സുഷമാ സ്വരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുഷമ സ്വരാജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സുഷമാ സ്വരാജ്

ഒക്ടോബർ 2014-ലെ സുഷമാ സ്വരാജ്

നിലവിൽ
പദവിയിൽ 
26 May 2014
പ്രധാനമന്ത്രി Narendra Modi
മുൻ‌ഗാമി Salman Khurshid

പദവിയിൽ
21 December 2009 – 26 May 2014
മുൻ‌ഗാമി L. K. Advani
പിൻ‌ഗാമി Vacant

പദവിയിൽ
13 October 1998 – 3 December 1998
ഗവർണർ Vijai Kapoor
മുൻ‌ഗാമി Sahib Singh Verma
പിൻ‌ഗാമി Sheila Dikshit

Member of Parliament
from Vidisha
നിലവിൽ
പദവിയിൽ 
13 May 2009
മുൻ‌ഗാമി Rampal Singh
ജനനം (1952-02-14) 14 ഫെബ്രുവരി 1952 (67 വയസ്സ്)
Ambala Cantt, Punjab, India
പഠിച്ച സ്ഥാപനങ്ങൾKurukshetra University
Panjab University, Chandigarh
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
ജീവിത പങ്കാളി(കൾ)സ്വരാജ് കൗശൽ
പുരസ്കാര(ങ്ങൾ)മികച്ച പാർലിമെന്റേറിയനുള്ള അവാർഡ് 2004

16-മത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയും ഭാരതീയ ജനതാ പാർട്ടി അംഗവും, 15-മത് ലോകസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു സുഷമാ സ്വരാജ് (ഹിന്ദി: सुषमा स्वराज About this soundഉച്ചാരണം  (ജനനം 14 ഫെബ്രുവരി 1953). ഒരു മികച്ച പ്രസംഗക കൂടിയാണ് സുഷമാ സ്വരാജ്. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998)[1]. ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി [അവലംബം ആവശ്യമാണ്]എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ് [2]. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം.

ആദ്യകാല ജീവിതം[തിരുത്തുക]

ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി [3]. 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്. വിദ്യാർത്ഥി ജീവിതത്തിൽ തന്നെ സുഷമ അറിയപ്പെടുന്ന ഒരു പ്രസംഗക ആയിരുന്നു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും സുഷമ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി.ജെ.പി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദേവിലാൽ ആയിരുന്നു മുഖ്യമന്ത്രി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. പാകിസ്താനിൽ നിന്നുള്ള ബാലന് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കിയത് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ പിടിച്ചു പറ്റി. [4]

ഒരു സ്വകാര്യ ചടങ്ങിൽ
 • 1977-82 & 1987-90 : ഹരിയാന നിയമസഭാംഗം (രണ്ട് തവണ)
 • 1977-79 : ഹരിയാന തൊഴിൽ വകുപ്പ് മന്ത്രി, .
 • 1987-90 : വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഹരിയാന സംസ്ഥാന മന്ത്രി സഭ.
 • 1990 : രാജ്യസഭാംഗം
 • 1994-96 : കമ്മറ്റി ഓൺ ഗവൺമെന്റ് അഷ്വറൻസ് , രാജ്യസഭ.
 • 16 മെയ്-1 ജൂൺ. 1996 : പതിനൊന്നാം ലോക സഭാംഗം
 • 1996-98 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്
 • 1998 : പ്രതിരോധ വകുപ്പ് കമ്മറ്റി അംഗം
 • 13 ഒക്ടോബർ- 3 ഡിസംബർ 1998 : കമ്മറ്റി ഓഫ് പ്രിവിലേജസ് അംഗം
 • 1998-1999 : 12 ആം ലോകസഭാംഗം (രണ്ടാം തവണ)
 • ഏപ്രിൽ. 2000 : കേന്ദ്രമന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്; & ടെലികമ്മ്യൂണിക്കേഷൻസ് (അധികചുമതല)
 • 13 ഒക്ടോബർ മുതൽ-3 ഡിസംബർ 1998 : മുഖ്യമന്ത്രി - ഡെൽഹി (ഡെൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി)
 • ഓഗസ്റ്റ് 2004 - 2009 : രാജ്യസഭാംഗം (രണ്ടാം തവണ).
 • സെപ്തംബർ 1999-2004 കേന്ദ്ര മന്ത്രി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്.
 • ഒക്ടോബർ 1999- 2004 : കേന്ദ്രമന്ത്രി, ആരോഗ്യം - കുടുംബക്ഷേമം .
 • ഏപ്രിൽ 2006 : ചെയർപേഴ്സൺ കമ്മറ്റീ ഫോർ ഹോം അഫയേഴ്സ്, രാജ്യസഭ.

ലോകസഭാ അംഗം[തിരുത്തുക]

1990 ഏപ്രിലിൽ സുഷമാ സ്വരാജ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1996 വരെയുള്ള കാലഘട്ടത്തിലേക്കായിരുന്നു ഇത്. 1996 ൽ പതിനൊന്നാം ലോകസഭയിലേക്ക് ദക്ഷിണ ഡെൽഹിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു [5]. കോൺഗ്രസ്സിലെ പ്രബലനായിരുന്ന കപിൽ സിബലിനേയായിരുന്നു അന്ന് സുഷമ പരാജയപ്പെടുത്തിയത്. 114006 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു ലോകസഭയിലേക്കുള്ള സുഷമയുടെ കന്നി വിജയം [6]. 13 ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ആ മന്ത്രിസഭയിൽ സുഷമ, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായിരുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സുഷമ വീണ്ടും അതേ മണ്ഡലത്തിൽ നിന്നും 12-ആം ലോകസഭയിലേക്കു തിരിച്ചെത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ അജയ് മാക്കനെയാണ് 116713 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുഷമ പരാജയപ്പെടുത്തിയത് [7]. വാജ്പേയി മന്ത്രി സഭയിൽ വീണ്ടും ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഇത്തവണ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്നു.

ഡെൽഹി മുഖ്യമന്ത്രി[തിരുത്തുക]

1998 ൽ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ച് അവർ ഡെൽഹി നിയമസഭയിലേക്കു മത്സരിച്ചു. ഡെൽഹിയിലെ ഹൗസ് ഖാസ് മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ പ്രൊഫസർ കിരൺ വാലിയെ ആണ് സുഷമ പരാജയപ്പെടുത്തിയത് [8]. സുഷമസ്വരാജ് ഡെൽഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

സോണിയാ ഗാന്ധിക്കെതിരേ മത്സരം[തിരുത്തുക]

1999 ൽ കർണ്ണാടകയിലെ ബെല്ലാരിയിൽ നിന്നും കോൺഗ്രസ്സിന്റെ സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കാൻ പാർട്ടി സുഷമാ സ്വരാജിനോടാവശ്യപ്പെട്ടു. പാരമ്പര്യമായി കോൺഗ്രസ്സിനെ മാത്രം തുണയ്ക്കുന്ന ഒരു മണ്ഡലമാണ് ബെല്ലാരി. വളരെ ചുരുങ്ങിയ ദിവസത്തെ തിരഞ്ഞെടുപ്പു പര്യടനം കൊണ്ടു മാത്രം ബി.ജെ.പിക്ക് യാതൊരു അടിത്തറയുമില്ലാത്ത ബെല്ലാരി മണ്ഡലത്തിൽ സുഷമ 3,58,550 വോട്ടുകൾ നേടി [9]. 56,100 വോട്ടുകൾക്കാണ് സുഷമ അന്ന് പരാജയപ്പെട്ടത് [10].

വീണ്ടും പാർലമെന്റിലേക്ക്[തിരുത്തുക]

ഏപ്രിൽ 2000 ത്തിൽ ഉത്തർപ്രദേശിൽ നിന്നും സുഷമ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഉത്തർപ്രദേശിൽ നിന്നും, ഉത്തരാഖണ്ഡ് വേർപെടുത്തിയപ്പോൾ സുഷമ ഉത്തരാഖണ്ഡ് മണ്ഡലത്തിൽ നിന്നുള്ള രാജ്യസഭാംഗം ആയി മാറ്റപ്പെട്ടു [11]. സുഷമാ സ്വരാജിന്റെ കഴിവും രാഷ്ട്രീയ പക്വതയും അവരെ കേന്ദ്ര മന്ത്രി സഭയിലെത്തിച്ചു. സെപ്തംബർ 2000 മുതൽ ജനുവരി 2003 വരെ സുഷമ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ മന്ത്രി ആയിരുന്നു. പിന്നീട്, ജനുവരി 2003 മുതൽ മെയ് 2004 വരെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി മാറി.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയൊപ്പം

ഇറ്റാലിയൻ പൗരത്വം കയ്യാളുന്ന സോണിയാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ താൻ, തല മുണ്ഡനം ചെയ്ത്, വെള്ള സാരിയുടുത്ത് ധാന്യങ്ങൾ മാത്രം ഭക്ഷിച്ച് വെറു നിലത്തു കിടന്നു ജീവിക്കും എന്ന പ്രസ്താവന വളരെയധികം ഒച്ചപ്പാടുണ്ടാക്കി. ഈ പ്രസ്താവനയുടെ പേരിൽ സുഷമ ധാരാളം വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. എന്നാൽ താൻ, ധീര യോദ്ധാവായിരുന്ന മഹാറാണ പ്രതാപിന്റെ കാലടികൾ പിന്തുടരുക മാത്രമാണെന്ന് വിമർശനങ്ങൾക്ക് മറുപടിയായി സുഷമ പറയുകയുണ്ടായി. ഏപ്രിൽ 2006 ൽ സുഷമ വീണ്ടും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ നാമനിർദ്ദേശത്തിലാണ് അവർ രാജ്യസഭയിലെത്തിയത്. ഇക്കാലയളവിൽ രാജ്യസഭയിലെ ബി.ജെ.പിയുടെ ഉപാദ്ധ്യക്ഷ ആയിരുന്നു സുഷമ. 2009 ലെ പൊതു തിരഞ്ഞെടുപ്പിൽ മദ്ധ്യപ്രദേശിലെ വിദിഷ മണ്ഡലത്തിൽ നിന്നും സുഷമ വീണ്ടും ലോക സഭയിലെത്തി. തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയേക്കാൾ ഏതാണ്ട് 4,00,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുഷമ ആ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. സമാജ് വാദി പാർട്ടിയിലെ, ചൗധരി മുനാബ്ബർ സലിം ആയിരുന്നു സുഷമയുടെ പ്രധാന എതിരാളി [12]

പ്രതിപക്ഷനേതാവ്[തിരുത്തുക]

ഡിസംബർ 2009 മുതൽ സുഷമാ സ്വരാജ് പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷനേതാവിന്റെ പദവി അലങ്കരിക്കുന്നു [13][14].

വ്യക്തിജീവിതം[തിരുത്തുക]

സുപ്രീംകോടതിയിലെ മുതിർന്ന വക്കീലായ സ്വരാജ് കൗശലിനെ വിവാഹം കഴിച്ചു. 1990-1993 കാലഘട്ടത്തിൽ മിസോറാം സംസ്ഥാനത്തിന്റെ ഗവർണർ ആയിരുന്നു സ്വരാജ് കൗശൽ. തന്റെ മുപ്പത്തി ഏഴാമത്തെ വയസ്സിലാണ് സ്വരാജ് ആദ്യമായി ഗവർണർ പദം അലങ്കരിക്കുന്നത്. 1998 മുതൽ 2004 വരെ സ്വരാജ് കൗശൽ പാർലമെന്റംഗമായിരുന്നു. 1998 ൽ സ്വരാജ് രാജ്യസഭാംഗമായിരുന്നു, അതേസമയം തന്നെ സുഷമ ലോകസഭാംഗവും ആയിരുന്നു. 2000-2004 കാലഘട്ടത്തൽ ഇരുവരും രാജ്യസഭാംഗങ്ങളായിരുന്നു. ഏക മകൾ ഭാൻസുരി സ്വരാജ്, ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി സേവനം അനുഷ്ഠിക്കുന്നു.

അവലംബം[തിരുത്തുക]

 1. "ഡെൽഹിയിലെ മുഖ്യമന്ത്രിമാർ". ശേഖരിച്ചത് മാർച്ച് 9, 2011.
 2. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി പാർലിമെന്റ് ഇൻഫോ
 3. ശ്രീമതി.സുഷമാ സ്വരാജ് – ലോക സഭാ അംഗം ഭാരത സർക്കാർ ഔദ്യോഗിക വെബ് സൈറ്റ് ശേഖരിച്ചത് 30 ജൂലൈ 2011.
 4. Sushma Swaraj
 5. പതിനൊന്നാം ലോക സഭയിലെ അംഗങ്ങൾ ലോക സഭയുടെ ഔദ്യോഗിക വെബ് വിലാസത്തിൽ നിന്നും - അംഗങ്ങൾ എന്ന പട്ടിക നോക്കുക
 6. സുഷമാ സ്വരാജ് ആദ്യമായി ലോക സഭയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ - 11 ആം ലോകസഭാ തിരഞ്ഞെടുപ്പ് വിവരങ്ങൾ - 544 മത്തെ താൾ നോക്കുക
 7. 12-ആം ലോകസഭാ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ - രേഖയിലെ 543 -ആമത്തെ താൾ നോക്കുക
 8. 1998 ലെ ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ - 12 ആമത്തെ താൾ നോക്കുക
 9. 1999 ലെ ലോകസഭാ തിരഞ്ഞെടുപ്പ് - ബെല്ലാരി മണ്ഡലം കർണ്ണാടക തിരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് - 170 ആമത്തെ താൾ നോക്കുക
 10. സോണിയാ ഗാന്ധിക്കെതിരേയുള്ള സ്ഥാനാർത്ഥിത്വം ഐ.ബി.എൻപൊളിറ്റിക്സ് വിഭാഗം
 11. സുഷമാ സ്വരാജ്, രാജ്യസഭയിലേക്ക് നാഷണൽ ഇൻഫർമാറ്റിക് സെന്റർ
 12. സുഷമയുടെ വിജയം 4,00,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ - 75 ആമത്തെ താൾ നോക്കുക
 13. "അദ്വാനി പ്രതിപക്ഷനേതാവിന്റെ ചുമതലയിൽ നിന്നും ഒഴിഞ്ഞു, പകരം സുഷമാ സ്വരാജ്". ശേഖരിച്ചത് ഡിസംബർ 18, 2009.
 14. "പ്രതിപക്ഷനേതാവിന്റെ ജീവചരിത്രം- ലോകസഭ ഔദ്യോഗിക ഇന്റർനെറ്റ് വിലാസം". ശേഖരിച്ചത് ഡിസംബർ 28, 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുഷമാ_സ്വരാജ്&oldid=3090578" എന്ന താളിൽനിന്ന് ശേഖരിച്ചത്