പി.ടി. ചാക്കോ (സാഹിത്യകാരൻ)
പ്രൊഫ. പി.ടി. ചാക്കോ | |
---|---|
![]() പ്രൊഫ. പി.ടി. ചാക്കോ | |
ജനനം | |
മരണം | പാലാരിവട്ടം, എറണാകുളം 4 ജൂലൈ 2013 (പ്രായം 90) |
ദേശീയത | ![]() |
തൊഴിൽ | അദ്ധ്യാപകൻ, എഴുത്തുകാരൻ |
അറിയപ്പെടുന്ന കൃതി | ആധുനിക യൂറോപ്യൻ ചിന്തകന്മാർ, മനുഷ്യന്റെ വിദ്യാഭ്യാസം, സാത്താനും അവന്റെ ആഡംബരങ്ങളും |
പ്രമുഖ ദൈവ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു പ്രൊഫ. പി.ടി. ചാക്കോ (28 ജൂൺ 1923 - 04 ജൂലൈ 2013). കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്[1] . തത്ത്വശാസ്ത്രം, ക്രൈസ്തവ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആത്മീയതയെയും തത്ത്വചിന്തയെയും സമന്വയിപ്പിച്ചുള്ള രചനാ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.
ജീവിതരേഖ[തിരുത്തുക]
ഇടുക്കി ജില്ലയിലെ തൊടുപുഴ കാളിയാറിൽ തെന്നത്തൂർ കല്ലറയ്ക്കൽ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മകനാണ്. ചങ്ങനാശേരി എസ്ബി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്, തൃശ്ശിനാപ്പിള്ളി സെന്റ് ജോസഫ് കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിഎ ഓണേഴ്സ്, ഭഗൽപുർ സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ എംഎ, ബെൽജിയം ലുവൈൻ സർവകലാശാലയിൽനിന്ന് ബി.ഫിൽ, എൽഎസ്എസ്പി ബിരുദങ്ങൾ എന്നിവ നേടി. ബൽജിയത്തിലെ ലുവൈൻ സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും പിന്നീട് ദൈവശാസ്ത്രത്തിലും ഉന്നതബിരുദം നേടി. 1956-ൽ ലുവൈനിൽ പഠിക്കുമ്പോൾ വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടു. പാരീസിലെ കത്തോലിക്കാ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രം പഠിച്ചു.[2]
ഗ്രീക്ക്, ലത്തീൻ, ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, റഷ്യൻ, ഹീബ്രു തുടങ്ങി വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ്, തൊടുപുഴ ന്യൂമാൻ, മൂവാറ്റുപുഴ നിർമ്മല കോളേജുകൾ, ഏൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂൾ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.[3]
സീറോ മലബാർ സഭയിലെ ആരാധനാക്രമ നവീകരണം വിവാദമായപ്പോൾ ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി എന്ന പേരിൽ രൂപംകൊണ്ട സംഘടനയുടെ അധ്യക്ഷനായി പ്രവർത്തിച്ചു.[4] ദൈവശാസ്ത്രവും തത്ത്വശാസ്ത്രവും നവീകരിക്കപ്പെടണമെന്ന് വാദിച്ചിരുന്നു. കേരള തിയോളജിക്കൽ ഫോറം, കേരള ദാർശനിക സമിതി തുടങ്ങിയവയുടെ സ്ഥാപകാംഗമാണ്.[5]
ഹൃദയാഘാതത്തെത്തുടർന്ന് 2013 ജൂലൈ 4നു എറണാകുളത്ത് വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.
നിലപാടുകൾ[തിരുത്തുക]
പുരോഹിതന്മാരുടെ മേഖലകളായി കരുതപ്പെട്ടിരുന്ന ദർശനവും ദൈവശാസ്ത്രവും പഠിക്കാൻ അൽമായനായ താൻ തുനിഞ്ഞത് ഏതെങ്കിലും സെമിനാരിയിലെ ജോലി പ്രതീക്ഷിച്ചല്ലായിരുന്നെന്നും തന്റെ ആത്മീയ-കുടുംബപശ്ചാത്തലങ്ങൾ ആ വിഷയങ്ങളിൽ ആഴത്തിൽ പഠനം നടത്താനുള്ള താത്പര്യം സൃഷ്ടിച്ചതു കൊണ്ടായിരുന്നെന്നും ചാക്കോ പറഞ്ഞിട്ടുണ്ട്. സാഹിത്യദർശനവും സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കൃതികളിൽ ഏറെയും. ക്രൈസ്തവവിശ്വാസവും സാഹിത്യവുമായി അടുത്തു ബന്ധം പുലർത്തേണ്ടതിന്റെ ആവശ്യകതയിൽ അദ്ദേഹം വിശ്വസിച്ചിരുന്നു. സാഹിത്യസാംസ്കാരിക മേഖലകളിൽ കേരളക്രൈസ്തവർ പിന്നാക്കമാകുന്നുവെന്ന ചിന്ത അദ്ദേഹത്തെ ദുഃഖിതനാക്കിയിരുന്നു. "സഭയിലെ പല തെറ്റായ പ്രവണതകളെയും ന്യായവും വ്യക്തവുമായ കാര്യകാരണങ്ങൾ നിരത്തി വിമർശിക്കുന്ന വൈജ്ഞാനികനും ദാർശികനും" എന്ന്, മലയാളത്തിലെ പ്രമുഖകത്തോലിക്കാ വാരികയായ സത്യദീപത്തിന്റെ പത്രാധിപർ, കുര്യാക്കോസ് മുണ്ടാടൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.[6] യുക്തിയെ മൊഴിചൊല്ലിയുള്ള, കേവലം വൈകാരികമായ സുവിശേഷപ്രസംഗങ്ങളേയും ധ്യാനങ്ങളേയും എതിർത്തിരുന്ന അദ്ദേഹം, പൗരോഹിത്യത്തിന്റെ ലോകവ്യഗ്രതയുടേയും വിമർശകനായിരുന്നു. "സുവിശേഷം പ്രസംഗിക്കേണ്ടവർ കെട്ടിടം പണിക്കു മേൽനോട്ടം വഹിച്ചാൽ അതിലെന്ത് ആത്മീയത" എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.[7]
സഭാനേതൃത്വത്തിന്റെ വിമർശകനായിരുന്നെങ്കിലും വിമർശനങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ ചാക്കോ തുനിഞ്ഞില്ല. അവ സഭാവേദികളിൽ മാത്രം അവതരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.[5]
കൃതികൾ[തിരുത്തുക]
- വിജ്ഞാനവും വീക്ഷണവും[8]
- ആധുനിക യൂറോപ്യൻ ചിന്തകന്മാർ
- മനുഷ്യന്റെ വിദ്യാഭ്യാസം
- സാഹിത്യ തത്ത്വം:അപഗ്രഥനങ്ങൾ, ആഭിമുഖ്യങ്ങൾ
- ആത്മാവും ശരീരവും
- മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ
- സൗന്ദര്യദർശനം
- കവിതയുടെ സാരം
- സയൻസും തിയോളജിയും
- മതവും പുരോഗതിയും
- മനുഷ്യനും മരണവും
- സാത്താനും അവന്റെ ആഡംബരങ്ങളും
- സാഹിത്യം ക്രിസ്തീയമാകുന്നതെങ്ങനെ
- ക്രിസ്തുവിൽ പുതിയ ജീവിതം
- ദൈവപുത്രനായ ക്രിസ്തു
- അധഃപതനത്തിന് ഒരു മുഖവുര
- വിമോചനവും വിശ്വാസവും
- യേശു ഏക രക്ഷകൻ
- പുരോഗതിയും വിലങ്ങുതടിയും
പുരസ്കാരങ്ങൾ[തിരുത്തുക]
- സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം[9]
- കെ.സി.ബി.സി പുരസ്കാരം
- മാർ ജോസഫ് കുണ്ടുകുളം പുരസ്കാരം
നുറുങ്ങുകൾ[തിരുത്തുക]
വലിയൊരു ഗ്രന്ഥശേഖരത്തിന്റെ ഉടമയായിരുന്നു ചാക്കോ. 1956-ൽ ബെൽജിയത്തിലെ ലുവൈനിൽ വിദ്യാർത്ഥിയായിരിക്കെ വാഹനാപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട അദ്ദേഹം തനിക്കു നഷ്ടപരിഹാരമായി കിട്ടിയ വൻതുകയത്രയും പുസ്തകങ്ങൾ വാങ്ങാൻ ചിലവഴിച്ചു.[5]
അവലംബം[തിരുത്തുക]
- ↑ "മെട്രോവാർത്ത". മൂലതാളിൽ നിന്നും 2012-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-05.
- ↑ "പ്രൊഫ. പി ടി ചാക്കോ നിര്യാതനായി". ദേശാഭിമാനി. 2013 ജൂലൈ 5. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 5. Check date values in:
|accessdate=
and|date=
(help) - ↑ "ദീപിക ഗ്ലോബൽ.കോം". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-05.
- ↑ ചാക്കോ കളരിക്കൽ രചിച്ച "സഭാനവീകരണത്തിലേക്ക് ഒരു വഴി" എന്ന കൃതി - ഏഴാം അദ്ധ്യായം
- ↑ 5.0 5.1 5.2 "വിടവാങ്ങിയത് ചിന്തകനും വിമർശകനുമായ സഭാസ്നേഹി". മാതൃഭൂമി. 2013 ജൂലൈ 5. ശേഖരിച്ചത് 2013 ജൂലൈ 5. Check date values in:
|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "സഭയെ കരുതലോടെ സ്നേഹിച്ച അൽമായസ്നേഹിതൻ": കുരിയാക്കോസ് മുണ്ടാടൻ - 2013 ജൂലൈ 18-ലെ സത്യദീപത്തിൽ പ്രസിദ്ധീകരിച്ച ലേഖനം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വിശ്വാസം ദർശനമാക്കിയ ലുവെയ്ൻ ചാക്കോ", 2013 ജൂലൈ 5-ലെ ദീപിക ദിനപത്രത്തിൽ, കത്തോലിക്കാവാരികയായ സത്യദീപത്തിന്റെ മുൻ എഡിറ്റർ പോൾ തേലേക്കാട്ട് എഴുതിയ ലേഖനം.
- ↑ കാർമൽ പബ്ലിക്കേഷൻസ്
- ↑ "പുണ്യഭൂമി ദിനപത്രം". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-05.