ഫ്രാൻസിസ് ഡി സാലസ്
വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് Saint Francis de Sales | |
---|---|
മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ | |
ജനനം | തോറൺസ്, സാവോയി, ജനീവ, സ്വിറ്റ്സർലണ്ട് | ഓഗസ്റ്റ് 21, 1567
മരണം | ഡിസംബർ 28, 1622 ല്യോൺ, ഫ്രാൻസ് | (പ്രായം 55)
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ, ആംഗ്ലിക്കൻ കൂട്ടായ്മ |
വാഴ്ത്തപ്പെട്ടത് | ജനുവരി 8, 1662, റോം by അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ |
നാമകരണം | ഏപ്രിൽ 8, 1665, റോം by അലക്സാണ്ടർ 7-ആമൻ മാർപ്പാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | അന്നീസി, ഫ്രാൻസ് |
ഓർമ്മത്തിരുന്നാൾ | ജനുവരി 24 ജനുവരി 29 (local communities and among Traditional Roman Catholics) |
പ്രതീകം/ചിഹ്നം | യേശുവിന്റെ തിരുഹൃദയം, മുൾമുടി |
മദ്ധ്യസ്ഥം | ബേക്കർ, ഒറിഗൺ; സിൻസിനാറ്റി, ഒഹായോ; കത്തോലിക്കാ മാധ്യമങ്ങൾ; കൊളംബസ്, ഒഹായോ; വിശ്വാസപ്രഘോഷകർ; ബധിരർ; educators; Upington, South Africa; Wilmington, Delaware; writers; journalists; the Institute of Christ the King Sovereign Priest |
റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ഫ്രാൻസിസ് ഡി സാലസ് (ഓഗസ്റ്റ് 21, 1567 – ഡിസംബർ 28, 1622).
ജീവിതരേഖ
[തിരുത്തുക]ജനനം, ബാല്യം
[തിരുത്തുക]1567 ഓഗസ്റ്റ് 21 - ന് സ്വിറ്റ്സർലാന്റിലെ ജനീവ നഗരത്തിനു സമീപമുള്ള തോറൺസ് പട്ടണത്തിലാണ് ഫ്രാൻസ്വാ ഡി സാലിസിന്റെ മകനായി ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. യൂറോപ്പിലെ തന്നെ ഒരു പ്രമുഖ കുടുംബമായിരുന്നു ഫ്രാൻസിസിന്റേത്. ഫ്രാൻസ്വായുടെയും ഭാര്യയുടെയും ഏഴു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് ഫ്രാൻസിസിന്റെ ജനനം. ഫ്രാങ്കോയിക്ക് സ്വന്തമായി നുവല്ലെ എന്നറിയപ്പെട്ടിരുന്ന വലിയൊരു ഭൂപ്രദേശം ഉണ്ടായിരുന്നു. ഒപ്പം ഭാര്യാപിതാവ് നൽകിയ ബോയിസി എന്നൊരു ഭൂപ്രദേശം അദ്ദേഹത്തിന് ലഭിച്ചു. ഇവിടെയുള്ള സാലസ് മന്ദിരമെന്നറിയപ്പെട്ടിരുന്ന പ്രൗഢമായ ഭവനത്തിലാണ് അവർ നിവസിച്ചിരുന്നത്. ഫ്രാൻസിസ് അസീസിയുടെ ഭക്തരായ ഇവർ ഈ ഭവനത്തിലെ ഒരു മുറിയിൽ അസീസിയുടെ രൂപം സ്ഥാപിച്ച് ആ മുറിക്ക് വിശുദ്ധന്റെ പേരു നൽകി. ഇവിടെയായിരുന്നു ഫ്രാൻസിസ് ഡി സാലസിന്റെ ജനനം. കുറച്ചു നാളുകൾക്ക് ശേഷം തോറൺസ് ദേവാലയത്തിൽ മാമ്മോദീസ നൽകി അവർ ആ കുഞ്ഞിന് വിശുദ്ധ ഫ്രാൻസിസിന്റെ പേരും നൽകി. ദൈവഭക്തിയിലും പുണ്യത്തിലുമാണ് അവർ ഫ്രാൻസിസിനെ വളർത്തിയത്. തുടർന്ന് കുട്ടിയുടെ പഠനത്തിനായി ഫ്രാങ്കോയി, ടെയാജെ എന്ന പുരോഹിതനെ അധ്യാപകനായി ഏർപ്പെടുത്തി. ഫ്രാൻസിസ് ആ അധ്യാപകന്റെ വാക്കുകൾ ഹൃദ്യസ്തമാക്കുകയും പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും ചെയ്തു.
മാതാപിതാക്കൾ ഫ്രാൻസിസിന്റെ ഏഴാം വയസ്സിൽ ലാറോഷ് എന്ന കോളേജിൽ വിദ്യാഭ്യാസത്തിനായി ചേർത്തു. തുടർന്നുണ്ടായ രാഷ്ട്രീയമായ പ്രതികൂലസാഹചര്യം മൂലം ഫ്രാങ്കോയിയും കുടുംബവും താമസം ആ മന്ദിരത്തിൽ നിന്നും മാറ്റി. തന്മൂലം ഫ്രാൻസിസിന്റെ ലറോഷ് കോളേജിലെ പഠനം അവസാനിപ്പിച്ച് അന്നേസി സർവ്വകലാശാലയിൽ സൗകര്യമേർപ്പെടുത്തി. ഇക്കാലത്തും ഫാദർ ടെയാജെയും അവർക്കൊപ്പമുണ്ടായിരുന്നു. ഈ സർവ്വകലാശാലയിൽ ഫ്രാൻസിസ് ലത്തീനും മറ്റു ശാസ്ത്രങ്ങളും അഭ്യസിച്ചു.
ഫ്രാൻസിസിന്റെ പത്താമത് വയസ്സിൽ അവരുടെ ഇടവക ദേവാലയത്തിൽ പ്രഥമദിവ്യകാരുണ്യസ്വീകരണം നടത്തി. എല്ലായ്പ്പോഴും ഈ കൂദാശ സ്വീകരിക്കുവാൻ ഫ്രാൻസിസ് തീക്ഷ്ണത കാണിച്ചിരുന്നു. കൂടാതെ സർവ്വകലാശാലയിലെ മറ്റു വിദ്യാർഥികളെയും കൂട്ടി ദിവ്യകാരുണ്യം സ്വീകരിക്കുവാൻ ദേവാലയത്തിൽ എത്തിയിരുന്നു. ഫ്രാൻസിസിന്റെ ഈ പ്രവൃത്തി മറ്റുള്ളവരെ ആകർഷിച്ചു. ഫ്രാൻസിസിന്റെ പിതാവിന്റെ ആഗ്രഹം മകനെ ഒരു നിയമജ്ഞനും രാജസദസ്സിലെ അംഗവുമാക്കണമെന്നതായിരുന്നു[1] . എന്നാൽ ഫ്രാൻസിസിന് വൈദികനാകുവാനായിരുന്നു ആഗ്രഹം. ഫ്രാങ്കോയി മകനെ അവന്റെ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫ്രാൻസിസ് അതിന് തയ്യാറായില്ല. ഫ്രാൻസിസ് അവന്റെ പതിനൊന്നാമത് വയസ്സിൽ തന്നെ വൈദികപട്ടസ്വീകരണത്തിന്റെ പ്രാരംഭഭാഗമായി മുടി മുറിച്ച് ലോകമോഹങ്ങളോട് വിട പറയുകയും ചെയ്തു.
അദ്ധ്യയനം
[തിരുത്തുക]യൂറോപ്പിലെ പ്രഭുകുടുംബങ്ങളിലെ കുമാരന്മാർ പാരീസ് സർവ്വകലാശാലായിലാണ് അക്കാലത്ത് ഉന്നതപഠനം നടത്തിയിരുന്നത്. ഫ്രാങ്കോയിയും മകനെ പാരീസിലെ നവാറെ കോളെജിൽ ചേർക്കുവാൻ തീരുമാനിച്ചു. എന്നാൽ കോളെജിൽ പല വിദ്യാർഥികളും അസന്മാർഗ്ഗികളായിരുന്നതിനാൽ തന്റെ മകനും വഴി തെറ്റുമെന്ന ആശങ്ക മൂലം ഫ്രാൻസിസിന്റെ മാതാവ് ഈ തീരുമാനത്തെ എതിർത്തു. ആയതിനാൽ ഫ്രാൻസിസിനെ ഈശോസഭക്കാരുടെ ഒരു കോളെജിലാണ് പ്രവേശിപ്പിച്ചത്. പഠനകാര്യങ്ങളിൽ ഫ്രാൻസിസ് അതീവശ്രദ്ധാലുവായിരുന്നു. അനാവശ്യസംഭക്ഷണങ്ങളിലോ മറ്റു വിനോദങ്ങളിലോ ഫ്രാൻസിസ് ഏർപ്പെട്ടിരുന്നില്ല. പിന്നീട് അഞ്ചു വർഷത്തെ പഠനത്തിൽ ഫ്രാൻസിസ് ഗ്രീക്ക്, ഹീബ്രു തുടങ്ങിയ ഭാക്ഷകളിൽ പ്രാവീണ്യം നേടി. തുടർന്ന് പഠനശേഷം 1586 - ൽ ഫ്രാൻസിസ് സ്വന്തം ഭവനത്തിലേക്ക് മടങ്ങി. കാലം ഫ്രാൻസിസിൽ വരുത്തിയ മാറ്റങ്ങൾ മൂലം സ്വമാതാവോ പിതാവോ സഹോദരങ്ങളായ ഗാലോയിയോ, ജീനോ, ലൂയിയോ ഫ്രാൻസിസിനെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞില്ല. ഫ്രാൻസിസിന്റെ തിരിച്ചു വരവ് കുടുംബാഗങ്ങൾക്കെല്ലാം ഏറെ സന്തോഷം നൽകിയെങ്കിലും മകനെ നിയമപണ്ഡിതനാക്കുവാൻ ആഗ്രഹിച്ച ഫ്രാങ്കോയി ഫ്രാൻസിസിനെ ഫാദർ ടൊയാജയോടൊപ്പം പാദുവ സർവ്വകലാശാലയിലയച്ച് പഠിപ്പിക്കുവാൻ തീരുമാനിച്ചു.
പ്രതികൂലമായ കാലാവസ്ഥയിൽ കുന്നുകളും മലകളും താണ്ടിയുള്ള പാദുവ സർവ്വകലാശാലയിലേക്കുള്ള അവരുടെ യാത്ര വളരെ ക്ലേശകരമായിരുന്നു. ആൽപ്‌സ് പർവ്വതനിരകളിലൂടെ യാത്ര ചെയ്ത് അവർ പാദുവായിലെത്തിച്ചേർന്നു. അക്കാലത്ത് പ്രശസ്ത നിയമപണ്ഡിതനായിരുന്ന ഗുയി പാൻചിറോളി എന്ന അദ്ധ്യാപകന്റെ കീഴിലായിരുന്നു ഫ്രാൻസിസ് നിയമപഠനം നടത്തിയത്. അദ്ദേഹത്തിന്റെ ആകർഷകമായ വ്യക്തിത്വം മൂലം ധാരാളം സുഹൃത്തുക്കളെ സമ്പാദിച്ചു. മോശമായ കൂട്ടുകെട്ടുകളിൽ വീഴാതിരിക്കുവാൻ തക്ക വിവേകവും ഫ്രാൻസിസിനുണ്ടായിരുന്നു. അക്കാലത്ത് അന്നാട്ടിലെ ഒരു പ്രഭുകുമാരിക്ക് ഫ്രാൻസിസിനോട് പ്രണയം ഉളവാകുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. എന്നാൽ ദൈവത്തിന് സ്വയം സമർപ്പിച്ച ഫ്രാൻസിസ് ബാലിശമായ ഈ ആലോചന നിസാരമായി നിരസിച്ചു.
വിശ്രമമില്ലാത്ത പ്രാർഥനയും പഠനവും താപസകൃത്യങ്ങളും മൂലം ഫ്രാൻസിസ് കഠിനമായ രോഗബാധിതനായിത്തീരുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. എന്നാൽ ഫ്രാൻസിസ് തന്റെ മരണസാധ്യതയെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. രക്ഷപെടുവാനുള്ള സാധ്യത വൈദ്യന്മാർ തള്ളിക്കളഞ്ഞതിനാൽ ഫാദർ ടൊയാജെ ഫ്രാൻസിസിനെ സൽമരണത്തിനായൊരുക്കി. എന്നാൽ പിന്നീട് അത്ഭുതകരമായ രീതിയിൽ ഫ്രാൻസിസ് സുഖം പ്രാപിച്ചു.
1591 സെപ്റ്റംബറിൽ ഫ്രാൻസിസ് പാദുവാ സർവകലാശാലയിലെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഡോക്ടർ ബിരുദം നേടുകയും ചെയ്തു. സ്വന്തം ഭവനത്തിലേക്ക് മടങ്ങും മുൻപ് ഫ്രാൻസിസ് ഫാദർ ടൊയാജെയും കൂട്ടി റോമിലേക്ക് യാത്രയാകുകയും പുണ്യസ്ഥലങ്ങളും കബറിടങ്ങളും സന്ദർശിച്ച് 1592 - ൽ ഒരു വസന്തകാലത്ത് ഭവനത്തിലെത്തിച്ചേർന്നു.
സമർപ്പിത ജീവിതത്തിലേക്ക്
[തിരുത്തുക]വളരെക്കാലത്തെ വിദേശവാസവും ഉന്നതവിദ്യാഭ്യാസവും പൂർത്തിയാക്കി നാട്ടിലെത്തിയ ഫ്രാൻസിസിനെപ്പറ്റി മറ്റുള്ളവരിൽ അക്കാലത്ത് മതിപ്പുണ്ടാക്കിയിരുന്നു. ഫ്രാൻസിസിന്റെ പിതാവിന്റെ ആഗ്രഹം മൂലം അദ്ദേഹത്തിന് അധികകാലം വിശ്രമത്തിനു പോലും അവസരം ലഭിച്ചില്ല. പിതാവ് ഫ്രാങ്കോയി, ഫ്രാൻസിസിനെ ഷാംബെറി നഗരത്തിൽ അഭിഭാഷകവൃത്തിക്കായി അയച്ചു. അവിടുത്തെ മന്ത്രിസഭയിലെ അംഗവും നിയമപണ്ഡിതനുമായിരുന്ന ആന്റണി ഫാവ്റേയുമായി ഫ്രാൻസിസ് അടുക്കുകയും അദ്ദേഹത്തിന്റെ സഹായത്താൽ സാവോയി മന്ത്രിസഭയിലെ വക്കീലായി നിയമിതനാകുകയും ചെയ്തു. ഇത് ഫ്രാൻസിസിന്റെ പിതാവിനെ ഏറെ സന്തോഷവാനാക്കി. ഇക്കാലയളവിൽ വക്കീലെന്ന നിലയിൽ ഫ്രാൻസിസ് വളരെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
ഒരിക്കൽ ഫാദർ ടൊയാജെയോടോപ്പം കുതിരപ്പുറത്ത് സ്വഭവനത്തിലേക്ക് സഞ്ചരിക്കവേ ഫ്രാൻസിസ് താഴെ വീഴുകയും വാൾ ഉറയോടെ തെറിച്ചു പോകുകയും ചെയ്തു. ഉറയിൽ നിന്നും തെറിച്ച വാൾ ഉറയുടെ മുകളിലായി കുരിശിന്റെ ആകൃതിയിൽ വന്നു വീണു കിടന്നു[1]. എന്നാൽ പരിക്കൊന്നും സംഭവിക്കാത്തതിനാൽ അവർ യാത്ര തുടർന്നു. പക്ഷേ തുടർന്ന് രണ്ടു പ്രാവശ്യം കൂടി ഈ സംഭവം ആവർത്തിക്കപ്പെട്ടു. അങ്ങനെ വീണ്ടൂം സംഭവിച്ചതിനാൽ ഇതൊരു ദൈവികാഹ്വാനമായി ഫ്രാൻസിസ് വിശ്വസിക്കുകയും തന്റെ ബാല്യകാല ആഗ്രഹമായ സമർപ്പിത ജീവിതത്തിലേക്കു തിരിയുവാനുള്ള തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഫ്രാൻസിസിന്റെ മാതാവിനെ ഇത് ഏറെ സന്തോഷവതിയാക്കിയെങ്കിലും പിതാവ് തന്റെ അനന്തരാവകാശിയും പിന്തുടർച്ചക്കാരനുമായ ഫ്രാൻസിസിനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാനും ശ്രമിച്ചു. ഇത്തരം ചിന്തകളിൽ നിന്നും മകന്റെ മനസ്സിനെ പിന്തിരിപ്പിക്കുവാനായി അദ്ദേഹം ഫ്രാൻസിസിന് വിവാഹാലോചനകൾ നടത്തിത്തുടങ്ങി. അന്നാട്ടിലെ മറ്റൊരു പ്രഭുകുടുംബത്തിലെ തന്നെ ഒരു യുവതിയുമായി ഫ്രാൻസിസിന് വിവാഹാലോചന നടത്തുകയും അദ്ദേഹത്തിന്റെ മനസ്സിളക്കുവാനായി അവർക്കു തമ്മിൽ കൂടിക്കാഴ്ചയ്ക്കായി അവസരങ്ങൾ ഒരുക്കുകയും ചെയ്തു. ഒടുവിൽ ഫ്രാൻസിസിന്റെ തീരുമാനത്തിനു മുൻപിൽ പിതാവിന് തോവി സമ്മതിക്കേണ്ടി വന്നു. എന്നിരുന്നാലും മകനെ സാവോയി മന്ത്രിസഭയിലെ സാമാജികസ്ഥാനത്ത് അലങ്കരിക്കുവാൻ പിതാവ് നിർബന്ധിച്ചുകൊണ്ടിരുന്നു. ഇത് ഫ്രാൻസിസിനെ കടുത്ത ആശയക്കുഴപ്പത്തിലാക്കി.
എന്നാൽ ജനീവാ രൂപതാദ്ധ്യക്ഷന്റെ ആലോചനാസംഘത്തിന്റെ അധ്യക്ഷനും നിയമപണ്ഡിതനുമായ ഒരു വൈദികൻ അക്കാലത്ത് മരണമടഞ്ഞു. നിയമത്തിൽ ഡോക്ടർ ബിരുദവും ഉന്നതകുലജാതനുമായ ഫ്രാൻസിസിനെ ആ സ്ഥാനത്ത് നിയമിക്കുവാനായി രൂപതാദ്ധ്യക്ഷൻ ക്ലാവൂദ് സീനിയർ ഫ്രാൻസിസിന്റെ ഒരു അകന്ന ബന്ധുവായ ലൂയി ദെസാലസ് എന്ന വൈദികൻ വഴി റോമിൽ നിന്നും അനുവാദം നേടിയെടുത്തു. ഈ വിവരം ലൂയി ഫ്രാൻസിസിന്റെ പിതാവ് ഫ്രാങ്കോയിയെ അറിയിക്കുകയും വളരെ നേരത്തെ നിർബന്ധം മൂലം രൂപതാദ്ധ്യക്ഷന്റെ ഏറ്റവുമടുത്ത ഉപദേശകസ്ഥാനം വഹിക്കുവാൻ വൈദികപട്ടം സ്വീകരിക്കുവാൻ ഫ്രാൻസിസിന് അനുവാദം നൽകുകയും ചെയ്തു.
വാഴ്ത്തപ്പെടലും വിശുദ്ധ പദവിയും
[തിരുത്തുക]1622 ഡിസംബർ 28-ന് അന്തരിച്ച ഫ്രാൻസിസ് ഡി സാലസിനെ 1662 ജനുവരി 8-ന് റോമിൽ വച്ച് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തുടർന്ന് 1665 ഏപ്രിൽ 8-ന് അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ തന്നെ ഫ്രാൻസിസിനെ വിശുദ്ധനായും പ്രഖ്യാപിച്ചു[2]. റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ സഭയും ഇദ്ദേഹത്തെ വണങ്ങുന്നു. ജനുവരി 24-നാണ് വിശുദ്ധന്റെ തിരുനാൾ ആചരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The Story of St. Francis de Sales". Archived from the original on 2011-03-09. Retrieved 2011-09-15.
- ↑ "St. Francis de Sales: A Brief Life Sketch". Archived from the original on 2012-02-14. Retrieved 2011-09-15.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- . Catholic Encyclopedia. 1913.
{{cite encyclopedia}}
: Cite has empty unknown parameter:|HIDE_PARAMETER=
(help) - International Commission on Salesian Studies All about St. Francis de Sales worldwide
- Founder Statue in St Peter's Basilica
- Francis de Sales bio at Catholic.org