Jump to content

അമാനുള്ള ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമാനുള്ള ഖാൻ
അഫ്ഗാനിസ്താന്റെ അമീർ, അഫ്ഗാനിസ്താന്റെ ചക്രവർത്തി (ഷാ)
ഭരണകാലം1919 ഫെബ്രുവർ 28 - 1929 ജനുവരി 14
അടക്കം ചെയ്തത്ജലാലാബാദ്, അഫ്ഗാനിസ്താൻ
മുൻ‌ഗാമിനാസറുള്ള ഖാൻ
പിൻ‌ഗാമിഇനായത്തുള്ള ഖാൻ
പിതാവ്ഹബീബുള്ള ഖാൻ
മാതാവ്സർവാർ സുൽത്താന ബീഗം

1919 മുതൽ 1929 വരെ അഫ്ഗാനിസ്താന്റെ ഭരണാധികാരിയായിരുന്നു അമാനുള്ള ഖാൻ (പഷ്തു: أمان الله خان ) (ജീവിതകാലം:1892 ജൂൺ 1 - 1960 ഏപ്രിൽ 25). അഫ്ഗാനിസ്താൻ അമീറത്തിന്റെ അവസാനത്തെ അമീർ ആയിരുന്നു അമാനുള്ള. 1919 മുതൽ 1926 വരെ അമീർ (പടനായകൻ) എന്ന പദവിയിൽ ഭരണത്തിലിരുന്ന ഇദ്ദേഹം, അതിനു ശേഷം ഷാ (ചക്രവർത്തി) എന്ന പദവി സ്വീകരിക്കുകയും ചെയ്തു.

തന്റെ പിതാവായ ഹബീബുള്ള ഖാന്റെ മരണശേഷം ഭരണത്തിലേറിയ നാസറുള്ള ഖാനെ പുറത്താക്കിയാണ് അമാനുള്ള കാബൂളിൽ അമീർ ആയി സ്ഥാനമേറ്റത്. ധീരനായ ഭരണാധികാരിയായിരുന്ന അമാനുള്ളയുടെ കാലത്ത്, ബ്രിട്ടണുമായി അഫ്ഗാനിസ്താൻ യുദ്ധത്തിലേർപ്പെടുകയും, അഫ്ഗാനിസ്താന്റെ വിദേശനയതന്ത്രകാര്യങ്ങളിൽ ബ്രിട്ടണുണ്ടായിരുന്ന നിയന്ത്രണം ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഇതിനെത്തുടർന്ന് അഫ്ഗാനിസ്താൻ, സോവിയറ്റ് യൂണിയനടക്കം, മറ്റു വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചു.

അഫ്ഗാനിസ്താനിൽ എഴുതപ്പെട്ട ഒരു ഭരണഘടന ആദ്യമായി ഉണ്ടാക്കിയത് അമാനുള്ളയുടെ ഭരണകാലത്താണ്. ഈ ഭരണഘടനയിലൂടെ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ പാർലമെന്റിനും അദ്ദേഹം രൂപം നൽകി. പരിഷ്കരണവാദിയായിരുന്ന അമാനുള്ള എല്ലാ മതവിശ്വാസികൾക്കും തുല്യത നൽകുക, സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക, പർദ്ദ ഒഴിവാക്കുക തുടങ്ങിയ വിപ്ലവകരമായ നിരവധി വ്യക്തി-സാമൂഹികനിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തു. ഇതുമൂലം അടിസ്ഥാനമതവാദികളുടെ എതിർപ്പ് സമ്പാദിക്കേണ്ടിവരുകയും 1929-ൽ ഭരണം വിട്ടൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു. പരിഷ്കാരങ്ങൾ വളരെ ധൃതി പിടിച്ച് നടപ്പിലാക്കിയതിനാലും ശക്തമായ സൈനികപിന്തുണയുടെ അഭാവവുമായിരുന്നു, അമാൻ അള്ളായുടെ നയങ്ങൾ പരാജയപ്പെടാനുള്ള കാരണം എന്ന് വിലയിരുത്തപ്പെടുന്നു.

ജീവചരിത്രം

[തിരുത്തുക]

1892-ലാണ് അമാൻ അള്ളാ ജനിച്ചത്. മഹ്മൂദ് ബെഗ് താർസിയുടെ പുത്രിയായ സുരയ്യയെയാണ് അമാൻ അള്ളാ വിവാഹം ചെയ്തത്.

അധികാരത്തിലേക്ക്

[തിരുത്തുക]

അമീർ ഹബീബുള്ള ഖാന്റെ മൂന്നാമത്തെ മകനായിരുന്നു അമാനുള്ള ഖാൻ. പിതാവിന്റെ ഭരണകാലത്ത് അമാനുള്ളക്ക് കാബൂളിലെ ഭരണനിർവാഹകന്റെ ചുമതലയുണ്ടായിരുന്നു. ഇതിനും പുറമേ, കാബൂളിലെ കോട്ടയുടേയും, ഖജനാവിന്റേയും ചുമതലയും അമാനുള്ള വഹിച്ചിരുന്നു. 1919 ഫെബ്രുവരിയിൽ ഒരു നായാട്ടിനിടെ അവിചാരിതമായാണ് ഹബീബുള്ള മരണമടഞ്ഞത്. രാഷ്ട്രീയകാര്യങ്ങളിൽ വിമതനായിരുന്ന, ഹബീബുള്ളയുടെ ഇളയ സഹോദരൻ നാസറുള്ളയായിരുന്നു തുടർന്ന് ഫെബ്രുവരി 21-ന് അധികാരത്തിലേറിയത്. എന്നാൽ തന്റെ പിതാവിന്റെ കൊലപാതകത്തിൽ നാസറുള്ളാക്ക് പങ്കുണ്ടെന്ന് അമാനുള്ള ആരോപിച്ചു. ശമ്പളവർദ്ധന നൽകി അമാനുള്ളാ, സൈന്യത്തിന്റെ പിന്തുണ ഉറപ്പിച്ച്, 1919 ഫെബ്രുവരി 28-ന് അമാൻ അള്ളാ കാബൂളിൽ അമീർ ആയി അധികാരമേൽക്കുകയും നാസറുള്ളയെ തടവിലാക്കുകയും ചെയ്തു.

തന്റെ ഭാര്യാപിതാവായ മഹ്മൂദ് താർസിയുടേയും, പ്രധാനമന്ത്രിയും മുൻ അമീർ അബ്ദുർറഹ്മാൻ ഖാന്റെ സേനാനായകനു മായിരുന്ന അബ്ദ് അൽ ഖുദ്‌ദുസിന്റേയ്യും പിന്തുണയിൽ അമാനുള്ളാ തന്റെ സ്ഥാനം ഭദ്രമാക്കി.[1]

മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധം

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധാനന്തരം, 1918-ൽ ഓട്ടൊമൻ തുർക്കിയുടെ ഒട്ടുമിക്കഭാഗങ്ങളും സഖ്യസേനയുടെ കൈപ്പിടിയിലായതിനെത്തുടർന്ന് നേരിട്ടുള്ള വിദേശാധിപത്യത്തിൽ നിന്ന് മുക്തമായ മേഖലയിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി അഫ്ഗാനിസ്താൻ മാറിയിരുന്നു.

നാൾക്കുനാൾ വർദ്ധിച്ചുവരുന്ന പടിഞ്ഞാറൻ ആധിപത്യത്തിനെതിരായും യാഥാസ്ഥികരായ പഷ്തൂൺ ഗോത്രങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുമായുള്ള നിലപാടാണ് അധികാരമേറ്റതിനു ശേഷം അമാനുള്ള, കൈക്കൊണ്ടത്. അഫ്ഗാനിസ്താന് സ്വതന്ത്രവിദേശനയങ്ങൾ നടപ്പിലാക്കുന്നതിന് വിഘാതമായി നിലനിന്നിരുന്ന മുൻ ഉടമ്പടികൾ പുനഃപരിശോധിക്കുന്നതിന് അമാനുള്ളാ ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതിരുന്ന ബ്രിട്ടണെതിരെ വിശുദ്ധയുദ്ധം (ജിഹാദ്) പ്രഖ്യാപിക്കുകയും ഇത് മൂന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിന് വഴിവക്കുകയും ചെയ്തു.

ചെറിയ ചെറിയ പൊട്ടിത്തെറികൾക്കു ശേഷം 1919 മേയ് 4-ന് പൂർണതോതിലുള്ള യുദ്ധം ആരംഭിച്ചു. പ്രദേശത്ത് ആദ്യമായി വിമാനങ്ങൾ പറക്കാനാരംഭിച്ചത് ഈ യുദ്ധകാലത്താണ്. ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ ജലാലാബാദിലും തുടർന്ന് മേയ് 24-ന് കാബൂളിലെ അമീറിന്റെ കൊട്ടാരത്തിലും ബോബാക്രമണങ്ങൾ നടത്തി. ഒന്നാം ലോകമഹായുദ്ധത്തിൽ ആർജ്ജിച്ചെടുത്ത അനുഭവസമ്പത്തുമൂലം അഫ്ഗാനികൾ, ബ്രിട്ടീഷുകാർക്ക് ശക്തരായ എതിരാളികളായിരുന്നില്ലെങ്കിലും തന്ത്രപ്രധാനമായ ചില വിജയങ്ങൾ അഫ്ഗാൻ സേനയും നേടി.[ക]

ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ സാമ്പത്തികത്തകർച്ച മൂലം യുദ്ധം അധികം നീട്ടിക്കൊണ്ടുപോകാൻ ബ്രിട്ടൺ ആഗ്രഹിച്ചിരുന്നില്ല. 1919 ജൂൺ 2-ആം തിയതി തന്നെ ഒരു വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഇതേ വർഷം ഓഗസ്റ്റ് 8-ന് റാവൽ‌പിണ്ടിയിൽ വച്ച് ഒപ്പുവക്കപ്പെട്ട ഒരു കരാറിലൂടെ അഫ്ഗാനികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും ബ്രിട്ടീഷുകാർ അംഗീകരിച്ചു. 1921 നവംബർ 22-ന് ഒപ്പുവക്കപ്പെട്ട ആംഗ്ലോ അഫ്ഗാൻ ഉടമ്പടിയിലൂടെ ഈ കരാറുകൾ സ്ഥിരീകരിക്കുകയും ലണ്ടനുമായി നേരിട്ടുള്ള നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. എങ്കിലും 1893-ൽ നിർണയിക്കപ്പെട്ട ഡ്യൂറണ്ട് രേഖ ഈ ഉടമ്പടിയിൽ കൂടുതൽ സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ ബ്രിട്ടീഷുകാർ വർഷാവർഷം അമീറിന് നൽകിപ്പോന്ന സഹായധനവും നിർത്തലാക്കി.[1]

സ്വതന്ത്രവിദേശബന്ധങ്ങൾ

[തിരുത്തുക]

ബ്രിട്ടീഷ് ഇടപെടലിൻ നിന്ന് മുക്തനായതിനെത്തുടർന്ന് സോവിയറ്റ് യൂനിയനും അമേരിക്കയുമായുമടക്കമുള്ള വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ അഫ്ഗാനിസ്താൻ സർക്കാർ ആരംഭിച്ചു. 1921-ൽ സോവ്യറ്റ് യൂനിയൻ, തുർക്കി, ഇറ്റലി, പേർഷ്യ എന്നിവയുമായി സൗഹൃദ ഉടമ്പടികൾ ഒപ്പുവക്കപ്പെട്ടു. 1922-ൽ സമാനമായ ഒരു ഉടമ്പടി ഫ്രാൻസുമായും ഒപ്പുവച്ചു. പാൻ ഇസ്ലാമിസത്തിന്റെ വീക്ഷണത്തിൽ തുർക്കിയെ ഒരു മാതൃകാരാജ്യമായും ഇസ്ലാമികഖിലാഫത്തിന്റെ കൈക്കാരനായും 1921-ൽ അഫ്ഗാനിസ്താൻ അംഗീകരിച്ചു. 1924-ൽ തുർക്കിയിലെ ഖിലാഫത്ത് തകർന്നതോടെ ഈ വീക്ഷണത്തിൽ മാറ്റം വന്നു.

1922-ൽ കാബൂളിൽ ആദ്യത്തെ ബ്രിട്ടീഷ് അംഗാസഡർ ആയി മേജർ ഫ്രാൻസിസ് ഹംഫ്രിസ് എത്തിച്ചേർന്നു. 1923-ൽ ഫ്രാൻസുമായും അംബാസഡർമാരെ കൈമാറി. അമാനുള്ളായുടെ ഭാര്യാപിതാവായിരുന്ന മഹ്മൂദ് ബെഗ് താർസിയായിരുന്നു ഫ്രാൻസിലേക്ക്കുള്ള ആദ്യത്തെ സ്ഥാനപതി. ഇതോടൊപ്പം രാജ്യത്ത് പുരാവസ്തുഗവേഷണം നടത്തുന്നതിന് 30 വർഷത്തേക്കുള്ള കുത്തകാവകാശം ഫ്രഞ്ചുകാർക്ക് ലഭിച്ചു[ഗ]. 1922-ൽത്തന്നെ വിഖ്യാതരായ രണ്ടൂ ഫ്രഞ്ച് പുരാവസ്തുഗവേഷകരായ ആൽഫ്രഡ് ഫൗഷർ, ആന്ദ്രേ ഗോദാർദ് എന്നിവർ അഫ്ഗാനിസ്താനിലെത്തുകയും ബാമിയാനിൽ പഠനം ആരംഭിക്കുകയും ചെയ്തു. അഫ്ഗാനിസ്താന്റെയും മദ്ധ്യേഷ്യയുടേയും ചരിത്രത്തെക്കുറിച്ച് നിരവധി വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ പഠനങ്ങൾക്കായി.

സോവിയറ്റുകളെ പേടിച്ച് നാടുവിട്ട മുൻ ബുഖാറ അമീർ, മിർ ആലിമിന് അഭയം നൽകിയതുൾപ്പടെ ദക്ഷിണമദ്ധ്യേഷ്യയിലെ ബോൾഷെവിക് വിരുദ്ധരെ അമാനുള്ള ആദ്യം പിന്താങ്ങിയിരുന്നെങ്കിലും 1921-ലെ കരാറനുസരിച്ച് സോവിയറ്റ് യൂനിയനുമായ് നല്ല ബന്ധം സ്ഥാപിച്ചു. 1924-ൽ മറ്റൊരു സമാധാനസന്ധിയും സോവിയറ്റ് യൂനിയനുമായി ഏർപ്പെട്ടു.[1]

ദാരുൾ അമാൻ

[തിരുത്തുക]
ദാരുൾ അമാൻ കൊട്ടാരം - 1920കളുടെ തുടക്കത്തിൽ അമാനുള്ള പണികഴിപ്പിച്ച ഈ കൊട്ടാരം, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം നടന്ന നിരവധി സൈനികാക്രമണങ്ങളുടെ ഫലമായി നാശോന്മുഖമായി
താജ്ബെഗ് കൊട്ടാരം (മഹാറാണിയുടെ കൊട്ടാരം) - രാജ്ഞി സുറയ്യക്കായി, ദാരുൾ അമാൻ കൊട്ടാരത്തിനടുത്തുള്ള ഒരു കുന്നിന്മുകളിൽ 1920-കളുടെ ആരംഭത്തിൽത്തന്നെ അമാനുള്ള പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. ഹഫീസുള്ള അമീൻ പ്രസിഡണ്ടായിരുന്നപ്പോൾ ഈ കൊട്ടാരത്തിലാണ് വസിച്ചിരുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതും ഇവിടെവച്ചുതന്നെയാണ്. സൈനികാക്രമണങ്ങളിൽ ഈ കൊട്ടാരത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തന്റെ ഭരണത്തിന്റെ തൂടക്കത്തിൽ, കാബൂളിന് തെക്കുപടിഞ്ഞാറായി ഒരു ഭരണകേന്ദ്രവും കൊട്ടാരവും പണികഴിപ്പിച്ചു. ദാർ അൽ-അമാൻ (സമാധാനത്തിന്റെ കേന്ദ്രം) എന്നാണ് ഈ ഭരണകേന്ദ്രത്തിന് പേരിട്ടത്. നിരവധി കര്യാലയങ്ങളും വമ്പൻ പാർലമെന്റ് മന്ദിരവും ഈ സമുച്ചയത്തിലുണ്ടായിരുന്നു. കാബൂളിന്റെ കേന്ദ്രഭാഗവും ദാർ അൽ അമാനുമായി ബന്ധിപ്പിക്കുന്നതിന് ഒരു നാരോ ഗേജ് തീവണ്ടിപ്പാതയും സ്ഥാപിക്കപ്പെട്ടു. എങ്കിലും നിർമ്മാണം തീർന്നതിനു പിന്നാലെ ഈ പദ്ധതി നിർത്തലാക്കി.[ഘ][1]

നിളാം നാമെ

[തിരുത്തുക]
പ്രധാന ലേഖനം: നിളാം നാമെ

1923 ഏപ്രിലിൽ അഫ്ഗാനിസ്താന്റെ ചരിത്രത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയ്യാറായി. പൊതുവേ നിളാം നാമെ എന്നാണ് ഈ ഭരണഘടന അറിയപ്പെടുന്നത്. മഹ്മൂദ് താർസിയുടെ ആശയങ്ങളാണ് ഈ ഭരണഘടനയെ പ്രധാനമായും സ്വാധീനിച്ചിരിക്കുനന്ത്. ഇസ്ലാമുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ അഫ്ഗാനിസ്താനെ ഒരു ആധുനികരാജ്യമാക്കുന്നതിന് ഈ ഭരണഘടന വിഭാവനം ചെയ്തു. ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് രാജ്യത്ത് നിയമനിർമ്മാണസഭയും, പ്രവിശ്യകളിൽ പ്രതിനിധിസഭകളും നിലവിൽ വന്നു.

കാലങ്ങളായി അഫ്ഗാൻ രാഷ്ട്രീയത്തിൽ പിടിമുറുക്കിയിരുന്ന പരമ്പരാഗതശക്തികേന്ദ്രങ്ങളിൽ (ഗോത്ര-മത നേതാക്കൾ) നിന്നും ഭരണത്തെ സ്വതന്ത്രമാക്കാൻ ഈ ഭരണഘടനക്ക് സാധിച്ചു. അതുവരെ അഫ്ഗാനിസ്താനിൽ ഭരണത്തിൽ ശക്തമയി ഇടപെട്ടിരുന്ന ഗോത്രനേതാക്കളുടെ സമിതിയായ ലോയ ജിർഗക്ക് ഈ ഭരണഘടനയിൽ ഒരു സ്ഥാനവും കൽപ്പിച്ചിരുന്നില്ല. അമാനുള്ളയുടെ മുത്തച്ഛനായ അബ്ദുർ‌റഹ്മാൻ ഖാൻ വംശനേതാക്കളുടെ അതികാരം ഇല്ലാതാക്കുന്നത്യിന് ഇസ്ലാമിന്റെ ഉപയോഗിച്ചപ്പോൾ, പൗത്രൻ അമാനുള്ളാ, ഒരു പടികൂടി മുന്നോട്ട് കടന്ന് പാശ്ചാത്യരീതിയിലുള്ള ഒരു മതേതരരാഷ്ട്രത്തിന്റെ നിർമ്മിതിക്കായി ശ്രമിച്ചു. ഭരണഘടനയും ജനപ്രതിനിധിസഭയും നിലവിൽ വന്നെങ്കിലും രാജാവ് തന്നെയായിരുന്നു മിക്കവാറും അധികാരവും കൈക്കലാക്കിയിരുന്നത്. മന്ത്രിമാരെ നിയമിക്കാനുള്ള അധികാരം അദ്ദേഹത്തിനായിരുന്നു എന്നതിനു പുറമേ മന്ത്രിസഭയുടെ അദ്ധ്യക്ഷനും രാജാവായിരുന്നു.[1]

ആദ്യഘട്ട എതിർപ്പുകൾ

[തിരുത്തുക]

അമാനുള്ളായുടെ ഭരണപരിഷ്കാരങ്ങൾ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നതായിരുന്നില്ല. രാജ്യത്തെ മതപരമായ കാര്യങ്ങളിൽ കാര്യമായ സ്വാധീനമുണ്ടായിരുന്ന് മുജദ്ദിദി കുടുംബത്തിലെ ഫസൽ മുഹമ്മദും അദ്ദേഹത്തിന്റെ പിൻ‌ഗാമിയായിരുന്ന ഫസൽ ഒമറുമായിരുന്നു അമാനുള്ളായുടെ പ്രധാന എതിരാളികൾ.[1]

ഖോസ്ത് കലാപം

[തിരുത്തുക]

1924 മാർച്ചിൽ, ബ്രിട്ടീഷ്-ഇന്ത്യ അതിർത്തിപ്രദേശമായ ഖോസ്തിലെ, മംഗൽ വംശത്തിൽപ്പെട്ട പഷ്തൂണുകൾ അമീറിനെതിരെ കലാപമുയർത്തി. അമീറിന്റെ പാശ്ചാത്യരീതിയിലുള്ള പരിഷ്കരണനടപടികളാണ് ഇവരെ കലാപത്തിന് പ്രേരിപ്പിച്ചത്. മുല്ല ഇ ലാങ് എന്നറിയപ്പെട്ടിരുന്ന അബ്ദ് അള്ളാ അഖുന്ദ്സാദാ ഖരോതി, മുല്ല അബ്ദ് അൽ റഷീദ് എന്നിവരായിരുന്നു മംഗലുകളെ നയിച്ചിരുന്നത്. രാജ്യത്തെ ഒരു മുൻ അമീർ ആയിരുന്ന മുഹമ്മദ് യാക്കൂബ് ഖാന്റെ പുത്രനായിരുന്ന അബ്ദ് അൽ കരീമിന്റെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. സുലൈമാൻ ഖേൽ, അലി ഖേൽ എന്നീ പഷ്തൂൺ വംശജരും പിന്നീട് ഈ കലാപകാരികളോടൊപ്പം കൂടി.

ഈ കലാപം, അമാനുള്ളായുടെ സ്ഥാനത്തിന് കാര്യമായ ഭീഷണിയുയർത്തി. ഇതോടെ വംശീയനേതാക്കളുടെ സമിതിയായ ലോയ ജിർഗ വിളിച്ചുകൂട്ടാനും ഗോത്രനേതാക്കളുടെ പിന്തുണയാർജ്ജിക്കാനും അദ്ദേഹം നിർബന്ധിതനായി. തുടർന്ന് ലോയ ജിർഗയുടെ പിന്തുണയോടെ ഈ കലാപം പരിഹരിക്കുന്നതിന് അമാനുള്ള ജിഹാദ് പ്രഖ്യാപിച്ചു. വംശീയനേതാക്കളെ തൃപ്തിപ്പെടുത്തുന്നതിനായി, 1923-ൽ നടപ്പാക്കിയ ഭരണഘടനയിൽ ഇളവുകൾ വരുത്തുകയും ചെയ്തു.

ഭരണഘടനയിൽ പുതുതായി കൂട്ടിച്ചേർത്ത വ്യവസ്ഥകൾ അനുസരിച്ച് രാജ്യത്തെ ഹിന്ദുക്കളും ജൂതരും വ്യത്യസ്തമായ വസ്ത്രം ധരിക്കുന്നതിനും, അവർ ജിസ്‌യ എന്ന പ്രത്യേകനികുതി ഒടുക്കുന്നതിനും നിയമമായി. ഇസ്ലാമിക ഹനഫി രീതി ഔദ്യോഗികവിദ്യാഭ്യാസപദ്ധതിയാക്കി അംഗീകരിക്കുകയും സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു. ഇസ്ലാമികപണ്ഡിതരുടെ ഒരു സമിതിയെ ഇസ്ലാമികനിയമങ്ങൾക്കനുസരിച്ചുള്ള പുതിയ നിയമനിർമ്മാണങ്ങൾക്കായി ചുമതലപ്പെടുത്തി.

1925-ൽ ഖോസ്ത് കലാപകാരികൾ പരാജയപ്പെടുകയും കലാപത്തിന് നേതൃത്വം നൽകിയവരെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.[1]

ഷാ പാദവിയും രണ്ടാം ഘട്ട പരിഷ്കാരനടപടികളും

[തിരുത്തുക]
അമാനുള്ളയും ഭാര്യയും - 1928-ലെ ജർമ്മൻ സന്ദർശനവേളയിൽ - ബെർലിനിൽ നിന്നുള്ള ചിത്രം

മുഹമ്മദ്സായ് രാജാക്കന്മാർ അതുവരെ പിന്തുടർന്നിരുന്ന പടനായകൻ എന്ന അർത്ഥമുള്ള അമീർ എന്ന പദവിക്കു പകരം ചക്രവർത്തി എന്ന അർത്ഥമുള്ള ഷാ എന്ന പദവി 1926-ൽ അമാനുള്ള സ്വീകരിച്ചു[ഖ]. ഈ നടപടിയെ അഫ്ഗാനിസ്താൻ അമീറത്തിന്റെ അന്ത്യമായി കണക്കാക്കുന്നു. 1926-ൽത്തന്നെ രൂപക്ക് പകരം അഫ്ഗാനി എന്ന പുതിയ നാണയവ്യവസ്ഥയും രാജ്യത്ത് ആരംഭിച്ചു.

1927-ൽ അമാനുള്ളയും ഭാര്യയും ദീർഘമായ ഒരു വിദേശപര്യടനം നടത്തി. ഈജിപ്ത്, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ബ്രിട്ടൺ, റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയ അമാനുള്ള, മറ്റു രാജ്യങ്ങളിലെ പുരോഗതി കണ്ട്, തന്റെ രാജ്യത്തിന്റെ പുരോഗമനം വളരെ മെല്ലെയാണെന്ന് മനസ്സിലാക്കി. 1928 ജൂലൈയിൽ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഒരു ലോയ ജിർഗ വിളിച്ചുകൂട്ടി, തന്റെ പുതിയ പരിഷ്കാരനടപടികൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളടങ്ങിയ ഒരു പ്രതിനിധിസഭ രൂപീകരിക്കാനും ഇതോടെ ഉത്തരവായി. ജനങ്ങൾക്ക് സൈനികസേവനം നിർബന്ധിതമാക്കി. കാബൂളിൽ വസിക്കുന്നവരും കാബൂൾ സന്ദർശിക്കുന്നവരും പാശ്ചാത്യരീതിയിൽ വസ്ത്രധാരണം നടത്തണമെന്ന് 1929 മാർച്ചിൽ പ്രഖ്യാപിച്ചു. സ്ത്രീകൾ പർദ്ദ ധരിക്കേണ്ടതില്ലെന്നും അദ്ദേഹം ഉത്തരവിടുകയും പെൺകുട്ടികളടക്കം എല്ലാവർക്കും വിദ്യാഭ്യാസം നൽകുവാനും തീരുമാനിച്ചു.[1]

എതിർപ്പുകളും സ്ഥാനമൊഴിയലും

[തിരുത്തുക]

അമാനുള്ളയുടെ രണ്ടാംഘട്ട പരിഷ്കാരനടപടികളും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഇതിനും പുറമേ ഫസൽ ഒമർ മുജാദ്ദിദിയെ തടവിലാക്കുകയും കാബൂളിലെ മതകാര്യങ്ങൾക്കായുള്ള ന്യായാധിപനെ വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തതിലൂടെ എതിർപ്പുകൾ രൂക്ഷമായി.

1928 നവംബറിൽ, ഷിൻ‌വാരികൾ കലാപത്തിനിറങ്ങുകയും ജലാലാബാദിലെ ഹബീബുള്ളായുടെ ശവകുടീരത്തിനടുത്തുള്ള ശൈത്യകാലകൊട്ടാരം നശിപ്പിക്കുകയും ചെയ്തു. ഈ ചെയ്തികൾ, അസന്തുഷ്ടരായ മറ്റുവിഭാഗങ്ങൾക്ക് ഊർജ്ജം പകരുകയും കാബൂളിന് വടക്കുള്ള കോഹിസ്താനികളും കോഹ്ദമാനികളും സർക്കാർ പ്രതിനിധികളെ ആക്രമിക്കാനാരംഭിക്കുകയും ചെയ്തു. അമാനുള്ളക്കെതിരെ കലാപം നടത്തിയ കോഹിസ്താനികളേയും കോഹ്ദമാനികളേയും നയിച്ചിരുന്നത്,ക് ഹബീബുള്ള കാലകാനി എന്ന ഒരു താജിക് വംശജനായിരുന്നു.

ഇനായത്തുള്ള ഖാൻ

സൈനികരിൽ പലരും വിമതവിഭാഗങ്ങളുടെ കൂടെച്ചേർന്നതോടെ സൈന്യം ശിഥിലമായി. അങ്ങനെ ഗത്യന്തരമില്ലാതെ 1929 ജനുവരി 14-ന് അമാനുള്ള രാജ്യഭാരം ഉപേക്ഷിക്കുകയും അധികാരം, സഹോദരനായ ഇനായത്തുള്ളാക്ക് കൈമാറി[1] കന്ദഹാറിലേക്ക് രക്ഷപ്പെട്ടു. അമാനുള്ളയുടെ റോൾസ് റോയ്സ് കാറിനെ ഹബീബുള്ള കാലാകാനിയും കൂട്ടരും കുതിരപ്പുറത്ത് പിന്തുടർന്നെങ്കിലും അമാനുള്ള വിജയകരമായി കന്ദഹാറിലെത്തി. 1929 ജനുവരി 16-ന് ഹബീബുള്ള കാലാകാനി കാബൂൾ പിടിച്ചടക്കി. ജനുവരി 18-ന് ഒരു ബ്രിട്ടീഷ് വിമാനത്തിൽ ഇനായത്തുള്ളാ കാബൂളിൽ നിന്നും പെഷവാറിലേക്ക് രക്ഷപ്പെട്ടു.

ഇനായത്തുള്ളക്ക് ഭരണം നിലനിർത്താൻ സാധിച്ചില്ലെന്ന് കണ്ടപ്പോൾ അമാനുള്ള, കന്ദഹാറിൽ വച്ച് വീണ്ടൂം രാജാവായി പ്രഖ്യാപിച്ചു. നിരവധി ദുറാനി കുടുംബങ്ങളുടെ പിന്തുണയിലായിരുന്നു ഈ സ്ഥാനാരോഹണം. എന്നാൽ ഹസാര പോരാളികളുമായി കാബൂളിലേക്ക് മുന്നേറിയ അമാനുള്ളയെ ഘൽജി വംശജരുടെ എതിർപ്പ് മൂലം പരാജയപ്പെട്ട് പിൻ‌വാങ്ങി. 1929 മേയ് 23-ന് അമാനുള്ള ഇന്ത്യയിലേക്ക് പലായനം ചെയ്തു.[1]

അന്ത്യം

[തിരുത്തുക]

രാജ്യം വിട്ട അമാനുള്ള, പിന്നീടൊരിക്കലും അഫ്ഗാനിസ്താനിലേക്ക് തിരിച്ചുവന്നില്ല. ഏറെക്കാലം ഇറ്റലി, സ്വിറ്റ്സർലന്റ് എന്നിവിടങ്ങളിൽ പ്രവാസജീവിതം നയിച്ച ഇദ്ദേഹം, 1960- ഏപ്രിൽ 26-ന് സ്വിറ്റ്സർലന്റിലെ സൂറിച്ചിൽ വച്ച് മരണമടഞ്ഞു. ജലാലാബാദിലെ തന്റെ പിതാവിന്റെ ശവകുടീരത്തിനടുത്തുതന്നെയാണ് അമാനുള്ളയേയും അടക്കം ചെയ്തത്. ഭാര്യ സുറയ്യയും എട്ടുവർഷത്തിനുശേഷം മരണമടഞ്ഞു. ഇവരേയും ജലാലാബാദിൽത്തന്നെയാണ് അടക്കിയിരിക്കുന്നത്.[1]

കുറിപ്പുകൾ

[തിരുത്തുക]

ക. ^ ഈ യുദ്ധത്തിൽ, അഫ്ഗാൻ സൈന്യത്തിലെ ഒരു സൈന്യാധിപനായിരുന്ന നാദിർ ഖാൻ, പെഷവാറിന് തെക്കുപടിഞ്ഞാറായുള്ള കൂറം താഴ്വരയിലെ താലിലുള്ള ബ്രിട്ടീഷ് കോട്ട പിടീച്ചടക്കുന്നതിൽ വിജയം വരിച്ചു. ഇതിലൂടെ നാദിർ ഖാൻ പഷ്തൂണുകൾക്കിടയിൽ വീരനായകനായി. 1929-ൽ അഫ്ഗാനിസ്താന്റെ ഭരണസാരഥ്യം കൈയാളുന്നതിനും ഈ വിജയം നാദിർ ഖാനെ പ്രാപ്തനാക്കി.[1]

ഖ. ^ അവസാന സാദോസായ് ഭരണാധികാരിയായിരുന്ന ഷാ ഷൂജയാണ്, ഷാ എന്ന പദവി അവസാനമായി ഉപയോഗിച്ചിരുന്നത്.[1] ദോസ്ത് മുഹമ്മദിന്റെ നേതൃത്വത്തിൽ മുഹമ്മദ്സായ് വംശജർ അധികാരത്തിലെത്തിയതോടെ, ഭരണകൂടത്തിൽ മതത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനാണ് വിശ്വാസികളുടെ പടനായകൻ എന്ന അർത്ഥത്തിൽ അമീർ എന്ന പദവി അദ്ദേഹം സ്വീകരിച്ചത്. തുടർന്ന്, അമാനുള്ള ഖാൻ വരെയുള്ള അഫ്ഗാനിസ്താൻ അമീറത്തിലെ ഭരണാധികാരികളെല്ലാം അമീർ എന്ന പദവിയാണ് ഉപയോഗിച്ചിരുന്നത്.

ഗ. ^ The Delegation Archeologique Francais en Afghanistan എന്ന ഈ കരാർ 1952-ൽ 30 വർഷത്തേക്ക് കൂടി പുതുക്കി നൽകുകയും ചെയ്തു.

ഘ. ^ ഈ പദ്ധതിക്കു വേണ്ടീയുള്ള തീവണ്ടി എഞ്ചിൻ 1978-ലും ദാർ അൽ അമാനിൽ കാണാമായിരുന്നു എന്ന് വില്ല്യം വോഗൽ‌സാങ് സൂചിപ്പിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 276–282. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അമാനുള്ള_ഖാൻ&oldid=3347756" എന്ന താളിൽനിന്ന് ശേഖരിച്ചത്