തപസ്സ് കാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആരാധനക്രമ വർഷം
റോമൻ റീത്ത് / ലത്തീൻ റീത്ത്
സീറോ മലബാർ റീത്ത്

[1]പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷം അനുസരിച്ച് ഈസ്റ്ററിന് ഒരുക്കമായി വരുന്ന നോയമ്പ് കാലമാണ് തപസ്സ് കാലം. ഈസ്റ്ററിന്മുൻപ് വരുന്ന ഏകദേശം ആറാഴ്ചകളാണ് തപസ്സ് കാലമായി ആചരിക്കുന്നത്. വിഭൂതി ബുധനാഴ്ച മുതൽ പെസഹാ വ്യാഴാഴ്ച വരെയോ ഈസ്റ്ററിന്റെ തലേന്ന് വൈകുന്നേരം വരെയോ ആണ് തപസ്സ് കാലം.[2]പശ്ചാത്താപത്തിന്റെയും പാപപരിഹാരതിന്റെയും അനുതാപത്തിന്റെയും കാലമാണ് വിശ്വാസികൾക്ക് ഇത്. വിശ്വാസികൾ ഉപവാസം, ആശയടക്കം, മംസാഹരവർജ്ജനം, ആഡംബരങ്ങൾ ഒഴിവാക്കൽ എന്നിവയിലൂടെ നോയമ്പ് ആചരിക്കുന്നു. കേരളത്തിൽ ഈ നോമ്പുകാലം അൻപത് നോമ്പ്, വലിയ നോമ്പ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

ബൈബിൾ പശ്ചാത്തലം[തിരുത്തുക]

[3]ലത്തീനിൽ ക്വാദ്രജെസെമ എന്ന പദമാണ് തപസ്സ് കാലത്തിന് ഉപയോഗിക്കുന്നത്. നാല്പതാമത് എന്നാണ് ഈ വാക്കിനർത്ഥം. മലയാളത്തിൽ അൻപത് നോമ്പ് എന്നാണ് അറിയപ്പെടുന്നതെങ്കിലും യാഥാർത്ഥത്തിൽ നാല്പത് ദിവസമാണ് തപസുകാലാചരണം.വിഭൂതി ബുധൻ മുതൽ ഈസ്റ്റർ വരെയുള്ള ആഴ്ചകളിൽ നിന്ന് ഞായറാഴ്ചകൾ ഒഴിവാക്കിയാണ് നാല്പത് ദിവസം കണക്കാക്കുന്നത് (എല്ലാ ഞായറാഴ്ചകളും ചെറിയ ഈസ്റ്ററായി സഭ കരുതുന്നതിനാലാണ് നോമ്പുകാലത്തിനിടയിൽ വരുന്ന ഞായറാഴ്ചകൾ ഒഴിവാക്കുന്നത്.) ബൈബിളിലെ വിവിധ സംഭവങ്ങൾ ഈ നാല്പതു ദിവസവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

 • [4]നാൽപതു ദിവസം മോശ സീനായ് മലയിൽ ചെലവഴിച്ചു.
 • [5]നാല്പത് രാവും നാല്പത് പകലും സഞ്ചരിച്ച് ഏലിയ പ്രവാചകൻ ഹോരെബ് മലയിൽ എത്തി.
 • [6]നോഹയുടെ കാലത്തെ വെള്ളപ്പൊക്കം നാല്പത് രാവും നാല്പത് പകലും നീണ്ടു നിന്നു.
 • [7]ഇസ്രയേൽ ജനം കാനാൻ ദേശത്ത് എത്തിച്ചേരാൻ നാല്പത് വർഷം എടുത്തു.
 • [8]നാല്പത് ദിവസത്തിനുള്ളിൽ നിനെവാ നഗരം നശിക്കുമെന്ന യോനാ പ്രവാചകന്റെ പ്രവചനം. ഇതേ തുടർന്ന് നിനെവാ നിവാസികൾ ചാരം പൂശി ചാക്കുവസ്ത്രം ധരിച്ച് അനുതപിച്ചു.
 • [9]യേശു നാല്പത് ദിവസം മരുഭൂമിയിൽ ഉപവസിച്ചു.

[10]ഉപവാസത്തെ കുറിച്ച് യേശുവിനോട് തർക്കിക്കുന്ന അവസരത്തിൽ, വരാനിരിക്കുന്ന തന്റെ പീഡാനുഭവത്തെ സൂചിപ്പിച്ചു കൊണ്ട് യേശു പറയുന്ന മറുപടി "മണവാളൻ അവരെ (മണവറ തോഴരെ) വിട്ടു പോകുന്ന കാലം വരും. അപ്പോൾ അവർ (മണവറ തോഴർ) ഉപവസിക്കും."നോയമ്പാചരണത്തോട് ചേർത്ത് വായിക്കാവുന്ന ബൈബിൾ പശ്ചാത്തലമാണ്.

ആരാധനാക്രമവും മറ്റ് ആചരണങ്ങളും[തിരുത്തുക]

[11] വയലറ്റ് അല്ലെങ്കിൽ പർപ്പിൾ ആണ് തപസ്സ് കാലത്തെ ആരാധനക്രമനിറം. അൾത്താര വിരികൾ, അൾത്താരയിൽ വെക്കുന്ന വിളക്കുകളുടെ ഗ്ലാസ്, വാതിൽ വിരികൾ, സക്രാരി വിരികൾ, കാർമ്മികൻ ധരിക്കുന്ന മേൽവസ്ത്രങ്ങൾ തുടങ്ങിയവവയലറ്റ് നിറത്തിൽ ഉള്ളതായിരിക്കും. [12]ഗ്ലോറിയ, തെദേവൂം എന്നീ പ്രാർത്ഥനകൾ (ഗീതികൾ), പ്രഘോഷണ ഗീതികളിലെ ഹാലേലൂയ എന്നിവ ഈ കാലയളവിൽ ഒഴിവാക്കിയിരിക്കുന്നു. എന്നാൽ തപസുകാലത്തിനടയിൽ വരുന്ന തിരുനാൾ ദിനങ്ങളിൽ ഗ്ലോറിയ ആലപിക്കാറുണ്ട്.

തപസ്സ് കാലത്ത് വിശ്വാസികൾ ചൊല്ലുന്ന പ്രധാന പ്രാർത്ഥനയാണ് കുരിശിന്റെ വഴി. യേശുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ ഉൾക്കൊള്ളുന്ന പ്രാർത്ഥനയാണ് ഇത്. കേരളത്തിലെ വിശ്വാസികൾ ഈ കാലയളവിൽ പുത്തൻ പാന പാരായണം ചെയ്യാറുണ്ട്. [13]ക്രൈസ്തവ വിവാഹം ഈ കാലത്ത് അനുവദനീയമല്ല.

തപസ്സ് കാലം അവസാന വാരം വിശുദ്ധവാരമായിട്ടാണ് ആചരിക്കുന്നത്. ഓശാന ഞായർ മുതൽ ദുഃഖവെള്ളിയാഴ്ച വൈകുന്നേരം വരെ ക്രൂശിതരൂപങ്ങൾ വയലറ്റോ, പർപ്പിളോ നിറത്തിലുള്ള തുണികൊണ്ട് ആവരണം ചെയ്തിരിക്കും.

നോമ്പുകാലങ്ങളിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ ആലപിച്ചു വരുന്ന ക്രിസ്തീയ പ്രാർത്ഥനാഗീതമാണ് ദേവാസ്ത് വിളി. യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളേയും മനുഷ്യരുടെ ജീവിതമനുസരിച്ച് അവർക്ക് ലഭിക്കുന്ന സ്വർഗ്ഗ നരകങ്ങളേയും കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. ഏകദേശം പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ച ക്രിസ്തീയ അനുഷ്ഠാന കലയാണിത്. വിഭൂതി ബുധനാഴ്ച മുതൽ ദുഃഖവെള്ളിയാഴ്ച വരെയാണ് ദേവാസ്ത് വിളിക്കുന്ന കാലഘട്ടം. [14]

പ്രധാന ദിനങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. What is Lent? About.com, Christianity
 2. The Liturgical Year
 3. Quadragesema, Catholic Encyclopedia
 4. പുറപ്പാട് 24:18
 5. 1 രാജാക്കന്മാർ 19:8
 6. ഉത്പത്തി 7:4
 7. സംഖ്യാ 14:33
 8. യോനാ 3:4
 9. മത്തായി 4:1-2, മർക്കോസ് 1:12-13, ലൂക്കാ 4:1-2
 10. മത്തായി 9:15
 11. [Liturgical Colors and the seasons of the church year]
 12. The Liturgical Year
 13. Dates to Avoid, Catholic Wedding Help
 14. "ദേവാസ്ത്".
"https://ml.wikipedia.org/w/index.php?title=തപസ്സ്_കാലം&oldid=3273447" എന്ന താളിൽനിന്ന് ശേഖരിച്ചത്