ലൈഫ് ഓഫ് പൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈഫ് ഓഫ് പൈ
പോസ്റ്റർ
സംവിധാനംആങ് ലീ
നിർമ്മാണംആങ് ലീ
ഗിൽ നെറ്റർ
ഡേവിഡ് വോർക്ക്
തിരക്കഥഡേവിഡ് മാഗെ
ആസ്പദമാക്കിയത്ലൈഫ് ഓഫ് പൈ (നോവൽ)
by യാൻ മാർട്ടെൽ
അഭിനേതാക്കൾസൂരജ് ശർമ
ഇർഫാൻ ഖാൻ
തബ്ബു
അദിൽ ഹുസൈൻ
ജെറാർഡ് ദെപാദ്യൂ
റാഫേ സ്‌പ്പാൽ
സംഗീതംമൈക്കിൾ ഡന്ന
ഛായാഗ്രഹണംക്ലൌഡിയോ മിറാൻഡ
ചിത്രസംയോജനംടിം സ്ക്വയർസ്
സ്റ്റുഡിയോറിഥം & ഹ്യൂസ്
ഫോക്സ് 2000 പിക്ചേഴ്സ്
വിതരണം20th സെഞ്ചുറി ഫോക്സ്
റിലീസിങ് തീയതി
  • നവംബർ 21, 2012 (2012-11-21)
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
ബജറ്റ്$120 മില്ല്യൻ[1]
സമയദൈർഘ്യം127 മിനിറ്റുകൾ[2]
ആകെ$108,861,000 [1]

2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണു് ലൈഫ് ഓഫ് പൈ. യാൻ മാർട്ടെൽ 2001-ൽ എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ ആങ് ലീ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മഗീയുടെതാണ് . ഇർഫാൻ ഖാൻ, ജെറാർഡ് ദെപാദ്യൂ, തബ്ബു, സൂരജ് ശർമ, അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റിഥം & ഹ്യൂസ് സ്റ്റുഡിയോസ് ആണു വിഷ്വൽ എഫക്റ്റ്സ് നിർവ്വഹിച്ചിരിക്കുന്നത്. തായ്‌വാൻ, പോണ്ടിച്ചേരി, മൂന്നാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.

85-ആം അക്കാദമി പുരസ്കാരങ്ങളിൽ നാലു അവാർഡുകൾ ഈ ചിത്രം നേടി.

കഥാസംഗ്രഹം[തിരുത്തുക]

ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിപ്പാർത്ത പൈ പട്ടേലിനെ, പൈയുടെ ജീവിതകഥ ഒരു നല്ല പുസ്തകമാകുമെന്ന് കരുതി ഒരു കനേഡിയൻ നോവലിസ്റ്റ്, പട്ടേലിന്റെ അമ്മാവൻ നിർദ്ദേശിച്ചതനുസരിച്ച് സന്ദർശിക്കുന്നു. പട്ടേൽ തന്റെ ജീവിത കഥ നോവലിസ്റ്റിനോട് പറഞ്ഞു തുടങ്ങുന്നു.

ഫ്രാൻസിലെ പ്രശസ്തമായൊരു നീന്തൽക്കുളമായ പിസിൻ മോളിറ്റർ എന്ന പേരാണു പൈയുടെ മാതാപിതാക്കൾ അവരുടെ രണ്ടാമത്തെ പുത്രനായ പൈക്ക് ഇടുന്നത്. സ്കൂളിലെത്തുന്നതോടെ കൂട്ടുകാർ പിസ്സിങ്ങ് പട്ടേൽ( മൂത്രമൊഴിക്കുന്ന പട്ടേൽ) എന്ന ഇരട്ടപ്പേരു വിളിച്ച് കളിയാക്കുവാനാരംഭിച്ചതിനെത്തുടർന്ന് അവൻ തന്റെ പേരു പൈ എന്നാക്കി ചുരുക്കുന്നു. അവന്റെ കൂടുംബത്തിനു പോണ്ടിച്ചേരിയിൽ ഒരു മൃഗശാല സ്വന്തമായുണ്ട്. പലപ്പോഴും പൈ മൃഗങ്ങളോട് അമിതമായ സ്നേഹം കാണിക്കുന്നു. പ്രത്യേകിച്ചും റിച്ചാർഡ് പാർക്കർ (കടുവയ്ക്ക് ആ പേരു വന്നത് ഒരു ഗുമസ്തനു സംഭവിച്ച പിഴവിലൂടെയായിരുന്നു) എന്ന ബാംഗാൾ കടുവയോട്. കടുവയുടെ മൃഗജന്യ സ്വഭാവം കാണിക്കുന്നതിനായി പൈയുടെ അച്ഛൻ പൈയുടെയും കുടുംബത്തിന്റെ മുന്നിൽ വെച്ച് ഒരു ആടിനെ കടുവയുടെ മുന്നിലേക്ക് ഇട്ടു കൊടുക്കുന്നു. കുടുംബത്തിന്റെ പാരമ്പര്യത്തെ പിന്തുടർന്ന് പൈയും ഒരു ഹിന്ദു സസ്യാഹാരിയായാണ് ജീവിതം ആരംഭിക്കുന്നത്. അവനു 12 വയസാകുമ്പോൾ അവധി ആഘോഷിക്കുവാനായി പോണ്ടിച്ചേരിയിൽ നിന്നും മൂന്നാറിലെത്തുന്നു. ഈ അവസരത്തിൽ പൈ ക്രിസ്തുമതത്തെ കുറിച്ചും ഇസ്ലാമിനെക്കുറിച്ചും പഠിക്കുന്നു.പിന്നീട് അവൻ ഈ മൂന്നു മതങ്ങളെയും പിന്തുടരുന്നു ( പ്രായപൂർത്തിയായപ്പോൾ താനൊരു കാത്തോലിക് ഹിന്ദു ആണെന്ന് പൈ പറയുന്നുണ്ട്. നോവലിസ്റ്റ് ജൂതമതത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ജൂതമതത്തിലും വിശ്വസിച്ചിരുന്നെന്നും യൂണിവേഴ്സിറ്റിയിൽ വെച്ച് കബല പഠിച്ചിരുന്നുവെന്നും പറയുന്നുണ്ട്)

പൈക്ക് 16 വയസ്സായപ്പോൾ ( അപ്പോഴാണ് അവനിൽ ആദ്യ പ്രണയം പൂവിട്ടതും), പൈയുടെ അച്ഛൻ മൃഗശാല പൂട്ടുവാനും, കുടുംബസമേതം കാനഡയിലേക്ക് കുടിയേറിപ്പാർക്കുവാനും തീരുമാനിച്ചു . സിംസും എന്ന പേരിലുള്ള ഒരു ജപ്പാനീസ് കപ്പലിൽ വടക്കൻ അമേരിക്കയിലേക്ക് വിൽക്കുവാൻ തീരുമാനിച്ച മൃഗങ്ങളുമൊത്ത് പൈയും കുടുംബവും യാത്ര തിരിക്കുന്നു. ഈ കപ്പലിൽ വെച്ച് പൈ ബുദ്ധമതത്തെയും അതിന്റെ രീതികളെയും പരിചയപ്പെടുന്നുണ്ട്. യാത്രാമദ്ധ്യേ ഒരു രാത്രി ഉണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് കപ്പൽ അപകടത്തിൽപ്പെടുന്നു. പൈ തന്റെ കുടുംബത്തെ രക്ഷിക്കാൻ തന്നാലാവത് ശ്രമിച്ചുവെങ്കിലും കപ്പലിന്റെ നാവികൻ പൈയെ ഒരു രക്ഷാവള്ളത്തിലേക്ക് വലിച്ചെറിയുന്നു. ആ പ്രക്ഷുബ്ധമായ കടലിൽ കപ്പലും ഒപ്പം തന്റെ കുടുംബവും കടലിലേക്ക് മുങ്ങിത്താഴുന്നത് നിസ്സഹായനായി നോക്കി നിൽക്കുവാൻ മാത്രമേ പൈക്ക് സാധിക്കുന്നുള്ളു.

കൊടുങ്കാറ്റ് ഒന്നടങ്ങിയപ്പോൾ പിസിൻ മോളിറ്റർ പട്ടേൽ എന്ന പൈ പട്ടേലും, റിച്ചാർഡ് പാർക്കർ എന്ന കടുവയും ഒരു ഒറാങ്ങ്ഉട്ടാനും സീബ്രയും കഴുതപ്പുലിയും മാത്രം ഒരു രക്ഷാബോട്ടിൽ അവശേഷിക്കുന്നു. രക്ഷാബോട്ടിൽ മറച്ചു വെച്ചിരിക്കുന്ന പകുതിയിൽ പതുങ്ങിയിരിന്ന കഴുതപ്പുലി പെട്ടെന്ന് രംഗത്തേക്ക് വന്ന് കപ്പലപകടത്തിൽ പരിക്കേറ്റ സീബ്രയെ ആക്രമിച്ച് കൊല്ലുകയും തിന്നാനാരംഭിക്കുകയും ചെയ്യുന്നു. അതിനു ശേഷം ആ കഴുതപ്പുലി ഒറുംഗ്ട്ടാനെ ആക്രമിച്ച് കീഴ്പ്പെടുത്തി കൊല്ലുന്നു. പെട്ടെന്ന് രക്ഷാബോട്ടിൽ പകുതിയിൽ നിന്ന് റിച്ചാർഡ് പാർക്കർ എന്ന കടുവ വന്ന് കഴുതപ്പുലിയെ ആക്രമിച്ച് കൊല്ലുന്നു. ആ രക്ഷാ ബോട്ടിൽ പൈയും കടുവയും മാത്രം അവശേഷിക്കുന്നു.

അല്പ ദിവസത്തേക്ക് കഴിക്കുന്നതിനാവശ്യമായ വെള്ളവും ഭക്ഷണവും ആ രക്ഷാ ബോട്ടിൽ പൈ കണ്ടെത്തുന്നു. കടുവയോടൊപ്പം ബോട്ടിൽ കഴിയുന്നതിൽ ഭയന്ന് ബോട്ടോടു ചേർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളുപയോഗിച്ച് പൈ ഒരു താവളം ഒരുക്കി കടുവയിൽ നിന്ന് അകന്നു കഴിയാൻ ആരംഭിക്കുന്നു. പിന്നീട് കടുവയിൽ സ്വയരക്ഷ നേടുന്നതിനായി കടുവയ്ക്ക് ഭക്ഷണം നൽകാൻ ആരംഭിക്കുന്നു. കയ്യിലുള്ള വസ്തുക്കളുപയോഗിച്ച് മീൻ പിടിച്ച് കടുവയ്ക്ക് ഭക്ഷണം നൽകുന്നു. തനിക്കും കടുവയ്ക്കും കുടിക്കുന്നതിനായി മഴവെള്ളം ശേഖരിക്കുന്നു. വിശന്നു വലഞ്ഞ കടുവ ഒരിക്കൽ ഭക്ഷണം തേടി കടലിലേക്ക് എടുത്തു ചാടുന്നു. പിന്നീട് കടുവയെ രക്ഷിക്കാനായി പൈ ഒരു കോണി ഉണ്ടാക്കി അതിനെ തോണിയിലെത്തിക്കുന്നു. ഒരു രാത്രി ഒരു തിമിംഗിലം വന്ന് പൈയുടെ രക്ഷാ ബോട്ടിനോടനുബന്ധിച്ച് ശേഖരിച്ച ഒട്ടുമിക്ക ഭക്ഷണവും കടലിലേക്ക് ഒഴുക്കുന്നു. പട്ടിണിയായ പൈ ഗത്യന്തരമില്ലാതെ പച്ച മത്സ്യത്തെ തിന്നു തുടങ്ങുന്നു. ആ ചെറിയ സംവിധാനത്തിൽ ജീവിക്കുക സാദ്ധ്യമല്ലെന്ന് മനസ്സിലാക്കിയ പൈ തുടർന്ന് കടുവയോടൊപ്പം താമസിക്കുന്നതിനായി അതിനെ പരിശീലിപ്പിക്കാൻ ആരംഭിക്കുന്നു. ദിവസങ്ങൾക്കകം പൈയും റിച്ചാർഡ് പാർക്കറും സഹജീവിതം ആരംഭിക്കുന്നു.

കടലിലെ ഏകാന്ത ജീവിതം പൈയേയും കടുവയെയും ക്ഷീണിപ്പിക്കുകയും അവർ ക്ഷയിക്കാനാരംഭിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു ദിവസം അവർ ധാരാളം മീർകാറ്റുകൾ വസിക്കുന്ന ദ്വീപിലെത്തുകയും അവിടെ കാണുന്ന കായ്കനികളും മറ്റും തിന്നുകയും ശുദ്ധജലം കുടിക്കുവാനാരംഭിക്കുന്നു. പൈയും റിച്ചാർഡ് പാർക്കറും ഭക്ഷണം കഴിക്കാനാരംഭിക്കുന്നതോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. പക്ഷെ, രാത്രിയാകുന്നതോടെ ആ ദ്വീപ് വിരുദ്ധസ്വഭാവമുള്ളതായിത്തീരുന്നു. പകൽ സമയത്ത് ശുദ്ധജലം ലഭിച്ചിരുന്നയിടം രാത്രിയിൽ ആസിഡ് സ്വഭാവമുള്ളതായി മാറുന്നു. അവിടെ നിന്നും ലഭിച്ച ഒരു പൂവിൽ പൈ ഒരു മനുഷ്യപ്പല്ല് കണ്ടെത്തുന്നതോടെ അവിടെയുള്ള സസ്യങ്ങൾ മാംസഭുക്കുകളാണെന്ന് കരുതി അവിടെ നിന്ന് രക്ഷപ്പെടാൻ തീരുമാനിക്കുന്നു.

രക്ഷാബോട്ട് അവസാനം മെക്സിക്കോയുടെ തീരങ്ങളിൽ ചെന്നെത്തുന്നു. വളരെ ക്ഷീണിതനായ പൈ കടലിന്റെ തീരത്തോടു ചേർന്ന മണലിൽ കിടക്കുന്നു. ആ സമയം ക്ഷീണിച്ചവശനായ റിച്ചാർഡ് പാർക്കർ പൈയെ നോക്കുക പോലും ചെയ്യാതെ കരയിലേക്ക് നടക്കുന്നു. കരയുടെ അടുത്തുണ്ടായിരുന്ന ഒരു കാട് കണ്ട റിച്ചാർഡ് പാർക്കർ ഒരു നിമിഷം അവിടെ നിന്ന്. പൈ റിച്ചാർഡ് പാർക്കർ തന്നെ ഒരു നിമിഷം തിരിഞ്ഞു നോക്കുമെന്ന് കരുതി. എങ്കിലും കടുവ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ കാടിന്റെ അഗാധതകളിലേക്ക് മറയുന്നു. മണലിൽ കിടക്കുന്ന പൈയെ ചിലർ രക്ഷപ്പെടുത്തി അടുത്ത ആശുപത്രിയിലെത്തിക്കുന്നു.

ആശുപത്രിയിലെത്തിയ ജപ്പാനീസ് കപ്പലിന്റെ ഇൻഷൂറൻസ് ഏജന്റുകളോട് പൈ നടന്ന കാര്യങ്ങൾ കൃത്യമായി വിവരിക്കുന്നു. അവർ ഈ കഥ വിശ്വസിക്കാതെ "യഥാർത്ഥത്തിൽ" നടന്നതെന്തെന്ന് പൈയോട് ചോദിക്കുന്നു. പൈ അവരോട് അവന്റെ അമ്മയും, നാവികനും, കപ്പലിലെ കുശനിക്കാരനും കുടുംബവും ഉൾപ്പെടുന്ന ഒരു കഥ വിവരിക്കുന്നു. ആ കഥയിൽ കുശനിക്കാരൻ നാവികനെ കൊന്ന് ഭക്ഷണവും ചൂണ്ടയിലെ ഇരയായും ഉപയോഗിക്കുന്നു. പിന്നീടുണ്ടാകുന്ന ഒരു ലഹളയിൽ പൈയുടെ അമ്മ കുശനിക്കാരനെ ചെറിയ വള്ളത്തിലെത്തിക്കുന്നു. പിന്നീട് കുശനിക്കാരൻ പൈയുടെ അമ്മയെ കുത്തി സ്രാവുകൾക്ക് ഭക്ഷണമാക്കി നൽകുന്നു. പിന്നീട് പൈ ഒരു കത്തി ഉപയോഗിച്ച് കുശനിക്കാരനെ കുത്തി കൊലപ്പെടുത്തുന്നു.

ഈ കഥ പൈ നോവലിസ്റ്റിനോട് വിവരിക്കുമ്പോൾ നോവലിസ്റ്റ് രണ്ടു കഥയിലെയും കഥാപാത്രങ്ങളെയും താരതമ്യപ്പെടുത്തുന്നുണ്ട്. ഒറുംഗ്ട്ടാനെ പൈയുടെ അമ്മയായും, സീബ്രയെ നാവികനായും, കഴുതപ്പുലിയെ കുശനിക്കാരനായും, റിച്ചാർഡ് പാർക്കറെ പൈ ആയും സങ്കല്പിക്കുന്നു. പൈ നോവലിസ്റ്റിനോട് ഇതിലേതു കഥയാണു നിങ്ങൾക്ക് പഥ്യം എന്നാരായുന്നു. കടുവയുമൊത്തുള്ള കഥയാണു തനിക്കിഷ്ടമായതെന്ന് നോവലിസ്റ്റിന്റെ മറുപടി. അപ്പോൾ പൈ "ദൈവത്തിന്റെ കാര്യവും അങ്ങനെ തന്നെ" എന്നു പറയുന്നു. ഇൻഷൂറൻസ് കോപ്പിയുടെ അവസാന താളിലെ ഒരു കുറിപ്പിൽ നടുക്കടലിൽ കടുവയോടൊത്തുള്ള 227 ദിവസത്തെ കഥ നോവലിസ്റ്റ് കാണുന്നു. അതോടെ ആ കഥ കൂടി ഇൻഷൂറൻസ് കമ്പനികൾ സ്വീകരിച്ചതായി കരുതാം. ഇതോടെ ചിത്രം അവസാനിക്കുന്നു.

വിവാദങ്ങൾ[തിരുത്തുക]

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന തരാട്ടുപാട്ട് ഇരയിമ്മൻ തമ്പി മലയാളത്തിൽ രചിച്ച 'ഓമനത്തിങ്കൾ കിടാവോ' എന്ന പ്രശസ്ത കൃതിയുടെ പകർപ്പാണെന്ന് പരാതിയുയർന്നു. ഓസ്കാർ നോമിനേഷനു വേണ്ടി ഈ ഗാനം പരിഗണിക്കപ്പെട്ടിരുന്നു. ബോംബൈ ജയശ്രീക്കെതിരെ ഇരയിമ്മൻ തമ്പി ട്രസ്റ്റ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു[3].

പുരസ്കാരങ്ങൾ[തിരുത്തുക]

പശ്ചാത്തല സംഗീതമൊരുക്കിയ കനേഡിയൻ സംഗീതജ്ഞൻ മൈക്കൽ ഡാന്നയ്ക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു[4].

85-ആം അക്കാദമി പുരസ്കാരങ്ങളിൽ പതിനൊന്ന് നോമിനേഷനുകളും നാലു അവാർഡുകളും ഈ ചിത്രം നേടി.[5]

  • മികച്ച സംവിധായകൻ (ആങ് ലീ)
  • മികച്ച സംഗീതം (മൈക്കൽ ദാന്ന)
  • മികച്ച ഛായാഗ്രഹണം (ക്ലോഡിയോ മിറാൻഡ)
  • മികച്ച വിഷ്വൽ എഫക്റ്റ്സ് (ബിൽ വെസ്റ്റെൻഹോഫെർ, ഗിയോം റഷറോൺ, എറിക് യാൻ ദെ ബോവെർ, ഡൊണാൾഡ് എലിയട്ട്)

എന്നീ പുരസ്കാരങ്ങളാണു ഈ ചിത്രത്തിനു ലഭിച്ചത്[6].

അവലംബം[തിരുത്തുക]

  1. 1.0 1.1 "Life of Pi". Box Office Mojo. ശേഖരിച്ചത് 1 December 2012.
  2. "LIFE OF PI (PG)". British Board of Film Classification. 2012-11-09. ശേഖരിച്ചത് 2012-11-23.
  3. ജയശ്രീയുടെ താരാട്ടുപാട്ട്‌ 'ഓമനത്തിങ്കൾ കിടാവോ'യുടെ വിവർത്തനമെന്ന്‌ ഇരയിമ്മൻ തമ്പി ട്രസ്‌റ്റ് , മംഗളം ഓൺലൈൻ, Story Dated: Sunday, January 13, 2013 12:33
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-14.
  5. http://www.imdb.com/title/tt0454876/awards
  6. "'Argo' Wins Best Picture; Ang Lee Is Top Director for 'Pi'". Wall Street Journal. 25 ഫെബ്രുവരി 2013. ശേഖരിച്ചത് 25 ഫെബ്രുവരി 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈഫ്_ഓഫ്_പൈ&oldid=3644067" എന്ന താളിൽനിന്ന് ശേഖരിച്ചത്