മരിയോ ബലോട്ടെല്ലി
യൂറോ കപ്പ് 2012ൽ ഇറ്റലിക്കു വേണ്ടി കളിക്കുന്ന ബലോട്ടെല്ലി | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | മരിയോ ബറുവാ ബലോട്ടെല്ലി[1] | ||
ഉയരം | 1.89 മീ (6 അടി 2 ഇഞ്ച്)[2] | ||
റോൾ | ഫോർവേഡ്[3] | ||
ക്ലബ് വിവരങ്ങൾ | |||
നിലവിലെ ടീം | എ.സി.മിലാൻ | ||
നമ്പർ | 45 | ||
യൂത്ത് കരിയർ | |||
2001–2005 | Lumezzane | ||
2006–2007 | Internazionale | ||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
2005–2006 | Lumezzane | 2 | (0) |
2007–2010 | Internazionale | 59 | (20) |
2010–2013 | മാഞ്ചസ്റ്റർ സിറ്റി | 54 | (20) |
2013– | എ.സി.മിലാൻ | 4 | (4) |
ദേശീയ ടീം‡ | |||
2008–2010 | ഇറ്റലി U21 | 16 | (6) |
2010– | ഇറ്റലി | 17 | (5) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 21:12, 24 ഫെബ്രുവരി 2013 (UTC) പ്രകാരം ശരിയാണ്. ‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 6 ഫെബ്രുവരി 2013 പ്രകാരം ശരിയാണ്. |
ഇറ്റലിയുടേയും നിലവിൽ എ.സി.മിലാന്റേയും മുന്നേറ്റനിരക്കാരനാണ് മരിയോ ബലോട്ടെല്ലി. ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീമിൽ ഇടം നേടിയ ആദ്യ കറുത്ത വംശജനാണ് ഇദ്ദേഹം.
ജീവചരിത്രം[തിരുത്തുക]
കുട്ടിക്കാലം[തിരുത്തുക]
ഘാനയിൽനിന്ന് ഇറ്റലിയിലെ പാലർമോയിലേക്ക് കുടിയേറിയ തോമസിന്റെയും റോസ് ബറുവയുടെയും നാലുമക്കളിലൊരാളായിരുന്നു മരിയോ ബറുവ. 1990 ആഗസ്ത് 12-ന് ജനിച്ചു. ലോഹപ്പണിക്കാരനായിരുന്ന തോമസിന്റെ കുടുംബം കൊടിയ ദാരിദ്ര്യത്തിലായിരുന്നു. പട്ടിണിയ്ക്കുപുറമേ, കുടൽ രോഗങ്ങളുമായാണ് മരിയോ വളർന്നത്. കുട്ടിക്കാലത്തുതന്നെ, ഒട്ടേറെ ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഓരോ തവണ ആസ്പത്രിയിലെത്തുമ്പോഴും മരിയോ മരിച്ചുപോകുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ദാരിദ്ര്യവും പട്ടിണിയും മരിയോയുടെ ചികിത്സയും കുടുംബത്തെ തളർത്തിയപ്പോൾ, തോമസിനും റോസിനും മരിയോയെ രണ്ടാം വയസ്സിൽ ഉപേക്ഷിക്കേണ്ടിവന്നു. മരിയോയെ അഭയകേന്ദ്രത്തിലാക്കി അവർ മടങ്ങി. ഈ സമയത്ത് അവിടെ ബ്രെസിയയിൽനിന്ന് ഫ്രാൻസെസ്‌കോയും സിൽവിയ ബലോട്ടെല്ലിയുമെത്തി. ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ഏറ്റെടുത്തുവളർത്തുന്ന ബലോട്ടെല്ലി കുടുംബത്തിലേക്ക് അങ്ങനെ മരിയോയുമെത്തി. മരിയോ ബറൂവ അങ്ങനെ മരിയോ ബലോട്ടെല്ലിയായി. ബലോട്ടെല്ലി കുടുംബത്തിലെ മറ്റ് അതിഥികളായ ക്രിസ്റ്റീനയെന്ന സഹോദരിയും കൊറാഡോ, ജിയോവാനി എന്നീ സഹോദരന്മാർക്കുമൊപ്പം ബലോട്ടെല്ലി വളർന്നു.
പേര് സ്വീകരിക്കുന്നു[തിരുത്തുക]
പിന്നീട് ലോകമറിയുന്ന ഫുട്‌ബോൾ താരമായപ്പോൾ ബറൂവ കുടുംബം മരിയോയോട് വീട്ടിലേക്ക് തിരിച്ചുവരണമെന്ന് അഭ്യർഥിച്ചു. പക്ഷെ അദ്ദേഹം അത് നിരാകരിച്ചു. തന്റെ സമ്പത്താണ് അച്ഛനമ്മമാർ വിലയ്ക്കുവാങ്ങുന്നതെന്ന് പറഞ്ഞാണ് മരിയോ കുടുംബത്തെ തള്ളിപ്പറഞ്ഞത്. രോഗിയായ തന്നെ ആസ്പത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു അച്ഛനമ്മമാരെന്ന് മരിയോ ഇന്നും വിശ്വസിക്കുന്നു. ആദ്യ വർഷങ്ങളിൽ തന്നെ സന്ദർശിച്ചിരുന്ന അച്ഛനമ്മമാർ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും താരമായശേഷമാണ് അവർക്ക് മകനോട് സ്‌നേഹം തോന്നിയതെന്നും മരിയോ പറയുന്നു. ഇറ്റലിയെ യൂറോയുടെ ഫൈനലിലേക്ക് നയിച്ച ഗോളുകൾ തന്നെ പോറ്റിവളർത്തിയ സിൽവയ്ക്കാണ് മരിയോ സമർപ്പിച്ചത്. തന്റെ കുടുംബപ്പേരായ ബറൂവയെന്നത് കുട്ടിക്കാലത്തേ ഉപേക്ഷിച്ച മരിയോ, 2012 യൂറോയ്ക്ക് തൊട്ടുമുമ്പായി തന്റെ പേരിനൊപ്പം ആ പേരുകൂടി സ്വീകരിച്ചു. അങ്ങനെ, മരിയോ ബലോട്ടെല്ലി, മരിയോ ബറൂവ ബലോട്ടെല്ലിയായി.
ഫുട്ബോളിലേക്ക്[തിരുത്തുക]
അഞ്ചാം വയസ്സുമുതൽ മൊംപിയാനോ പാരിഷ് ടീമിനൊപ്പം കളിച്ചുതുടങ്ങിയ മരിയോയുടെ കഴിവുകൾ കണ്ടെത്തിയത് വാൾട്ടർ സാൽവിയോണിയാണ്. ലൂമേസൻ ടീമിലെ താരമായിരുന്നു മരിയോ അന്ന്. 15-ാം വയസ്സിൽ ലൂമേസന്റെ സീനിയർ താരമായി. ഇറ്റാലിയൻ ലീഗിന്റെ സി ഡിവിഷനിൽ കളിച്ച എക്കാലത്തെയും പ്രായം കുറഞ്ഞതാരമാണ് മരിയോ. മരിയോയെ കളിപ്പിക്കുന്നതിനുവേണ്ടി ഇറ്റാലിയൻ ഫെഡറേഷൻ നിയമങ്ങൾ പോലും മാറ്റി. മരിയോയെ സ്പാനിഷ് ടീം ബാഴ്‌സലോണയിൽ ട്രയൽസിലെത്തിക്കുന്നതും സാൽവിയോണിയാണ്. മരിയോയ്ക്ക് ബാഴ്‌സലോണ യൂത്ത് അക്കാദമിയിൽ പ്രവേശനം കിട്ടിയില്ല. എന്നാൽ, 2007-ൽമരിയോ ഇന്റർമിലാന്റെ താരമായി.
ഇന്ററിൽ[തിരുത്തുക]
2007ലാണ് മരിയോ ഇന്റർമിലാനിലെത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ റോബർട്ടോ മാഞ്ചീനിയായിരുന്നു അന്ന് ഇന്ററിന്റെ ചുമതലക്കാരൻ. ഇറ്റലിയിലെ തീവ്ര വലതുപക്ഷക്കാരുടെ വംശീയാധിക്ഷേപങ്ങൾക്ക് നിരന്തരം ഇരയായിട്ടും മരിയോ മൂന്ന് സീസൺ അവിടെ തുടർന്നു. കാണികളോടും കളിക്കാരോടും ഇടിപിടിച്ച് മുന്നേറിയ മരിയോയുടെ അച്ചടക്കം ടീമിന് ബാദ്ധ്യതയായി മാറി. മാഞ്ചീനിക്ക് പകരം ടീമിന്റെ ചുമതലയേറ്റ ഹോസെ മൗറീന്യോ താരത്തെ ഉൾക്കൊള്ളാൻ തയ്യാറായില്ല. അനുസരണയില്ലാത്തവൻ എന്നാണ് മരിയോയെ മൗറീന്യോ വിശേഷിപ്പിച്ചത്. വംശീയാധിക്ഷേപം ഏറിയതോടെ, മരിയോയുടെ കളികൾ പലതും അടച്ചിട്ട സ്റ്റേഡിയത്തിലുമായി. ഇന്ററിന്റെ ജഴ്‌സിയൂരിയെറിഞ്ഞും ടീമിൽനിന്ന് മാറ്റിനിർത്തിയപ്പോൾ, ടി.വി. അഭിമുഖത്തിൽ എ.സി.മിലാന്റെ ജേഴ്‌സിയണിഞ്ഞെത്തിയും മരിയോ വിമത ശബ്ദം ഉയർത്തിക്കൊണ്ടിരുന്നു. ഒടുവിൽ, 2010-ൽ ഇന്ററിനെ ഉപേക്ഷിച്ച് മാഞ്ചീനിയുടെ തണലിലേക്ക് മരിയോ ചേക്കേറി.
മാഞ്ചസ്റ്ററിൽ[തിരുത്തുക]
മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്.എ. കപ്പ് വിജയത്തിലും പ്രീമിയർ ലീഗ് കിരീടത്തിലും നിർണായക പങ്കുവഹിച്ചെങ്കിലും മരിയോയുടെ സ്വഭാവം എക്കാലത്തും വില്ലനായി നിന്നു. യൂറോപ്യൻ ഫുട്‌ബോളിലെ 21 വയസ്സിൽത്താഴെയുള്ള മികച്ച താരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്‌കാരത്തിന് 2010 ഡിസംബറിൽ അർഹനായ മരിയോ ബലോട്ടെല്ലിയുടെ കരിയർ മുഴുവൻ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയത്. കഴിഞ്ഞ സീസണിൽ നാല് ചുവപ്പുകാർഡുകൾ കണ്ടതോടെ, ബലോട്ടെല്ലിയെ ടീമിൽ നിലനിർത്താനാവില്ലെന്ന് മാഞ്ചീനിയും ഉറപ്പിച്ചു. പക്ഷേ, പ്രതിഭകൊണ്ട് തന്റെ കുരുത്തക്കേടുകളെ അതിജീവിക്കുന്ന മരിയോ, ആരാധർക്കിടയിൽ സൂപ്പർ മരിയോയെന്ന പ്രതിച്ഛായ നിലനിർത്തുന്നു. 2010-11ൽ സിറ്റി പ്രീമിയർലീഗ് കിരീടം നേടിയപ്പോൾ, പ്രീമിയർ ലീഗ് നേടിയ ആദ്യ ഇറ്റലിക്കാരനെന്ന പദവി ബലോട്ടെല്ലിയെ തേടിയെത്തി.
എസി മിലാനിലേയ്ക്[തിരുത്തുക]
2013 ജനുവരി 29ന് എസി മിലാൻ ബലോട്ടെല്ലിയെ സിറ്റിയിൽ നിന്നും വാങ്ങുന്നതായി പ്രഖ്യാപിച്ചു. ജനുവരി 31ന് മിലാൻ ബലോട്ടെല്ലിയുമായുള്ള കരാർ പൂർത്തിയാക്കി. 2013 ഫെബ്രുവരി 3ന് മിലാനിലെ അരങ്ങേറ്റ മത്സരം കളിച്ചു. പെനാൽറ്റി ഉൾപ്പെടെ 2 ഗോളുകളാണ് അദ്ദേഹം നേടിയത്. ഉഡിനീസിനെതിരെ 2-1ന് മിലാൻ ജയിച്ചു. ഈ വിജയത്തിലൂടെ ലീഗിൽ മിലാൻ, ഇന്റർനാഷണലിനെ ഗോൾ വ്യത്യാസത്തിൽ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി.[4] തുടർന്നുള്ള രണ്ട് കളികളിലും അദ്ദേഹം ഓരോ ഗോളുകൾ വീതം നേടി. ഉഡിനീസിനെതിരെ 30 യാർഡ് അകലെ നിന്ന് നേടിയ ഒരു ഫ്രീകിക്ക് ഗോളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതിലൂടെ എസി മിലാനു വേണ്ടി ആദ്യ 3 കളികളിൽ നിന്ന് 4 ഗോളുകൾ നേടിയ ഒളിവർ ബയർഹോഫിന്റെ റെക്കോർഡിനൊപ്പം ബലോട്ടെല്ലിയും എത്തി,
ദേശീയ ടീമിൽ[തിരുത്തുക]
ഇറ്റാലിയൻ കുടുംബം ഔദ്യോഗികമായി ദത്തെടുക്കാത്തതിനാൽ, പൗരത്വത്തിനുവേണ്ടി 18-ാം വയസ്സുവരെ മരിയോയ്ക്ക് കാത്തിരിക്കേണ്ടിവന്നു. 17-ാം വയസ്സിൽ ഘാന ടീമിലേക്ക് മരിയോയെ വിളിച്ചിരുന്നെങ്കിലും തനിക്ക് ജീവിതം തന്ന ഇറ്റലിക്കുവേണ്ടി കളിക്കാൻ എത്രവേണമെങ്കിലും കാത്തിരിക്കുകയെന്നതായിരുന്നു മരിയോയുടെ തീരുമാനം. ആ തീരുമാനം പലമത്സരങ്ങളും ശരിവച്ചു. പ്രീമിയർ ലീഗ് നേടിയ ആദ്യ ഇറ്റലിക്കാരനെന്ന പദവിക്ക് പിന്നാലെ, യൂറോയുടെ സെമിയിൽ ഗോളടിക്കുന്ന ആദ്യ ഇറ്റലിക്കാരനുമായി മരിയോ.
നേട്ടങ്ങൾ[തിരുത്തുക]
- 2010 ഡിസംബറിൽ യൂറോപ്യൻ ഫുട്‌ബോളിലെ 21 വയസ്സിൽത്താഴെയുള്ള മികച്ച താരത്തിനുള്ള ഗോൾഡൻ ബോയ് പുരസ്‌കാരം.
- യൂറോ കപ്പിന്റെ സെമിഫൈനലിൽ ഗോൾ നേടുന്ന ആദ്യ ഇറ്റാലിയൻ താരമാണ് ബലോട്ടെല്ലി.
- യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇറ്റാലിയൻ താരത്തിന്റെ റെക്കോഡർഡും ബലോട്ടെല്ലി, കസാനോയുമായ് പങ്കുവയ്ക്കുന്നു(3 ഗോളുകൾ).
- പ്രീമിയർ ലീഗ് നേടിയ ആദ്യ ഇറ്റലിക്കാരൻ.
പ്രകടനങ്ങൾ[തിരുത്തുക]
- പുതുക്കിയത്: 13 May 2012.[5]
ക്ലബ് | സീസൺ | ലീഗ് | കപ്പ്1 | യൂറോപ്പ് | മറ്റുള്ളവ2 | ആകെ | |||||
---|---|---|---|---|---|---|---|---|---|---|---|
കളികൾ | ഗോളുകൾ | കളികൾ | ഗോളുകൾ | കളികൾ | ഗോളുകൾ | കളികൾ | ഗോളുകൾ | കളികൾ | ഗോളുകൾ | ||
ലൂമേസൻ | 2005–06 | 2 | 0 | 0 | 0 | 0 | 0 | 0 | 0 | 2 | 0 |
ആകെ | 2 | 0 | 0 | 0 | 0 | 0 | 0 | 0 | 2 | 0 | |
ഇന്റർമിലാൻ | 2007–08 | 11 | 3 | 4 | 4 | 0 | 0 | 0 | 0 | 15 | 7 |
2008–09 | 22 | 8 | 2 | 0 | 6 | 1 | 1 | 1 | 31 | 10 | |
2009–10 | 26 | 9 | 5 | 1 | 8 | 1 | 1 | 0 | 40 | 11 | |
ആകെ | 59 | 20 | 11 | 5 | 14 | 2 | 2 | 1 | 86 | 28 | |
മാഞ്ചസ്റ്റർ സിറ്റി | 2010–11 | 17 | 6 | 5 | 1 | 6 | 3 | 0 | 0 | 28 | 10 |
2011–12 | 23 | 13 | 2 | 1 | 6 | 3 | 1 | 0 | 32 | 17 | |
ആകെ | 40 | 19 | 7 | 2 | 12 | 6 | 1 | 0 | 60 | 27 | |
എല്ലാ പ്രകടനങ്ങളും | 101 | 39 | 18 | 7 | 26 | 8 | 3 | 1 | 148 | 55 |
- 1 കോപ്പ ഇറ്റാലിയ, എഫ് എ കപ്പ്, ഫുട്ബോൾ ലീഗ് കപ്പ് എന്നിവ ഉൾപ്പെട്ടത്
- 2 സൂപ്പർകോപ്പ ഇറ്റാലിയാന, യുവേഫ സൂപ്പർ കപ്പ്, എഫ് എ കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ ഉൾപ്പെട്ടത്
അവലംബം[തിരുത്തുക]
- ↑ "Mario Balotelli". Goal.com. ശേഖരിച്ചത് 3 September 2011.
- ↑ "Manchester City FC Profile". Manchester City F.C. ശേഖരിച്ചത് 24 October 2011.
- ↑ 3.0 3.1 "Mario Balotelli Profile". Inter. ശേഖരിച്ചത് 3 July 2010.
- ↑ http://www.guardian.co.uk/football/2013/feb/03/mario-balotelli-milan-udinese-serie-a
- ↑ "Mario Barwuah Balotelli". Soccerway. ശേഖരിച്ചത് 23 February 2011.
- ദേശാഭിമാനി ദിനപത്രം 2012 ജൂൺ 30
പുറം കണ്ണികൾ[തിരുത്തുക]
![]() |
മരിയോ ബലോട്ടെല്ലി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ഔദ്യോഗിക വെബ്സൈറ്റ്
- Liverpool F.C. profile
- മരിയോ ബലോട്ടെല്ലി career stats at Soccerbase
- Profile at Tutto Calciatori (in Italian)
- Profile at AIC (in Italian)
- Profile at Lega Serie A (in Italian)
- Career profile La Gazzetta dello Sport (in Italian)
- National team profile (in Italian)
- Profile at Italia 1910 (in Italian)
- മരിയോ ബലോട്ടെല്ലി at ESPN FC
- മരിയോ ബലോട്ടെല്ലി at National-Football-Teams.com