Jump to content

ധാതുമണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമണൽ നിക്ഷേപം

ചില ലോഹസംയുക്തങ്ങൾ സാന്ദ്രതയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേന്ദ്രീകരിച്ച് അയിരായി രൂപാന്തരപ്പെട്ടു കാണപ്പെടുന്ന മണൽത്തരികൾ ധാതുമണൽ എന്നപേരിൽ അറിയപ്പെടുന്നു. പ്രകൃതിയിലുള്ള മറ്റു ലോഹ നിക്ഷേപങ്ങളെ അപേക്ഷിച്ച് കാലപ്പഴക്കം കുറഞ്ഞ ധാതുമണൽ നിക്ഷേപങ്ങൾ പ്രകൃതിയിലെ ഉപരിതല പ്രവർത്തനങ്ങൾ മുഖേന വേർതിരിക്കപ്പെട്ട്, താരതമ്യേന എളുപ്പത്തിൽ ഖനനം ചെയ്യത്തക്ക രീതിയിൽ പാളികളായാണ് കാണപ്പെടുന്നത്. എന്നാൽ ചില പ്രദേശങ്ങളിൽ വളരെയധികം കാലപ്പഴക്കമുള്ളതും ഭൂമിയുടെ അന്തർ ഭാഗത്ത് സ്ഥിതിചെയ്യുന്നതുമായ നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഭൂമിയുടെ ഉപരിതലത്തിൽനിന്ന് അധികം ആഴത്തിലല്ലാതെ കാണപ്പെടുന്ന ഇത്തരം നിക്ഷേപങ്ങൾ പുഴ, കാറ്റ്, കടൽ എന്നിവയുടെ സഹായത്താൽ കേന്ദ്രീകരിക്കപ്പെടുന്നു. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, കടൽത്തീരങ്ങളിൽ കാണപ്പെടുന്ന ധാതുമണൽ നിക്ഷേപങ്ങൾ കേവലം പതിനായിരം വർഷത്തോളം മാത്രം പഴക്കമുള്ളതും ഉപരിതലത്തിലോ 15 മീറ്ററിൽ കൂടുതലല്ലാത്ത ആഴത്തിലോ കാണപ്പെടുന്നവയുമാണ്.

നിക്ഷേപങ്ങളുടെ വിന്യാസം

[തിരുത്തുക]

നിക്ഷേപങ്ങളിൽ കാണപ്പെടുന്ന ധാതുക്കളുടെ പ്രത്യേകതയനുസരിച്ച് അവ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ഉദാഹരണം:-

  • സ്വർണ ധാതുമണൽ ([1])
  • വജ്ര ധാതുമണൽ (diamond placer) [2]
  • സ്ഫടിക ധാതുമണൽ ([3])
  • കരിമണൽ (black sand placer) തുടങ്ങിയവ.[4]

ഇന്ത്യയിലെ നിക്ഷേപം

[തിരുത്തുക]

കേരളത്തിലെ നിലമ്പൂർ, മധ്യപ്രദേശിലെ പന്ന, കേരളത്തിലെ ചേർത്തല, ചവറ തുടങ്ങിയ മേഖലകളിൽ മേല്പറഞ്ഞ നിക്ഷേപങ്ങൾ യഥാക്രമം കാണപ്പെടുന്നു. ഇവയിൽ വൻതോതിലുള്ള നിക്ഷേപം കരിമണലാണ്. ഇൽമനൈറ്റ്, റൂട്ടൈൽ, ഗാർനറ്റ്, സിർക്കോൺ, സിലിമനൈറ്റ്, മോണസൈറ്റ് എന്നിവയാണ് ഇതിലെ മുഖ്യ ഘടകങ്ങൾ. പാറകൾ പൊടിഞ്ഞാണ് കരിമണൽ നിക്ഷേപങ്ങൾ രൂപംകൊള്ളുന്നത്. അനുയോജ്യമായ (കുത്തനെയുള്ള) ഭൂപ്രകൃതി, ഉഷ്ണമേഖലാ കാലാവസ്ഥ, പുഴകളുടെ സാന്നിധ്യം എന്നിവ കടലിനോട് ചേർന്ന് ഇത്തരം നിക്ഷേപങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നു. കേരളത്തിലെ നീണ്ടകര-ചവറ-ആറാട്ടുപുഴ മേഖലയിലെ നിക്ഷേപങ്ങളുടെ ഉത്പത്തിയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. വിവിധതരം പാറകളും അവ രൂപാന്തരപ്പെട്ട് ഉണ്ടാകുന്ന ലാറ്ററൈറ്റ് മണ്ണും അവസാദശിലകളും പെരിയാറിനു തെക്കുള്ള അഞ്ച് നദികളുടെ പൂർവകാല കുത്തൊഴുക്കുമൂലം വൻതോതിൽ ലക്ഷദ്വീപ് കടലിൽ മണൽനിക്ഷേപമായി എത്തുന്നു, തുടർന്ന് വിവിധ പ്രകൃതിപ്രതിഭാസങ്ങൾ മുഖേന അനുയോജ്യമായ സ്ഥലങ്ങളിൽ ഇവ ധാതുമണൽസമ്പത്തായി രൂപവത്കൃതമാകുന്നു: ഇതാണ് ഭൌമശാസ്ത്രജ്ഞരുടെ അനുമാനം. നാലുമുതൽ ഏഴുവരെ ധാതുക്കൾ അടങ്ങിയ കരിമണൽ നിക്ഷേപങ്ങൾ ഇന്ത്യയിൽ ആകമാനം 632 ദശലക്ഷം ടണ്ണും കേരളത്തിൽ 127 ദശലക്ഷം ടണ്ണും ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. കൂടാതെ തീരക്കടലിന്റെ അടിത്തട്ടിൽ വൻനിക്ഷേപങ്ങളുടെ സാന്നിധ്യമുള്ളതായും പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. ഈ നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനമാണ് തിരമാലകളുടെ പ്രവർത്തനംമൂലം തീരപ്രദേശങ്ങളിൽ സ്ഥിരമായി എത്തുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ കരിമണൽ നിക്ഷേപങ്ങൾ പ്രധാനമായും അഞ്ച് സംസ്ഥാനങ്ങളിലായിട്ടാണ് വ്യാപിച്ചുകിടക്കുന്നത്. തീരത്തുനിന്ന് അകലെയായി സ്ഥിതിചെയ്യുന്ന കുതിരമൊഴി (തമിഴ്നാട്) നിക്ഷേപത്തിന്റെ ഉദ്ഭവത്തിന് തിരമാലകളുമായി യാതൊരു ബന്ധവുമില്ല. എന്നാൽ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിയും ഇതിന്റെ രൂപവത്കരണത്തെ വളരെയധികം സ്വാധീനിച്ചിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്.

കേരളത്തിന്റെ ധാതുമണൽ സമ്പത്ത്

[തിരുത്തുക]
അലാസ്കായിലെ ധാതുമണൽ നിക്ഷേപം

ലോകത്തിലെ പ്രാധാന്യമുള്ള വൻ ധാതുനിക്ഷേപങ്ങളിൽ ഒന്നാണ് കേരളത്തിൽ നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയുള്ള തീരദേശമേഖലയിൽ ഉള്ളത്. മൊത്തം കരിമണൽ നിക്ഷേപത്തിന്റെ അളവിനുപരി ഇതിലടങ്ങിയിട്ടുള്ള ഘടകധാതുക്കളുടെ ഗുണനിലവാരവും ഈ നിക്ഷേപത്തിന് ആഗോളവിപണിയിൽ ഏറെ പ്രിയം ലഭിക്കുവാൻ കാരണമായിട്ടുണ്ട്. കേരളത്തിൽ കരിമണൽസമ്പുഷ്ടമായ തീരം വിവിധ ഭാഗങ്ങളിൽ (കോവളം, വർക്കല, പൊന്നാനി തുടങ്ങിയവ) കാണപ്പെടുന്നുണ്ടെങ്കിലും, ചവറ നിക്ഷേപം എന്നറിയപ്പെടുന്ന നീണ്ടകര മുതൽ കായംകുളംപൊഴി വരെയുള്ള 22 കി.മീ. ഭാഗത്താണ് ഇപ്പോൾ ഭാഗികമായി ഖനനം നടക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡിന്റെ (IRD) ചവറ,[5] ആലുവ യൂണിറ്റുകൾ, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള മിനറൽസ് ആൻഡ് മെറ്റൽസ് (KMML),[6] ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് (TTP)[7] എന്നിവയ്ക്കു പുറമേ ചില സ്വകാര്യ ഫാക്റ്ററികളും ചവറയിലെ നിക്ഷേപത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്നു. കായംകുളത്തുനിന്ന് തോട്ടപ്പള്ളി വരെയുള്ള 20 കി.മീ. ദൂരം പൂർണമായും സർവേ ചെയ്യപ്പെട്ടിട്ടുള്ളതും ഭാവിയിൽ ഖനനസാധ്യതയുള്ളതുമായ പ്രദേശമാണ്. പ്രസിദ്ധമായ ആറാട്ടുപുഴ-തൃക്കുന്നപ്പുഴ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. നീണ്ടകര മുതൽ തോട്ടപ്പള്ളി വരെ വ്യാപിച്ചുകിടക്കുന്ന ഈ ധാതുസമ്പന്ന മേഖലയ്ക്ക് മൊത്തത്തിൽ 42 കി.മീ. നീളവും സുമാർ രണ്ട് കി.മീ. വീതിയും 15 മീ. വരെ ആഴവും ഉണ്ട്.

ധാതുമണൽ നിക്ഷേപങ്ങളിൽ കാണപ്പെടുന്ന സിർക്കോണിൽ (ZrSiO4) നിന്നാണ് സിർക്കോണിയം (Zr) ലോഹം ഉത്പാദിപ്പിക്കുന്നത്. ചവറ നിക്ഷേപത്തിൽ സിർക്കോൺ 5-8% അടങ്ങിയിട്ടുണ്ട്. മോണസൈറ്റിൽനിന്ന് റെയർ എർത്ത് ലോഹസംയുക്തങ്ങളും ആധുനിക ന്യൂക്ലിയർ പ്ലാന്റുകൾക്കുള്ള തോറിയം ഓക്സൈഡും ലഭ്യമാകുന്നു. താരതമ്യേന വില കുറഞ്ഞ സില്ലിമനൈറ്റ് (Al2SiO5) അലുമിന (Al2O3) ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. സാധാരണ കാണപ്പെടുന്ന മറ്റൊരു ധാതുവായ ഗാർനറ്റ് കേരളത്തിന്റെ പ്രധാന നിക്ഷേപമായ ചവറയിൽ നാമമാത്രമായേ കാണപ്പെടുന്നുള്ളൂ. വ്യാപാരസാധ്യതയുള്ള ചവറധാതുക്കളുടെ പ്രത്യേകതകൾ കൊടുത്തിരിക്കുന്ന പട്ടികയിൽനിന്നു മനസ്സിലാക്കാം.

ഘടകങ്ങളുടെ വേർതിരിക്കലും ഉപയോഗങ്ങളും

[തിരുത്തുക]

പ്രധാനമായും അഞ്ചുതരം അസംസ്കൃത ധാതു ഉത്പന്നങ്ങളാണ് കേരളത്തിലെ നിക്ഷേപങ്ങളിൽനിന്നു ലഭിക്കുന്നത്. അവയിൽ ഇൽമനൈറ്റ്-ല്യൂക്കോക്സിൻ-റൂട്ടൈൽ എന്നിവ സംസ്കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയധികം മേഖലകളിൽ ഉപയോഗിക്കപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം പെയിന്റുകളുടെ അത്യാവശ്യ ഘടകമായ ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മാണത്തിലാണ്. പേപ്പർ, പ്ലാസ്റ്റിക്, തുണി, പ്രിന്റിങ് മഷി, റബ്ബർ, കളിമൺ എന്നീ വ്യവസായ മേഖലകളിലും ടൈറ്റാനിയം ഡൈഓക്സൈഡ് ഉപയോഗിച്ചുവരുന്നു. ടൈറ്റാനിയം ലോഹവും ലോഹസങ്കരങ്ങളും അന്തർവാഹിനി, വിമാനം, മിസൈൽ, ഉപഗ്രഹപേടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് അവശ്യം വേണ്ടവയാണ്. ഇവ കൂടാതെ ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഹൃദ്രോഗചികിത്സയിൽ ഉപയോഗിക്കുന്ന പേസ്മേക്കറുകൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും ടൈറ്റാനിയം ഉപയോഗിക്കപ്പെടുന്നു. വെൽഡിങ് ഇലക്ട്രോഡിനുള്ള ഒരു അസംസ്കൃത വസ്തുവാണ് റൂട്ടൈൽ.

സിർക്കോണിയം സിലിക്കേറ്റ് അഥവാ സിർക്കോൺ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ടൈൽ, സാനിട്ടറി സാധനങ്ങൾ, കളിമൺപാത്രങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനാണ്. സിർക്കോൺ പൌഡർ, സിർക്കോണിയം ഓക്സൈഡ് അഥവാ സിർക്കോണിയ എന്നിവയാണ് സിർക്കോൺ ധാതുവിൽനിന്ന് പ്രാഥമികമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഡീസൽ എൻജിൻ, ലോഹങ്ങൾ മുറിക്കാനും തേച്ചുമിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങൾ, സീലുകൾ, ഇൻസുലേഷൻ സാധനങ്ങൾ, പമ്പിനുള്ള സ്പെയർപാർട്ടുകൾ, കപ്പാസിറ്ററുകൾ, സെൻസറുകൾ തുടങ്ങി വിവിധ ഉത്പന്നങ്ങളിൽ സിർക്കോണിയ ഉപയോഗിക്കുന്നു.

റെയർ എർത്ത് ക്ലോറൈഡ്, റെയർ എർത്ത് ഓക്സൈഡുകൾ, സീറിയം ഓക്സൈഡ്, ട്രൈസോഡിയം ഫോസ്ഫേറ്റ്, തോറിയം ഓക്സൈഡ് എന്നിവ വേർതിരിക്കാൻ മോണസൈറ്റ് ഉപയോഗിക്കുന്നു. ആലുവയിലുള്ള ഐ.ആർ.ഇ. ഫാക്റ്ററിയിലാണ് ഇത് സാധ്യമാകുന്നത്. അലൂമിനിയം സിലിക്കേറ്റ് അഥവാ സില്ലിമനൈറ്റ് എന്ന ധാതുമണൽ ഉപയോഗിക്കുന്ന പ്രധാന മേഖലകൾ സ്റ്റീൽ-ഗ്ലാസ് വ്യവസായം, കളിമൺ-സിമന്റ് ഫാക്റ്ററികൾ, ഉയർന്ന താപനില ആവശ്യമായ ചൂളകൾ, പെട്രോ കെമിക്കൽ സ്ഥാപനങ്ങൾ മുതലായവയാണ്. മണൽത്തരികളുടെ വലിപ്പവും ടൈറ്റാനിയം ഡൈഓക്സൈഡിന്റെ സാന്നിധ്യവുമാണ് സില്ലിമനൈറ്റിന്റെ സ്വഭാവഗുണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

കേരളത്തിലെ ചവറയിൽ ഗാർനറ്റ് കാണപ്പെടുന്നില്ലെങ്കിലും ഇന്ത്യയുടെ ധാതുമണൽ സമ്പത്തിൽ അവഗണിക്കാൻ പറ്റാത്ത സ്ഥാനമാണ് ഗാർനറ്റിനുള്ളത്. ലോകത്തിലെതന്നെ പ്രധാന ഗാർനറ്റ് ഉത്പാദക രാജ്യമായി ഇന്ത്യ മാറിയേക്കാം. ടൈൽനിർമ്മാണത്തിലും പോളിഷിങ് ഉപകരണങ്ങളുടെ നിർമ്മാണത്തിലും ഗാർനറ്റ് ഉപയോഗിക്കപ്പെടുന്നു.

കേരളത്തിലെ ധാതുമണൽ സംസ്കരണം

[തിരുത്തുക]
ചെന്നൈ കടൽതീരത്തുള്ള ഒരു ഹെവിമിനറൽ ധാതുമണൽ നിക്ഷേപം

രണ്ട് പ്രധാന ധാതുക്കളായ ഇൽമനൈറ്റിന്റെയും സിർക്കോണിന്റെയും സംസ്കരണത്തിൽ ചില പ്രത്യേകതകളുണ്ട്. ടൈറ്റാനിയം ഡൈഓക്സൈഡിന്റെ വർധിച്ച സാന്നിധ്യം (55-65%); ക്രോമിയം, വനേഡിയം, ഫോസ്ഫറസ്, കാൽസ്യം ഓക്സൈഡുകളുടെ കുറവ്; യുറേനിയം, തോറിയം, ഘനലോഹങ്ങൾ എന്നിവയുടെ അഭാവമോ കുറവോ എന്നീ ഘടകങ്ങളാണ് കേരളത്തിലെ ഇൽമനൈറ്റ് എന്ന ധാതുവിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. ടൈറ്റാനിയം ഡൈഓക്സൈഡ് എന്ന ഉത്പന്നത്തിന്റെ ഗുണനിലവാരം, പ്രത്യേകിച്ച് നിറം, നിശ്ചയിക്കുന്നതിന് ഇൽമനൈറ്റിൽ അടങ്ങിയിട്ടുള്ള ക്രോമിയം, വനേഡിയം ഓക്സൈഡുകൾക്ക് വലിയ പങ്കാണുള്ളത്. ഇൽമനൈറ്റിൽ അധികമായി ഘനലോഹങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ ഫാക്റ്ററിയിൽനിന്നു പുറന്തള്ളുന്ന മാലിന്യം ശുദ്ധീകരിക്കുവാൻ വൻചെലവ് വരുന്നു. ഒരു ടൺ ഇൽമനൈറ്റ്, റൂട്ടൈൽ അഥവാ ടൈറ്റാനിയം ഡൈഓക്സൈഡാക്കുമ്പോൾ 6-7 ഇരട്ടി വരെ മൂല്യവർധനയാണ് വരുന്നത്. അതേസമയം ടൈറ്റാനിയം ലോഹമാക്കി ഇൽമനൈറ്റിനെ മാറ്റിയാൽ അറുപത് ഇരട്ടിയോളം മൂല്യവർധനയുണ്ടാക്കാൻ സാധിക്കും. ഒരു കിലോഗ്രാം ഇൽമനൈറ്റ്, റൂട്ടൈൽ, ടൈറ്റാനിയം ടെട്രാ ക്ളോറൈഡ്, ടൈറ്റാനിയം ലോഹം എന്നിവയ്ക്ക് യഥാക്രമം 0.04, 0.25, 0.45, 2.64 ഡോളർ വരെ വിലയാണ് ഇപ്പോൾ (2005) അന്താരാഷ്ട്ര കമ്പോളത്തിലുള്ളത്. സ്റ്റീലിനെക്കാൾ 30% ബലം കൂടുതലുള്ളതും എന്നാൽ 50% ഭാരക്കുറവുള്ളതുമായ ഈ ലോഹത്തിന്റെ ഉത്പാദനത്തിലുള്ള വൻചെലവ് വാഹന നിർമ്മാണത്തിലും കെട്ടിട നിർമ്മാണത്തിലുമുള്ള ഇതിന്റെ ഉപയോഗത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നു. നാലര ലക്ഷത്തോളം ടൺ ഇൽമനൈറ്റാണ് ഐ.ആർ.ഇ. മാത്രം ഇന്ത്യയിൽ ഒരുവർഷം ഉത്പാദിപ്പിക്കുന്നത്. അതിൽ ചെറിയൊരു ശതമാനം മാത്രമേ ഭാഗികമായ മൂല്യവർധിത ഉത്പന്നങ്ങൾക്കായി (ടൈറ്റാനിയം ഡൈഓക്സൈഡ്, ടൈറ്റാനിയം ടെട്രാക്ലോറൈഡ്) ഉപയോഗിക്കുന്നുള്ളൂ. ബാക്കിയുള്ളത് അസംസ്കൃതരൂപത്തിൽത്തന്നെ കയറ്റി അയയ്ക്കപ്പെടുന്നു.

റൂടൈൽ ഉത്പാതനത്തിന്റെ തോത്

[തിരുത്തുക]
  • ഐ.ആർ.ഇ.‌-- 1,00,000 ‌ ടൺ[8]
  • കെ.എം.എം.എൽ. -- 66,000 ടൺ
  • ധാർങ്ഗധര കെമിക്കൽ വർക്ക്സ് തൂത്തുക്കുടി (DCW) - 66,000 ടൺ ,
  • കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് (CMRL) - 25,000 ടൺ [9]

വീതം റൂട്ടൈൽ പ്രതിവർഷം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. ഇവ കൂടാതെ കോളിനാക് കെമിക്കൽസ് (കൊൽക്കത്ത), കിൽബും കെമിക്കൽസ് (തൂത്തുക്കുടി) എന്നീ സ്ഥാപനങ്ങളും ടൈറ്റാനിയം ഡൈഓക്സൈഡ് നിർമിച്ചുവരുന്നു. ഐ.ആർ.ഇ.യുടെ റൂട്ടൈൽ പ്ലാന്റ് ഇടയ്ക്ക് പ്രവർത്തന രഹിതമായെങ്കിലും ടൈറ്റാനിയം ലോഹം ഉണ്ടാക്കാനുള്ള കെ.എം.എം.എൽ-ന്റെ പദ്ധതി ആശയ്ക്കു വകതരുന്നു.

ഇൽമിനേറ്റ് ധാതുസംസ്കരണം

[തിരുത്തുക]

പ്രധാനമായും മൂന്ന് തരം പ്രക്രിയകളാണ് ഇൽമനൈറ്റ് ധാതുവിന്റെ സംസ്കരണത്തിനായി ഉപയോഗിക്കുന്നത്.

  • ക്ലോറൈഡ്
  • സൾഫേറ്റ്
  • ലീച്ചിങ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.

കൃത്രിമ റൂട്ടൈൽ (93% TiO2) നിർമ്മാണത്തിനുള്ള ഈ പ്രക്രിയകളിൽ സൾഫേറ്റ് രീതിയിലുള്ള ഇന്ത്യയിലെ ഏകപ്ലാന്റാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡ്.

കൃത്രിമറൂടൈൽ നിർമ്മാണം

[തിരുത്തുക]

പരിസ്ഥിതിക്ക് കുറേക്കൂടി അനുയോജ്യമായ ക്ലോറൈഡ് പ്രക്രിയയാണ് കൃത്രിമ റൂട്ടൈൽ നിർമ്മാണത്തിന് ലോകമെമ്പാടും കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഈ മേഖലയിൽ പുതിയതായി വരുന്ന സംരംഭങ്ങൾ ലീച്ചിങ് രീതിയിലുള്ള ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. മാങ്ഗനീസ്, ക്രോമിയം, ഘനലോഹങ്ങൾ എന്നിവ ഇൽമനൈറ്റിലെ ഇരുമ്പ് വേർതിരിക്കുന്ന പ്രക്രിയയോടൊപ്പം നീക്കം ചെയ്യപ്പെടുന്നതിനാൽ ഉത്പന്നത്തിന് ഉയർന്ന മൂല്യം കൈവരുന്നതാണ് ലീച്ചിങ് അഭികാമ്യമാകാൻ കാരണം. സൾഫേറ്റ് പ്രക്രിയയിൽ പുറന്തള്ളപ്പെടുന്ന ഫെറസ് സൾഫേറ്റും സൾഫ്യൂറിക് അമ്ലവും പരിസ്ഥിതിക്കു ദോഷം ചെയ്യുമ്പോൾ, ക്ലോറൈഡ്-ലീച്ചിങ് പ്രക്രിയകളിൽ നിന്നുമുണ്ടാകുന്നത് അയൺ ഓക്സൈഡ് എന്ന ദോഷകരമല്ലാത്ത അനുബന്ധ ഉത്പന്നമാണ്.

ഹാഫ്നിയം എന്ന മൂലകം സിർക്കോണിയം ലോഹത്തോടു ചേർന്നാണ് സാധാരണ കാണപ്പെടുക. ഹാഫ്നിയം വിലപിടിപ്പുള്ള ലോഹമാണെങ്കിലും സിർക്കോൺ ധാതുവിലുള്ള ഇതിന്റെ അളവ് സിർക്കോണിയം ലോഹനിർമ്മാണത്തിൽ നിർണായക പങ്കുവഹിക്കുന്നു. കാരണം, ഹാഫ്നിയമില്ലാത്ത സിർക്കോണിയമാണ് ആണവ റിയാക്റ്ററുകളിൽ ഉപയോഗിക്കുന്നത്. സിർക്കോൺ ധാതുവിലുള്ള ഇരുമ്പിന്റെ അംശം, യുറേനിയം, തോറിയം എന്നിവയുടെ സാന്നിധ്യം മൂലമുള്ള റേഡിയോ ആക്റ്റിവ് പ്രസരണം, എന്നിവ ഈ ധാതുവിന്റെ കമ്പോളവിലയെ ഗണ്യമായി സ്വാധീനിക്കുന്നു. 10 റൂറാ-ൽ താഴെ ഇരുമ്പിന്റെ അംശം, 100 ppm-ൽ താഴെ സിലിക്ക, 300 ppm-ൽ കുറഞ്ഞ ടൈറ്റാനിയം ഓക്സൈഡ്-ഇതാണ് സിർക്കോണിയം അഥവാ സിർക്കോൺ ഓക്സൈഡിൽ അനുവദനീയമായ അളവുകൾ.

കേരളത്തിലെ കരിമണൽ ഖനനം ഉയർത്തുന്ന പ്രശ്നങ്ങൾ

[തിരുത്തുക]

കേരളത്തിന്റെ ധനാഗമ മാർഗ്ഗത്തിൽ ധാതുമണലിന് കാര്യമായ പങ്കു വഹിക്കാൻ കഴിയും എന്ന അഭിപ്രായം നിലവിലുണ്ട്. പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയിൽ ഖനനം എങ്ങനെ സാധ്യമാക്കണം എന്നത് ഗൌരവമേറിയ വിഷയമാണ്. പ്രധാനമായും നാല് വസ്തുതകളാണ് ഇതിനുവേണ്ടി പരിഗണിക്കേണ്ടത്:

  1. കടലാക്രമണം
  2. റേഡിയോ അണുപ്രസരണം
  3. ഉപരിതല ജലത്തിന്റെയും ഭൂഗർഭജലത്തിന്റെയും സ്വഭാവമാറ്റം
  4. തീരപ്രദേശത്തിന്റെ ഭൂവിനിയോഗവും ഭൂമിയുടെ ലഭ്യതക്കുറവും.

കടലാക്രമണം

[തിരുത്തുക]

കടലോര ഭൂപ്രകൃതി, സമുദ്രജല പ്രവാഹം, കാറ്റ്, സമുദ്രജല നിരപ്പ്, തിരമാലകളുടെ പ്രഹരശേഷി എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ച് ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് കടലാക്രമണം. തീരപ്രദേശത്തുനിന്ന് മണൽ നീക്കം ചെയ്താലും ഇല്ലെങ്കിലും കടൽക്ഷോഭവും അതിനോടനുബന്ധിച്ച് കടലാക്രമണവും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കും. തീരപ്രദേശ സംരക്ഷണം എക്കാലവും ഒരു വെല്ലുവിളിയാണ്. സ്വത്തിനും ജീവനും മതിയായ സംരക്ഷണം നൽകുക എന്നതാണ് വ്യവസ്ഥാപിതമായ തീരദേശ സംരക്ഷണം ലക്ഷ്യമാക്കുന്നത്. എന്നാൽ മണൽ ഖനനം ചെയ്യുമ്പോൾ, തീരശോഷണം സംഭവിക്കുകയും ആ പ്രദേശം കടലാക്രമണസമയത്ത് കൂടുതൽ തീക്ഷ്ണമായ ആഘാതത്തിനു വിധേയമാവുകയും ചെയ്യുന്നു. ഓരോ വർഷവും കടലിൽനിന്നു കരയിലേക്കു വരുന്ന ധാതുമണൽ കണക്കാക്കി അതിനെ ഉപയോഗിക്കുക, ധാതുമണൽ മാത്രം ഖനനസ്ഥലത്തുനിന്നു വേർതിരിക്കുകയും ആ സ്ഥാനത്ത് പകരം മണലോ മണ്ണോ നിക്ഷേപിക്കുകയും അനുയോജ്യമായ ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്യുക, തീരമണൽ പ്രദേശത്തിന്റെ വീതിയും സ്വാഭാവികതയും മനസ്സിലാക്കി ഖനനരീതികളിൽ വേണ്ട മാറ്റം വരുത്തുക എന്നീ മാർഗങ്ങൾ അവലംബിക്കുകവഴി ധാതുമണൽ ഖനനം നടപ്പിലാക്കുന്നതോടൊപ്പം തീരദേശസംരക്ഷണം ഉറപ്പാക്കാനും സാധിക്കും. കടലോര പ്രതിഭാസങ്ങൾ തീരങ്ങളിൽ പലവിധ മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്. പഴയ ഭൂപടങ്ങളുടെ താരതമ്യപഠനത്തിൽനിന്ന് ഇത് വ്യക്തവുമാകുന്നു. കേരളതീരത്ത് തീരശോഷണം സംഭവിക്കുന്നതിനോടൊപ്പം മറ്റു ചില ഭാഗങ്ങളിൽ പുതിയതായി കരഭാഗം ഉണ്ടാവുകയും ചെയ്യുന്നു. ബീച്ചുകളുടെ നിലനില്പിന് പ്രകൃതിസംവിധാനങ്ങളുമായാണ് കൂടുതൽ ബന്ധമുള്ളത്.


കൊല്ലം ജില്ലയിലെ ആലപ്പാട് മേഖലയിൽ 60 വർഷത്തോളമായി നടക്കുന്ന കരിമണൽ ഖനനം മൂലം ശക്തമായ തീരശോഷണം ആണ് ഉള്ളത് .

ആറാട്ടുപുഴ മേഖലയിലെ കരിമണൽ നിക്ഷേപമാകട്ടെ താരതമ്യേന പുതുതായി കടലിൽനിന്ന് മണൽ വന്ന് ഉണ്ടായതാണ്. 25-50 വർഷങ്ങൾക്കുമുമ്പ് ഈ ഭാഗത്തെ കരിമണൽ തോത് തീരെ കുറവായിരുന്നു. പ്രകൃതിയിൽ നടക്കുന്ന സ്വാഭാവിക മാറ്റമാണ് മണൽനിക്ഷേപങ്ങൾക്ക് കാരണം.

പുതിയ കണ്ടുപിടിത്തങ്ങളും പുതിയതരം വസ്തുക്കൾ ലഭിക്കുന്നതുംവഴി മനുഷ്യന്റെ ഉപഭോഗരീതികൾ മാറുകയും ധാതുമണലിന് ഇപ്പോഴുള്ള ആവശ്യം ദശാബ്ദങ്ങൾക്കകം തന്നെ കുറയുകയും ചെയ്യാം. അതിനാൽ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് ധാതുക്കളെ ഉപയോഗപ്പെടുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ക്രമാതീതമായ മണൽവാരൽ നിമിത്തം ധാതുഖനനത്തെക്കാൾ ഭീമമായ ആഘാതം തീരദേശത്തിന് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നു.

അണുപ്രസരണവും ഖനനവും

[തിരുത്തുക]

കരിമണൽ ഖനനത്തിന്റെ ഫലമായി മോണസൈറ്റ് അടങ്ങിയ മണലിന്റെ അളവ് കൂടുകയും ഇതുമൂലമുണ്ടാകുന്ന അണുപ്രസരണം ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ജൈവ അണുപ്രസരണം അളക്കുന്ന ഏകകം ആണ് സിവെർട്ട് (Sievert-Sv). 2 mSv/yr ആണ് ഭൂമിയിലെ ജീവജാലങ്ങൾ സ്ഥിരമായി സ്വീകരിക്കുന്ന അണുപ്രസരണത്തിന്റെ അളവ്. കേരളത്തിൽ ഇത് 15 mSv/yr -ഉം ഇറാനിലെ രാംസറിൽ പ്രക്യതിയിലെ സ്വാഭാവികഅണുപ്രസരണം 260 mSv/yr -ഉം ആണ്. 100 mSv/yr ആണ് അർബുദം ഉണ്ടാക്കാൻ സാധ്യതയുള്ള അളവായി കാണുന്നതെങ്കിലും പ്രകൃതിയുടെ സ്വാഭാവിക റേഡിയേഷൻ മുഖേന ലോകത്തൊരിടത്തും ഇതുവരെ അർബുദം ഉൾപ്പെടെ യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ രാജ്യങ്ങളിൽ ധാരാളം ഏജൻസികൾ ഈ രംഗത്ത് പഠനം നടത്തിയിട്ടുണ്ട്. ബ്രസീൽ, ഇന്ത്യ, ചൈന, സുഡാൻ, ഇറാൻ എന്നിവയാണ് സ്വാഭാവിക അണുപ്രസരണം കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ. അണുപ്രസരണം പലവിധമുണ്ടെങ്കിലും അവയുടെ മാരകശക്തിയിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ആൽഫാ പ്രസരണം ബീറ്റാ പ്രസരണത്തെക്കാൾ കൂടുതൽ ഹാനികരമാണ്. അതിനാലാണ് പ്രസരണഫലത്തെ അടിസ്ഥാനമാക്കി അണുപ്രസരണം അളക്കുന്നത്. വീടുനിർമ്മാണത്തിന് ഈ മണൽ ഉപയോഗിക്കുന്നതും സ്ഥിരമായി റേഡിയേഷൻ ഏല്ക്കുന്നതുമാണ് ആരോഗ്യത്തിന് ഹാനികരമാകാൻ വിദൂരസാധ്യതയെങ്കിലും ഉള്ള ഘടകങ്ങൾ.

ജലലഭ്യതയും ധാതുമണൽ ഖനനവും

[തിരുത്തുക]

വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു പ്രദേശത്തിന്റെ ഭൂഗർഭജലസമ്പത്ത് നിലകൊള്ളുന്നത്. കേരളത്തിൽ സഹ്യപർവതനിരകൾ മുതൽ പടിഞ്ഞാറോട്ട് കടൽത്തീരം വരെ വിവിധ ഘട്ടങ്ങളിൽ പരസ്പരപൂരകമായി ഭൂഗർഭ പാറക്കെട്ടുകളിൽ ജലം നിലനില്ക്കുന്നു. ഇതിനു മുകളിലുള്ള ചെങ്കല്ലുപാളികളിലെയും കടലിനോടടുത്ത മേഖലയിലെ അവസാദശിലകളിലെയും ഭൂഗർഭജലം ആ ഭൂവിഭാഗത്തിൽ രൂപപ്പെട്ടിട്ടുള്ള ഭൂഗർഭ ജലവിതാനത്തിന്റെ സ്വാധീനത്തിലാണ് നിൽക്കുന്നത്. കരയിൽനിന്ന് കടലിലേക്കുള്ള നിരന്തരമായ ജലത്തിന്റെ ഒഴുക്ക് ഇല്ലാതായാൽ മാത്രമേ ഉപ്പുവെള്ളം അവിടേക്ക് കയറുകയുള്ളൂ. ഉപരിതലജല ഒഴുക്കിന്റെ അഭാവത്തിൽ ഭൂഗർഭജലം കടലിലേക്ക് ഒഴുകിപ്പോകാനായി ഓരോ സ്ഥലത്തെയും ഭൌമാന്തർഘടനയ്ക്കനുസൃതമായ മാർഗ്ഗം തേടും. ഇക്കാരണത്താൽ കേരളതീരത്തിന്റെ സ്വാഭാവിക ഭൂപ്രകൃതിയിൽ കടൽവെള്ളം കരയിലേക്കു കയറാൻ ബുദ്ധിമുട്ടാണ്. ക്രമാതീതമായി പമ്പ് ചെയ്യുമ്പോൾ മാത്രമാണ് ഇതിന് മാറ്റം വരുന്നത്. ഒരു സ്ഥലത്ത് ശുദ്ധജലം അമിതമായി പമ്പ് ചെയ്യുമ്പോൾ അടിയിലുള്ള ഉപ്പുവെള്ളം മുകളിലേക്കു തള്ളിക്കയറും. സാധാരണഗതിയിൽ കടലോരമേഖല മുഴുവൻ ശുദ്ധജലം മുകളിലും സാന്ദ്രത കൂടിയ ഉപ്പുവെള്ളം അടിയിലുമായാണ് കാണപ്പെടുന്നത്. കരയിൽനിന്നു കടലിലേക്കുള്ള പ്രവാഹമധ്യേ ഇങ്ങനെ ശുദ്ധജലം തങ്ങിനിൽക്കുമ്പോൾ ചെറിയൊരു മേഖലയിൽ 10 മീ. താഴ്ചയിൽ ഖനനം നടത്തുന്നതുകൊണ്ടുമാത്രം ഉപ്പുവെള്ളം കരയിലേക്ക് എളുപ്പത്തിൽ കയറുകയില്ല. എന്നാൽ, ക്രമാതീതമായി കായൽ നികത്തുന്നതും താഴ്ന്ന പ്രദേശങ്ങളിൽ മണ്ണിടുന്നതുംമൂലം ശുദ്ധജലം സാവധാനം ഭൂഗർഭജലമായി കടലിലേക്കു പോകുന്ന പ്രക്രിയ തടസ്സപ്പെടുകയാണു ചെയ്യുന്നത്. പകരം ഉപരിതല ജലത്തിന്റെ ഒഴുക്ക് വർധിക്കുന്നു. കായംകുളം കായലിന് വടക്കുഭാഗത്ത് ധാതുമണൽ ഖനനം വർധിച്ചാൽ കുട്ടനാട്ടിലേക്കു കടൽവെള്ളം ഇരച്ചുകയറുമെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ, കടലോര പ്രതിഭാസങ്ങൾ വളരെ വിശാലമായ ഒരു സന്തുലന പ്രക്രിയയുടെ ഭാഗമായി നിലനില്ക്കുന്നവയാണ്. അതിനാൽ ഒരു പ്രത്യേക മേഖലയിലേക്ക് കടൽജലം ആവാഹിക്കപ്പെടുക എന്നത് ഏളുപ്പമുള്ള കാര്യമല്ല എന്ന എതിർവാദവുമുണ്ട്.

ഖനനവും സാമൂഹിക വശങ്ങളും

[തിരുത്തുക]

ഏതൊരു പ്രകൃതി സമ്പത്തും ചൂഷണം ചെയ്യപ്പെടുമ്പോൾ പരിസ്ഥിതിക്ക് ആഘാതം സംഭവിക്കാറുണ്ട്. ഈ ആഘാതത്തിന്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും. ഭൂവിനിയോഗപ്രശ്നത്തിലും പരമ്പരാഗത തൊഴിൽമേഖലയിലും തീരദേശവാസികളുടെ പ്രശ്നങ്ങൾ ഗൗരവമായിത്തന്നെ കാണേണ്ടതാണ്. മത്സ്യബന്ധനത്തിലും കയർ ഉത്പന്ന മേഖലയിലും ഏർപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ധാതുമണൽ ഖനനംമൂലം കഷ്ടപ്പെടാൻ ഇടവരരുത്. പ്രത്യേക സംരക്ഷിത മേഖലകൾ രൂപവത്കരിക്കുക, ഖനനത്തിന്റെ പ്രയോജനം ജനങ്ങളുമായി പങ്കുവയ്ക്കുക എന്നുതുടങ്ങി ധാതുഅയിരുകളുടെ വില, ഉത്പന്നങ്ങളുടെ വില, പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിവരുന്ന ചെലവ് എന്നിവയെല്ലാം കണക്കിലെടുത്തുവേണം അന്തിമ തീരുമാനമെടുക്കേണ്ടത്.

ഭാരതത്തിന്റെ പുതിയ ധാതുവിനിയോഗ നയം

[തിരുത്തുക]

സ്വകാര്യമേഖലയിൽ മോണസൈറ്റ് ഒഴികെയുള്ള എല്ലാ ധാതുക്കൾക്കും ഖനനവും വിപണനവും സാധ്യമാക്കിക്കൊണ്ട് 1998-ലാണ് കേന്ദ്രഗവണ്മെന്റ് പുതിയ നയം കൊണ്ടുവന്നത്. 1957-ലെ ദ് മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്റ്റിനെ 1962, 1994 എന്നീ വർഷങ്ങളിൽ പരിഷ്കരിച്ചശേഷം 1998-ൽ ഭേദഗതി ചെയ്തു. സർവേ നടത്താൻ 10,000 ച.കി.മീറ്ററും ഖനനം നടത്താൻ 10 ച.കി. മീറ്ററും ഓരോ സംസ്ഥാനത്തിനും അനുവദിച്ചുകൊടുത്തുകൊണ്ടുള്ളതാണ് ഈ നിയമ ഭേദഗതി. ഇതിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭകർ ഈ രംഗത്തു വന്നിട്ടുണ്ട്.

കേരളത്തിലെ കരിമണൽ ഗവേഷണസ്ഥാപനങ്ങൾ

[തിരുത്തുക]

ധാതുമണൽ സമ്പത്തിന്റെ വ്യക്തമായ രൂപം വ്യവസായ സംരംഭങ്ങൾക്കു നൽകുന്നതിനുവേണ്ടി കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ്.[10] ധാതുമണൽ കയറ്റി അയയ്ക്കുമ്പോൾ മോണസൈറ്റിന്റെ അളവ് കേന്ദ്രം നിഷ്കർഷിച്ചിട്ടുള്ള അളവിൽ കൂടിയിട്ടില്ല എന്ന് സർട്ടിഫിക്കറ്റ് നൽകുന്നതും ഈ ഏജൻസിയാണ്. കേന്ദ്രഗവണ്മെന്റിന്റെ കീഴിലുള്ള ജിയോളജിക്കൽ സർവേ,[11] റീജിയണൽ റിസർച്ച് ലബോറട്ടറി, സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള മൈനിങ് ആൻഡ് ജിയോളജി വകുപ്പ്[12] എന്നീ സ്ഥാപനങ്ങൾക്കു പുറമേ തിരുവനന്തപുരത്തെ ഭൌമശാസ്ത്രപഠന കേന്ദ്രവും ധാതുമണൽ നിക്ഷേപങ്ങളെപ്പറ്റിയും അവയുടെ സ്വഭാവഗുണങ്ങളെപ്പറ്റിയും കൂടാതെ ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റിയും പഠനം നടത്തിവരുന്നു. ഒരു വർഷം ഓരോ മേഖലയിൽനിന്നും എത്രമാത്രം മണൽ പരിസ്ഥിതിക്കു ദോഷം വരാതെ ഖനനം ചെയ്യാമെന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ചവറ പ്രദേശത്തുനിന്ന് വാർഷികമായി 60,000 ടൺ കരിമണൽ വ്യാവസായിക അടിസ്ഥാനത്തിൽ എടുക്കുന്നതുകൊണ്ട് ദോഷമില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുപോലെതന്നെ, അസംസ്കൃത രൂപത്തിലും വിവിധ ഘട്ടങ്ങളിലുള്ള മൂല്യവർധിത പ്രക്രിയകളിലും ഓരോ ധാതുവിനും ലഭിക്കാവുന്ന ഉയർന്ന വില എങ്ങനെ ഉറപ്പുവരുത്താമെന്നതും ഗവേഷണ സ്ഥാപനങ്ങളുടെ വളരെ പ്രധാനപ്പെട്ട ചുമതലയാണ്. ഇവ കൂടാതെ, എല്ലാ വ്യവസായ യൂണിറ്റുകളിലും ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക ഗവേഷണ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു.

അവലംബം

[തിരുത്തുക]
  1. The word placer (pronounced - plas-er, not pley-ser) is a Spanish derived word which refers to an alluvial or eluvial deposit of gravel containing particles of valuable minerals such as gold, silver or platinum. As such, placer gold is gold that has weathered from the host rock where it was formed and been "placed" either on hillside (eluvial placer), stream bed or alluvial fan by the action of water, glaciers or other geological forces. http://goldplacer.com/placer-gold/
  2. http://www.wsgs.uwyo.edu/docs/PlacerDiamondsPamphlet.pdf Archived 2011-09-17 at the Wayback Machine. Two placer diamonds were recovered along with gold during ... To search for placer diamonds, the prospector first needs to become familiar with the commodity.
  3. This resource is sand, not sand and gravel. Its primary source is sand dunes, therefore Michigan ranks third in the US in industrial sand production. Silica sand is the major component of glass, foundry molds, and abrasives. http://www.geo.msu.edu/geogmich/sand.html
  4. The black sand placer deposits of Kerala beach, southwest India http://www.sciencedirect.com/science/article/pii/0025322787900880
  5. Located 10 Km north of Kollam, 85 Km from Thiruvananthapuram capital of Kerala and 135 Km by road from Kochi is perhaps blessed with the best mineral sand deposit of the country. http://irel.gov.in/scripts/unit.asp Archived 2012-04-24 at the Wayback Machine.
  6. Bringing more to your everyday life, KMML touches you in numerous ways. http://www.kmml.com/
  7. Travancore Titanium Products Ltd. was incorporated on 18th of December 1946, to produce pigment grade Titanium dioxide from ilmenite http://www.travancoretitanium.com/ Archived 2012-05-16 at the Wayback Machine.
  8. http://irel.gov.in/scripts/mission.asp Archived 2012-05-27 at the Wayback Machine. To be one of the leading international players in the areas of mining and separation of beach and minerals.
  9. Cochin Minerals And Rutile Limited operates in the Metal ores sector. http://www.corporateinformation.com/Company-Snapshot.aspx?cusip=C356ZGE00 Archived 2020-09-28 at the Wayback Machine.
  10. http://www.amd.gov.in/ The prime mandate of Atomic Minerals Directorate for Exploration and Research is to identify and evaluate uranium resources required for the successful implementation of Atomic Energy programme of the country.
  11. Geological Survey of India (GSI) Established in 1851, started its voyage to investigate for and assess coal and other mineral resources of the country with regional level exploration. http://mines.nic.in/index.aspx?level=1&lid=43&lang=1 Archived 2012-03-09 at the Wayback Machine.
  12. This Department was previously known as Department of Geology. http://www.kerala.gov.in/index.php?option=com_content&view=category&layout=blog&id=115&Itemid=360
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാതുമണൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധാതുമണൽ&oldid=4082868" എന്ന താളിൽനിന്ന് ശേഖരിച്ചത്