മലങ്കര സഭാതർക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ രണ്ട് സഭകളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിൽ നിലനിൽക്കുന്ന കേസുകളെയും തർക്കങ്ങളെയും അതിനു മുന്നോടിയായി മലങ്കര സഭയിൽ നടന്ന പിളർപ്പിനെയുമാണ് മലങ്കര സഭാതർക്കം എന്ന് വിളിക്കുന്നത്. 1958-ലും 1995-ലും ഉണ്ടായ വിധികൾ തർക്കത്തിന്റെ നിയമപരമായ ഭാഗത്തെ പര്യവസാനിപ്പിച്ചുവെങ്കിലും പ്രാദേശികമായി പള്ളികളുടെ ഭരണത്തെ സംബന്ധിച്ചുള്ള വിയോജിപ്പുകൾ പൂർണ്ണപരിഹാരത്തിനു തടസമായി നിൽക്കുന്നുണ്ട്. ഈ തർക്കങ്ങൾ പലപ്പോഴും ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുകയും സർക്കാർ, പോലീസ് ഇടപെടലുകൾ ആവശ്യമായി തീരുകയും ചെയ്യാറുണ്ട്[1].

ഒന്നാം പിളർപ്പ്[തിരുത്തുക]

1908-ൽ വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസിനെ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ മുടക്കിയതു മുതൽ ആരംഭിച്ച ഈ തർക്കം ഇന്നും നിലനിൽക്കുന്നു. ഈ തർക്കത്തിൽ പാത്രിയർക്കീസ് ബാവയെ അനുകൂലിച്ചവരെ ബാവാ കക്ഷി എന്നും വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് മെത്രാപ്പൊലീത്തയെ അനുകൂലിച്ചവരെ മെത്രാൻ കക്ഷി എന്നും വിളിച്ചു വന്നു. ഇവരിൽ ബാവ കക്ഷി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായും മെത്രാൻ കക്ഷി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായും പരിണമിച്ചു.

സമാധാന കാലഘട്ടം[തിരുത്തുക]

1958 മുതൽ സഭയിലെ ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരസ്വീകരണം നടക്കുകയും അതിന്റെ ഭാഗമായി യാക്കോബായ സഭയും ചേർന്ന് 1964-ൽ അന്നത്തെ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് യാക്കൂബ് തൃതിയൻ ബാവയാൽ വാഴിക്കപ്പെട്ട കാതോലിക്കയെ സ്വീകരിക്കുകയും ചെയ്തു. കണ്ടനാട് ഭദ്രാസനത്തിന്റെ മോർ തീമോത്തിയോസ് ഔഗേൻ മെത്രാപ്പൊലീത്തയായിരുന്നു ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം പിളർപ്പ്[തിരുത്തുക]

1975-ൽ തർക്കം വീണ്ടും മൂർച്ഛിക്കുകയും നിലവിൽ ഉണ്ടായിരുന്ന കാതോലിക്കയ്ക്ക് പകരം യാക്കോബായ വിഭാഗം പുതിയ കാതോലിക്കയെ തെരഞ്ഞെടുക്കുകയും ചെയ്തു. കണ്ടനാട് ഭദ്രാസനത്തിനെ പൌലോസ് മോർ ഫീലക്സീനോസ് മെത്രാപ്പൊലീത്തയായിരുന്നു ഈ സ്ഥാനത്തേക്ക് പാത്രിയർക്കീസിനാൽ വാഴിക്കപ്പെട്ടത്.

അതേ സമയം പിളർപ്പിനു മുൻപ് കാതോലിക്കയായിരുന്നു ഔഗേൻ ഒന്നാമൻ ഈ മുടക്ക് അംഗീകരിക്കാവുന്നതല്ലെന്ന് വാദിക്കുകയും ഓർത്തഡോക്സ് വിഭാഗത്തിന്റെ കാതോലിക്കയായി തുടരുകയും ചെയ്തു. അങ്ങനെ വീണ്ടും സഭയിൽ പിളർപ്പ് സംഭവിക്കുകയും ഒപ്പം തന്നെ രണ്ട് കാതോലിക്കമാരുടെ പരമ്പര മലങ്കര സഭയിൽ ഉടലെടുക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലങ്കര_സഭാതർക്കം&oldid=2869778" എന്ന താളിൽനിന്ന് ശേഖരിച്ചത്