Jump to content

തുർക്കിഷ് സിനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തുർക്കിയുടെ സാംസ്ക്കാരിക മേഖലയിൽ വളരെ വലിയ സ്ഥാനമാണ് തുർക്കിഷ് സിനിമയ്ക് ഉള്ളത്. തുർക്കിഷ് സിനിമാ വ്യവസായം പൊതുവേ ഗ്രീൻ പൈൻ (Yeşilçam) എന്ന് അറിയപ്പെടുന്നു.[1]

ചരിത്രം

[തിരുത്തുക]

19-ആം ശതകത്തിന്റെ അന്ത്യത്തിലാണ് തുർക്കിയിൽ ചലച്ചിത്രപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1897-ൽ ആദ്യത്തെ ചലച്ചിത്ര പ്രദർശനം നടന്നു. വിദേശീയരായ വിദഗ്ദ്ധർ നിർമിച്ച ഡോക്യുമെന്ററികളാണ് ആദ്യകാലത്ത് പ്രചാരം നേടിയത്. 1914-ൽ പൂർത്തിയാക്കിയ "ദ ഡിമോളിഷൻ ഒഫ് ദ റഷ്യൻ മോണുമെന്റ് അറ്റ് സെയ്ന്റ് സ്റ്റീഫൻ" എന്ന ഡോക്യുമെന്ററിയാണ് ഒരു തുർക്കിക്കാരൻ നിർമിച്ച ആദ്യത്തെ ചലച്ചിത്രം. ഒട്ടോമൻ സൈന്യത്തിലെ ഓഫീസറായ ഫുവട്ട് ഉസ്കിനേ ആണ് ഇതിന്റെ നിർമാതാവ്.[2] 1915-ൽ സ്ഥാപിതമായ ആർമി ഫിലിം സെന്ററിനുവേണ്ടി പല ഡോക്യുമെന്ററികളും നിർമ്മിക്കപ്പെട്ടു. ഒട്ടൊമൻ യുദ്ധകാര്യ മന്ത്രിയായ എൻവർ പാഷയാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്.

1950-കൾക്ക് മുൻപ്

[തിരുത്തുക]

ആദ്യത്തെ ഡോക്യുമെന്ററി പ്രദർശനം കഴിഞ്ഞ് ഇരുപത് വർഷങ്ങൾക്കു ശേഷമാണ് ആദ്യത്തെ ഫീച്ചർ ഫിലിം നിർമ്മിക്കപ്പെട്ടത്. "ദ മാരേജ് ഒഫ് ഹിമ്മത് അഗാ" എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണം 1916-ൽ ആരംഭിച്ചുവെങ്കിലും ഒന്നാം ലോകയുദ്ധത്തിനുശേഷമാണ് അതു പൂർത്തിയാക്കിയത്. ആദ്യകാല ഫീച്ചർ ഫിലുമുകളായ "ദ ക്ലാ" (1917), "ദ സ്പൈ" (1917) എന്നിവ നിർമിച്ചത് നാഷണൽ ഡിഫൻസ് അസോസിയേഷനായിരുന്നു. പത്രപ്രവർത്തകനായിരുന്ന സെദത്ത് സിമവിയായിരുന്നു സംവിധായകൻ.

ആദ്യത്തെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ 'കെമൽ ഫിലിം' സെദെത്ത് സഹോദരന്മാരുടെ മേൽനോട്ടത്തിൽ 1922-ൽ സ്ഥാപിതമായി. രണ്ട് വർഷക്കാലം മാത്രം പ്രവർത്തിച്ച ഈ കമ്പനി നാല് ഫീച്ചർ ഫിലിമുകൾ നിർമിച്ചു. എ ലവ് ട്രാജഡി ഇൻ ഇസ്താംബുൾ (1922), ദ് മിസ്റ്ററി ഓൺ ദ ബോസ്ഫറസ് (1922), ദ ഷർട്ട് ഒഫ് ഫയർ (1923), ദ ട്രാജഡി അറ്റ് കിസ് കുളസി (1923) എന്നിവയാണിവ. നാടക നടനും സംവിധായകനുമായ മുഹ്സിൻ എർത്തുഗ്രുൽ ആയിരുന്നു ഇവയുടെ സംവിധായകൻ. തുടർന്നുള്ള രണ്ട് ദശകക്കാലം സിനിമാസംവിധാനരംഗത്ത് മുന്നിട്ടു നിന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഇക്കാലത്തു നിർമിച്ച മിക്ക ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളും നാടകവേദിയിൽ നിന്ന് കടംകൊണ്ടവയായിരുന്നു. മിക്ക സിനിമാ സംവിധായകരും നാടകസംവിധായകർ കൂടിയാണത്. ഇത് തുർക്കി സിനിമയുടെ ഭാവിയെ സാരമായി സ്വാധീനിച്ചു.

1923-ൽ നിലവിൽ വന്ന തുർക്കി റിപ്പബ്ളിക് ഭരണകൂടം പാശ്ചാത്യ സ്വാധീനമുള്ള സംഗീത-നാടക കലകളെ പ്രോത്സാഹിപ്പിച്ചുവെങ്കിലും ചലച്ചിത്രരംഗത്തെ അവഗണിക്കുകയാണുണ്ടായത്. 1928-ൽ ഇപെക് ഫിലിം എന്ന പേരിൽ ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി നിലവിൽവന്നു. ഒരു ദശകക്കാലം ചലച്ചിത്രരംഗത്ത് സജീവമായി പ്രവർത്തിച്ചത് ഈ കമ്പനി മാത്രമായിരുന്നു. 1930-കളിൽ എർത്തുഗ്രുൽ എന്ന സംവിധായകൻ ഇരുപതോളം ചലച്ചിത്രങ്ങൾ പുറത്തിറക്കി. "ദ സ്ട്രീറ്റ്സ് ഒഫ് ഇസ്താംബുൾ" (1931), എ നേഷൻ എവേക്കൻസ് (1932), ദ മില്ല്യൻ ഹണ്ടേഴ്സ് (1934), വിക്റ്റിംസ് ഒഫ് ലസ്റ്റ് (1940) എന്നിവ ഇവയിൽ ഉൾപ്പെടുന്നു. പാശ്ചാത്യ സ്വാധീനം മുന്നിട്ടുനിന്ന ഈ ചലച്ചിത്രങ്ങൾ തുർക്കിയുടെ സാംസ്കാരിക പാരമ്പര്യത്തിന് ഇണങ്ങുന്നവയായിരുന്നില്ല. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ സ്വതന്ത്രമായ സംവിധാനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

തുർക്കിയിൽ ഏകകക്ഷി ഭരണം അവസാനിച്ചതോടെ ഇപെക് ഫിലിം കമ്പനിക്കു ബദലായി ഹക്കാ ഫിലിം കമ്പനി സ്ഥാപിക്കപ്പെട്ടു. യുവസിനിമാസംവിധായകരായ ഫാറൂഖ് കെൻക്, സ്കാഡൻ കാമിൽ എന്നിവർ കമ്പനിക്കുവേണ്ടി പല ഫീച്ചർ ഫിലിമുകളും സംവിധാനം ചെയ്തു. ഇവരെ പിന്തുടർന്ന് ബാഹാ ഗെലെൻ ബെവി, അയ്ഡിൻ അരാക്കോൺ മുതലായ യുവ സംവിധായകരും രംഗത്തുവന്നു. മാമൂലുകൾക്കെതിരെ പൊരുതിയ ഇക്കൂട്ടർ സിനിമയ്ക്ക് നവജീവൻ പ്രദാനം ചെയ്തു. ഇവരുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി പുതിയ സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ദ്ധരും മുന്നോട്ടുവന്നു. ദേശീയ ചലച്ചിത്രനിർമ്മാണത്തിനുള്ള നികുതി വെട്ടിക്കുറയ്ക്കാൻ ഭരണകൂടം നിർബന്ധിതമായി.

സുവർണ്ണ കാലഘട്ടം

[തിരുത്തുക]

1950-കളിൽ അഡ്നൻ മെൻഡജരസിന്റെ നേതൃത്വത്തിൽ നിലവിൽവന്ന ബഹുകക്ഷി ഭരണകൂടം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വമ്പിച്ച പരിവർത്തനമുളവാക്കി. ഇസ്താംബുളിലെ ഗ്രീൻപൈൻ സ്ട്രീറ്റിലേക്കു നീങ്ങിയ ബിസിനസുകാർ പുതിയ ചലച്ചിത്രനിർമ്മാണ കമ്പനികൾക്ക് രൂപംനൽകി. 1917-47 കാലയളവിൽ നിർമിച്ച ചലച്ചിത്രങ്ങൾ 58 ആയിരുന്നെങ്കിൽ 1956 ആയപ്പോഴേക്ക് അത് 359 ആയി വർധിച്ചു. 1957-നുശേഷം വർഷംപ്രതി ആറ് മുതൽ ഇരുനൂറ്വരെ ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടു. ഗ്രീൻ പൈൻ സിനിമ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ചലച്ചിത്രങ്ങളുടെ എണ്ണത്തിലുള്ള വർധന അവയുടെ ഗുണമേന്മ മെച്ചപ്പെടുത്തുവാനും വഴിയൊരുക്കി.

1949-ൽ പുറത്തുവന്ന ഡെത്ത് റ്റു ദ വോർ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധേയനായ ഒമർ ലുത്ഫി അകദ് എന്ന യുവസംവിധായകന്റെ ഇൻ ദ് നെയം ഒഫ് ദ് ലാ (1952) തുർക്കി സിനിമയിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചു. സംവിധാനത്തിലും എഡിറ്റിങ്ങിലുമെല്ലാം നൂതനമായ ഒരു ശൈലി പുലർത്തുന്ന ചിത്രമാണിത്. കില്ലർ സിറ്റി (1954), ദ വൈറ്റ് ഹാൻഡ്കർച്ചീഫ് (1955) എന്നിവയാണ് അകദിന്റെ ശ്രദ്ധേയമായ മറ്റു ചലച്ചിത്രങ്ങൾ. ഗ്രാമീണ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണ് ദ് വൈറ്റ് ഹാൻഡ്കർച്ചീഫ്. അകദിനെ അനുകരിച്ച് രംഗത്തുവന്ന മെതിൻ എർക്സാൻ, അതിഫ് ഇൽമസ്, ഒസ്മാൻ ഡെഡൻ മുതലായ യുവസംവിധായകർ നവീന ചലച്ചിത്രങ്ങൾക്ക് രൂപംനൽകി. അതിഫ് ഇൽമാസ് സംവിധാനം ചെയ്ത ദ് ബ്രൈഡ്സ് മുറത്, അലഗെയ്ക്ക്, ദ് പാഷൻ ഒഫ് കരകാവോഗ്ലാൻ മുതലായ ചിത്രങ്ങൾ തുർക്കി നാടോടി സാഹിത്യത്തിൽ അധിഷ്ഠിതമാണ്.

ത്രി ഫ്രൺഡ്സ് എന്ന ചലച്ചിത്രം സംവിധാനം ചെയ്ത മെമ്ദു ഉൻ ഈ കാലയളവിലെ ഒരു മികച്ച സംവിധായകനാണ്. ചലച്ചിത്രരംഗത്ത് പല പരീക്ഷണങ്ങളും നടത്തിയ ഒസ്മാൻ ഡെഡന്റെ ദി എനിമി കട്ട് ഡൌൺ ദ് വേസ് (1959), ഫോർ ദ് സേക് ഒഫ് ഓണർ (1960) എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി. അക്രമവും ലൈംഗികതയും തുർക്കി സിനിമയിലേക്ക് കൊണ്ടുവന്നത് ഇദ്ദേഹമാണ്. അഭിനേതാക്കൾ എന്ന നിലയിൽ പ്രശസ്തിയാർജിച്ചവരിൽ അയ്ഹാൻ ഇഷിക്ക്, ബെൽജിൻദോരുക്, മുഹ്തെരം നൂർ, ഗോസ്കെൽ അർഡോയ് എന്നിവരുൾപ്പെടുന്നു.

1960-ൽ പട്ടാളഭരണം നിലവിൽ വന്ന ശേഷം തുർക്കിയുടെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പരിവർത്തനമുണ്ടായി. സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള സംഘട്ടനം 1970- കൾ വരെ തുടർന്നു. പ്രശസ്ത സിനിമാ സംവിധായകനായ മെതിൻ എർക്സന്റെ നേതൃത്വത്തിൽ സോഷ്യൽ റിയലിസത്തിലുള്ള കലാസൃഷ്ടികൾ നാടെങ്ങും പ്രചരിച്ചു. എർക്സന്റെ ദ് റിവഞ്ച് ഒഫ് ദ് സർപ്പന്റ്സ് (1962), ഡ്രൈ സമ്മർ (1963) എന്നീ ചലച്ചിത്രങ്ങൾ അന്താരാഷ്ട്ര പ്രശസ്തി നേടി. 1964-ലെ ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഡ്രൈ സമ്മർ എന്ന ചിത്രത്തിന് ഗോൾഡൻ ബെയർ അവാർഡ് ലഭിച്ചു. തുർക്കി ഗ്രാമങ്ങളിലെ ജീവിതവൈരുദ്ധ്യങ്ങളെയാണ് എർക്സൻ ചിത്രീകരിച്ചത്. സെഡന്റെ ഫോർ ദ് സേക് ഒഫ് ഓണർ, അതിഫ് ഇൽമസിന്റെ ദ് ക്രിമിനൽ (1960) എന്നീ ചിത്രങ്ങളും സോഷ്യൽ റിയലിസ്റ്റ് ശൈലിയിൽ സംവിധാനം ചെയ്തിട്ടുള്ളതാണ്.

തുർക്കി സാഹിത്യകാരനും ചിന്തകനുമായ കെമാൽ താഹി റിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ ഹലിത് റെഫിഗ് എന്ന സിനിമാ സംവിധായകൻ സമാനമനസ്കരുമായി ചേർന്ന് 'നാഷണൽ സിനിമാ മൂവ്മെന്റി'ന് പ്രാരംഭം കുറിച്ചു. തുർക്കി ദേശീയ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ഫൊർബിഡൻ ലൌ (1960), ദ് സ്ട്രേഞ്ചർ ഇൻ ടൌൺ (1963), ഫോർ വിമൻ ഇൻ ദ് ഹാരം (1965), ഐ ലോസ്റ്റ് മൈ ഹാർട്ട് റ്റു എ ടർക്ക് (1969), മദർ ഫാത്ത്(1973) എന്നീ ചലച്ചിത്രങ്ങൾ റെഫിഗ് സംവിധാനം ചെയ്തു. മെതിൻ എർക്സന്റെ എ ടൈ റ്റു ലൌ, അകദിന്റെ ദ് ലാ ഒഫ് ദ് ബോർഡർ (1966), റെഡ് റിവർ, ബ്ളാക് ഷിപ്പ് (1967), ദ് റിവർ (1972), ദ് ബ്രൈഡ് ട്രിലജി (1967), ദ് വെഡിങ് (1974), ദ് റിറ്റാലിയേഷൻ (1975), അതിഫ് ഇൽമസിന്റെ കൊസനോഗ്ളു (1967), കൊറോഗ്ളു (1968) എന്നിവയാണ് ഈ പ്രസ്ഥാനത്തിലെ മികച്ച മറ്റ് കലാസൃഷ്ടികൾ.

ഇസ്ലാമിക് ആശയങ്ങളിൽ അധിഷ്ഠിതമായ മറ്റൊരു ചലച്ചിത്ര പ്രസ്ഥാനവും ഇക്കാലത്ത് രൂപംകൊള്ളുകയുണ്ടായി. സിനിമാസംവിധായകനും നിരൂപകനുമായ യുസൽ കക്ക്മക്ലിയാണ് ഇതിന് നേതൃത്വം നൽകിയത്. ഈ വിഭാഗക്കാർ നിർമിച്ച ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ ദ് കൺവേർജിങ് പാത്സ്, മൈ കൺട്രി എന്നിവ ഉൾപ്പെടുന്നു. 1960-കളിൽ ടെലിവിഷന്റേയും വീഡിയൊയുടേയും ആഗമനത്തോടെ തുർക്കി സിനിമാനിർമ്മാണം മന്ദീഭവിച്ചു. ഈ പ്രതിസന്ധി തരണം ചെയ്യുവാനായി ലൈംഗികാതിപ്രസരമുള്ള ചലച്ചിത്രങ്ങൾ വളരെയേറെ നിർമ്മിക്കപ്പെട്ടുവെങ്കിലും കുടുംബ സദസ്സുകൾ സിനിമയിൽ നിന്നകലുകയാണുണ്ടായത്.

ന്യൂവേവ് കാലഘട്ടം

[തിരുത്തുക]

1970-കളിൽ ഇല്ഡമല് ഗുനേയുടെ നേതൃത്വത്തിൽ ഒരുപറ്റം ചെറുപ്പക്കാർ 'ന്യൂവേവ് സിനിമ' അവതരിപ്പിക്കാനാരംഭിച്ചു. 1970-ൽ ഗുനേ സംവിധാനം ചെയ്ത ദ് ഹോപ് എന്ന ചിത്രം തുർക്കി സിനിമാരംഗത്ത് പ്രതീക്ഷകളുയർത്തി. ഇറ്റാലിയൻ നിയോറിയലിസത്തിൽ ആകൃഷ്ടനായ ഗുനേ തികച്ചും നൂതനമായൊരു സംവിധാന ശൈലിയാണ് സ്വീകരിച്ചത്. ഇദ്ദേഹത്തെത്തുടർന്നു വന്ന പ്രഗൽഭ സംവിധായകനായ സെകി ഓക്നെന്റെ റിട്ടേൺ ഒഫ് ദ് സോൾജിയർ എന്ന ചിത്രത്തിൽ മനഃശാസ്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ദ ഹോഡ് (1978), ദി എനിമി (1980) എന്നീ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചത് സെകിയും തിരക്കഥാരചന നടത്തിയത് ഗുനേയുമായിരുന്നു. സ്ട്രൈക് ദി ഇന്ററസ്റ്റ്സ് (1982), ദ റെസ്ലർ (1984), ദ വോയ്സ് (1986) എന്നിവയാണ് സെകിയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

'ന്യൂ ടർക്കിഷ് സിനിമ'യ്ക്ക് സംഭാവന നൽകിയവരിൽ സെരിഫ് ഗോറൻ, എർദിൻ കിരൾ, ഓമർ കവൂർ എന്നിവരും ഉൾപ്പെടുന്നു. ദി എർത്ത് ക്വേക്ക് (1976), ദ റിവർ (1977), സ്റ്റേഷൻ (1977), ദ റെമഡി (1983), ബ്ളഡ് (1985), യു സിങ് യുവർ സോങ്സ് (1986) എന്നിവയാണ് സെരിഫ് ഗോറന്റെ മികച്ച ചിത്രങ്ങൾ. എർദിൻ കിരലിന്റെ എ സീസൺ ഇൻ ഹക്കറി എന്ന ചിത്രത്തിന് 1983-ലെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ സെക്കൻഡ്-പ്രൈസ് ലഭിച്ചു. മിസ്റ്റിക് സ്വഭാവമാർന്ന ദ ബ്ളു എക്സൈൽ (1993) എന്ന ചിത്രവും ഏറെ പ്രശംസിക്കപ്പെട്ടു. പാരീസിൽ ഫിലിം നിർമ്മാണത്തിൽ വിദഗ്ദ്ധ പരിശീലനം നേടിയ ഓമർ കവുർ സംവിധാനം ചെയ്ത ചിത്രങ്ങളിൽ സ്വയം കണ്ടെത്തലിനാണ് പ്രാമുഖ്യം കൽപിച്ചിരിക്കുന്നത്. യൂസഫ് ആൻഡ് കെനൻ (1979), ഓ ബ്യൂട്ടിഫുൾ ഇസ്താംബുൾ (1981), എ ബ്രോക്കൺ ലൌ സ്റ്റോറി (1982), ദ മെഴ്സിലസ് റോഡ് (1985), ദ ഹോട്ടൽ അനയുർത്ത് (1986), ദ സീക്രട്ട് ഫേസ് (1991) എന്നിവ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

1980-കളിലും 90-കളിലും പല നൂതന പ്രവണതകളും തുർക്കി സിനിമയിൽ പ്രകടമായി. 80-കളിൽ സ്ത്രീപക്ഷ ചലച്ചിത്രങ്ങൾ ഏറെ പ്രചാരം നേടി. തുർക്കി സമൂഹം അംഗീകരിക്കാത്ത അഭിസാരികകളും മറ്റും കഥാപാത്രങ്ങളായ ചലച്ചിത്രങ്ങൾ ഇവയിലുൾപ്പെടുന്നു. തുർക്കി പാരമ്പര്യത്തിൽ നിന്നു വ്യതിചലിക്കാതെ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത ഹലിന് റെഫിഗിന്റെ ദ ലേഡി (1988), റ്റു സ്ട്രേഞ്ചേഴ്സ് (1990) എന്നീ ചലച്ചിത്രങ്ങൾ ഇക്കൂട്ടത്തിൽ എടുത്തുപറയത്തക്കവയാണ്. ഇസ്മയെൽ ഗുഹസ്, രെഹഎർഡം, ഒസ്മാൻ സിനവ്, ഓമർ കവുർ, എർദിൻ കിരൾ, യാവുസ് തുർഗുൻ തുടങ്ങിയ പ്രഗല്ഭർ ആധുനിക തുർക്കി സിനിമയെ പരിപോഷിച്ചുകൊണ്ടിരിക്കുന്നു.

സമകാലീന തുർക്കിഷ് സിനിമയിൽ നൂറി ബിൽജേ ജെയ്ലൻ, സെമിഹ് കാപ്ലനൊഗ്ലു എന്നിവർ അന്താരാഷ്ട തലത്തിൽ അംഗീകരിക്കപ്പെട്ട സംവിധായകരാണ്. ജെയ്ലൻ സംവിധാനം ചെയ്ത ത്രീ മങ്കീസ് 2008-ലെ കാൻസ് ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരത്തിന് അർഹമായി.[3] അദ്ദേഹത്തിന്റെ തന്നെ ഉസക്ക്, കസബ (1998), ക്ലൈമറ്റ്സ് (2006) എന്നിവയും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത ഹണി (2010) ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെയർ പുരസ്ക്കാരത്തി അർഹമായി.[4]

ചലച്ചിത്ര മേളകൾ

[തിരുത്തുക]
  • Istanbul International Film Festival [5] [6]
  • Antalya Film Festival[7] [8]
  • Ankara International Film Festival
  • Adana Film Festival
  • Ankara Flying Broom Women's Film Festival

അവലംബം

[തിരുത്തുക]
  1. YESILCAM (GREEN PINE) CINEMA
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-03. Retrieved 2011-09-02.
  3. "Festival de Cannes: Climates". festival-cannes.com. Archived from the original on 2014-10-09. Retrieved 2009-12-13.
  4. "Prizes & Honours Berlinale 2010". Archived from the original on 2013-10-15. Retrieved 2011-09-02.
  5. http://www.imdb.com/event/ev0000368/
  6. http://film.iksv.org/en
  7. http://www.imdb.com/event/ev0000033/
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-24. Retrieved 2011-09-02.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തുർക്കി സിനിമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറമേനിന്നുള്ള കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനക്ക്

[തിരുത്തുക]
  • Savaş Arslan: Cinema in Turkey: A New Critical History, Oxford University Press, 2011, ISBN13 9780195370065
  • Gönül Dönmez-Colin: Turkish Cinema: Identity, Distance and Belonging, Reaktion Books, 2008, ISBN 1-86189-370-1
  • Ekkehard Ellinger ; Kerem Kayi: Turkish cinema 1970 - 2007 : a bibliography and analysis, Frankfurt am Main [etc.]: Peter Lang, 2008, ISBN 978-3-631-56654-1
"https://ml.wikipedia.org/w/index.php?title=തുർക്കിഷ്_സിനിമ&oldid=3947520" എന്ന താളിൽനിന്ന് ശേഖരിച്ചത്