Jump to content

ഭൂദാന പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആചാര്യ വിനോബാ ഭാവേ. ഇദ്ദേഹമാണ് ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്.

സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ഭൂദാന പ്രസ്ഥാനം (ഹിന്ദി: भूदान आन्दोलन).[1] മഹാത്മാഗാന്ധിയുടെ ശിഷ്യനായിരുന്ന ആചാര്യ വിനോബാ ഭാവേയുടെ നേതൃത്വത്തിൽ 1951 ഏപ്രിൽ 18-ന് തെലങ്കാനയിലെ പോച്ചംപള്ളി എന്ന ഗ്രാമത്തിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്.[2] പോച്ചംപള്ളിയിലെ പട്ടിണിപ്പാവങ്ങളായ ദലിതർക്ക് 80 ഏക്കർ ഭൂമി ദാനം ചെയ്യുമോയെന്ന് വിനോബാ ഭാവേ ചോദിച്ചപ്പോൾ രാമചന്ദ്ര റെഡ്ഡി എന്ന സമ്പന്നൻ മുന്നോട്ടുവരികയും 100 ഏക്കർ ഭൂമി ദാനമായി നൽകുകയും ചെയ്തതോടെയാണ് ഭൂദാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നത്.[3] പോച്ചംപള്ളി ഗ്രാമത്തിന്റെ പേര് പിന്നീട് ഭൂദാൻ പോച്ചംപള്ളി എന്ന് പുനർനാമകരണം ചെയ്തു.

ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം വിനോബാ ഭാവേയും അനുയായികളും ഇന്ത്യയിലുടനീളം പദയാത്രകൾ നടത്തി. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും 5000 ഗ്രാമങ്ങൾ ഉൾപ്പെടെ 40 ലക്ഷം ഏക്കർ ഭൂമി ദാനമായി ലഭിക്കുകയും അവയെല്ലാം ദരിദ്രർക്കു വിതരണം ചെയ്യുകയും ചെയ്തു.[2][1]

സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല ബഹുജനമുന്നേറ്റമായി മാറിയ ഭൂദാന പ്രസ്ഥാനത്തിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖർ ഭൂമി ദാനം ചെയ്തിരുന്നു.[1] ഭൂദാന പ്രസ്ഥാനത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഇന്ത്യയിലും വിദേശത്തും സമാന പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിലും ഈ പ്രസ്ഥാനത്തിന്റെ ആശയങ്ങളുണ്ട്.[1]

രാജ്യത്തിനകത്തും പുറത്തും നിരവധി പേരെ സ്വാധീനിച്ച ഭൂദാൻ പ്രസ്ഥാനം 1957 വരെ ശക്തമായി മുന്നേറിയെങ്കിലും പിന്നീട് ദുർബലമാകാൻ തുടങ്ങി. ഇന്ത്യയിലെ ഭൂരഹിതരിൽ നല്ലൊരു ശതമാനത്തിനും ഭൂമി നേടിക്കൊടുത്ത ഈ പ്രസ്ഥാനം 1974-ഓടുകൂടി ഏതാണ്ട് പൂർണ്ണമായും പ്രവർത്തനം അവസാനിപ്പിച്ചു.[2]

തെലങ്കാനയിലെ ഭൂദാൻ പോച്ചംപള്ളി ഗ്രാമം.

1948-ൽ ഗാന്ധിജിയുടെ മരണശേഷം അഹിംസാ സിദ്ധാന്തം പ്രചരിപ്പിക്കുന്നതിന്റെ ചുമതല അദ്ദഹത്തിന്റെ ശിഷ്യനും ആത്മീയ പിൻഗാമിയുമായ ആചാര്യ വിനോബാ ഭാവെ ഏറ്റെടുത്തു. ഇതിനായി അദ്ദഹത്തിന്റെ പ്രവർത്തനങ്ങൾ പൗണാർ ആശ്രമത്തിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതായി വന്നു. സമൂഹത്തിൽ ഏവരുടെയും ഉയർച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള സർവ്വോദയ എന്ന ഗാന്ധിയൻ ദർശനത്തിന്റെ വക്താവായിരുന്നു വിനോബാ ഭാവേ. ഇതുമായി ബന്ധപ്പെട്ട് 1951-ൽ നടന്ന മൂന്നാമത് സർവോദയ സമ്മേളനത്തിൽ പങ്കെടുക്കുവാൻ അദ്ദേഹം ഹൈദ്രാബാദിനടുത്തുള്ള ശിവറാംപള്ളിയിൽ എത്തിച്ചേർന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവവും ഭൂവുടമകളുടെ ചൂഷണവും മൂലം ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ഗ്രാമവാസികളെ കാണുവാൻ അദ്ദേഹം തീരുമാനിച്ചു.[2]

1951 ഏപ്രിൽ 18-ന് നൽഗൊണ്ട ജില്ലയിലെ പോച്ചംപള്ളി ഗ്രാമത്തിൽ എത്തിച്ചേർന്ന ഗാന്ധിശിഷ്യന് ഊഷ്മളമായ സ്വീകരണമാണ് ഗ്രാമവാസികൾ നൽകിയത്. 700 കുടുംബങ്ങൾ വസിച്ചിരുന്ന ആ ഗ്രാമത്തിൽ മൂന്നിൽ രണ്ടുഭാഗം കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും അവർക്ക് യാതൊരു സഹായവും ലഭിച്ചിരുന്നില്ല. പോച്ചംപള്ളിയിലെ പട്ടിണിപ്പാവങ്ങളായ ദലിതർക്കു കൃഷി ചെയ്ത് ജീവിക്കുവാൻ 80 ഏക്കർ ഭൂമി ദാനം ചെയ്യണമെന്ന് വിനോബാഭാവേ ഗ്രാമവാസികളോട് അഭ്യർത്ഥിച്ചു. ആ ഗ്രാമത്തിലെ ഒരു ഭൂവുടമയായിരുന്ന രാമചന്ദ്ര റെഡ്ഡി മുന്നോട്ടുവരികയും 100 ഏക്കർ ഭൂമി ദാനം ചെയ്യുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.[2] ഈ സംഭവം വിനോബാ ഭാവയെ ഏറെ സ്വാധീനിക്കുകയും രാജ്യവ്യാപകമായി ഭൂദാന പ്രസ്ഥാനം ആരംഭിക്കുവാൻ പ്രേരണ നൽകുകയും ചെയ്തു.

ഭൂദാന യാത്രകൾ

[തിരുത്തുക]

വായുവും വെള്ളവും വെളിച്ചവും പോലെ ഭൂമിയും പൊതുമുതലാണ്. സ്വകാര്യ ഉടമസ്ഥത പാടില്ല

വിനോബാ ഭാവേ, ഭൂദാന പ്രചരണ ജാഥകൾക്കു നൽകിയ മുദ്രാവാക്യം[3]

സമ്പന്നരുടെ ഭൂമിയുടെ ഒരംശം ദാനമായി സ്വീകരിച്ച് ദരിദ്രർക്കു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഭൂദാന പ്രസ്ഥാനത്തിന്റെ പ്രചരണാർത്ഥം വിനോബാ ഭാവേയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം കാൽനടജാഥകൾ സംഘടിപ്പിച്ചു. പോച്ചംപള്ളിയിൽ നിന്നും നാഗ്പൂരിലെ പൗണാർ ആശ്രമത്തിലേക്കാണ് ആദ്യത്തെ കാൽനടജാഥ നടന്നത്. 70 ദിവസം കൊണ്ട് 12000 ഏക്കർ ഭൂമി ദാനമായി ലഭിച്ചു.[4] പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് പൗണാർ ആശ്രമത്തിൽ നിന്നും ഡൽഹിയിലേക്ക് വിനോബാ ഭാവേയുടെ നേതൃത്വത്തിൽ പദയാത്ര നടന്നു. ഈ യാത്രയിൽ 18000 ഏക്കർ ഭൂമിയാണ് ദാനമായി ലഭിച്ചത്.[4] പാവങ്ങൾക്ക് ദാനമായി നൽകുന്ന ഭൂമിക്ക് ഭൂദാനപട്ടയം നൽകാനുള്ള പ്രത്യേക അധികാരം വിനോബാഭാവേക്കു സർക്കാർ നൽകി.

വായുവും വെള്ളവും വെളിച്ചവും പോലെ ഭൂമിയും പൊതുമുതലാണ്. സ്വകാര്യ ഉടമസ്ഥത പാടില്ല എന്ന സന്ദേശവുമായി വിനോബാഭാവേയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും കാൽനടജാഥകളും ഭൂദാനവും നടന്നു.[3] 5000 ഗ്രാമങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ ഭൂമി ദാനമായി ലഭിച്ചു.[3][2]

ഇന്ത്യൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും ഭൂമി ദാനം ചെയ്തു. വലിയ ജനപിന്തുണ ലഭിച്ചതോടെ ഭൂദാൻ പ്രസ്ഥാനം സ്വതന്ത്ര ഇന്ത്യയിലെ ഒരു ബഹുജനമുന്നേറ്റമായി മാറി. ഈ പ്രസ്ഥാനത്തിലൂടെ രാജ്യത്തെ ഭൂരഹിതരിൽ നല്ലൊരു ശതമാനം പേർക്കും ഭൂമി ലഭിച്ചു. ഭൂദാൻ പ്രസ്ഥാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സമ്പത്തീദാൻ, ഗ്രാമദാൻ, ജീവൻദാൻ, സാധൻ ദാൻ എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളും രൂപംകൊണ്ടു.[2]

സ്വാധീനം

[തിരുത്തുക]

ഭൂദാനപ്രസ്ഥാനം ഇന്ത്യയിലെയും വിദേശത്തെയും ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പൂർവ്വദിക്കിൽ നിന്നും വരുന്ന ഏറ്റവും ക്രിയാത്മകമായ ചിന്തയാണ് ഗ്രാമദാൻ എന്ന് അമേരിക്കൻ ചിന്തകനായ ലൂയി ഫിഷർ അഭിപ്രായപ്പെട്ടു.[2] ഇംഗ്ലീഷ് കവിയായിരുന്ന ആൽഫ്രഡ് ടെന്നിസന്റെ ചെറുമകൻ ഹല്ലാം ടെന്നിസൻ ഭൂദാൻ പ്രസ്ഥാനത്തെക്കുറിച്ച് ദ സെയ്ന്റ് ഓൺ ദ മാർച്ച് എന്ന പുസ്തകം രചിച്ചു. വിനോബാ ഭാവേയുമൊത്ത് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകളെക്കുറിച്ച് ടെന്നിസൻ ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.

'ഇന്ത്യയിൽ നവോത്ഥാനത്തിനുള്ള സന്ദേശമാണ് ഭൂദാന പ്രസ്ഥാനം നൽകുന്നതെന്ന് ഇന്ത്യയിലേക്കുള്ള അമേരിക്കൻ അംബാസഡറായിരുന്ന ചെസ്റ്റർ ബൗൾസ് തന്റെ ദ ഡയമെൻഷൻസ് ഓഫ് പീസ് എന്ന പുസ്തകത്തിൽ പറയുന്നു. മാർക്സിസ്റ്റ് ചിന്താഗതിക്കാരനായിരുന്ന ജയപ്രകാശ് നാരായണനെയും ഭൂദാന പ്രസ്ഥാനം ആകർഷിച്ചിരുന്നു.[2]

ശക്തിക്ഷയം

[തിരുത്തുക]

1951-ൽ ആരംഭിച്ച ഭൂദാൻ പ്രസ്ഥാനം 1957 വരെ ശക്തമായി മുന്നേറിയെങ്കിലും പിന്നീട് പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചുവന്നു. 1974-ഓടെ പ്രസ്ഥാനത്തിന്റെ പ്രവർത്തനം ഏതാണ്ട് പൂർണ്ണമായും നിലച്ചു.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "ഭൂദാനം വിനോബാ ഭാവേ മുതൽ ഉമ്മൻ ചാണ്ടി വരെ". തേജസ് ന്യൂസ്. 2016-03-11. Archived from the original on 2017-12-31. Retrieved 2017-12-31.
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 Subhash Mehta. "Bhoodan Movement by Vinoba Bhave". mkgandhi.org. Archived from the original on 2017-12-19. Retrieved 2017-12-31.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 3.3 കെ.സി. വിജയരാഘവൻ. "വിശ്വക്ഷേമം ലക്ഷ്യമാക്കി ആചാര്യൻ". മലയാള മനോരമ. Archived from the original on 2018-01-17. Retrieved 2017-12-31.{{cite web}}: CS1 maint: bot: original URL status unknown (link)
  4. 4.0 4.1 "Bhoodan Movement by Vinoba Bhave". mkgandhi.org. Archived from the original on 2017-12-19. Retrieved 2017-12-31.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഭൂദാന_പ്രസ്ഥാനം&oldid=3967246" എന്ന താളിൽനിന്ന് ശേഖരിച്ചത്