നാർസിസസ് (ഐതിഹ്യം)
ഗ്രീക്ക് പുരാണത്തിൽ നാർസിസ്സസ് ഥെസ്പിയയിൽ നിന്നുള്ള, അതിസുന്ദരനായ ഒരു നായാട്ടുകാരനാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു പണ്ഡിതൻ ജോൺ റ്റ്സെറ്റ്സിന്റെ അഭിപ്രായപ്രകാരം, മനോഹരമായ എല്ലാറ്റിനേയും സ്നേഹിച്ച ലാക്കോണിയക്കാരനായിരുന്ന വേട്ടക്കാരൻ ആയിരുന്നു നാർസിസ്സസ്.[1] നാർസിസ്സസ് തൻറെ സൗന്ദര്യത്തെക്കുറിച്ച് ബോധവാനായിരുന്നു, അതിൽ അഹങ്കരിക്കുകയും ചെയ്തു. അതിനാൽ തന്നെ സ്നേഹിക്കുന്നവരോട് അവന് പുച്ഛമായിരുന്നു. നാർസിസസിനോട് തങ്ങൾക്കുള്ള ആരാധന തെളിയിക്കാൻ ചെലർ സ്വന്തം ജീവൻ ബലികഴിക്കുന്നത് വരെ എത്തിയിരുന്നു കാര്യങ്ങൾ. ഒരു വ്യക്തിക്ക് തന്നോടുതന്നെ മതിപ്പും ആരാധനയും ഉണ്ടാകുന്ന അവസ്ഥക്കുള്ള പേരായ നാർസിസിസം എന്ന പദത്തിൻറെ ഉത്ഭവം നാർസിസസ് എന്ന ഈ കഥാപാത്രത്തിൽ നിന്നാണ്.[2] [3],[4]
പദോൽപ്പത്തി
[തിരുത്തുക]ആർഎസ്‌പി ബീക്കസ് പറയുന്നതനുസരിച്ച്,[5] നാർസിസസ് എന്ന പദം ഡാഫോഡിൽ പൂക്കളെ കുറിക്കുന്നതിനായി ഉപയോഗിച്ചുവരുന്നു. പക്ഷേ , ഈ പുഷ്പത്തിൻറെ പേരിൽ കഥയുണ്ടായതോ അതോ കഥയിൽ നിന്ന് പൂവിനു പേരു വീണതോ അഥവാ ഇവക്കു രണ്ടിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതിനെക്കുറിച്ചൊന്നും വ്യക്തതയില്ല. ക്രിസ്ത്വാബ്ദം ഒന്നാം ശതകത്തിൽ ജീവിച്ചിരുന്ന റോമൻ പണ്ഡിതൻ പ്ലിനിയുടെ അഭിപ്രായത്തിൽ നാർസിസസ് പൂക്കൾക്ക് ആ പേരു കിട്ടിയത് അവയുടെ മത്തു പിടിപ്പിക്കുന്ന മണം കാരണമാണെന്നും നാർസിസസ് എന്ന കഥാപാത്രവുമായി ബന്ധമില്ലെന്നുമാണ്. ഗ്രീക്കുഭാഷയിൽ നാർക്കിസസ് എന്നാണ് പൂക്കളുടെ പേര്[6]. നാർകെ എന്ന പദത്തിന് മരവിപ്പ് എന്നാണ് അർഥമെങ്കിലും ആധുനിക പാശ്ചാത്യഭാഷകളിൽ ലഹരിമരുന്നിനു പൊതുവായി ഉപയോഗിക്കുന്ന വിശേഷണപദമാണ് നാർകോ[7] .
കുടുംബം
[തിരുത്തുക]നാർസിസ്സസ് നദി ദേവനായ സെഫിസ്സസിന്റെയും വനദേവത ലിറിയോപ്പിന്റെയും മകനായിരുന്നു എന്ന് ചില കഥകളിൽ പറയുന്നു .[8] എന്നാൽ മററു ചിലവയിൽ ചന്ദ്രദേവതയായ സെലീന്റെയും അവളുടെ കാമുകൻ എൻഡിമിയോണിന്റെയും മകനായിട്ടാണ് വിവരിക്കുന്നത്.[9]
പുരാണം
[തിരുത്തുക]ഗ്രീക്കു പുരാണത്തിന്റെ നിരവധി പതിപ്പുകളിൽ നാർസിസസിന്റെ കഥ വിവിധ രീതികളിൽ നിലനിൽക്കുന്നു. നാർസിസസിന്റെ കഥ പറയുന്ന ക്ലാസിക് പതിപ്പ് ഓവിഡിന്റെതാണ്. അദ്ദേഹത്തിന്റെ എ.ഡി 8 ൽ പൂർത്തിയാക്കിയ മെറ്റമോർഫോസസിന്റെ 3-ാം പുസ്തകത്തിൽ എക്കോയുടെയും നാർസിസസിന്റെയും കഥ പറയുന്നുണ്ട്. അത് ഇങ്ങിനെ വായിക്കാം:-
"ഒരു ദിവസം നാർസിസസ് കാട്ടിൽ നടക്കുമ്പോൾ എക്കോ എന്ന പർവത ദേവത നാർസിസസിനെ കണ്ടു, അവനുമായി അഗാധമായി പ്രണയത്തിലായി. അവൾ സദാ അവനെ അനുഗമിച്ചു. ആരോ ഒരാൾ തന്നെ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയ നാർസിസസ് "ആരാണ് അവിടെ?" എന്ന് ചോദിച്ചു. എക്കോ ആ ശബ്ദം ആവർത്തിച്ചു "ആരാണ് അവിടെ?" ഇത് കുറേ തവണ ആവർത്തിക്കപ്പെട്ടു, ഒടുവിൽ അവൾ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയും അവനെ ആലിംഗനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. നാർസിസസ് ഒഴിഞ്ഞുമാറുകയും തൻറെ പുറകെ വരരുതെന്ന് നിർദ്ദയം ആജ്ഞാപിക്കയും ചെയ്തു. ദുഃഖാർത്തയായ എക്കോ ജീവിതകാലം മുഴുവൻ ഏകാന്തമായ ആ താഴ്വരയിൽ ജീവിച്ചു. അഫ്രോഡൈറ്റിയുടെ വംശത്തിൽ പെട്ട പ്രതികാര ദേവത, നെമെസിസ് [10] ഇക്കാര്യം അറിഞ്ഞപ്പോൾ രോഷാകുലയാവുകയും നാർസിസസിനെ ശിക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു.
അങ്ങിനെ ഒരിക്കൽ, വേനൽക്കാലത്ത്, വേട്ടയാടലിനുശേഷം നാർസിസസിന് ദാഹം അനുഭവപ്പെട്ടു, നെമെസിസ് അവനെ ഒരു കുളത്തിലേക്ക് ആകർഷിച്ചു, വെള്ളം കോരി ക്കുടിക്കാനായി തടാകത്തിലേക്ക് ചാഞ്ഞ നാർസിസസ് , അതിസുന്ദരനായ യുവാവിൻറെ പ്രതിച്ഛായയാണ് ജലനിരപ്പിൽ കണ്ടത്. അത് തന്റെ സ്വന്തം പ്രതിച്ഛായയാണെന്ന് ആദ്യം അയാൾ തിരിച്ചറിഞ്ഞില്ല, മാത്രമല്ല മറ്റാരെയും പോലെ ആ രൂപലാവണ്യത്തിൽ അനുരക്തനാവുകയും ചെയ്തു. ഒടുവിൽ സത്യവസ്ഥ മനസ്സിലായിട്ടും സ്വന്തം പ്രതിച്ഛായയോട് തോന്നിയ മോഹം ഉപേക്ഷിക്കാൻ കഴിയാതെ, ആ പ്രണയം ഒരുകാലത്തും സഫലമാകില്ലെന്നു മനസിലാക്കി, അയാൾ തന്റെ ഉള്ളിൽ കത്തുന്ന അഭിനിവേശത്തിന്റെ അഗ്നിയിൽ സ്വയം ഉരുകുകയും ഒടുവിൽ മഞ്ഞയും വെള്ളയും നിറങ്ങളുള്ള പുഷ്പമായി മാറുകയും ചെയ്തു."[11] [12]
എന്നാൽ മറ്റു ചില കഥകളിൽ നാർസിസ്സസ് ആത്മഹത്യ ചെയ്തതായിട്ടാണ് ആഖ്യാനം. വേറൊന്നിൽ നാർസിസ്സസ് അനുരക്തനാവുന്നത് തൻറെ ഇരട്ടപെറ്റ സഹോദരിയിലാണ്. എല്ലാ കഥകളിലും മരണാനന്തരം ശരീരം നാർസിസ്സസ് പൂവായി പരിണമിക്കുകയാണ് ചെയ്യുന്നത്.
മനശാസ്ത്രം
[തിരുത്തുക]1898-ൽ ഹാവ്‌ലോക്ക് എല്ലിസ് എന്ന ഇംഗ്ലീഷ് ലൈംഗിക ശാസ്ത്രജ്ഞൻ അമിതമായ സ്വയംഭോഗത്തെ സൂചിപ്പിക്കുന്നതിനായി "narcissus-like" എന്ന പദം ഉപയോഗിച്ചു, ഒരു വ്യക്തി സ്വയമേവ സ്വന്തം ലൈംഗിക വസ്‌തുവായി മാറുന്ന അവസ്ഥാന്തരമാണിത്. [13]
1899-ൽ, ലൈംഗിക വികലതകളെക്കുറിച്ചുള്ള പഠനത്തിൽ "നാർസിസിസം" എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാണ് പോൾ നക്ക്.
ഓട്ടോ റാങ്ക്, 1911 ൽ, നാർസിസിസത്തെക്കുറിച്ച് ആദ്യത്തെ മനശാസ്ത്രപരമായ പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിൽ പൊങ്ങച്ചത്തേയും ആത്മ പ്രശംസയേയും "നാർസിസിസം" എന്ന പദവുമായി ബന്ധിപ്പിച്ചു. [13]
സിഗ്മണ്ട് ഫ്രോയിഡ് 1914-ൽ നാർസിസിസത്തെ മുഖ്യ പ്രമേയമാക്കി "നാർസിസിസം: ഒരു ആമുഖം" എന്ന ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.[4], [14]
വ്യക്തിത്വ വൈകല്യങ്ങളിലൊന്നിനെ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന് വിളിക്കുന്നു.
സംസ്കാരത്തിലെ സ്വാധീനങ്ങൾ
[തിരുത്തുക]റോമൻ കവി ഓവിഡ് തന്റെ മെറ്റമോർഫോസസിന്റെ മൂന്നാമത്തെ പുസ്തകത്തിൽ നാർസിസിസം അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ നാർസിസസിന്റെ പുരാണം കലാകാരന്മാരെ രണ്ടായിരം വർഷമെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ട്. ഇതിനെ സമീപകാല നൂറ്റാണ്ടുകളിൽ മറ്റ് കവികൾ പിന്തുടർന്നു (ഉദാ കീറ്റ്സ്, ആൽഫ്രഡ് എഡ്വേർഡ് ഹൗസ്മാൻ ), ചിത്രകാരന്മാർ ( കാരവാജിയോ, പൗസിൻ, ടർണർ, ഡാലി വാട്ടർഹൗസ് ).
സാഹിത്യം
[തിരുത്തുക]സ്റ്റെൻഹാളിന്റെ ലുറൂഷ് എനുവാ (Le rouge et le noir, ചുവപ്പും കറുപ്പും ) (1830) എന്ന നോവലിൽ മാത്തിൽഡെയുടെ കഥാപാത്രത്തിന് തികഞ്ഞ നാർസിസിസ്റ്റ് ലക്ഷണങ്ങൾ ഉണ്ട് [15]. കോരസോഫ് രാജകുമാരൻ, കഥാനായകനായ ജൂലിയൻ സോറലിനോട് അയാളുടെ പ്രിയതമയെപ്പറ്റി പറയുന്നു:
നിങ്ങളെ നോക്കുന്നതിനുപകരം അവൾ സ്വയം നോക്കുന്നു, അതിനാൽ അവൾക്ക് നിങ്ങളെ അറിയുകയേയില്ല.
രണ്ടോ മൂന്നോ അവസരങ്ങളിൽ അവൾക്ക് നിങ്ങളോട് ചെറിയൊരു താല്പര്യം തോന്നാനിടവന്നിരിക്കാം. പക്ഷെ സ്വന്തം ഭാവനാലോകത്ത് അവൾ നിങ്ങളെ നിങ്ങളായല്ല കാണുന്നത് മറിച്ച് സ്വന്തം സ്വപ്നങ്ങളുടെ നായകനെയാണ് കാണുന്നത്.(പേജ് 401, 1953 പെൻഗ്വിൻ പതിപ്പ്, ട്രാൻസ്. മാർഗരറ്റ് ആർബി ഷാ).
ആൻഡ്രെ സീഡ് എഴുതിയ നാർസിസസിനെ കുറിച്ച് ഒരു പഠനം എന്ന പുസ്തകം (Le Traité du Narcisse('The Treatise of the Narcissus', 1891) വിക്റ്റോറിയൻ ഇംഗ്ലീഷു സമൂഹത്തെ ഏറെ സ്വാധീനിച്ചതായി പറയപ്പെടുന്നു.[16] ഓസ്കാർ വൈൽഡിൻറെ പ്രശസ്ത നോവൽ ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേയിലും ഈ പുരാണകഥാപാത്രത്തിൻറെ സ്വാധീനം കാണാമെന്നാണ് പൊതു അഭിപ്രായം.
സിനിമയിലും ടെലിവിഷനിലും
[തിരുത്തുക]ബോർഡ്‌വാക്ക് സാമ്രാജ്യം എന്ന ടിവി പരമ്പരയിൽ, ഡോ. നാർസിസ് (വാലന്റൈൻ നാർസിസ്) ഒരു ബുദ്ധിജീവിയായി അവതരിപ്പിക്കപ്പെടുന്നു[17].
സ്കോട്ടിഷ്-കനേഡിയൻ ആനിമേറ്റർ നോർമൻ മക്ലാറൻ നർസിസസിന്റെ പേരുള്ള ഒരു ഹ്രസ്വചിത്രം ബാലെ രൂപത്തിൽ പൂർത്തിയാക്കി[18].
ഡിസ്നി നിർമിച്ച ഹെർകുലീസ് എന്ന ചിത്രത്തിൽ നാർസിസസ് ഊതവർണമുള്ള ഒളിമ്പ്യൻ ദേവനായി പ്രത്യക്ഷപ്പെടുന്നു.
നാസർ ഖെമിർ സംവിധാനം ചെയ്ത ബാബ് അസീസ് എന്ന സിനിമയിലെ രാജകുമാരന് നാർസിസസിനെ പോലുള്ള സ്വഭാവവിശേഷങ്ങളുണ്ട്. , ദിവസങ്ങളോളം കുളക്കരയിലിരുന്ന് സ്വന്തം പ്രതിച്ഛായയിൽ ആത്മാവിനെത്തേടിയ രാജകുമാരൻ' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത് [19].
ജെയിംസ് ബിഡ്ഗുഡിന്റെ പിങ്ക് നാർസിസസ് സ്വർഗാനുരാഗത്തെ പ്രമേയമാക്കിയുള്ള പടമാണ്.[20]
1979 ലെ റിഡ്‌ലി സ്കോട്ട് സംവിധാനം ചെയ്ത ഏലിയൻ എന്ന സിനിമയിൽ ഓഫീസർ റിപ്ലി രക്ഷപ്പെടാനുപയോഗിക്കുന്ന ബോട്ടിൻറെ പേര് നാർസിസസ് എന്നാണ്.
1940 ൽ പുറത്തിറങ്ങിയ സാപ്സ് അറ്റ് സീ എന്ന സിനിമയിലെ ലോറലിന്റെയും ഹാർഡിയുടെയും ആടിന്റെ പേരാണ് നാർസിസസ്.
നിക്കോളാസ് വിൻഡിംഗ് റെഫന്റെ 2016 ലെ സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ദി നിയോൺ ഡെമോൺ നാർസിസസിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്[21].
2018-ൽ പുറത്തിറങ്ങിയ ടോഡോം നോ കിസ് (മരണചുംബനം) എന്ന ജാപ്പനീസ് ടി.വി പരമ്പരയിലെ നിശാ ക്ലബിന്റെ പേരാണ് നാർസിസസ്. പ്രധാന കഥാപാത്രമായ ഒറ്റാരോ ഡോജിമ ( കെന്റോ യമസാക്കി ) അവിടെ എട്ട് എന്ന അപരനാമത്തിൽ ആതിഥേയനായി പ്രവർത്തിക്കുന്നു, നാർസിസസിനെപ്പോലെ, ഡോജിമയും ആത്മാനുരാഗിയാണ്, മറ്റുള്ളവരുടെ വികാരങ്ങളെ അയാൾ അവഗണിക്കുന്നു; സ്ത്രീകളെ പണത്തിനും അധികാരത്തിനും ഉപയോഗിക്കുന്നു.
സംഗീതം
[തിരുത്തുക]നാഷണൽ മെഡൽ ഓഫ് ആർട്സ് നേടിയ മോർട്ടൻ ലോറിഡ്‌സെൻ റെയ്‌നർ മരിയ റിൽകെയുടെ കവിതയെ അടിസ്ഥാനമാക്കി "ഡിറൈറ്റ്-ഓൺ" എന്ന പേരിൽ ഒരു ഗാനം രചിച്ചു.
അമേരിക്കൻ സംഗീതജ്ഞൻ എഥെൽബർട്ട് നെവിൻ രചിച്ച "Water Scenes (ജലദൃശ്യങ്ങൾ)" എന്ന സംഗീതശില്പത്തിലെ ഒരു ജനപ്രിയ രചനയാണ് "നാർസിസസ്"[22] .
ജെനസിസ് എന്ന സംഗീതസംഘം രചിച്ച മതപരവും പുരാണവുമായ ബിംബകല്പനകൾ ഉൾക്കൊള്ളുന്ന 23 മിനിറ്റോളം വരുന്ന " സപ്പർസ് റെഡി ", എന്ന സംഗീതശില്പത്തിലെ ഒരു ഭാഗമാണ് "ഹൗ ഡെയർ ഐ ബീ ബ്യൂട്ടിഫുൾ?( സുന്ദരനായിരിക്കാൻ എനിക്കെന്തു സാഹസം)". ഇതിൽ നാർസിസസിന്റെ ഐതിഹ്യം പരാമർശിക്കപ്പെടുന്നു. നിശ്ചലനായി തടാകത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു ബാലൻ ഒരു പുഷ്പമായി മാറുന്നതിന് മറ്റുള്ളവർ സാക്ഷ്യം വഹിക്കുന്നതായിട്ടാണ് വിവരിക്കുന്നത്[23]. .
പ്രോഗ്രസ്സീവ് മെറ്റൽ ബാൻഡ് ത്രെഷോൾഡ്, 11 മിനിറ്റ് ദൈർഘ്യമുള്ള "നാർസിസസ്" എന്ന രചന ഉപയോഗിച്ച് ഹൈപ്പോഥെറ്റിക്കൽ ആൽബം ഉപസംഹരിച്ചു. ഗ്രീക്ക് മെറ്റൽ ബാൻഡ് സെപ്റ്റിക് ഫ്ലെഷ് അവരുടെ കമ്യൂണിയൻ എന്ന ആൽബത്തിൽ "നാർസിസസ്" എന്ന പേരിൽത്തന്നെ ഒരു ഗാനം റെക്കോർഡുചെയ്‌തു.
സെറിബ്രൽ റോക്ക് ബാൻഡ് "ഗ്ലാസ് വേവ്" അവരുടെ സ്വയം ശീർഷക ആൽബമായ "ഗ്ലാസ് വേവ്" (2010) ൽ "എക്കോ" എന്ന ഗാനം ഉൾപെടുത്തിയിട്ടുണ്ട്. ഇതിൽ വനദേവത എക്കോയുടെ വീക്ഷണകോണിൽ നിന്ന് നാർസിസസ് കഥ വിവരിക്കുന്നു.
റോക്ക് സംഗീതസംഘമായ ദി ലൈക്ക് , "നാർസിസസ് ഇൻ എ റെഡ് ഡ്രസ്" എന്ന ഗാനം ദി ലൈക്ക് ഇപിയിലും(The Like EP) റിലീസ് മിയിലും(Release Me) ഉൾപെടുത്തി . കനേഡിയൻ ബാൻഡ് ഹെഡ്‌ലി, നാർസിസസിനെക്കുറിച്ച് അതേ പേരിൽത്തന്നെ ഒരു ഗാനം എഴുതിയിട്ടുണ്ട്. അതിലെ ഒരു വരി ഇപ്രകാരമാണ് കണ്ണാടിയിലെ തന്റെ പ്രതിച്ഛായയുമായി അവൻ പ്രണയത്തിലാകുന്നു / അതിൽ നിന്ന് അവന് മോചനമില്ല
വിഷ്വൽ ആർട്ട്
[തിരുത്തുക]കാരവാജിയോ, പൌസിൻ, ടർണർ, ദാലി എന്നിങ്ങനെ പല ചിത്രകരന്മാരുടേയും രചനാ വിഷയമായിട്ടുണ്ട് നാർസിസ്സസ്.
-
എക്കോ ആൻഡ് നാർസിസസ്, ജോൺ വില്യം വാട്ടർഹ house സ്
-
ലിറിയോപ്പ് നാർസിസസിനെ ടൈർസിയാസിന് മുമ്പായി കൊണ്ടുവരുന്നു, ജിയൂലിയോ കാർപിയോണി
-
എക്കോയും നാർസിസ്സസും, ലൂയിസ്-ജീൻ-ഫ്രാങ്കോയിസ് ലഗ്രെനി
-
നാർസിസസ് അറ്റ് ദി സ്പ്രിംഗ്, ജാൻ റൂസ്
പോൾ ഡുബോയിസ്, ജോൺ ഗിബ്സൺ, ഹെൻറി-ലിയോൺ ഗ്രുബർ, ബെൻവെനുട്ടോ സെല്ലിനി, ഹുബർട്ട് നെറ്റ്സർ തുടങ്ങിയ ശിൽപികൾ നാർസിസസിനെ ശിൽപ്പവത്കരിച്ചിരിക്കുന്നു. [24]
-
നാർസിസ്, പോൾ ഡുബോയിസ്
-
നാർസിസസ്, ജോൺ ഗിബ്സൺ
-
നാർസിസ്, ഹുബർട്ട് നെറ്റ്സർ
-
നാർസിസസ്, ഒരുപക്ഷേ വലേറിയോ സിയോളി
-
നാർസിസ്, ഹെൻറി-ലിയോൺ ഗ്രുബർ
-
നാർസിസ്, ബെൻവെനുട്ടോ സെല്ലിനി
ഇതും കാണുക
[തിരുത്തുക]- പിഗ്മാലിയൻ (പുരാണം)
- എഗോസെൻട്രിസം
പരാമർശങ്ങൾ
[തിരുത്തുക]- ↑ John Tzetzes. Chiliades, 1.9 line 234
- ↑ "Narcissism". Merriam-Webster Dictionary. Retrieved 2020-07-01.
- ↑ Rhodewalt, Frederick (2007). "Narcissism". Encyclopædia Britannica. Retrieved 2020-07-01.
- ↑ 4.0 4.1 Freud, Sigmund (2014) [1914]. On Narcissism:An introduction. White Press : Kindle edition.
- ↑ R. S. P. Beekes, Etymological Dictionary of Greek, Brill, 2009, p. 997.
- ↑ "Narcissus". merriam-webster.com. Merriam-Webster. Retrieved 2020-08-08.
- ↑ "Narco". Narcos|. Merrim-Webter. Retrieved 2020-08-08.
- ↑ "The myth of Narcissus".
- ↑ Nonnus, Dionysiaca 48.581 ff.
- ↑ "Aprodite Wrath: Narcissus".
- ↑ "The myth of Narcissus".
- ↑ John Tzetzes. Chiliades, 1.9 line 235-238
- ↑ 13.0 13.1 Millon, Theodore, Personality Disorders in Modern Life, 2004
- ↑ Freud, Sigmund, On Narcissism: An Introduction, 1914
- ↑ Stendhal (1913). "The Red and the Black". archiv.org. Kegan Paul, Trench Trubner &Co Ltd. Retrieved 2020-08-10.
- ↑ Gide, Andre (1978). Le traite du Narcisse-Theorie du Symbole. Editions de l'Université d'Ottawa. ISBN 9780776642406.
- ↑ "Boardwalk Empire". hbo. com. hbo.com. Retrieved 2020-08-10.
- ↑ "Narcissus by Norman Mclaren". National Film Board, Canada. National Film Board, Canada. Retrieved 2020-08-10.
- ↑ Zeits, Matt Zoller (2008-02-08). "Bab'Aziz-Movie-Review-The New York Times". nytimes.com. New York Times. Retrieved 2020-08-10.
- ↑ Meter, William van (2011-03-11). "A Gay Cult Classic Re-Emerges". nytimes.com. Nytimes.com. Retrieved 2020-08-10.
- ↑ "The Neon Demon". imdb.com. Retrieved 2020-08-11.
- ↑ Nevin, Ethelbert (2007-09-28). "Ethelbert Nevin: Water Scenes op13 No.4-Narcissus". YouTube.com. Retrieved 2020-08-11.
- ↑ "Genesis Programmes- Gabriel years". Retrieved 2020-08-11.
- ↑ "Paul Dubois, Narcisse, Orsay". Archived from the original on 2018-05-01. Retrieved 2020-08-06.