Jump to content

സോറൻ കീർക്കെഗാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സോറൻ കീർ‌ക്കെഗാഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോറൻ ആബ്യെ കീർ‌ക്കെഗാഡ്
കാലഘട്ടം19-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരയൂറോപ്യൻ തത്ത്വചിന്ത,[1]

ഡച്ച് കലാ-സാഹിത്യപാരമ്പര്യത്തിലെ സുവർണ്ണകാലം, അസ്തിത്വവാദം

ഇവയുടെ പൂർവ്വചിന്തകനെന്ന നിലയിൽ - ഉത്തരാധുനികത, ഉത്തരഘടനാവാദം, അസ്തിത്വവാദ മനശാസ്ത്രം, നവ-യാഥാസ്ഥിതികത
പ്രധാന താത്പര്യങ്ങൾമതം, അതിഭൌതികത, ജ്ഞാനസിദ്ധാന്തം, സൗന്ദര്യശാസ്ത്രം, സന്മാർഗചിന്ത, മനഃശാസ്ത്രം
ശ്രദ്ധേയമായ ആശയങ്ങൾഅസ്തിത്വവാദം, angst, അസ്തിത്വദുഃഖം, മനുഷ്യാസ്തിത്വത്തിന്റെ മൂന്നു തലങ്ങൾ, വിശ്വാസത്തിന്റെ പടയാളി, അനന്തഗുണാന്തരം
ഒപ്പ്

പത്തൊൻപതാം നൂറ്റാണ്ടിൽ ഡെൻമാർക്കിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും ദൈവശാസ്ത്രജ്ഞനും ആയിരുന്നു സോറൻ കീർ‌ക്കെഗാഡ്. (മേയ് 5, 1813 - നവംബർ 11, 1855)(ഇംഗ്ലീഷ്:Soren Kierkegaard).(ഉച്ചാ: സോയെൻ കിയെക്കഗോത്ത്). ഡെൻമാർക്കിലെ ക്രൈസ്തവസഭയുടെ ഉൾക്കാമ്പില്ലാത്തതെന്ന് അദ്ദേഹത്തിനു തോന്നിയ അനുഷ്ഠാനങ്ങളെയും അന്ന് പ്രചാരത്തിലിരുന്ന ഹേഗേലിയൻ തത്ത്വചിന്തയേയും കീർ‌ക്കെഗാഡ് ശക്തിയായി എതിർത്തു. ദൈവത്തിലുള്ള വിശ്വാസം, വ്യവസ്ഥാപിത ക്രിസ്തുമതം, ക്രൈസ്തവസന്മാർഗ്ഗശാസ്ത്രവും ദൈവശാസ്ത്രവും, ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ നേരിടേണ്ടിവരുന്ന മനുഷ്യന്റെ വികാരവിചാരങ്ങൾ തുടങ്ങി മതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹത്തിന്റെ രചനകളിൽ മിക്കവയുടേയും പ്രമേയം. കീർ‌ക്കെഗാഡ് തന്റെ ആദ്യകാലരചനകൾ പല തൂലികാനാമങ്ങളിലാണ് പ്രസിദ്ധീകരിച്ചത്. വ്യത്യസ്തനാമധാരികളുടെ വ്യത്യസ്തവീക്ഷണകോണുകൾ തമ്മിലുള്ള ഒരു സങ്കീർണ്ണസം‌വാദമായി ആ രചനകൾ കാണപ്പെട്ടു.

തന്റെ രചനകളിൽ അർത്ഥം കണ്ടെത്തുകയെന്ന ജോലി കീർ‌ക്കെഗാഡ് വായനക്കാരനു വിട്ടുകൊടുത്തു. ആ ജോലി ബുദ്ധിമുട്ടുള്ളതായേ മതിയാവൂ എന്ന് അദ്ദേഹം കരുതി. ബുദ്ധിമുട്ടുള്ളത് മാത്രമേ ഉത്‍കൃഷ്ടമനസ്സുകളെ ആകർഷിക്കുകയുള്ളു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.[3] അസ്തിത്വവാദി, നവ-യാഥാസ്ഥിതികൻ, ഉത്തരാധുനികൻ, മാനവികതാവാദി, വ്യക്തിവാദി (individualist) എന്നിങ്ങനെ പലവിധത്തിൽ പണ്ഡിതന്മാർ കീർ‌ക്കെഗാഡിനെ ചിത്രീകരിക്കാറുണ്ട്. ആധുനികചിന്തയ്ക്കുമേലുള്ള കീർ‌ക്കെഗാഡിന്റെ സ്വാധീനം തത്ത്വചിന്ത, ദൈവശാസ്ത്രം, മനഃശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നു.[4][5][6]

ജീവിതരേഖ

[തിരുത്തുക]

ചെറുപ്പകാലം

[തിരുത്തുക]

ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ ഒരു ധനികകുടുംബത്തിലാണ് കീർ‌ക്കെഗാഡ് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ ആനി സോരൻസ്ദാറ്റർ ലൻഡ് കീർ‌ക്കെഗാഡ്, വിവാഹിതയാവുന്നതിന് മുൻപ് കീർ‌ക്കെഗാഡിന്റെ പിതാവിന്റെ വീട്ടിൽ പരിചാരികയായിരുന്നു. അടക്കവുമൊതുക്കവുമുള്ള, ശാന്തപ്രകൃതിയായിരുന്ന അവർക്ക് ഔപചാരികവിദ്യാഭ്യാസം കിട്ടിയിരുന്നില്ല. കീർ‌ക്കെഗാഡിന്റെ കൃതികളിൽ അവർ പരാമർക്കപ്പെടുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ രചനകളിലെല്ലാം അവരുടെ അദൃശ്യസാന്നിദ്ധ്യം ഉണ്ടെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.[7] കീർ‌ക്കെഗാഡിന്റെ പിതാവ് മൈക്കൽ പെഡേഴ്സൻ കീർ‌ക്കെഗാർഡ് വിഷാദപ്രകൃതിയും ആശങ്കകൾക്ക് അടിപ്പെട്ടവനും ആയിരുന്നെങ്കിലും തീക്ഷ്ണബുദ്ധിയായിരുന്നു. ആദ്യം വലിയ ധനസ്ഥിതിയൊന്നുമില്ലാതിരുന്ന അദ്ദേഹം വസ്ത്രവ്യാപാരത്തിലൂടെ ഉണ്ടാക്കിയ പണം ശ്രദ്ധാപൂർവം നിക്ഷേപിച്ച് സാമ്പത്തികഭദ്രത കൈവരിച്ചു. അടിയുറച്ച ദൈവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യഭാര്യ വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനകം, കുട്ടികളില്ലാതെ മരിച്ചതിനെതുടർന്നാണ് അദ്ദേഹം ആനിയെ വിവാഹം കഴിച്ചത്. അപ്പോൾ അവർ നാലു മാസം ഗർഭിണിയായിരുന്നു. ആ ദമ്പതികളുടെ ഏഴുമക്കളിൽ ഏറ്റവും ഇളയവനായിരുന്നു സോറൻ.

യൗവനത്തിൽ, സാമ്പത്തികഞെരുക്കത്തിന്റെ നാളുകളിൽ ദൈവത്തെ നിന്ദിച്ച് സംസാരിച്ചതും വൈവാഹികബന്ധത്തിലൂടെയല്ലാതെ ആനിയെ ഗർഭവതിയാക്കിയതും ഒക്കെ കീർ‌ക്കെഗാഡിന്റെ പിതാവിനെ പാപബോധത്തിലേക്ക് നയിച്ചു. താൻ ദൈവകോപത്തിന് പാത്രമായിരിക്കുയാൽ തന്റെ കുട്ടികളിലാരും, മരിക്കുമ്പോൾ യേശുവിനുണ്ടായിരുന്ന 33 വയസ്സിനപ്പുറം ജീവിച്ചിരിക്കില്ല എന്ന് അദ്ദേഹം വിശ്വസിച്ചു. ഈ വിശ്വാസം അദ്ദേഹത്തിന്റെ കുട്ടികളിൽ സോറനും മൂത്ത കുട്ടിയായ പീറ്ററും ഒഴിച്ചുള്ളവരുടെ കാര്യത്തിൽ ശരിയായി.[8] പാപം, പിതൃ-പുത്രത്ത്വങ്ങളുമായുള്ള അതിന്റെ ബന്ധം എന്നിവയെക്കുറിച്ച് ചെറുപ്രായത്തിലേ പിതാവിൽ നിന്ന് പകർന്നുകിട്ടിയ ബോദ്ധ്യങ്ങൾ, കീർ‌ക്കെഗാഡിന്റെ, ഭീതിയും വിറയലും (Fear and Trembling) പോലെയുള്ള രചനകളുടെ മുഖ്യ അടിസ്ഥാനമായി. പിതാവ് ഇടക്കിടെ ഒരുതരം മതാത്മകവിഷാദത്തിനടിമയാകുമായിരുന്നെങ്കിലും കീർ‌ക്കെഗാഡ് അദ്ദേഹവുമായി ആത്മബന്ധം പങ്കിട്ടു. പിതാവിനൊപ്പം അഭ്യാസങ്ങളിലും കളികളിലും മറ്റും ചെലവിട്ട അവസരങ്ങൾ മകന് ഭാവനാപര്യവേക്ഷണത്തിലെ പാഠങ്ങളായി.

കീർക്കെഗാഡിന്റെ പിതാവ് മൈക്കൽ പെദേർസൻ കീർക്കെഗാഡ്

കീർ‌ക്കെഗാഡിന് ഇരുപത്തിയൊന്നു വയസ്സു തികയുന്നതിനുമുൻപ്, അമ്മയും സഹോദരിമാരും രണ്ടു സഹോദരന്മാരും മരിച്ചു.[9] 1838 ഓഗസ്റ്റ് 9-ന് എൺപത്തിരണ്ടാമത്തെ വയസ്സിൽ പിതാവ് മരിക്കുമ്പോൾ കീർ‌ക്കെഗാഡിന് 25 വയസ്സായിരുന്നു. മരിക്കുന്നതിനുമുൻപ് അദ്ദേഹം കീർ‌ക്കെഗാഡിനോട് പുരോഹിതവൃത്തി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. പിതാവിന്റെ മതാനുഭവവും ജീവിതവും ഏറെ സ്വാധീനിച്ചിരുന്ന കീർ‌ക്കെഗാഡ് അദ്ദേഹത്തിന്റെ അഭിലാഷം നിറവേറ്റാൻ ആഗ്രഹിച്ചു. പിതാവിന്റെ മരണത്തിന് രണ്ടുദിവസത്തിനുശേഷം കീർ‌ക്കെഗാഡ് തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി:-

പൗരധർമ്മപാഠശാല (School of Civic Virtue) എന്നറിയപ്പെട്ട വിദ്യാലയത്തിലായിരുന്നു കീർ‌ക്കെഗാഡിന്റെ പ്രാരംഭവിദ്യാഭ്യാസം. അവിടെ ലത്തീനിലും ചരിത്രത്തിലും കീർ‌ക്കെഗാഡ് പ്രത്യേകം ശോഭിച്ചു. തുടർന്ന് കോപ്പൻഹേഗൻ സർവകലാശാലയിൽ ദൈവശാസ്ത്രപഠനത്തിനു ചേർന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു. സോക്രട്ടീസിനെ മുൻനിർത്തി നിന്ദാസ്തുതിയെക്കുറിച്ച് ഒരു പഠനം (On the Concept of Irony with Continual Reference to Socrates) എന്ന പേരിൽ അക്കാലത്ത് കീർ‌ക്കെഗാഡ് എഴുതിയ ഗവേഷണപ്രബന്ധം അത് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട സർവകലാശാലാസമിതിക്ക് ഒരസാധാരണ അനുഭവമാണ് നൽകിയത്.[12] എന്നാൽ അതിലെ അനൌപചാരികശൈലിയും നർമ്മവും ഒരു തത്ത്വചിന്താപ്രബന്ധത്തിന് ചേരാത്തതാണെന്ന് അവർക്കു തോന്നി. ഏതായാലും 1841 ഒക്ടോബർ 20-ന് കീർ‌ക്കെഗാഡ്, ഇക്കാലത്തെ പി.എച്ച്.ഡിക്ക് സമാനമായ മജിസ്റ്റർ ആർട്ടിയം ബിരുദം നേടി സർവകാലാശാലാവിദ്യാഭ്യാസം പൂർത്തിയാക്കി. ഗവേഷണപ്രബന്ധം ലത്തീന് പകരം മാതൃഭാഷയിൽ അവതരിപ്പിക്കാൻ കീർ‌ക്കെഗാഡിന് അനുവാദം കിട്ടിയത് രാജാവിനോട് നടത്തിയ പ്രത്യേക അഭ്യർഥനയെ തുടർന്നാണ്.[13] പൈതൃകസ്വത്തായി കിട്ടിയ 31,000 റിഗ്സ്ഡാലർ കീർ‌ക്കെഗാഡിന്റെ വിദ്യാഭ്യാസത്തിനും ജീവിതച്ചെലവിനും പല ആദ്യകാലകൃതികളുടേയും പ്രസിദ്ധീകരണത്തിനും ഉപകരിച്ചു.

റെജീന ഓൾസൺ

[തിരുത്തുക]

കീർ‌ക്കെഗാഡിന്റെ രചനകളെ മൗലികമായി സ്വാധീനിച്ചുവെന്ന് കരുതപ്പെടുന്ന സംഭവമാണ് റെജീന ഓൾസൺ (1822-1904) എന്ന പെൺകുട്ടിയുമായുണ്ടായ വിഫലമായ വിവാഹനിശ്ചയം. 1837 മേയ് 8-ന് ആദ്യമായി കണ്ടുമുട്ടിയതുമുതലേ ഇരുവരും ഇഷ്ടത്തിലായി. തന്റെ ഡയറിയിൽ കീർക്കെഗാഡ് റെജീനയെക്കുറിച്ച് ഇങ്ങനെ എഴുതി:-

റെജീന ഓൾസൺ, കീർ‌ക്കെഗാഡിന്റെ കാമുകി - അദ്ദേഹത്തിന്റെ രചനകളിൽ റെജീനയുടേയും അവർ തമ്മിലുള്ള വിഫലപ്രേമത്തിന്റേയും ഛായ നിറഞ്ഞു നിൽക്കുന്നു.

1840 സെപ്റ്റംബർ 8-ന് കീർ‌ക്കെഗാഡിന്റെ വിവാഹാഭ്യർഥന റെജീന സ്വീകരിച്ചു. എന്നാൽ അതിനടുത്ത ദിവസത്തെ ഡയറിക്കുറിപ്പിൽ അദ്ദേഹം അതേക്കുറിച്ച് പശ്ചാത്തപിക്കുന്നതായി കാണാം. അതുകഴിഞ്ഞ് ഒരു വർഷം തികയും മുമ്പേ അദ്ദേഹം വിവാഹത്തിൽനിന്നു പിന്മാറി.[14] വിഷാദഭാവം വിവാഹത്തിന് തന്നെ അയോഗ്യനാക്കുന്നുവെന്നാണ് അദ്ദേഹം എഴുതിയതെങ്കിലും വിവാഹനിശ്ചയം മാറ്റാനുള്ള യഥാർഥകാരണം വ്യക്തമല്ല. കീർ‌ക്കെഗാഡും റെജീനയും തീവ്രപ്രണയത്തിലായിരുന്നു എന്നും ഈ വികാരം ഉയർന്ന സർക്കാരുദ്യോഗസ്ഥനായ ഫ്രെഡറിക് ഷ്ലീഗലുമായുള്ള (1817-1896)[ഖ]റെജീനയുടെ വിവാഹശേഷവും നിലനിന്നു എന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാലങ്ങളിൽ കോപ്പൻഹേഗനിലെ തെരുവുകളിൽ വെച്ചുള്ള ആകസ്മികമായ കണ്ടുമുട്ടലുകൾ മാത്രമായിരുന്നു അവർ തമ്മിലുണ്ടായിരിന്നത്. റെജീനയുമായി സംസാരിക്കാനനുവദിക്കണമെന്ന് കുറേ വർഷങ്ങൾക്കുശേഷം കീർ‌ക്കെഗാഡ് ഷ്ലീഗലിനോട് അഭ്യർഥിച്ചു. അത് നിരസിക്കപ്പെടുകയാണുണ്ടായത്.

ഏറെ വൈകാതെ റെജീനയുടെ ഭർത്താവിന് പശ്ചിമദ്വീപുകളിലെ ഗവർണറായി നിയമനം കിട്ടിയതോടെ ആ ദമ്പതിമാർ അങ്ങോട്ട് പോയി. അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർ‌ക്കെഗാഡ് മരിച്ചിരുന്നു. റെജീന ഷ്ലീഗൽ 1904 വരെ ജീവിച്ചിരുന്നു. അവരെ സംസ്കരിച്ചിരിക്കുന്നത് കീർക്കെഗാഡിന്റെ അന്ത്യവിശ്രമസ്ഥാനമായ കോപ്പൻഹേഗനിലെ അസിസ്റ്റൻസ് സിമിത്തേരിയിൽ തന്നെയാണ്.[15]

ഒന്നാം രചനാകാലം

[തിരുത്തുക]
കീർ‌ക്കെഗാഡിന്റെ തത്ത്വചിന്താശകലങ്ങൾ (Philosophical Fragments) എന്ന് കൃതിയുടെ കൈയെഴുത്തുപ്രതി.[16]

രാഷ്ട്രീയം, സ്ത്രീകൾ, വിനോദം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചില രചനകൾ കീർ‌ക്കെഗാഡ് നേരത്തേതന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആദ്യത്തെ രചന 1841-ൽ പ്രസിദ്ധീകരിച്ച "സോക്രട്ടീസിനെ മുൻനിർത്തി നിന്ദാസ്തുതിയെക്കുറിച്ച് ഒരു പഠനം" എന്ന ഗവേഷണപ്രബന്ധമായിരുന്നു.[17] 1843-ൽ 'അതോ/ഇതോ' (Either/Or) എന്ന പ്രഖ്യാതമായ മുഖ്യകൃതി വെളിച്ചം കണ്ടു. പാശ്ചാത്യതത്ത്വചിന്താപാരമ്പര്യത്തിലെ രണ്ട് അതികായന്മാരുടെ ചിന്തകളുടെ വിലയിരുത്തലാണ് ആ കൃതികൾ - ആദ്യത്തേതിൽ സോക്രട്ടീസും രണ്ടാമത്തേതിൽ ഹേഗലും പരിശോധിക്കപ്പെടുന്നു. അവ കീർക്കെഗാഡിന്റെ പ്രത്യേകമായ രചനാശൈലിക്കും യുവ എഴുത്തുകാരനെന്ന നിലയിലെ പക്വതക്കും തെളിവായി.


കീർക്കെഗാഡ് അതോ/ഇതോ (Either/Or) മിക്കവാറും എഴുതിയത് ബെർളിനിൽ താമസിക്കുമ്പോഴാണ്. 1842-ലാണ് അത് പൂർത്തിയായത്. ജീവിതത്തിന്റെ സൗന്ദാര്യാത്മകവും സാന്മാർഗ്ഗികവും ആയ വശങ്ങളുടെ ഒരു പഠനമാണ് ആ കൃതി. ഹേഗേലിയൻ തത്ത്വചിന്തയുടെ ഒരു വിമർശനമായും അതിനെ കാണാം. ഇതിൽ പലയിടങ്ങളിലും ഹേഗലിന്റെ നിലപാടുകളുടെ ഹാസ്യാനുകരണങ്ങളുണ്ട്. വായനക്കാരെ അറിവിൽ നിന്ന് അറിവില്ലായ്മയിലേക്ക് നയിക്കാനുദ്ദേശിച്ച മട്ടിലുള്ള തലകുത്തിയ സം‌വാദാത്മകതയാണ് (inverted dialectic) കീർ‌ക്കെഗാഡ് ഇതുപോലുള്ള രചനകളിൽ ഹേഗേലിയനിസത്തിന്റെ വിമർശനത്തിനുപയോഗിച്ചത്. മനുഷ്യയുക്തിയിൽ ഹേഗൽ അർപ്പിച്ച അതിരുകടന്ന വിശ്വാസം, ഹേഗേലിയൻ ചിന്തയുടെ നിർമ്മമമായ വസ്തുനിഷ്ഠത, അതിലെ ശുഭാപ്തിവിശ്വാസം എന്നിവ സുവിശേഷങ്ങളുടെ ചൈതന്യത്തിനു നിരക്കാത്തതാണെന്ന് കീർക്കെഗാഡ് കരുതി. ഹേഗലിന്റെ ആശയവാദം ജീവിതസമരത്തിൽ പക്ഷംചേരാത്ത കാഴ്ചക്കാരന്റേതാണ്. ഹേഗലിനെപ്പോലുള്ള ആശയവാദികൾ സുവിശേഷങ്ങളെ സിദ്ധാന്തങ്ങളാക്കി മാറ്റുകയും സ്രഷ്ടാവിനും സൃഷ്ടിക്കും ഇടയിലുള്ള അഗാധഗർത്തത്തെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. അത്തരക്കാർക്ക് യേശുവിന്റെ മനുഷ്യാവതാരം ഒരനാവശ്യവും അവന്റെ കുരിശ് മാനക്കേടുമാണ്.[18]

ഹേഗേലിയനിസത്തെ വിമർശിച്ചെങ്കിലും കീർ‌ക്കെഗാഡ് ഹേഗലിനെ ഏറെ ബഹുമാനിച്ചിരുന്നു. ഹേഗലിന്റെ ചിന്തയുടെ മാനം മുട്ടുന്ന അവകാശവാദങ്ങളേയും വാഗ്ദാനങ്ങളെയാണ് കീർ‌ക്കെഗാഡ് എതിർത്തത്. തന്റെ തത്ത്വചിന്താവ്യവസ്ഥയെ ഒരു ചിന്താപരീക്ഷണമായി (Thought Experiment) മാത്രം കണ്ടിരുന്നെങ്കിൽ ഹേഗൽ എക്കാലത്തെയും ഏറ്റവും വലിയ ചിന്തകരിൽ ഒരാൾ ആകുമായിരുന്നു എന്ന് കീർ‌ക്കെഗാഡ് കരുതി. അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി. സം‌വാദാത്മകതയുടെ വഴി പിന്തുടർന്ന് ദൈവത്തിന്റെ മനസ്സ് കണ്ടെത്താൻ ശ്രമിക്കുന്നത് സ്വർഗ്ഗത്തിലേക്കുള്ള ഗോവണി (scala paradisi) പണിയാൻ ശ്രമിക്കുന്നതുപോലെയാണെന്ന് കീർ‌ക്കെഗാഡ് കരുതി.[19]

കീർക്കെഗാഡിന്റെ രചനകളിൽ ഏറെ വിമർശിക്കപ്പെട്ട ജർമ്മൻ ആശയവാദചിന്തകൻ ഹേഗൽ

'അതോ/ഇതോ' പ്രസിദ്ധീകരിച്ച വർഷം തന്നെ ജൊഹാൻ ഫ്രെഡറിക് ഷ്ലീഗലുമായി റെജീനയുടെ വിവാഹനിശ്ചയം നടന്നിരിക്കുന്നുവെന്ന് കീർ‌ക്കെഗാഡ് അറിഞ്ഞു. ഈ അറിവ് കീർ‌ക്കെഗാഡിനേയും അദ്ദേഹത്തിന്റെ പിൽക്കാലരചനകളേയും സാരമായി ബാധിച്ചു. 1843 അവസാനം പ്രസിദ്ധീകരിച്ച "ഭയവും വിറയലും" എന്ന കൃതിയിലെ ഒരു ഭാഗം, ദൈവികമായ ഇടപെടൽ മൂലം റെജീനയെ തനിക്ക് തിരികെ കിട്ടുമെന്ന് കീർ‌ക്കെഗാഡ് പ്രതീക്ഷിരുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കാം.[20] "ഭയവും വിറയലും" പ്രസിദ്ധീകരിച്ച അതേ ദിവസം തന്നെ പ്രസിദ്ധീകൃതമായ 'ആവർത്തനം' (Repetition) പ്രേമഭാജനത്തെ വിട്ടുപോകുന്ന ഒരു യുവാവിനെക്കുറിച്ചാണ്. ഇതുപോലെ തന്നെ അക്കാലത്തെ മറ്റു പല കൃതികളിലും കീർ‌ക്കെഗാഡ്-റെജീന ബന്ധത്തിന്റെ മുഴക്കമുണ്ട്.

ദൈവകല്പനയനുസരിച്ച് സ്വന്തം പുത്രൻ ഇസഹാക്കിനെ ബലിയർപ്പിക്കാനൊരുങ്ങിയ പഴയനിയമത്തിലെ അബ്രാഹമിന്റെ കഥയുടെ അതീവനൂതനവും, പ്രകോപനപരവുമായ ഒരു വ്യാഖ്യാനമാണ് ഭയവും വിറയലും (Fear and Trembling). പുതിയനിയമത്തിലുള്ള ഫിലിപ്പിയർക്കെഴുതിയ പൗലോസിന്റെ ലേഖനത്തിലെ "ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷക്കായുള്ള പ്രയത്നം തുടരുക"(ഫിലിപ്പിയർ 2;12) എന്ന ആഹ്വാനമാണ് ഗ്രന്ഥനാമത്തിനടിസ്ഥാനം. ക്രിസ്തുമതവിശ്വാസം യുക്തിസിദ്ധമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാവുക വയ്യെന്ന് കീർക്കെഗാർഡ് വിശ്വസിച്ചു.[21] വിശ്വാസത്തിന്റെ അടിസ്ഥാനം പരിഹാസ്യമായതിലുള്ള ശരണമാണ് (Faith in the Absurd). പരിഹാസ്യമായത് യുക്തിയെത്തെന്നെ വെല്ലുവിളിക്കുന്നതാണ്. അബ്രാഹമിന്റെ കാര്യത്തിൽ പരിഹാസ്യമായതിലുള്ള ശരണം തന്റെ ഏകപുത്രനെ താൻ വധിച്ചാലും തിരികെകിട്ടുമെന്നുള്ള വിശ്വാസമാണ്. ഈ വിശ്വാസമാണ് അബ്രാഹമിനെ കൊലയാളിയല്ലാതാക്കുന്നത്.[22]

അക്കാലത്തെഴുതിയ മറ്റു പ്രധാനകൃതികൾ ശ്രദ്ധവക്കുന്നത് ഹേഗേലിയൻ തത്ത്വചിന്തയുടെ വിമർശനത്തിലാണ്. അവയാണ് പിന്നീട് അസ്തിത്വവാദമനശാസ്ത്രത്തിന് അടിസ്ഥാനമായത്. "തത്ത്വചിന്താശകലങ്ങൾ", "ഭീതി എന്ന സങ്കല്പം", "ജീവിതവീഥിയിലെ ഘട്ടങ്ങൾ" തുടങ്ങിയ രചനകളിൽ, മനുഷ്യൻ ജീവിതത്തിൽ നേരിടുന്ന ചിന്താ-വികാരങ്ങൾ, അസ്തിത്വസംബന്ധിയായ തെരഞ്ഞെടുപ്പുകളും അവയുടെ പ്രത്യാഘാതങ്ങളും, മതത്തെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, ജീവിതത്തിന്റെ ആശ്രയമാക്കുന്നതിന്റെ അഭിലക്ഷണീയത എന്നീ വിഷയങ്ങളാണ് പരിണിക്കപ്പെടുന്നത്. ഒരുപക്ഷേ ഹേഗേലിയനിസത്തിനുനേരേയുള്ള ഏറ്റവും ധീരമായ ആക്രമണം "തത്ത്വചിന്താശകലങ്ങളിലെ അശാസ്ത്രീയമായ ഉപസംഹാര-അടിക്കുറിപ്പ്" (Concluding Unscientific Postscript to Philosophical Fragments) ആണ്. വ്യക്തിയുടെ പ്രാധാന്യം, സത്യത്തിന്റെ വ്യക്തിനിഷ്ഠത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ രചന "യുക്തിഭദ്രമായത് യഥാർഥവും യഥാർഥമായത് യുക്തിഭദ്രവും" (The Rational is the Real and the Real is the Rational) എന്ന ഹേഗേലിയൻ നിലപാടിന്റെ തിരസ്കാരം കൂടിയാണ്.[23]

രചനയുടെ ഈ ഒന്നാം ഘട്ടത്തിലെ സൃഷ്ടികൾ മിക്കവയും തത്ത്വചിന്താസ്വഭാവമുള്ളവയും, കള്ളപ്പേരുളിൽ വ്യത്യസ്തവീക്ഷണകോണുകളേയും ജീവിതരീതികളേയും പ്രതിഫലിപ്പിച്ച് എഴുതിയവയും ആണ്. എന്നാൽ കള്ളപ്പേരുകളിലെഴുതിയ ഈ തത്ത്വചിന്താ രചനകൾ ഓരോന്നിനുമൊപ്പം കീർ‌ക്കെഗാഡ് സ്വന്തംപേരിൽ രണ്ടോമൂന്നോ ദൈവശാസ്ത്രപ്രഭാഷണങ്ങളും എഴുതി.[24] ഈ പ്രഭാഷണങ്ങൾ എഴുതിയത്, കള്ളപ്പേരിലെഴുതിയ കൃതികളിലെ തത്ത്വചിന്താസമസ്യകളിൽ വ്യക്തത കൊണ്ടുവരാനും, അവയുടെ ദൈവശാസ്ത്രവശം ചർച്ച ചെയ്യാനും, വായനക്കാരെ പൊതുവേ പ്രബുദ്ധരാക്കാനും വേണ്ടിയാണ്.[25]

കോർസെയർ വിവാദം

[തിരുത്തുക]
കോർസെയർ പ്രസിദ്ധീകരിച്ച കീർ‌ക്കെഗാഡിന്റെ ഒരു കുസൃതിച്ചിത്രം

1845 ഡിസംബർ 22-ന് പീഡർ ലുഡ്‌വിജ് മോളർ എന്നൊരാൾ കീർ‌ക്കെഗാഡിന്റെ "ജീവിതവീഥിയിലെ ഘട്ടങ്ങൾ" എന്ന രചനയെ വിമർശിച്ച് ഒരു ലേഖനം എഴുതി. മോളർ, ശ്രദ്ധേയരായ വ്യക്തികളെ പരിഹസിച്ചെഴുതുന്നതിൽനു പ്രസിദ്ധമായ കോർസെയർ എന്ന ഹാസ്യപത്രികയിലും എഴുതാറുണ്ടായിരുന്നു. അതേവരെ കോർസെയർ കീർ‌ക്കെഗാഡിനെ വെറുതേവിട്ടിരുന്നു. മോളറുടെ വിമർശനം പുറത്തിറങ്ങിയ ഉടനെ കീർ‌ക്കെഗാഡ് പ്രതികരിച്ചു. "ഒരു നാടോടി സൗന്ദര്യശാസ്ത്രജ്ഞന്റെ ചെയ്തി", "സാഹിത്യത്തിലെ പോലീസ്‌മുറയുടെ സം‌വാദാത്മകപരിണാമം" എന്നീ ലേഖനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യത്തെ ലേഖനം മോളറെ വ്യക്തിപരമായി ആക്രമിക്കുകയും അയാളുടെ വിമർശനത്തിന് മറുപടിപറയുകയും ചെയ്തെങ്കിൽ രണ്ടാമത്തേത് കോർസെയറിന്റെമേലുള്ള ഒരു തുറന്ന ആക്രമണമായിരുന്നു. തന്നെ പരിഹസിക്കാൻ കൊർസെയറിനെ അതിൽ കീർ‌ക്കെഗാഡ് വെല്ലുവിളിച്ചു.

തന്റെ രചനയെ പിന്തുണക്കുകയും, മോളറെ പരിഹസിക്കുകയും, കോർസെയറിനെ ഒന്നു കൊട്ടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ആ പ്രതികരണം കോർസെയറിന്റെ പത്രാധിപരായിരുന്ന മെയർ അഹറോൺ ഗോൾഡ്ഷ്മിഡ്റ്റിനെ കോപിഷ്ടനാക്കി. തുടർന്നുവന്ന മാസങ്ങളിൽ കോർസെയർ, തന്നെ പരിഹസിക്കാനുള്ള കീർ‌ക്കെഗാഡിന്റെ അഭ്യർഥനയെ കാര്യമായിത്തന്നെയെടുത്തു. പത്രം കീർ‌ക്കെഗാഡിനെതിരെ ആക്രമണത്തിന്റെ ഒരു പരമ്പര അഴിച്ചുവിട്ടു. കീർ‌ക്കെഗാഡിന്റെ രൂപവും ശബ്ദവും രീതികളുമെല്ലാം ആക്രമിക്കപ്പെട്ടു. ഡെന്മാർക്കിലെ തെരുവുകളിൽ അദ്ദേഹം മാസങ്ങളോളം ആക്രമിക്കപ്പെട്ടു.[27] 1846-ലെ ഒരു ഡയറിക്കുറിപ്പിൽ കീർ‌ക്കെഗാഡ്, മോളറിനും കോർസെയറിനും എതിരായുള്ള തന്റെ ആക്രമണത്തിന് ദീർഘമായ ഒരു വിശദീകരണം നൽകി. തനിക്കെതിരേയുള്ള ആക്രമണം കള്ളപ്പേരുകൾ ഉപയോഗിച്ചുള്ള "പരോക്ഷരചനയുടെ വഴി" (indirect authorship) ഉപേക്ഷിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും ആ കുറിപ്പിൽ പറയുന്നു.

രണ്ടാം രചനാകാലം

[തിരുത്തുക]
കീർ‌ക്കെഗാഡിന്റെ മാരണരോഗം എന്ന കൃതിയുടെ കൈയെഴുത്തുപ്രതി.[16]

കീർ‌ക്കെഗാഡ് ആദ്യരചനാകാലത്ത് കൂടുതൽ ശ്രദ്ധവച്ചത് ഹേഗേലിയൻ ചിന്തകളുടെ വിമർശനത്തിലായിരുന്നെങ്കിൽ രണ്ടാം കാലത്തെ രചനകളിൽ മുന്നിട്ട് നിന്നത് ക്രൈസ്തവസഭകളുടെ കാപട്യങ്ങളുടെ വിമർശനമായിരുന്നു. ക്രൈസ്തവസഭകൾ എന്നതുകൊണ്ട് കീർ‌ക്കെഗാഡ് ഉദ്ദേശിച്ചത് ക്രിസ്തുമതമെന്നല്ല. വ്യവസ്ഥാപിതസഭയുമായും താൻ ജീവിച്ച സമൂഹം പരിശീലിച്ചിരുന്ന മതവുമായും ആയിരുന്നു അദ്ദേഹത്തിന്റെ കലഹം. കോർസെയർ സംഭവത്തിനുശേഷം കീർക്കെഗാഡ് "പൊതുജനത്തിലും" അതുമായുള്ള വ്യക്തിയുടെ ഇടപെടലുകളിലും തല്പരനായി. ഈ സമയത്തെ അദ്ദേഹത്തിന്റെ ആദ്യരചന "രണ്ടുയുഗങ്ങൾ - ഒരു സാഹിത്യ നിരൂപണം" എന്ന ലേഖനമായിരുന്നു. രണ്ടുയുഗങ്ങൾ എന്ന പേരിൽ തോമാസിൻ ക്രിസ്റ്റൈൻ ഗില്ലെംബർഗ്ഗ് എഹ്രൻസ്വാർഡ് എഴുതിയ നോവലിന്റെ വിമർശനമായിരുന്നു അത്. നോവലിന്റെ കഥയുടെ വിമർശനത്തിനുശേഷം കീർ‌ക്കെഗാഡ് ആധുനിക യുഗത്തെക്കുറിച്ച് ഉൾക്കാഴ്ചനിറഞ്ഞ പല നിരീക്ഷണങ്ങളും നടത്തി. ആധുനികതയെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു പ്രധാന പരാതി അതിന്റെ പ്രതിബദ്ധതയില്ലായ്മ (passionless attitude) ആയിരുന്നു. "ഈ യുഗം അടിസ്ഥാനപരമായി, പ്രതിബദ്ധതയില്ലാത്തതും ബുദ്ധിയുള്ളതുമായ യുഗമാണ്; ഇപ്പോഴത്തെ പോക്ക്, ഗണിതശാസ്ത്രപരമായ തുല്യതയിലേക്കാണ്; എല്ലാ വിഭാഗങ്ങളിലും ഇത്രയിത്ര വ്യക്തികൾ ഒത്തുചേർന്നാൽ ഒരു വ്യക്തിയാകും എന്ന അവസ്ഥയാണ് അത്" എന്നദ്ദേഹം പറഞ്ഞു. ഇവിടെ കീർ‌ക്കെഗാഡ് വിമർശിച്ചത് വ്യക്തികളെ പ്രതികരണശേഷിയില്ലാത്ത ആൾക്കൂട്ടമായി ഉരുക്കിച്ചേർക്കാനുള്ള പ്രവണതയെയാണ്.[28] "ആൾക്കൂട്ടത്തെ" വിമർശിച്ച കീർ‌ക്കെഗാഡ് വ്യക്തികൾ തങ്ങളുടെ വ്യതിരിക്തത നിലനിർത്തുന്ന സമൂഹങ്ങളെ പിന്തുണച്ചു.

ഇക്കാലത്തെ മറ്റുപലരചനകളിലും കീർ‌ക്കെഗാഡ് ചൂണ്ടിക്കാട്ടിയത് വ്യക്തിയുടെ അതുല്യതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടത്തിന്റെ ഉപരിപ്ലവതയെ ആണ്. "അഡ്‌ലറെക്കുറിച്ചുള്ള പുസ്തകം" എന്ന ഗ്രന്ഥം, തനിക്ക് മതദൂഷണപരമായ ഒരു ദൈവികവെളിപാട് ഉണ്ടായെന്നവകാശപ്പെട്ടതിനെതുടർന്ന് പൗരോഹിത്യത്തിൽ നിന്നും സഭയിൽ നിന്നും പുറത്താക്കപ്പെട്ട അഡോൾഫ് അഡ്‌ലർ എന്ന പുരോഹിതനെക്കുറിച്ചാണ്. ഇത്തരത്തിലുള്ള സാമൂഹ്യബഹിഷ്കരണാനുഭവം കീർക്കെഗാഡിനും ഉണ്ടായിട്ടുണ്ടെന്ന് വാൾട്ടർ ലൗറി അഭിപ്രായപ്പെട്ടിട്ടുണ്ട്.[29]

ആൾക്കൂട്ടത്തെ വിശകലനം ചെയ്യുന്നതിനിടയിൽ കീർ‌ക്കെഗാഡിന് ക്രൈസ്തവസഭയുടെ, പ്രത്യേകിച്ച് ഡെന്മാർക്കിലെ ഔദ്യോഗിക സഭയുടെ ജീർണ്ണതയും അപചയവും ബോദ്ധ്യമായി. ക്രൈസ്തവസഭകൾ ക്രിസ്തീയവിശ്വാസത്തിൽനിന്ന് വഴിതെറ്റിപ്പോയെന്ന് കീർ‌ക്കെഗാഡ് കരുതി. ക്രിസ്ത്യാനിയായിരിക്കുന്നതിനെ എളുപ്പമാക്കാനാണ് അവ ശ്രമിക്കുന്നത്. "സംസ്കൃതവും മാന്യവുമായ ക്രിസ്തീയത", ക്രൈസ്തവജീവിതത്തെ ദൈവതിരുമുൻപിൽ അരങ്ങേറുന്ന സാഹസികയാത്രയെന്നതിന് പകരം കേവലം സദാചാരവ്യവസ്ഥയും തത്ത്വസംഹിതയുമാക്കി മാറ്റിയെന്ന് അദ്ദേഹം വിമർശിച്ചു. ക്രിസ്തീയതയെ ബുദ്ധിമുട്ടുള്ളതാക്കുകയാണ് തന്റെ ദൗത്യമെന്ന് കീർക്കെഗാഡ് വിശ്വസിച്ചു.[30] സമകാലീന ക്രൈസ്തവസഭകളുടെ പല വിമർശനങ്ങളും അദ്ദേഹം അക്കാലത്ത് എഴുതി. 'ക്രൈസ്തവപ്രഭാഷണങ്ങൾ', 'സ്നേഹപ്രവർത്തികൾ' തുടങ്ങിയവ അവയിൽ പെടുന്നു.

അക്കാലത്തെ കീർ‌ക്കെഗാഡിന്റെ കൃതികളിൽ ഏറെ പ്രചാരമുള്ള ഒന്നാണ് 'മാരണരോഗം'. വിശ്വാസമാണ് പ്രശ്നപരിഹാരമെന്ന ആ കൃതിയുടെ നിലപാടിനെ ഇന്നത്തെ സൗന്ദര്യചിന്തകന്മാരും മനഃശ്ശാസ്ത്രജ്ഞന്മാരും തള്ളിക്കളയുമെങ്കിലും ആധുനികമനുഷ്യന്റെ നിരാശയുടെ സ്വഭാവത്തെക്കുറിച്ചുള്ള കീർ‌ക്കെഗാഡിന്റെ വിവരണം ആ വിഷയത്തിലെ ഏറ്റവും നല്ല പഠനങ്ങളിൽ ഒന്നാണ്. മാർട്ടിൻ ഹൈഡഗറിന്റെ അസ്തിത്വസംബന്ധിയായ കുറ്റബോധം(existential guilt), സാർത്രിന്റെ മോശം വിശ്വാസം (bad faith) തുടങ്ങി, പിൽക്കാല തത്ത്വചിന്തയിലെ പല ആശയങ്ങളും അതിനെ അനുകരിക്കുകയായിരുന്നു. 1848-നോടടുത്ത് കീർ‌ക്കെഗാഡ്, യഥാർഥ ക്രൈസ്തവതയെ വിശദീകരിക്കാൻ ശ്രമിച്ച "ക്രൈസ്തവസഭയുടെ വഴികൾ", "സ്വയം പരിശോധനക്ക്", "നിങ്ങൾതന്നെ വിധിക്കുക" എന്നീ കൃതികളിലൂടെ ഡെന്മാർക്കിലെ ഔദ്യോഗിക സഭക്കെതിരെ നിശിതമായ രചനാസമരം തുടങ്ങി.[31]

ക്രൈസ്തവസഭകൾക്കെതിരെ

[തിരുത്തുക]
കോപ്പൻഹേഗനിലെ അസിസ്റ്റെൻസ് കീർ‌ക്കെഗാഡിലുള്ള കീർ‌ക്കെഗാഡിന്റെ ശവകുടീരം

അവസാന വർഷങ്ങളിൽ കീർ‌ക്കെഗാഡ്, 'പിതൃഭൂമി' പത്രത്തിലെഴുതിയ ലേഖനങ്ങളും 'കണ്ണുചിമ്മൽ' എന്നപേരിൽ സ്വയം പ്രസിദ്ധീകരിച്ച ഒരു പരമ്പര ലഘുലേഖകളും വഴി ഡെന്മാർക്കിലെ ഔദ്യോഗിക ക്രൈസ്തവസഭയെ നിരന്തരം ആക്രമിച്ചു. ഈ ആക്രമണത്തിന്റെ തുടക്കത്തിന് പ്രേരണയായത്, ആയിടെ മരിച്ച മെത്രാൻ ജെക്കബ് മിൻസ്റ്ററെ അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമിതനായ പ്രൊഫസർ ഹാൻസ് ലാസ്സൻ മാർട്ടെൻസൻ, "സത്യത്തിനുസാക്ഷി, സത്യത്തിന്റെ ഉറപ്പായ സാക്ഷികളിലൊരാൾ" എന്ന് ഒരു പള്ളിപ്രസംഗത്തിൽ വിശേഷിപ്പിച്ചതാണ്.[32]

മിൻസ്റ്ററെ ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സങ്കല്പത്തിലെ ക്രിസ്തുമതം ദൈവികവഴിക്കുപകരം മനുഷ്യതാത്പര്യങ്ങളുടെ വഴിയാണ് പിന്തുടരുന്നതെന്നും മിൻസ്റ്ററുടെ ജീവിതം ഒരുതരത്തിലും സത്യത്തിനു സാക്ഷ്യം വഹിക്കുന്ന ഒരാളുടേതുമായി താരതമ്യം ചെയ്യാവുന്നതല്ലെന്നും കീർ‌ക്കെഗാഡ് കരുതി. 'കണ്ണുചിമ്മലിന്റെ' പത്താം ലക്കം പ്രസിദ്ധീകരിക്കാനാകുന്നതിനു മുൻപ്, കീർ‌ക്കെഗാഡ് വഴിയിൽ തളർന്നു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഒരുമാസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ കീർ‌ക്കെഗാഡ് ഒരു പുരോഹിതനിൽ നിന്ന് കുർബ്ബാന സ്വീകരിക്കാൻ വിസമ്മതിച്ചു. ഔദ്യോഗികസഭയുടെ പുരോഹിതൻ ദൈവികദാസനല്ല, ഉദ്യോഗസ്ഥനാണ് എന്നാണ് കീർ‌ക്കെഗാഡ്, ഒരു പുരോഹിതനും കുട്ടിക്കാലം മുതൽക്കേയുള്ള സുഹൃത്തും ആയിരുന്ന എമിൽ ബോസണോട് പറഞ്ഞത്. ആർക്കും അറിഞ്ഞുകൂടാത്ത വേദനയുടെ ജീവിതമായിരുന്നു തന്റേതെന്നും അത് അഹങ്കാരം നിറഞ്ഞതാണെന്ന് മറ്റുള്ളവർക്ക് തോന്നിയിരിക്കാമെങ്കിലും അങ്ങനെയായിരുന്നില്ലെന്നും താനുമായുള്ള സംഭാഷണങ്ങൾ രേഖപ്പെടുത്തിവച്ച ബോസണോട് കീർ‌ക്കെഗാഡ് പറഞ്ഞു.[33]

ഫ്രീഡ്രിച്ച് ആശുപത്രിയിൽ ഒരു മാസത്തിലേറെ കഴിഞ്ഞതിനുശേഷം കീർ‌ക്കെഗാഡ് മരിച്ചു. കുട്ടിക്കാലത്ത് ഒരു മരത്തിൽനിന്നു വീണതിന്റെ ഫലമായുണ്ടായ പരിക്കുകളാകാം മരണകാരണം എന്ന് പറയപ്പെടുന്നു. കോപ്പൻഹേഗന്റെ നോറെബ്രോ ഭാഗത്തുള്ള അസിസ്റ്റെൻസ് കീർ‌ക്കെഗാഡിലാണ് കീർ‌ക്കെഗാഡിനെ സംസ്കരിച്ചത്. ജീവിച്ചിരുന്നപ്പോൾ ഔദ്യോഗികസഭയിൽ നിന്ന് വിട്ടുപോവുകയും അതിനെ തള്ളിപ്പറയുകയും ചെയ്ത കീർ‌ക്കെഗാഡിന്റെ സംസ്കാരം ആ സഭ നടത്തുന്നത് ശരിയല്ല എന്ന് പ്രതിക്ഷേധിച്ച കീർ‌ക്കെഗാഡിന്റെ അനന്തരവൻ ഹെന്റിക് ലൻഡ് സംസ്കാരച്ചടങ്ങിൽ ബഹളമുണ്ടാക്കി.[34] ലൻഡിനെ പിന്നീട് ഇതിന്റെ പേരിൽ പിഴയിട്ടു.

"ഞാൻ ആകെ ശ്രദ്ധിച്ചത് ഏതാണ്ട് ഒരു കോമാളിയുടെ മട്ടുതോന്നിക്കുന്ന കീർ‌ക്കെഗാഡിന്റെ രൂപമാണ്. അപ്പോൾ അദ്ദേഹത്തിന് 23 വയസ്സുണ്ടായിരുന്നു. മൊത്തം രൂപത്തിലും പ്രത്യേകിച്ച് തലമുടിയിലും വിചിത്രമായ എന്തോ ഉണ്ടായിരുന്നു. ഏതാണ്ട് ആറിഞ്ചോളം നെറ്റിയിൽ നിന്ന് ഉയർന്നുനിന്ന മുടി കീർ‌ക്കെഗാഡിന് വിചിത്രവും അമ്പരന്നിരിക്കുന്നതുപോലെയുള്ള ഒരു ഭാവം നൽകി." - 1836-ൽ, സഹോദരൻ പീറ്റർ കീർ‌ക്കെഗാഡിന്റെ വിവാഹസദ്യയിൽ സോറൻ കീർ‌ക്കെഗാഡിനെ കണ്ടത് അനുസ്മരിച്ച് ഹാൻസ് ബ്രോക്ക്‌നെർ പറഞ്ഞത്.[35] ചിത്രീകരണം: സോറൻ കീർ‌ക്കെഗാഡ് കാപ്പിക്കടയിൽ ക്രിസ്റ്റ്യൻ ഒലാവിയസ് 1843-ൽ എണ്ണയിൽ രചിച്ചത്

തത്ത്വചിന്തകൻ, ദൈവശാസ്ത്രജ്ഞൻ[36], അസ്തിത്വവാദത്തിന്റെ പ്രണേതാവ്[37], സാഹിത്യനിരൂപകൻ[28], ഹാസ്യകാരൻ[38], മനോവിജ്ഞാനി[39], കവി[40] എന്നൊക്കെ കീർ‌ക്കെഗാഡിനെ വിശേഷിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ രണ്ട് ആശയങ്ങൾ വ്യക്തിനിഷ്ഠത[41] വിശ്വാസത്തിന്റെ കുതിപ്പ് എന്നും അറിയപ്പെടുന്ന വിശ്വാസത്തിലേക്കുള്ള കുതിപ്പ് എന്നിവയാണ്.[1][42]

"വിശ്വാസത്തിന്റെ കുതിപ്പ്" ഒരാൾ എങ്ങനെ ദൈവത്തിൽ വിശ്വസിക്കും അല്ലെങ്കിൽ പ്രേമത്തോട് പ്രതികരിക്കും എന്നതിനക്കുറിച്ചുള്ള കീർ‌ക്കെഗാഡിന്റെ സങ്കല്പമാണ്. യുക്തിക്ക് അഗ്രാഹ്യമായ ഗൂഢതകലർന്ന ഈദൃശവിഷയങ്ങളിലെ തീരുമാനങ്ങൾക്കടിസ്ഥനം യുക്തിയല്ല, വിശ്വാസമാണ്. അതിനാൽ വിശ്വാസമുണ്ടായിരിക്കുകയെന്നാൽ സംശയം ഉണ്ടായിരിക്കുക എന്നുകൂടി അർത്ഥമുണ്ടെന്ന് കീർ‌ക്കെഗാഡ് കരുതി. ഒരാൾക്ക് യഥാർഥമായ ദൈവവിശ്വാസമുണ്ടെങ്കിൽ ദൈവമുണ്ടോ എന്നതിൽ സംശയവും ഉണ്ടാകും. സംശയം വിശ്വാസിയുടെ ചിന്തയുടെ യുക്തിവശമാണ്, അതില്ലാത്ത വിശ്വാസം പൊള്ളയായിരിക്കും. വിശ്വാസത്തിന്റെ അടിസ്ഥാനഘടകമാണ് സംശയം, അതിന്റെ ആധാരങ്ങളിലൊന്ന്. ഒരിക്കലും സംശയം അനുഭവപ്പെടാത്തതരം വിശ്വാസം വിലയില്ലാത്തതാണ്. ഉദാഹരണത്തിന് ഒരു മേശയിൽ നോക്കി അതിനെ സ്പർശിച്ചുനിൽക്കുന്ന ഒരാൾക്ക് ആ മേശ ഉണ്ടെന്നറിയാൻ വിശ്വാസം ആവശ്യമില്ല. ദൈവത്തിൽ വിശ്വസിക്കുകയെന്നോ, ദൈവാസ്തിത്വം ബോദ്ധ്യമായിരിക്കുകയെന്നോ പറഞ്ഞാൽ ദൈവത്തെ അറിയാൻ ഉറപ്പായ വഴിയൊന്നുമില്ലെന്ന് അറിഞ്ഞ് ദൈവത്തിൽ വിശ്വാസം വച്ചുപുലർത്തുകയെന്നാണ്.[43]

വ്യക്തിയുടെ സ്വയംബോധത്തിനും (self) കീർ‌ക്കെഗാഡ് വലിയ പ്രാധാന്യം കല്പിച്ചു. വ്യക്തി ലോകവുമായി ബന്ധപ്പെടുമ്പോൾ അടിസ്ഥാനമായി നിൽക്കുന്നത് അയാളുടെ ആത്മനിരീക്ഷണവും ആത്മപരിശോധനയുമാണ്. "തത്ത്വചിന്താശകലങ്ങളിലെ അശാസ്ത്രീയമായ ഉപസംഹാര-അടിക്കുറിപ്പിൽ "വ്യക്തിനിഷ്ഠത സത്യവും സത്യം വ്യക്തിനിഷ്ഠവും" ആണെന്ന് കീർ‌ക്കെഗാഡ് എഴുതി. വസ്തുനിഷ്ഠമായ സത്യവും വസ്തുനിഷ്ഠസത്യത്തോട് ഒരാൾ വ്യക്തിനിഷ്ഠമായി ബന്ധപ്പെടുന്ന രീതിയും തമ്മിലുള്ള വ്യത്യാസമാണ് ഇതിനുകാരണം. ഒരാളുടെ നിലപാട് പ്രതിബദ്ധതയുടേതോ നിസ്സംഗതയുടേതോ ആകാം. ഒരേ കാര്യത്തിൽ തന്നെ വിശ്വസിക്കുന്ന രണ്ടുപേർ അതിനോട് പ്രതികരിക്കുന്നത് ഒരേവിധത്തിലാകണമെന്നില്ല. ഉദാഹരണത്തിന്, തങ്ങൾക്ക് ചുറ്റുമുള്ളവരിൽ പലരും ദരിദ്രരും സഹായം ആവശ്യമുള്ളവരുമാണെന്ന് രണ്ടുപേർ വിശ്വസിച്ചാലും അവരിൽ ഒരാൾ മാത്രമേ ആവശ്യമുള്ള ആ സഹായം നൽകാൻ തയ്യാറുള്ളു എന്നു വരാം.

വ്യക്തിനിഷ്ഠതയുടെ കാര്യം കീർ‌ക്കെഗാഡ് പ്രധാനമായും ചർച്ചചെയ്യുന്നത് മതത്തിന്റെ പശ്ചാത്തലത്തിലാണ്. സംശയം വിശ്വാസത്തിന്റെ അടിസ്ഥാനഘടകമാണെന്നും അതിനാൽ ദൈവാസ്തിത്വം, യേശുവിന്റെ ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട മതസിദ്ധാന്തങ്ങളുടെ കാര്യത്തിൽ വസ്തുനിഷ്ഠമായ ഉറപ്പ് അസാദ്ധ്യമാണെന്നും കീർ‌ക്കെഗാഡ് കരുതി. പരമാവധി സാദ്ധ്യമായ ഉറപ്പ്, ക്രൈസ്തവസിദ്ധാന്തങ്ങൾ സത്യമായിരിക്കാനും സാധ്യതയുണ്ട് എന്നതാണ്. എന്നാൽ മതസിദ്ധാന്തങ്ങളെ അവ സത്യമായിരിക്കാൻ സാധ്യതയുള്ള അനുപാതത്തിൽ മാത്രം വിശ്വസിക്കുന്നവന്റെ നിലപാട് യഥാർഥ മതാത്മകതയിൽ നിന്ന് അകലെയാണ്. വിശ്വാസപ്രമാണങ്ങളോടുള്ള പരിപൂർണ്ണപ്രതിബദ്ധതയുമായുള്ള വ്യക്തിനിഷ്ഠബന്ധമാണ് വിശ്വാസത്തിന്റെ ഉള്ളടക്കം.[44]

പരോക്ഷരചന

[തിരുത്തുക]

കീർ‌ക്കെഗാഡിന്റെ രചനകളിൽ പകുതിയും വ്യത്യസ്തവീക്ഷണകോണുകളെ പ്രതിനിധാനം ചെയ്യുന്ന കപടനാമങ്ങളിൽ എഴുതപ്പെട്ടവയാണ്. പരോക്ഷമായ ആശയവിനിമയം എന്ന കീർ‌ക്കെഗാഡിന്റെ സിദ്ധാന്തത്തിന്റെ ഭാഗമായിരുന്നു ഇത്. കീർ‌ക്കെഗാഡ് ഇങ്ങനെ എഴുതിയത്, തന്റെ രചനാസമുച്ചയം, കൃത്യമായ ഘടനയുള്ള ഒരു തത്ത്വചിന്താവ്യവസ്ഥയായി പരിഗണിക്കപ്പെടുന്നത് ഒഴിവാക്കാനാണെന്ന്, രചനകളിലേയും ഡയറിയിലേയും പല ഭാഗങ്ങളിലും കീർ‌ക്കെഗാഡ് പറയുന്നുണ്ട്. "ഒരെഴുത്തുകാരൻ എന്ന നിലയിലെ എന്റെ സൃഷ്ടികളിലെ വീക്ഷണഗതി" എന്ന രചനയിൽ കീർ‌ക്കെഗാഡ് ഇങ്ങനെ എഴുതി.

രചനകളിൽ താൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ കീർ‌ക്കെഗാഡ് യഥാർഥത്തിൽ വിശ്വസിച്ചിരുന്നതായിരുന്നോ എന്ന തിരിച്ചറിവ് വായനക്കാരനു ദുഷ്കരമാക്കുകയായിരുന്നു പരോക്ഷരചനകളുടെ ലക്ഷ്യം. വായനക്കാരൻ കൃതികളെ മുഖവിലക്കെടുത്ത് വായിക്കുമെന്നും എഴുത്തുകാരന്റെ ജീവിതത്തിന്റെ ഏതെങ്കിലും വശവുമായി ബന്ധപ്പെടുത്തി അവയെ കാണുകയില്ലെന്നും കീർ‌ക്കെഗാഡ് പ്രതീക്ഷിച്ചു. തന്റെ കൃതികളെ ഒരു ആധികാരികവ്യവസ്ഥയായി കാണുന്നതിനുപകരം അവയുടെ വ്യാഖ്യാനത്തിന് വായനക്കാരൻ തന്നിലേക്കുതന്നെ നോക്കണമെന്ന് കീർക്കെഗാഡിന് നിർബന്ധമായിരുന്നു. തിയോഡോർ അഡോർണോയെപ്പോലെയുള്ള ആദ്യകാല കീർ‌ക്കെഗാഡിയൻ പണ്ഡിതന്മാർ കീർ‌ക്കെഗാഡിന്റെ ലക്ഷ്യത്തെ വിസ്മരിച്ച് അദ്ദേഹത്തിന്റെ രചനാസമുച്ചയത്തെ, രചയിതാവിന്റെ വ്യക്തിപരവും ധാർമ്മികവുമായ നിലപാടുകളായി കണക്കെലെടുക്കണമെന്ന് വാദിച്ചു.[46] ഈ സമീപനം പലവിധം ചിന്താക്കുഴപ്പങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും കാരണമാവുകയും കീർ‌ക്കെഗാഡിൽ പൂർവാപരബന്ധമില്ല എന്ന തോന്നൽ സൃഷ്ടിക്കുകയും ചെയ്യുന്നു.[47] എന്നാൽ ഉത്തരഘടനാവാദികളും മറ്റുമായ പിൽക്കാല പണ്ഡിതന്മാരിൽ പലരും കീർക്കെഗാഡിന്റെ ലക്ഷ്യങ്ങളെ മാനിക്കുകയും പരോക്ഷരചനകളെ അവയുടെ കള്ളപ്പേരുകളോട് ബന്ധപ്പെടുത്തി പഠിക്കുകയും ചെയ്തു.

കീർ‌ക്കെഗാഡ് ഉപയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട കള്ളപ്പേരുകൾ അവയുടെ കാലക്രമത്തിൽ താഴെപ്പറയുന്നവയാണ്.

  • വിക്ടർ സന്യാസി - 'അതോ/ഇതോ' യുടെ സംശോധകൻ
  • 'എ' - 'അതോ/ഇതോ'യിലെ പല ലേഖനങ്ങളുടേയും കർത്താവ്
  • ജഡ്ജി വില്യം - 'അതോ/ഇതോ'-യിൽ 'എ'ക്ക് മറുപടി പറയുന്ന ആൾ
  • നിശ്ശബ്ദയോഹന്നാൻ - "ഭീതിയും വിറയലും" എഴുതിയ ആൾ
  • കോൺസ്റ്റാന്റിൻ കോൺസ്റ്റാന്റിയസ് - 'ആവർത്തനത്തിന്റെ' ആദ്യപകുതിയുടെ കർത്താവ്
  • ചെറുപ്പക്കാരൻ - 'ആവർത്തനത്തിന്റെ' രണ്ടാം ഭാഗത്തിന്റെ കർത്താവ്
  • വിജിലിയസ് ഹൗഫ്നിയൻസിസ് - 'ആശങ്കാസങ്കല്പം' എന്ന രചനയുടെ കർത്താവ്
  • നിക്കോളാസ് നോട്ടാബീൻ - 'അവതാരികകളുടെ' കർത്താവ്
  • ഹിലാരിയസ് ബുക്ക്‌ബൈൻഡർ - "ജീവിതവീഥിയിലെ ഘട്ടങ്ങൾ" എഴുതിയ ആൾ
  • ഗോവണിക്കാരൻ യോഹന്നാൻ[ഗ] - "തത്ത്വചിന്താശകലങ്ങളിലെ അശാസ്ത്രീയമായ ഉപസംഹാര-അടിക്കുറിപ്പിന്റെ" കർത്താവ്
  • ഇന്റർ എറ്റ് ഇന്റർ - "പ്രതിസന്ധിയും ഒരു നടിയുടെ ജീവിതത്തിലെ പ്രതിസന്ധിയും" എന്ന രചനയുടെ കർത്താവ്
  • എച്ച്. എച്ച്. - "രണ്ട് സദാചാര-ധാർമ്മിക പ്രബന്ധങ്ങൾ" എഴുതിയ ആൾ
  • പ്രതി-ഗോവണിക്കാരൻ - 'മാരകരോഗം' "പ്രായോഗിക ക്രിസ്തുമതം" എന്നിവയുടെ കർത്താവ്
1938-ൽ അലക്സാണ്ടർ ഡ്രൂ സംശോധന നടത്തി പ്രസിദ്ധീകരിച്ച കീർ‌ക്കെഗാഡിന്റെ ഡയറിക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷയുടെ പുറംചട്ട.

കീർ‌ക്കെഗാഡിനെയും അദ്ദേഹത്തിന്റെ രചനകളേയും മനസ്സിലാക്കാൻ കീർ‌ക്കെഗാഡിന്റെ ഡയറിക്കുറിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.[48] ശ്രദ്ധേയമായ സംഭവങ്ങളും ആത്മനിവേദനങ്ങളും സ്വന്തം രചനയെക്കുറിച്ചം ദൈനംദിനകാര്യങ്ങളേക്കുറിച്ചും മറ്റുമുള്ള ചിന്തകളും എല്ലാമായി ഏഴായിരത്തോളം പുറങ്ങൾ കീർക്കെഗാഡ് ഡയറിയിൽ എഴുതി. ഡാനിഷ് ഭാഷയിലുള്ള ഡയറിയുടെ പൂർണ്ണരൂപം 25 പുസ്തകങ്ങളടങ്ങിയ 13 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത്. ആദ്യത്തെ ഇംഗ്ലീഷ് പതിപ്പ് 1938-ൽ അലക്സാണ്ഡർ ഡ്രൂ ആണ് പ്രസിദ്ധീകരിച്ചത്.[11] ഡയറികൾ കീർക്കെഗാഡിന്റേയും അദ്ദേഹത്തിന്റെ രചനകളുടേയും പലവശങ്ങളിലേക്കും വെളിച്ചം‌വീശുകയും അദ്ദേഹത്തിന്റെ പല ആശയങ്ങൾക്കും വ്യക്തത നൽകുകയും ചെയ്യുന്നു. ഡയറിയിലെ ശൈലി കീർക്കെഗാഡിന്റെ രചനകളിലെല്ലാം വച്ച് സുന്ദരവും കാവ്യാത്മകവുമാണ്. കീർ‌ക്കെഗാഡ് ഡയറിയെ ഗൗരവമായെടുക്കുകയും അവ തന്റെ ഏറ്റവും അടുത്ത വിശ്വസ്തരാണെന്ന് പറയുകയും ചെയ്തു.

കീർ‌ക്കെഗാഡിന്റേതായി അറിയപ്പെടുന്ന പല മഹത്‌വചനങ്ങളുടേയും ഉറവിടം ഡയറിയാണ്. കീർ‌ക്കെഗാഡിന്റെ ഡയറികളിൽ നിന്ന് ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വാക്യം അസ്തിത്വവാദപഠനങ്ങളിലെ അടിസ്ഥാന ഉദ്ധരണികളിൽ ഒന്നാണ്: "എന്നെ സംബന്ധിച്ചടുത്തോളം സത്യമായ സത്യം - എനിക്ക് വിശ്വസിച്ച് ജീവിക്കാനും മരിക്കാനും പറ്റിയ ഒരാശയം - കണ്ടെത്തുകയെന്നതാണ് പ്രധാനകാര്യം ." 1835 ഓഗസ്റ്റ് ഒന്നാം തിയതി എഴുതിയതാണിത്.[11] ഡയറിക്കുറിപ്പുകൾ കീർക്കെഗാഡിന്റെ ജീവിതത്തിന്റെ ചിലവശങ്ങൾക്ക് വ്യക്തതപകരുമെങ്കിലും ഏറെയൊന്നും വെളിപ്പെടുത്താതിരിക്കാൻ കീർക്കെഗാഡ് ശ്രദ്ധിച്ചു. ഉദ്ദേശിച്ചിരിക്കാത്തപ്പോഴുള്ള ചിന്താപരിണാമങ്ങൾ, എഴുത്തിലെ ആവർത്തനങ്ങൾ, വിചിത്രശൈലികൾ മുതലായവ വായനക്കാരെ വഴിതെറ്റിക്കാൻ കീർ‌ക്കെഗാഡ് ഉപയോഗിച്ച തന്ത്രങ്ങളിൽ ചിലതാണ്. അതിനാൽ ഡയറികൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു. ഏന്നാലും, ഭാവിയിൽ ഡയറിക്ക് സിദ്ധിക്കാൻ പോകുന്ന പ്രാധാന്യത്തെക്കുറിച്ച് കീർ‌ക്കെഗാഡിന് സംശയം ഒട്ടുമില്ലായിരുന്നു. 1849-ൽ അദ്ദേഹം ഇങ്ങനെ എഴുതി:

കീർ‌ക്കെഗാഡും ക്രിസ്തുമതവും

[തിരുത്തുക]
കോപ്പൻഹേഗനിലെ മാർബിൾ പള്ളി - അവസാനവർഷങ്ങളിൽ കീർ‌ക്കെഗാഡ് സ്ഥാപനവൽകൃതമായ ക്രൈസ്തവസഭയെ നിരന്തരം ആക്രമിച്ചു. രാഷ്ട്രീയാധികാരത്തോട് ചേർന്നുനിൽക്കുന്ന ഔദ്യോഗികസഭ വ്യക്തികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് അദ്ദേഹം കരുതി.

ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ, രാഷ്ട്രീയവൽക്കരിക്കപ്പെട്ട വ്യവസ്ഥാപിതക്രിസ്തുമതത്തെ കീർ‌ക്കെഗാഡ് നിരന്തരം ആക്രമിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ പൗരത്വമുള്ള എല്ലാ ഡെന്മാർക്കുകാർക്കും അവിടത്തെ ഔദ്യോഗികസഭയിൽ അംഗങ്ങളാകേണ്ടിയിരുന്നു. രാഷ്ട്രീയാധികാരവും സഭയും തമ്മിലുള്ള ഈ ഒത്തുചേരൽ അസ്വീകാര്യവും ക്രിസ്തീയതയുടെ അർത്ഥത്തെ വികലമാക്കുന്നതുമാണെന്ന് കീർ‌ക്കെഗാഡ് കരുതി.[32] കീർക്കെഗാഡിന്റെ വിമർശനത്തിലെ പ്രധാന വാദങ്ങൾ ഇവയായിരുന്നു.

  • സഭാസമ്മേളനങ്ങൾ അർത്ഥമില്ലാത്തവയാണ്: ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും മുൻകൈ ഏടുക്കുന്നതിൽ നിന്ന് വ്യക്തികളെ തടയുന്നതുകൊണ്ട് സഭാസമ്മേളനങ്ങൾ അവരെ എന്നും കുട്ടികളായി നിലനിർത്തുന്നു. "നാം കാണുന്ന ഓരോ വ്യക്തിയും, ഒറ്റക്കുനിൽക്കുന്ന വ്യക്തി, ആണ് ക്രിസ്തുമതം" എന്നു കീർ‌ക്കെഗാഡ് വാദിച്ചു.[49]
  • ക്രിസ്തുമതം ലോകവ്യഗ്രവും രാഷ്ട്രീയവൽകൃതവുമായി: സഭയെ നിയന്ത്രിക്കുന്നത് സർക്കാരായതുകൊണ്ട്, ഉദ്യോഗസ്ഥവൃന്ദത്തിന്റെ ദൗത്യം അംഗസംഖ്യ കൂട്ടി സ്വന്തം താത്പര്യം സം‌രക്ഷിക്കുകയെന്നതായി. കൂടുതൽ അംഗത്വം പൗരോഹിത്യത്തിന് കൂടുതൽ അധികാരം കൊടുക്കുന്നു. ഇത് അഴിമതിമണക്കുന്ന ഒരേർപ്പാടാണ്. ഈ ദൗത്യം സമൂഹത്തെ എന്നതിന് പകരം ഓരോ വ്യക്തിയേയും ലക്ഷ്യമാക്കിയ ക്രിസ്തുമതത്തിന്റെ അടിസ്ഥാനപഠനങ്ങൾക്ക് കടകവിരുദ്ധമാണ്.[11]
  • ക്രിസ്തുമതത്തിന്റെ ധാർമ്മികത പൊള്ളയായിരിക്കുന്നു: സഭാ-രാഷ്ട്ര കൂട്ടായ്‌മയിൽ, ക്രിസ്തീയതയുടെ അർത്ഥമറിയാതെ ആർക്കും 'ക്രിസ്ത്യാനി' ആകാമെന്നതിനാൽ അത്‍ വ്യക്തികൾക്ക് വെറുപ്പുളവാക്കേണ്ടതും ഹാനികരവുമാണ്. ക്രിസ്തുമതത്തെ വിശ്വാസമില്ലാത്ത 'വിശ്വാസികൾ' കൊണ്ടുനടക്കുന്ന ഏതോ പാരമ്പര്യം മാത്രമായി തരംതാഴ്ത്തുന്നതുകൊണ്ട് അത് സഭക്കും ഹാനികരമാണ്. ഒരുവിധത്തിൽ നോക്കിയാൽ, കന്നുകാലിക്കുട്ടത്തിന്റെ മനസ്ഥിതിയെ(herd mentality) ആണ് അത് അനുസ്മരിപ്പിക്കുന്നത്. കീർ‌ക്കെഗാഡ് ഇങ്ങനെ എഴുതി:-

ക്രൈസ്തവസഭകളുടെ കഴിവുകേടും അഴിമതിയും വിമർശിച്ച കീർ‌ക്കെഗാഡ് ക്രിസ്തുമതത്തെതന്നെ വിമർശിച്ച പിൽക്കാലചിന്തകന്മാരായ നീഷേയെപ്പോലെയുള്ളവരുടെ വിമർശനത്തിലെ വാദങ്ങളെ മുൻകൂട്ടിക്കണ്ടതായി തോന്നും.[50]

വിമർശനം

[തിരുത്തുക]
രചനയിലേർപ്പെട്ടിരിക്കുന്ന കീർ‌ക്കെഗാഡ്, ലപ്‌ലാവ് ജാൻസൻ വരച്ച ചിത്രം

ഇരുപതാം നൂറ്റാണ്ടിലെ തത്ത്വചിന്തകന്മാരിൽ തിയോഡോർ അഡോർണോയും എമ്മാനുവേൾ ലെവിനാസും കീർ‌ക്കെഗാഡിന്റെ വിമർശകരെന്ന നിലയിൽ പ്രശസ്തരാണ്. നിരീശ്വരദാർശനികനായ ജീൻ പോൾ സാർത്രെയേയും അജ്ഞേയവാദിയായ മാർട്ടിൻ ഹൈഡഗറിനേയും പോലുള്ളവർ കീർ‌ക്കെഗാഡിന്റെ തത്ത്വചിന്തയെ പിന്തുണക്കുകയും ദൈവശാസ്ത്രത്തെ തള്ളിക്കളയുകയും ചെയ്തു.[51][52]

അഡോർണ്ണൊയുടെ കീർ‌ക്കെഗാഡ് വിമർശനം കീർ‌ക്കെഗാഡിന്റെ മൗലികലക്ഷ്യങ്ങളോട് നേരുകാട്ടിയില്ല. കീർ‌ക്കെഗാഡിന്റെ പരോക്ഷരചനകളെ അക്ഷരാർഥത്തിലെടുത്ത് ഒരു തത്ത്വചിന്താസമ്പ്രദായം സങ്കല്പിച്ചെടുക്കുന്ന അഡോർണ്ണൊയുടെ "കീർ‌ക്കെഗാഡിന്റെ സൗന്ദര്യശാസ്ത്രനിർ‍മ്മിതി" എന്ന കൃതി, കീർ‌ക്കെഗാഡിനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും ഉത്തരവാദിത്തരഹിതമായ രചനയാണെന്ന് ഒരു വിമർശകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് കീർ‌ക്കെഗാഡിന്റെ ചിന്തയെ പൂർവാപരവിരുദ്ധവും, അർത്ഥരഹിതവുമാക്കുന്നു. ഒഥല്ലോയെ വില്യം ഷേക്സ്പിയറും ആയും റസ്കോൾനിക്കോവിനെ ഡോസ്റ്റൊയ്‌വ്സ്കിയും ആയും കൂട്ടിക്കുഴക്കുന്നതുപോലെയാണിത്.[53]"കീർ‌ക്കെഗാഡിന്റെ രചനാസമുച്ചയത്തിന്റെ ഇന്ന് ലഭ്യമായ കൂടുതൽ വിശ്വസനീയരായ മറ്റു പരിഭാഷകളിലും വ്യാഖ്യാനങ്ങളിലും നിന്ന് അഡോർണ്ണൊ ഏറെ അകലെയണെന്ന്" മറ്റൊരു നിരൂപകൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[47]

ലെവീനാസിന്റെ എതിർപ്പ് പ്രധാന ലക്ഷ്യമാക്കിയത്, മുഖ്യമായും "ഭയവും വിറയലും" എന്ന രചനയിൽ പ്രകടമാകുന്ന കീർക്കെഗാഡിന്റെ സന്മാർഗ്ഗ-ധാർമ്മിക നിലപാടുകളെയാണ്. "വിശ്വാസത്തിന്റെ കുതിപ്പിനെ" ലെവിനാസ് വിമർശിച്ചു. സന്മാർഗ്ഗികതയെ ഉപേക്ഷിച്ച് ധാർമ്മികതയിലേക്കുള്ള ഈ കുതിപ്പ് ഒരുതരം ഹിംസ ആണെന്നായിരുന്നു അദ്ദേഹം വാദിച്ചത്.

അബ്രാഹമിനോട് ഇസഹാക്കിനെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടത് ദൈവവും ബലി നിർത്താൻ ആവശ്യപ്പെട്ടത് ദൈവദൂതനും ആയിരുന്നെന്ന യഹൂദ-ക്രൈസ്തവ ധാരണയെ ലെവീനാസ് പരാമർശിക്കുന്നുണ്ട്. അബ്രാഹം യഥാർഥത്തിൽ മതമേഖലയിൽ ആയിരുന്നെങ്കിൽ ദൈവദൂതന്റെ കല്പന അവഗണിച്ച് ഇസഹാക്കിനെ കൊല്ലുമായിരുന്നു. "സന്മാർഗ്ഗികതയെ മറികടക്കുക" എന്നത് കൊലപാതകികളുടെ പാതകത്തെ നീതീകരിക്കാനുള്ള പഴുതാണെന്ന് തോന്നും. അത് അസ്വീകാര്യമാണ്.[55]

ഭയവും വിറയലും എന്ന രചനയിൽ കീർക്കെഗാഡ് നൽകിയ വിശകലനത്തിൽ വ്യക്തമായതുപോലെ ഇസഹാക്കിനെ ബലികഴിക്കേണ്ടി വരുമെന്നായപ്പോൾ അബ്രാഹം ആകാംക്ഷയിലൂടെ കടന്നുപോയിരിക്കാം എന്ന് സാർത്രെ സമ്മതിക്കുന്നുണ്ട്. എന്നാൽ ദൈവം അബ്രാഹമിനോട് ഇസഹാക്കിനെ ബലിയർപ്പിക്കാൻ പറഞ്ഞുവെന്ന് സാർത്രെ കരുതുന്നില്ല. "അസ്തിത്വവാദം മാനവികതയാണ്" എന്ന പ്രഭാഷണത്തിൽ ജീൻ പോൾ സാർത്രെ|സാർത്രെ ഇങ്ങനെ പറഞ്ഞു:

കീർ‌ക്കെഗാഡിന്റെ അഭിപ്രായത്തിൽ അബ്രാഹമിന്റെ ഉറപ്പിന് അടിസ്ഥാനമായിരുന്നത് മറ്റൊരാൾക്ക് ബോദ്ധ്യമാക്കിക്കൊടുക്കാൻ സാധ്യമല്ലാത്ത ആന്തരികനിമന്ത്രണമാണ്. അബ്രാഹം തന്നെ മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നം വരുന്നത്. കീർ‌ക്കെഗാഡിനെ സംബന്ധിച്ചടുത്തോളം എല്ലാ ബാഹ്യതെളിവുകളും നീതീകരണങ്ങളും പുറത്തുനിൽക്കുന്നതും വിഷയബാഹ്യവുമാണ്.[56] ഉദാഹരണത്തിന് ആത്മാവിന്റെ അമർത്ത്യതക്ക് കീർ‌ക്കെഗാഡ് കാണുന്ന തെളിവ്, മനുഷ്യർ നിത്യമായി ജീവിക്കുവാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്നതാണ്.

സ്വാധീനം, സ്വീകരണം

[തിരുത്തുക]
കോപ്പൻഹേഗനിലുള്ള സോറൻ കീർ‌ക്കെഗാഡിന്റെ പ്രതിമ.

കീർ‌ക്കെഗാഡ് മരിച്ച് വളരെ വർഷങ്ങൾ കഴിയുന്നതുവരെ അദ്ദേഹത്തിന്റെ കൃതികൾ വ്യാപകമായി ലഭ്യമായിരുന്നില്ല. മരണത്തെ തുടർന്നുവന്ന വർഷങ്ങളിൽ ഡെന്മാർക്കിലെ ഒരു പ്രധാന സ്ഥാപനമായിരുന്ന അവിടത്തെ ഔദ്യോഗിക സഭ ആ കൃതികളിൽ നിന്ന് അകലം പാലിക്കുകയും അങ്ങനെ ചെയ്യാൻ ഡെന്മാർക്കിലെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ജർമ്മൻ, ഫ്രെഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളുമായുള്ള താരതമ്യത്തിൽ ഡാനിഷ് ഭാഷക്ക് പ്രചാരം കുറവായിരുന്നതും ഡെന്മാർക്കിന് പുറത്തുള്ള ആ കൃതികളുടെ പ്രചാരം തടഞ്ഞു.

അക്കാഡമിക്കുകളുടെ ഇടയിൽ നിന്ന് കീർ‌ക്കെഗാഡിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധക്ഷണിച്ച ആദ്യത്തെയാൾ ഡന്മാർക്കുകാരനെങ്കിലും ഡാനിഷ്, ജർമ്മൻ ഭാഷകളിൽ എഴുതിയിരുന്ന ജോർജ്ജ് ബ്രാൻഡ്സ് ആയിരുന്നു. കീർക്കെഗാഡിനെക്കുറിച്ചുള്ള ആദ്യത്തെ ഔപചാരിക പ്രഭാഷണം നടത്തിയത് ബ്രാൻഡ്സ് ആണ്. യൂറോപ്പിലെ മറ്റു രാജ്യങ്ങളുടെ ശ്രദ്ധ കീർ‌ക്കെഗാഡിലേക്കാകർഷിക്കാൻ ഇടവരുത്തിയത് അദ്ദേഹമാണ്.[57] 1877-ൽ ബ്രാൻഡ്സ് കീർ‌ക്കെഗാഡിന്റെ തത്ത്വചിന്തയെയും ജീവിതത്തെയും കുറിച്ചുള്ള ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. ക്രമേണ നാടകകൃത്ത് ഇബ്സൻ കീർ‌ക്കെഗാഡിൽ തല്പരനാവുകയും മറ്റു സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രചരിപ്പിക്കുകയും ചെയ്തു. 1870-ൽ തന്നെ കീർ‌ക്കെഗാഡിന്റെ രചനകളിൽ ചിലതിന്റെ ഭാഗിക ജർമ്മൻ പരിഭാഷകൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. എന്നാൽ മുഴുവൻ കൃതികളുടെയായുള്ള അക്കാഡമിക് പരിഭാഷകൾക്ക് 1910 വരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ് സാഹിത്യങ്ങളുടെമേൽ കീർ‌ക്കെഗാഡിന് വലിയ സ്വാധീനം ഉണ്ടാകാൻ ഈ പരിഭാഷകൾ കാരണമായി.

1930-കളിൽ ഒക്സ്ഫോർഡ് സർവകലാശാല മുദ്രണാലയത്തിലെ ചാൾസ് വില്യംസിന്റെ [1] സംശോധയിൽ അലക്സാണ്ഡർ ഡ്രൂ, ഡേവിഡ് എഫ് സ്വെൻസൺ, ഡഗ്ലസ് വി. സ്റ്റീരെ, വാൾട്ടർ ലൗറി മുതലായവർ നടത്തിയ ആദ്യത്തെ അക്കാഡമിക് ഇംഗ്ലീഷ് പരിഭാഷകൾ[58] പ്രസിദ്ധീകരിക്കപ്പെട്ടു. രണ്ടാമത്തേയും ഇന്ന് വ്യാപകമായി പ്രചാരത്തിലിരിക്കുന്നവയുമായ ഇംഗ്ലീഷ് പരിഭാഷകൾ ഹോവാർഡ് വി. ഹോങ്ങിന്റേയും എഡ്നാ ഹോങ്ങിന്റേയും മേൽനോട്ടത്തിൽ 1970, 80, 90-കളിൽ പ്രിൻസ്റ്റൻ സർവകലാശാല പ്രസിദ്ധീകരിച്ചതാണ്. കീർ‌ക്കെഗാഡ് ഗവേഷണകേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ 55 വാല്യങ്ങളായുള്ള മൂന്നാമത്തെ ഒരു ഔദ്യോഗിക പരിഭാഷ 2009-ന് ശേഷം പ്രസിദ്ധീകരിക്കപ്പെടാനിരിക്കുന്നു.[59]

ദൈവവിശ്വാസികളും നാസ്തികരുമടക്കം ഇരുപതാം നൂറ്റാണ്ടിലെ പല ചിന്തകന്മാരും ദൈവശാസ്ത്രജ്ഞന്മാരും കീർ‌ക്കെഗാഡിന്റെ ചിന്തയിലെ ഭീതി(angst), നിരാശ, വ്യക്തിയുടെ പ്രാധാന്യം തുടങ്ങിയ സങ്കല്പങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 1930-കളിൽ വികസിച്ചുകൊണ്ടിരുന്ന അസ്തിത്വചിന്തയുടെ പ്രണേതാക്കൾ അവരുടെ മുൻഗാമികളിൽ ഒരാളായി കീർ‌ക്കെഗാഡിനെ കണക്കാക്കിയതിനാൽ അദ്ദേഹത്തിന്റെ പ്രശസ്തി ഏറെ വളർന്നു. ഇന്ന് കീർ‌ക്കെഗാഡ് സ്വന്തം നിലയിൽ തന്നെ ഏറെ പ്രാധാന്യവും സ്വാധീനവും ഉള്ള ഒരു ചിന്തകനായി കണക്കാക്കപ്പെടുന്നു.[60] ലൂഥറൻ സഭയിലെ വിശുദ്ധന്മാരുടെ കലണ്ടറിൽ ഒരു ഗുരുവെന്ന നിലയിൽ അനുസ്മരിക്കപ്പെടേണ്ടവനായി കീർ‌ക്കെഗാഡിനെ ഉൾപ്പെടുത്തിയിരിക്കുന്നു.

കീർ‌ക്കെഗാഡിന്റെ ചിന്തയുടെ സ്വാധീനത്തിൽ വന്ന തത്ത്വചിന്തകന്മാരും ദൈവശാസ്ത്രജ്ഞന്മാരും ഏറെയുണ്ട്. ഹാൻ ഉർസ് വോൺ ബൽത്താസർ, കാൾ ബാർത്ത്, സിമോൺ ഡി ബൗവ്വാർ, നീൽസ് ബോർ, എമിൽ ബ്രണ്ണർ, മാർട്ടിൻ ബൂബർ, റുഡോൾഫ് ബൾട്ട്‌മാൻ, ആൽബട്ട് കമ്യൂ, മാർട്ടിൻ ഹൈഡഗർ, കാൾ ജാസ്പെഴ്സ്, ഗബ്രിയേൽ മാർസൽ, ജീൻ പോൾ സാർത്രെ, പോൾ തില്ലിച്ച്, മിഗയൂൾ ഊനാമുനോ എന്നിവർ അവരിൽ ചിലരാണ്. പോൾ ഫെയരാബെൻഡിന്റെ ജ്ഞാനസിദ്ധാന്തത്തിലെ അരാജകത്വം (epistemological anarchism) എന്ന ആശയം കീർ‌ക്കെഗാഡിന്റെ "സത്യം വ്യക്തിനിഷ്ഠമാണ്" എന്ന നിലപാടുമായി ബന്ധപ്പെട്ടിരിക്കുന്നു. ലുഡ്‌വിഗ് വിറ്റ്ഗൻസ്റ്റൈൻ കീർക്കെഗാഡിന്റെ സ്വാധീനത്തിൽ വന്നവനും അദ്ദേഹത്തിന്റെ പ്രതിഭയുടെ മുൻപിൽ വിനയവാനും[6] ആയിരുന്നു. "കീർ‌ക്കെഗാഡിന്റെ ചിന്ത എനിക്ക് അത്യഗാധമാണ്. കുറേക്കൂടി ആഴമുള്ള മനസ്സുകളിൽ ഉണ്ടാക്കുമായിരുന്ന സത്ഫലങ്ങൾ എന്നിൽ ഉളവാക്കാതെ അദ്ദേഹം എന്നെ ഭ്രമിപ്പിക്കുന്നു" എന്ന് വിറ്റ്ഗൻസ്റ്റൈൻ പറഞ്ഞിട്ടുണ്ട്.[6] കാൾ പോപ്പർ കീർ‌ക്കെഗാഡിന്റെ വിശേഷിപ്പിച്ചത് "ക്രൈസ്തവധാർമ്മികതയുടെ വലിയ ഉദ്ധാരകൻ, തന്റെ കാലത്തെ ഔദ്യോഗിക സഭയുടെ ധാർമ്മികതയെ അക്രൈസ്തവവും മാനവികതാവിരുദ്ധവുമായി തുറന്നുകാട്ടിയവൻ" എന്നൊക്കെയാണ്.[61]

ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെയും കീർ‌ക്കെഗാഡ് നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാകുന്ന സാഹിത്യകാരന്മാരിൽ ഡബ്ലിയൂ എച്ച്.ഓഡൻ, ജോർജ്ജ് ലോയി ബോർഹെസ്, ഹെർമൻ ഹെസ്സെ, ഫ്രാൻസ് കഫ്ക[62], ഡേവിഡ് ലോഡ്ജ്, വാക്കർ പെർസി, റെയ്നർ മരിയ റിൽക്കെ, ജോൺ അപ്ഡൈക് [63] തുടങ്ങിയവർ ഉൾപ്പെടുന്നു.

കീർ‌ക്കെഗാഡിന്റെ സ്വാധീനം കാര്യമായി പ്രകടമാകുന്ന മറ്റൊരു രംഗം മനഃശാസ്ത്രമാണ്. ക്രൈസ്റ്റവമനഃശാസ്ത്രത്തിന്റെയും അസ്തിത്വവാദമനശാസ്ത്രത്തിന്റേയും തുടക്കക്കാരൻ അദ്ദേഹമാണ്. മാനവികതാമനഃശാസ്ത്രജ്ഞന്മാരെന്നുകൂടി അറിയപ്പെടുന്ന അസ്തിത്വവാദ മനഃശാസ്ത്രജ്ഞന്മാരിൽ ലുഡ്‌വിഗ് ബിൻസ്‌വാങ്ങർ, വിക്ടോർ ഫ്രാങ്കൽ, എന്റിച്ച് ഫ്രോം, കാൽ റോജേഴ്സ്,റോള്ളോ മേ എന്നിവർ പ്രമുഖരാണ്. റോള്ളോ മേയുടെ "ആശങ്കയുടെ അർത്ഥം" എന്ന രചന കീർക്കെഗാഡിന്റെ "ആശങ്കയെന്ന സങ്കല്പം" എന്ന കൃതിയെ ആശ്രയിച്ചാണ്. "രണ്ടു യുഗങ്ങൾ - വിപ്ലവത്തിന്റെ യുഗവും ഇപ്പോഴത്തെ യുഗവും" എന്ന കീർ‌ക്കെഗാഡിന്റെ കൃതി സാമൂഹ്യശാസ്ത്രത്തെ സ്പർശിക്കുന്നു. ആധുനികതയുടെ രസകരമായ ഒരു വിമർശനം അതിലുണ്ട്.[28] ഉത്തരാധുനികതയുടെ പ്രധാന പൂർവഗാമികളിൽ ഒരാളായും കീർ‌ക്കെഗാഡ് കണക്കാക്കപ്പെടുന്നു.[64] ജനകീയ സംസ്കൃതിയുടെ തലത്തിൽ, കീർ‌ക്കെഗാഡ് ഗൗരവമുള്ള ടെലിവിഷൻ-റേഡിയോ പരിപാടികളുടെ വിഷയമായിട്ടുണ്ട്; 1984-ൽ ജോൺ കുപിറ്റ് നിർമ്മിച്ച സീ ഓഫ് ഫെയ്ത്ത് എന്ന ടെലിവിഷൻ പരിപാടിയിൽ കീർ‌ക്കെഗാഡിനേയും ഉൾക്കൊള്ളിച്ചിരുന്നു. 2008-ലെ പെസഹാവ്യാഴാഴ്ച ബി.ബി.സി.റേഡിയോയുടെ "നമ്മുടെ കാലത്ത്" എന്ന പേരിലുള്ള പ്രക്ഷേപണത്തിലെ ചർച്ചയുടെ വിഷയം കീർ‌ക്കെഗാഡ് ആയിരുന്നു.

മരണാനന്തരമുള്ള തന്റെ പ്രശസ്തി കീർ‌ക്കെഗാഡ് മുൻകൂട്ടി കണ്ടിരുന്നു. പിൽക്കാലങ്ങളിൽ തന്റെ രചനകൾ ആഴമേറിയ പഠനത്തിന്റേയും ഗവേഷണത്തിന്റേയും വിഷയമാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. തന്റെ ഡയറിയിൽ കീർ‌ക്കെഗാഡ് ഇങ്ങനെ എഴുതി:

കീർ‌ക്കെഗാഡിന്റെ മുഖ്യരചനകൾ

[തിരുത്തുക]
  • നിന്ദാ-സ്തുതിയെന്ന സങ്കല്പം (1841)
  • അതോ/ഇതോ (1843)
  • ഭയവും വിറയലും (1843)
  • ആവർത്തനം (1843)
  • തത്ത്വചിന്താശകലങ്ങൾ (1844)
  • ഭീതിയെന്ന സങ്കല്പം (1844)
  • ജീവിതവീഥിയിലെ ഘട്ടങ്ങൾ (1845)
  • തത്ത്വചിന്താശകലങ്ങളുടെ അശാസ്ത്രീയമായ അടിക്കുറിപ്പ് (1846)
  • പലചൈതന്യങ്ങളൊടുകൂടിയ ഗുണദോഷം (1847)
  • സ്നേഹപ്രവർത്തികൾ (1847)
  • ക്രൈസ്തവപ്രഭാഷണങ്ങൾ (1848)
  • മാരകരോഗം (1849)
  • ക്രൈസ്തവജീവിതം (1850)

കുറിപ്പുകൾ

[തിരുത്തുക]

ക.^ സുവിശേഷങ്ങളിലുള്ള യേശുവിന്റെ രൂപാന്തരീകരണ വിവരണത്തിൽ, ശിഷ്യൻ പത്രോസിന്റേതായി കൊടുത്തിരിക്കുന്ന വാക്കുകളുടെ ഛായ ഈ വരികളിൽ കാണാം.[65]

ഖ.^ ഇദ്ദേഹം പ്രഖ്യാത ജർമ്മൻ ചിന്തകനായ ഫ്രീഡ്രിച്ച് ഷ്ലീഗലല്ല.

ഗ.^ പൗരസ്ത്യക്രൈസ്തവസഭകളിൽ ഏറെ മതിക്കപ്പെടുന്നതും സന്യാസാർഥികൾക്ക് പുണ്യപൂർണ്ണതയിലേക്ക് വഴി കാട്ടിയാകാൻ എഴുതപ്പെട്ടതുമായ സ്വർഗ്ഗാരോഹണഗോവണി എന്ന പുസ്തകത്തിന്റെ കർത്താവായ ആറാം നൂറ്റാണ്ടിലെ താപസൻ യോഹന്നാൻ ക്ലീമാക്കസിന്റെ പേരാണിത്.

ഘ.^ 'ഡാഗരോറ്റൈപ്പ്' എന്ന പഴയ ഛായാഗ്രഹണവിദ്യ അക്കാലത്ത് ഡെൻമാർക്കിൽ പ്രചരിച്ചിരുന്നെങ്കിലും കീർക്കെഗാഡ് അത് ഒരിക്കലും പ്രയോജനപ്പെടുത്തിയില്ല. ഇവിടെയുള്ള കീർക്കെഗാഡിന്റെ ചിത്രം അദ്ദേഹത്തിന്റെ ബന്ധു നീൽസ് ക്രിസ്റ്റൻ കീർക്കെഗാഡ്(1806-1882) 1840-നടുത്ത് വരച്ചതാണ്. കീർക്കെഗാഡിന്റെ പൂർണ്ണസഹകരണത്തോടെയല്ലാതെ വരച്ച ഈ ചിത്രം അദ്ദേഹത്തിന്റെ രൂപത്തോട് നീതിപുലർത്തുന്നുണ്ടൊ എന്ന സംശയം മൂലം അതിന്റെ പ്രസിദ്ധീകരണം അനുവദിക്കാൻ ചിത്രകാരനു മടിയായിരുന്നു. തന്റെ രചനകളിൽ മിക്കപ്പോഴും കപടനാമങ്ങളിൽ മറഞ്ഞിരിക്കാൻ ആഗ്രഹിച്ച സോറൻ, ചിത്രം പ്രസിദ്ധീകരിക്കുന്നത് ഇഷ്ടപ്പെടുമായിരുന്നോ എന്നും അദ്ദേഹം സംശയിച്ചു. ഒടുവിൽ സോറന്റെ സഹോദരനും ആൽബോർഗ്ഗിലെ മെത്രാനുമായിരുന്ന പി.സി.കീർക്കെഗാഡിന്റെ സമ്മതത്തോടെ നീൽസ് ചിത്രത്തിന്റെ പ്രസിദ്ധീകരണം അനുവദിച്ചു. കീർക്കെഗാഡിന്റെ ചിത്രങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിച്ചവർ അദ്ദേഹത്തെ ആക്രമിക്കാൻ 'കോർസെയർ' മാസിക ഉപയോഗിച്ച ചിത്രങ്ങളെ ആശ്രയിച്ചെങ്കിലോ എന്ന ഭയം ഈ തീരുമാനത്തെ സ്വാധീനിച്ചു.[66]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ഹെഡ്ജ്കോ, ജോൺ (1997). ഗോഡൻ മാറീനോ (ed.). ജകേംബ്രിഡ്ജ് കീർക്കെഗാഡ് സഹായി (in ഇംഗ്ലീഷ്). ലണ്ടൻ: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 0521477190. ഈ വർഗ്ഗീകരണം കൃത്യമാണെന്ന് പറയുക വയ്യ; തീർത്തും വ്യതിരിക്തതയുള്ള ചിന്തകനായിരുന്ന കീർ‌ക്കെഗാഡിന്റെ രചനകൾ തത്ത്വചിന്തയിലെ ഏതെങ്കിലും ഒരു പാരമ്പര്യത്തിൽ പെടുന്നതല്ല. ഏതെങ്കിലും പാര്യമ്പര്യത്തിൽ താൻ പെടുന്നതായി അദ്ദേഹം കരുതിയതുമില്ല. അതേസമയം, 20, 21 നൂറ്റാണ്ടുകളിലെ പല ചിന്താപദ്ധതികളും അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്തുടർന്നു {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  2. സോക്രട്ടീസിന്റെ സ്വാധീനം കീർക്കെഗാഡിന്റെ മാരകരോഗം, സ്നേഹത്തിന്റെ പ്രവർത്തികൾ എന്നീ കൃതികളിൽ കാണാം.
  3. Kierkegaard, Søren. Journals and Papers, Indiana University Press, ISBN 0-253-18239-5
  4. Hubben, William. Dostoevsky, Kierkegaard, Nietzsche, and Kafka: Four Prophets of Our Destiny. New York: Collier Books, 1962.
  5. Lippitt, John and Daniel Hutto. "Making Sense of Nonsense: Kierkegaard and Wittgenstein". University of Hertfordshire. Archived from the original on 2007-05-15. Retrieved 2008-10-03. {{cite web}}: Cite has empty unknown parameter: |4= (help)
  6. 6.0 6.1 6.2 Creegan, Charles. "Wittgenstein and Kierkegaard". Routledge. Archived from the original on 2010-08-22. Retrieved 2008-10-03.
  7. Soren Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm
  8. Soren Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm - "Of Michael’s seven children, only Peter Christian and Søren Aabye survived beyond this age"
  9. കീർക്കെഗാഡിന്റെ ഭയവും വിറയലും എന്ന കൃതിയുടെ പെൻഗ്വിൻ പതിപ്പിന്റെ ആമുഖക്കുറിപ്പിൽ നിന്ന് -Penguin Classics - Fear and Trembling - Alastair Hannay-യുടെ പരിഭാഷയും അവതാരികയും (മറ്റു വിവരങ്ങൾ ചേർക്കേണ്ടതുണ്ടു)
  10. According to the Journals, Michael died at approximately 2:00 a.m., early Thursday morning.
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 Dru, Alexander. The Journals of Søren Kierkegaard, Oxford University Press, 1938.
  12. The Existential Primer, Soren Kierkegard - http://www.tameri.com/csw/exist/kierkegaard.shtml Archived 2008-11-08 at the Wayback Machine.
  13. Kierkegaard: Stanford Encyclopedia of Philosophy - http://plato.stanford.edu/entries/kierkegaard/
  14. Soren Kiekegaard - http://kirjasto.sci.fi/kierkega.htm Archived 2008-10-14 at the Wayback Machine.
  15. അസിസ്റ്റൻസ് സിമിത്തേരിയിലൽ അടക്കം ചെയ്ത പ്രശസ്തർ
  16. 16.0 16.1 "Manuscripts from the Søren Kierkegaard Archive". Royal Library of Denmark.
  17. Soren Kierkegard - Books and Writers - http://kirjasto.sci.fi/kierkega.htm Archived 2008-10-14 at the Wayback Machine.
  18. Kenneth Scott Latourette-ന്റെ A History of Christianity എന്ന കൃതിയിലെ Creative Danish Protestantism എന്ന ലേഖനത്തിൽ നിന്ന്.(പുറം 1141)
  19. Soren Kierkegaard - Stanford Encyclopedia of Philosophy - http://plato.stanford.edu/entries/kierkegaard/
  20. Lippitt, John. Routledge Philosophy Guidebook to Kierkegaard and Fear and Trembling. Routledge, 2003, ISBN 978-0-415-18047-4
  21. Christian Classics Ethereal Library - Biography of Soren Kierkegard "Kierkegaard argued that belief in God is a free act of faith, not a solution to a theoretical problem."
  22. Fear and Trembling - Translation by Walter Lowrie - http://www.turksheadreview.com/library/texts/kierkegaard-feartrembling.html
  23. Hegel, G.W.F. Phenomenology of Spirit, Oxford University Press, 1979, ISBN 0-19-824597-1
  24. ഇംഗ്ലീഷിൽ അവ Eighteen Upbuilding Discourses എന്ന പേരിൽ സമാഹരിക്കപ്പെട്ടിരിക്കുന്നു - Princeton University Press, ISBN 0-691-02087-6.
  25. "D. Anthony Storm's Commentary on the Discourses". D. Anthony Storm. Archived from the original on 2007-10-11. Retrieved 2008-10-04.
  26. സോറൻ കീർക്കെഗാഡ് സാഹിത്യത്തിലെ പോലീസ്മുറയുടെ സം‌വാദാത്മകപരിണാമം - Essential Kierkegaard.
  27. Soren Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm - The "Second Authorship": Self-Sacrifice, Love, Despair, and the God-Man എന്ന ഭാഗം കാണുക
  28. 28.0 28.1 28.2 Kierkegaard, Søren. A Literary Review, Penguin Classics, 2001, ISBN 0-14-044801-2
  29. Walter Lowrie A Short Life of Kierkegaard, Princeton University Press, 1942.
  30. Christian History net. - Soren Kierkegard - http://www.christianitytoday.com/ch/131christians/moversandshakers/kierkegaard.html Archived 2008-10-15 at the Wayback Machine.
  31. Attack on the Danish People's Church - Kierkegard - Internet Encyclopedia of Philosophy - http://www.iep.utm.edu/k/kierkega.htm#SH1f
  32. 32.0 32.1 Duncan, Elmer. Søren Kierkegaard: Maker of the Modern Theological Mind, Word Books 1976, ISBN 0-87680-463-6
  33. Soren Aabye Kierkegaard - Philosophy Professor - http://www.philosophyprofessor.com/philosophers/soren-aabye-kierkegaard.php
  34. A Biography of Kierkegard from D.Anthony Storm's Commentary on Kierkegard - http://www.sorenkierkegaard.org/biograph.htm Archived 2008-10-17 at the Wayback Machine.
  35. Garff, Joakim. Søren Kierkegaard: A Biography (tr. Bruce Kirmmse), Princeton University Press, 2005, ISBN 0-691-09165-X, p. 113. Also available in Encounters With Kierkegaard: A Life As Seen by His Contemporaries, p. 225
  36. Kangas, David. "Kierkegaard, the Apophatic Theologian. David Kangas, Yale University (pdf format)" (PDF). Enrahonar No. 29, Departament de Filosofia, Universitat Autònoma de Barcelona. Archived from the original (PDF) on 2006-02-06. Retrieved 2008-10-06.
  37. McGrath, Alister E. The Blackwell Encyclopedia of Modern Christian Thought. Blackwell Publishing, 1993. p 202
  38. Oden, Thomas C. The Humor of Kierkegaard: An Anthology, Princeton University Press 2004, ISBN 0-691-02085-X
  39. Ostenfeld, Ib and Alastair McKinnon. Søren Kierkegaard's Psychology, Wilfrid Laurer University Press 1972, ISBN 0-88920-068-8
  40. MacKey, Louis. Kierkegaard: A Kind of Poet, University of Pennsylvania Press, 1971, ISBN 0-8122-1042-5
  41. Kierkegaard is not an extreme subjectivist; he would not reject the importance of objective truths.
  42. ഇംഗ്ലീഷിലെ "leap of faith" എന്ന പ്രയോഗത്തിന് സമാനമായ ഡാനിഷ് പ്രയോഗം കീർ‌ക്കെഗാഡിന്റെ രചനകളുടെ ഡാനിഷ് മൂലത്തിൽ കാണുന്നില്ല. "Leap of faith" എന്ന് ഇപ്പോൾ പ്രചാരത്തിലുള്ള ഇംഗ്ലീഷ് പരിഭാഷകളിലും ഇല്ല. എന്നാൽ 'വിശ്വാസം' 'കുതിച്ചുചാട്ടം' എന്നീ സങ്കല്പങ്ങൾ ഒന്നിച്ച് തന്റെ രചനകളിൽ കീർ‌ക്കെഗാഡ് പലവട്ടം പ്രയോഗിക്കുന്നുണ്ട്. See Faith and the Kierkegaardian Leap in Cambridge Companion to Kierkegaard.
  43. ക്രൈസ്തവജീവിതത്തിൽ സംശയത്തിനുള്ള സ്ഥാനത്തിൽ കീർ‌ക്കെഗാഡ് ആവർത്തിച്ച് ഊന്നൽ കൊടുത്തു. അദ്ദേഹത്തിന്റെ ഡയറിയിലെ ഒരു ഭാഗം പാപമോചനം എന്ന ആശയത്തെ ഇങ്ങനെ വിശദീകരിക്കുന്നു: "പാപമോചനത്തിൽ വിശ്വസിക്കുകയെന്നത് ഒരുമനുഷ്യനെ ആത്മാവാക്കി മാറ്റുന്ന നിർണ്ണായക ദശാസന്ധിയാണ്; പാപമോചനത്തിൽ വിശ്വസിക്കാത്തവൻ ആത്മാവല്ല. ... സ്വന്തം പാപങ്ങളുടെ മോചനത്തിൽ വിശ്വസിക്കുകയെന്നത് എന്താണെന്ന് അനുഭവിച്ചിരിക്കുകയും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവൻ മറ്റൊരു മനുഷ്യനായി മാറുന്നു." Søren Kierkegaard's Journals and Papers, ed. by Howard V. Hong, VIII A 673 n.d., 1848., Indiana University Press, 1976, ISBN 0-253-18240-9
  44. Kierkegaard, Søren. Concluding Unscientific Postscript to Philosophical Fragments, Princeton University Press, 1992, ISBN 0-691-02082-5
  45. Kierkegaard, Søren. The Point of View, Princeton University Press, 1998, ISBN 0-691-05855-5
  46. Adorno, Theodor W. Kierkegaard: Construction of the Aesthetic, University of Minnesota Press, 1933 (reprint 1989), ISBN 0-8166-1186-6
  47. 47.0 47.1 Morgan, Marcia. "Adorno's Reception of Kierkegaard: 1929–1933". University of Potsdam. Archived from the original on 2006-09-20. Retrieved 2008-10-06.
  48. "Søren Kierkegaard's Journal Commentary". D. Anthony Storm. Archived from the original on 2009-05-13. Retrieved 2008-10-07.
  49. Kirmmse, Bruce. "Review of Habib Malik, Receiving Søren Kierkegaard". Stolaf. Archived from the original on 2008-05-20. Retrieved 2008-10-07.
  50. Angier, Tom. Either Kierkegaard/or Nietzsche: Moral Philosophy in a New Key, Ashgate Publishing 2006, ISBN 0-7546-5474-5
  51. 51.0 51.1 Sartre, Jean-Paul. "Existentialism is a Humanism". World Publishing Company.
  52. Dreyfus, Hubert. Being-in-the-World: A Commentary on Heidegger's Being and Time, Division I. MIT Press, 1998. ISBN 0-262-54056-8.
  53. Westphal, Merold. A Reading of Kierkegaard's Concluding Unscientific Postscript, Purdue University Press 1996, ISBN 1-55753-090-4
  54. Lippitt, John. Kierkegaard and Fear and Trembling, Routledge 2003, ISBN 0-415-18047-3
  55. Katz, Claire Elise. "The Voice of God and the Face of the Other". Penn State University. Archived from the original on 2011-06-29. Retrieved 2008-10-08.
  56. "D. Anthony Storm's Commentary on the Postscript". D. Anthony Storm. Archived from the original on 2007-05-10. Retrieved 2008-10-08.
  57. "Georg Brandes". Books and Writers. Archived from the original on 2004-06-04. Retrieved 2008-10-08.
  58. എന്നാൽ കീർ‌ക്കെഗാഡിന്റെ കൃതികളിലെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ ഒരു സ്വതന്ത്രപരിഭാഷ ലീ ഹോളൻഡർ നടത്തിയത് 1923-ൽ ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  59. "Søren Kierkegaard Forskningscenteret". University of Copenhagen. Archived from the original on 2006-07-19. Retrieved 2008-10-08.
  60. Weston, Michael. Kierkegaard and Modern Continental Philosophy. Routledge, 1994, ISBN 0-415-10120-4
  61. Popper, Sir Karl R. തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യത്തിലെ ഹേഗലും മാർക്സും എന്ന പ്രബന്ധം.. Routledge, 2002, ISBN 0-415-29063-5
  62. McGee, Kyle. "Fear and Trembling in the Penal Colony". Kafka Project. Archived from the original on 2010-06-28. Retrieved 2008-10-08.
  63. Kierkegaard, Søren with Foreword by John Updike. The Seducer's Diary, Princeton University Press, 1997, ISBN 0-691-01737-9
  64. Matustik, Martin Joseph and Merold Westphal (eds). Kierkegaard in Post/Modernity, Indiana University Press, 1995, ISBN 0-253-20967-6
  65. മത്തായിയുടെ സുവിശേഷം 17:4 "പത്രോസ് പറഞ്ഞു: കർത്താവേ, ഇവിടെയായിരിക്കുന്നത് നമുക്ക് നന്ന്"
  66. കോപ്പൻഹേഗൻ രാജകീയ ഗ്രന്ഥാലയം - സോറെൻ കീർക്കെഗാഡിന്റെ ചിത്രങ്ങൾ

ഗ്രന്ഥസൂചി

[തിരുത്തുക]
  • Jens Staubrand: Jens Staubrand: Søren Kierkegaard’s Illness and Death, Copenhagen 2009. ISBN 978-87-92259-92-9. The book is in English and Danish.
  • Jens Staubrand: Søren Kierkegaard: International Bibliography Music works & Plays, New edition, Copenhagen 2009. ISBN 978-87-92259-91-2. The book is in English and Danish.
  • P. Houe and Gordon D. Marino ed.: Søren Kierkegaard and the words. Essays on hermeneutics and communication, Copenhagen 2003.
  • Cd: ’‘Søren Kierkegaard - Set To Music’’, Copenhagen 1998. Music by Samuel Barber, Niels Viggo Bentzon, Finn Høffding, John Frandsen etc.
  • Cd: ’’Søren Kierkegaard - Forførerens Dagbog og Sofia Gubaidulina’’, Copenhagen 1998. Musically accompanied readings of The Seducers Diary.
  • Garff, Joakim, 2005. Søren Kierkegaard: A Biography, Princeton University Press. ISBN 0-691-09165-X
  • Hannay, Alastair, 2003. Kierkegaard: A Biography (new ed.). Cambridge University Press. ISBN 0-521-53181-0
  • Hong, Howard V. and Edna H., 2000. The Essential Kierkegaard. Princeton University Press. ISBN 0-691-03309-9
  • MacDonald, William. Stanford Encyclopedia of Philosophy: Søren Kierkegaard.
  • Skopetea, Sophia, Kierkegaard og graeciteten, En Kamp med ironi, 1995, C.A.Reitzel Forlag, Denmark, ISBN 87-7421-95 (In Danish with synopsis in English)
  • Storm, D. Anthony. "Commentary on Kierkegaard."

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ജേർണ്ണൽ, നോട്ടുപുസ്തകം

[തിരുത്തുക]

തത്ത്വചിന്താപരമായ രചനകൾ (വ്യാജനാമത്തിൽ എഴുതിയവ)

[തിരുത്തുക]

ദൈവശാസ്ത്രസംബന്ധിയായ രചനകൾ (സ്വന്തം പേരിൽ എഴുതിയവ)

[തിരുത്തുക]

മറ്റ് ഉറവിടങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോറൻ_കീർക്കെഗാഡ്&oldid=4115005" എന്ന താളിൽനിന്ന് ശേഖരിച്ചത്