Jump to content

പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും
രാജ്യംഇന്ത്യ
വിവരണം
സഭാശാഖമലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
ആചാരക്രമംഅന്ത്യോഖ്യൻ സുറിയാനി ആചാരക്രമം
സ്ഥാപിതം1653ൽ മാർത്തോമ്മാ ഒന്നാമൻ (മലങ്കര മെത്രാപ്പോലീത്ത)
1912ൽ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹോ രണ്ടാമൻ പാത്രിയർക്കീസിനാൽ (പൗരസ്ത്യ കാതോലിക്കോസ്)
ഭദ്രാസനപ്പള്ളിമാർ ഏലിയാ കത്തീഡ്രൽ, കോട്ടയം
കാവൽപിതാവ്മാർ തോമാശ്ലീഹ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും എന്ന സ്ഥാനികനാമം ഉപയോഗിക്കുന്നു. നിലവിലെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ ആണ്.[1]

ചരിത്രം

[തിരുത്തുക]

ക്രിസ്തുവർഷം 424ൽ സസ്സാനിദ് സാമ്രാജ്യത്തിലെ കിഴക്കിന്റെ സഭയിൽ രൂപപ്പെട്ട പദവിയാണ് പൗരസ്ത്യ കാതോലിക്കോസ്. ഇതിന് ബദലായി 628ൽ സുറിയാനി ഓർത്തഡോക്സ് സഭ സസ്സാനിദ് സാമ്രാജ്യത്തിലെ ടിക്രിത് കേന്ദ്രീകരിച്ച് സ്ഥാപിച്ച കിഴക്കിന്റെ മാഫ്രിയാനേറ്റും ഈ ശീർഷകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

1653 മുതൽ നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തിന്റെ തലവന്മാരും അതിൽ നിന്ന് ഉരുത്തിരിഞ്ഞ വിവിധ സഭകളുടെ അധ്യക്ഷന്മാരും അറിയപ്പെടുന്നത് മലങ്കര മെത്രാപ്പോലീത്ത എന്ന പദവിപ്പേരിലാണ്.[2]

1909ൽ അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദ്-അള്ളാഹ് രണ്ടാമൻ വട്ടശ്ശേരിൽ ദിവന്നാസിയോസ് ഗീവർഗീസിനെ മലങ്കര മെത്രാപ്പോലീത്തയായി വാഴിച്ചു. എന്നാൽ പിന്നീട് പാത്രിയർക്കീസുമായി ഭിന്നതയിലായ മലങ്കര മെത്രാപ്പോലീത്ത പാത്രിയർക്കീസിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പാത്രിയർക്കീസ് അദ്ദേഹത്തെ മുടക്കുകയും പകരം പുതിയ മലങ്കര മെത്രാപ്പോലീത്തയെ നിയമിക്കുകയും ചെയ്തു.[3][4]

മഫ്രിയാനേറ്റ് സ്ഥാപനത്തിനുശേഷം പാത്രിയാർക്കീസ് അബ്ദുൽമസിഹ് ദ്വിതീയനും ബസേലിയോസ്‌ പൗലോസ് പ്രഥമനും ദിവന്നാസ്സിയോസ് വട്ടശ്ശേരിലും

ഇതിനിടെ സ്ഥാനഭൃഷ്ടമാക്കപ്പെട്ട മുൻ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദ്-മിശിഹോ രണ്ടാമൻ 1912ൽ ദിവന്നാസിയോസിന്റെ ക്ഷണം സ്വീകരിച്ച് കേരളത്തിൽ വന്നു. അദ്ദേഹം നിരണത്തുവെച്ച് കിഴക്കിന്റെ മഫ്രിയാനേറ്റ് ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയും മുറിമറ്റത്തിൽ പൗലോസ് ഇവാനിയോസ് എന്ന മെത്രാപ്പോലീത്തയെ ബസേലിയോസ് പൗലോസ് എന്ന പേരിൽ വാഴിക്കുകയും ചെയ്തു. അതോടെ മലങ്കര മെത്രാപ്പോലീത്തയെ അനുഗമിച്ചവർ മലങ്കര ഓർത്തഡോക്സ് സുറിയാനി (ഓർത്തഡോക്സ്/മെത്രാൻ കക്ഷി) സഭ എന്നും പാത്രിയർക്കീസ് ബാവയെയും അദ്ദേഹം നിയമിച്ച പുതിയ മലങ്കര മെത്രാപ്പോലീത്തയെയും അനുഗമിച്ചവർ മലങ്കര സുറിയാനി ഓർത്തഡോക്സ് (യാക്കോബായ/ബാവാ കക്ഷി) സഭ എന്നും രണ്ടായി പിളർന്നു.[5][6][7]

പ്രഥമ കാതോലിക്കോസ് ബസേലിയോസ്‌ പൗലോസ് പ്രഥമൻ

1934വരെ പൗരസ്ത്യ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്ത എന്നീ പദവികൾ വ്യത്യസ്ത വ്യക്തികൾ വഹിച്ചുവന്നു. 1934ൽ നടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ പുതിയ ഭരണഘടന സഭയ്ക്ക് നിലവിൽ വന്നു. അതിലെ വ്യവസ്ഥകൾ അനുസരിച്ച് ഈ രണ്ട് പദവികളും ഒരേ വ്യക്തിതന്നെ വഹിക്കേണ്ടത് നിർബന്ധമായി. ഇത്തരത്തിൽ പൗരസ്ത്യ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്ത എന്നീ പദവികൾ ആദ്യമായി ഒരുമിച്ച് വഹിച്ചത് ബസേലിയോസ് ഗീവർഗീസ് ദ്വിതീയനാണ്.[8] ഒരേ വ്യക്തി തന്നെ ഇരു സ്ഥാനങ്ങളും വഹിക്കുന്നതാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ പതിവെങ്കിലും കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും ഉത്തരവാദിത്വങ്ങൾ സഭാഭരണഘടനയിൽ വെവ്വേറെയായി നിർവഹിച്ചിട്ടുണ്ട്. കാതോലിക്കമാർ ഉണ്ടായിരുന്നപ്പോളും 1935-വരെ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസ്യോസ് തന്നെ മലങ്കര മെത്രാപ്പോലീത്ത സ്ഥാനം വഹിച്ചിരുന്നു.[9]

ഉപയോഗം

[തിരുത്തുക]

സഭാ ഭരണഘടനയിലെ ക്രമീകരണം

[തിരുത്തുക]
  • മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിഭാഗവും ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ അന്ത്യോക്യാ പാത്രിയർക്കീസും ആകുന്നു.
  • മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ "പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭ"യിൽ ഉൾപ്പെട്ടതും "പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭ"യുടെ പ്രധാന മേലദ്ധ്യക്ഷൻ കാതോലിക്കായും ആകുന്നു.
  • "പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭ"യിലെ ഒരു മഹാ ഇടവക (ഇംഗ്ലീഷ്: Archdiocese) ആണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
  • 1912ൽ "പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭ"യിൽ കാതോലിക്കാ സിംഹാസനം പുനഃസ്ഥാപിക്കപ്പെട്ടിട്ടുള്ളതും അന്നു മുതൽ ഈ സ്ഥാപനം പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി സഭയിൽ വ്യാപരിച്ചു വരുന്നതുമാകുന്നു.
  • മേല്പട്ടക്കാരെ വാഴിക്കുക, എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ ആദ്ധ്യക്ഷ്യം വഹിക്കുക, സുന്നഹദോസിന്റെ നിശ്ചയങ്ങളെ പ്രഖ്യാപിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക, സുന്നഹദോസിന്റെ പ്രതിപുരുഷനെന്ന നിലയിൽ ഭരണം നടത്തുക, മൂറോൻ കൂദാശ ചെയ്യുക എന്നിവ കാതോലിക്കായുടെ അധികാരത്തിൽപ്പെട്ടവയാകുന്നു.
  • വിശ്വാസം, പട്ടത്വം, അച്ചടക്കം എന്നിവയെ സ്പർശിക്കുന്ന സംഗതികളെ സംബന്ധിച്ച് തീരുമാനിക്കുന്നതിന് എപ്പിസ്കോപ്പൽ സുന്നഹദോസിന് അധികാരമുള്ളതാകുന്നു.
  • സഭയുടെ വിശ്വാസത്തെ സംബന്ധിച്ച് തർക്കമുണ്ടായാൽ എപ്പിസ്കോപ്പൽ സുന്നഹദോസിനു തീരുമാനം ചെയ്യാവുന്നതും, ഇതിന്റെ അവസാന തീരുമാനം "ആകമാന സുന്നഹദോസിൽ" ഇരിക്കുന്നതും ആകുന്നു.
  • മലങ്കര മഹാ ഇടവകയുടെ ലൗകികവും വൈദികവും ആത്മിയവുമായ ഭരണത്തിന്റെ പ്രധാന ഭാരവാഹിത്വം ഈ ഘടനയ്ക്കു വിധേയമായി മലങ്കര മെത്രാപ്പോലീത്ത നിക്ഷിപ്തമായിട്ടുള്ളതാകുന്നു.
  • മലങ്കര മെത്രാപ്പൊലീത്തായോടുകൂടി വട്ടിപ്പണം, കോട്ടയം സുറിയാനി സെമിനാരി എന്നിവയുടെയും അതിൽനിന്ന് ഉണ്ടായിട്ടുള്ളതും ഉണ്ടാകുന്നതുമായ ആദായത്തിന്റെയും ട്രസ്റ്റികളായി രണ്ടുപേർ കൂടി ഉണ്ടായിരിക്കുന്നതും, അതിൽ ഒരാൾ പട്ടക്കാരനും മറ്റേയാൾ അൽമേനിയും ആയിരിക്കേണ്ടതും ആകുന്നു. ഇവയ്ക്ക് പുറമേ ഉള്ള സമുദായ സ്വത്തുക്കളെ സംബന്ധിച്ചു പ്രത്യേക വ്യവസ്ഥകൾ ഇല്ലാത്ത പക്ഷം അവയുടെ ട്രസ്റ്റി മലങ്കര മെത്രാപ്പോലീത്താ മാത്രം ആയിരിക്കും.[10]

അധികാരങ്ങൾ

[തിരുത്തുക]

മലങ്കര ഓർത്തഡോക്സ് സഭയുടെ മുഖ്യ മേലദ്ധ്യക്ഷനെ പൗരസ്ത്യ കാതോലിക്കായെന്നും മലങ്കര മെത്രാപ്പോലീത്തയെന്നും വിളിക്കുന്നു: പ്രത്യേക ഉത്തരവാദിത്തങ്ങളുള്ള രണ്ട് സ്ഥാനമാനങ്ങളാണ് അവ, എന്നാൽ സഭയുടെ 1934-ൽ ഭരണഘടന അനുസൃതമായി ഇപ്പോൾ ഒരേ വ്യക്തി തന്നെ ഈ രണ്ടു സ്ഥാനം വഹിക്കുന്നു.

പൗരസ്ത്യ കാതോലിക്കാ എന്ന നിലയിൽ, അദ്ദേഹം മലങ്കര ഓർത്തഡോക്സ് സഭയുടെ മെത്രാന്മാരെ അവരോധിക്കുന്നു, സുന്നഹദോസിന്റെ അദ്ധ്യക്ഷത വഹിക്കുന്നു, തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു, സുന്നഹദോസിനെ പ്രതിനിധീകരിച്ച് ഭരണം നടത്തുകയും പരിശുദ്ധ മൂറോൻ (തൈലം) വാഴ്ത്തുകയും ചെയ്യുന്നു.

മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിൽ അദ്ദേഹം മലങ്കര സഭയുടെ തലവനും മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രസിഡന്റും മാനേജിംഗ് കമ്മിറ്റിയദ്ധ്യക്ഷനുമാണ്. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ താൽക്കാലികവും സഭാപരവും ആത്മീയവുമായ ഭരണം സംബന്ധിച്ച പ്രധാന അധികാരപരിധി 1934-ൽ അംഗീകരിച്ച സഭാ ഭരണഘടനയുടെ വ്യവസ്ഥകൾക്ക് വിധേയമായി മലങ്കര മെത്രാപ്പോലീത്തയിൽ മാത്രം നിക്ഷിപ്തമാണ്.[11]

മലങ്കര മെത്രാപ്പോലീത്ത

[തിരുത്തുക]
ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ മലങ്കര മെത്രാപ്പോലീത്തയുടെ ആചാരവേഷങ്ങളിൽ

ചരിത്രപരമായ അവിഭക്ത മലങ്കര സഭയുടെ മേലദ്ധ്യക്ഷന് അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസും തിരുവിതാംകൂർ സർക്കാരും കൊടുത്തുവന്നിരുന്ന സ്ഥാനപ്പേരാണ് മലങ്കര മെത്രാപ്പോലീത്ത.[9][2]

സഭയുടെ ലൗകിക ഭരണത്തിന്റെ പ്രധാന ഉത്തരവാദിത്തം മലങ്കര മെത്രാപ്പോലീത്തയിൽ നിക്ഷിപ്തമാണ്. മലങ്കര മെത്രാപ്പോലീത്തക്കുള്ള അധികാരങ്ങൾ മലങ്കര അസോസിയേഷൻ, സഭാ മാനേജിങ് കമ്മറ്റി മുതലായ സമിതികൾ വിളിച്ചു കൂട്ടുക അവയിൽ ആധ്യക്ഷത വഹിക്കുക, മെത്രാപ്പോലീത്തൻ ട്രസ്റ്റി എന്ന നിലയിൽ വൈദിക-അൽമായ ട്രസ്റ്റിമാരോടൊപ്പം സഭാ സ്വത്തുക്കളുടെ ഭരണം നിർവഹിക്കുക എന്നിവയാണ്.[9][2]

പൗരസ്ത്യ കാതോലിക്കോസ്

[തിരുത്തുക]
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പൗരസ്ത്യ കാതോലിക്കോസ് വേഷത്തിൽ

1912ലെ സഭാ പിളർപ്പിനിടെ മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിയിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ശ്രമഫലമായി ഇഗ്നാത്തിയോസ് അബ്ദ്-മിശിഹോ രണ്ടാമനാണ് പൗരസ്ത്യ കതോലിക്കേറ്റ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ സ്ഥാപിച്ചത്. മുറിമറ്റത്തിൽ ബസേലിയോസ് പൗലോസ് പ്രഥമൻ ആയിരുന്നു സഭയുടെ ആദ്യ പൗരസ്ത്യ കാതോലിക്കോസ്. മലങ്കര സഭ പുരാതന കാലത്ത് കിഴക്കിന്റെ സഭയുടെ കീഴിലായിരുന്നുവെന്നും അതിനാൽ പേർഷ്യൻ സഭയുടെ അവശേഷിക്കുന്ന ഒരേയൊരു ഓറിയന്റൽ ഓർത്തഡോക്സ് ഭാഗമായി ഇതിനെ കാണാൻ കഴിയുമെന്നും പൗരസ്ത്യ കാതോലിക്കാ അഥവാ മഫ്രിയോനോ ഇന്ത്യയിൽ കഴിയുന്നത് യുക്തിസഹമാണെന്നും വിശ്വസിക്കപ്പെടുന്നു.

പൗരസ്ത്യ കാതോലിക്കേറ്റ് ഇന്ത്യയിൽ സ്ഥാപിതമായതിനുശേഷം എട്ട് കാതോലിക്കമാർ ഉണ്ടായിട്ടുണ്ട്. ഇന്ത്യ, യു‌എസ്‌എ, കാനഡ, യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ, മലേഷ്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ഭദ്രാസനങ്ങൾക്കും പള്ളികൾക്കും മേൽ പൗരസ്ത്യ കാതോലിക്കോസിന് അധികാരമുണ്ട്.

സഭാധ്യക്ഷന്മാരുടെ പട്ടിക

[തിരുത്തുക]

1934 വരെയുള്ള മലങ്കര മെത്രാപ്പോലീത്തമാരുടെ പട്ടിക

[തിരുത്തുക]
  • മാർത്തോമാ I (1653-1670)
  • മാർത്തോമാ II (1670–1686)
  • മാർത്തോമാ III (1686–1688)
  • മാർത്തോമാ IV (1688–1728)
  • മാർത്തോമാ V (1728–1765)
  • മാർത്തോമാ VI (ദിവന്നാസിയോസ് I) (1765–1808)
  • മാർത്തോമാ VII (1808–1809)
  • മാർത്തോമാ VIII (1809–1816)
  • മാർത്തോമാ IX (1816–1817)
  • ദിവന്നാസിയോസ് II (പുലിക്കോട്ടിൽ ജോസഫ് ദിവന്നാസിയോസ് I) (1816-1816)
  • കിടങ്ങൻ ഗീവർഗീസ് മാർ പീലക്സീനോസ് (1816-1818)
  • ദിവന്നാസിയോസ് III (പുന്നത്തറ ദിവന്നാസിയോസ്) (1818–1825)
  • ദിവന്നാസിയോസ് IV (ചേപ്പാട് ഫിലിപ്പോസ് മാർ ദിവന്നാസിയോസ്) (1825–1852)
  • മാത്യൂസ് മാർ അത്താനാസിയോസ് (1852–1877)
  • ദിവന്നാസിയോസ് V (പുലിക്കോട്ടിൽ ജോസഫ് ദിവന്നാസിയോസ് II) (1864 – 1909)
  • ദിവന്നാസിയോസ് VI (വട്ടശ്ശേരി ഗീവർഗീസ് ദിവന്നാസിയോസ്) (1909–1934)

1934 വരെയുള്ള സഭയുടെ പൗരസ്ത്യ കാതോലിക്കാമാരുടെ പട്ടിക

[തിരുത്തുക]
  1. ബസേലിയോസ് പൗലോസ് പ്രഥമൻ(1912-1913)
  2. ബസേലിയോസ് ഗീവർഗ്ഗീസ് പ്രഥമൻ(1925-1928)
  3. ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ (1929–1964)

1934 മുതലുള്ള പൗരസ്ത്യ കാതോലിക്കാ-മലങ്കര മെത്രാപ്പോലീത്താമാരുടെ പട്ടിക

[തിരുത്തുക]

1975ലെ ഭിന്നിപ്പിനുശേഷമുള്ള സഭാ പരമാധ്യക്ഷന്മാർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://mosc.in/catholicate
  2. 2.0 2.1 2.2 M. P. Joseph; Uday Balakrishnan; Istvan Perczel (2014-05-30). Leustean, Lucian N. (ed.). Syriac Christians in India. Eastern Christianity and Politics in the Twenty-First Century (in ഇംഗ്ലീഷ്). Routledge. ISBN 978-1-317-81865-6.
  3. Attwater, Donald (1937). The Dissident Eastern Churches. Bruce Publishing Company. p. 272.
  4. Brock, Sebastian P. (2018). "Thomas Christians". In Beth Mardutho (ed.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 9 October 2022.
  5. Lossky, Nicholas; Bonino, José Miguez; Pobee, John, eds. (1991). "Oriental Orthodox Churches". Dictionary of the Ecumenical Movement. Geneva: World Council of Churches. p. 756-757.
  6. "The Malankara Orthodox Syrian Church". Catholic Near East Welfare Association. Retrieved 9 October 2022.
  7. Attwater, Donald (1935). "The Malankarese". The Catholic Eastern Churches (1937 revised ed.). Bruce Publishing Company. p. 197.
  8. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും, മലങ്കര ഓർത്തഡോക്സ് സഭയുടെ വെബ്‌സൈറ്റ്
  9. 9.0 9.1 9.2 Varghese, Alexander P. (2008). The Jacobite Church in India. India: History, Religion, Vision and Contribution to the World (in ഇംഗ്ലീഷ്). Atlantic Publishers & Dist. p. 357-380. ISBN 978-81-269-0903-2.
  10. MOSC Constitution 1934 (PDF). MOSC.
  11. "1934 constitution(മലങ്കരസഭ ഭരണഘടന)". Archived from the original on 2018-05-02. Retrieved 2021-04-21.