ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിപ്പിൻകോട്ട് മാസിക 1890 ജൂലെ ലക്കം പുറം ചട്ട

ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ, ഓസ്കാർ വൈൽഡ് 1890-ൽ എഴുതിയ ചിന്തോദ്ദീപകമായ നോവലാണ്[1]. ലിപ്പിൻകോട്ട്സ് മന്ത്ലി മാഗസിൻ എന്ന മാസികയിൽ ജൂൺ ഇരുപതിനു പുറത്തിറങ്ങിയ ജൂലൈ ലക്കത്തിലാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. വിക്റ്റോറിയൻ സദാചാരബോധത്തിനു നിരക്കാത്തതാണ് നോവൽ എന്ന ആരോപണവും കടുത്തവിമർശനവും പല കോണുകളിൽ നിന്നും ഉയർന്നു വന്നു[2]. കലയുടെ സദാചാര മൂല്യങ്ങളല്ല സൗന്ദര്യലക്ഷണങ്ങളാണ് ചർച്ചാവിഷയമാകേണ്ടതെന്ന നിലപാടിൽ വൈൽഡ് ഉറച്ചു നിന്നു. ലിപ്പിൻകോട്ട് പതിപ്പിൽ പതിമൂന്ന് അധ്യായങ്ങൾ ആണ് ഉണ്ടായിരുന്നത്. ചില അധ്യായങ്ങൾ വിഭജിച്ചും പുതിയവ ചേർത്ത് നോവൽ വികസിപ്പിക്കുകയും പ്രസാധകൻറെ ആവശ്യപ്രകാരം, ഏതാനും തിരുത്തലുകൾ വരുത്തിയും ഇരുപത് അധ്യായങ്ങളായാണ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്[3]. തൻറെ നിലപാടു വ്യക്തമാക്കിക്കൊണ്ട് ഒരു പേജ് മുഖവുര കൂടി വൈൽഡ് എഴുതിച്ചേർത്തു[1].

2014-ൽ ദി ഗാർഡിയൻ, ലോകത്തോര സാഹിത്യരചനകളിൽ ഒന്നാണ് ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ എന്നഭിപ്രായപ്പെട്ടു[4].

പശ്ചാത്തലം[തിരുത്തുക]

നിത്യഹരിതയൗവനത്തിനായി മനസാക്ഷിയെ പണയം വെക്കുന്ന ആശയം അതിപുരാതനമാണെന്നും താനതിന് പുതിയൊരു രൂപം നല്കിയെന്നു മാത്രം എന്നാണ് വൈൽഡ് അഭിപ്രായപ്പെട്ടത്.[5]

1884-ൽ വൈൽഡ്, സുഹൃത്തും ചിത്രകാരനുമായിരുന്ന ബാസിൽ വാർഡിൻറെ ചിത്രശാല സന്ദർശിക്കാറുണ്ടായിരുന്നെന്നും വാർഡിൻറെ ചിത്രങ്ങൾക്ക് മോഡലായി നിന്നിരുന്ന കൗമാരപ്രായം മാറാത്ത അതികോമളനായ യുവാവിനെക്കുറിച്ച് വൈൽഡും വാർഡും നടത്തിയ ഒരു ചെറു സംഭാഷണമാണ് ഡോറിയൻ ഗ്രേ എന്ന നോവലിന് ആധാരം എന്നും അഭ്യൂഹങ്ങളുണ്ട്[6],[7].

കഥാസംഗ്രഹം[തിരുത്തുക]

ഇരുപതുകാരനെങ്കിലും കൗമാരപ്രായം തോന്നിക്കുന്ന നിഷ്കളങ്കനും അതീവകോമളനുമായ ഡോറിയൻ ഗ്രേയോട് ചിത്രകാരൻ ബാസിൽ ഹോൾവാർഡിന് തീവ്രമായ ആകർഷണം അനുഭവപ്പെടുന്നു. ഡോറിയൻറെ സാന്നിധ്യത്തിൽ താൻ വരച്ച ചിത്രങ്ങൾക്ക് അസാമാന്യമായ മിഴിവും ആഴവുമുണ്ടെന്ന് മനസ്സിലാക്കുന്ന ബാസിൽ തൻറെ സർഗശക്തിക്ക് പ്രചോദനവും ഉത്തേജനവും പകരുന്ന സ്രോതസ്സ് ഡോറിയനാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഡോറിയനോട് തനിക്കു തോന്നുന്ന വികാരം നിർവചിക്കാനവതല്ലെന്ന് ബാസിൽ സുഹൃത്ത് ഹാരി വുൾട്ടണോട് പറയുന്നു. ബാസിൽ വരച്ച, ഡോറിയൻ ഗ്രേയുടെ പൂർണകായചിത്രത്തിന് അസാധാരണ ചൈതന്യമുണ്ടെന്നും ആ ചിത്രം പ്രദർശിപ്പിച്ചാൽ ബാസിലിൻറെ യശസ് പതിന്മടങ്ങു വർധിക്കുമെന്നും പറയുന്ന വുൾട്ടനോട്, താനാ ചിത്രം ഒരു കാരണവശാലും വിൽക്കുകയോ പൊതുപ്രദർശനത്തിന് വെക്കുകയോ ചെയ്യുകയില്ലെന്ന് ബാസിൽ ശഠിക്കുന്നു. തനിക്ക് ആ ചിത്രം അത്രയും പ്രിയപ്പെട്ടതാണെന്നും, അതിനെ മറ്റാരുമായും പങ്കുവെക്കാൻ ആവില്ലെന്നും ഡോറിയനാണ് അതിൻറെ യഥാർഥ അവകാശമെന്നും ബാസിൽ അഭിപ്രായപ്പെടുന്നു. ചിത്രത്തിലെ യുവസുന്ദരൻ കാലാകാലം നിഷ്കളങ്കനായി അതേപടി നിലനിൽക്കുമെങ്കിലും ഡോറിയൻ കാലാന്തരത്തിൽ വൃദ്ധനും വിരൂപിയുമായിത്തീരുമല്ലോ എന്ന് വുൾട്ടൺ ഖേദിക്കുന്നു. അതിനാൽ യൗവനകാലത്ത് കഴിയാവുന്നേടത്തോളം ജീവിതം ആസ്വദിക്കുന്നതാണ് ബുദ്ധി എന്നും, പ്രലോഭനങ്ങളെ കീഴടക്കാനുള്ള ഏക മാർഗം അവക്കു കീഴ്പെടുകയാണെന്നും കൂടി വുൾട്ടൺ കൂട്ടിച്ചേർക്കുന്നു. താൻ നിത്യഹരിതയുവാവായി ജീവിതം ആസ്വദിക്കുകയും തൻറെ വാർധക്യവും കർമഫലങ്ങളും ചിത്രത്തെ ബാധിക്കുകയും ചെയ്തിരുന്നെങ്കിൽ എന്ന് ഡോറിയൻ ആഗ്രഹിച്ചു പോകുന്നു. അതേവിധം സംഭവിക്കുകയും ചെയ്യുന്നു. തൻറെ നെറികെട്ട ചെയ്തികൾ മൂലം ചിത്രം ദിനംപ്രതി വിരൂപമാവുന്നത് ഡോറിയനെ അസ്വസ്ഥനാക്കുന്നു. ചിത്രത്തെ കൺവെട്ടത്തുനിന്നു മാറ്റി , ആൾപെരുമാറ്റമില്ലാത്ത മറ്റൊരു മുറിയിൽ ഒളിപ്പിച്ചു വെക്കുന്നു. എങ്കിലും ഈ പരിണാമത്തെ പറ്റി ഡോറിയൻ ബോധവാനാണ്. ചിത്രം ഒരു തരത്തിൽ തൻറെ സ്വന്തം മനസാക്ഷിയാണെന്നു മനസ്സിലാക്കിയ ഡോറിയൻ ആ കുറ്റബോധത്തിൽ നിന്നു മുക്തിനേടാനുള്ള ഏകപോംവഴി ചിത്രത്തെ നശിപ്പിക്കുകയാണെന്ന നിഗമനത്തിൽ എത്തുന്നു. ചിത്രം കുത്തിക്കീറാൻ മുതിരുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്. മുറിയിൽ ിന്നുള്ള ദാരുണമായ അലർച്ച കേട്ട് ഓടിയെത്തുന്ന ഭൃത്യജനങ്ങൾ കാണുന്നത് അത്യന്തം കുരൂപിയും വൃദ്ധനുമായ ഒരു വ്യക്തി തറയിൽ, നെഞ്ചിൽ കുത്തേറ്റു മരിച്ചു കിടക്കുന്നതും, ചുമരിൽ തങ്ങളുടെ യജമാനൻറെ നിഷ്കളങ്കവും ചൈതന്യവുമാർന്ന ചിത്രവുമാണ്.


നോവലിലെ അസഭ്യത[തിരുത്തുക]

തൻറെ നോവൽ സമൂഹത്തിൽ കോളിളക്കങ്ങളുണ്ടാക്കുമെന്ന് വൈൽഡ് മുൻകൂട്ടി കണ്ടിരുന്നു[8]. സെൻറ് ജേംസ് ക്രോണിക്കിൾ, പഞ്ച്, സ്കോട്സ് ഒബ്സേർവർ, എന്നീ പത്രങ്ങളിലെല്ലാം നിരൂപകർ രചനയെ നിശിതമായി വിമർശിച്ചു. സ്വവർഗാനുരാഗത്തേയും സുഖലോലുപതയേയും ന്യായീകരിക്കുന്നുവെന്നതായിരുന്നു മുഖ്യ ആരോപണങ്ങൾ. ചെലതിനോടൊക്കെ വൈൽഡ് പ്രതികരിക്കുകയും ചെയ്തു[2],[9].

എന്നാൽ നോവലിലെ സ്വവർഗാനുരാഗസൂചനകൾ പൂർണമായി വിശകലനം ചെയ്യപ്പെട്ടത് വൈൽഡിൻറെ കേസു വിസ്താരത്തിനിടയിലായിരുന്നു[10],[11]. [12]

അവലംബം[തിരുത്തുക]

 1. 1.0 1.1 Wilde, Oscar (1966). The Complete Works of Oscar Wilde. Glasgow: HarperCollins. pp. 17–160. ISBN 9876543210.
 2. 2.0 2.1 Mason, Stuart (1908). Art and Morality : A defence of "The Picture of Dorian Gray". London: J.Jacobs Edgware Road, W.
 3. Pearson, Hesketh (1946). The Life of Oscar Wilde. London: Penguin Books. p. 150.
 4. McCrum, Robert (2014-03-24). "The 100 best novels: No 27 – The Picture of Dorian Gray by Oscar Wilde (1891)". theguardian.com. Retrieved 2020-05-07.
 5. Mason, Stuart, ed. (1908). Oscar Wilde, Art and Morality : A Defence of The Picture of Dorian Gray (ebook 33689, Project Gutenberg ed.). London: J.Jacobs,Edgware Road,W. p. 77.
 6. Pearson, Hesketh (1946). The Life of Oscar Wilde. London: Penguin Books. p. 149.
 7. Wilde, Oscar (1966). Complete Works of Oscar Wilde. Glasgow: HarperCollins. p. 9. ISBN 9876543210.
 8. Oscar Wilde: Art and Morality: A Defence of "The Picture of Dorian Gray" (epub Gutenberg eBook33689 ed.). London: J.Jacobs. 1908. p. 14.
 9. Pearson, Hesketh (1919). The Life of Oscar Wilde. Middlesex: Penguin Books. pp. 154–5.
 10. Mason, Stuart, ed. (1908). Oscar Wilde: Art and Morality : A Defence of "The Picture of Dorian Gray" (epub Gutenberg (eBook33689) ed.). London: J.Jacobs, Edgeware Road,W. pp. 176–191.
 11. Hyde, H. Montgomery (1962). The Trials of Oscar Wilde. New York: Dover Publications.
 12. Pearson, Hesketh (1919). The Life of Oscar Wilde. pp. 155-159.