ജൂൺ തേഡ് പ്ലാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്.

നിർദ്ദേശങ്ങൾ[തിരുത്തുക]

ഈ പദ്ധതിയനുസരിച്ച് ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രവർത്തനം തുടരും. പക്ഷേ, ഈ സമിതിയുണ്ടാക്കുന്ന ഭരണഘടന അതംഗീകരിക്കാൻ കൂട്ടാക്കാത്ത പ്രദേശങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. അതായത് സ്വയംനിർണയാവകാശം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1947 ആഗസ്ത് 15 ഇതിനകം ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി തീരുമാനിച്ചിട്ടുമുണ്ടായിരുന്നു.[1] ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.

  1. ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
  2. പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.
  3. സിന്ധിന് സ്വയം തീരുമാനമെടുക്കാം.
  4. വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
  5. ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.
  6. ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകണം.
  7. പഞ്ചാബ്, ബംഗാൾ, ആസ്സാം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ ഒരു അതിർത്തിനിർണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
  8. അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാൽ അന്നുമുതൽ നാട്ടുരാജ്യങ്ങളുടെമേൽ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.

രാഷ്ട്രീയ സ്ഥിതി[തിരുത്തുക]

അധികാരം കൈമാറാനാവശ്യമായ സത്വരനടപടികൾ കൈക്കൊള്ളേണ്ട അവസരത്തിൽ വേവൽ പ്രഭു പോരെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് മനസ്സിലാക്കി. അവർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. പകരം മൗണ്ട് ബാറ്റണെ പുതിയ വൈസ്രോയിയായി നിയോഗിക്കുകയും ചെയ്തു. 1947 മാർച്ച് 24-ന് പുതിയ വൈസ്രോയി അധികാരമേറ്റു. അസാധാരണമായ കഴിവും സാമർഥ്യവുമുള്ള ഒരാളായിരുന്നു മൗണ്ട് ബാറ്റൺ. പുതിയ വൈസ്രൊയിയെ ഇന്ത്യാക്കാർ സൗഹൃദത്തോടെ സ്വീകരിച്ചു. ഉദ്യോഗം കൈയ്യേൽക്കുന്നതിനു മുമ്പ് മൗണ്ട് ബാറ്റൻ രണ്ട് വ്യവസ്ഥകൾ ഉന്നയിച്ചിരുന്നു. ഒന്ന് അധികാരക്കൈമാറ്റത്തിന് വ്യക്തമായ ഒരു സമയപരിധി വേണം. രണ്ട്. തന്നെ ഏൽപ്പിച്ച ജോലി കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനാവശ്യമായ അധികാരം തനിക്കുണ്ടായിരിക്കണം. ബ്രിട്ടീഷ് ഗവണ്മെന്റ് ഇതു രണ്ടും സമ്മതിച്ചുകൊടുത്തു.

മൗണ്ട്ബാറ്റന്റെ പ്രവർത്തനം[തിരുത്തുക]

മൗണ്ട്ബാറ്റണ് ഇന്ത്യയിൽ അത്യന്തം സങ്കീർണ്ണമായ ഒരു രാഷ്ട്രീയസ്ഥിതിയാണ് അഭിമുഖീകരിക്കേണ്ടിയിരുന്നത്. തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. വന്നപാടെ അദ്ദേഹം ജോലിയിൽ മുഴുകി. പാകിസ്താൻവാദം വെറും ഭ്രാന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.[2] സാമുദായികപ്രശ്നത്തിന്റെ പരിഹാരത്തിനായാലും സാർവ്വദേശീയ രംഗത്ത് രാജ്യത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിനായാലും രാജ്യത്തെ വെട്ടിമുറിക്കുന്നത് സഹായകമാവില്ലെന്ന് അദ്ദേഹം കണ്ടു. മറ്റു പോംവഴികളെക്കുറിച്ചായിരുന്നു മൗണ്ട്ബാറ്റന്റെ ചിന്ത.

ചർച്ചകൾ[തിരുത്തുക]

മാർച്ച് 24 മുതൽ ഏപ്രിൽ മദ്ധ്യം വരെ അദ്ദേഹം ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തി. ഗവർണ്ണർമാരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി. നെഹ്രുവിനെ പലപ്രാവശ്യം കണ്ടു. പട്ടേലുമായും ചർച്ചകൾ നടത്തി. ഗാന്ധിജി കോൺഗ്രസ്സിന്റെ വക്താവല്ലെങ്കിലും അദ്ദേഹമാണ് കോൺഗ്രസ്സിന്റെ എല്ലാമെന്ന് വൈസ്രോയിക്കറിയാമായിരുന്നു. മാർച്ച് 31 നായിരുന്നു ഗാന്ധിജിയുമായുള്ള വൈസ്രോയിയുടെ ആദ്യ കൂടികാഴ്ച. ഏപ്രിൽ ആറാം തീയതി ജിന്നയുമായും ചർച്ച നടത്തി. കോൺഗ്രസ്സിനെപ്പറ്റി നൂറൂനൂറൂ പരാതികളാണ് ജിന്നയ്ക്ക് പറയാനുണ്ടായിരുന്നത്. മൗലാനാ ആസാദ്, കൃപലാനി, കൃഷ്ണമേനോൻ, ലിയാക്കത്തലി ഖാൻ, ബൽദേവ് സിങ്ങ്, മാസ്റ്റർ താരാസിങ്ങ്, ജോൺ മത്തായി, ഖാൻ സാഹിബ് തുടങ്ങിയ നേതാക്കളുമായും വൈസ്രോയി ചർച്ച നടത്തി.

അവസാനരൂപം[തിരുത്തുക]

പദ്ധതിക്ക് അവസാനരൂപം നൽകിയത് വി.പി. മേനോനായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള ചർച്ചകൾക്കായി മെയ് 18-ന് മൗണ്ട്ബാറ്റൺ വി.പി.മേനോനൊത്ത് ലണ്ടനിലേയ്ക്ക് പോയി. ചർച്ചകൾക്കു ശേഷം അദ്ദേഹം മെയ് 31-ന് ഇന്ത്യയിൽ തിരിച്ചെത്തി. കോൺഗ്രസ്സ്-ലീഗ്-സിഖ് നേതാക്കളുടെ ഒരു യോഗം ജൂൺ രണ്ടാം തീയതി അദ്ദേഹം വിളിച്ചുകൂട്ടി. നെഹ്രു, പട്ടേൽ, കൃപലാനി, ജിന്ന, ലിയാക്കത്തലി ഖാൻ, അബ്ദുറബ്ബ് നിഷ്ഠാർ, ബൽദേവ് സിങ്ങ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. തന്റെ പദ്ധതിയുടെ വിശദാംശങ്ങൾ നേതാക്കന്മാർക്ക് നൽകി.

ഇന്ത്യൻ യൂണിയനിൽ നിന്നും വിട്ടുപോകണമെന്ന് തീരുമാനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടാകും. ഇതനുസരിച്ച് പഞ്ചാബ്, ബംഗാൾ, സിന്ധ്, ബലൂചിസ്ഥാൻ, അതിർത്തിപ്രവിശ്യ, ആസ്സാമിലെ സിൽഹട്ട് ജില്ല എന്നിവടങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ യൂണിയനിൽ നിൽക്കണമോ യൂണിയൻ വിട്ടുപോകണമോ എന്ന് തീരുമാനിക്കുവാൻ അവകാശമുണ്ടായിരിക്കും.

പഞ്ചാബ്, ബംഗാൾ, ആസ്സം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ ഒരു അതിർത്തി നിർണ്ണയക്കമ്മീഷൻ രൂപീകരിക്കുന്നതാണ്.

നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരുന്നതിന് സ്വതന്ത്ര്യമുണ്ടായിരിക്കും. ഇന്ത്യൻ യൂണിയനും പാകിസ്താനും ആദ്യം പുത്രികാരാജ്യപദവിയായിരിക്കും ഉണ്ടായിരിക്കുക. പിന്നീട് ബ്രിട്ടീഷ് കോമൺവെൽത്ത് വിട്ടുപോകണമെങ്കിൽ, അവർക്ക് അതിന് അവകാശമുണ്ടായിരിക്കും. 1948 ജൂണിന് മുമ്പ് തന്നെ അധികാരം കൈമാറണമെന്നാണ് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആഗ്രഹമെന്നും മൗണ്ട്ബാറ്റൺ പറഞ്ഞു.

പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ചശേഷം പദ്ധതിപ്രമാണങ്ങൾ വൈസ്രോയി നേതാക്കൾക്ക് നൽകുകയും അർദ്ധരാത്രിക്കു മുമ്പ് തങ്ങളുടെ പ്രതികരണങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വലിയ തീരുമാനങ്ങൾ[തിരുത്തുക]

പദ്ധതി അംഗീകരിച്ചുകൊണ്ടുള്ള കോൺഗ്രസ്സ് പ്രവർത്തകസമിതിയുടെ തീരുമാനം നെഹ്രു അന്ന് വൈകുന്നേരം വൈസ്രോയിയെ അറിയിച്ചു. തീരുമാനമെടുക്കാൻ ജിന്ന കൂടുതൽ സമയം ആവശ്യപ്പെട്ടു. ലീഗ് പ്രവർത്തകസമിതി മാത്രമല്ല, അഖിലേന്ത്യാക്കമ്മിറ്റിയും സമ്മേളിച്ച് തീരുമാനമെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്ന് രാത്രി ഇക്കാര്യം വൈസ്രോയിയെ അറിയിക്കാൻ ചെന്ന ജിന്നയ്ക്ക് മൗണ്ട്ബാറ്റൺ ലണ്ടനിൽ നിന്നുള്ള ഒരു സന്ദേശം കാണിച്ചുകൊടുത്തു. പദ്ധതി ജിന്ന അംഗീകരിക്കുവാൻ വൈകുന്നുവെങ്കിൽ അത് പാകിസ്താന്റെ അന്ത്യം കുറിക്കുമെന്നായിരുന്നു സന്ദേശം.[1] ജിന്ന ഉടനെ സമ്മതം മൂളി.

ഗാന്ധിജിയുടെ അർദ്ധസമ്മതം[തിരുത്തുക]

പ്രമേയത്തിന് ഗാന്ധിജി സമ്മതം മൂളിയെങ്കിലും അദ്ദേഹം ദുഖിതനായിരുന്നു. അദ്ദേഹം പറഞ്ഞു.

ഇന്ത്യാവിഭജനം രാജ്യത്തിന്റെ ഭാവിക്ക് ഹാനികരമായേ ഭവിക്കൂ എന്ന എന്റെ അഭിപ്രായം ഞാനാവർത്തിക്കുന്നു. ഒരുപക്ഷേ, ഇങ്ങനെയൊരഭിപ്രായം എനിക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഈ വിഭജനപദ്ധതിയിൽ അപകടമല്ലാതെ മറ്റൊന്നും എനിക്ക് കാണാൻ കഴിയുന്നില്ല. എനിക്കതിൽ അതിയായ ദുഃഖമുണ്ട്.

കുറേ പ്രദേശങ്ങൾ വിട്ടുപോയാലും വേണ്ടില്ല, സുശക്തമായ ഒരു ഗവണ്മെന്റുണ്ടാകി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടമായിരിക്കുമെന്ന് നേതാക്കൾ കണ്ടു. പാകിസ്താന് സമ്മതം നൽകിയില്ലെങ്കിൽ പുരോഗതി പോയിട്ട് ദൈനംദിനഭരണം കൂടി അസാധ്യമാകുന്ന പരിതഃസ്ഥിതിയാണ് ജിന്നയും മുസ്ലീം ലീഗും ഉണ്ടാക്കിവച്ചത്. മറ്റ് യാതൊരു പോവഴിയുമില്ലെന്ന് ബോദ്ധ്യം വന്നപ്പോൾ മാത്രമാണ് കോൺഗ്രസ്സ് നേതാക്കൾ വിഭജനത്തിന് സമ്മതിച്ചത്. വേദനയോടുകൂടിയാണെങ്കിലും ഗാന്ധിജി അതിന് അനുവാദം നൽകിയതും ഈ യാഥാർത്ഥ്യം കണക്കിലെടുത്തായിരുന്നു.[1][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 പി.എ. വാര്യർ, ഡോ. കെ. വേലായുധൻ നായർ (23 ആഗസ്ത് 2015). ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ. ഡി.സി. ബുക്സ്. ഐ.എസ്.ബി.എൻ. 978-81-264-2335-4.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  2. 2.0 2.1 ലാറി കൊളിൻസ്, ഡൊമിനിക് ലാപ്പിയർ (23 ആഗസ്ത് 2015). സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഡി.സി. ബുക്സ്. ഐ.എസ്.ബി.എൻ. 81-713-0093-6.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=ജൂൺ_തേഡ്_പ്ലാൻ&oldid=2282644" എന്ന താളിൽനിന്നു ശേഖരിച്ചത്