യൂളിസീസ് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂളിസീസ്
1922-ലെ ഒന്നാം പതിപ്പിന്റെ പുറംചട്ട
കർത്താവ്ജെയിംസ് ജോയ്സ്
രാജ്യംഫ്രാൻസ്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംമോഡേണിസ്റ്റ് നോവൽ
പ്രസാധകർസിൽവിയാ ബീച്ച്
പ്രസിദ്ധീകരിച്ച തിയതി
2 ഫെബ്രുവരി 1922
മാധ്യമംഅച്ചടി - ഹാർഡ് കവറും പേപ്പർ ബാക്കും
ഏടുകൾപതിപ്പികൾ അനുസരിച്ച്, 644 മുതൽ1000 വരെ
ISBN0-679-72276-9
OCLC20827511
823/.912 20
LC ClassPR6019.O9 U4 1990
മുമ്പത്തെ പുസ്തകംഎ പോർട്രെയ്റ്റ് ഒഫ് ദ് ആർട്ടിസ്റ്റ് ഏസ് എ യങ്ങ് മേൻ
(1916)
ശേഷമുള്ള പുസ്തകംഫിന്നെഗൻസ് വേക്ക്
(1939)

ഐറിഷ് സാഹിത്യകാരൻ ജെയിംസ് ജോയ്സ് എഴുതിയ ഇംഗ്ലീഷ് നോവലാണ് യൂളിസീസ്. ദ് ലിറ്റിൽ റെവ്യൂ എന്ന അമേരിക്കൻ ആനുകാലികത്തിൽ 1918 മാർച്ചിനും 1920 ഡിസംബറിനും ഇടയ്ക്ക് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുവന്ന അതിനെ 1922 ജനുവരി 2-ന് സിൽവിയാ ബീച്ച് പാരീസിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. മോഡേണിസ്റ്റ് സാഹിത്യത്തിലെ ഏറ്റവും പ്രധാന രചനകളിലൊന്നായ "യൂളിസീസ്",[1] ആധുനികതാപ്രസ്ഥാനത്തിന്റെ മാതൃകയും സംഗ്രഹവുമെന്ന് (demonstration and summation) വിശേഷിക്കപ്പെട്ടിട്ടുണ്ട്.[2]

ഒരു ശരാശരി ദിവസമായ 1904 ജൂൺ 16-ന്, പ്രധാന കഥാപാത്രമായ ലിയോപോൾഡ് ബ്ലൂമിന്റേയും, ജോയ്സിന്റെ ആത്മാംശം അടങ്ങുന്ന കഥാപാത്രമായ സ്റ്റീഫൻ ഡെഡാലസിന്റേയും ഡബ്ലിൻ നഗരത്തിലൂടെയുള്ള അലഞ്ഞുതിരിയലാണ് നോവൽ ചിത്രീകരിക്കുന്നത്. പിന്നീട് തന്റെ ഭാര്യയായിത്തീർന്ന നോറാ ബാർനക്കിളുമായുള്ള ജോയ്സിന്റെ ആദ്യസംഗമം നടന്ന ദിവസമായിരുന്നു അത്.[3] അതിനാൽ, ലോകമെമ്പാടുമുള്ള ജെയിംസ് ജോയ്സിന്റെ ആരാധകർ ജൂൺ 16 ബ്ലൂമിന്റെ ദിവസമായി (Bloom's Day) ആഘോഷിക്കുന്നു. നോവലിന്റെ നാമം, യവനകവിയായ ഹോമറിന്റെ ഇതിഹാസകാവ്യം ഒഡീസ്സിയിലെ നായകൻ ഒഡീസിയസ്സിന്റെ പേരിന്റെ ലത്തീൻ രൂപമാണ്. ട്രോജൻ യുദ്ധത്തിനൊടുവിൽ ഗ്രീസിലെ തന്റെ രാജ്യമായ ഇത്താക്കയിലേക്കുള്ള ഒഡീസിയസിന്റെ പത്തുവർഷം ദീർഘിച്ച സാഹസികമായ മടക്കയാത്രയെ സംബന്ധിച്ച ഹോമറിന്റെ കഥ, യൂളീസീസിലെ ആഖ്യാനത്തിലുടനീളം പ്രതിഫലിക്കുന്നു. ഹോമറിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളുമായുള്ള സമാന്തരതകളുടെ ഒരു പരമ്പര തന്നെ തന്റെ കഥയിൽ ജോയ്സ് ഉൾക്കൊള്ളിച്ചിട്ടുണ്ട്: മുഖ്യകഥാപാത്രമായ ലിയോപോൾഡ് ബ്ലൂം ഒഡീസിയസിനേയും, അയാളുടെ പത്നി മോളി ബ്ലൂം ഒഡീസിയസിന്റെ പത്നി പെനെലോപ്പിനേയും, സ്റ്റീഫൻ ഡെഡാലസ് എന്ന കഥാപാത്രം ഒഡീസിയസിന്റെ പുത്രൻ ടെലിമാക്കസിനേയും അനുസ്മരിപ്പിക്കുന്നു.

സംജ്ഞാപദങ്ങളും, ബഹുവചനങ്ങളും, ക്രിയാഭേദങ്ങളും ഉൾപ്പെടെ 30,030 പദങ്ങളുടെ ശേഖരത്തെ ആശ്രയിച്ച് 265,000 പദങ്ങളുടെ ദൈർഘ്യമുള്ള ഈ കൃതി,[4] പതിനെട്ട് ഉപാഖ്യാനങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യപ്രസിദ്ധീകരണം മുതൽ യൂളിസീസ് വിവിധതരം വിവാദങ്ങളുടേയും വിശദപരിശോധനകളുടേയും വിഷയമായി. അശ്ലീലതയുടെ പേരിൽ ആരംഭത്തിൽ നേരിടേണ്ടി വന്ന വ്യവഹാരങ്ങളും, ഏറെ ദീർഘിച്ച പാഠസംബന്ധമായ "ജോയ്സ് യുദ്ധങ്ങളും" (Joyce Wars) ഈ നോവൽ സൃഷ്ടിച്ച കോലാഹലങ്ങളുടെ ഭാഗമാണ്. യൂളിസീസിലെ ഒരു മുഖ്യആഖ്യാനസങ്കേതമായ ബോധധാരാസമ്പ്രദായവും, സൂക്ഷ്മതയോടെ സൃഷ്ടിച്ച ഘടനയും, പാത്രസൃഷ്ടിയുടെ മികവും, നിറഞ്ഞ ഫലിതവും, ശ്ലേഷങ്ങളുടേയും അനുകരണകുസൃതികളുടേയും സൂക്ഷ്മസൂചനകളുടേയും പരീക്ഷണങ്ങൾ നിറഞ്ഞ ഗദ്യശൈലിയും, അതിനെ ആധുനികസാഹിത്യത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന രചനകളിലൊന്നാക്കി. 1998-ൽ മോഡേൺ ലൈബ്രറി അതിനെ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 നോവലുകളുടെ പട്ടികയിൽ ഒന്നാമത്തേതായി ഉൾപ്പെടുത്തി.[5]

കഥാസംഗ്രഹം[തിരുത്തുക]

പരസ്യക്കമ്പനി ജോലിക്കാരനും ഭാഗികമായി യഹൂദപശ്ചാത്തലമുള്ളവനുമായ ലിയോപോൾഡ് ബ്ലൂം എന്നയാളാണ് യൂളിസീസിലെ മുഖ്യകഥാപാത്രം. നോവലിസ്റ്റിന്റെ ആത്മാംശം അടങ്ങുന്ന രണ്ടാമത്തെ കഥാപത്രമായ സ്റ്റീഫൻ ഡെഡാലസ് ജോയ്സിന്റെ "എ പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ഏസ് എ യങ്ങ് മേൻ" എന്ന മുൻനോവലിലെ നായകനായിരുന്നു. മൂന്നു ഭാഗങ്ങളിലായി പതിനെട്ട് അദ്ധ്യായങ്ങളുള്ള നോവലിന്റെ മൂന്നദ്ധ്യായങ്ങൾ ചേർന്ന ഒന്നാം ഭാഗം സ്റ്റീഫൻ ഡെഡാലസിന്റെ കേന്ദ്രീകരിച്ചും, 12 അദ്ധ്യായങ്ങൾ ചേർന്ന രണ്ടാം ഭാഗം ലിയോപോൾഡ് ബ്ലൂമിനേയും അയാളുടെ യാത്രകളേയും കേന്ദ്രീകരിച്ചുമാണ്. കഥ തുടങ്ങുന്ന പ്രഭാതത്തിൽ വ്യത്യസ്ത വഴികളിൽ മുന്നോട്ടുപോകുന്ന ബ്ലൂമിന്റേയും ഡെഡാലസിന്റേയും വഴികൾ പലപ്പോഴും സന്ധിക്കുന്നുണ്ടെങ്കിലും അവർ ഒത്തുചേരുന്നില്ല. എന്നാൽ യാത്രയുടെ സമാപ്തിയിൽ അവർ ഒരുമിച്ചാവുന്നു. നോവലിന്റെ മൂന്നദ്ധ്യായങ്ങൾ ചേർന്ന അവസാനഭാഗം, പത്തു വർഷത്തെ അലഞ്ഞുതിരിയലിനു ശേഷം ഇത്താക്കയിലെത്തുന്ന ഒഡീസിയസിനെപ്പോലെ ലിയോപോൾഡ് ബ്ലൂം വീട്ടിലേക്കു മടങ്ങുന്നതിന്റേയും അതിൻശേഷമുള്ള കാര്യങ്ങളുടേയും കഥയാണ്.

യൂളിസീസിലെ അദ്ധ്യായങ്ങളുടെ പേരുകൾ, നോവലിലെ കഥാസന്ദർഭങ്ങൾക്ക് ഹോമറിന്റെ ഒഡീസിയിലെ കഥയുമായുള്ള ബന്ധത്തെ അനുസ്മരിപ്പിക്കും വിധമാണ്. സ്റ്റീഫൻ ഡെഡാലസിനേയും സുഹൃത്തുക്കളേയും അവതരിപ്പിക്കുന്ന പ്രഥമാദ്ധ്യായത്തിന് ഒഡീസിയസിന്റെ പുത്രൻ ടെലിമാക്കസിന്റെ പേരാണ്. രണ്ടാമത്തെ അദ്ധ്യായത്തിന് ഒഡീസിയസിന്റെ സുഹൃത്തായ യവനരാജാവ് നെസ്റ്ററിന്റെ പേരാണ്. വാസ്തവികതയുടെ ചഞ്ചലഭാവത്തെക്കുറിച്ചുള്ള സ്റ്റീഫൻ ഡെഡാലസിന്റെ ചിന്തകൾ അടങ്ങുന്ന മൂന്നാം അദ്ധ്യായത്തിന്റെ പേര് 'പ്രോത്തിയസ്' എന്നാണ്. വ്യത്യസ്തരൂപങ്ങളിൽ മാറിമാറി പ്രത്യക്ഷപ്പെടുന്ന ഒഡീസിയിലെ സമുദ്രദേവനാണ് പ്രോത്തിയസ്. ലിയോപോൾഡ് ബ്ലൂമിന്റെ ഭാര്യ മോളി ബ്ലൂമിന്റെ ചിന്താലോകം അനാവരണം ചെയ്യുന്ന നോവലിലെ അവസാനാദ്ധ്യായത്തിന് ഒഡീസിയിലെ ഒഡീസിയസിന്റെ ഭാര്യ പെനലോപ്പിന്റെ പേരാണ്.

ഒന്നാം ഭാഗം[തിരുത്തുക]

മൂന്നാം അദ്ധ്യായത്തിൽ സ്റ്റീഫൻ ഡെഡാലസ് ചിന്തയിൽ മുഴുകി അലഞ്ഞുനടന്ന ഡബ്ലിനിനെ "സാണ്ടിമൗണ്ട് സ്ട്രാണ്ട്" കടൽത്തീരം

സ്കൂൾ അദ്ധ്യാപകനും ബുദ്ധിജീവിയുമായ സ്റ്റീഫൻ ഡെഡാലസിനേയും അയാളുടെ കൂട്ടുതാമസക്കാരനും വായാടിയുമായ ബക്ക് മല്ലിഗൻ എന്ന വൈദ്യവിദ്യാർത്ഥിയേയും പ്രഭാതകർമ്മങ്ങൾക്കിടെ അവതരിപ്പിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ഉപയോഗിക്കപ്പെടാതെ കിടന്ന ഒരു കാവൽ ഗോപുരത്തിൽ വാടകയ്ക്കു താമസിക്കുകയാണവർ. ആയിടെ മരിച്ച തന്റെ അമ്മയുടെ സ്മരണ ഡെഡാലസിനെ നിരന്തരം അലട്ടുന്നുണ്ട്. മല്ലിഗന്റെ മുഖക്ഷൗരകർമ്മത്തിന്റെ വിവരണവും അതിനിടെ അയാളും സ്റ്റീഫനുമായുള്ള സംഭാഷണവുമാണ് ആദ്യാദ്ധ്യായത്തിന്റെ തുടക്കത്തിൽ. മല്ലിഗന്റെ സുഹൃത്ത് ഹെയ്നസ് എന്ന ഇംഗ്ലീഷുകാരൻ വിദ്യാർത്ഥിയും അവർക്കൊപ്പം, സ്റ്റീഫന്റെ അനിഷ്ടത്തെ വകവയ്ക്കാതെയാണെങ്കിലും താമസിക്കുന്നുണ്ട്. പ്രഭാതഭക്ഷണം കഴിച്ചശേഷം മൂന്നു പേരും ഒരുമിച്ച് താമസസ്ഥലം വിട്ടു പോകുന്നു. തമ്മിൽ പിരിയുന്നതിനു മുൻപ്, താമസസ്ഥലത്തിന്റെ വാടക കൊടുത്തിരുന്ന സ്റ്റീഫൻ അതിന്റെ താക്കോൾ സുഹൃത്തുക്കൾക്കു കൈമാറുന്നു. പന്ത്രണ്ടര മണിക്ക് ദ് ഷിപ്പ് എന്ന ഭോജനശാലയിൽ സന്ധിക്കാമെന്ന തീരുമാനത്തിലാണ് അവർ പിരിയുന്നത്. രണ്ടാമത്തെ അദ്ധ്യായത്തിന്റെ രംഗം സ്റ്റീഫൻ അദ്ധ്യാപകനായിരുന്ന സ്കൂളാണ്. വലിയ മിടുക്കന്മാരല്ലാത്ത കുറേ കുട്ടികളെ അയാൾ ഗ്രീക്കു ചരിത്രവും മിൽട്ടന്റെ ലിസിഡാസും മറ്റും പഠിപ്പിക്കുന്നു. തുടർന്ന് സ്കൂളിലെ ഉടമയും ഹെഡ്മാസ്റ്ററുമായ ഡീസിയുമായുള്ള സ്റ്റീഫന്റെ കൂടിക്കാഴ്ചയാണ്. അറുപിന്തിരിപ്പനും ബ്രിട്ടീഷ് പക്ഷപാതിയും യഹൂദവിരുദ്ധനുമാണ് ഡീസി. കൂടിക്കാഴ്ചക്കൊടുവിൽ ഹെഡ്മാസ്റ്റർ, കന്നുകാലികൾക്കിടയിലെ "കാൽവായ്‌രോഗം" (foot and mouth disease) എന്ന പകർച്ചവ്യാധിയെക്കുറിച്ച് അയാൾ എഴുതിയ ഒരു കത്ത് ഏതെങ്കിലുമൊരു പത്രത്തിൽ പ്രസിദ്ധീകരിക്കാൻ ചുമതലപ്പെടുത്തി സ്റ്റീഫനെ ഏല്പിക്കുന്നു. ഈ ഭാഗത്തെ അവസാനാദ്ധ്യായം ബോധധാരാസമ്പ്രദായത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. ഇതിൽ, സ്കൂൾ വിട്ടുപോകുന്ന സ്റ്റീഫൻ കടൽത്തീരത്തു ചുറ്റിത്തിരിഞ്ഞ്, വിവിധതരം കാഴ്ചകൾ കാണുകയും ദാർശനികവും വ്യക്തിപരവുമായ മനോഗതങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു.

രണ്ടാം ഭാഗം[തിരുത്തുക]

ലിയോപോൾഡ് ബ്ലൂം ഉച്ചഭക്ഷണം കഴിക്കാൻ തെരഞ്ഞെടുത്തതായി നോവലിൽ പറയുന്ന ഡബ്ലിനിലെ ഡേവി ബൈർണിയുടെ ഭോജനശാല

പന്ത്രണ്ട് അദ്ധ്യായങ്ങളടങ്ങുന്ന ഈ ഭാഗമാണ് നോവലിന്റെ കേന്ദ്രഖണ്ഡം. ഒന്നാം ഭാഗത്ത് ഉച്ചയോടടുത്ത് സമാപിച്ച കഥ, രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ ലിയോപോൾഡ് ബ്ലൂമിനെ അവതരിപ്പിക്കാൻ ആദ്യാദ്ധ്യായം തുടങ്ങിയ പ്രഭാതസമയത്തേക്കു മടങ്ങുന്നു. താഴേക്കിടയിൽ പെട്ട ഗായികയായിരുന്ന അയാളുടെ ഭാര്യ മോളി ബ്ലൂം അപ്പോഴും കിടക്കവിട്ടെഴുന്നേറ്റിരുന്നില്ല. അവരുടെ 15 വയസ്സുള്ള മകൾ പഠനസ്ഥലത്തായിരുന്നു. അവർക്കു ജനിച്ച മകൻ, 11 മാസം പ്രായമുള്ളപ്പോൾ മരിച്ചുപോയിരുന്നു. ഇറച്ചിക്കടയിൽ പോയി, പ്രഭാതത്തിലെ തന്റെ ഇഷ്ടഭക്ഷണമായ പന്നിവൃക്ക വാങ്ങി വരുന്ന ബ്ലൂമിന് കിട്ടിയ തപാലുരുപ്പടികളിലൊന്ന്, ഭാര്യയ്ക്ക് അവളുടെ കാമുകൻ ബ്ലേസസ് ബോയ്‌ലാൻ അയച്ച കത്തായിരുന്നു. അപ്പോഴും എഴുന്നേറ്റിട്ടില്ലായിരുന്ന മോളിയുടെ പ്രാതലും ഒപ്പം കാമുകന്റെ കത്തും, ബ്ലൂം അവളുടെ കിടക്കയിൽ എത്തിച്ചുകൊടുക്കുന്നു. അന്നു പകൾ അവൾ, താൻ വീട്ടിലില്ലാത്തപ്പോൾ കാമുകനുമായി സന്ധിക്കാൻ ഒരുങ്ങിയിരിക്കുന്ന കാര്യം ബ്ലൂമിനറിയാം.

ഡെഡാലസ് ഹാംലെറ്റിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചതായി പറയുന്ന ഡബ്ലിനിലെ ദേശീയ ഗ്രന്ഥശാല

വീടുവിട്ടിറങ്ങുന്ന ബ്ലൂം പലയിടങ്ങളിലും കറങ്ങി നടക്കുന്നു. പല കാര്യങ്ങൾക്കുമായി ഓഫീസുകൾ കയറിയിറങ്ങുന്നതും, പാഡി ഡിഗ്നാം എന്നയാളുടെ ശവശംസ്കാരത്തിൽ പങ്കെടുക്കുന്നതും, കടൽത്തീരവും മദ്യശാലകളും വേശ്യാലയവും സന്ദർശിക്കുന്നതും, ഒരു കാപ്പിക്കടയിലിരുന്ന് സുഹൃത്തുക്കളുമായി കുശലം പറയുന്നതും എല്ലാം അയാളുടെ ദിനകർമ്മങ്ങളുടെ ഭാഗമായി.[6] നഗരത്തിൽ അലഞ്ഞുതിരിഞ്ഞിരുന്ന സ്റ്റീഫൻ ഡെഡാലസിന്റേയും ബ്ലൂമിന്റേയും വഴികൾ പലപ്പോഴും സന്ധിക്കുന്നുണ്ടെങ്കിലും അവർ ആദ്യമൊന്നും അടുക്കുന്നില്ല. പത്രമാഫീസിൽ ഹെഡ്മാസ്റ്ററുടെ കത്തു കൊടുക്കാൻ പോയ സ്റ്റീഫനെ, അവിടെ ഒരു പരസ്യക്കരാറിന്റെ കാര്യത്തിനായി എത്തിയ ബ്ലൂം കാണുന്നതാണ് അവരുടെ ആദ്യത്തെ കൂടിക്കാഴ്ച. അവിടെ സ്റ്റീഫന്റെ ദൗത്യം വിജയിച്ചപ്പോൾ ബ്ലൂം പോയ കാര്യം നടന്നില്ല. നാഷനൽ ലൈബ്രറിയിൽ ഷേയ്ക്സ്പിയറുടെ ഹാംലറ്റിനെ സംബന്ധിച്ച തന്റെ സങ്കീർണ്ണസിദ്ധന്തങ്ങൾ അവതരിപ്പിക്കുന്ന സ്റ്റീഫനേയും ബ്ലൂം കണ്ടുമുട്ടുന്നുണ്ട്. പന്ത്രണ്ടാം അദ്ധ്യായത്തിൽ യഹൂദതയുടെ പേരിൽ ഒരു മദ്യശാലയിൽ ബ്ലൂം അധിക്ഷേപിക്കപ്പെടുന്നതു കാണാം. "നിങ്ങളുടെ ദൈവവും ഒരു യഹൂദനായിരുന്നു; ക്രിസ്തു എന്നെപ്പോലെ തന്നെ യഹൂദനായിരുന്നു" എന്നായിരുന്നു അധിക്ഷേപിച്ചവർക്ക് ബ്ലൂം കൊടുത്ത മറുപടി.

നോവലിന്റെ രണ്ടാം ഭാഗത്ത് അവസാനത്തേതായ പതിനഞ്ചാമദ്ധ്യായത്തിലെ സംഭവങ്ങൾ നടക്കുന്നത് പാതിരാത്രിയ്ക്ക് ബെല്ലാ കോഹന്റെ വേശ്യാലയത്തിലാണ്. അവിടെ വെവ്വേറെ എത്തിച്ചേരുന്ന സ്റ്റീഫനും ബ്ലൂമും മദ്യവും കുറ്റബോധവും ചേർന്നുണ്ടാക്കിയ വിഭ്രാമകതയിലൂടെ കടന്നുപോകുന്നു. ലഹരി പിടിച്ചു നടന്ന ബ്ലൂം വേശ്യാലയത്തിലെ പറ്റുകാരുടേയും നടത്തിപ്പുകാരുടേയും അധിക്ഷേപത്തിനിരയാവുന്നു. സമാധാനക്കേടുണ്ടാക്കിയതിന്റെ പേരിൽ അയാൾക്ക് അറസ്റ്റും വിചാരണയും പോലും നേരിടേണ്ടി വരുന്നു. പിന്നീട്, കണക്കു തീർത്ത് മടങ്ങാനൊരുങ്ങുന്ന സ്റ്റീഫനെ ബ്ലൂം കണ്ടുമുട്ടുന്നു. സുബോധമില്ലാതിരുന്ന സ്റ്റീഫൻ, പറ്റു തീർക്കുന്നതിൽ വഞ്ചിക്കപ്പെടുമായിരുന്നെങ്കിലും, ബ്ലൂമിന്റെ ഇടപെടൽ അതൊഴിവാക്കി. അതിനിടെ തന്റെ അമ്മയുടെ പ്രേതത്തെ കണ്ടതായി തോന്നിയ സ്റ്റീഫൻ വിഭ്രാന്തിയിൽ വേശ്യാലയത്തിലെ ഒരു തൂക്കുവിളക്ക് അടിച്ചുടച്ചതും പ്രശ്നമായി. വഴിയിലിറങ്ങിയ അയാൾക്ക് ചില ഇംഗ്ലീഷ് പട്ടാളക്കാരുമായി കലഹിച്ച് അടികൊണ്ടു ബോധം നഷ്ടപ്പെട്ടെങ്കിലും, പോലീസിന്റെ പിടിയിൽ പെടുന്നതിൽ നിന്ന് ബ്ലൂം രക്ഷപെടുത്തി. വഴിയിൽ ബോധം കെട്ടു കിടന്ന സ്റ്റീഫനെ കണ്ട ബ്ലൂമിന് പതിനൊന്നു മാസം പ്രായമുള്ളപ്പോൾ മരിച്ച തന്റെ മകൻ റൂഡിയുടെ ഓർമ്മ വന്നു.

മൂന്നാം ഭാഗം[തിരുത്തുക]

പാരിസിൽ നിന്ന് 1922-ൽ പ്രസിദ്ധീകരിച്ച യൂളിസീസിന്റെ ആദ്യപതിപ്പ്

മൂന്നാം ഭാഗത്തെ ആദ്യാദ്ധ്യായത്തിന്റെ തുടക്കത്തിൽ, അർത്ഥബോധാവസ്ഥയിലിരുന്ന സ്റ്റീഫനെ ബ്ലൂം കുതിരവണ്ടിക്കാരുടെ സങ്കേതത്തിലെത്തിക്കുന്നു. അവിടെ അവർ ഡി.ബി.മർഫി എന്ന കുടിയൻ നാവികനെ കാണുന്നു. കുതിരവണ്ടിയിലെ യാത്രയ്ക്കിടെ സ്റ്റീഫൻ ബരോക്ക് സഗീതജ്ഞൻ ജോഹാനസ് ജീപ്പിന്റെ ഒരു ഗാനം പാടുന്നു. അടുത്ത അദ്ധ്യായത്തിൽ സ്റ്റീഫനോടൊപ്പം ബ്ലൂം സ്വന്തം വീട്ടിലെത്തുന്നു. അവിടെ രാത്രി തങ്ങാനുള്ള ബ്ലൂമിന്റെ ക്ഷണം സ്റ്റീഫൻ സ്വീകരിക്കുന്നില്ല. അയാൾ ഇരുട്ടിൽ നടന്നു മറയുന്നു.[7] ബ്ലൂം കിടക്കയിലേക്കും. വേദോപദേശം പോലെ ചോദ്യോത്തര ശൈലിയിൽ ക്രമപ്പെടുത്തി എഴുതിയിട്ടുള്ള ഈ അദ്ധ്യായം നോവലിൽ ജോയ്സിന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യായമായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിന്റെ ശൈലി പിന്തുടർന്ന ഇതിലെ ഓരോ ചോദ്യവും ആഖ്യാനത്തിന്റെ പുരോഗമനത്തെ സഹായിക്കുന്നു. ഇതിലെ വിശദമായ വിവരണങ്ങളിൽ ജ്യോതിശാസ്ത്രം മുതൽ വിക്ഷിപ്തമൂത്രത്തിന്റെ സഞ്ചാരപഥം (trajectory) വരെ വിഷയമാകുന്നു.

നോവലിലെ പ്രസിദ്ധമായ അവസാനാദ്ധ്യായം ബോധധാരാസമ്പ്രദായത്തിൽ മോളി ബ്ലൂമിന്റെ ചിന്തയുടെ ചിത്രം വരച്ചുകാട്ടുന്നു. വിരാമചിഹ്നങ്ങൾ ഇല്ലാതെ നാല്പതിലേറെ പുറങ്ങൾ പരന്നുകിടക്കുന്ന ഏട്ടു ദീർഘവാക്യങ്ങളിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. ഇതിൽ മോളി ജിബ്രാൾട്ടറിലെ അവളുടെ പൂർവജീവിതത്തേയും പഴയ പ്രേമങ്ങളേയും വർത്തമാനകാലത്തെ വിരസജീവിതത്തേയും, പോയ പകൽ കാമുകൻ ബ്ലേസസ് ബോയ്‌ലാനുമായി നടന്ന സംഗമത്തേയും മറ്റും അനുസ്മരിക്കുന്നു. ഇതിനിടെ ആർത്തവസൂചന തോന്നിയ അവൾ കാമുകനുമായുള്ള ബന്ധം ഗർഭധാരണത്തിലെത്തിയിട്ടില്ല എന്നറിയുന്നു. ബാല്യത്തിൽ തനിക്കു പരിചയമുണ്ടായിരുന്ന സ്റ്റീഫൻ ഡെഡാലസിനെ ഓർക്കുന്ന മോളി അയാളെക്കുറിച്ച് പ്രേമസ്വപ്നങ്ങൾ കാണുന്നെങ്കിലും ബുദ്ധിജീവിയായ സ്റ്റീഫന് സംസ്കാരം കുറഞ്ഞ താൻ അഭിമതയാവുമോയെന്ന് ആശങ്കപ്പെടുന്നു. ഒടുവിൽ ബ്ലൂമുമായുള്ള തന്റ് പ്രേമത്തിന്റെ ചരിത്രം അയവിറക്കുന്ന അവൾ അയാളുടെ കുറവുകളും വൈകൃതങ്ങളും ഓർക്കുന്നു. എങ്കിലും മോളിയുടെ ഈ മനോരാജ്യം സമാപിക്കുന്നത് ഭർത്താവ് ബ്ലൂമിനോടുള്ള പ്രേമം ആവർത്തിച്ചു പറയുന്ന "ഞാൻ സമ്മതം പറഞ്ഞു, ഞാൻ സമ്മതം പറയും, പറയും" (Yes I said yes I will Yes) എന്ന തീരുമാനത്തിലാണ്.

'Yes' എന്ന സമ്മതവാക്കിലാരംഭിക്കുന്ന ഈ അദ്ധ്യായം അവസാനിക്കുന്നതും ആ വാക്കിൽ തന്നെയാണ്.

വിമർശനങ്ങൾ[തിരുത്തുക]

ലൈംഗികതയേയും വിവിധ ശാരീരികപ്രക്രിയകളേയും സങ്കോചമില്ലാതെ പരാമർശിക്കുന്ന നിരവധി ഭാഗങ്ങൾ ഈ നോവലിൽ കാണാം. മതപരവും ദൈവശാസ്ത്രപരവുമായ നിലപാടുകളെ പരിഹസിക്കുന്നതെന്നു തോന്നിക്കുന്ന ഒട്ടേറെ സന്ദർഭങ്ങളും ഇതിലുണ്ട്. ഇക്കാരണങ്ങൾ കൊണ്ട്, 1922-ൽ പ്രസിദ്ധീകരണത്തെ തുടർന്ന് യൂളിസീസ് പരക്കെ വിമർശിക്കപ്പെടുകയും ബ്രിട്ടണിലും അമേരിക്കൻ ഐക്യനാടുകളിലും നിരോധിക്കപ്പെടുകയും ചെയ്തു.[6] ഐക്യനാടുകളിൽ ഇതിനേർപ്പെടുത്തിയിരുന്ന നിരോധനം നീങ്ങിയത് ന്യൂ യോർക്ക് തെക്കൻ ജില്ലാക്കോടതിയിലെ ന്യായാധിപൻ ജോൺ എം. വൂൾസിയുടെ 1933 ഡിസംബർ 6-ലെ പ്രഖ്യാതമായ വിധിയോടെയാണ്. യൂളിസീസിന്റെ ദൈർഘ്യവും ദുർഗ്രഹതയും അതിന്റെ വായന പ്രയാസം നിറഞ്ഞതാക്കുന്നുവെങ്കിലും, തന്റെ ചുമതലയിൽ വന്ന സുപ്രധാനമായ തീരുമാനത്തോടു നീതി ചെയ്യാനായി, ആഴ്ചകളോളം ഒഴിവുസമയം ചെലവഴിച്ച് താൻ അതു വായിച്ചെന്നു വെളിപ്പെടുത്തിയ വൂൾസി, നോവലിൽ ഉള്ളതായി പറയപ്പെടുന്ന 'വഷളൻ' ഭാഗങ്ങൾ അശ്ലീലമല്ലെന്നും വ്യക്തികളുടെ മനോവ്യാപാരങ്ങളുടെ സത്യസന്ധമായ ചിത്രീകരണം മാത്രമാണെന്നും തീർപ്പുകല്പിച്ചു.[8]

യൂളിസീസിനെതിരെ ഇന്നും ഉന്നയിക്കപ്പെടുന്ന ഒരു വിമർശനം അതിലെ ആഖ്യാനത്തിന്റെ ദുർഗ്രഹതയെ സംബന്ധിച്ചാണ്. ഈ പരാതിയുടെ പരമാർത്ഥം ഗ്രന്ഥകാരൻ തന്നെ ഒരുവിധത്തിൽ സമ്മതിച്ചിട്ടുള്ളതാണ്. താനെന്താണ് അർത്ഥമാക്കുന്നത് എന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രൊഫസർമാരെ നൂറ്റാണ്ടുകളോളം തിരക്കുള്ളവരാക്കി നിർത്താൻ പാകത്തിൽ പ്രഹേളികകളും ഗൂഢപ്രശ്നങ്ങളും സന്നിവേശിപ്പിച്ചാണ് യൂളിസീസ് എഴുതയതെന്നു സമ്മതിച്ച ജോയ്സ്, "ഒരുവന്റെ അനശ്വരത ഉറപ്പുവരുത്താനുള്ള ഏകവഴി" എന്ന് ഈ രചനാശൈലിയെ വിശേഷിപ്പിക്കുകപോലും ചെയ്തു. "സമകാലിക സംഭവങ്ങൾ, സാഹിത്യം, ചരിത്രം, തത്ത്വചിന്ത, തദ്ദേശാചാരങ്ങൾ, പഴമ്പുരാണങ്ങൾ, നാടൻ പാട്ടുകൾ തുടങ്ങി നൂറുകണക്കിനു സൂചനകളും ഭാഷാപരമായ കസർത്തുകളും അഭ്യാസങ്ങളുമായി എണ്ണൂറോളം പേജുവരുന്ന യൂളിസീസ് ദുർഗ്രഹമായില്ലെങ്കിലേ അത്ഭുതമുള്ളു" എന്നു നിരീക്ഷിക്കുന്ന യൂളീസിന്റെ മലയാളം പരിഭാഷകൻ എൻ മൂസക്കുട്ടി, പരിഭാഷയിൽ "അനിവാര്യതിന്മ"-യായി നാലായിരത്തോളം അടിക്കുറിപ്പുകൾ തനിക്കു ചേർക്കേണ്ടി വന്ന കാര്യം എടുത്തുപറയുന്നു.[6]

അവലംബം[തിരുത്തുക]

  1. Harte, Tim (Summer, 2003). "Sarah Danius, The Senses of Modernism: Technology, Perception, and Aesthetics". Bryn Mawr Review of Comparative Literature. 4 (1). Archived from the original on 2003-11-05. Retrieved 2001-07-10. {{cite journal}}: Check date values in: |date= (help) (review of Danius book).
  2. Beebe, Maurice (Fall 1972). "Ulysses and the Age of Modernism". James Joyce Quarterly (University of Tulsa) 10 (1): 172–88.
  3. Keillor, Garrison, "The Writer's Almanac", Feb. 2, 2010.
  4. Vora, Avinash (2008-10-20). "Analyzing Ulysses". Archived from the original on 2008-10-25. Retrieved 2008-10-20.
  5. "100 Best Novels". Random House. 1999. Retrieved 2007-06-23. മോഡേൺ ലൈബ്രറി ബോർഡിലെ Archived 2010-09-02 at the Wayback Machine. എഴുത്തുകാരും വിമർശകരുമാണ് ഈ വിലയിരുത്തൽ നടത്തിയത്; വായനക്കാരുടെ മതിപ്പിൽ അതിന്റെ സ്ഥാനം 11-ആം സ്ഥാനത്തായിരുന്നു. ജോയ്സിന്റെ തന്നെ "എ പോർട്രെയ്റ്റ് ഓഫ് ദ് ആർട്ടിസ്റ്റ് ഏസ് എ യങ്ങ് മേൻ" ബോർഡ് അംഗങ്ങളുടെ മതിപ്പിൽ മൂന്നാം സ്ഥാനത്തെത്തി.
  6. 6.0 6.1 6.2 യുലീസസ്സ് വായിക്കുമ്പോൾ, 2011 മേയ് 8-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (പുറങ്ങൾ 8-83), മലയാളത്തിലേക്കു യൂളിസീസ് പരിഭാഷപ്പെടുത്തിയ എൻ മൂസക്കുട്ടി എഴുതിയ ലേഖനം
  7. Hefferman, James A. W. (2001) Joyce’s Ulysses. Chantilly, VA: The Teaching Company LP.
  8. ജെയിംസ് ജോയ്സിന്റെ യൂളിസീസ്, മോറിസ് എൽ ഏണസ്റ്റിന്റെ അവതാരികയും ന്യായാധിപൻ ജോൺ എം. വൂൾസിയുടെ തീരുമാനത്തിന്റെ പാഠവും ചേർത്ത് ന്യൂ യോർക്കിലെ വിന്റേജ് ബുക്ക്സ് 1961-ൽ പ്രസിദ്ധീകരിച്ച പതിപ്പ്
"https://ml.wikipedia.org/w/index.php?title=യൂളിസീസ്_(നോവൽ)&oldid=4074239" എന്ന താളിൽനിന്ന് ശേഖരിച്ചത്