മൈത്രി എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈത്രി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈത്രി (വിവക്ഷകൾ) എന്ന താൾ കാണുക. മൈത്രി (വിവക്ഷകൾ)
2008 ഏപ്രിൽ 14-ന് മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടന സമയത്തെ ദൃശ്യം

ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ സർവീസ് നടത്തുന്ന ഒരു അന്താരാഷ്ട്ര പാസഞ്ചർ തീവണ്ടിയാണ് മൈത്രി എക്സ്പ്രസ് (ഹിന്ദി: मैत्री एक्सप्रेस; ബംഗാളി: মৈত্রী এক্সপ্রেস). പേരു സൂചിപ്പിക്കുന്നതുപോലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനായാണ് ഇങ്ങനെയൊരു തീവണ്ടി ആരംഭിച്ചത്.[1] ഇന്ത്യൻ നഗരമായ കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിന്റെ തലസ്ഥാന നഗരമായ ധാക്ക വരെയാണ് തീവണ്ടി ഓടുന്നത്. ഇരു നഗരങ്ങളും തമ്മിലുള്ള 375 കിലോമീറ്റർ ദൂരം ഏകദേശം 11 മണിക്കൂർ കൊണ്ട് ഓടിയെത്തുവാൻ ഈ തീവണ്ടിക്കു സാധിക്കുന്നു. വർഷങ്ങൾക്കു മുമ്പ് രണ്ടു രാജ്യങ്ങൾക്കുമിടയിൽ ഓടിയിരുന്ന ബരിസാൽ എക്സ്പ്രസ് 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തോടെ നിർത്തിവച്ചിരുന്നു. 43 വർഷങ്ങൾക്കുശേഷം 2008 ഏപ്രിൽ 14-ന് അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജി മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.[2]

ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുന്ന ഈ തീവണ്ടിയിൽ ആകെ 360 സീറ്റുകളാണുള്ളത്.ഏറെ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന തീവണ്ടിയിൽ യാത്ര ചെയ്യുന്നതിനു വിസയും പാസ്പോർട്ടും അത്യാവശ്യമാണ്. മൈത്രി എക്സ്പ്രസ്സിനു പുറമെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ സർവീസ് നടത്തുന്ന തീവണ്ടിയാണ് ബന്ധൻ എക്സ്പ്രസ്. 2017 നവംബർ 9-ന് ഉദ്ഘാടനം ചെയ്ത ഈ തീവണ്ടി കൊൽക്കത്തയെ ബംഗ്ലാദേശിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഖുൽനയുമായി ബന്ധിപ്പിക്കുന്നു.

ചരിത്രം[തിരുത്തുക]

ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ബംഗാൾ പ്രവിശ്യയിലെ കൊൽക്കത്ത, ഗൊവലാണ്ട, ധാക്ക, നാരായൺഗഞ്ച് എന്നീ പ്രദേശങ്ങളിലൂടെ ഈസ്റ്റ് ബംഗാൾ മെയിൽ, ഈസ്റ്റ് ബംഗാൾ എക്സ്പ്രസ്, ബരിസാൽ എക്സ്പ്രസ് എന്നീ തീവണ്ടികൾ ഓടിയിരുന്നു. 1947-ൽ ഇന്ത്യയും പാകിസ്താനും സ്വതന്ത്രമായതോടെ പശ്ചിമ ബംഗാൾ ഇന്ത്യയുടെയും പൂർവ്വ ബംഗാൾ പാകിസ്താന്റെയും ഭാഗമായി മാറി. 1956-ൽ പൂർവ്വ ബംഗാളിനെ 'പൂർവ്വ പാകിസ്താൻ' എന്നു പുനർനാമകരണം ചെയ്തു. ഇന്ത്യാ വിഭജനം സൃഷ്ടിച്ച ആഘാതത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. എങ്കിലും പശ്ചിമബംഗാളിലെ കൊൽക്കത്തയെയും പൂർവ്വ പാകിസ്താനിലെ ഖുൽനയെയും ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന ബരിസാൽ എക്സ്പ്രസ് സർവീസ് തുടർന്നു.[3][4] 1965-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധം ആരംഭിച്ചപ്പോൾ ഈ തീവണ്ടിയും നിർത്തലാക്കി.[2] 1971-ലെ ഇന്തോ-പാക് യുദ്ധത്തോടെ പൂർവ പാകിസ്താൻ സ്വതന്ത്രമാവുകയും ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറുകയും ചെയ്തു.

ആരംഭം[തിരുത്തുക]

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഒരു തീവണ്ടി സർവീസ് വേണമെന്ന ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് 2001-ൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. 2007 ഫെബ്രുവരിയിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജി ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിച്ചതോടെ തീവണ്ടി സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായി.[5][6] അതേവർഷം ജൂലൈ 8-ന് കൊൽക്കത്തയ്ക്കും ധാക്കയ്ക്കുമിടയിൽ തീവണ്ടിയുടെ പരീക്ഷണ ഓട്ടം നടന്നു. 2008 ഏപ്രിൽ 14-ന് പെഹലാ ബൈശാഖ് ദിനത്തിൽ മൈത്രി എക്സ്പ്രസ്സിന്റെ ഉദ്ഘാടനം നടന്നു. ബംഗാളികളുടെ പുതുവത്സരാഘോഷ ദിനത്തെയാണ് പെഹലാ ബൈശാഖ് എന്നുപറയുന്നത്.[7]

ഉദ്ഘാടനം[തിരുത്തുക]

വിപുലമായ ആഘോഷങ്ങളോടെയാണ് മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങു നടന്നത്. അന്നത്തെ ഇന്ത്യൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രിയ രഞ്ജൻ ദാസ് മുൻസി, പശ്ചിമ ബംഗാൾ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി, ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് സ്ഥാനപതി ലിയാഖത്ത് അലി ചൗധരി എന്നിവർ കൊൽക്കത്തയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി കൊൽക്കത്തയിൽ നിന്നും ധാക്കയിലേക്കുള്ള മൈത്രി എക്സ്പ്രസിന്റെ ആദ്യ യാത്രയ്ക്കു പച്ചക്കൊടി വീശി.[2][6] ഇതേസമയം ധാക്കയിൽ നിന്നും കൊൽക്കത്തയിലേക്ക് മറ്റൊരു തീവണ്ടിയും ഓടിയിരുന്നു. ആകെ 360 സീറ്റുകളുള്ള കൊൽക്കത്ത-ധാക്ക മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടന ഓട്ടത്തിൽ രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 65 പേർ മാത്രമാണ് യാത്ര ചെയ്തത്. ധൃതി പിടിച്ചു നടത്തിയ ഉദ്ഘാടനമായതിനാലാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് ഇന്ത്യൻ റെയിൽവേ നൽകിയ വിശദീകരണം.

പ്രതികരണം[തിരുത്തുക]

മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനം ജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്.[1] കൊൽക്കത്ത - ധാക്ക തീവണ്ടിപ്പാതയിലെ ഇന്ത്യയുടെ അവസാനത്തെ സ്റ്റേഷനായ ഗേദേയിൽ മൈത്രി എക്സ്പ്രസിന്റെ ഉദ്ഘാടനം കാണുവാനായി ആയിരക്കണക്കിനാളുകൾ ഒത്തുകൂടി. ബംഗ്ലാദേശിലെ ഹിന്ദു അഭയാർത്ഥികളുടെ സംഘടനയായ 'നിഖിൽ ബംഗ നാഗരിക സംഘ' (ഓൾ ബംഗാൾ സിറ്റിസെൻസ് കമ്മിറ്റി) തീവണ്ടിയുടെ ഉദ്ഘാടന യാത്ര തടസ്സപ്പെടുത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക, ഹിന്ദു അഭയാർത്ഥികളെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് അവർ മുന്നോട്ടുവച്ചത്.[8][9] തീവണ്ടി തടഞ്ഞതിനു 11 സ്ത്രീകൾ ഉൾപ്പെടെ 87 പേരെ പോലീസ് അറസ്റ്റ് ചെയ്തു. [1][8][9] തീവണ്ടിയുടെ ഉദ്ഘാടന ദിവസത്തിനു തലേന്ന് മൂന്നു ബോംബുകൾ ഇവിടെ കണ്ടെത്തി നിർവ്വീര്യമാക്കിയിരുന്നു. ഹിന്ദു അഭയാർത്ഥി സംഘടനയാണ് ബോംബു വച്ചതെന്നാണ് പോലീസിന്റെ അഭിപ്രായം.[1][9]

യാത്ര[തിരുത്തുക]

യാത്ര ആരംഭിക്കുന്ന കൊൽക്കത്ത സ്റ്റേഷൻ

കൊൽക്കത്തയ്ക്കും ധാക്കയ്ക്കും ഇടയിലുള്ള 375 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണ് മൈത്രീ എക്സ്പ്രസ് ഓടുന്നത്. യാത്രയ്ക്കായി ഏകദേശം 10-11 മണിക്കൂർ വേണ്ടിവരുന്നു. ഇന്ത്യൻ ഭാഗത്ത് ഗേദേ സ്റ്റേഷനിലും ബംഗ്ലാദേശ് ഭാഗത്ത് ദർസാന സ്റ്റേഷനിലും മാത്രമാണ് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. ഈ രണ്ടു സ്ഥലങ്ങളിലും ഇമിഗ്രേഷൻ സംബന്ധമായ പരിശോധനകളുണ്ട്. ബംഗ്ലാദേശ് ഭാഗത്തു വൈദ്യുതീകരിച്ചിട്ടില്ലാത്തതിനാൽ യാത്രയിലുടനീളം ഡീസൽ ലോക്കോമോട്ടീവ് എഞ്ചിനാണ് മൈത്രി എക്സ്പ്രസിൽ ഉപയോഗിക്കുന്നത്. ദർസാനയിൽ വച്ച് ഒരു രാജ്യത്തെ ജീവനക്കാർ മറ്റേ രാജ്യത്തെ ജീവനക്കാർക്ക് തീവണ്ടിയുടെ നിയന്ത്രണച്ചുമതല കൈമാറുന്നു. മൈത്രി എക്സ്പ്രസിന്റെ സഞ്ചാരപാതയിൽ പത്മ നദിക്കു കുറുകെയുള്ള ഹാർഡിംഗ് പാലവും ജമുനാ നദിക്കു മുകളിലുള്ള പാലവും ഉൾപ്പെടുന്നു. കൃത്യസമയം പാലിച്ചാണ് മൈത്രി എക്സ്പ്രസ് ഓടുന്നത്. ഈ തീവണ്ടിയിലൂടെയുള്ള യാത്രയ്ക്ക് കൊൽക്കത്ത - ധാക്ക ബസ് യാത്രയെക്കാൾ ചെലവു കുറവാണ്.

ടിക്കറ്റ് ബുക്കിംഗ്[തിരുത്തുക]

ഐ.ആർ.സി.ടി.സി. വെബ്സൈറ്റിലൂടെ മറ്റു ട്രെയിനുകൾ ബുക്കുചെയ്യുന്നതു പോലെ മൈത്രി എക്സ്പ്രസ് ബുക്കുചെയ്യാനാകില്ല. ധാക്കയിലുള്ളവർക്ക് കമലാപൂർ റിസർവേഷൻ കൗണ്ടറിലും കൊൽക്കത്തയിലുള്ളവർക്ക് ഫെയർലി പ്ലെയ്സിലെയും കൊൽക്കത്താ സ്റ്റേഷനിലെയും കൗണ്ടറുകളിലും മാത്രമേ മൈത്രി എക്സ്പ്രസിൽ യാത ചെയ്യാനുള്ള ടിക്കറ്റ് ലഭിക്കുകയുള്ളൂ. ടിക്കറ്റ് ലഭിക്കുന്നതിന് വിസയും പാസ്പോർട്ടും നിർബന്ധമാണ്. തീവണ്ടിയിലെ യാത്രക്കാരെ സുരക്ഷാ പരിശോധനയ്ക്കും വിധേയരാക്കാറുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Dhaka-Calcutta train link resumes". BBC News. BBC. 14 April 2008. Retrieved 2008-04-17.
  2. 2.0 2.1 2.2 "Kolkata-Dhaka Moitree Express flagged off". The Times of India. Times Internet Limited. 14 April 2008. Archived from the original on 2012-10-20. Retrieved 2008-04-17.
  3. "Maitree Express-II chugged across India, Bangladesh border amid cheers, applause". Indo-Asian News Service. Firstpost. 8 April 2017. Retrieved 2017-04-13.
  4. "Sheikh Hasina visit: Maitree Express to be made fully AC, new passenger service to be announced". Press Trust of India. The Indian Express. 7 April 2017. Retrieved 2017-04-13.
  5. Sudworth, John (8 July 2007). "First India-Bangladesh train link". BBC News. BBC. Retrieved 2008-04-17.
  6. 6.0 6.1 "Kolkata-Dhaka train service to resume on Bengali New Year". The Times of India. Times Internet Limited. 12 April 2008. Archived from the original on 2012-10-20. Retrieved 2008-04-17.
  7. "A Report from Dhaka to Kolkata on the first operation day". BBC News, watching available by Windows Media Player. Retrieved 2008-04-20.
  8. 8.0 8.1 Bhaumik, Subir (9 April 2008). "Excitement mounts over train link". BBC News. BBC. Retrieved 2008-04-17.
  9. 9.0 9.1 9.2 "Moitree Express resumes journey after brief halt". The Times of India. Times Internet Limited. 14 April 2008. Archived from the original on 2012-10-20. Retrieved 2008-04-17.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈത്രി_എക്സ്പ്രസ്&oldid=3641969" എന്ന താളിൽനിന്ന് ശേഖരിച്ചത്