Jump to content

അന്ത്യോഖ്യാ പാത്രിയർക്കീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ത്യോഖ്യാ പാത്രിയർക്കാസനം
അന്ത്യോഖ്യയിലെ വിശുദ്ധ പത്രോസിന്റെ പൗരാണികമായ ഗുഹാ പള്ളി
വിവരണം
സഭാശാഖസുറിയാനി ഓർത്തഡോക്സ് സഭ,
കിഴക്കൻ ഓർത്തഡോക്സ് സഭ,
കത്തോലിക്കാ സഭ
ആചാരക്രമംഅന്ത്യോഖ്യൻ സുറിയാനി ആചാരക്രമം,
ബൈസന്റൈൻ ആചാരക്രമം.
സ്ഥാപിതം34 (പാരമ്പര്യം അനുസരിച്ച്)
ആദ്യ അധികാരിപത്രോസ് ശ്ലീഹാ
ഭദ്രാസനപ്പള്ളിഅന്ത്യോഖ്യയിലെ ദോമുസ് ഔറിയാ (സുവർണ്ണ കുംഭം ലത്തീൻ: Domus Aurea)
പാത്രിയർക്കീസ്‌

അന്ത്യോഖ്യയിലെ മെത്രാപ്പൊലീത്ത പരമ്പരാഗതമായി വഹിക്കുന്ന സ്ഥാനപ്പേരാണ് അന്ത്യോഖ്യാ പാത്രിയർക്കീസ്. സാധാരണഗതിയിൽ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് (ഇംഗ്ലീഷ്: Patriarch of Antioch and All the East) എന്നും ഇത് അറിയപ്പെടുന്നു. ഔദ്യോഗിക ശീർഷകത്തിലെ "കിഴക്കൊക്കെയും" സൂചിപ്പിക്കുന്നത് റോമാ സാമ്രാജ്യത്തിലെ മഹാപ്രവിശ്യയായിരുന്ന കിഴക്ക് ഡയോസിസിനെ ആണ്.[12] ആദ്യ നൂറ്റാണ്ടുകളിലെ പ്രമുഖ യഹൂദേതര ക്രൈസ്തവസമൂഹങ്ങളിലൊന്ന് എന്ന നിലയിൽ അന്ത്യോഖ്യാ പാത്രിയർക്കീസിനു പ്രമുഖമായ ഒരു സ്ഥാനം പുരാതന ക്രൈസ്തവ ചരിത്രത്തിൽ ഉണ്ട്. അന്ത്യോഖ്യയിലെ ആദ്യ പാത്രിയർക്കീസ് ആയി വിശേഷിപ്പിക്കപ്പെടുന്ന പത്രോസ് ശ്ലീഹാ മുതൽ ഇന്നു വരെ ഈ സ്ഥാനത്തിന്റെ പിന്തുടർച്ച നിലനിൽക്കുന്നു. നാലാം നൂറ്റാണ്ടുമുതൽ റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയിലെ പ്രധാധ സഭാനേതാക്കളിൽ അന്ത്യോഖ്യൻ പാത്രിയർക്കീസും എണ്ണപ്പെട്ടു.

നിലവിൽ സുറിയാനി ഓർത്തഡോക്സ് സഭ, അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭ, മാറോനായ സുറിയാനി സഭ, സുറിയാനി കത്തോലിക്കാ സഭ, മൽക്കായ ഗ്രീക്ക് കത്തോലിക്കാ സഭ എന്നീ സഭകളുടെ അദ്ധ്യക്ഷന്മാർ ഈ പദവിപ്പേരിൽ അറിയപ്പെടുന്നു. കുരിശുയുദ്ധങ്ങളുടെ കാലത്ത് ലത്തീൻ കത്തോലിക്ക സഭയുടെ പ്രതിനിധിയായ ഒരു അന്ത്യോഖ്യാ പാത്രിയർക്കീസും ഉണ്ടായിരുന്നു.

ഈ സഭകളിൽ സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് മാത്രമാണ് സാർവത്രിക സഭയുടെ തലവൻ എന്ന നിലയിൽ അറിയപ്പെടുന്നത്. മറ്റുള്ള അന്ത്യോഖ്യൻ പാത്രിയർക്കീസുമാർ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെയോ മൂന്ന് പൗരസ്ത്യ കത്തോലിക്കാ സഭകളുടെയോ ആണ്.

ചരിത്രം

[തിരുത്തുക]

പുരാതന സിറിയയിലെ ഒരു പ്രധാന പട്ടണമായിരുന്നു അന്ത്യോഖ്യ. യേശുക്രിസ്തുവിന്റെ അനുയായികളെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ തുടങ്ങിയത് ഈ നഗരത്തിലെ പൗരന്മാരാണ്.[13] അന്ത്യോഖ്യാ സഭയുടെ ആദ്യത്തെ ബിഷപ്പ് വിശുദ്ധ പത്രോസ് ആണെന്നു വിശ്വസിക്കപ്പെടുന്നു. പത്രോസ് പില്ക്കാലത്ത് റോമിലേക്ക് പോയി അവിടത്തെ ബിഷപ്പ് ആയും അറിയപ്പെട്ടു.[13]

ക്രി. വ. 4ാം നൂറ്റാണ്ടിലെ ഒന്നാം നിഖ്യാ സൂനഹദോസിനും ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായതിനെയും തുടർന്ന് സാമ്രാജ്യത്തിലെ പ്രമുഖ നഗരങ്ങളായ റോം, അലക്സാൻഡ്രിയ, അന്ത്യോഖ്യാ എന്നിവിടങ്ങളിലും പില്ക്കാലത്ത് പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിലും ക്രൈസ്തവരുടെ വിശുദ്ധ നഗരമായ ജെറുസലേമിലും ഉള്ള മേല്പട്ടക്കാർക്ക് സഭാ ഭരണത്തിന് സവിശേഷ അധികാരങ്ങൾ അനുവദിക്കപ്പെട്ടു. ആറാം നൂറ്റാണ്ടിൽ ഈ പദവിക്ക് പാത്രിയർക്കീസ് എന്ന പേര് ലഭിച്ച്.

5-ആം നൂറ്റാണ്ടിലെ ക്രിസ്തുശാസ്ത്ര വിവാദങ്ങളെ തുടർന്ന് വിളിച്ചു ചേർക്കപ്പെട്ട എഫേസൂസ് സൂനഹദോസ്, രണ്ടാം എഫേസൂസ് സൂനഹദോസ്, കൽക്കെദോൻ സൂനഹദോസ് എന്നീ സഭാനേതൃയോഗങ്ങളിൽ പാത്രിയർക്കീസുമാർ തമ്മിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടു. തുടർന്ന് ഈ അഞ്ച് പ്രധാന പാത്രിയർക്കാ സിംഹാസനങ്ങൾ രണ്ട് വിഭാഗങ്ങളിലായി. റോമും കോൺസ്റ്റാന്റിനോപ്പിളും ഒരുവശത്തും അലക്സാൻഡ്രിയ മറുവശത്തും. ഇതിനേത്തുടർന്ന് അന്ത്യോഖ്യാ, ജെറുസലേം എന്നിവിടങ്ങളിലെ പാത്രിയർക്കാസനങ്ങളിൽ ആഭ്യന്തരമായ ചേരിതിരിവ് രൂപപ്പെടുകയും ഇരു വിഭാഗങ്ങളിലും പെട്ട വ്യത്യസ്ത പാത്രിയർക്കീസുമാർ ഒരേസമയം അധികാരം കൈയ്യാളുകയും ചെയ്യുന്ന സ്ഥിതി വന്നു. പില്ക്കാലത്ത് ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ മത്സരങ്ങളുടെ ഫലമായി റോമാ ചക്രവർത്തിമാർ ഏർപ്പെടുത്തിയ ഏകോപിത സംവിധാനം ഒട്ടാകെ തകരാറിലാവുകയും കാൽക്കെദോൻ സൂനഹദോസ് അംഗീകരിച്ച ഗ്രീക്ക്-റോമൻ ഔദ്യോഗിക സഭയും അതിനെ അംഗീകരിക്കാത്ത കൽക്കിദോൻ വിരുദ്ധ സഭകളും പരസ്പരം വേർപെടുകയും ചെയ്തു. അന്ത്യോക്യൻ പാത്രിയർക്കീസ് സ്ഥാനം അവകാശപ്പെടുന്ന അന്ത്യോക്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെയും സുറിയാനി ഓർത്തഡോക്സ് സഭയുടെയും രൂപീകരണം ഇങ്ങനെയാണ് സംഭവിച്ചത്.[14]

ഇപ്പോഴത്തെ പാത്രിയർക്കീസന്മാർ

[തിരുത്തുക]
 • ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ - അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നു. അന്ത്യോഖ്യൻ ആരാധനാക്രമം ഉപയോഗിക്കുന്നതും ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിൽ പെടുന്നതുമായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാണ് ഇദ്ദേഹം. ദമാസ്കസ് ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.
 • യൗസേഫ് അബ്സി - അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും അലക്സാൻന്ത്രിയയുടെയും ജറുസലേമിന്റെയും ഗ്രീക്ക് മെൽക്കെറ്റ് പാത്രിയർക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നു. ബൈസാന്ത്യൻ ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭാകുടുംബത്തിൽ ഉൾപ്പെട്ടതും അഗോള കത്തോലിക്കാ സഭയുമായി പൂർണ്ണ സംസർഗ്ഗത്തിലുള്ള മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനാണ് ഇദ്ദേഹം. ദമാസ്കസ് ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.
 • ഇഗ്നാത്തിയോസ് യൂസഫ് തൃതീയൻ യോനാൻ - അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും സുറിയാനി പാത്രിയർക്കീസ് എന്ന വിശേഷണം ഉപയോഗിക്കുന്നു. അന്ത്യോഖ്യൻ ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭാകുടുംബത്തിൽ ഉൾപ്പെട്ടതും അഗോള കത്തോലിക്കാ സഭയുമായി പൂർണ്ണ സംസർഗ്ഗത്തിലുള്ള സുറിയാനി കത്തോലിക്ക സഭയുടെ തലവനാണ് ഇദ്ദേഹം. ബെയ്റൂട്ടാണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.[3][4]
 • ബേഷാറാ ബൗത്രോസ് അൽ-റാഹി - മാറോനൈറ്റ് ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭാകുടുംബത്തിൽ ഉൾപ്പെട്ടതും അഗോള കത്തോലിക്കാ സഭയുമായി പൂർണ്ണ സംസർഗ്ഗത്തിലുള്ള മാറോനൈറ്റ് കത്തോലിക്ക സഭയുടെ തലവനാണ് ഇദ്ദേഹം. ബെയ്റൂട്ടാണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.[5][6][7][8][9]
 • ജോൺ പത്താമൻ - ബൈസാന്ത്യൻ ആരാധനാക്രമം ഉപയോഗിക്കുന്ന പൗരസ്ത്യ ഓർത്തഡോക്സ് സഭാകുടുംബത്തിൽ ഉൾപ്പെട്ടതുമായ അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ തലവനാണ് ഇദ്ദേഹം. ദമാസ്കസ് ആണ് ഇദ്ദേഹത്തിന്റെ ആസ്ഥാനം.

കേരള-അന്ത്യോഖ്യാ സഭാബന്ധം

[തിരുത്തുക]

കേരളത്തിലെ സുറിയാനി ക്രൈസ്തവരിൽ ഒരു വിഭാഗം നിലവിൽ അന്ത്യോഖ്യാ പാത്രിയർക്കീസിനെ തങ്ങളുടെ പരമാധ്യക്ഷനായി അംഗീകരിച്ചു വരുന്നു.

പതിനാറാം നൂറ്റാണ്ട് വരെ സെലൂക്യാ-ക്ടെസിഫോണിലെ കിഴക്കിന്റെ കാതോലിക്കോസിനെ ആയിരുന്നു കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ ആദ്ധ്യാത്മിക പരാമാദ്ധ്യക്ഷനായി ഗണിച്ചിരുന്നത്. എങ്കിലും പതിനാറാം നൂറ്റാണ്ടോടെ റോമിലെ മാർപ്പാപ്പയുടെ ആത്മീയ പരമാചാര്യത്വം അംഗീകരിക്കാൻ തുടങ്ങി. 1599ലെ ഉദയംപേരൂർ സൂനഹദോസിൽ പര്യവസാനിച്ച പോർച്ചുഗീസ് മിഷനറിമാരുടെ ഇടപെടലുകളും കൽദായ കത്തോലിക്കാ സഭയുടെ പ്രവർത്തനവുമാണ് ആണ് ഇതിന് കാരണമായത്.[15][16]

പോർച്ചുഗീസുകാരുടെ സഭാഭരണത്തിന് മേലുള്ള കടന്നുകയറ്റവും അടിച്ചമർത്തലും സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ നിന്ന് പ്രതിഷേധത്തിന് കാരണമായി. ഇതിനേത്തുടർന്ന് 1653ൽ അരങ്ങേറിയ കൂനൻ കുരിശു സത്യത്തിനുശേഷം സുറിയാനി ക്രിസ്ത്യാനികൾ പുത്തങ്കൂറ്റുകാർ, പഴയകൂറ്റുകാർ എന്നീ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. ഇതിൽ പുത്തങ്കൂറ്റുകാർ 1665ഓടെ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധത്തിലായി. കാലക്രമേണ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ അന്ത്യോഖ്യാ പാത്രിയർക്കീസിനെ തങ്ങളുടെയും പരമാധ്യക്ഷനായി അംഗീകരിച്ചു തുടങ്ങി. ഈ വിഭാഗം മലങ്കര യാക്കോബായ സഭ ആയി പരിണമിച്ചു.[15][16]

പത്തൊമ്പതാം നൂറ്റാണ്ടിൽ ആംഗ്ലിക്കൻ മിഷനറിമാരുടെ സ്വാധീനത്തെ തുടർന്ന് പുത്തങ്കൂർ വിഭാഗത്തിൽ നവീകരണ പ്രസ്ഥാനം ആരംഭിച്ചു. ഇവർ അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ പരമാധികാരത്തെ എതിർത്തു. ഇതിനെ തുടർന്ന് മലങ്കര യാക്കോബായ സഭയിൽ രണ്ട് വിഭാഗങ്ങൾ ഉടലെടുത്തു. ഈ പ്രശ്നം പരിഹരിക്കുന്നതിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ക്ഷണപ്രകാരം അന്നത്തെ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ കേരളത്തിൽ നേരിട്ട് എത്തുകയും മുളന്തുരുത്തിയിൽ സഭയുടെ സുന്നഹദോസ് വിളിച്ചു ചേർക്കുകയും ചെയ്തു. ഈ സുന്നദോസിൽ അന്ത്യോഖ്യ പാത്രിയർക്കീസിനെ സഭയുടെ പരമാധ്യക്ഷനായി സ്ഥിരീകരിച്ചു. ഇതോടൊപ്പം നവീകരണ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന അന്നത്തെ മലങ്കര മെത്രാപ്പോലീത്ത പാലക്കുന്നത് മാത്യൂസ് അത്താനാസിയോസിനെ സ്ഥാനഭ്രഷ്ടനാക്കി പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫ് രണ്ടാമനെ തലസ്ഥാനത്തേക്ക് അവരോധിക്കുകയും ചെയ്തു. നവീകരണ വിഭാഗവും മാത്യൂസ് മാർ അത്താനാസിയോസും ഇത് അംഗീകരിക്കാൻ തയ്യാറായില്ല അദ്ദേഹം തൻറെ അനന്തരവൻ ആയിരുന്ന തോമസ് അത്താനാസിയോസിനെ തൻറെ പിൻഗാമിയായി നിയോഗിച്ചു. ഇദ്ദേഹം സഭാ സ്വത്തുക്കളും കേന്ദ്രങ്ങളും പാത്രിയർക്കീസ് പക്ഷത്തിന് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇത് ഇരുവിഭാഗങ്ങൾക്കും ഇടയിൽ കോടതി വ്യവഹാരങ്ങൾക്ക് കാരണമായി. തിരുവിതാംകൂർ റോയൽ കോടതി ഇതിൽ പുറപ്പെടുവിച്ച വിധി പാത്രിയർക്കീസ് പക്ഷത്തിന് അനുകൂലമായിരുന്നു. മലങ്കര സഭയുടെ പരമാധ്യക്ഷൻ ആയി അന്ത്യോഖ്യ പാത്രിയാർക്കീസിനെ കോടതി അംഗീകരിച്ചു. മലങ്കര മെത്രാപ്പോലീത്തയെ നിയമിക്കുന്നതിനുള്ള അധികാരം പാത്രിയർക്കീസിൽ നിക്ഷിപ്തമാണെന്ന് കോടതി തീർപ്പ് കൽപ്പിച്ചു. എന്നാൽ സഭയുടെ ഭൗതിക ഭരണാധികാരി മലങ്കര മെത്രാപ്പോലീത്ത ആണെന്നും പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് നവീകരണ വിഭാഗം മാർത്തോമാ സഭ എന്ന പേരിൽ സ്വതന്ത്ര സഭയായി. പാത്രിയർക്കീസ് പക്ഷം മലങ്കര യാക്കോബായ സഭ അഥവാ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന പേരിൽ തുടർന്നു.[17]

എന്നാൽ 1912 ൽ ഈ സഭയിലും കലഹം ആരംഭിച്ചു. അന്നത്തെ അന്ത്യോഖ്യാ പാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ മലങ്കര സഭയുടെ ഭൗതിക ഭരണാധികാരം അവകാശപ്പെട്ടു. ഈ നിലപാട് അന്നത്തെ മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ ദിവന്നാസിയോസ് ഗീവർഗീസ് എതിർത്തു. ഇതിനേത്തുടർന്ന് പാത്രിയർക്കീസ് മെത്രാപ്പോലീത്തയെ മുടക്കി. അതേസമയം വട്ടശ്ശേരിൽ ദിവന്നാസിയോസ് മുൻ പാത്രിയർക്കീസ് ആയ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹോയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തി അദ്ദേഹത്തക്കൊണ്ട് കേരളത്തിൽ കിഴക്കിന്റെ മഫ്രിയോനോ അഥവാ കാതോലിക്കാ സ്ഥാനം സ്ഥാപിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ സഭയുടെ പിളർപ്പിലേക്ക് നയിച്ചു. പാത്രിയർക്കീസിനെ അനുകൂലിച്ചവർ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ അഥവാ യാക്കോബായ സഭ (ബാവാ കക്ഷി) എന്നും വട്ടശ്ശേരിൽ ദിവന്നാസിയോസിനെ അനുകൂലിച്ചവർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അഥവാ ഓർത്തഡോക്സ് സഭ (മെത്രാൻ കക്ഷി) എന്നും അറിയപ്പെട്ടു. രണ്ട് വിഭാഗവും കോടതിയിൽ നീണ്ട നിയമവ്യവഹാരങ്ങൾ നടത്തി. 1958ലും 1995ലും 2017ലും ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ വിധികൾ മെത്രാൻ കക്ഷിക്ക് അനുകൂലമായിരുന്നു.[17]

ഓർത്തഡോക്സ് സഭയുടെ നിലവിലിരിക്കുന്നതും 1934ൽ രൂപീകരിച്ചതുമായ ഭരണഘടന അനുസരിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഈ സഭയുടെ ഒരു ഭാഗവുമാണ്. പാത്രിയർക്കീസ് കാതോലിക്കായുടെ മേൽസ്ഥാനി ആണ്. സുപ്രീം കോടതി വിധിയിലും ഇതേ ക്രമീകരണം ആണ് സ്ഥരീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രായോഗിക തലത്തിൽ പാത്രിയർക്കീസിന് കാര്യമായ പ്രസക്തി ഈ സഭ കല്പിക്കുന്നില്ല.[17]

അതേസമയം യാക്കോബായ സഭയുടെ നിലപാട് അനുസരിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസ് സഭയുടെ പരമാധികാരിയാണ്. സഭയുടെ മേൽ സമ്പൂർണ അധികാരം അദ്ദേഹത്തിന് ഉണ്ട്. കത്തോലിക്കാ സഭയിലെ മാർപ്പാപ്പയുടെ സ്ഥാനവുമായി ഇതിനെ ഇവർ താരതമ്യം ചെയ്യുന്നു.[17]

കേരളത്തിലെ യാക്കോബായ, ഓർത്തഡോക്സ് സഭകൾക്ക് പുറമേ മലങ്കര മാർത്തോമ്മാ സുറിയാനി സഭയും മലങ്കര കത്തോലിക്കസഭയും ആരാധനാക്രമങ്ങളിലും മേൽപ്പട്ടക്കാരുടെ വസ്ത്രധാരണം, നാമകരണം തുടങ്ങിയ സംഗതികളിലും അന്ത്യോഖ്യൻ സ്വാധീനത്തിന് വിധേയരാണ്.[16]

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോഖ്യാ പാത്രിയർക്കീസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
 1. Reshma Vijayan. "അന്ത്യോക്യ പാത്രിയർക്കിസിന് ഒമാനിൽ സ്വീകരണം". asianetnews.in. ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2023-05-19.
 2. "അന്ത്യോക്യൻ പാർത്രിയാക്കീസിനു സ്വീകരണം നൽകി ഒമാൻ" (in ഇംഗ്ലീഷ്). Retrieved 2023-05-19.
 3. 3.0 3.1 "വംശഹത്യക്കെതിരെ ശബ്ദമുയർത്തണമെന്ന് അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ്". Retrieved 2023-05-18.
 4. 4.0 4.1 "അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് ഇന്ന് കേരളത്തിലെത്തും". Retrieved 2023-05-18.
 5. 5.0 5.1 "ലെബനോന്റെ ഐക്യത്തിന് പുതിയ ഭരണനേതൃത്വം അത്യാവശ്യം: മാരോണൈറ്റ് പാത്രിയാർക്കീസ്". Retrieved 2023-05-18.
 6. 6.0 6.1 "അറബ് ക്രിസ്‌ത്യാനികൾ ഇല്ലാതാകുന്നത് വ്യാപകമായ പരിണിത ഫലം ഉളവാക്കും: മാരോണൈറ്റ് സഭാതലവൻ". Retrieved 2023-05-18.
 7. 7.0 7.1 "Saudi Crown Prince Mohammed bin Salman meets Lebanon's Maronite patriarch" (in ഇംഗ്ലീഷ്). 2017-11-14. Retrieved 2023-05-18.
 8. 8.0 8.1 "Lebanese Christian Leader Makes Rare Visit to Saudi Arabia". new york times (in ഇംഗ്ലീഷ്). 2017-11-14. Retrieved 2023-05-18.
 9. 9.0 9.1 "Saudi crown prince meets Lebanon's Maronite Patriarch - al-Arabiya". reuters.com (in ഇംഗ്ലീഷ്). 2017-11-14. Retrieved 2023-05-18.
 10. "Condolences to His Beatitude Patriarch Joseph Absi" (in ഇംഗ്ലീഷ്). 2022-05-27. Retrieved 2023-05-19.
 11. "Patriarch Youssef (Joseph) Absi [Catholic-Hierarchy]". Retrieved 2023-05-19.
 12. "L'IDEA DI PENTARCHIA NELLA CRISTIANITA'". Retrieved 2023-03-09.
 13. 13.0 13.1 "CATHOLIC ENCYCLOPEDIA: St. Peter, Prince of the Apostles". Retrieved 2023-05-18.
 14. Fortescue, Adrian (1969-07-01). Orthodox Eastern Church (in ഇംഗ്ലീഷ്). Burt Franklin. p. 116. ISBN 978-0-8337-1217-2.
 15. 15.0 15.1 Perczel, István (2018). King, Daniel (ed.). Syriac Christianity in India. The Syriac World (in ഇംഗ്ലീഷ്). Gorgias Press. ISBN 9781138899018.
 16. 16.0 16.1 16.2 ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 14 June 2021.
 17. 17.0 17.1 17.2 17.3 "History of Church Cases at a Glance, Litigation Among the Members of Syrian Christians in Malankara - An Overview, History of Church, Baselios Church Digital Library". Retrieved 2023-09-23.