ജെ.എം.ഡബ്ൾയൂ. ടേണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടർണർ വരച്ച സ്വന്തം ഛായാചിത്രം

ജോൺ മാല്ലോർഡ് വില്യം ടർണർ ഒരു ഇംഗ്ലീഷ് ചിത്രകാരനും കലാകാരനും ആയിരുന്നു.

ടർണർ 1775-ൽ ലണ്ടനിൽ ജനിച്ചു. (ജനനത്തീയതി ഏപ്രിൽ 23-നു അടുത്താണെന്ന് വിശ്വസിക്കുന്നു, ഇതിന് ആധികാരിക രേഖകളില്ല.) അദ്ദേഹത്തിന്റെ പിതാവ് ഒരു വെപ്പുമുടി (തിരുപ്പൻ) നിർമ്മാതാവായിരുന്നു. ടർണറുടെ അമ്മ മാനസിക രോഗിയായിരുന്നു. ടർണർ ചിത്രം വരച്ചു തുടങ്ങിയപ്പോൾ ബ്രെന്റ്ഫോർഡ് എന്ന സ്ഥലത്തുള്ള അമ്മാവന്റെ ഭവനത്തിലേക്ക് ടർണറെ താമസിക്കാൻ അയച്ചു.

ടർണർ ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്ട് എന്ന സ്ഥാപനത്തിൽ 15-ആം വയസ്സിൽ വിദ്യാർത്ഥി ആയി. അക്കാദമിയുടെ പ്രശസ്തമായ കലാപ്രദർശനത്തിൽ ടർണറുടെ ഒരു വാട്ടർകളർ ചിത്രം 1790-ൽ പ്രദർശിപ്പിച്ചു. അപ്പോൾ ടർണർ അക്കാദമിയിൽ ചേർന്നിട്ട് ഒരു വർഷമേ ആയിരുന്നുള്ളൂ. 1802-ൽ വെറും 28 വയസ്സുമാത്രം പ്രായം ഉള്ളപ്പോൾ ടർണർ റോയൽ അക്കാദമിയുടെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പ്രൊഫസർ ഓഫ് പെർസ്പെക്ടീവ് എന്ന പദവിയിലേക്ക് ടർണർ ഉയർന്നു. 1802-ൽ ടർണർ യൂറോപ്പ് ചുറ്റിസഞ്ചരിച്ചു. ഫ്രാൻസ്, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ‍ അദ്ദേഹം സന്ദർശിച്ചു. അദ്ദേഹം പാരീസിലെ ലൂവ്ര് മ്യൂസിയവും സന്ദർശിച്ചു. പിന്നീട് പലപ്പോഴും യൂറോപ്പ് ചുറ്റിസഞ്ചരിച്ച ടർണർ ഇറ്റലിയിലെ വെനീസ് പലതവണ സന്ദർശിച്ചു. തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ ടർണർ നിറം, രൂപം എന്നിവ യഥാർത്ഥ്യത്തെക്കാളും ഉയർന്നുനിന്നവയോ സ്ഥൂലമോ റൊമാന്റിക് ചിത്രങ്ങൾ വരച്ചുതുടങ്ങി. റിയലിസ്റ്റിക്ക്, സൂക്ഷ്മ ചിത്രങ്ങൾ അല്ലായിരുന്നു ടർണറുടെ ചിത്രങ്ങൾ. ആ കാലത്ത് ഇത് ചിത്രങ്ങളുടെ കലാമൂല്യത്തെ കുറിച്ച് തർക്കങ്ങൾക്കു കാരണമായി. എന്നാൽ ഇന്ന് ടർണറുടെ ഈ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും ആരാധിക്കപ്പെടുന്ന ചിത്രങ്ങളിൽ ചിലതാണ്. മരിക്കുന്ന സമയത്ത് ബ്രിട്ടീഷ് രാജ്യത്തിനായി ടർണർ 300 എണ്ണച്ചായ ചിത്രങ്ങളും 20,000 ജലച്ഛായ ചിത്രങ്ങളും വിട്ടിട്ടുപോയി. അദ്ദേഹത്തിന്റെ ജലച്ഛായ ചിത്രങ്ങളിൽ ചിലത് ടർണറുടെ ഏറ്റവും അമൂർത്തവും സ്ഥൂലവുമായ ചിത്രങ്ങളാണ്.

ദ് ഫൈറ്റിംഗ് റ്റെമെയിർ, 1839-ൽ വരച്ച ചിത്രം

ടർണർ ഒരിക്കലും വിവാഹം കഴിച്ചില്ല. എങ്കിലും തന്റെ വെപ്പാട്ടിയായ സാറാ ഡാൻബിയിൽ നിന്ന് ടർണർക്ക് രണ്ടു കുട്ടികൾ ജനിച്ചു. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ടർണർ തന്റെ പിതാവിനോടൊത്ത് ജീവിച്ചു. അദേഹത്തിന്റെ പിതാവ് 1829-ൽ മരിക്കുന്നതുവരെ ടർണരെ ചിത്രശാലയിൽ സഹായിച്ചു.

തന്റെ കലാജീവിതത്തിന്റെ ആദ്യകാലത്ത് ചരിതങ്ങളിലെ ഭൂപശ്ചാത്തലങ്ങൾ വരച്ചിരുന്ന ചിത്രകാരന്മാരായ ക്ലോഡ് ലൊറെയ്ൻ, നിക്കൊലാ പൂ‍സ്സിൻ എന്നിവരുടെ ചിത്രങ്ങൾ ടർണറെ സ്വാധീനിച്ചു.

അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ദ് ഫൈറ്റിംഗ് റ്റെമെറെയിർ എന്ന കപ്പൽ പൊളിച്ചുനീക്കാനായി അടുപ്പിച്ചിരിക്കുന്നു എന്ന ചിത്രം ഉൾപ്പെടുന്നു. ബാറ്റിൽ ഓഫ് ട്രഫാൾഗാർ എന്ന യുദ്ധത്തില് ഉപയോഗിച്ച പ്രശസ്തമായ യുദ്ധക്കപ്പലിന്റെ ചിത്രമാണ് ദ് ഫൈറ്റിംഗ് റ്റെമെറെയിർ എന്ന് അറിയപ്പെടുന്ന ഈ ചിത്രം :-). മറ്റു ചിത്രങ്ങളിൽ റെയിൻ, സ്റ്റീം ആന്റ് സ്പീഡ് - ഒരു തീവണ്ടി ഒരു പാലം കടക്കുന്ന ചിത്രം, സ്നോ സ്റ്റോം - ഒരു ആവിക്കപ്പൽ തുറമുഖത്തേക്ക് അടുക്കാൻ ശ്രമിക്കുന്ന ചിത്രം, എന്നിവ ഉൾപ്പെടുന്നു. ചിത്രത്തിന് ശരിയായ ഭാവം കൊടുക്കുവാനായി ഒരു കൊടുങ്കാറ്റിൽ ടർണർ തന്നെ ഒരു കപ്പലിന്റെ കൊടിമരത്തിൽ ബന്ധിച്ചു. ഇങ്ങനെ കൊടുങ്കാറ്റിലെ കപ്പൽ എങ്ങനെയായിരിക്കും എന്ന് ടർണറിന് കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ ചില പ്രശസ്തമായ ചിത്രങ്ങൾ മങ്ങിയ ഭൂപ്രകൃതിയിലൂടെയും പ്രഛണ്ഡമായ കൊടുങ്കാറ്റുകളിലൂടെയും പ്രകൃതിയുടെ വന്യത കാണിക്കുന്നു.

റെയിൻ, സ്റ്റീം, ആന്റ് സ്പീഡ് (മഴ, നീരാവി, വേഗത) 1844-ൽ വരച്ച ചിത്രം.

പ്രായം ചെല്ലുംതോറും ടർണറുടെ സ്വഭാവം വിചിത്രമായിക്കൊണ്ടിരുന്നു. അദ്ദേഹം എപ്പോഴും വിഷാദരോഗത്തിന് അടിമയായി. ചെത്സീ എന്ന സ്ഥലത്ത് 1851 സെപ്റ്റംബർ 19-നു ടർണർ അന്തരിച്ചു. സെന്റ് പോൾസ് കത്തീഡ്രലിൽ ജോഷ്വ റെയ്നോൾഡ്സ് എന്ന ചിത്രകാരന്റെ ശവകുടീരത്തിനടുത്തായി ടർണറെ സംസ്കരിച്ചു.

ടർണർ ജീവിച്ചിരുന്നപ്പോൾ തന്നെ ചില ആൾക്കാർ ടർണർ ഒരു ജീനിയസ് ആണെന്നു കരുതി. മറ്റുചിലർ ടർണർ പ്രായം ചെന്നപ്പോൾ വരച്ച ചിത്രങ്ങൾ യാതാർത്ഥ്യമുള്ളവ അല്ല എന്ന് പരാതിപ്പെട്ടു. ചിലർ ടർണർ ഒരു ചൂലുകൊണ്ടാണ് വരച്ചതെന്ന് തമാശ പറഞ്ഞു. എങ്കിലും കൂടുതലും ആളുകളുടെ അഭിപ്രായത്തിൽ ടർണറുടെ ചിത്രങ്ങൾ സമ്പൂർണ്ണ പ്രതിഭ കാണിക്കുന്നു.

സ്നോസ്റ്റോം (മഞ്ഞുകൊടുങ്കാറ്റ്) - അഴിമുഖത്തിനടുത്തുള്ള ആവിക്കപ്പൽ ആഴമില്ലാത്ത വെള്ളത്തിൽ സിഗ്നലുകൾ കൊടുക്കുന്നു, അടയാളം നോക്കി സഞ്ചരിക്കുന്നു., 1842-ൽ വരച്ച ചിത്രം.
"https://ml.wikipedia.org/w/index.php?title=ജെ.എം.ഡബ്ൾയൂ._ടേണർ&oldid=1979404" എന്ന താളിൽനിന്നു ശേഖരിച്ചത്