്തലുകൾ അന്വേഷിക്കുമ്പോൾ വിക്കിപീഡിയർ മറ്റ് ലേഖകരെ നിർവീര്യമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിക്കിപീഡിയയുടെ പീഡനത്തിനെതിരായ നയം (ഇംഗ്ലീഷ്) ഈ വഴികാട്ടിയുടെ മുകളിലാണ്. താത്പര്യവ്യത്യാസത്തിനിടയാകുന്ന കാര്യങ്ങൾ സാധാരണയായി വെളിപ്പെടുന്നത് ഒരു ലേഖകൻ/ലേഖിക തന്നോട് ബന്ധപ്പെട്ടുള്ള ഒരു കാര്യത്തിൽ തിരുത്തലുകൾ നടത്തുമ്പോഴാണ്. തന്നെക്കുറിച്ച് ലേഖകൻ വെളിപ്പെടുത്തുന്നില്ലങ്കിൽ പക്ഷപാതം വെളിപ്പെടാൻ ഇവിടെ സന്തുലിതമായ കാഴ്ച്ചപ്പാട് സഹായകമാകുന്നതാണ്.
എന്താണ് താത്പര്യവ്യത്യാസം?
[തിരുത്തുക]വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, അവിടെ സ്വയം പുകഴ്ത്തലിനോ, പൊങ്ങച്ചത്തിനോ സ്ഥാനമില്ല. അതുകൊണ്ട് ഉള്ളടക്കത്തിനു യോജിച്ച കാര്യങ്ങൾ മാത്രമേ ഇവിടെ നൽകാവൂ, വിക്കിപീഡിയർ വിക്കിപീഡിയയുടെ താത്പര്യത്തിനാവണം മുൻഗണന നൽകേണ്ടത്. ഏതെങ്കിലും ഉപയോക്താവ് വിക്കിപീഡിയയുടെ വെളിയിലുള്ള ഒരു താത്പര്യം ഇവിടെ കൊടുക്കുകയാണെങ്കിൽ അത് താത്പര്യവ്യത്യാസമാകുന്നതാണ്.
താത്പര്യവ്യത്യാസങ്ങളെ കണ്ടെത്താൻ ദൃഢമായ മാനദണ്ഡങ്ങളില്ല, പക്ഷേ നമുക്ക് ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയും. ഒരു ഉപയോക്താവ് എഴുതുമ്പോൾ - അയാളുടേയോ, കുടുംബാംഗങ്ങളുടേയോ, മുതലാളിയുടേയോ, സഹപ്രവർത്തകരുടേയോ, അവരുടെ വാണിജ്യപ്രസ്ഥാനങ്ങളുടേയോ താത്പര്യങ്ങൾക്ക് മുൻഗണനകൊടുക്കുന്നെങ്കിൽ അത് താത്പര്യവ്യത്യാസമായി കണക്കാക്കാവുന്നതാണ്. ഏതെങ്കിലും ഒരു ലേഖകൻ സ്വന്തം താത്പര്യത്തിനാണ് മുൻഗണനകൊടുക്കുന്നതെങ്കിൽ അവരുടെ തിരുത്തലുകളിൽ സാധാരണ വായനക്കാരൻ അവലംബം ആയി കണക്കാക്കുന്ന തരത്തിലുള്ളതും അവർക്കാവശ്യമുള്ളതുമായ വസ്തുതകൾ വിരളമായിരിക്കും. താങ്കൾ താങ്കൾ വ്യക്തിപരമായി ഉൾപ്പെട്ട ഒരു കാര്യത്തിൽ തിരുത്തലുകൾ നടത്തുന്നുണ്ടെങ്കിൽ അത് സന്തുലിതമാണെന്നും, വിശ്വാസയോഗ്യമെന്നും, ഇതരസ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ച പരിശോധനായോഗ്യമാണെന്നും, മനഃപൂർവ്വമല്ലാത്ത പക്ഷപാതം ഉണ്ടാകാത്തതെന്നും ഉറപ്പാക്കുക. സന്തുലിതമായ കാഴ്ച്ചപ്പാട് വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങളിൽ ഉൾപ്പെടുന്നതാണെന്നോർക്കുക.
താങ്കൾ വിക്കിപീഡിയയുടെ ചട്ടക്കൂടുകൾ ലംഘിക്കുന്നുവെന്ന് മറ്റുള്ളവർ പറയുന്നുവെങ്കിൽ, അത് ഗൗരവമായെടുക്കുക, താങ്കളുടെ തിരുത്തലുകളെ പുനർവിചിന്തനത്തിനു വിധേയമാക്കുക, താങ്കൾ ചിന്തിക്കുന്ന രീതിയെക്കുറിച്ച് സമൂഹത്തെ അറിയിക്കുക. താങ്കൾ താങ്കളുടെ തിരുത്തലുകൾ പ്രത്യേക താത്പര്യമെടുത്ത് ചെയ്യുന്നതാണോയെന്നു നോക്കുക.
ഉദാഹരണങ്ങൾ
[തിരുത്തുക]- സ്വയം തെളിവു സൃഷ്ടിക്കുക
താങ്കൾക്ക് അറിവുള്ള മേഖലയിൽ തിരുത്തുന്നത് അക്കാരണംകൊണ്ട് താത്പര്യവ്യത്യാസമല്ല. പക്ഷേ താങ്കൾ തന്നെ കണ്ടെത്തിയതോ, എഴുതി പ്രസിദ്ധീകരിച്ചതോ ആയ കാര്യങ്ങൾ അവലംബമായി ഉപയോഗിച്ച് ഉൾപ്പെടുത്തണമെങ്കിൽ മറ്റു നയങ്ങളും പാലിക്കണമെന്നോർക്കുക. അമിതമായി സ്വന്തം തെളിവുകൾ ഉൾപ്പെടുത്തുന്നത് വിക്കിപീഡിയ നിരുത്സാഹപ്പെടുത്തുന്നു. സംശയമുള്ളപ്പോൾ സമൂഹത്തിന്റെ അഭിപ്രായം തേടുക.
സാമ്പത്തിക താത്പര്യങ്ങൾ
[തിരുത്തുക]ഇവയിലേതെങ്കിലും കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ താത്പര്യവ്യത്യാസമാണ്:
- ഏതെങ്കിലും ഒരു സംഘടനയിൽ നിന്ന് വിക്കിപീഡിയയിൽ തിരുത്തുന്നതുമൂലം താങ്കൾക്ക് പണമോ മറ്റേതെങ്കിലും ഗുണങ്ങളോ ഉണ്ടാകുന്നുണ്ടെങ്കിൽ (നേരിട്ട് തൊഴിലാളിയായോ, അഥവാ പൊതുജനസമ്പർക്കത്തിനായി കരാറിലേർപ്പെട്ട മറ്റൊരു സ്ഥാപനത്തിന്റെ തൊഴിലാളിയായോ നേരിട്ടല്ലാതെയോ) അഥവാ,
- വിക്കിപീഡിയയിൽ താങ്കളുടെ സംഘടനയെക്കുറിച്ച് എഴുതുന്നതുകൊണ്ട് ഏതെങ്കിലും വിധത്തിലുള്ള ലാഭം താങ്കൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, ഉദാ: ഉടമസ്ഥനായോ, ഉദ്യോഗസ്ഥനായോ, മറ്റേതെങ്കിലും വിധത്തിൽ ഗുണം പ്രതീക്ഷിക്കുന്നയാളായോ.
- പൊതുവായി പറഞ്ഞാൽ വിക്കിപീഡിയയുടെ ഉള്ളിൽ നിന്നും ലഭിക്കുന്ന പ്രോത്സാഹനമല്ലാതെ (ഉദാ: Reward Board) മറ്റെന്തെങ്കിലും താങ്കൾ പ്രതീക്ഷിക്കരുത്. ഒരു തിരുത്തലിനെ കുറിച്ച് “ആ നശീകരണ പ്രവർത്തനം“ നീക്കാൻ മറ്റുപയോക്താക്കൾ താങ്കളോടു പറയുകയും താങ്കൾ അപ്രകാരം ചെയ്യുകയുമാണെങ്കിൽ താങ്കൾ അവരുടെ അവതാരമായി മാറുകയാണെന്നോർക്കുക. അങ്ങനെയെങ്കിൽ ആ മേഖലയിലെ തിരുത്തലുകൾ ഒഴിവാക്കാൻ താങ്കളോട് ശക്തമായി ആവശ്യപ്പെടുന്നതായിരിക്കും. സന്തുലിതമായ കാഴ്ച്ചപ്പാട് എന്നതുകൊണ്ട് വിക്കിപീഡിയ അർത്ഥമാക്കുന്നത് പക്ഷപാതരഹിതമായ എല്ലാ കാഴ്ച്ചപ്പാടുകളേയും ഒരേ പോലെ പ്രതിനിധീകരിക്കുന്നതിനേയാണ്. താങ്കളുടെ തിരുത്തലുകൾ ഏതെങ്കിലും തരത്തിൽ സന്തുലിതമല്ലെന്നു തോന്നിയാൽ അവ പ്രസിദ്ധീകരിക്കരുത്.
നിയമത്തിന്റെ വഴി
[തിരുത്തുക]താങ്കൾ കോടതി നടപടികളിൽ ഉൾപ്പെട്ടിരിക്കുകയാണെങ്കിൽ അഥവാ ഉൾപ്പെട്ട ഏതെങ്കിലും കക്ഷിയോടടുത്ത ബന്ധം പുലർത്തുന്നുവെങ്കിൽ, ബന്ധപ്പെട്ട കാര്യം ഇവിടെ വസ്തുതാപരമായി പരാമർശിക്കുക താങ്കൾക്ക് ബുദ്ധിമുട്ടായിരിക്കുമെന്നോർക്കുക. ചെറിയൊരു പാളിച്ച പോലും വിക്കിപീഡിയ ലേഖനങ്ങളെ ബാധിക്കാനും അങ്ങനെ അത് എതിർകക്ഷികൾ ശ്രദ്ധിക്കാനും വിക്കിപീഡിയയെ തന്നെ കോടതിയിലേക്ക് വലിച്ചിഴക്കാനും ഇടയുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഒരു കാരണവശാലും നടത്തരുത്.
ആത്മകഥ
[തിരുത്തുക]താങ്കളെകുറിച്ച് ഒരു ലേഖനം താങ്കൾ തന്നെ എഴുതുന്നത് വിക്കിപീഡിയ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല. താങ്കൾക്ക് ശ്രദ്ധിക്കത്തക്ക വ്യക്തിത്വമാണെങ്കിൽ താങ്കളെ മറ്റാരെങ്കിലും തിരിച്ചറിയുകയും താങ്കളെ കുറിച്ച് ലേഖനം എഴുതുകയും ചെയ്യും. ചിലപ്പോൾ ഉപയോക്താക്കൾ തങ്ങളെ കുറിച്ച് ചെറുകുറിപ്പുകൾ തങ്ങൾക്കായുള്ള താളിൽ ചേർക്കാറുണ്ട്. ‘ഉപയോക്താവ് നേംസ്പേസി‘നു പുറത്തേക്ക് ഇത്തരത്തിൽ ലേഖനങ്ങളിടാൻ ശ്രമിച്ചാൽ അത് മായ്ച്ചുകളയുന്നതായിരിക്കും. താങ്കളുടെ ശ്രദ്ധേയത ആരും തിരിച്ചറിയുന്നില്ലങ്കിൽ പൊതുസംവാദത്തിനുള്ള താളുകളൊന്നിൽ ശ്രദ്ധേയതയെ കുറിച്ചും ആത്മകഥാരചനയെ കുറിച്ചും ഒരു സമവായത്തിലെത്താൻ ശ്രമിക്കുക.
സ്വയം ഉയർത്തിക്കാട്ടൽ
[തിരുത്തുക]താത്പര്യവ്യത്യാസം ചിലപ്പോൾ സ്വയം ഉയർത്തിക്കാട്ടലിന്റെ രൂപത്തിലുമുണ്ടാകാം, പരസ്യ കണ്ണികൾ ചേർക്കുക, സ്വന്തം വെബ്സൈറ്റിലേക്കുള്ള ലിങ്കുകൾ നൽകുക, സ്വന്തമോ ബന്ധപ്പെട്ടതോ ആയ ചിത്രങ്ങൾ നൽകുക, അഥവാ സ്വകാര്യമോ വാണിജ്യോദ്ദേശപരമോ ആയി സ്വന്തമോ ബന്ധുക്കളുടേയോ ഏതെങ്കിലും കാര്യങ്ങൾ ചേർക്കുക എന്നിങ്ങനെ...
ഇത്തരത്തിൽ ചേർത്തേക്കാവുന്ന കാര്യങ്ങൾക്കുദാഹരണം:
- അത്ര ബന്ധമില്ലാത്തതും, പ്രസക്തമല്ലാത്തതുമായ വസ്തുക്കളെ ഉയർത്തിക്കാട്ടാൻ അവയുടെ വാണിജ്യ വെബ്സൈറ്റിലോട്ടുള്ള കണ്ണികൾ (വാണിജ്യ കണ്ണികൾ).
- അത്ര ബന്ധമില്ലാത്തതും, പ്രസക്തരല്ലാത്തതുമായ വ്യക്തിക്കളെ ഉയർത്തിക്കാട്ടാൻ അവരുടെ സ്വന്തം വെബ്സൈറ്റിലോട്ടുള്ള കണ്ണികൾ.
- ലേഖനത്തിനു വ്യക്തവും ഗുണപ്രദവുമല്ലാത്തതരത്തിലുള്ള ജീവചരിത്ര ഭാഗങ്ങൾ.
- തന്റെ കക്ഷികളെ ഉയർത്തിക്കാട്ടാനായി എഴുതുന്ന ലേഖനങ്ങൾ
തന്റെ കക്ഷികളെ ഉയർത്തിക്കാട്ടാനായി വിക്കിപീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
പ്രചരണ പ്രവർത്തനങ്ങൾ
[തിരുത്തുക]സത്യം പുറത്തെത്തണം എന്ന ലക്ഷ്യത്തോടെ വിക്കിപീഡിയർ നടത്തുന്ന പ്രവർത്തനങ്ങൾ പുറംലോകത്തിന് സ്വയം ഉയർത്തിക്കാട്ടുന്നതായും നിക്ഷിപ്തലക്ഷ്യത്തോടെയുള്ളതായും തോന്നിയേക്കാം. ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സംഘടനകളോടൊത്ത് പ്രവർത്തിക്കുമ്പോൾ താങ്കൾ താത്പര്യവ്യത്യാസത്തിന്റെ പരിധിയിൽ പെട്ടേക്കാം.
അടുത്ത ബന്ധങ്ങൾ
[തിരുത്തുക]വിനീത് ശ്രീനിവാസന് നടനും സംവിധായകനുമൊക്കെയായ ശ്രീനിവാസനെ കുറിച്ചുള്ള ലേഖനം തിരുത്തുക എളുപ്പമായിരിക്കില്ല. കാരണം ശ്രീനിവാസന്റെ മകനാണ് വിനീത് ശ്രീനിവാസൻ.
ശക്തമായ ബന്ധുത നിലനിൽക്കുന്ന സന്ദർഭത്തിൽ താത്പര്യവ്യത്യാസം തലപൊക്കുന്നതായിരിക്കും. ബന്ധുത വ്യക്തിപരമോ, മതപരമോ, രാഷ്ട്രീയപരമോ, സാമ്പത്തികപരമോ, നിയമപരമോ ആയിരിക്കാം. ഇതിന്റെ വ്യാപ്തി നിർണ്ണയിച്ചിട്ടില്ലങ്കിലും ഇത്തരം ബന്ധുതകൾ - വ്യക്തിപരമായ പ്രതിജ്ഞാബന്ധതയോ വിധേയത്വമോ ഏതെങ്കിലും വ്യക്തിയോടോ, വസ്തുവിനോടോ, ആശയത്തോടോ, രീതിയോടോ, സംഘടനയോടോ - ഉണ്ടായിരിക്കുമ്പോഴാണ് കാണുക.
ഒരു വസ്തുതയുമായുള്ള അടുപ്പം താങ്കൾക്ക് നിഷ്പക്ഷനായിരിക്കാൻ കഴിയില്ല എന്നർത്ഥമാക്കുന്നില്ല, അത് താങ്കൾക്ക് പക്ഷപാതം ഉണ്ടായേക്കാം എന്നേ പറയുന്നുള്ളു. മറ്റ് ലേഖകരുടേ ഉപദേശപ്രകാരം പ്രവർത്തിക്കുക. മറ്റുള്ളവർ ശുഭാപ്തിവിശ്വാസത്തോടെ താങ്കളുടെ സംവാദം താളിൽ ഇക്കാര്യത്തിൽ ഒരു കുറിപ്പിട്ടാൽ, അത് തിരിച്ചറിയുന്നതിനും കുറയ്ക്കുന്നതിനും ശ്രമിക്കുക, പറ്റുമെങ്കിൽ ബന്ധപ്പെട്ട ലേഖനത്തിൽ നിന്ന് മാറിനിൽക്കുക. താങ്കളുടെ ജീവിതത്തിൽ ബന്ധപ്പെട്ട കാര്യവുമായി വളരെ അടുപ്പം താങ്കൾക്കുണ്ടെങ്കിൽ നമ്മുടെ അടിസ്ഥാന നയങ്ങളായ വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്, വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവ തിരുത്തുന്നതിനു മുമ്പ് നന്നായ് മനസ്സിലാക്കുക.
"അടുത്ത ബന്ധ"ത്തിന്റെ നിർവ്വചനം സാമാന്യബുദ്ധികൊണ്ടാണ് മനസ്സിലാക്കേണ്ടത്. അത്ര പ്രസിദ്ധമല്ലാത്ത ഒരു മ്യൂസിക് ബാൻഡിനെ കുറിച്ചുള്ള ലേഖനം അതിലെ അംഗമോ മാനേജരോ അല്ല എഴുതേണ്ടത്. എന്നാൽ ആഗോളതാപനത്തെകുറിച്ച് ലേഖനമെഴുതാൻ അതിൽ വിദഗ്ദ്ധനായ കാര്യത്തോട് വളരെ അടുത്ത് പ്രവർത്തിക്കുന്ന ഒരു ശാസ്ത്രജ്ഞൻ വന്നാൽ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതാണ്.
തിരുത്തലുകളിൽ താത്പര്യവ്യത്യാസം എങ്ങനെ ഒഴിവാക്കാം
[തിരുത്തുക]വിക്കിപീഡിയ "ആർക്കും തിരുത്താവുന്ന വിജ്ഞാനകോശമാണ്," താങ്കളുടെ താത്പര്യം വ്യത്യസ്തമാണെങ്കിൽ താഴെക്കാണുന്ന സന്ദർഭങ്ങളിൽ അത്യധികം ശ്രദ്ധ പുലർത്തുക അല്ലെങ്കിൽ മാറിനിൽക്കുക :
- താങ്കളെയോ, താങ്കളുമായി ബന്ധപ്പെട്ട സംഘടനയേയോ, എതിരാളികളേയോ, ഇവയേലേതിന്റെയെങ്കിലും ഉല്പ്പന്നങ്ങളേയോ അഥവാ പദ്ധതികളേയോ കുറിച്ചുള്ള താളുകളിൽ നടത്തുന്ന തിരുത്തൽ
- മായ്ക്കാനുള്ള നയം അനുസരിച്ച് നടത്തുന്ന, താങ്കളുടെ സംഘടനയേയോ അതിന്റെ എതിരാളികളേയോ കുറിച്ചുള്ള ചർച്ചകളിലെ പങ്കെടുക്കൽ
- താങ്കളുടെ സംഘടനയുടെ വെബ്സൈറ്റിലേക്കുള്ളതോ അഥവാ അതിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തേയോ മതിയായ കാരണമില്ലാതെ മറ്റു ഖനങ്ങളിലേക്ക് കണ്ണിചേർക്കൽ
- താങ്കൾ എല്ലായ്പ്പോഴും
- ബന്ധപ്പെട്ട നയങ്ങളും മാർഗ്ഗരേഖകളും പ്രത്യേകിച്ച് സന്തുലിതമായ കാഴ്ച്ചപ്പാട്, പരിശോധനയോഗ്യത, ആത്മകഥ തുടങ്ങിയവ
ചെയ്യാവുന്ന കാര്യം |
---|
താത്പര്യവ്യത്യാസത്തിന്റെ ഭാഗമായിട്ടല്ലങ്കിലും, തങ്ങളുടെ തിരുത്തൽ വിവാദവിധേയമായേക്കാം എന്നു തോന്നിയാൽ താങ്കൾ അവ അവ ലേഖനത്തിന്റെ സംവാദം താളിൽ ഇട്ട് മറ്റുപയോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കുക. അതിനായി വിക്കിപീഡിയ:ശ്രദ്ധ ക്ഷണിക്കുന്നു എന്നതാളും ഉപയോഗപ്പെടുത്താവുന്നതാണ്. |
ഉപയോക്താവിനുള്ള ഇടത്തിൽ ആത്മകഥ പ്രസിദ്ധീകരിക്കൽ
[തിരുത്തുക]അംഗത്വമുള്ള ഉപയോക്താക്കൾ ഉപയോക്താവിനുള്ള താളിന്റെ ഉപതാളുകളിൽ ചെറു ആത്മകഥകൾ - വിക്കിപീഡിയയിലെ പ്രവർത്തനരീതിയെക്കുറിച്ചും ലക്ഷ്യത്തെപ്പറ്റിയുമൊക്കെ - ഇടാറുണ്ട്. താങ്കളിപ്രകാരം വിക്കിപീഡിയയിൽ പ്രവർത്തിക്കാതെ തന്നെ ഇടാൻ ആഗ്രഹിക്കുന്നുവെങ്കിൽ പകരം ഒരു വെബ്സൈറ്റോ ബ്ലോഗോ തുടങ്ങുന്നത് ആലോചിക്കുക. സൌജന്യ വെബ് സ്പേസ് ദാതാവ് അല്ല വിക്കിപീഡിയ.
താത്പര്യവ്യത്യാസത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
[തിരുത്തുക]താത്പര്യവ്യത്യാസം ചിലപ്പോൾ കാര്യങ്ങൾ വിക്കിപീഡിയയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തിൽ സംശയമുണ്ടാക്കിയേക്കാം. അതുപോലെ തിരുത്തുന്നവർക്ക് വിക്കിപീഡിയയുടെ ലക്ഷ്യമല്ലാതെ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തോടെ തിരുത്തലുകൾ നടത്താനുള്ള കാരണവുമായേക്കാം. താത്പര്യവ്യത്യാസങ്ങളെന്നു സംശയമുള്ള തിരുത്തലുകളെ കുറിച്ച് വിക്കിപീഡിയ:താത്പര്യവ്യത്യാസം/നോട്ടീസ് ബോർഡ് എന്ന താളിൽ കുറിപ്പിടാവുന്നതാണ്. കൂടാതെ {{uw-coi}} എന്ന ഫലകം ഉപയോഗിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് കൊടുക്കാവുന്നതുമാണ്. താത്പര്യവ്യത്യാസമുണ്ടായി എന്ന കാരണം കൊണ്ടു മാത്രം ഒരു ലേഖനം മായ്ക്കത്തില്ലങ്കിലും വിക്കിപീഡിയ:താൾ നീക്കംചെയ്യാനുള്ള മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ നീക്കാവുന്നതാണ്.
- താത്പര്യവ്യത്യാസമുള്ളവരെന്നു സംശയിക്കുന്നവരെ കൈകാര്യം ചെയ്യൽ
ആദ്യമായി സംശയിക്കുന്നയാളെ ഈ മാർഗ്ഗരേഖ കാട്ടി കാര്യം പറഞ്ഞു മനസ്സിലാക്കുക. അത് പരാജയപ്പെടുകയാണെങ്കിൽ താങ്കൾ ഉള്ളടക്കത്തെച്ചൊല്ലി തര്ക്കിക്കുകയാണോയെന്നു സ്വയം പരിശോധിക്കുക. അങ്ങനെയെങ്കിൽ തർക്ക പരിഹാരം തേടുക. മറ്റൊരു മാർഗ്ഗം വിക്കിപീഡിയ:താത്പര്യവ്യത്യാസം/നോട്ടീസ് ബോർഡ് എന്ന താളിൽ കുറിപ്പിടുകയാണ്, അവിടെ മറ്റുപയോക്താക്കൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നതാണ്. വെറുതേ ത്പര്യവ്യത്യാസമാരോപിച്ച് ഉള്ളടക്കത്തെക്കുറിച്ചുള്ള ഒരു തർക്കത്തിൽ എതിരാളിയുടെ മേൽ ശക്തനാകാമെന്നു കരുതരുത്. അത് താങ്കളെ തടയുന്നതിലേക്ക് എത്തുന്നതായിരിക്കും.
വിക്കിപീഡിയ ലേഖനത്തിന്റെ സന്തുലിതയ്ക്കും തിരുത്തുന്നവർക്ക് വേണമെങ്കിൽ ചെല്ലപ്പേരിൽ തിരുത്താനുള്ള സൗകര്യത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഒരാളുടെ യഥാർത്ഥ പേര് താത്പര്യവ്യത്യാസത്തിന്റെ പേരിൽ പുറത്താക്കരുത്. വിക്കിപീഡിയയുടെ പീഡനത്തിനെതിരായ നയത്തിന് (ഇംഗ്ലീഷ്)ഈ മാർഗ്ഗരേഖയെക്കാളും പ്രാധാന്യമുണ്ട്. താത്പര്യവ്യത്യാസം വെളിവാകുന്നത്, ഉപയോക്താക്കൾ ബന്ധപ്പെട്ട വിഷയത്തിൽ തങ്ങൾക്കുള്ള അടുപ്പം സ്വയം വെളിവാക്കുമ്പോഴാണ്. ഉപയോക്താവ് തങ്ങളുടെ അടുപ്പം സ്വയം വെളിവാക്കുന്നില്ലങ്കിൽ സന്തുലിതമായ കാഴ്ച്ചപ്പാട് ഇക്കാര്യത്തിൽ പക്ഷപാതം ഒഴിവാക്കാൻ സഹായകമാകുന്നതാണ്.
- അടിസ്ഥാന നയങ്ങളുടെ പ്രാധാന്യം
വിക്കിപീഡിയയുടെ മുഖ്യം നേംസ്പേസിൽ എഴുതുന്ന ഓരോ എഴുത്തും ലേഖനങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ - വിക്കിപീഡിയ എന്തൊക്കെയല്ല , വിജ്ഞാനകോശ ഗുണമായ പരിശോധനായോഗ്യത, ലേഖകരുടെ സന്തുലിതമായ കാഴ്ച്ചപ്പാട്, അതുപോലെ തന്നെ വിക്കിപീഡിയയുടെ പകർപ്പവകാശ നയം തുടങ്ങിയവ പാലിച്ചിരിക്കണം. ലേഖകർ താളുകൾ തിരുത്തുമ്പോഴും പരിശോധിക്കുമ്പോഴും ഈ നയങ്ങൾ പാലിച്ചിരിക്കണം, മറ്റുള്ളവരുടെ തിരുത്തലുകളെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാനും ശ്രമിക്കുക.
ഈ നയങ്ങൾ പാലിച്ചിരിക്കുമ്പോൾ ആരാണ് എഴുതിയത് എന്നത് പ്രസക്തമല്ലാതെയാകുന്നു. താത്പര്യവ്യത്യാസാരോപണം ലേഖനങ്ങളിലെ ഭാഗം നീക്കം ചെയ്യാനുള്ള മാർഗ്ഗമല്ല. എന്നിരുന്നാലും താത്പര്യവ്യത്യാസം ചിലപ്പോൾ ലേഖനങ്ങളെ സമൂഹം ആഴത്തിൽ പഠിക്കാനും അന്തർലീനമായ പക്ഷപാതം പുറത്തുവരാനും കാരണമാകാറുണ്ട്.
ഒരു ലേഖനത്തിൽ പ്രസക്തവും അതേ സമയം വളരെയധികം താത്പര്യവ്യത്യാസത്തോടെയെഴുതിയതുമായ ഭാഗമുണ്ടെങ്കിൽ ചിലപ്പോൾ നിഷ്പക്ഷരായ വിക്കിപീഡിയർ അതു മുഴുവനും നീക്കം ചെയ്യാനും ലേഖനം അതിന്റെ നന്മയെക്കരുതി ഏറ്റവും അടിസ്ഥാനപരമായ വിവരങ്ങൾ മാത്രം ഉൾക്കൊള്ളുന്ന വിധത്തിലാക്കാനുമിടയുണ്ട്.
- മര്യാദയുടെ പ്രാധാന്യം
നീക്കം ചെയ്യേണ്ട താളുകളെ കുറിച്ചുള്ള ചർച്ചകളിലും ലേഖനത്തിന്റെ സംവാദം താളിലും നടത്തുന്ന ചർച്ചകളിൽ ലേഖനത്തിന്റെ വിഷയത്തെക്കുറിച്ചും എഴുതുന്നയാളുടെ ഉദ്ദേശത്തെക്കുറിച്ചും സൂചനകളിടപ്പെട്ടേക്കാം (ചിലപ്പോൾ ലേഖനം എഴുതുന്നയാൾ തന്നെയും). വ്യക്തിപരമായി ആക്രമിക്കരുത് എന്ന നയത്തിന്റെ പരിധി ഇത് ലംഘിക്കുകയാണെങ്കിൽ ഇത്തരം പ്രവർത്തനം നടത്തുന്നയാളെ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടയുന്നതായിരിക്കും.
“പൊങ്ങച്ചം” എന്നൊക്കെ ആരെയും വിധിക്കാതിരിക്കുക — ഇത്തരത്തിലുണ്ടായേക്കാവുന്ന ആക്രമണങ്ങൾ നിരുത്സാഹപ്പെടുത്തുന്നു ഇത് ഗുണപ്രദമോ ലേഖനം നീക്കംചെയ്യാൻ സഹായകരമോ ആകില്ല. എഴുതുന്നയാൽ വിക്കിപീഡിയയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയായിരിക്കുമെന്ന് ശുഭമായി ചിന്തിക്കുക.
- കാഴ്ച്ചപ്പാടിനനുസരിച്ച് താത്പര്യവ്യത്യാസം ഉണ്ടാകുമ്പോൾ
സന്തുലിതമായ കാഴ്ച്ചപ്പാടിനെ കുറിച്ചുള്ള തർക്കത്തിൽ ലേഖകർ തമ്മിൽ തർക്കമുണ്ടായേക്കാം. അപ്പോൾ താത്പര്യവ്യത്യാസം ആരോപിക്കാനെളുപ്പമാണ്. ഉള്ളടക്കത്തെക്കുറിച്ചുള്ള ചർച്ചയിൽ മേൽക്കൈ നേടുവാൻ താത്പര്യവ്യത്യാസം ആരോപിക്കരുത്. തർക്കം തുടർന്നാൽ താങ്കൾക്ക് ശരിയല്ലെന്നു തോന്നിയ ലേഖകനെ/ലേഖികയെ ലേഖനത്തിന്റെ സംവാദം താളിലേക്ക് ക്ഷണിക്കുകയും അവരുടെ അഭിപ്രായത്തിന് ചെവി കൊടുക്കുകയും ചെയ്യുക.
താത്പര്യവ്യത്യാസത്തോടെ തിരുത്തുന്നവർ
[തിരുത്തുക]താത്പര്യവ്യത്യാസത്തോടെ തിരുത്താനെത്തുന്നവർക്കായുള്ളതാണ് മാർഗ്ഗരേഖയുടെ ഈ ഭാഗം. വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാട് കാത്തുസൂക്ഷിച്ചുക്കാൻ, വിക്കിപീഡിയയുടെ മുഖ്യ നേംസ്പേസിൽ താത്പര്യവ്യത്യാസത്തോടെയുള്ള, അഥവാ കാരണസഹിതം അങ്ങനെ ഊഹിക്കാൻ കഴിയുന്നവ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. പക്ഷപാതത്തോടെയുള്ള തിരുത്തലുകൾ ഇവിടെ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും.
വിവാദരഹിതങ്ങളായ തിരുത്തലുകൾ
[തിരുത്തുക]താത്പര്യവ്യത്യാസത്തോടെ എത്തുന്നവർ വിവാദരഹിതങ്ങളായ തിരുത്തലുകൾ നടത്തുന്നത് ചോദ്യം ചെയ്യാനിടയില്ല, അതായത്:
- സ്പാം (ഇംഗ്ലീഷ്) അഥവാ നശീകരണ പ്രവർത്തനങ്ങൾ ഒക്കെ ഒഴിവാക്കൽ
- ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങൾ നയം ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യൽ
- അക്ഷരപിശകും വ്യാകരണപ്പിശകും ശരിയാക്കുക.
- താത്പര്യവ്യത്യാസത്തോടെ സ്വയം നടത്തിയ തിരുത്തലുകൾ നീക്കം ചെയ്യുക. സ്വയം സൃഷ്ടിച്ച കൊള്ളരുതായ്മകൾ സ്വയം നീക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.
- സംവാദം താളിൽ അംഗീകരിച്ച് തിരുത്തലുകൾ ചെയ്യുക.
എന്താണ് വിവാദം - വിവാദരഹിതം എന്നു തീരുമാനിക്കാൻ സാമാന്യബുദ്ധിയുപയോഗിക്കുക. ശുഭപ്രതീക്ഷയോടെ മറ്റൊരാൾ എതിർക്കുന്ന തിരുത്തലുകൾ വിവാദപരമാണ്.
ഫോട്ടോകളും മറ്റു വിവരപ്രമാണങ്ങളും
[തിരുത്തുക]വിക്കിമീഡിയ കോമൺസ് അടിസ്ഥാനപരമായി എതിർപ്പുള്ള കക്ഷികൾ ഡിജിറ്റൽ മീഡിയാ ഫയലുകൾ - ഫോട്ടോഗ്രാഫുകൾ, ചിത്രങ്ങൾ, ശബ്ദഫയലുകൾ, വീഡിയോ ഫയലുകൾ - അപ്‌ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അവ ഗുണനിലവാരമേറിയതായിരിക്കണം എന്നും അതിന്റെ പകർപ്പവകാശ ഉടമ അവ ഇവിടെ സാധുതയുള്ള ഒരു സ്വതന്ത്ര അനുമതി നൽകണം എന്നും മാത്രമേയുള്ളു.
കൂടുതൽ വിവരങ്ങൾക്ക് ഈ താൾ കാണുക.
കോമൺസിലേക്ക് ഒരു ഫയൽ അപ്‌ലോഡ് ചെയ്താൽ അത് ഏതു വിക്കിപീഡിയ ലേഖനത്തിലും ചേർക്കാവുന്നതാണ്. ഒന്നെങ്കിൽ ഇത്തരം ഒരു ചിത്രം ഉണ്ടെന്ന് ബന്ധപ്പെട്ട ലേഖനത്തിന്റെ സംവാദം താളിൽ ഒരു കുറിപ്പിടുക. അല്ലെങ്കിൽ ലേഖനത്തിൽ അനുയോജ്യമെങ്കിൽ സ്വയം ചേർക്കുക.
സ്വന്തം താത്പര്യം സമ്മതിക്കൽ
[തിരുത്തുക]ചില ലേഖകർ ഒരു പ്രത്യേക മേഖലയിൽ തനിക്കുള്ള താത്പര്യം തുറന്നു സമ്മതിച്ചേക്കും. അവർ ഇതിനായി പലമാർഗ്ഗങ്ങൾ ഉപയോഗിച്ചേക്കും. ഒട്ടുമിക്കവരും ഉപയോക്താവിനുള്ള താളിൽ തങ്ങളുടെ കൂട്ടുകക്ഷികളെക്കുറിച്ച് കൊടുക്കാറുണ്ട്. സംവാദം താളിൽ വേണമെങ്കിലും താങ്കൾക്ക് സൂചന നൽകാവുന്നതാണ്.
- താത്പര്യം സമ്മതിക്കാനുള്ള കാരണങ്ങൾ
- ശുഭപ്രതീക്ഷയുടെ ഗുണം താങ്കൾക്ക് ലഭിക്കും.
- പലരും താങ്കളുടെ സത്യസന്ധതയെ (ഇംഗ്ലീഷ്) അനുമോദിക്കുകയും താങ്കളെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യും.
- താങ്കൾക്ക് താങ്കൾ ചേർത്ത ഒരു കാര്യത്തിൽ കൂടുതൽ സഹായം മറ്റുള്ളവരോട് ചോദിക്കാൻ കഴിയും.
- താത്പര്യം സമ്മതിക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ
- താങ്കളുടെ തിരുത്തലുകൾ സന്തുലിതമായ കാഴ്ച്ചപ്പാട് പാലിക്കുന്നില്ലങ്കിൽ, അവ മുൻപ്രാപനത്തിനു വിധേയമാക്കപ്പെടും.
- മറ്റുപയോക്താക്കളെ താങ്കളുടെ വ്യക്തിത്വം മനസ്സിലാക്കാൻ അനുവദിക്കുന്നില്ലങ്കിൽ പോലും, അവരതറിയാനും, താങ്കൾ നയങ്ങൾ ഉപയോഗിച്ച് കളിക്കുവാണെന്നും (ഇംഗ്ലീഷ്) തിരിച്ചറിയാനും ഇടയുണ്ട്.
- പത്രപ്രവർത്തകരെപ്പോലെയുള്ള വിക്കിപീഡിയയുടെ പുറത്തുള്ളവർ താങ്കളുടെ താത്പര്യവ്യത്യാസം പുറത്തുകൊണ്ടുവരാനും അങ്ങനെ താങ്കളുടേയോ താങ്കളുടെ കമ്പനിയുടേയോ പ്രതിച്ഛായ മോശമാക്കാനും ഇടയുണ്ട്. പുറത്തുനിന്നുള്ളവർ താങ്കളെ തിരിച്ചറിയുന്നത് തടയാൻ വിക്കിപീഡിയയ്ക്ക് കഴിയണമെന്നില്ല.
- ഒരുദാഹരണം
ഇവിടെ ഇത്തരത്തിൽ ഒരു വിഷയത്തിൽ ഒരുപയോക്താവിനുള്ള താത്പര്യത്തെക്കുറിച്ചും, അത് മെച്ചപ്പെടുത്താനുള്ള സഹായമാരാഞ്ഞിരിക്കുന്നതും കാണാവുന്നതാണ്.
താത്പര്യ സംരക്ഷണം
[തിരുത്തുക]ചിലപ്പോൾ വിക്കിപീഡിയയുടെ താത്പര്യവും പുറത്തുള്ളവരുടെ താത്പര്യവും ഒത്തുപോവുന്നതായി കാണാം. ഉദാഹരണത്തിന് ലേഖനത്തിൽ പ്രത്യക്ഷപ്പെടുന്ന പിന്തുണയില്ലാത്ത അർത്ഥസത്യമോ അസത്യമോ ആകുന്ന വാക്യങ്ങൾ ആരെങ്കിലും ഒരിക്കൽ നീക്കിയേക്കാം. ഈ മാർഗ്ഗരേഖ, സ്രോതസ്സുകളെ കുറച്ചുമാത്രം അവലംബിക്കുന്നതോ തീർത്തും അവലംബിക്കാത്തതോ ആയ വാക്യങ്ങളെ നീക്കാനായി ആർക്കും ഉപയോഗിക്കാവുന്നതുമാണ്. ഇത്തരം സന്ദർഭങ്ങളിൽ വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ താത്പര്യം തിർച്ചറിയാൻ എളുപ്പമാണ്. ഒരു ലേഖനം മുഴുവനായി ആക്രമണത്തിനു വിധേയമാവുകയാണെങ്കിൽ അല്ലെങ്കിൽ ഒരു പ്രത്യേക താത്പര്യം മാത്രമാണുള്ളതെങ്കിൽ താളിനെ അതിവേഗത്തിൽ മായ്ക്കാൻ നിർദ്ദേശിക്കാവുന്നതാണ്. ലേഖനത്തിൽ സ്വന്തം താത്പര്യത്തിനായി പ്രവർത്തിക്കുന്നവരെ കാര്യനിർവാഹകരുടെ വിവേചനാധികാരത്തിനു പാത്രമായേ പിന്നീട് പ്രവർത്തിക്കാൻ കഴിയൂ. വിക്കിപീഡിയ:ജീവിച്ചിരിക്കുന്നവരുടേ ജീവചരിത്രങ്ങൾ എന്ന നയം ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ള ലേഖനം എങ്ങനെയാണ് എഴുതേണ്ടത് എന്നു കാണിച്ചുതരുന്നുണ്ട്.
അതേ സമയം വിശ്വാസയോഗ്യമായ സ്രോതസ്സിനെ അവലംബിച്ചിട്ടുള്ള ശരിയല്ലാത്ത പരാമർശങ്ങൾ നീക്കുന്നത് അനുവദിച്ചിട്ടില്ല. ഇത്തരത്തിൽ എഴുതാൻ വരുന്ന അംഗത്വങ്ങൾ വിശ്വാസയോഗ്യങ്ങളായ തെളിവുകളേയും ഉപയോഗിച്ചേക്കാം. ലേഖനം തനിക്കിഷ്ടമുള്ള വിധത്തിൽ അസന്തുലിതമാക്കുന്നത് വിജ്ഞാനകോശത്തിനു ചേരുന്നതല്ല. ഉദാ: ഒരു പ്രത്യേക കമ്പനിയെക്കുറിച്ചുള്ള ലേഖനത്തിൽ 90% മറ്റൊരു കമ്പനിയുമായുള്ള കോടതി കേസിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ അതത്രയും നല്ല സ്രോതസ്സുകൾ അവലംബിച്ചിട്ടുണ്ടെങ്കിൽ പക്ഷപാതമില്ലാത്ത ഒരുപയോക്താവ് അതിനെ ചുരുക്കേണ്ടതും മറ്റു ഭാഗങ്ങൾ വികസിപ്പിക്കേണ്ടതുമാണ്. ഇതിന് സംവാദം താളിലെ ചർച്ച നല്ല മാർഗ്ഗമാണ്.
വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകൾക്കായി ചോദിക്കുക. മറ്റ് ലേഖകരോട് അഭിപ്രായങ്ങൾ ചോദിക്കുക. തിരുത്തലിന്റെ ചെറുതും മെച്ചപ്പെട്ടതുമായ ചുരുക്കം നൽകുക.
ലേഖനത്തിൽ മാറ്റം ആവശ്യപ്പെടൽ, പുതിയ ലേഖനം ആവശ്യപ്പെടൽ
[തിരുത്തുക]താത്പര്യവ്യത്യാസത്തോടെയുള്ള ഒരു തിരുത്തൽ നടത്താൻ ഒരു ലേഖകൻ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആദ്യം സംവാദം താളിൽ പറയുക. ഇത്തരം കുറിപ്പിടുമ്പോൾ താത്പര്യം എന്താണെന്നു പറയുന്നത് തെറ്റിദ്ധാരണ ഒഴിവാക്കാൻ സഹായിക്കുന്നതാണ്.
പുതിയൊരു ലേഖനം ആവശ്യപ്പെടാനായി താങ്കളുടെ ആശയത്തെക്കുറിച്ച് ബന്ധപ്പെട്ട ലേഖനത്തിന്റെ സംവാദം താളിലോ വിക്കിപദ്ധതികൾ എന്നതാളിലോ കുറിപ്പിടുക.
ഈ മാർഗ്ഗരേഖ അവഗണിക്കുന്നുന്നതുകൊണ്ടുള്ള ദോഷങ്ങൾ
[തിരുത്തുക]മനഃപൂർവമല്ലാതെ സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള വിക്കിപീഡിയയുടെ നിയമം
താങ്കൾ വിക്കിപീഡിയയിൽ താങ്കളെ കുറിച്ചോ, താങ്കളുടെ കമ്പനിയെക്കുറിച്ചോ, സംഘടനയെ കുറിച്ചോ, താങ്കളുടെ ഇഷ്ടവിഷയത്തെക്കുറിച്ചോ ഒരു ലേഖനം സൃഷ്ടിച്ചെങ്കിൽ, അതിൽ താങ്കൾക്ക് പിന്നീട് യാതൊരവകാശവുമില്ല. അതിന്റേതായ മാർഗ്ഗത്തിലൂടെയല്ലാതെ അത് മായ്ക്കാനും കഴിയില്ല. ആരെങ്കിലും ഇഷ്ടപ്പെടുന്നില്ല എന്ന കാരണത്താൽ ലേഖനം മായ്ക്കാൻ കഴിയില്ല. ഏതൊരു വിക്കിപീഡിയനും ഉള്ളടക്കത്തെക്കുറിച്ചുള്ള നമ്മുടെ നയത്തിൽ അധിഷ്ഠിതമായി ലേഖനത്തിൽ വിവരങ്ങൾ ചേർക്കാനും നീക്കാനും കഴിയുന്നതാണ്. ലഭ്യമായതും എന്നാൽ താങ്കൾ ഇഷ്ടപ്പെടാത്തതുമായ ഒരു വിവരം വിക്കിപീഡിയയിൽ എത്തുന്നതാണ്. ഒന്നിലധികം ലേഖകരാണ് ഒരു ലേഖനം സൃഷ്ടിക്കുന്നതെന്നോർക്കുക. താങ്കൾക്ക് ഇഷ്ടപ്പെടുന്ന പതിപ്പിലേക്ക് ലേഖനം തിരിച്ചുവെക്കാനുള്ള താങ്കളുടെ ശ്രമം തിരുത്തൽ യുദ്ധമായി പരിണമിക്കുകയാണെങ്കിൽ താങ്കളെ തടയുക (ചിലപ്പോൾ എന്നെന്നേയ്ക്കും) ആവശ്യമായി വരും.
കൂടാതെ, താങ്കൾ എഴുതിയുണ്ടാക്കിയ ലേഖനം ഗുണകരമല്ലെന്നു തോന്നിയാൽ വിക്കിപീഡിയയുടെ മായ്ക്കാനുള്ള നയം അനുസരിച്ച് അത് മായ്ച്ചുകളഞ്ഞെന്നു വരാം. അതുകൊണ്ട് താങ്കൾ താത്പര്യമെടുക്കുന്ന വിഷയത്തെക്കുറിച്ച് പരസ്യാർത്ഥം താളുകൾ ഉണ്ടാക്കരുത്.
തടയലുകൾ
[തിരുത്തുക]ഒരു വ്യക്തിയേയോ, കമ്പനിയേയോ, വസ്തുവിനേയോ, സേവനത്തേയോ, സംഘടനയേയോ ഉയർത്തിക്കാട്ടുക എന്ന വ്യക്തവും പ്രധാനവുമായ ലക്ഷ്യത്തോടെ വരുന്ന അംഗത്വങ്ങളെ - അത് അവരുടെ തിരുത്തൽ ചരിത്രത്തിൽ നിന്ന് മനസ്സിലാകുന്നതാണ് - ഈ മാർഗ്ഗരേഖ കാട്ടി മുന്നറിയിപ്പു നൽകുന്നതാണ്. എന്നിട്ടും അതേ രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ തടയുന്നതാണ്.
കുറിപ്പുകൾ
[തിരുത്തുക]- ↑ കോർപ്പറേഷനുകളുടേയോ സർക്കാരിന്റേയോ, സ്വകാര്യമോ പൊതുവോ ആയ സംഘടനകളുടേയോ പൊതുജനസമ്പർക്ക വകുപ്പ് തങ്ങളെക്കുറിച്ച് നല്ല കാഴ്ച്ചപ്പാട് ലഭിക്കാനായി ലേഖകരെ ഉപയോഗിച്ച് തിരുത്തലുകൾ നടത്തിയേക്കാം. വിക്കിപീഡിയ വളരെ തുറന്ന ഒരു പ്രസ്ഥാനമാണ്, ഇവിടെ നടക്കുന്നത് മാധ്യമങ്ങളിൽ വളരെ വേഗം വ്യാപിക്കുന്നു. "ഇവിടെ താങ്കൾ പറയുന്നതോ പ്രവർത്തിക്കുന്നതോ ആയ കാര്യങ്ങൾ യഥാർത്ഥ ലോകത്തിൽ അനുരണങ്ങൾ ഉണ്ടാക്കിയേക്കാം." വിക്കിപീഡിയ:വിക്കിപീഡിയ യഥാർത്ഥ ലോകത്തിൽ കാണുക (ഇംഗ്ലീഷ്)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- w:User:Durova/The dark side. The risks of trying to subvert Wikipedia.
- w:User:Jmabel/PR. Guidance for public relations people
- w:User:Uncle G/On notability#Writing about subjects close to you. On writing about subjects that are close to oneself.
- w:Wikipedia:Search engine optimization. An essay for search engine optimization people.
- w:Wikipedia:Vested interest. About interests that may not be conflicts.
ഇതും കാണുക
[തിരുത്തുക]- Wikipedia:Contact us/Article problem/Factual error (from enterprise)
- Template:Uw-coi for warning editors who have an apparent conflict of interest.
- Template:COI for tagging articles affected by conflict of interest that may be candidates for deletion.
- Category:Requested edits lists proposed edits for review where the proposer has a self-reported conflict of interest.
- w:Wikipedia:Spam
- w:Wikipedia:Reward board
- w:Wikipedia:FAQ/Organization