മുഹമ്മദ് ദാവൂദ് ഖാൻ
മുഹമ്മദ് ദാവൂദ് ഖാൻ | |
---|---|
അഫ്ഗാനിസ്താന്റെ പ്രസിഡണ്ട്. | |
ഓഫീസിൽ 1973 ജൂലൈ 17 – 1978 മാർച്ച് 27 | |
മുൻഗാമി | മുഹമ്മദ് സഹീർ ഷാ (രാജാവ്) |
പിൻഗാമി | അബ്ദുൾ ഖാദിർ ദഗർവാൾ |
അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രി | |
ഓഫീസിൽ 1953 സെപ്റ്റംബർ 7 – 1963 മാർച്ച് 10 | |
Monarch | മുഹമ്മദ് സഹീർ ഷാ |
മുൻഗാമി | ഷാ മഹ്മൂദ് ഖാൻ |
പിൻഗാമി | മുഹമ്മദ് യൂസഫ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കാബൂൾl, അഫ്ഗാനിസ്താൻ | 18 ജൂലൈ 1909
മരണം | 28 ഏപ്രിൽ 1978 കാബൂൾ, അഫ്ഗാനിസ്താൻ | (പ്രായം 68)
രാഷ്ട്രീയ കക്ഷി | നാഷണൽ റെവല്യൂഷണറി പാർട്ടി |
അഫ്ഗാനിസ്താന്റെ ആദ്യത്തെ പ്രസിഡണ്ടാണ് മുഹമ്മദ് ദാവൂദ് ഖാൻ (ജീവിതകാലം:1909 ജൂലൈ 18 – 1978 ഏപ്രിൽ 28). അഫ്ഗാൻ രാജകുടുംബാംഗമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ, തന്റെ ബന്ധുവും രാജാവുമായ മുഹമ്മദ് സഹീർ ഷായെ അട്ടിമറിക്കുകയും രാജഭരണത്തിന് അന്ത്യം വരുത്തുകയും ചെയ്തുകൊണ്ടാണ് 1973-ൽ പ്രസിഡണ്ടായി പ്രഖ്യാപിച്ചത്. ഇദ്ദേഹം രൂപീകരിച്ച ഭരണകൂടം റിപബ്ലിക് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുന്നു. 1978-ൽ സോർ വിപ്ലവഫലമായി ഇദ്ദേഹം കൊല്ലപ്പെടുന്നതുവരെ വരെ രാജ്യത്തിന്റെ പ്രസിഡണ്ടായിരുന്നു. പ്രസിഡണ്ടാകുന്നതിനു മുൻപ് 1953 മുതൽ 1963 വരെ സഹീർ ഷാ രാജാവിനു കീഴിൽ പ്രധാനമന്ത്രിയായും ദാവൂദ് ഖാൻ പ്രവർത്തിച്ചിട്ടുണ്ട്.
അഫ്ഗാനിസ്താൻ, സോവിയറ്റ് യൂനിയനുമായുള്ള ബന്ധം ആരംഭിച്ചത് ദാവൂദ് ഖാന്റെ ഭരണകാലത്താണ്. പഞ്ചവത്സരപദ്ധതികളിലൂടെ ആധുനികവൽക്കരണം നടപ്പാക്കുകയും സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ നൽകാനുള്ള നിയമങ്ങൾ നടപ്പാക്കിയതിലൂടെ മുഹമ്മദ് ദാവൂദ് ഖാൻ, അഫ്ഗാനിസ്താൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു.[1]
തുടക്കത്തിൽ കമ്മ്യൂണിസ്റ്റുകളുടെ കൂട്ടുപിടിച്ചാണ് ദാവൂദ് ഖാൻ പ്രസിഡണ്ട് പദവിയിലെത്തിയതെങ്കിലും കാലക്രമേണ, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ അടിച്ചമർത്തുന്നതിനുള്ള നടപടികൾ അദ്ദേഹം കൈക്കൊണ്ടു. തൽഫലമായി 1978-ൽ സോർ വിപ്ലവത്തിലൂടെ ദാവൂദ് ഖാനെ അട്ടിമറിച്ച് പി.ഡി.പി.എ.യുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി.
ആദ്യകാലം
[തിരുത്തുക]അഫ്ഗാനിസ്താനിലെ രാജാവായിരുന്ന മുഹമ്മദ് നാദിർ ഷായുടെ ഒരു അർദ്ധസഹോദരൻ, മുഹമ്മദ് അസീസിന്റെ പുത്രനായിരുന്നു ദാവൂദ് ഖാൻ. പിതാവ്, മുഹമ്മദ് അസീസ്, നാദിർഷായുടെ കാലത്ത് ബെർലിനിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു.
1909-ൽ കാബൂളിലാണ് മുഹമ്മദ് ദാവൂദ് ഖാൻ ജനിച്ചത്. കാബൂളിലെ അമാനിയ്യ കോളേജിലും പാരീസിലുമായാണ് ഇദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1931-ൽ സൈന്യത്തിൽ ചേർന്ന ഇദ്ദേഹത്തിന്, തൊട്ടടുത്ത വർഷം തന്നെ മേജർ ജനറൽ ആയി സ്ഥാനക്കയറ്റം ലഭിച്ചു. 1939 മുതൽ 1947 വരെ രാജ്യത്തെ കേന്ദ്രീയസൈന്യത്തിന്റെ സേനാനായകനായിരുന്നു. 1947-ൽ ഇദ്ദേഹം പ്രതിരോധമന്ത്രിയാകുകയും ഒരു ചെറിയ ഇടവേളക്കു ശേഷം 1949-50 കാലത്ത് ആഭ്യന്തരമന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു.[2]
പ്രധാനമന്ത്രിപദത്തിൽ
[തിരുത്തുക]സഹീർ ഷാ രാജാവിനു കീഴിൽ 1953 സെപ്റ്റംബർ 20-നാണ് ഷാ മഹ്മൂദിന്റെ സ്ഥാനത്ത് മുഹമ്മദ് ദാവൂദ് ഖാൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്.[2]
സോവിയറ്റ് യൂനിയനുമായുള്ള ബന്ധം
[തിരുത്തുക]രാജ്യത്തിന്റെ പുരോഗതിക്ക് തടസം നിന്നിരുന്ന പരമ്പരാഗത ഇസ്ലാമികഘടകങ്ങളെ ഭരണത്തിൽ നിന്നും വേർതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു ദാവൂദ് നടത്തിയത്. ഇതിനായി ശക്തമായ സൈന്യത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ അദ്ദേഹം, സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന് വിദേശസഹായം തേടാനാരംഭിച്ചു. ഇക്കാലത്ത് പാകിസ്താന് ശക്തമായ സൈനികസഹായം നൽകിയിരുന്ന അമേരിക്ക, അഫ്ഗാനിസ്താന് കാര്യമായ സഹായമൊന്നും നൽകിയിരുന്നില്ല. പാകിസ്താനും, ഇറാനും ഇറാഖും തുർക്കിയും അമേരിക്കക്കൊപ്പം സോവിയറ്റ് വിരുദ്ധചേരിയിൽ നിലകൊള്ളുന്ന സമയായിരുന്നു ഇത്. പഷ്തൂൺ ആവാസപ്രദേശങ്ങളെച്ചൊല്ലി പാകിസ്താനുമായി പ്രശ്നം നിലനിന്നിരുന്നതിനാൽ ഈ ചേരിയിലേക്ക് ചേരാനോ അമേരിക്കയുമായി ബന്ധം സ്ഥാപിക്കാനോ ദാവൂദ് ശ്രമിച്ചില്ല. മറിച്ച് സഹായത്തിനായി അഫ്ഗാനിസ്താൻ, സോവിയറ്റ് യൂനിയനെ സമീപിച്ചു. അഫ്ഗാനിസ്താനിൽ അമേരിക്ക ഒട്ടും താല്പര്യം കാണിച്ചില്ലെങ്കിലും തങ്ങളുടെ തെക്കുവശത്തുള്ള ദരിദ്രരാഷ്ട്രത്തോട് സോവിയറ്റ് യൂനിയൻ അതിയായ താല്പര്യം കാണിച്ചു. 1955-ൽ ഇന്ത്യയിൽ നിന്നും തിരിച്ചുള്ള യാത്രാമദ്ധ്യേ നികിത ക്രൂഷ്ച്ചേവ്, നിക്കോലായ് ബുൽഗാനിൻ എന്നീ സോവിയറ്റ് നേതാക്കൾ, കാബൂളിലെത്തി പ്രധാനമന്ത്രി ദാവൂദിനെ സന്ദർശിക്കുകയും ചെയ്തു.
അമേരിക്കൻ സഖ്യകക്ഷിയായിരുന്ന പാകിസ്താനെതിരെയുള്ള പഷ്തൂൺ ആവാസമേഖലാപ്രശ്നത്തിൽ അഫ്ഗാനിസ്താനെ സഹായിക്കാമെന്ന് സോവിയറ്റ് നേതാക്കൾ ഉറപ്പുനൽകി. ഇതിനു ശേഷം, സോവിയറ്റ് യൂനിയനിൽ നിന്ന് നിരവധി ആയുധങ്ങളും പരിശീലകരും അഫ്ഗാനിസ്താനിലെത്തി. നിരവധി അഫ്ഗാനികൾ പരിശീലനത്തിനായി സോവിയറ്റ് യൂനിയനിൽ പോകുകയും ചെയ്തു.
സോവിയറ്റ് സഖ്യത്തിലെ മറ്റു പല വികസ്വരരാജ്യങ്ങളിലെന്ന പോലെ അഫ്ഗാനിസ്താനിലും പഞ്ചവത്സരപദ്ധതികൾ ആരംഭിച്ചു. ആദ്യ പഞ്ചവത്സരപദ്ധതി, 1956 മുതൽ 1961 വരെയായിരുന്നു. പാതകളുടെ നിർമ്മാണവും മറ്റു വാർത്താവിനിമയ സൗകര്യങ്ങൾക്കായുള്ള അടിസ്ഥാനസൗകര്യവികസനവുമായിരുന്ന് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
സോവിയറ്റ് സഹായം രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ഇതേ സമയം രാജ്യത്തിന്റെ തെക്കുഭാഗത്തെ വികസനപ്രവർത്തനങ്ങൾക്ക് അമേരിക്കയും സഹായം നൽകി. വടക്കു ഭാഗത്തെ സലാങ് ചുരത്തിന്റേയും തുരങ്കത്തിന്റേയും പണി സോവിയറ്റ് സഹായത്തിലായിരുന്നെങ്കിൽ കന്ദഹാർ എയർഫീൽഡിന്റേയും അർഘന്ദാബിലെ അണക്കെട്ടിന്റേയും പണി അമേരിക്കൻ സഹായത്തിലായിരുന്നു നടന്നത്.[2]
സാമൂഹികപരിഷ്കാരങ്ങൾ
[തിരുത്തുക]1959 മുതൽ, ദാവൂദ് ഖാൻ, പുതിയ പരിഷ്കാരങ്ങളിലൂടെ പരമ്പരാഗതമതനേതൃത്വത്തെ നേരിടാൻ ആരംഭിച്ചു. 1959 ഓഗസ്റ്റ് 31-ന് സ്ത്രീകൾക്ക് പർദ്ദ ധരിക്കാതെ പൊതുജനസമക്ഷം പ്രത്യക്ഷമാകാനുള്ള അനുവാദം നൽകി. 1920-കളുടെ അവസാനം, അമാനുള്ളയുടെ ഭരണകാലത്താണ് മുൻപ് ഇങ്ങനെയൊരു പരിഷ്കാരം നടപ്പാക്കിയിരുന്നത്. ദാവൂദ് ഖാന്റെ ഈ തീരുമാനത്തെത്തുടർന്ന് നിരവധി കലാപങ്ങൾ ഉടലെടുത്തു. സ്ത്രീകളുടെ മുഖത്ത് ആസിഡ് ഒഴിക്കൽ വരെയുണ്ടായി. എങ്കിലും പൊതുജനവികാരം കലാപകാരികൾക്കെതിരെ തിരിയുകയും മതസംവിധാനവുമായുള്ള തന്റെ ആദ്യ പോരാട്ടത്തിൽ ദാവൂദ് വിജയം കാണുകയും ചെയ്തു.
പഷ്തൂണുകളുടെ പ്രധാനകേന്ദ്രമായിരുന്ന കന്ദഹാറിൽ ഇതേ വർഷം തന്നെ ഭൂനികുതി ഏർപ്പെടുത്തി. ഏതാണ്ട് 200 വർഷം നിലവിലിരുന്ന ഒരു പതിവായിരുന്നു ഇതോടെ നിലച്ചത്. മേഖലയിലെ പരമ്പരാഗതഭൂവുടമകൾ പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഈ പ്രതിഷേധവും ക്രമേണ തണുത്തു. ഇക്കാലത്തുതന്നെ തങ്ങളുടെ പ്രദേശത്ത് വഴിവെട്ടാൻ വിസമ്മതിച്ച അതിർത്തിയിലെ പാക്ത്യ പഷ്തൂൺ വിഭാഗത്തിന്റെ കലാപവും എതിരിടാൻ സാധിച്ചതോടെ ദാവൂദിന്റെ സ്ഥാനം വളരെ കരുത്തുറ്റതായി മാറി.[2]
പാകിസ്താനുമായുള്ള സംഘർഷം
[തിരുത്തുക]1950കളുടെ അവസാനം ഡ്യൂറണ്ട് രേഖക്ക് കിഴക്ക്, പാകിസ്താനിലുള്ള പഷ്തൂൺ ആവാസപ്രദേശങ്ങളുടെ മേൽ ദാവൂദ് ഖാൻ അവകാശമുന്നയിച്ചു. ഇതിലൂടെ, സൈന്യത്തിലും മറ്റ് അഫ്ഗാനികൾക്കിടയിലും തനിക്കുള്ള പിന്തുണ വർദ്ധിപ്പിക്കാനാകുമെന്ന് ദാവൂദ് കരുതി. 1960-ൽ അഫ്ഗാനിസ്താന്റെ ഈ അവകാശവാദത്തെ സോവിയറ്റ് യൂനിയനും പിന്തുണച്ചു. 1960-ന്റെ പകുതിയോടെ പാകിസ്താനും അഫ്ഗാനിസ്താനുമിടയിൽ ഈ പ്രശ്നം സങ്കീർണമായി. 1961 ജൂണിൽ ഡ്യൂറണ്ട് രേഖക്ക് കിഴക്കുള്ള പഷ്തൂണുകൾക്ക് സ്വയംനിർണയാവകാശം വേണമെന്ന് രാജാവ് സഹീർ ഷാ പാർലമെന്റിൽ പ്രഖ്യാപിച്ചു. ഇതിന് രണ്ടാഴ്ചക്ക് ശേഷം, പാകിസ്താൻ, അഫ്ഗാനിസ്താനുമായുള്ള എല്ലാ അതിർത്തികളും അടക്കുകയും നാടോടികൾക്കു പോലും പ്രവേശനം നിഷേധിക്കുകയും ചെയ്തുകൊണ്ട് തിരിച്ചടിച്ചു. 1961 ഓഗസ്റ്റിൽ രാജ്യത്തെ എല്ലാ അഫ്ഗാൻ നയതന്ത്രകാര്യാലയങ്ങളും വാണിജ്യകേന്ദ്രങ്ങളും പാകിസ്താൻ അടച്ചുപൂട്ടി. സെപ്റ്റംബർ 3-ന് അതിർത്തികൾ അടച്ചും വാണിജ്യം നിർത്തലാക്കിയും അഫ്ഗാനിസ്താനും പ്രതികരിച്ചു.[2]
സാമ്പത്തികപ്രതിസന്ധിയും രാജിയും
[തിരുത്തുക]തങ്ങളുടെ കയറ്റിയിറക്കുമതികൾ, പാകിസ്താനുമായി ഇത്രമാത്രം ആശ്രയിച്ചിരിക്കുന്നു എന്ന സത്യം അതിർത്തി അടച്ചതിനു ശേഷം മാത്രമാണ് അഫ്ഗാൻ സർക്കാരിന് ബോധ്യമായത്. വളരെവേഗം തന്നെ രാജ്യം ഒരു ഭീമമായ സാമ്പത്തികത്തകർച്ച നേരിട്ടു. വൻ തോതിൽ ചരക്കുനീക്കം സാധ്യമാകുന്ന തരത്തിൽ ഇറാനിലേക്കുള്ള പാതകളും വികസിച്ചിരുന്നില്ലാത്തതിനാൽ, കയറ്റിയിറക്കുമതികൾക്ക്, അഫ്ഗാനിസ്താന് തങ്ങളുടെ വടക്കൻ അയൽക്കാരായ സോവിയറ്റ് യൂനിയനെ പൂർണമായും ആശ്രയിക്കേണ്ടിവന്നു.
പാക് അഫ്ഗാൻ പ്രശ്നം ഏതാണ്ട് രണ്ടുവർഷത്തോളം നീണ്ടു. സാമ്പത്തികനില വഷളായതിനെത്തുടർന്ന് 1963 മാർച്ച് 9-ന് ഏവരേയും അത്ഭുതപ്പെടുടുത്തിക്കൊണ്ട്, ദാവൂദ് ഖാൻ പ്രധാനമന്ത്രിപദം രാജിവച്ചു. അങ്ങനെ രാജകുടുംബത്തിൽനിന്നല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയായ മുഹമ്മദ് യൂസഫ് അധികാരത്തിലെത്തി. ഇദ്ദേഹം മുൻപ് ഖനി മന്ത്രിയായിരുന്നു.[2]
പ്രസിഡണ്ട് പദത്തിൽ
[തിരുത്തുക]പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ദാവൂദ് ഖാൻ രാജിവച്ചതിനെത്തുടർന്ന്, രാജ്യത്തെ രാഷ്ട്രീയസ്ഥിതിയിൽ വൻ മാറ്റങ്ങൾ സംഭവിച്ചു. 1964-ൽ രാജ്യത്ത് പുതിയ ഭരണഘടന പ്രഖ്യാപിക്കുകയും 1965-ൽ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ഇക്കാലയളവിൽ രാജ്യത്ത് ഇടതുപക്ഷ-വലതുപക്ഷരാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉടലെടുക്കുകയും ശക്തിപ്പെടുകയും ചെയ്തു. 1970-കളുടെ തുടക്കത്തിൽ സോവിയറ്റ് യൂനിയൻ, അഫ്ഗാനിസ്താനിലേക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ തുടങ്ങി. ഇക്കാലയളവിൽ രാജ്യത്ത് ഒരു വൻ ക്ഷാമം അനുഭവപ്പെടുകയും ജനങ്ങളിൽ സർക്കാരിനെതിരെ അസംതൃപ്തി ഉടലെടുക്കാനും തുടങ്ങി.
1973 ജൂലൈ 17-ന് തന്റെ മാതുലനായ സഹീർ ഷാ രാജാവ്, റോമിൽ ഒരു വൈദ്യചികിത്സക്ക് പോയ അവസരത്തിൽ, മുഹമ്മദ് ദാവൂദ് ഖാൻ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തു. ഏവരേയും അത്ഭുതപ്പെടുത്തിയ ഈ നടപടിക്കു പിന്നിലെ അന്തർനാടകങ്ങൾ ഇന്നും അജ്ഞാതമാണ്. സേനാത്തലവനും സഹീർഷായുടെ മരുമകനുമായിരുന്ന അബ്ദ് അൽ വാലി ഖാനെ തടവിലാക്കുകയും പ്രധാനമന്ത്രിയുടെ അധികാരങ്ങളും ദാവൂദ് ഖാൻ ഏറ്റെടുക്കുകയും ചെയ്തു. ഈ അട്ടിമറിയിൽ ദാവൂദിന് സൈന്യത്തിന്റേയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ (പി.ഡി.പി.എ.) പാർചം വിഭാഗത്തിന്റേയും പിന്തുണയുണ്ടായിരുന്നു. വ്യോമസേനയിലെ മേജർ ജനറൽ അബ്ദ് അൽ ഖാദിർ എന്ന താജിക് സൈന്യാധിപനും ദാവൂദിന്റെ കൂട്ടത്തിലുണ്ടായിരുന്നു.
രാജഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ദാവൂദ് ഖാൻ, റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താൻ[3] എന്ന് രാജ്യത്തെ പുനർനാമകരണം ചെയ്തു. അധികാരം പിടിച്ചെടുത്ത് രണ്ടു ദിവസത്തിനകം സോവിയറ്റ് യൂനിയനും ഇന്ത്യയും പുതിയ സർക്കാരിനെ അംഗീകരിച്ചു. പ്രസിഡണ്ട്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി എന്നീ സ്ഥാനങ്ങൾ ദാവൂദ് സ്വയം ഏറ്റെടുത്തു. നാല് പി.ഡി.പി.എ. അംഗങ്ങൾ ദാവൂദിന്റെ സർക്കാരിൽ അംഗങ്ങളായി. കൂടാതെ നിരവധി പി.ഡി.പി.എ. അംഗങ്ങൾ, പ്രത്യേകിച്ച് പാർചം വിഭാഗക്കാർ ദാവൂദിന്റെ സർക്കാരിലും സൈന്യത്തിലും ഉന്നതസ്ഥാനങ്ങളിൽ ഇടം പിടിച്ചു. 1975 ഒക്ടോബറിൽ മേജർ ജനറൽ അബ്ദുൾ ഖാദിർ ആഭ്യന്തരമന്ത്രിയായി.
സർക്കാരിലെ മാറ്റം, പാകിസ്താനോടുള്ള സമീപനത്തിലും മാറ്റം വരുത്തി. പഷ്തൂണിസ്താന് വേണ്ടി ദാവൂദ് ഖാൻ ശക്തമായ നിലപാടെടുക്കുകയും ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു. അങ്ങനെ അഫ്ഗാൻ ജനതയുടേയും സോവിയറ്റ് യൂനിയന്റേയും മമത നേടുകയായിരുന്നു ദാവൂദിന്റെ ലക്ഷ്യം.
ഇതിനു പുറമേ ഇസ്ലാമികപ്രസ്ഥാനങ്ങളെ തന്റെ ഏറ്റവും പ്രധാനപ്പെട്ട എതിരാളികളായി ദാവൂദ് കണക്കാക്കുകയും ചെയ്തു. 1974 ജൂണിൽ 200-ഓളം ഇസ്ലാമികപ്രസ്ഥാനനേതാക്കളെ കാബൂളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുൽബ് ഉദ് ദീൻ ഹെക്മത്യാറും, റബ്ബാനിയും പാകിസ്താനിലേക്ക് കടന്നപ്പോൾ ഗുലാം മുഹമ്മദ് നിയാസി പിടിയിലായി. അഫ്ഗാനിസ്താനിൽ ഇന്നും തുടരുന്ന യുദ്ധത്തിന്റെ തുടക്കം ഈ സംഭവവികാസങ്ങളിൽ നിന്നാണ്. 1975 ജൂലൈ മാസം പാകിസ്താനിലേക്ക് കടന്ന അഫ്ഗാൻ നേതാക്കൾ ഒത്തുചേർന്ന് ദാവൂദിന്റെ ഭരനത്തിനെതിരെ പോരാടാൻ ആരംഭിച്ചത്. എങ്കിലും തുടക്കത്തിൽ ഇവരുടെ കലാപനടപടികൾ പരാജയത്തിലവസാനിച്ചു.
കമ്മ്യൂണിസ്റ്റുകളുമായുള്ള അകൽച്ചയും പുതിയ ഭരണഘടനയും
[തിരുത്തുക]ഇസ്ലാമികപ്രസ്ഥാനങ്ങളുടെ ഭീഷണി കുറഞ്ഞതോടെ, കമ്മ്യൂണിസ്റ്റുകളിൽ നിന്നും അകന്ന് അഫ്ഗാനിസ്താന്റെ പഴയ നിഷ്പക്ഷനിലപാടിലേക്ക് തിരിച്ചെത്താൻ ദാവൂദ് ശ്രമിച്ചു. 1975-ൽ സൗദി അറേബ്യയിലെ ഫൈസൽ രാജാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ ദാവൂദ്, അവിടെ വച്ച് പാകിസ്താനിലെ ഭരണാധികാരിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുമായി സ്വകാര്യസംഭാഷണത്തിൽ ഏർപ്പെട്ടു ഇതിനുശേഷം പാകിസ്താനുമായി നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു.
1973-ലെ അറബ് ഇസ്രയേൽ യുദ്ധത്തിനു ശേഷം, സമ്പന്നമായ മദ്ധ്യപൂർവ്വദേശത്തെ എണ്ണയുല്പാദനരാജ്യങ്ങൾ ദാവൂദിന്റെ കന്ന്യൂണിസ്റ്റ് വിരുദ്ധപരിപാടികൾക്ക് അനുകൂലനിലപാട് പ്രഖ്യാപിച്ചു. തുടർന്ന് പാർചമികളേയും ഖൽഖികളുമടങ്ങിയ മാർക്സിസ്റ്റ് പ്രസ്ഥാനത്തെ ദാവൂദ് നിയന്ത്രിക്കാൻ ആരംഭിച്ചു. 1977 ജനുവരി 30-ന് ഒരു പുതിയ ഭരണഘടനയുടെ പ്രഖ്യാപനത്തിന് ദാവൂദ് ഒരു ലോയ ജിർഗ വിളിച്ചുകൂട്ടി. ഭരണഘടനയുടെ നിർമ്മാണത്തിലോ, ഈ ലോയ ജിർഗയിൽ പങ്കെടുക്കുന്നതിൽ നിന്നും പി.ഡി.പി.എ. പ്രവർത്തകരെ വിലക്കുകയും ചെയ്തിരുന്നു. ഇതോടെ ദാവൂദും പി.ഡി.പി.എ. യും തമ്മിലുള്ള ബന്ധം അത്യധികം വഷളായി.
ദാവൂദ് നടപ്പാക്കിയ ഭരനഘടന, രാജ്യത്ത് ഏകകക്ഷിസംവിധാനം വിഭാവനം ചെയ്തു. ഹിസ്ബ് ഇ ഇങ്ക്വിലാബ് ഇ മില്ലി (ദേശീയ വിപ്ലവകക്ഷി) അഥവാ നാഷണൽ റെവല്യൂഷണറി പാർട്ടി എന്നായിരുന്നു ഈ ഏകകക്ഷിയുടെ പേര്. മില്ലി ജിർഗ എന്ന ദേശീയ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ ഈ കക്ഷി നിർദ്ദേശിക്കുന്നു. പാർട്ടി നിർദ്ദേശിക്കുന്നയാളെ മില്ലി ജിർഗയും മറ്റ് ഉന്നതോദ്യോഗസ്ഥരുമടങ്ങിയ ലോയ ജിർഗ തിരഞ്ഞെടുക്കണം തുടങ്ങിയവയായിരുന്നു ഈ ഭരണഘടനയിലെ നിർദ്ദേശങ്ങൾ. രാജ്യത്തെ വൻ വ്യവസായങ്ങൾ, ബാങ്കുകൾ, ഖനികൾ മറ്റു പ്രധാനസ്ഥാപനങ്ങൾ തുടങ്ങിയവ ദേശസാൽക്കരിക്കാനുള്ള വ്യവസ്ഥകളും ഈ ഭരണഘടനയിലുണ്ടായിരുന്നു. സ്ത്രീപുരുഷഭേദമില്ലാതെ എല്ലാ 18 വയസ് തികഞ്ഞ അഫ്ഗാനികൾക്കും വോട്ടവകാശം നൽകി. സുന്നി ഷിയാ വ്യത്യാസങ്ങളില്ലതെ എല്ലാവർക്കും ഒരേ തരം നിയമം നടപ്പിലാക്കി. ഭൂപരിഷ്കണത്തിന് വ്യവസ്ഥയുണ്ടായിരുന്ന ഈ ഭരണഘടന, സഹകരണസംഘങ്ങളുടെ സംഘാടനത്തേയും വിഭാവനം ചെയ്തു. പുരോഗമനപരവും ജനാധിപത്യപരവുമായ ആശയങ്ങളെല്ലാം ഉണ്ടെങ്കിലും യഥാർത്ഥ അധികാരം പ്രസിഡണ്ടിൽ നിക്ഷിപ്തമായിരുന്നു. ദേശീയ അസംബ്ലി വിളിച്ചുകൂട്ടാനും പിരിച്ചുവിടാനും എന്നു വേണ്ട, അത് പാസാക്കുന്ന ഏതു നിയമങ്ങളെയും അസാധുവാക്കാനുമുള്ള അംഗീകാരവും പ്രസിഡണ്ടിനുണ്ടായിരുനു.
പുതിയ ഭരണഘടന ഒരിക്കലും പൂർണമായി നടപ്പിലായില്ല. ദാവൂദും പിഡി.പി.എ.യുമായുള്ള അകൽച്ച, അഫ്ഗാനിസ്താനും സോവിയറ്റും യൂനിയനും തമ്മിലുള്ള അകൽച്ചക്ക് കാരണായി. 1977 ഏപ്രിലിൽ മോസ്കോ സന്ദർശിച്ച ദാവൂദും, റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായ ബ്രെഷ്നേവുമായി ദേഷ്യം പിടിച്ച വാഗ്വാദം നടന്നു. അറബ് പണം പറ്റി, ദാവൂദ്, അഫ്ഗാനിസ്താനെ പടിഞ്ഞാറൻ കൂടാരത്തിലേക്ക് നീക്കുകയാണെന്ന് സോവിയറ്റ് യൂനിയൻ ആരോപിച്ചു. ഇതിനോടൊപ്പം, സോവിയറ്റ് യൂനിയന്റെ സമ്മർദ്ധഫലമായി, 1977 ജൂലൈ മാസത്തിൽ പി.ഡി.പി.എ.യുടെ ഖൽഖ്, പാർചം വിഭാഗങ്ങൾ ദാവൂദ് ഖാനെതിരെ ഒത്തൊരുമിച്ച് പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്തു.[2]
സോർ വിപ്ലവം - അന്ത്യം
[തിരുത്തുക]1978-ന്റെ തുടക്കം മുതൽ, ദാവൂദ്, തന്റെ മുൻ കമ്മ്യൂണിസ്റ്റ് അണികളെ നിലക്ക് നിർത്താൻ പാടുപെടുകയായിരുന്നു; എങ്കിലും ഇതിൽ കാര്യമായി വിജയിക്കാനായില്ല. ഹഫീസുള്ള അമീൻ, അക്ബർ ഖൈബർ തുടങ്ങിയ പി.ഡി.പി.എ.യുടെ പ്രവർത്തകർ ദാവൂദിന്റെ സൈനികർക്കിടയിൽ പ്രവർത്തിച്ച് സൈന്യത്തിലെ കുറേ പേരെ പി.ഡി.പി.എ. അനുയായികളാക്കി മാറ്റുകയും ചെയ്തു.
ഇതിനിടെ 1978 ഏപ്രിൽ 17-ന് പി.ഡി.പി.എ.യുടെ സ്ഥാപകനേതാവും, പാർചം പ്രമുഖൻ ബാബ്രക് കാർമാലിന്റെ സഹചാരിയുമായിരുന്ന അക്ബർ ഖൈബർ കൊല്ലപ്പെട്ടു. ഖൈബറിന്റെ കൊലയാളി, ദാവൂദിന്റെ ആളുകളാണെന്നോ അതോ ഖൈബറിന്റെ മാർക്സിസ്റ്റ് എതിരാളികാളാണൊ എന്നോ, കൊലചെയ്യപ്പെട്ട സാഹചര്യമോ ശരിയായി വിലയിരുത്തപ്പെട്ടിട്ടില്ല എങ്കിലും മാർക്സിസ്റ്റുകാർ ഈ കൊലപാതകം ദാവൂദിനു മേൽ ചാർത്തി. ഖൈബറിന്റെ ശവസംസ്കാരച്ചടങ്ങ്, ദാവൂദിനെതിരെയുള്ള ഒരു വൻപ്രതിഷേധജാഥയായി പരിണമിച്ചു. അതേ സമയം, ദാവൂദ് തന്റെ എതിരാളികളെയെല്ലാം തടവിലാക്കാൻ ഉത്തരവിട്ടു. എന്നാൽ ഇതിൽ നിന്നും രക്ഷപ്പെട്ട പി.ഡി.പി.എ. നേതാവ്, നൂർ മുഹമ്മദ് താരക്കി, ഒരു സൈനിക അട്ടിമറിക്ക് ആഹ്വാനം ചെയ്തു. അങ്ങനെ ഏപ്രിൽ 27-ന് സൈനികകലാപം പൊട്ടിപ്പുറപ്പെട്ടു. ഈ സൈനികകലാപം, സോർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു.
1973-ലെ അട്ടിമറിയിൽ ദാവൂദിനോടൊപ്പമുണ്ടായിരുന്ന ജനറൽ അബ്ദുൾ ഖാദിർ, ദാവൂദിനെതിരെയുള്ള ഈ അട്ടിമറിയിലും പ്രധാന പങ്കാളിയായിരുന്നു. ദാവൂദിന്റെ കൊട്ടാരത്തിന്മേലുള്ള വ്യോമാക്രമനം നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. ആക്രമണത്തിൽ ദാവൂദ് ഖാനും അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളും മരണമടഞ്ഞു. ദാവൂദിന്റെ സഹോദരൻ സർദാർ മുഹമ്മദ് നജ്ം ഇക്കൂട്ടത്തിൽപ്പെടുന്നു. അട്ടിമറിക്ക് നേതൃത്വം വഹിച്ച മുഹമ്മദ് അസ്ലം വതഞ്ജാർ[ക], ജനറൽ അബ്ദുൾ ഖാദിർ എന്നീ സൈനികോദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു വിപ്ലവസമിതി രൂപീകരിച്ചു. തുടർന്ന് വിവിധ വ്യവസ്ഥകളിൽ ഈ സമിതി, നൂർ മുഹമ്മദ് താരക്കിക്ക് അധികാരക്കൈമാറ്റം നടത്തി.[4]
കുറിപ്പുകൾ
[തിരുത്തുക]- ക.^ ഇദ്ദേഹവും 1973-ലെ അട്ടിമറിയിൽ ദാവൂദിന്റെ പക്ഷത്തുണ്ടായിരുന്നു. രണ്ടുതവണയും കൊട്ടാരത്തിലേക്ക്ക് ആദ്യമായി യുദ്ധടാങ്ക് ഓടിച്ചുകയറ്റിയത് ഇദ്ദേഹമായിരുന്നു. നജീബുള്ളായുടെ ഭരണകാലത്ത് 1990-ൽ ഇദ്ദേഹം പ്രതിരോധമന്ത്രിയായിരുന്നു. പാക്ത്യ പ്രവിശ്യയിലുള്ള പ്രധാനപ്പെട്ട ഘൽജി കുടുംബത്തിൽനിന്നുള്ള 1946-ൽ ജനിച്ച വതഞ്ജാർ, ഖൽഖി വിഭാഗത്തിലെ അംഗമായിരുന്നു. 1992-ൽ നജീബുള്ളായുടെ പതനത്തിനു ശേഷം ഇദ്ദേഹം രാജ്യം വിട്ടതായി കരുതുന്നു.
അവലംബം
[തിരുത്തുക]- ↑ Rubin, Barnett. "DĀWŪD KHAN". In Ehsan Yarshater (ed.). Encyclopædia Iranica (Online Edition ed.). United States: Columbia University. Archived from the original on 2018-12-25. Retrieved January 2008.
{{cite encyclopedia}}
:|edition=
has extra text (help); Check date values in:|accessdate=
(help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 Vogelsang, Willem (2002). "18-Changing Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 291–302. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "History". Embassy of Islamic Republic of Afghanistan. Archived from the original on 2011-01-01. Retrieved 2010 ഓഗസ്റ്റ് 28.
1973 • July 17th: Zahir Shah is on vacation in Europe, when his government is overthrown in a military coup headed by Daoud Khan and PDPA (Afghan Communist Party). • Daoud Khan abolishes the monarchy, declares himself the President - Republic of Afghanistan is established.
{{cite web}}
: Check date values in:|accessdate=
(help) - ↑ Vogelsang, Willem (2002). "19-The Years of Communism". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 303. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)