സെൽജ്യൂക്ക് സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനൊന്നു മുതൽ പതിനാലു വരെ നൂറ്റാണ്ടുകളിൽ മദ്ധ്യേഷ്യയുടേയും മദ്ധ്യപൂർവദേശത്തിന്റേയും കുറേ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു സാമ്രാജ്യമാണ് സെൽജ്യൂക് സാമ്രാജ്യം. ഓഘുസ് അഥവാ ഘുസ് തുർക്കികളുടെ ഖ്വിനിഖ് വിഭാഗത്തിൽപ്പെട്ടവർ സ്ഥാപിച്ച ഒരു സുന്നി മുസ്ലീം സാമ്രാജ്യമാണിത്. കിഴക്ക് ഹിന്ദുകുഷ് മുതൽ പടിഞ്ഞാറ് അനറ്റോളിയയുടെ കിഴക്കുഭാഗം വരെയും, വടക്ക് മദ്ധ്യേഷ്യ മുതൽ തെക്ക് പേർഷ്യൻ ഗൾഫ് വരെയും ഈ സാമ്രാജ്യത്തിന്റെ അധീനതയിലിരുന്നു. ആറൾ കടലിനടുത്താണ് സെൽജ്യൂക്ക് തുർക്കികളുടെ ആദ്യകാല വാസസ്ഥലം ഇവിടെ നിന്നും ഖുറാസാനിലേക്കും, പേർഷ്യയിലേക്കും തുടർന്ന് കിഴക്കൻ അനറ്റോളിയയിലേക്കും ഇവർ കടന്നു. ചിതറിക്കിടന്നിരുന്ന കിഴക്കൻ ഇസ്ലാമികദേശങ്ങളെ ഒന്നിപ്പിച്ച് ഒന്നും രണ്ടും കുരിശുയുദ്ധകാലത്ത് പ്രധാനപങ്കുവഹിക്കാൻ സെൽജ്യൂക്ക് സാമ്രാജ്യത്തിനായി. അതുപോലെ പേർഷ്യൻ സംസ്കാരവും ഭാഷയും സ്വാംശീകരിച്ച ഇവർ തുർക്കോ-പേർഷ്യൻ സംസ്കാരത്തിന്റെ വികാസത്തിലും മുഖ്യപങ്കു വഹിച്ചു.

ആരംഭം[തിരുത്തുക]

സെൽജ്യൂക്ക് ബെഗ് എന്ന പരമപിതാമഹന്റെ വംശാവലിയിലുള്ളവരെന്ന് വിശ്വസിക്കുന്നതിനാലാണ് ഈ സാമ്രാജ്യസ്ഥാപകർ സെൽജ്യൂക്ക് തുർക്കികൾ എന്നറിയപ്പെടുന്നത്. സെൽജ്യൂക്ക് ബെഗിന്റെ നേതൃത്വത്തിൽ ഏതാണ്ട് 950-മാണ്ടിനോടടുത്ത് ഇവർ ഖ്വാറസമിൽ എത്തുകയും ഇവിടെ വച്ച് ഇവർ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു[1]. പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യ കാൽ ഭാഗം വരെ സെൽജ്യൂക്കുകളെ നയിച്ച സെൽജ്യൂക്ക് ബെഗിന്റെ കാലശേഷമുള്ള തുഗ്രൂൽ ബെഗ് ആണ് സെൽജ്യൂക്ക് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്. 1037-ആമാണ്ടിലാണ് ഈ സാമ്രാജ്യത്തിന്റെ സ്ഥാപനം.

ആദ്യകാലത്ത് ഖ്വാറക്കനിഡുകൾക്കെതിരെ പോരാട്ടത്തിൽ സെൽജ്യൂക്കുകൾ, സമാനികളുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ ഖ്വാറക്കനിഡുകളോട് തോറ്റ് സമാനി സാമ്രാജ്യം അസ്തമിച്ചെങ്കിലും സെൽജ്യൂക്കുകൾ പിടിച്ചുനിന്നു.

വികാസം[തിരുത്തുക]

1040-ൽ മസൂദിന്റെ നേതൃത്വത്തിലുള്ള ഗസ്നവികളെ, സെൽജൂക്കുകൾ മാർവിനടുത്തുള്ള ഡാൻഡൻ‌ഖ്വാനിൽ വച്ച് പരാജയപ്പെടുത്തി. ഇതേ വർഷം തന്നെ ഖുറാസാനിലെ ഗസ്നവി തലസ്ഥാനമായിരുന്ന നിഷാപൂരും‍, സെൽജൂക്കുകളുടെ നിയന്ത്രണത്തിലായി. ഇതിനെത്തുറർന്ന് ഗസ്നവി സുൽത്താൻ സെൽജൂക്കുകളുമായി ഒരു സന്ധിയിൽ ഏർപ്പെടുകയും ഇതനുസരിച്ച് ഇന്നത്തെ അഫ്ഗാനിസ്താന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങൾ സാൽജൂക്കുകൾക്ക് വിട്ടുനൽകി.

സാൽജൂക്ക് തുർക്കികളുടെ ഈ വിജയത്തെത്തുടർന്ന് ഇറാനിയൻ പീഠഭൂമിയിലേക്കും അവിടെ നിന്ന് പടിഞ്ഞാറേക്കും തുർക്കിക് വംജരുടെ വൻപ്രവാഹം തന്നെയുണ്ടായി.[2] പട്ടുപാതയിലെ സാധനക്കടത്തിന് ചുങ്കം ചുമത്തിയാണ് സെൽജ്യൂക്കുകൾ വരുമാനമുണ്ടാക്കിയത്.[3]

1055-ൽ സാൽജൂക്കുകൾ ബാഗ്ദാദ് പിടിച്ചെടുത്തു. ഇക്കാലത്ത് പടിഞ്ഞാറൻ ഇറാനിൽ നിന്നുള്ള ഷിയാ മുസ്ലീങ്ങളായിരുന്ന ബുയിദുകളായിരുന്നു ബാഗ്ദാദിൽ അധികാരത്തിലിരുന്നത്. സുന്നികളായിരുന്ന സെൽജ്യൂക്കുകൾ ബുയിദുകൾക്കെതിരെ പോരാടിയതോടെ സുന്നി പാരമ്പര്യത്തിന്റെ സം‌രക്ഷകരായി അബ്ബാസി ഖലീഫ സാൽജ്യൂക്കുകളെ അംഗീകരിച്ചു. സാൽജൂക്കുകളുടെ കടന്നുവരവ്, അബ്ബാസി ഖലീഫ അർദ്ധമനസോടെ സ്വാഗതം ചെയ്യുകയും ചെയ്തു. സാൽജ്യൂക്കുകൾ, ഖലീഫയെ വലിയ അധികാരങ്ങളൊന്നുമില്ലാതെ ബാഗ്ദാദിൽ ഒരു പാവഭരണാധികാരിയാക്കി വാഴിച്ചു.

1071-ൽ സാൽജൂക്കുകൾ വീണ്ടും പടിഞ്ഞാറുദിക്കിലേക്ക്ക് നീങ്ങി അനറ്റോളിയയിലെത്തി. അവിടെ മലസ്‌ഗിർദിൽ (malasgird) വച്ച് സാൽജൂക്കുകളുടെ സുൽത്താനായിരുന്ന ആല്പ് അർസ്‌ലാന്റെ (ഭരണകാലം : 1063-73) നേതൃത്വത്തിൽ ബൈസാന്റൈൻ ചക്രവർത്തിയായിരുന്ന റൊമാനസ് ഡയോജനസിനെ പരാജയപ്പെടുത്തി. ഇതിനെത്തുടർന്ന് വൻതോതിൽ തുർക്കിക് വംശജർ അനറ്റോളിയയിലേക്ക് പ്രവഹിക്കാൻ തുടങ്ങി. അങ്ങനെ അനറ്റോളിയയുടെ പേര് തന്നെ തുർക്കി എന്നായി മാറി.[2]

അവലംബം[തിരുത്തുക]

  1. Wink, Andre, Al Hind the Making of the Indo Islamic World, Brill Academic Publishers, Jan 1, 1996, ISBN 90-04-09249-8 pg.9
  2. 2.0 2.1 Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 196. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 
  3. Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 19. ഐ.എസ്.ബി.എൻ. 978-1-59020-221-0. 
"https://ml.wikipedia.org/w/index.php?title=സെൽജ്യൂക്ക്_സാമ്രാജ്യം&oldid=2198715" എന്ന താളിൽനിന്നു ശേഖരിച്ചത്