Jump to content

ബസേലിയോസ് പൗലോസ് പ്രഥമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുറിമറ്റത്തിൽ പൗലോസ് ഇവാനിയോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്ഥാപക കാതോലിക്കോസ് ആയിരുന്നു ബസേലിയോസ്‌ പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ പൗലോസ്, 1836-1913). 1912ൽ മഫ്രിയോനോ സ്ഥാനം പുനഃസ്ഥാപിതമായപ്പോൾ 76 വയസ്സുകാരനായിരുന്ന ഇദ്ദേഹം ആ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. മലങ്കര യാക്കോബായ സഭയിൽ പിളർപ്പിന് ഔപചാരിക കാരണമായിത്തീർന്നത് ഈ സംഭവമാണ്.

മോറാൻ മാർ ബസേലിയോസ്‌ പൗലോസ് പ്രഥമൻ കാതോലിക്കാ
പൗരസ്ത്യ കാതോലിക്കോസ്
നിയമനംഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 2ാമൻ
സ്ഥാനാരോഹണം1912 സെപ്റ്റംബർ 15
ഭരണം അവസാനിച്ചത്1913 മെയ് 3
മുൻഗാമിസ്ഥാപിതം
പിൻഗാമിബസേലിയോസ് ഗീവർഗ്ഗീസ് 1ാമൻ
ഡീക്കൻ പട്ടത്വം1843ൽ ചേപ്പാട്ട് ദിവന്നാസിയോസ് ഫിലിപ്പോസ്
വൈദിക പട്ടത്വം1852ൽ ചേപ്പാട്ട് ദിവന്നാസിയോസ് ഫിലിപ്പോസ്
മെത്രാഭിഷേകം1877 മെയ് 17ന് ഇഗ്നാത്തിയോസ് പത്രോസ് 3ാമൻ
പദവിമഫ്രിയോനോ കാതോലിക്ക
വ്യക്തി വിവരങ്ങൾ
ജനന നാമംമുറിമറ്റത്തിൽ പൗലോസുകുട്ടി
ജനനം1836 ജനുവരി 17
കോലഞ്ചേരി
മരണം1913 മെയ് 2
പാമ്പാക്കുട
കബറിടംസെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളി, പാമ്പാക്കുട
മാതാപിതാക്കൾമുറിമറ്റത്തിൽ കുര്യൻ, മറിയാമ്മ
ഗുരുയുയാഖീം കൂറിലോസ്
മുൻപദവി
കണ്ടനാട് ഭദ്രാസന ബിഷപ്പ്

ആദ്യകാല ജീവിതം

[തിരുത്തുക]

1836 ജനുവരി 17ന് കോലഞ്ചേരിയിലെ മുറിമറ്റത്തിൽ കുടുംബത്തിലെ കുര്യന്റെയും മറിയാമ്മയുടെയും മകനായി പൗലോസുകുട്ടി ജനിച്ചു. ഭരണങ്ങാനത്ത് ഉണ്ടായിരുന്ന പകലോമറ്റം കുടുംബത്തിൽപെട്ടവരാണ് മുറിമറ്റത്തിൽ തറവാട്ടിലെ പൂർവ്വികർ എന്ന് കരുതപ്പെടുന്നു. ഈ കുടുംബക്കാർ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് മാമോദിസ സ്വീകരിച്ചവരാണ് എന്നാണ് പാരമ്പര്യം. മുറിമറ്റത്തിൽ കുടുംബക്കാർ പിൽക്കാലത്ത് മൂവാറ്റുപുഴയാറിന് തീരത്ത് രാമമംഗലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. മുറിമറ്റത്തിൽ കുടുംബത്തിൻറെ ഒരു ശാഖ കോലഞ്ചേരിയിലും രൂപപ്പെടുകയായിരുന്നു.

പൗലോസുകുട്ടി വളരെ ചെറുപ്പത്തിൽ തന്നെ സുറിയാനി പഠിക്കുകയും അമ്മാവനായ യൗസേപ്പ് കത്തനാരുടെ ശേഖരത്തിൽ നിന്ന് ധാരാളം മതഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻറെ ജ്യേഷ്ഠ സഹോദരൻ ഒരു ശെമ്മാശനായിരുന്നു. ജ്യേഷ്ഠന്റെ അകാല മരണത്തെ തുടർന്ന് പൗലോസ് കുട്ടി തലസ്ഥാനത്തേക്ക് ഉയർത്തപ്പെടാൻ അദ്ദേഹത്തിന്റെ മാതാപിതാക്കളും അമ്മാവൻ യൗസേപ്പ് കത്തനാരും ആഗ്രഹിച്ചു. ഇതേത്തുടർന്ന് അന്നത്തെ മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ദിവന്നാസിയോസ് (ചേപ്പാട് മാർ ദിവന്നാസിയോസ് നാലാമൻ) ഏഴാം വയസ്സിൽ പൗലോസുകുട്ടിയെ ശെമ്മാശനായി വാഴിച്ചു.

പാമ്പാക്കുടയിലെ മൽപ്പാൻ കോനാട്ട് യോഹന്നാനിൽ നിന്നാണ് പൗലോസുകുട്ടി തന്റെ സുറിയാനി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1852ൽ 16ാം വയസ്സിൽ ചേപ്പാട്ട് ദിവന്നാസിയോസിൽ നിന്നുതന്നെ വൈദികപ്പട്ടവും അദ്ദേഹം സ്വീകരിച്ചു. തുടർന്ന് അദ്ദേഹം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് പള്ളിയുടെ ചുമതല ഏറ്റെടുത്തു.

ഇക്കാലഘട്ടത്തിൽ പുത്തങ്കൂർ സമുദായം കടുത്ത ഭിന്നതയിലൂടെ കടന്നു പോവുകയായിരുന്നു. ചേപ്പാട്ട് ദിവന്നാസിയോസിന് പകരം മലങ്കര മെത്രാപ്പോലീത്തയായി സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് നിയമിച്ച മാത്യൂസ് അത്താനാസിയോസ് ബ്രിട്ടീഷ് മിഷനറിമാരോടും ആംഗ്ലിക്കൻ സഭയോടും അനുഭാവം പുലർത്തിയിരുന്നു. അത്താനാസിയോസിനെ എതിർത്ത ചേപ്പാട്ട് ദിവന്നാസിയോസ് പാത്രിയാർക്കീസിനെ വിഷയം ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ നിന്ന് സഹായം തേടി. തുടർന്ന് അത്താനാസിയോസിനും ആംഗ്ലിക്കൻ അനുഭാവികൾക്കും എതിരായി പ്രവർത്തിക്കുന്നതിന് യുയാഖീം കൂറിലോസ് എന്ന സിറിയൻ മെത്രാനെ പാത്രിയർക്കീസ് മലബാറിലേക്ക് അയക്കുകയും ചെയ്തു. യുയാഖീം കൂറിലോസിനെ മലങ്കര മെത്രാപ്പോലീത്തയായി ദിവന്നാസിയോസ് അംഗീകരിച്ചു. ഇതേ തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള തർക്കം കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങി. ഈ വിഷയത്തിലെ വിധി തീർപ്പ് അത്താനാസിയോസിന് അനുകൂലമായിരുന്നു. എന്നാൽ യുയാക്കീം കൂറിലോസ് മെത്രാപ്പോലീത്തയോട് കൂറ് നിലനിർത്തിയ പൗലോസ് കത്തനാർ അദ്ദേഹത്തിൻറെ കീഴിൽ കീഴിൽ സുറിയാനി പരിശീലനം തുടർന്നുവന്നു.

സഭയിൽ മാത്യൂസ് അത്താനാസിയോസിന്റെ നേതൃത്വത്തിലുള്ള നവീകരണവാദികളും യുയാഖീം കൂറിലോസിന്റെ നേതൃത്വത്തിലുള്ള യാക്കോബായ പാരമ്പര്യവാദികളും തമ്മിലുള്ള ഭിന്നത വഷളായിക്കൊണ്ടിരുന്നു. 1865ൽ പാരമ്പര്യവാദികൾ പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ എന്ന വൈദികനെ തങ്ങളുടെ നേതാവായി തിരഞ്ഞെടുക്കുകയും അദ്ദേഹത്തെ മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കുന്നതിന് മർദ്ദീനിൽ പാത്രിയാർക്കീസിന്റെ പക്കലേക്ക് അയക്കുകയും ചെയ്തു. ദിവന്നാസിയോസ് ജോസഫ് എന്നപേരിൽ മെത്രാൻപട്ടം ഏറ്റു തിരിച്ചുവന്ന അദ്ദേഹം അത്താനാസിയോസിന് എതിരായി പ്രവർത്തിച്ചെങ്കിലും സർക്കാരിൻറെ ഔദ്യോഗിക അംഗീകാരം അത്താനാസിയോസിന് തന്നെ ആയിരുന്നു.

മുളന്തുരുത്തി സുന്നഹദോസും മെത്രാൻ തിരഞ്ഞെടുപ്പും

[തിരുത്തുക]

മാത്യൂസ് അത്താനാസിയോസിന്റെ ആംഗ്ലിക്കൻ നവീകരണ പ്രവർത്തനങ്ങൾ തടയാനും പുത്തങ്കൂർ മലങ്കര സഭയുടെമേൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ സ്വാധീനം ആധികാരികമാക്കി തീർക്കുന്നതിനും ലക്ഷ്യമിട്ട് അക്കാലത്ത് പുതിയതായി സ്ഥാനാരോഹിതനായ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ 1874ൽ മലബാറിലേക്ക് വന്നു. യാത്രയ്ക്ക് മുൻപായി ലണ്ടൻ സന്ദർശിച്ച് ആംഗ്ലിക്കൻ സഭാ നേതൃത്വം നേടിയെടുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1875ൽ പാത്രിയർക്കീസ് മുളന്തുരുത്തിയിൽ സഭയുടെ ഒരു പ്രദേശിക സുന്നഹദോസ് വിളിച്ചുചേർക്കുകയും പുത്തൻകൂർ മലങ്കര സഭയെ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക അതിഭദ്രാസനമായി ക്രമീകരിക്കുകയും ചെയ്തു. ഈ സുന്നഹദോസ് മാത്യൂസ് അത്താനാസിയോസിന്റെയും അനുയായികളുടെയും നവീകരണ നീക്കങ്ങളെ തള്ളിക്കളയുകയും പാരമ്പര്യവാദികളുടെ യാക്കോബായ നിലപാടുകളെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. മാത്യൂസ് അത്താനാസിയോസിനെ സ്ഥാനഭൃഷ്ടനാക്കി പകരം പുലിക്കോട്ടിൽ ദിവന്നാസിയോസിനെ മലങ്കര മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് അവരോധിച്ചു. മലങ്കര മെത്രാപ്പോലീത്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതിനും സഭയിലുള്ള തൻ്റെ സ്വാധീനം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് സഭയെ ഏഴ് ഭദ്രാസനങ്ങളായി അദ്ദേഹം വിഭജിച്ചു. ഓരോന്നിനും ഓരോ ബിഷപ്പിനെ വീതം നിയമിക്കുകയും ചെയ്തു. ഇങ്ങനെ മെത്രാന്മാരായി തിരഞ്ഞെടുക്കപ്പെട്ടവരിൽ മുറിമറ്റത്തിൽ യൗസേപ്പ് കത്തനാരും ഉൾപ്പെട്ടു.

മെത്രാഭിഷേകം

[തിരുത്തുക]
ഇവാനിയോസ് പൗലോസ് മുറിമറ്റത്തിൽ (ഇരിക്കുന്നവരിൽ ഇടതുനിന്ന് രണ്ടാമത്). ഔദീശോ തൊണ്ടനാട്ട്, ദിവന്നാസ്സിയോസ് ജോസഫ് രണ്ടാമൻ പുലിക്കോട്ടിൽ, പൗലോസ് അത്താനാസിയോസ് കടവിൽ, ഗീവർഗ്ഗീസ് ഗ്രിഗോറിയോസ് ചാത്തുരുത്തിൽ, അൽവാറീസ് യൂലിയോസ് എന്നിവർ സമീപം

1877 മെയ് 17ന് കുന്നംകുളം പള്ളിയിൽവെച്ച് മുറിമറ്റത്തിൽ പൗലോസ് കത്തനാരെ പാത്രിയർക്കീസ് പത്രോസ് തൃതീയൻ പൗലോസ് ഇവാനിയോസ് എന്ന പേരിൽ ബിഷപ്പായി അഭിഷേകം ചെയ്തു. പുതിയതായി സ്ഥാപിച്ച കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലയാണ് അദ്ദേഹത്തെ ഏൽപ്പിച്ചത്.

ഭദ്രാസന മെത്രാൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ കാലത്ത് കണ്ടനാട് ഭദ്രാസനത്തിൽ 17 പള്ളികൾ പണികഴിപ്പിച്ചിട്ടുണ്ട്. നിരവധി സ്കൂളുകളും അദ്ദേഹം ആരംഭിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സെന്റ് പോൾസ് പള്ളി കേന്ദ്രീകരിച്ച് നിരവധി വൈദികർക്ക് പരിശീലനം നൽകി. മൂവാറ്റുപുഴയിൽ ഭദ്രാസന ആസ്ഥാനമായി ഒരു അരമന പണിയാൻ സ്ഥലം വാങ്ങുകയും അവിടെ ചെറിയ ഒരു പള്ളി പണികഴിപ്പിക്കുകയും ചെയ്തു.

സഭയിൽ വീണ്ടും ഭിന്നത

[തിരുത്തുക]
പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ല 2ാമന്റെ 1911ലെ മലങ്കര സഭാ സന്ദർശനം. മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ ദിവന്നാസിയോസ്, പാത്രിയാർക്കൽ പ്രതിനിധി ഒസ്താത്തിയോസ് സ്ലീബോ, മുറിമറ്റത്തിൽ പൗലോസ് ഇവാനിയോസ്, കൂറിലോസ് പൗലോസ് എന്നിവർ സമീപം

പുലിക്കോട്ടിൽ ദിവന്നാസിയോസ് ജോസഫിന്റെ മരണശേഷം 1908ൽ മലങ്കര മെത്രാപ്പോലീത്ത പദവിയിലേക്ക് വട്ടശ്ശേരിൽ ഗീവർഗ്ഗീസ് എന്ന വൈദികൻ തിരഞ്ഞെടുക്കപ്പെട്ടു. മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെടുന്നതിന് വട്ടശ്ശേരിയും കൊച്ചുപറമ്പിൽ പൗലോസ് എന്ന മറ്റൊരു വൈദികനും സിറിയയിലെ പാത്രിയാർക്കാസന കേന്ദ്രത്തിലേക്ക് അയയ്ക്കപ്പെട്ടു. തുടർന്ന് അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ മർദ്ദീനിൽ വെച്ച് വട്ടശ്ശേരിയെ ദിവന്നാസ്സിയോസ് ഗീവർഗ്ഗീസ് എന്നപേരിലും കൊച്ചുപറമ്പിലിനെ കൂറിലോസ് പൗലോസ് എന്നപേരിലും മെത്രാന്മാരായി അഭിഷേകം ചെയ്തു. നാട്ടിൽ എത്തിച്ചേർന്ന് അധികാരം ഏറ്റെടുത്ത വട്ടശ്ശേരി ദിവന്നാസിയോസ് അധികം വൈകാതെ തന്റെ സഹട്രസ്റ്റികളായ കോനാട്ട് മാത്തൻ കോര മൽപ്പാൻ, കുര്യൻ എന്നിവരുമായി ഭരണവിഷയങ്ങളിൽ തർക്കത്തിലായി. പാത്രിയർക്കീസിന്റെ പിന്തുണ നേടിയെടുക്കുന്നതിൽ സഹട്രസ്റ്റിമാരും അനുയായികളും ശ്രമിച്ചു.

1889ലെ റോയൽ കോടതി വിധി പ്രകാരം പാത്രിയർക്കീസിന് മലങ്കര സഭയിൽ ആത്മീയ പരാമാധികാരം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ അവസരത്തിൽ സഭയുടെ ഭൗതിക സ്വത്തുക്കളുടെ മേൽ അധികാരം ആർജ്ജിക്കാൻ പാത്രിയർക്കീസ് ശ്രമിച്ചു. ഇതിനായി അദ്ദേഹം മലബാറിൽ എത്തിച്ചേർന്നു. എതിരാളികളുടെ പിന്തുണയോടെ തനിക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമമാണ് പാത്രിയർക്കീസ് നടത്തുന്നത് എന്ന് വിലയിരുത്തിയ ദിവന്നാസിയോസ് പാത്രിയർക്കീസിന് വഴങ്ങാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് പാത്രിയർക്കീസ് ദിവന്നാസിയോസിനെ മുടക്കുകയും പകരം കൊച്ചുപറമ്പിൽ കൂറിലോസിനെ മലങ്കര മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. ഈ തർക്കത്തിൽ പാത്രിയർക്കീസിനെ അനുകൂലിച്ചവർ ബാവാ കക്ഷി എന്നും വട്ടശ്ശേരിൽ ദീവന്നാസ്യോസിനെ അനുകൂലിച്ചവർ മെത്രാൻ കക്ഷി എന്നും രണ്ടു വിഭാഗമായി ഭിന്നിച്ചു.

പ്രതിസന്ധിയിലായ വട്ടശ്ശേരി ദിവന്നാസിയോസ് ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 2ാമൻ എന്ന മുൻ പാത്രിയാർക്കീസിന്റെ സഹായം തേടി. ഏതാനം വർഷങ്ങൾക്ക് മുമ്പ് ഒട്ടോമൻ സുൽത്താന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് അന്ത്യോഖ്യാ പാത്രിയർക്കീസ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം തന്റെ അധികാരം ഒഴിയാൻ തയ്യാറാകാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. വട്ടശ്ശേരിയുടെ ക്ഷണപ്രകാരം മലബാറിൽ എത്തിച്ചേർന്ന അബ്ദുൽമസിഹ് 2ാമനെ വട്ടശ്ശേരിയും അനുയായികളും യഥാർത്ഥ അന്ത്യോഖ്യാ പാത്രിയർക്കീസായി അവതരിപ്പിക്കുകയും വർഷങ്ങൾക്കു മുമ്പ് നിർത്തലാക്കപ്പെട്ട മഫ്രിയോനോ സ്ഥാനം ഇന്ത്യയിൽ പുനഃസ്ഥാപിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ അധികാരങ്ങൾ അവസാനിപ്പിച്ച് സമാന്തര സഭാസംവിധാനം സ്ഥാപിക്കാനാണ് ഇത് ചെയ്തത്. പാത്രിയാർക്കീസ് ആയിരുന്ന കാലത്ത് ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോൾ നിഷേധിച്ചയാളായിരുന്നു അബ്ദുൽമസിഹ് 2ാമൻ. എന്നാൽ പുതിയ സാഹചര്യത്തിൽ അബ്ദുൽമസിഹ് 2ാമൻ വട്ടശ്ശേരിയുടെ ആവശ്യത്തിന് വഴങ്ങാൻ തയ്യാറായി.

ഇതേത്തുടർന്ന് അബ്ദുൽമസിഹ് 2ാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മെത്രാൻ കക്ഷി വൈദിക സുന്നഹദോസ് മുതിർന്ന മെത്രാപ്പോലീത്തമാരിൽ വട്ടശ്ശേരി ദിവന്നാസിയോസിനൊപ്പം നിലകൊണ്ട പൗലോസ് ഇവാനിയോസിനെ പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.[1]

ഇന്ത്യയിലെ ആദ്യത്തെ പൗരസ്ത്യ കാതോലിക്കാ

[തിരുത്തുക]
ഇന്ത്യയിൽ മാഫ്രിയാനേറ്റ് സ്ഥാപിച്ചതിന് ശേഷം പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അബ്ദുൾമസിഹ് രണ്ടാമൻ. പാത്രിയർക്കീസ് മദ്ധ്യത്തിൽ. വലത്ത് മഫ്രിയോനോ ബസേലിയോസ് പൗലോസ് പ്രഥമൻ, ഇടത്ത് വട്ടശ്ശേരിൽ ദിവന്നാസിയോസ് ഗീവർഗീസ്. ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ വെച്ച് എടുത്ത ചിത്രം

വൈദിക സുന്നഹദോസിന്റെ തീരുമാനപ്രകാരം മഫ്രിയോനോ-കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പൗലോസ് ഇവാനിയോസിനെ ഇഗ്നാത്തിയോസ് അബ്ദുൽമസിഹ് 2ാമൻ 1912 സെപ്തംബർ 15ന് നിരണം സെന്റ് മേരീസ് പള്ളിയിൽ വെച്ച് കിഴക്കിന്റെ മഫ്രിയോനോ ആയി വാഴിച്ചു.[2] എന്നാൽ ദുരൂഹമായി നടന്ന ഈ ചടങ്ങിൽ വട്ടശ്ശേരി ദിവന്നാസിയോസ് പങ്കെടുത്തില്ല. അബ്ദുൽമസിഹ് 2ാമൻ ഒപ്പുവെച്ച നിയമന പത്രികകളിലും കല്പനകളിലും 'മഫ്രിയോനോ' എന്നും 'കാതോലിക്കാ' എന്നും മാറിമാറി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 'തോമാശ്ലീഹായുടെ സിംഹാസനത്തിന്റെ കാതോലിക്കാ' എന്നുള്ള പരാമർശവും ചിലതിൽ ഉണ്ട്. പാത്രിയാർക്കീസിന്റെ അധികാര അവകാശങ്ങളിൽപ്പെട്ട മെത്രാന്മാരുടെ അഭിഷേകം, മൂറോൻ കൂദാശ ചെയ്യൽ, സുന്നഹദോസ് വിളിച്ചുചേർക്കൽ തുടങ്ങിയ അധികാരങ്ങൾ പാത്രിയാർക്കീസിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ കാതോലിക്കായ്ക്ക് നിർവ്വഹിക്കാമെന്നും അബ്ദുൽമസിഹ് 2ാമൻ പ്രഖ്യാപിച്ചു. കാതോലിക്കാ സ്ഥാനം ഒഴിഞ്ഞാൽ തത്സ്ഥാനത്ത് പുതിയ കാതോലിക്കായെ സ്വമേധയാ തിരഞ്ഞെടുക്കാൻ പ്രദേശിക സുന്നഹദോസിനെ അധികാരപ്പെടുത്തുന്ന നടപടിയും ചില രേഖകളിൽ ഉണ്ട്.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ പിന്തുടരുന്ന പ്രാർത്ഥനകളുടെയും വിശുദ്ധ കുർബാനയുടെയും ക്രമവും ശൈലിയും രൂപകല്പന ചെയ്യുന്നതിൽ ബസേലിയോസ് പൗലോസ് 1ാൻ പങ്കുവഹിച്ചു. ബാവാ കക്ഷിയിൽ നിലകൊണ്ട വൈദിക ട്രസ്റ്റിയും സുറിയാനി ഭാഷാ പണ്ഡിതനുമായ കോനാട്ട് മാത്തൻ കാര കോറപ്പിസ്കോപ്പ തർജ്ജമ ചെയ്ത ആരാധനാക്രമ രചനകൾ തിരുത്തലോടെ മെത്രാൻ കക്ഷി വിഭാഗത്തിൽ നടപ്പിൽ വരുത്തുകയാണ് പൗലോസ് 1ാമൻ ചെയ്തത്. മലങ്കര സുറിയാനി സുവിശേഷ സംഘവും പള്ളിയിൽ സൺഡേ സ്കൂളുകളും അദ്ദേഹം സ്ഥാപിച്ചു.

രോഗബാധിതനായ പൗലോസ് 1ാമൻ കണ്ടനാട് സെന്റ് മേരിസ് പള്ളിയിലോ കണ്ടനാട് ഭദ്രാസനത്തിലെ മറ്റേതെങ്കിലും പള്ളിയിലോ താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഈ പള്ളികൾ ബാവകക്ഷി വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നതിനാൽ ഈ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടില്ല. മെത്രാൻ കക്ഷിക്കാരുടെ വൈദികരുടെ ട്രസ്റ്റിയായി ചുമതലയേറ്റ പാമ്പാക്കുടയിലെ മാണി പൗലോസ് പാലപ്പിള്ളിൽ അദ്ദേഹത്തെ പാമ്പാക്കുട പള്ളിയിലേക്ക് ക്ഷണിക്കുകയും താമസത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. അവിടെവെച്ച് പൗലോസ് 1ാമൻ തന്റെ വിയോഗ ദിവസം പ്രവചിച്ചു എന്ന് പറയപ്പെടുന്നു. പ്രദേശത്തെ ഒരു വലിയ വിഭാഗം വിശ്വാസികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പ്രാർത്ഥനകളുമായി അദ്ദേഹത്തോടൊപ്പം ആയിരിക്കുകയും ചെയ്തു. 1913 മെയ് 2ന് അന്തരിച്ച ബസേലിയോസ്‌ പൗലോസ് 1ാമനെ പിറ്റേന്ന് പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ അവർ സംസ്കരിച്ചു.

സ്വതന്ത്ര സഭയും പിളർപ്പും തുടർസംഭവങ്ങളും

[തിരുത്തുക]

കാതോലിക്കാ സ്ഥാനം തുടങ്ങിയതോടെ നിയമപരമായി അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ അധികാരം തള്ളിപ്പറയുകയോ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് പിളരുകയോ ചെയ്തില്ല എങ്കിലും പ്രയോഗികമായി ഈ സംഭവം മലങ്കര യാക്കോബായ സഭ പൂർണ്ണമായി പിളരുന്നതിനും പാത്രിയർക്കീസിന്റെ ആത്മീയ അധികാരം മെത്രാൻ കക്ഷിക്കാരുടെ ഇടയിൽ 'അപ്രത്യക്ഷമാകുന്ന ബിന്ദു'വിൽ എത്തുന്നതിനും കാരണമായി.[3][4]

അതേസമയം നൈയ്യാമിക അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് അബ്ദ്-അള്ളാഹ് 2ാമൻ ഈ കാതോലിക്കാ സ്ഥാപനവും സ്ഥാനാരോഹണവും അബ്ദുൽമസിഹ് 2ാമന്റെ ഇടപെടലുകളും അപ്പാടെ തള്ളിക്കളയുകയും പൗലോസ് പ്രഥമനെ അടക്കം സഭയിൽ നിന്ന് മുടക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് ചേർന്ന് നിർത്തലാക്കിയ മഫ്രിയോനോ കാതോലിക്കോസ് സ്ഥാനം പുനരുദ്ധരിക്കാനും അത് ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാനും പുറത്താക്കപ്പെട്ട പാത്രിയാർക്കീസായ അബ്ദുൽമസിഹ് 2ാമന് യാതൊരു അധികാരവുമില്ല എന്നും അങ്ങനെയൊരു നടപടി എടുക്കണമെങ്കിൽ യഥാർത്ഥ പാത്രിയാർക്കീസിനാൽ സുന്നഹദോസിന്റെ അനുമതിയോടെ മാത്രം ചെയ്യപ്പെടേണ്ടതാണെന്നും ബാവാ കക്ഷിക്കാർ നിലപാടെടുത്തു.[1]

പാത്രിയാർക്കീസിന്റെ ആത്മീയ ആധികാരത്തിന് കീഴിൽ തുടർന്നവർ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ അഥവാ യാക്കോബായ സഭ എന്നറിയപ്പെട്ടപ്പോൾ പുതിയ കാതോലിക്കാ സ്ഥാനത്തിന്റെ ആത്മീയ അധികാരത്തിന് കീഴിൽ പോയവർ മലങ്കര ഓർത്തഡോക്സ് സുറിയാനി എന്ന പേര് സ്വീകരിച്ചു. രണ്ട് സഭാവിഭാഗങ്ങളും തമ്മിൽ അധികാരത്തിനും സ്വത്തിനും യഥാർത്ഥ സഭ എന്ന നിലയിലുള്ള അംഗീകാരത്തിനും വേണ്ടി കലഹം രൂക്ഷമാവുകയും ദീർഘമായ കോടതി വ്യവഹാരങ്ങളിലേക്ക് തർക്കം നീങ്ങുകയും ചെയ്തു.[2]

ബസേലിയോസ് പൗലോസ് 1ാമന്റെ ഭരണം അദ്ദേഹത്തിന്റെ മരണംവരെയുള്ള ഏതാനം മാസങ്ങൾ മാത്രമാണ് നീണ്ടുനിന്നത്. ഇതിനുശേഷം മെത്രാൻ കക്ഷിക്കാർ പുതിയ കാതോലിക്കയെ വായിച്ചത് 1925ൽ മാത്രമാണ്. ബസേലിയോസ് ഗീവർഗീസ് പ്രഥമൻ ആയിരുന്നു ഈ രണ്ടാമത്തെ കാതോലിക്കാ. അദ്ദേഹത്തിനുശേഷം ബസേലിയോസ് ഗീവർഗീസ് 2ാമൻ കാതോലിക്കയായി ചുമതലയേറ്റു. 1934ൽ മെത്രാൻ കക്ഷി വിഭാഗം യോഗം ചേർന്ന് സഭാരണത്തിന് ഒരു ഭരണഘടന രൂപപ്പെടുത്തുകയും ചെയ്തു. മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായും ഒരാൾ തന്നെയായിരിക്കണം എന്ന തീരുമാനം ഈ യോഗത്തിൽ വച്ച് ഉണ്ടാവുകയും ഭരണഘടനയിൽ അപ്രകാരം എഴുതി ചേർക്കുകയും ചെയ്തു. തങ്ങളുടെ സഭയെ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ മേലദ്ധ്യക്ഷതയ്ക്ക് കീഴിലുള്ള ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെടുകയും പാത്രിയാർക്കീസിനെ നാമമാത്ര ആത്മീയ പരമാധ്യക്ഷനായും കാതോലിക്കായെ യഥാർത്ഥ അധികാരങ്ങളോടുകൂടിയ ആത്മീയ അധികാരിയായി നിർണ്ണയിക്കുകയും ചെയ്തു.[1]

1958ൽ ഇന്ത്യയുടെ സുപ്രീം കോടതി മെത്രാൻ കക്ഷിക്കാർക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അവരുടെ 1934ലെ ഭരണഘടന ഇരുവിഭാഗത്തിനും ബാധകമാക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് അക്കാലത്തെ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് 3ാമൻ കാതോലിക്കാ സ്ഥാപനം അംഗീകരിക്കാൻ തയ്യാറാവുകയും ബാവാ കക്ഷിക്കാരും മെത്രാൻ കക്ഷിക്കാരും ലയിക്കുകയും ചെയ്തു. 1964ൽ പുതിയ കാതോലിക്കയായി ബസേലിയോസ്‌ ഔഗേൻ പ്രഥമനെ തിരഞ്ഞെടുത്ത സുന്നഹദോസിന് പാത്രിയർക്കീസ് നേരിട്ടെത്തി അദ്ധ്യക്ഷം വഹിക്കുകയും സ്ഥാനോരോഹണം നടത്തുകയും ചെയ്തു. എന്നാൽ ആഭ്യന്തര പടലപ്പിണക്കങ്ങളും അടിസ്ഥാനപരമായ പരാമാധികാരത്തർക്കവും തുടർന്നു. തങ്ങളുടെ സഭ പാത്രിയർക്കീസിൽ നിന്ന് സ്വതന്ത്രമാണെന്നും സ്വയംശീർഷകമാണെന്നും മെത്രാൻ കക്ഷിക്കാർ വാദിച്ചു. ഇത് തള്ളിക്കൊണ്ട് പാത്രിയാർക്കീസിന് സഭയിൽ സമ്പൂർണ്ണ ഭരണാധികാരമുണ്ട് എന്ന് ബാവാ കക്ഷിക്കാരും നിലപാടെടുത്തു. ഇതോടെ 1974ൽ സഭ വീണ്ടും പിളർന്നു. പാത്രിയാർക്കീസ് യാക്കൂബ് 3ാമൻ ഔഗേൻ 1ാമനെ മുടക്കുകയും പകരം ബസേലിയോസ്‌ പൗലോസ് 2ാമനെ കാതോലിക്കയായി വാഴിക്കുകയും ചെയ്തു. മെത്രാൻ കക്ഷിക്കാർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്ന പേരിൽ ബസേലിയോസ്‌ ഔഗേൻ 1ാമന്റെ കീഴിൽ തുടർന്നപ്പോൾ ബാവാ കക്ഷിക്കാർ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന പേരിൽ ബസേലിയോസ്‌ പൗലോസ് 1ാമന്റെ കീഴിൽ സംഘടിച്ചു.[5][6]

പിന്തുടർച്ച

[തിരുത്തുക]
മതപരമായ ഔദ്യോഗിക ശീർഷകം
മുൻഗാമി
സ്ഥാപിതം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കോസ്
1912–1913
പിൻഗാമി

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 "History of Church Cases at a Glance, Litigation Among the Members of Syrian Christians in Malankara - An Overview, History of Church, Baselios Church Digital Library". Retrieved 2023-09-23.
  2. 2.0 2.1 Brock, Sebastian P. (2018). "Thomas Christians". In Beth Mardutho (ed.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. Retrieved 9 October 2022.
  3. Vadakkekara, p. 95.
  4. Tamcke, p. 214.
  5. Kira (2011).
  6. Varghese, Alexander P. (2008). The Jacobite Church in India. India: History, Religion, Vision and Contribution to the World (in ഇംഗ്ലീഷ്). Atlantic Publishers & Dist. p. 357-380. ISBN 978-81-269-0903-2.

അവലംബം

[തിരുത്തുക]