റാഡ്‌ക്ലിഫ് രേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ്, ബംഗാൾ പ്രവിശ്യകളിലെ ഇന്ത്യൻ, പാകിസ്താൻ ഭാഗങ്ങൾ തമ്മിലുള്ള അതിർത്തി നിർണ്ണയ രേഖയായിരുന്നു റാഡ്ക്ലിഫ് രേഖ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൽ റാഡ്‌ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.

1947 ലെ ഇന്ത്യാ വിഭജനം

വിഭജനത്തിനു മുൻപത്തെ രാഷ്ട്രീയസ്ഥിതി[തിരുത്തുക]

ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് മൗണ്ട് ബാറ്റന്റെ പദ്ധതി അനുസരിച്ച് പരിഹരിക്കപ്പെടാത്ത പ്രധാനപ്രശ്നം ഇന്ത്യ വിഭജിക്കപ്പെടുമ്പോൾ കിഴക്ക് ബംഗാൾ, പടിഞ്ഞാറ് പഞ്ചാബ് എന്നീ പ്രവിശ്യകളുടെ അതിർത്തിരേഖകൾ ഏതൊക്കെ എന്നുള്ളതായിരുന്നു.[1]

ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഇന്ത്യൻ ഇന്റിപെന്റന്റ് ആക്ട് -1947 വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1947 ആഗസ്ത് 15-ന് അവസാനിക്കും. പ്രസ്തുത ആക്ട് അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യ രണ്ട് സ്വതന്ത്ര്യ ഡൊമിനിയനുകൾ ആകും. യൂണിയൻ ഓഫ് ഇന്ത്യയും ഡൊമിനിയൻ ഓഫ് പാകിസ്താനും.[1] ഈ ആക്ട് അനുസരിച്ച് ഇന്ത്യയിലെ 565[1] നാട്ടുരാജ്യങ്ങളുടെ മേലുള്ള ബ്രിട്ടീഷുകാരുടെ അധികാരങ്ങൾ അവസാനിച്ചു. അവർക്ക് മേൽപ്പറഞ്ഞ ഏതെങ്കിലും ഡൊമിനിയനുകളിൽ ചേരുകയോ ഒന്നിലും ചേരാതെ സ്വതന്ത്ര്യമായി നിൽക്കുകയോ ചെയ്യാമായിരുന്നു.

പാകിസ്താൻ ഒരു മുസ്ലീം രാജ്യമായി രൂപീകരിക്കപ്പെടാൻ ആഗ്രഹിച്ചപ്പോൾ ഇന്ത്യ ഹിന്ദു ഭൂരിപക്ഷമുള്ള മതേതര രാഷ്ട്രമാകാനാണ് തീരുമാനിച്ചത്. ഉത്തരേന്ത്യയിലെ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങൾ ചേർത്ത് പാകിസ്താൻ രൂപീകരിക്കാനായിരുന്നു പദ്ധതി. 91.8% മുസ്ലീംങ്ങളുള്ള ബലൂചിസ്ഥാൻ, 72.7% മുസ്ലീംങ്ങളുള്ള സിന്ധ് പ്രവിശ്യകൾ തുടക്കം മുതൽക്കേ പാകിസ്താനോടൊപ്പം നിന്നു. എന്നാൽ 54.4% മുസ്ലീംങ്ങളുള്ള ബംഗാളിലേയും 55.7% മുസ്ലീംങ്ങളുള്ള പഞ്ചാബിലേയും സ്ഥിതി വ്യത്യസ്തമായിരുന്നു. അവ ആരോടൊപ്പം ചേരണമെന്നത് പ്രധാനപ്രശ്നമായിമാറി. വിഭജനത്തിനു ശേഷം പഞ്ചാബിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ പടിഞ്ഞാറൻ പാകിസ്താനോടും കിഴക്കൻ ഭാഗങ്ങൾ ഇന്ത്യൻ യൂണിയനോടും ചേർന്നു. ബംഗാളാകട്ടെ പൂർവ്വബംഗാൾ (പാകിസ്താനിൽ) എന്നും പശ്ചിമബംഗാൾ (ഇന്ത്യയിൽ) എന്നും രണ്ടായി വിഭജിക്കപ്പെട്ടു.[2]

റാഡ്‌ക്ലിഫിന്റെ ജോലി[തിരുത്തുക]

മൗണ്ട്ബാറ്റൺ ആവശ്യപ്പെട്ടതനുസരിച്ച് വിഭജന തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയെക്കുറിച്ച് അധികം അറിവില്ലാത്ത[1][2] ഒരു ഇംഗ്ലീഷ് ബാരിസ്റ്ററെ ഏൽപ്പിക്കാൻ നെഹ്രുവും ജിന്നയും തത്ത്വത്തിൽ തീരുമാനമെടുക്കുകയും ഇത് മൗണ്ട്ബാറ്റണെ അറിയിക്കുകയുമായിരുന്നു.[1] 1,75,000 ചതുരശ്ര മൈൽ പ്രദേശം, അതിലെ 880 ലക്ഷം ജനങ്ങൾ, അവരുടെ വീടുകൾ, നെൽവയലുകൾ തുടങ്ങിയവ[1] രണ്ടായി കീറിമുറിക്കാൻ 1947 ജൂണിൽ ബ്രിട്ടീഷ് ഗവണ്മെന്റ് സിറിൽ റാഡ്ക്ലിഫിനെ ചെയർമാനാക്കി രണ്ട് അതിർത്തിനിർണ്ണയക്കമ്മീഷനുകളെ നിയമിച്ചു.[1] ഒന്ന് ബംഗാളിനെ വിഭജിക്കാനും മറ്റൊന്ന് പഞ്ചാബിനെ വിഭജിക്കാനും. രണ്ട് കമ്മീഷനുകളിലും ചെയർമാനെക്കൂടാതെ 4 വീതം അംഗങ്ങളുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 2 പേരും മുസ്ലീം ലീഗിൽ നിന്ന് 2 പേരും.[2][3]

1947 ജൂൺ 8-ന് ഇന്ത്യയിലെത്തിയതിനുശേഷം റാഡ്‌ക്ലിഫിന് കഷ്ടിച്ച് അഞ്ചാഴ്ച്ച സമയമാണ് വിഭജനരേഖ തയ്യാറാക്കാൻ ലഭിച്ചത്. അദ്ദേഹം മൗണ്ട്ബാറ്റണുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം ലാഹോറിലേയ്ക്കും കൽക്കട്ടയിലേയ്ക്കും പോയി. നെഹ്രു, ജിന്ന എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ആഗസ്ത് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി മൗണ്ട്ബാറ്റൺ തിടുക്കത്തിൽ നിശ്ചയിച്ചതാണ് റാഡ്‌ക്ലിഫിനെ ഏറ്റവും അലട്ടിയത്. ഏവരുമായുള്ള ചർച്ചയിൽ റാഡ്‌ക്ലിഫ് ആദ്യമുന്നയിച്ച ആവശ്യം വിഭജനരേഖ തയ്യാറാക്കുവാനുള്ള സമയപരിധി കുറച്ചുകൂടി നീട്ടിക്കിട്ടുക എന്നുള്ളതായിരുന്നു. എന്നാൽ ഒരാൾപോലും അദ്ദേഹത്തിനോടൊപ്പം നിന്നില്ല. 1947 ആഗസ്ത് 15ന് തന്നെ ഇന്ത്യ സ്വാതന്ത്ര്യമാക്കപ്പെട്ടിരിക്കണം എന്ന് ഏവരും ശഠിച്ചു. ഇതേത്തുടർന്ന് എത്രയും വേഗം ജോലി പൂർത്തിയാക്കുവാൻ റാഡ്‌ക്ലിഫ് നിർബന്ധിതനായി.

വൈകിയ പ്രഖ്യാപനം[തിരുത്തുക]

ആഗസ്റ്റ് 12 ന് റാഡ്‌ക്ലിഫ് തന്റെ ജോലിപൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു[4] എന്നാൽ സ്വാതന്ത്ര്യത്തിന്റെ സന്തോഷവേളകളിൽ കല്ലുകടിയുണ്ടാകാതിരിക്കുന്നതിനായി[5][4] റിപ്പോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിനുശേഷമാകാമെന്ന് മൗണ്ട്ബാറ്റൺ തീരുമാനിച്ചു.[4]

വിഭജനശേഷം[തിരുത്തുക]

ആഗസ്റ്റ് 16ന് ഇന്ത്യാ-പാകിസ്താൻ നേതാക്കളുടെ മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ എല്ലാഭാഗത്തുനിന്നും രേഖയെക്കുറിച്ച് ശക്തമായ എതിർപ്പുണ്ടായി. എന്നാൽ ഒടുവിൽ ഇരുപക്ഷവും രേഖയെ 'എങ്ങനെയാണോ അങ്ങനെ'[4] അംഗീകരിക്കാൻ തയ്യാറായി. ആഗസ്ത് 17 ന് ഔദ്യോഗികമായി റിപ്പോർട്ട് പ്രഖ്യാപിച്ചതോടെ അതിർത്തികളിൽ സൈന്യത്തിന് നിയന്ത്രിക്കാവുന്നതിലുമപ്പുറമായ വർഗ്ഗീയലഹള പൊട്ടിപ്പുറപ്പെട്ടു.[1][2] പുതിയ അതിർത്തികളിൽ ഒഴുകിയ ചോരപ്പുഴകൾക്കുപുറമേ ഡെൽഹിയിൽ പോലും കനത്ത കൂട്ടക്കൊലകൾ അരങ്ങേറി. 1947 അവസാനം ഇന്ത്യയും പാകിസ്താനും തമ്മിൽ ആദ്യ യുദ്ധം തുടങ്ങി. 1947 ൽ കാശ്മീരിൽ ഇരുരാജ്യങ്ങളും എവിടെയായിരുന്നുവോ ഇന്നും അവർ അവിടെത്തന്നെ തുടരുന്നു.

പൊതുവിൽ പറഞ്ഞാൽ റാഡ്ക്ലിഫ് രേഖ ഒരു നിശ്ചിത-നിർണ്ണയ രേഖയായിരുന്നില്ല. മറിച്ച് അമ്പേ പരാജയപ്പെട്ട പാഴ്‌രേഖ മാത്രമായി ഇന്നും അവശേഷിക്കുന്നു.

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ലാറി കൊളിൻസ്, ഡൊമിനിക് ലാപ്പിയർ (1995). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (23 ആം പതിപ്പ്.). കോട്ടയം: ഡി.സി. ബുക്ക്സ്. ISBN 8171300936. {{cite book}}: |access-date= requires |url= (help)
  2. 2.0 2.1 2.2 2.3 "The 1947 Partition: Drawing the Indo Pakistani Boundary". www.unc.edu. മൂലതാളിൽ നിന്നും 2011-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഓഗസ്റ്റ് 2015.
  3. ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ. ഡി.സി. ബുക്ക്സ്. ISBN 9788126423354. {{cite book}}: |access-date= requires |url= (help)
  4. 4.0 4.1 4.2 4.3 "1947 Partition". മൂലതാളിൽ നിന്നും 2011-06-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ഓഗസ്റ്റ് 2015.
  5. വിഭജനസമയത്തുണ്ടായേക്കാവുന്ന ലഹളയുടെ ഉത്തരവാദിത്തം ചരിത്രരേഖകളിൽ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ തലയിൽ നിന്നും മാറ്റുന്നതിനായിരുന്നു യഥാർത്ഥത്തിൽ മൗണ്ട്ബാറ്റൺ ചിന്തിച്ചതെന്ന് ഒരു മറുഭാഷ്യം കൂടിയുണ്ട്

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റാഡ്‌ക്ലിഫ്_രേഖ&oldid=3789658" എന്ന താളിൽനിന്ന് ശേഖരിച്ചത്