ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമാണ് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ (Baselios Marthoma Mathews III).[1] 22-മത് മലങ്കര മെത്രാപ്പോലീത്തയും സഭയുടെ ഒൻപതാമത് കാതോലിക്കയുമാണ് ഇദ്ദേഹം.[2][3] മലങ്കര ഓർത്തഡോക്സ് സഭാ പ്രധാനമേലദ്ധ്യക്ഷൻ എന്ന നിലയിൽ ഇദ്ദേഹം ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യൻമാരിൽ ഒരാളാണ്.
ജീവിതരേഖ
[തിരുത്തുക]ജനനം, വിദ്യാഭ്യാസം
[തിരുത്തുക]കോട്ടയം വാഴൂർ മറ്റത്തിൽ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് ജനിച്ചു. ആദ്യ പേര് എം.എ മത്തായി എന്നായിരുന്നു. വാഴൂർ സെന്റ് പീറ്റേഴ്‌സ് എൽപിഎസ് സ്കൂൾ, സെന്റ് പോൾസ് യുപിഎസ്, എസ്‌വിആർവി ഹൈസ്കൂൾ, എൻഎസ്‌എസ് കോളേജ്, സിഎംഎസ് കോളേജ് കോട്ടയം എന്നിവിടങ്ങളിൽ ആയിരുന്നു സ്കൂൾ-കോളേജ് വിദ്യാഭ്യാസം. തുടർന്ന് കോട്ടയം പഴയ സെമിനാരി എന്നറിയപ്പെടുന്ന ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഗ്രാഡ്യുവേറ്റ് ഇൻ സേക്രഡ് തിയോളജി, സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ച്ലർ ഓഫ് ഡിവിനിറ്റി എന്നീ ബിരുദങ്ങൾ നേടിയ ഇദ്ദേഹം റഷ്യയിലെ ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാഡമിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. അതിനു ശേഷം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന ഇദ്ദേഹം തിയോളജിയിൽ ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും നേടി.[1]
വൈദിക, മെത്രാൻ പദവികളിൽ
[തിരുത്തുക]കോട്ടയം പഴയ സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയായി ചേർന്ന ഇദ്ദേഹത്തിന് 1978-ൽ വൈദിക സ്ഥാനം ലഭിച്ചു. 1991 ഏപ്രിൽ 30-ന് മാത്യൂസ് മാർ സേവേറിയോസ് എന്ന പേരിൽ എപ്പിസ്ക്കോപ്പാ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇദ്ദേഹം 1993-ൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി നിയമിതനായി. പഴയ സെമിനാരിയിലെ അധ്യാപകൻ, സഭാ വൈദിക സംഘം പ്രസിഡന്റ്, സഭാ സുന്നഹദോസ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
കാതോലിക്കാ പദവിയിൽ
[തിരുത്തുക]നിലവിലെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയും ആയിരുന്ന മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവ 2021 ജൂലൈ 12-ന് അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന ഈ പദവികളിലേക്ക് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ഇദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചു. 2021 ഒക്ടോബർ 14-ന് പരുമലയിൽ വെച്ച് നടന്ന മലങ്കര അസോസിയേഷൻ എന്ന പള്ളി പ്രതിനിധിയോഗം ഈ നിർദ്ദേശത്തെ അംഗീകരിച്ചതിനെ തുടർന്ന് മലങ്കര മെത്രാപ്പോലീത്തയായി പ്രഖ്യാപിക്കുകയും ഒക്ടോബർ 15-ന് പരുമല പള്ളിയിൽ വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങുകളിൽ കാതോലിക്കയായി വാഴിക്കുകയും ചെയ്തു.[4]
അവലംബങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 H.H. Baselios Marthoma Mathews III, The Ninth Catholicos of the East in Malankara
- ↑ ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ സ്ഥാനമേറ്റു ഏഷ്യാനെറ്റ് ന്യൂസ്, 15 ഒക്ടോബർ 2021
- ↑ മാത്യൂസ് തൃതീയൻ ബാവാ പൗരസ്ത്യ കാതോലിക്കാ, മലയാള മനോരമ, 16 ഒക്ടോബർ 2021
- ↑ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ സ്ഥാനമേറ്റു, മാതൃഭൂമി, 15 ഒക്ടോബർ 2021